ഗംഗയുടെ തണലില്‍
കാരുണ്യത്തിന്റെ ദിനമാണ് റമദാന്‍. സകാത്തിലൂടെ, സദഖയിലൂടെ ജാതിമതഭേദമന്യേ മുഴു മനുഷ്യരോടുമുള്ള കാരുണ്യം. പരസ്പര വിശ്വാസവും സ്‌നേഹബന്ധങ്ങളും ഇഴചേര്‍ന്നുപോകുന്ന
കാരുണ്യത്തിന്റെ ദിനമാണ് റമദാന്‍. സകാത്തിലൂടെ, സദഖയിലൂടെ ജാതിമതഭേദമന്യേ മുഴു മനുഷ്യരോടുമുള്ള കാരുണ്യം. പരസ്പര വിശ്വാസവും സ്‌നേഹബന്ധങ്ങളും ഇഴചേര്‍ന്നുപോകുന്ന തഖ്‌വയുടെ രാവുകള്‍... ഈ രാവുകളിലെ ഏറ്റവും പുണ്യകരമായ അവസാന പത്തിലെ ദിനങ്ങള്‍ പള്ളിയില്‍ തന്നെയാവണമെന്ന് ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ നുബിത എന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കു മുമ്പ് നന്നേ ചെറിയ മക്കളെയും കൊണ്ട് അതെങ്ങനെ സാധിക്കുമെന്നായിരുന്നു അവരുടെ ചിന്ത.
പക്ഷേ മതസൗഹാര്‍ദ്ദത്തിന്റെ നല്ലൊരു മാതൃകയിലൂടെ അവരുടെ ആ ആഗ്രഹം പൂവണിഞ്ഞു. പന്നിയങ്കരയിലെ അയല്‍വാസിയും അമുസ്‌ലിമുമായ ഗംഗയോടവര്‍ ഇതുപറഞ്ഞപ്പോള്‍ 'ഇത്താത്താ നിങ്ങള്‍ പള്ളിയില്‍ ഭജനമിരിക്കാന്‍ പോയ്‌ക്കോളൂ ഞാന്‍ നിങ്ങളെ മക്കളെ നോക്കാ'മെന്നായിരുന്നു അവരുടെ മറുപടി. രണ്ടുവീടാണെങ്കിലും രണ്ട് ജാതിയാണെങ്കിലും എല്ലാ സുഖദുഖങ്ങളിലും ഒരുപോലെ കഴിഞ്ഞവരായിരുന്നു അവര്‍. അങ്ങനെ ആദ്യ ഇഅ്തികാഫിലെ 10 ദിവസം ഗംഗയും കുടുംബവും മക്കളെയും കൂട്ടി നുബിതയുടെ കുടുംബത്തിനുവേണ്ടി അവരുടെ വീട്ടില്‍ താമസിച്ചു. സ്വന്തം കുടുംബത്തിനു വേണ്ടി പകലില്‍ ഭക്ഷണമുണ്ടാക്കുന്ന ഗംഗക്ക് നോമ്പുതുറക്കുന്നനേരം നുബിതയുടെ മക്കള്‍ക്ക് നോമ്പുതുറക്കാനുള്ളതും അത്താഴത്തിനുള്ളതുണ്ടാക്കാനും മടിയില്ല. പാതിരാവില്‍ അവര്‍ നുബിതയുടെ മക്കളെ വിളിച്ചുണര്‍ത്തി അത്താഴം കഴിപ്പിച്ചു. നുബിതക്കുള്ളത് ഗംഗയുടെ ഭര്‍ത്താവ് പള്ളിയിയെത്തിച്ചുകൊടുത്തു.
പ്രവാസിയായ ഭര്‍ത്താവിന്റെ പൂര്‍ണസമ്മതവും പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് സംശയമായിരുന്നു. ദീനില്‍ ഇങ്ങനെ നടപ്പുണ്ടോയെന്ന്. അവരാ സംശയം ഖത്തീബിനോടും ഉസ്ദാതുമാരോടും ചോദിച്ചു. പക്ഷേ എല്ലാ പണ്ഡിതന്മാരും നുബിതയെ അനുകൂലിച്ചു.
ആദ്യ ഇഅ്തികാഫിരുന്ന ഇസ്‌ലാഹിയാ മസ്ജിദില്‍ നിന്നും പിന്നീടവര്‍ പുതിയങ്ങാടി മണല്‍ മസ്ജിദിലേക്ക് മാറി. അപ്പോഴവര്‍ മക്കളെ ഉമ്മയുടെ അടുത്താണേല്‍പ്പിച്ചത്. പിന്നെ മരുമകള്‍ വന്നതോടെ അവര്‍ക്ക് ഇഅ്തികാഫിരിക്കാന്‍ എല്ലാ സഹായവും അവള്‍ ചെയ്തുകൊടുത്തു. എം.ജിഎമ്മിന്റെ സജീവ പ്രവര്‍ത്തകയായ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ ഒട്ടേറെ സ്ത്രീകള്‍ അവിടെ രാത്രി ഭജനമിരിക്കുന്നുണ്ട്. പാതിരാവരെ ഖുര്‍ആന്‍ പഠിക്കലും പഠിപ്പിക്കലുമൊക്കെയാണ്. 'സുബ്ഹി മുതല്‍ ഇശാവരെയും അതിനുശേഷം പാതിരാ നമസ്‌കാരങ്ങളും. ഒരേ പള്ളിയില്‍ നിന്നും അതൊക്കെ കിട്ടുന്നത് വലിയ കാര്യമല്ലേ. നിരന്തരമായ ഉദ്‌ബോധനം. ആയിരം വര്‍ഷത്തെക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍. ആ രാവെങ്ങാനും നഷ്ടപ്പെട്ടാല്‍... ആ ഇഅ്തികാഫ് കഴിഞ്ഞ് ്പള്ളിയില്‍ നിന്നിറങ്ങിയാല്‍ മനസ്സ് കഴുകിയതുപോെലയാ.. കരയാനും പറയാനും പാപമോചനം നേടാനും ഇഅ്തികാഫിരിക്കുമ്പോള്‍ മാത്രമേ കഴിയൂ. നുബിത ആവേശത്തോടെ പറയുന്നു.
എന്നാല്‍ വറുക്കലും പൊടിക്കലും ആവേശത്തോടെ ചെയ്ത് നോമ്പിനെ വരവേല്‍ക്കുന്നവരില്‍ പലരും വീട്ടില്‍ ആളില്ലെന്നു പറഞ്ഞ് ഇഅ്തികാഫിരിക്കാന്‍ മടിക്കുന്നുണ്ട്. അവരില്‍ ചിലരെങ്കിലും ഈ പ്രയാസങ്ങളുള്ളപ്പോള്‍ തന്നെ എത്രയോ പ്രാവശ്യം ഉംറക്കും പോകുന്നുണ്ട്. അതിനെക്കാള്‍ എത്രയോ നല്ലത് പത്ത്ദിവസം ഇഅ്തിക്കാഫിരിക്കലല്ലേ. നുബിത തെല്ല് ആശങ്കയോടെ ചോദിക്കുന്നു.