നമുക്ക് പള്ളിയില്‍ രാപ്പാര്‍ക്കാം
ഖദീജ ടീച്ചര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്; ഈ വര്‍ഷവും 'അല്ലാഹുവേ നിന്റെ ഭവനത്തില്‍ ഭജനമിരിക്കാന്‍ കഴിയണേ'യെന്ന്. ഇഅ്തികാഫിരിക്കാനായി പള്ളിയില്‍ പോകുന്ന അനേകം സ്ത്രീകളില്‍
ഖദീജ ടീച്ചര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്; ഈ വര്‍ഷവും 'അല്ലാഹുവേ നിന്റെ ഭവനത്തില്‍ ഭജനമിരിക്കാന്‍ കഴിയണേ'യെന്ന്. ഇഅ്തികാഫിരിക്കാനായി പള്ളിയില്‍ പോകുന്ന അനേകം സ്ത്രീകളില്‍ ഒരാളാണ് ഖദീജ ടീച്ചര്‍. അതിനുവേണ്ടിയുള്ള ഒരുക്കത്തിലാണവര്‍. മുന്‍കൂട്ടി കാണാന്‍ പറ്റുന്ന എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് അവര്‍ കാത്തിരിക്കുകയാണ്; അവസാനത്തെ പത്തിനായി.
എട്ടുവര്‍ഷമായി തുടര്‍ച്ചയായി ഇഅ്തികാഫിരുന്നതിന്റെ സാഫല്യമാണവരുടെ മുഖത്ത്. അങ്ങകലെ ഗള്‍ഫില്‍ നിറവയറുമായി മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ ദിവസങ്ങള്‍ കാത്ത് നില്‍ക്കുന്ന ഏക മകള്‍ക്ക് ഉമ്മ അടുത്തുണ്ടാവണമെന്ന ആഗ്രഹമുണ്ടെന്ന് ഖദീജ ടീച്ചര്‍ക്ക് നല്ല പോലെ അറിയാം. പക്ഷേ അരീക്കോടു നിന്നും സുല്ലമി ബിരുദം നേടി കോഴിക്കോട് നഗരത്തിലെ നടക്കാവിലെത്തിയതു മുതല്‍ പള്ളിയുമായുള്ള സഹവാസവും ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കലുമൊക്കെ ഒഴിവാക്കി അവര്‍ക്കെങ്ങോട്ടും പേവാനാവില്ല. എല്ലാം ദൈവത്തില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന ഖദീജ ടീച്ചര്‍ക്ക് എല്ലാം നല്ലപോലെയാകുമെന്ന ഉറച്ചവിശ്വസമുണ്ട്.
നടക്കാവ് സ്‌കൂളില്‍ നിന്ന് വിരമിച്ചതിനു ശേഷവും ഒരുപാടുപേരുടെ പ്രിയപ്പെട്ട ടീച്ചറായി മാറിയിരിക്കുകയാണവര്‍. അതിനാല്‍ നോമ്പുകാലത്തും ടീച്ചറെ തേടി ഖുര്‍ആന്‍ പഠിതാക്കളായ ശിഷ്യകളെത്തും. രാത്രികാലങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കുമ്പോള്‍ ഖുര്‍ആന്‍ പഠിക്കാനായി സ്ത്രീകള്‍ ടീച്ചര്‍ക്ക് ചുറ്റുമിരിക്കും. രാത്രി ഇഅ്തികാഫും പകലിലെ ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കലും ടീച്ചര്‍ക്ക് യാതൊരു ക്ഷീണവുമുണ്ടാക്കാറില്ല. 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണെ'ന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കുന്ന അവര്‍ക്ക് പ്രായം കൊണ്ടും പദവികൊണ്ടും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലെത്തിച്ചേര്‍ന്ന ഒരുപാടു പേര്‍ ശിഷ്യരായുണ്ട്. നീണ്ട പതിനേഴ് വര്‍ഷമായി യാതൊരു പരസ്യവുമില്ലാതെ കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഖുര്‍ആന്‍ ഹദീസ് പഠനക്ലാസുകള്‍ നടത്തുന്നുണ്ട് ഖദീജ ടീച്ചര്‍. ഇഅ്തികാഫിരുന്നാലും അവിടെ അറിവന്വേഷിച്ചെത്തുന്ന തന്റെ പഠിതാക്കളെ നിരാശപ്പെടുത്താറില്ല. ഖുര്‍ആന്‍ പഠനം മാത്രമല്ല അറബി ഭാഷാ പഠനത്തിനും ഗ്രാമര്‍ പഠിക്കാനും ഒരുപാട് സ്ത്രീകള്‍ ആശ്രയിക്കുന്നത് ഖദീജടീച്ചറെ തന്നെയാണ്.
എല്ലാത്തിനും ഖദീജ ടീച്ചര്‍ക്ക് കൂട്ട് ഭര്‍ത്താവാണ്. ശാരീരികമായ പ്രയാസം കാരണം അദ്ദേഹത്തിന് ഇഅ്തിക്കാഫിരിക്കാനാവില്ല. പക്ഷേ പ്രിയതമക്ക് വേണ്ടി എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ അദ്ദേഹം സദാ സന്നദ്ധനാണ്. ഭര്‍ത്താവിന്റെ നല്ല മനസ്സ് കാരണമാണ് എട്ടുവര്‍ഷവും തുടര്‍ച്ചയായി ഇഅ്തികാഫിരിക്കാന്‍ പറ്റിയതെന്ന് അവര്‍ക്ക് നന്നായി അറിയാം.'നടന്നു പോവേണ്ട ദൂരമേ പള്ളിയിലേക്കുള്ളുവെങ്കിലും രാത്രിയെന്നെ ഒറ്റക്ക് അയക്കാന്‍ മടിയാണ്. ചിലപ്പോള്‍ മഴക്കാലത്തായിരിക്കും നോമ്പ്. എത്ര കടുത്ത മഴയാണെങ്കിലും അദ്ദേഹം എന്നെ പള്ളിയിലാക്കിയിട്ടേ വരൂ. ആണ്‍മക്കളും മോളും എല്ലാ സഹായവും എനിക്ക് ചെയ്തുതരുന്നുണ്ട്.''
അല്ലാഹുവിന്റെ ഭവത്തിലേക്കുള്ള ഇരിപ്പിന് കുടുംബമവര്‍ക്ക് കൂട്ടുണ്ട്. എട്ടുവര്‍ഷത്തിനിടയില്‍ ഒരു ദിവസം ഇഅ്തികാഫിരിക്കാന്‍ പറ്റിയില്ല, അന്ന് ഇശാ നമസ്‌കാരം കഴിഞ്ഞാണറിഞ്ഞത് പേരമകന് അപസ്മാരം വന്ന് എല്ലാവരും ചേര്‍ന്നവനെ ഹോസ്പിറ്റലിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്. അന്ന് അവര്‍ക്ക് ഇഅ്തികാഫിരിക്കാനായില്ല.
പ്രായം കൂടുന്നതുകാരണം നടക്കാന്‍ പ്രയാസമുണ്ടെങ്കിലും നോമ്പുകാലത്ത് അതൊക്കെ പറ്റെ മാറുന്നതുപോലെയാണ്, യാതൊരു ക്ഷീണവും അനുഭവപ്പെടാറില്ല. രാത്രി പത്ത് മണിയാകുമ്പോഴേക്കും ടീച്ചര്‍ അറിവു പകര്‍ന്നുകൊടുക്കുന്ന സ്ത്രീകള്‍ പള്ളിയില്‍ വരും. പഠിതാക്കള്‍ ആവശ്യപ്പെടുന്ന അധ്യായങ്ങള്‍ അര്‍ഥസഹിതം പഠിപ്പിച്ചുകൊടുക്കും. അങ്ങനെ ഖദീജ ടീച്ചര്‍ രാവുകള്‍ കര്‍മനിരതമായ പകലാക്കി മാറ്റും. ശിഷ്യകളില്‍ പലരും സ്‌നേഹം ചാലിച്ച് നിര്‍ബന്ധിച്ച് നല്‍കുന്ന സകാത്തും സദഖയും ടീച്ചര്‍ സ്വയം ഉപയോഗിക്കാറില്ല. അരീക്കോട് സ്വദേശിയാണെങ്കിലും നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിഞ്ഞുപോകാതെ സൂക്ഷിക്കുന്ന ടീച്ചര്‍ അടുത്ത ബന്ധുക്കളിലും നാട്ടിലുമുള്ള അര്‍ഹതപ്പെട്ടവര്‍ക്കത് കരുതിവെക്കും. പ്രായം 73 ആയെങ്കിലും ഇഴപൊട്ടിയ ബന്ധങ്ങള്‍ ഒന്നിപ്പിച്ചും പ്രേമബന്ധത്തില്‍ പെട്ട് പ്രയാസപ്പെടുന്നവര്‍ക്ക് നേര്‍വഴി കാണിച്ചും ദീനിന്റെ വഴിയേ നീങ്ങുന്ന ടീച്ചര്‍ കാത്തിരിക്കയാണ് ഇഅ്തികാഫിനായി ഈ പുണ്യനാളിലും.