ആഘോഷത്തിന്റെ തക്ബീര്‍ ധ്വനികള്‍
എച്ച്. നുസ്റത്ത്
2014 ജൂലൈ
ഈദുല്‍ഫിത്വ്ര്‍- പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയ രണ്ട് ആഘോഷദിനങ്ങളിലൊന്ന്. അറിവിന്റെ അക്ഷയഖനിയായ, നിസ്തുലജീവിത പാഠമായ പരിശുദ്ധ ഖുര്‍ആന്റെ അവതരണ വാര്‍ഷികത്തിന് പരിസമാപ്തി
ഈദുല്‍ഫിത്വ്ര്‍- പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയ രണ്ട് ആഘോഷദിനങ്ങളിലൊന്ന്. അറിവിന്റെ അക്ഷയഖനിയായ, നിസ്തുലജീവിത പാഠമായ പരിശുദ്ധ ഖുര്‍ആന്റെ അവതരണ വാര്‍ഷികത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടാടപ്പെടുന്ന മഹാസുദിനം. സന്തോഷത്തിന്റെയും സന്ദേശത്തിന്റെയും മലരുകള്‍ വിരിയിച്ച് വിരുന്നെത്തുന്ന സൗഭാഗ്യത്തിരുനാള്‍.
ആനന്ദത്തിന്റെ അലയൊലിയുമായി ശവ്വാല്‍ നിലാവ് പരക്കും നേരം അകക്കാമ്പില്‍ ഒരു വിരഹനൊമ്പരമുറയാറുണ്ട് - വിടവാങ്ങുന്ന റമദാനെയോര്‍ത്ത്.
തപ്തവിചാരങ്ങള്‍ക്കു മേല്‍ നിലാമഴ പൊഴിച്ച് ഉദിച്ചുനില്‍ക്കുന്ന ശവ്വാല്‍ അമ്പിളിക്കല. എത്ര മനോഹരമായാണ് നോമ്പ് പെരുന്നാളായി ഇതള്‍വിരിയുന്നത്! നോമ്പെന്ന ആരാധന തുടിക്കുന്ന ചൈതന്യമായ തഖ്‌വ (ദൈവഭക്തി)യും തക്ബീറും (മഹത്വപ്പെടുത്തല്‍) ശുക്‌റു(നന്ദി)മൊക്കെത്തന്നെയാണ് പെരുന്നാളെന്ന ആഘോഷത്തിലും തുളുമ്പി നില്‍ക്കുന്നത്. ആരാധനയും ആഘോഷവും തമ്മിലും ആത്മീയതയും ഭൗതികതയും തമ്മിലും വ്യക്തിയും സമൂഹവും തമ്മിലുമുള്ള സമ്മേളന സംയോജനം ഇസ്‌ലാമിന് മാത്രം അവകാശപ്പെടാവുന്ന അനുഭവസൗന്ദര്യമാണല്ലോ.
'ഈദ്' എന്ന വാക്കിന് 'ആഘോഷം' എന്ന് മാത്രമല്ല, 'മടക്കം' എന്നും അര്‍ഥമുണ്ട്. ഫിത്വ്ര്‍ എന്നത് പെരുന്നാളിലെ നിര്‍ബന്ധ ദാനത്തെെയന്നത് പോലെ 'ശുദ്ധപ്രകൃതി' എന്ന മറ്റൊരര്‍ഥവും ധ്വനിപ്പിക്കുന്നുണ്ട്. അതെ, വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയ രാവുകളിലൂടെ സഞ്ചരിച്ച്, ഖുര്‍ആനിനനുരൂപമായി ജീവിതം പുനക്രമീകരിച്ച് വിശ്വാസി ശുദ്ധപ്രകൃതിയിലേക്ക് മടങ്ങുകയാണ് ഈദുല്‍ ഫിത്വ്‌റിലൂടെ.
പ്രപഞ്ചമൊന്നാകെ ഉദ്‌ഘോഷിക്കുന്ന സത്യം പ്രഘോഷണം ചെയ്തുകൊണ്ട് 'അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്' എന്ന തക്ബീര്‍ ധ്വനികളാലാണ് പെരുന്നാള്‍ ആരംഭിക്കുന്നത്. ബാങ്കിലൂടെയും നമസ്‌കാരത്തിലൂടെയും നിലക്കാതെ അലയടിക്കുന്ന തൗഹീദിന്റെ നാദം, അല്ലാഹുവാണ് ഏറ്റവും മഹാന്‍ എന്ന പ്രഖ്യാപനത്തിലൂടെ പെരുന്നാളിന്റെ രാപകലുകളില്‍ കൂടുതല്‍ സാന്ദ്രമാവുന്നു. യഥാര്‍ഥ മഹത്വം അല്ലാഹുവിന് മാത്രമെന്ന അറിവിന്റെ ആത്മസ്പര്‍ശം ഏറ്റുവാങ്ങുകയായിരുന്നു റമദാന്‍ ദിനരാത്രങ്ങളില്‍. ഈദില്‍ അതൊരു പ്രതിജ്ഞയായി മാറുകയാണ്. ജീവിതത്തില്‍ വലുതെന്ന് കരുതി ചേര്‍ത്തുപിടിച്ചവയെല്ലാം നാഥന് സമര്‍പ്പിക്കാന്‍ സന്നദ്ധത കൈവരികയാണ്. എത്ര വലിയ അധികാര ദുര്‍ഗങ്ങളും നാഥന്റെ അധികാര പ്രഭാവത്തിനു മുമ്പില്‍ അടിയറവ് പറയുമെന്ന ബോധ്യം കരുത്താര്‍ജിക്കുകയാണ്.
ശിര്‍ക്കിന്റെ കോട്ടകൊത്തളങ്ങളില്‍ ഏകാകിയായി ദൗത്യാരംഭം കുറിക്കുമ്പോള്‍ പ്രവാചകന്‍ (സ) കല്‍പ്പിക്കപ്പെട്ടതും 'നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക' (അല്‍ മുദ്ദസ്സിര്‍: 3) എന്നു തന്നെ. ഒരു പ്രബോധകന് മനോദാര്‍ഢ്യം പകര്‍ന്നുകൊണ്ടിരിക്കുന്ന നിലക്കാത്ത ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണ് തക്ബീര്‍.
തനിക്ക് കീഴിലുള്ളവരോട് അന്യായമായ അധികാര പ്രയോഗം നടത്തുന്നവര്‍ക്ക് കനത്ത താക്കീത് തക്ബീറില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോപാക്രാന്തനായി തന്റെ അടിമയെ ചാട്ടവാര്‍കൊണ്ട് അടിച്ചുകൊണ്ടിരുന്ന അബൂമസ്ഊദ് ബദ്‌രി(റ) നെ പ്രവാചകന്‍ (സ) ഓര്‍മപ്പെടുത്തി: ''അബൂ മസ്ഊദ്, നിങ്ങള്‍ ഈ അടിമയുടെ മേല്‍ പ്രയോഗിക്കുന്ന അധികാര ശക്തിയുണ്ടല്ലോ, ഇതിനേക്കാള്‍ അധികാര ശക്തിയുണ്ട് അല്ലാഹുവിന് നിങ്ങളുടെ മേല്‍. അതുകൊണ്ട് കരുതിയിരിക്കുക.''
നാഥന് സമര്‍പ്പിതനായി ജീവിക്കാനുറച്ചുകഴിഞ്ഞാല്‍ പിന്നെ തന്നില്‍ തന്നെ ഒതുങ്ങിക്കൂടാനാവില്ല. താന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന ബോധ്യം നമസ്‌കാരത്തിലൂടെ, നോമ്പിലൂടെ രൂഢമൂലമാക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ അശരണര്‍ക്ക് ആശ്രയം നല്‍കാത്ത ദൈവഭക്തിക്ക് അല്ലാഹു അംഗീകാരം നല്‍കുന്നില്ല. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ് നമസ്‌കാരത്തിന് പുറപ്പെടും മുമ്പായി ഫിത്വ്ര്‍ സകാത്ത് നല്‍കണമെന്നാണ് കല്‍പന. അനാവശ്യങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും നോമ്പുകാരനെ സംസ്‌കരിക്കാനും ദരിദ്രര്‍ക്ക് ഭക്ഷണമായും നബി (സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയെന്ന് ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. സമൂഹത്തില്‍ സകലരും സുഭിക്ഷതയനുഭവിക്കുന്ന സുദിനമായി മാറി ആഘോഷ സമ്പ്രദായങ്ങള്‍ക്ക് മാതൃക തീര്‍ത്ത് പരിലസിക്കുകയാണ് ഈദ്. പെരുന്നാള്‍ ദിനത്തിലെ ചെലവുകിഴിച്ച് ധനം ബാക്കിയുള്ളവരെല്ലാം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പരിഗണിച്ച് ഒരു സ്വാഅ് വീതം (രണ്ട് കിലോഗ്രാമില്‍ അല്‍പം കൂടുതല്‍) ദാനം ചെയ്യണമെന്ന കല്‍പനയില്‍ എന്തെല്ലാം പൊരുളുകള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വിഭാഗീയതയുടെ അടിസ്ഥാനമായ സ്വാര്‍ഥത കൈയൊഴിക്കാനുള്ള അതിശക്തമായ ആഹ്വാനവും അതിലുണ്ട്.
പള്ളികളിലല്ല, മൈതാനങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കപ്പെടുന്നത്. ഒരേ വികാരത്തില്‍, ഒരേ മന്ത്രത്തില്‍, ഒരേ ലക്ഷ്യത്തില്‍ ആബാലവൃദ്ധം ജനങ്ങളും -ഋതുമതികളുള്‍പ്പെടെ- ഒരിടത്ത്, ഒരു നേതൃത്വത്തിന് കീഴില്‍ ഒരുമിക്കുന്നു. തക്ബീര്‍ മുഴക്കുന്നു. ഖുത്വ്ബ ശ്രവിക്കുന്നു. ദാനധര്‍മങ്ങള്‍ ചെയ്യുന്നു. സ്‌നേഹസാഹോദര്യങ്ങള്‍ പങ്കുവെക്കുന്നു. തന്റെ അടിമകളെക്കുറിച്ച് നാഥന്‍ അഭിമാനം കൊള്ളുന്നു.
പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന ദൈവിക മഹത്വം ഹൃദയംകൊണ്ട് സാക്ഷ്യപ്പെടുത്തി, ഒരുമയുടെ പെരുമ പരത്തി അശരണര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, അസത്യത്തിന്റെ അധികാര സിംഹാസനങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കാന്‍ നവയുഗശക്തിയായി മാറുമെന്ന പ്രതിജ്ഞ മുസ്‌ലിം ഉള്ളില്‍ പേറുന്നു. ആഘോഷിക്കപ്പെടുന്ന ഈദുകള്‍ക്ക് ശേഷവും മുസ്‌ലിം സമൂഹം ശിഥിലീകരിക്കപ്പെടുന്നുണ്ടെങ്കില്‍, ലക്ഷ്യം മറന്നുപോകുന്നുവെങ്കില്‍, ദിശമാറി സഞ്ചരിക്കുന്നുവെങ്കില്‍, ശത്രുവിനെ തിരിച്ചറിയാതെ പോകുന്നുവെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നതില്‍ സംശയത്തിനവകാശമില്ല.