കഫന്‍പുടവക്ക് കീശ വെക്കാറില്ലല്ലോ<br> സകാത്തിനെ കുറിച്ച ചില ആലോചനകള്‍

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി No image

      മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലെ തൃതീയ സ്തംഭമാണ് സകാത്ത്. മിച്ചധനത്തിന്റെ ഒരു വിഹിതം വ്യവസ്ഥാപിതമായും സംഘടിതമായും എട്ട് വിഭാഗം ജനങ്ങള്‍ക്ക് ഫലപ്രമായി നല്‍കലാണ് സകാത്ത്. ഈ നിര്‍ബന്ധ ദാനം ഖുര്‍ആനില്‍ പ്രാധാന്യപൂര്‍വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ത്തിയ കാര്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ നമസ്‌കാരമെന്ന സുപ്രധാന അനുഷ്ഠാനത്തോട് ചേര്‍ത്തുകൊണ്ടാണ് സകാത്തിന്റെ കാര്യം ഊന്നിപ്പറഞ്ഞത്. പ്രത്യക്ഷത്തില്‍ നമസ്‌കാരം സ്രഷ്ടാവായ അല്ലാഹുവിനോടുള്ള ബാധ്യതയാണെങ്കില്‍ സകാത്ത് സമസൃഷ്ടികളോടുള്ള ബാധ്യതയാണ്. രണ്ടും ഒപ്പത്തിനൊപ്പം തുല്യ പ്രാധാന്യത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്. സകാത്ത് എന്ന സംജ്ഞക്ക് ഭാഷാപരമായി രണ്ടര്‍ത്ഥങ്ങളുണ്ട്. സംസ്‌കരണം, വിശുദ്ധി എന്നീ അര്‍ഥമാണ് ഒന്നാമത്തേത്. വളര്‍ച്ച എന്ന പൊരുളും സകാത്ത് എന്ന സംജ്ഞക്കുണ്ട്. ഈ രണ്ട് പൊരുളുകളെയും സാക്ഷാല്‍ക്കരിക്കുന്നതാണ് സകാത്ത് എന്ന അനുഷ്ഠാനം. സകാത്ത് ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മര്‍മ്മം കൂടിയാണ്.
      ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനവും പരിപാടികളുമെല്ലാം ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണത്തിലധിഷ്ഠിതമാണ്. സകല പ്രപഞ്ചങ്ങളുടെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവും പരിപാലകനും അല്ലാഹുവാണ്. ആകയാല്‍ വിഭവങ്ങളിന്മേലുള്ള പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരവും പരമാധികാരവും അവന് മാത്രമാണ്. അഖില പ്രപഞ്ചവും അതിലെ മുഴുവന്‍ ചരാചരങ്ങളും അല്ലാഹുവിന്റെ അലംഘനീയ വ്യവസ്ഥകള്‍ക്ക് വിധേയമാണ്.
      അടിമ (അബ്ദ്) ഉടമ (റബ്ബ്)യെ പ്രതിനിധീകരിക്കുമ്പോള്‍ ഈ വസ്തുത മറന്നു കൂടാത്തതാണ്. ഇതേപോലെ സമ്പത്തുമായി ബന്ധപ്പെട്ടും ഖുര്‍ആന്‍ നടത്തിയ പ്രയോഗങ്ങള്‍ ഉപര്യുക്ത പൊരുള്‍ തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്. അല്ലാഹുവിന്റെ ഭൂമി(4: 97,39:10 അര്‍ളുല്ലാഹ്), അല്ലാഹുവിന്റെ സമ്പത്ത് (24:33 മാലുള്ളാഹ്), അല്ലാഹുവിന്റെ ഔദാര്യം (ഫള്‌ലുല്ലാഹ് 62:10 73:20), അല്ലാഹുവിന്റെ വിഭവം (67:15,2:60), അല്ലാഹുവിന്റെ വിഭവങ്ങളിന്മേല്‍ അല്ലാഹു മനുഷ്യരെ പ്രതിനിധികളാക്കിയിരിക്കുകയാണെന്ന് 57:7 വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവധനാദികളില്‍ കഷ്ടനഷ്ടങ്ങള്‍ വരുമ്പോള്‍ സത്യവിശ്വാസി പറയുന്ന, പറയേണ്ട വാക്യം 'നമ്മളെല്ലാം അല്ലാഹുവിന്റെതാണ്; തീര്‍ച്ചയായും അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്' (ഇന്നാലില്ലാഹി ..... 2:156) എന്നാണ് ന്യായമായും മാന്യമായും എന്തെങ്കിലും ആസ്വദിക്കുകയോ അനുഭവിക്കുകയോ ചെയ്താല്‍ ഉടയോനായ അല്ലാഹുവിനെ ഉള്ളഴിഞ്ഞ് സ്തുതിച്ചു കൊണ്ട് 'അല്‍ഹംദുല്ലില്ലാഹ്' എന്നു പറയുന്നതിലും താനനുഭവിച്ച / അനുഭവിക്കുന്ന വിഭവങ്ങള്‍ തന്റേതല്ല; മറിച്ച് അല്ലാഹുവിന്റേതാണെന്ന ബോധവും ബോധ്യവുമാണുള്ളത്; ഉണ്ടാവേണ്ടത്. ഭക്ഷിക്കുന്നതുള്‍പ്പെടെ പല ഘട്ടങ്ങളിലും 'ബിസ്മില്ലാഹി...' എന്നുച്ചരിക്കുന്നതിലും എല്ലാത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാണെന്ന പ്രമേയമാണ് അന്തര്‍ലീനമായിട്ടുള്ളത്.
      ഇസ്‌ലാമിക ദൃഷ്ട്യാ വ്യക്തിക്കോ സമൂഹത്തിനോ സ്റ്റേറ്റിനോ സമ്പത്തില്‍ പൂര്‍ണ്ണാര്‍ഥത്തിലുള്ള ഉടമാവകാശമില്ലെന്ന് ഗ്രഹിക്കാവുന്നതാണ്. സ്വശരീരത്തിലോ ജീവനിലോ ആത്മാവിലോ നമ്മള്‍ക്കാര്‍ക്കും പൂര്‍ണാര്‍ഥത്തിലുള്ള ഉടമാധികാരമില്ല. അങ്ങനെയുള്ള ഒരാള്‍ തനിക്ക് ബാഹ്യമായ സംഗതികളുടെയും വസ്തുക്കളുടെയും പൂര്‍ണ ഉടമസ്ഥനാവുകയെന്നത് യുക്തിസഹമോ സംഭവ്യമോ അല്ല. സ്വയം തീരുമാനമനുസരിച്ച് ജനിച്ചവനല്ല മാനവന്‍. ജനിച്ചുവീഴുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സ്വന്തം തീരുമാനമനുസരിച്ചല്ല അവന്‍ ഇഹലോകവാസം വെടിയുന്നത്. ഇവിടുന്ന് പോകുമ്പോള്‍ അവന്‍ ഒന്നും കൊണ്ടുപോകുന്നുമില്ല.   കഫന്‍പുടവക്ക് കീശ വെക്കാറില്ലല്ലോ. ജീവിതത്തിലെ പല കാര്യങ്ങളും അവന്റെ ഇംഗിതത്തിനോ നിയന്ത്രണത്തിനോ ഒട്ടും വിധേയമല്ലെന്നതും അനുഭവസത്യം മാത്രമാണ്.
      ''നിങ്ങളുടെ നിലനില്‍പ്പിന്റെ നിദാനമായി അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന നിങ്ങളുടെ സമ്പത്തുകള്‍ നിങ്ങള്‍ അവിവേകികള്‍ക്ക് കൈവിട്ടുകൊടുക്കരുത്'' (4:5). ഈ സൂക്തം നമ്മെ താഴെ വിവരിക്കുന്ന വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
1. അനാഥരുടെ സമ്പത്താണ് സൂക്തത്തിലെ പ്രതിപാദ്യ വിഷയമെങ്കിലും അനാഥ സമ്പത്തിനെ അവരുടെ സ്വത്ത് എന്ന് പറയാതെ 'നിങ്ങളുടെ സമ്പത്ത്' എന്ന് പറഞ്ഞത് വളരെ ചിന്തനീയമാണ്. സമ്പത്തിന്റെ വ്യക്തിപരമായ ഉടമസ്ഥതയെ ഒരളവോളം അംഗീകരിക്കുന്നുണ്ടെങ്കിലും പ്രസ്തുത സമ്പത്തില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തത്തെ കൂടി ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെയാണ് വ്യക്തിക്ക് കൈവശാധികാരമുള്ള സമ്പത്ത് ധൂര്‍ത്തടിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതും ഇസ്‌ലാം കഠിനമായി വെറുക്കുന്നത്. എന്റെ ധനം എന്റെ ഇഷ്ടം പോലെ വ്യയം ചെയ്യും എന്ന നിലപാടിനെ ഇസ്‌ലാം ഒട്ടും അംഗീകരിക്കുന്നില്ല. നാളെ സമൂഹത്തിലെ വേറെ ചിലര്‍ക്ക് അനുഭവിക്കേണ്ട സമ്പത്ത് ഇന്ന് നീ ധൂര്‍ത്തടിക്കുകയോ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുകയോ ചെയ്തുകൂടാ.
      അല്ലാഹുവിന്റേതാണ് സകല സമ്പത്തും. അതുകൊണ്ടു തന്നെ മനുഷ്യര്‍ക്കെല്ലാവര്‍ക്കും എക്കാലത്തും ഉപകരിക്കാനുള്ളതാണ്. സമ്പത്തില്‍ സമൂഹത്തിനുള്ള അവകാശം ഇസ്‌ലാം എല്ലാനിലക്കും ഊന്നിപ്പറഞ്ഞിട്ടുണ്ട്. മിച്ച ധനത്തില്‍ നിന്ന് 2.5%, 5%, 10%, 20% എന്നിങ്ങനെ നല്‍കുന്നത് വ്യക്തിയുടെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച് സമൂഹത്തിന് സമ്പത്തിന്റെ സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന നിലക്കാണ്. ''തങ്ങളുടെ വസ്തുക്കള്‍ സമ്പത്തുകളില്‍ ചോദിച്ചു വരുന്നവനും, ഉപജീവന മാര്‍ഗം തടയപ്പെട്ടവനും നിര്‍ണ്ണിതമായ അവകാശം നല്‍കുന്നവര്‍''(70:24,25)
2. സമ്പത്ത് മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിന്റെ ആധാരമാണെന്ന് മേല്‍ സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ വ്യക്തിക്ക് മേല്‍ വിവരിച്ച തത്വങ്ങള്‍ക്ക് വിധേയമായി പ്രാതിനിധ്യാവകാശവും തദടിസ്ഥാനത്തിലുള്ള കൈകാര്യാധികാരവുമാണുള്ളത്. ഇസ്‌ലാമിക സാമൂഹ്യ സംവിധാനത്തിന്റെ കണിശമായ മേല്‍നോട്ടിത്തിന്‍ കീഴിലാണ് സ്വകാര്യ വ്യക്തിയുടെ കൈവശാവകാശമെന്ന് വ്യക്തം.
3. ഈ കൈവശാവകാശം (പ്രാതിനിധ്യാവകാശം) ഗുരുതരമാം വിധം ലംഘിക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവരുടെ ഇടപെടലിനെ ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. സമ്പത്തിന്റെ അവകാശി ഒരു അവിവേകിയോ വിഡ്ഢിയോ ആണെങ്കില്‍ അത് പാഴാക്കാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കരുത്.
      ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മൂലതത്വം ഇങ്ങനെ സംഗ്രഹിക്കാം: വ്യക്തിക്ക് സമ്പത്തിന്മേലുള്ള അവകാശം സര്‍വ്വതന്ത്രസ്വതന്ത്രമോ നിരുപാധികമോ അല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഉടയതമ്പുരാനായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കനുസൃതമായി വ്യക്തിയുടെ ഉടമസ്ഥതയെ സമൂഹത്തിന് നിയന്ത്രിക്കാവുന്നതാണ്. ഈ തത്വം സാമൂഹ്യ ജീവിയായ മാനവന്റെ ഭൂമിയിലെ സ്ഥാനത്തോടും ജീവിതവുമായി ബന്ധപ്പെട്ട പ്രകൃതി സത്യത്തോടും പ്രപഞ്ച ഘടനയോടും ചേര്‍ന്നു നിര്‍ക്കുന്ന താളപ്പൊരുത്തമുള്ള, പ്രയോജന പ്രദവും പ്രായോഗികവും സുഭദ്രവുമായ നിലപാടാണ്.
      പ്രപഞ്ചത്തില്‍ എല്ലാം സമൃദ്ധവും സന്തുലിതവുമാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ട്. മാനവന്‍ ഈ ജീവജാലങ്ങളില്‍ പ്രമുഖനും കേന്ദ്ര സ്ഥാനീയനുമാണെങ്കിലും അവന്‍ ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയല്ല. എണ്ണത്തില്‍ മനുഷ്യരെക്കാള്‍ വളരെക്കൂടുതലാണ് മറ്റ് പല ജീവികളും. ആയുസ്സിന്റെ കാര്യത്തിലും മനുഷ്യരെക്കാള്‍ ദീര്‍ഘായുസ്സുള്ള ഒട്ടേറെ ജന്തുക്കളുണ്ട്. ഇവക്ക് ജീവസന്ധാരണത്തിനോ നിലനില്‍പ്പിനോ ഭക്ഷ്യ വിഭവങ്ങളുടെ കമ്മിയോ ദൗര്‍ലഭ്യതയോ കാണുന്നില്ല. ''എത്രയെത്ര ജന്തു വര്‍ഗങ്ങളാണീ ഭൂമുഖത്ത്! അവയൊന്നും തങ്ങളുടെ അന്നം കെട്ടിപ്പേറി കൊണ്ടുനടക്കുന്നില്ല. അല്ലാഹുവാണ് അവക്കും നിങ്ങള്‍ക്കും ആഹാരമേകുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍'' (29:60). ഭൂമുഖത്തെ സകല ജന്തുജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും ആഹാരാദി സകല വിഭവങ്ങളും സംവിധാനിച്ച് സംരക്ഷിക്കുന്നവന്‍ (റബ്ബ്, റസ്സാഖ്) സര്‍വ്വശക്തനായ ആല്ലാഹു ആയിരിക്കെ, ഈ പ്രപഞ്ചം ഇതര ജന്തുജാലങ്ങള്‍ക്കെല്ലാം ആവശ്യാനുസൃതം തികയുന്നതും സമ്പന്നവും, മനുഷ്യന് മാത്രം എപ്പോഴും ദാരിദ്ര്യവും ക്ഷാമവും എന്ന സ്ഥിതി സംഭവ്യമല്ലെന്നാണ് ഈ വിശുദ്ധ സൂക്തം തെര്യപ്പെടുത്തുന്നത്. ''ഭൂമിയില്‍ ചരിക്കുന്ന ഒരു ജീവിയുമില്ല, അതിന്റെ ആഹാരം അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലായിട്ടല്ലാതെ. അവ എവിടെ നിലകൊള്ളുന്നുവെന്നതും എവിടെ ചെന്നെത്തുന്നുവെന്നതും അവന്‍ അറിയുന്നു'' (11:6).
      പ്രത്യക്ഷത്തില്‍ പരിമിതമായ ഉപാധികളും സാധ്യതകളും മാത്രമുള്ള ജീവിവര്‍ഗങ്ങള്‍ക്ക് ഈ പ്രകൃതി സമ്പന്നവും സമൃദ്ധവുമാണ്. ഈ ജീവി വര്‍ഗങ്ങളെയും സസ്യലതാദികളെയുമെല്ലാം തന്റെ ആഹാരവും വിഭവങ്ങളുമായിട്ടുപയോഗിക്കുന്ന, പുതിയ സാധ്യതകളും വിഭവങ്ങളും കണ്ടെത്തുന്ന സവിശേഷമായ ഒരു പാട് കഴിവുകളും വിശേഷ ബുദ്ധിയുമുള്ളവനാണ് മനുഷ്യന്‍. അവന് വിഭവക്കമ്മിയും ക്ഷാമവും വല്ലാതെ അനുഭവപ്പെടുന്നുവെന്നത് വിരോധാഭാസം തന്നെയാണ്.     സത്യത്തില്‍ മനുഷ്യന്‍ തന്റെ പിടിപ്പുകേടിനും കെടുകാര്യസ്ഥതക്കും സ്വയംകൃതാനാര്‍ഥങ്ങള്‍ക്കും പ്രകൃതിയെയും അതിന്റെ സംവിധായകനും പരിപാലകനുമായ ദൈവത്തെയും പഴിക്കുകയാണ് ചെയ്യുന്നത്.
      നൈസര്‍ഗിക സിദ്ധികളും ജന്മവാസനയും നല്‍കിയ ഏക മഹാശക്തി (അല്ലാഹു) തന്നെയാണ് സാമ്പത്തികരംഗം ഉള്‍പ്പെടെ സ്വാതന്ത്ര്യം നല്‍കപ്പെട്ട നിഖില മേഖലകളിലും സാന്മാര്‍ഗിക അറിവ് പ്രദാനം ചെയ്യേണ്ടത്. അവന്‍ തന്നെയാണ് സകല മേഖലകളിലും ചിട്ടകളും ചട്ടങ്ങളും നിര്‍ദേശിച്ചു തരേണ്ടത്.
      സമ്പൂര്‍ണമായ ഇസ്‌ലാമിക വ്യവസ്ഥിതി ജന്തുക്കളുടെ നൈസര്‍ഗിക വാസനകളെ പോലെ കുറ്റമറ്റതും യുക്തിഭദ്രവും വളരെയേറെ പ്രയോജനപ്രദവുമായിരിക്കും. പ്രാണവായു പോലെ സമൃദ്ധവും പ്രകൃതി ജലം പോലെ സുലഭവും വെളിച്ചം പോലെ സുതാര്യവുമായിരിക്കും. ദൈവദത്തമായ ഇസ്‌ലാമിക വ്യവസ്ഥിതി പ്രപഞ്ചം പോലെ അതീവ സുന്ദരവും ഉദ്ഗ്രഥിതവും പരസ്പര പൂരകവും അവിഭാജ്യവുമാണ്. ഇസ്‌ലാമിന്റെ സുപ്രധാന ഭാഗമായ സകാത്ത് ഇസ്‌ലാമിന്റെ മറ്റിതര അനുഷ്ഠാനങ്ങളുമായും ജീവിത ദര്‍ശനങ്ങളുമായും തത്വനിര്‍ദേശങ്ങളുമായും ചേര്‍ന്നുനിര്‍ക്കുമ്പോഴേ അതിന്റെ ബഹുമുഖമായ പൂര്‍ണനന്മയും പ്രയോജനങ്ങളും പുലരുകയുള്ളൂ.
      സകാത്ത് അഥവാ നിര്‍ബന്ധ ദാനമെന്നത് മിച്ച ധനത്തിന്റെ ഒരു വിഹിതം വ്യവസ്ഥാപിതമായും സംഘടിതമായും എട്ട് വിഭാഗം അവകാശികള്‍ക്ക് ഫലപ്രദമായ രീതിയില്‍ കൊടുക്കലാണ്. ഇത് മര്യാദ പ്രകാരം കൃത്യമായി കൊടുത്തു വീട്ടാത്തവനെയാണ് വിശുദ്ധ ഖുര്‍ആന്‍ 'മുശ്‌രിക്ക്' എന്ന് ആക്ഷേപിക്കുന്നത്. ''സകാത്ത് നല്‍കാത്ത മുശ്‌രിക്കുകള്‍ (ബഹുദൈവാരാധകര്‍)ക്കാണ് മാഹാനാശം. അവര്‍ പരലോകത്തെ നിഷേധിക്കുന്നവരുമാകുന്നു'' (41: 7) സമ്പത്തിനെപ്പറ്റി ശരിയായ കാഴ്ച്ചപ്പാടില്ലാത്തവര്‍ക്ക് വീക്ഷണ വിശ്വാസ വ്യതിയാനങ്ങള്‍ സംഭവിക്കും. അല്ലാഹുവാണ് സമ്പത്തിന്റെ ദാതാവും ഉടമസ്ഥനും. ആകയാല്‍ ഉടയവനായ അല്ലാഹു അനുശാസിച്ചാല്‍ നിശ്ചിത വിഹിതം അതിന്റ അവകാശികള്‍ക്കെത്തിച്ചു കൊടുക്കണം. അപ്രകാരം ചെയ്യാതിരിക്കുന്നത് കടുത്ത ദൈവധിക്കാരവും നിഷേധവുമായിരിക്കും.       നമസ്‌കരിച്ചും മറ്റും അല്ലാഹുവിനെ ആരാധിക്കുകയും സകാത്ത് നല്‍കാതെ സമ്പത്ത് കെട്ടി പ്പൂട്ടി സൂക്ഷിച്ചുകൊണ്ട് ധനപൂജ നടത്തുകയും ചെയ്താല്‍ പരമാര്‍ഥത്തില്‍ അയാള്‍ മുശ്‌രിക്ക് അഥവാ ബഹുദൈവാരാധകനായിത്തീരുന്നു.
      പള്ളിയില്‍ ചെന്ന് അല്ലാഹുവിനെ ആരാധിക്കുകയും കച്ചവട സ്ഥാപനത്തിലും വീട്ടിലുമെല്ലാം നിരന്തരം ധനപൂജ നടത്തുകയും ചെയ്യുമ്പോള്‍ അദ്ദേഹം അല്ലാഹുവിനെ കൂടാതെ, ഒരുവേള അല്ലാഹുവിനേക്കാളുപരി ധനപൂജ നടത്തുന്നുവെന്നതാണ് വസ്തുത. ബഹുദൈവ വിശ്വാസത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട നാഗരികതയിലെ ഭാഷയില്‍ പോലും ധനപൂജയില്‍ ശിര്‍ക്കിന്റെ പലവിധ അടയാളങ്ങള്‍ കാണാം. 'കോടീശ്വരന്‍' എന്ന പ്രയോഗം ഒരു ഉദാഹരണമാണ്. ഒരാള്‍ സമ്പന്നനായാല്‍ അയാളെ ലക്ഷ്മി ദേവി ധാരാളമായി പ്രസാദിച്ചുവെന്നാണ് വിശ്വാസം. ദീപാവലിയും ആയുധ പൂജയുമെല്ലാം ധനപൂജാ സംസ്‌കാരത്തിന്റെ ഭാഗം തന്നെ. 'trust in god and gold' എന്ന സ്വര്‍ണ്ണ വ്യാപാരിയുടെ പരസ്യവാചകവും 'പൊന്നുമോന്‍' എന്ന പ്രയോഗം പോലും ഒരു തരം ധനപൂജാ സംസ്‌കാരത്തിന്റെ സ്വാധീനമുള്ളതു തന്നെ. ശിര്‍ക്കില്‍ നിന്ന് വിമുക്തനായ ശുദ്ധ ഏകദൈവവിശ്വാസി പിന്നെ വിഗ്രഹ പൂജകനാവാനിടയില്ല. വിഗ്രഹ പൂജ അര്‍ഥശൂന്യവും അനര്‍ഥകരവുമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണല്ലോ അവന്‍ ഏക ദൈവ വിശ്വാസത്തിലെത്തുന്നത്. പക്ഷെ അപ്പോഴും അവനെ ഗുരുതരമാംവിധം സദാ വേട്ടയാടുന്ന മഹാഭീഷണിയാണ്. ധനപൂജാ സംസ്‌കാരവും തജ്ജന്യമായ പ്രവണതകളും. തന്റെ ആദര്‍ശത്തെ ഗ്രസിച്ചേക്കാനിടയുള്ള ധനപൂജാ സംസ്‌കാരത്തിനെതിരിലുള്ള ഫലപ്രദമായ പ്രതിരോധ നടപടിയാണ് സകാത്തും മറ്റിതര ദാനധര്‍മ്മങ്ങളും. തനിക്കൊരിക്കലും ധനപൂജയെന്ന മഹാര്‍ബുദത്തിന്റെ ലാഞ്ചന പോലും ബാധിക്കുന്നില്ലെന്ന് നിതാന്ത ജാഗ്രതയോടെ ഉറപ്പുവരുത്താന്‍ സത്യവിശ്വാസി സദാ ബാധ്യസ്ഥനാണ്. ഖുര്‍ആന്‍ പുണ്യത്തെ (ബിര്‍റ്) നിര്‍വചിക്കുന്നേടത്ത് സത്യവിശ്വാ(ഈമാന്‍)സത്തിന്റെ അടിത്തറ പറഞ്ഞതില്‍ പിന്നെ വിശദമായി ഉദാരമായ ദാനധര്‍മ്മങ്ങള്‍ പറഞ്ഞത് ഇക്കാരണത്താലാണ്. അതിന് ശേഷമേ നമസ്‌കാരം പറഞ്ഞിട്ടുള്ളൂ.
      സകാത്ത് നല്‍കുകയെന്നത് എനിക്ക് ധനപൂജയെന്ന ശിര്‍ക്ക് വരാതിരിക്കാനും സമ്പത്തിന്റെ നേരെയുള്ള നിലപാട് കൃത്യമായിരിക്കാനും വീക്ഷണ-വിശ്വാസ ശുദ്ധി കാത്തുസൂക്ഷിക്കാനും അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം പരലോകത്ത് നേരിടേണ്ടി വരുന്ന കഠിനശിക്ഷയെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക: ''സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ച് ഖജനാവുകൡലാക്കി കെട്ടിപൂട്ടി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ അതി കഠിന ശിക്ഷയെപ്പറ്റി 'സുവിശേഷ'മറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും അവരുടെ പാര്‍ശ്വങ്ങളിലും നെറ്റികളിലും മുതുകുകളിലും ചൂടേല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന നാളില്‍ (അവരോട് പറയപ്പെടും:) നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ശേഖരിച്ച് നിക്ഷേപിച്ചുവെച്ചതാണിത്. ആകയാല്‍ നിങ്ങള്‍ നിക്ഷേപിച്ചു വെച്ചത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക:'' (9:34,35)
      ഇത്തരം കഠിന ശിക്ഷക്ക് പാത്രമാവാതിരിക്കാന്‍ സകാത്ത് കൃത്യമായും ഫലപ്രദമായും നല്‍കേണ്ടതുണ്ട്. ഇത് സമ്പന്നന്റെ ഔദാര്യമെന്ന നിലക്കല്ല; മറിച്ച് പാവങ്ങള്‍ക്ക് സമ്പത്തിന്റെ ഉടയോനും ദാതാവുമായ അല്ലാഹു നിശ്ചയിച്ച അവകാശമെന്ന (70:24,25) നിലക്കായിരിക്കണം. ഇതിലൂടെ പാവങ്ങളെ സഹായിക്കലല്ല പ്രഥമവും പ്രധാനവുമായി സംഭവിക്കുന്നത്; മറിച്ച് സമ്പത്ത് കൈവശം വെക്കുന്നവന്റെ സംസ്‌കരണമാണ്. സകാത്ത് എന്നത് അവിഹിതമായി ധനം വാരിക്കൂട്ടാനുള്ള അനുമതിയോ എങ്ങനെയല്ലാമോ അവിഹിതമായി വാരിക്കൂട്ടിയ ധനം ശുദ്ധീകരിക്കാനുള്ള പരിപാടിയോ അല്ല; മറിച്ച് ആര്‍ത്തി, പരിധിയില്ലാത്ത ധനവാഞ്ച, ദുര, സ്വാര്‍ത്ഥത, കുടിലത, ലുബ്ധ്, സങ്കുചിതത്വം, ക്രൂരത തുടങ്ങിയുള്ള പലവിധ ദുര്‍ഗുണങ്ങളില്‍ നിന്ന് ശുദ്ധീകരിച്ച്, അവനില്‍ ദയ, സമസൃഷ്ടിബോധം, സ്‌നേഹം, ത്യാഗമനസ്‌കത, ദാനശീലം, ഔദാര്യബോധം, സാമൂഹ്യബോധം, പരക്ഷേമ തല്‍പരത തുടങ്ങിയ സല്‍ഗുണങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കൂന്നതാണത്. അപ്പോഴാണ് ശുദ്ധീകരണം, സംസ്‌കരണം എന്നിങ്ങനെ സകാത്തിന്റെ പൊരുള്‍ പുലരുന്നതും ആ സംജ്ഞ അര്‍ഥപൂര്‍ണ്ണമാവുന്നതും. ''(നബിയേ!), താങ്കള്‍ അവരുടെ ധനങ്ങളില്‍ നിന്നും നിര്‍ബന്ധ ദാനം വസൂല്‍ ചെയ്ത് അവരെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുക''(9:103). 'അവരെ' എന്ന പ്രയോഗം വഴി സമ്പത്തിനെയല്ല മറിച്ച്, സകാത്ത് ദാതാവിന്റെ മനസ്സിനെയും വീക്ഷണത്തെയും ജീവിതത്തെയുമാണ് ശുദ്ധീകരിക്കുന്നതെന്ന്, വളരെ വ്യക്തമാണ്. സകാത്ത് സമ്പത്തിന്റെ ശുദ്ധീകരണമാകുന്നത് ഉടയ തമ്പുരാനായ അല്ലാഹു നിര്‍ണയിച്ച അന്യരുടെ അവകാശം അവശേഷിച്ച സമ്പത്തില്‍ കൂടിക്കലരുമ്പോഴുള്ള അവിശുദ്ധാവസ്ഥയെ അത് തടയുന്നു എന്ന അര്‍ഥത്തില്‍ മാത്രമാണ്.
      മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സാമൂഹ്യതയിലധിഷ്ഠിതമായിട്ടേ അവന് സന്തുഷ്ട ജീവിതം നയിക്കാനാവുകയുള്ളൂ. ആകയാല്‍ മനുഷ്യന് നിര്‍ദേശിക്കപ്പെട്ട അനുഷ്ഠാനങ്ങളും ആരാധനകളുമെല്ലാം സംഘടിതമായി സാമൂഹ്യാടിസ്ഥാനത്തില്‍ നിര്‍വഹിക്കാനാണ് ദൈവകല്‍പന. കൂട്ടായ്മയുടെ ബര്‍ക്കത്ത് (ബഹുമുഖനന്മകള്‍) വിവരണാതീതമാണ്. നമസ്‌കാരം, വ്രതം, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളെല്ലാം സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. ആഘോഷങ്ങള്‍ ഉള്‍പ്പെടെ മറ്റ് പല സംഗതികളും കൂട്ടായ്മയിലാണ് നാം നടത്തുന്നത്. നമസ്‌കാരം, നോമ്പ്. ഹജ്ജ് എന്നിവ പോലെ സകാത്തും സംഘടിതമായിട്ടാണ് നാം നിര്‍വഹിക്കേണ്ടത്. സകാത്തിന്റെ എട്ട് അവകാശികളില്‍ ഒരു വിഭാഗം സകാത്ത് ശേഖരണ വിതരണ ഉദ്യോഗസ്ഥരാണെന്ന് 9:60-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകനു ശേഷമുള്ള ഇസ്‌ലാമിക ഭരണകൂടവും മുന്‍കാല മുസ്‌ലിം സമുദായവുമെല്ലാം അങ്ങനെ സംഘടിതമായിട്ടാണ് സകാത്ത് നല്‍കിയത്. അപ്പോഴേ സകാത്തിന്റെ ബഹുമുഖ നന്മ അനുഭവവേദ്യമാകുകയുള്ളൂ. സകാത്ത് അര്‍ഹരായ എല്ലാവര്‍ക്കും ജാതിമതഭേദമന്യേ വിശാലമായ കാഴ്ചപ്പാടോടെ നല്‍കാവുന്നതാണെന്നാണ് ഇസ്‌ലാമിന്റെ വിശാല മാനവിക വീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട്. മുസ്‌ലിംകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുസ്‌ലിംകളോട് നിരന്തരം കഠിന വിരോധം പുലര്‍ത്തുന്നവരെ ഒഴിവാക്കണമെന്നും മാത്രമാണ് കവിഞ്ഞാല്‍ പറയാവുന്ന പരിധി നിര്‍ണയം. എട്ടവകാശികളില്‍ പലരെയും മുസ്‌ലിം- അമുസ്‌ലിം എന്ന് വിഭജിക്കാവതല്ല. ഫീസബീലില്ലാഹ് (ദൈവികമാര്‍ഗത്തില്‍ അഥവ) ധര്‍മ്മ സംസ്ഥാപലനാര്‍ഥമുള്ള പരിശ്രമത്തിന്റെയും പോരാട്ടത്തിന്റെയും മാര്‍ഗത്തില്‍) എന്നതൊഴികെ ബാക്കി എല്ലാം പൊതുപ്രയോഗമായി മനസ്സിലാക്കാവുന്നതാണ്. മുസ്‌ലിംകളില്‍ നിന്ന് ശേഖരിച്ചുണ്ടാക്കുന്ന സമ്പത്തില്‍ മുസ്‌ലിംകള്‍ക്ക് വളരെ മുന്‍ഗണന നല്‍കണമെന്ന ന്യയം തികച്ചും ശരിയാണ്; എന്നാല്‍ ഇസ്‌ലാമിന്റെ നന്മ ആസ്വദിക്കാന്‍ അമുസ്‌ലിംകള്‍ക്കും സാധിക്കേണ്ടത് ഇസ്‌ലാമിന്റെ പ്രബോധനപരമായ ഒരാവശ്യമാണ്. ഇത് ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ പ്രസക്തവുമാണ്. മാത്രമല്ല, എട്ട് അവകാശികളില്‍ ഒരു വിഭാഗമായ മുഅല്ലഫത്തുല്‍ ഖുലൂബ് എന്നത് അമുസ്‌ലിംകളാണെന്നതില്‍ തര്‍ക്കവുമില്ല.
      മുസ്‌ലിംകള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധമുണ്ടാക്കിയേക്കാം എന്ന ആമുഖത്തിന് ശേഷം ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവന ഇങ്ങനെയാണ്: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ ഗേഹങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തിട്ടില്ലാത്തവരെ സംബന്ധിച്ചെടുത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു''(60:8).
      ഇസ്‌ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവര്‍ പോലും ഇസ്‌ലാമിക് ബാങ്കിങിനെപറ്റി വളരെ താല്‍പര്യപൂര്‍വം ചിന്തിക്കുകയും അത് നടപ്പാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആധുനിക ചുറ്റുപാടില്‍ നല്ലൊരു Welfare Scheme എന്ന നിലക്ക് സകാത്ത് വ്യവസ്ഥ ജനകീയമായി പരിചയപ്പെടുത്തപ്പെടുകയും നടപ്പാക്കുകയും ചെയ്താല്‍ അതുണ്ടാക്കുന്ന സല്‍ഫലങ്ങള്‍ വിവരണാതീതമായിരിക്കും. മുസ്‌ലിം സമുദായം സകാത്ത് വ്യവസ്ഥ ഫലപ്രദമായി സാര്‍വ്വത്രികമായി നടപ്പാക്കിയാല്‍ ഇസ്‌ലാമിന്റെ സാമൂഹ്യ - സാമ്പത്തിക ദര്‍ശനത്തിന്റെ നന്മകള്‍ എളുപ്പം ഗ്രഹിക്കാന്‍ അന്യര്‍ക്ക് അവസരം കിട്ടും.
      സകാത്ത് എന്നത് ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും അടിസ്ഥാന ജീവിതാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവക്കാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നാട്ടിന്റെ വികസന നിര്‍മ്മാണ പദ്ധതികള്‍ക്ക് സക്കാത്ത് ഉദ്ദേശിക്കപ്പെട്ടിട്ടില്ല.
      ന്യായമായ മാര്‍ഗ്ഗേണ മാന്യമായിട്ടേ സമ്പത്ത് സമാര്‍ജിക്കാന്‍ പാടുള്ളൂ. ചൂഷണവും മോഷണവും നിഷിദ്ധമാണ്. ഇരുമ്പുലക്ക വിഴുങ്ങി ചുക്കു വെള്ളം കുടിച്ച് ദഹിപ്പിക്കാന്‍ തുനിയുമ്പോലെയുള്ള കുയുക്തി ഇസ്‌ലാമില്‍ പരിഗണനീയമേ അല്ല. ''നിഷിദ്ധവും നിരോധിതവുമായ (ഹറാം) വഴികളിലൂടെ ഉണ്ടായതെല്ലാം കത്തിക്കാളുന്ന നരകാഗ്നിക്ക് അവകാശപ്പെട്ടതാണ്'' എന്ന് നബി(സ) താക്കീത് ചെയ്തിട്ടുണ്ട്. ദീര്‍ഘ യാത്ര ചെയ്ത് ക്ഷീണിതനും പരവശനുമായി മാനത്തേക്ക് കൈ ഉയര്‍ത്തി ഭക്തിപൂര്‍വം ഉള്ളുരുകി താണു കേണു പ്രാര്‍ഥിക്കുന്ന വ്യക്തിയുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടാതെ പോകാനുള്ള ഏക കാരണം അവന്റെ ആഹാരവും വസ്ത്രവും നിഷിദ്ധമാണെന്നാണ് നബി(സ) പറഞ്ഞത്. നിഷിദ്ധമാര്‍ഗേണ സമ്പത്ത് വാരിക്കൂട്ടി അതിന് സകാത്ത് കൊടുത്താല്‍ അത് പരലോകത്ത് പ്രതിഫലാര്‍ഹമായ സുകൃതമായിരിക്കില്ല. സകാത്ത് കൊടുക്കാനുള്ള പ്രേരണ പരലോകത്ത് കിട്ടുന്ന മഹത്തായ പ്രതിഫലത്തെയും നരക ശിക്ഷയില്‍ നിന്നുള്ള വിമുക്തിയെയും കുറിച്ചുള്ള ചിന്തയായിരിക്കണം. ഇസ്‌ലാമിക ഭരണകൂടം ഇല്ലാഞ്ഞിട്ടും കോടിക്കണക്കിന് മുസ്‌ലിംകള്‍ സ്വമേധയാ സകാത്ത് കൊടുക്കുന്നത് പരലോക ചിന്തയാല്‍ പ്രചോദിതരായിട്ടു തന്നെയാണ്. ''നാളെ പരലോകത്ത് സര്‍വ്വശക്തനായ അല്ലാഹുവിന്റെ കോടതിയില്‍ ഒരാള്‍ക്കും ഒരടി മുന്നോട്ട് നീങ്ങുവാന്‍ സാധ്യമല്ല; അഞ്ച് കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയാലല്ലാതെ...''(നബി വചനം) അതില്‍ നാല് സംഗതികളെ പറ്റി ഒരു ചോദ്യം മാത്രം. എന്നാല്‍ സമ്പത്തിനെക്കുറിച്ച് രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം 'നീ സമ്പത്ത് എങ്ങനെ, എവിടുന്ന് സമ്പാദിച്ചു?' എന്നതാണ് ഒരു ചോദ്യം. മറ്റൊരു ചോദ്യം: 'നീ അത് എവിടെ എങ്ങനെ ചെലവഴിച്ചു' എന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ 'നിങ്ങള്‍ അവന് മാത്രം ഇബാദത്ത് ചെയ്യുന്നവരാണെങ്കില്‍' എന്ന ഉപാധിയോടെ കര്‍ശനമായും ഗൗരവത്തിലും പറഞ്ഞ മൂന്ന് സൂക്തങ്ങളില്‍ രണ്ടെണ്ണത്തിലും 2:173, 16:114 ആഹാരം -ഉപജീവനം- ഹലാലും ശുദ്ധവും ആയിരിക്കണമെന്ന ആശയമാണുള്ളത്. പ്രവാചകന്‍(സ) പഠിപ്പിച്ച പ്രാര്‍ഥനകളും ഈ പ്രമേയം ഉള്‍ക്കൊള്ളുന്നു.
      സകാത്ത് കൊടുക്കേണ്ട ബാധ്യത ഒരാള്‍ക്ക് വന്നുചേരുന്നത് നിശ്ചിത അളവില്‍ മിച്ച ധനം അവന്റെ പക്കല്‍ മറ്റിതര ചെലവുകളൊന്നും വന്നുചേരാതെ ഒരു വര്‍ഷക്കാലം അവശേഷിക്കുമ്പോഴാണ്. 2മ്മ% ആണ് സാമാന്യനിരക്ക്. അതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നതിന് വിരോധമൊന്നുമില്ല. 2മ്മ% ല്‍ കുറഞ്ഞുകൂടെന്നത് കണിശമാണ്.
      സകാത്ത് ബാധകമാകുന്നതിനുള്ള നിശ്ചിത പരിധി ഇന്നത്തെ നിലക്ക് ഏതാണ്ട് 2മ്മ ലക്ഷം രൂപ (85 ഗ്രാം സ്വര്‍ണ്ണം) നിശ്ചയിച്ചതില്‍ നിന്ന് ഇസ്‌ലാമിന്റെ സന്തുലിത സമീപനം വ്യക്തമാണ്. ഒരു വ്യക്തിക്ക് വ്യക്തിപരമായി എത്രയും ദാനധര്‍മ്മങ്ങള്‍ എപ്പോഴും നിര്‍വഹിക്കാവുന്നതാണ്. നിര്‍വഹിക്കേണ്ടതുമാണ്. എന്നാല്‍ നിര്‍ബന്ധ ദാനം (സകാത്ത്) സമ്പന്നാവസ്ഥ കൈവന്നാല്‍ മാത്രമേ ഉള്ളൂ. പതിവായുള്ള ആവശ്യാനുസരണമുള്ള ഐച്ഛികമായ ചില്ലറ ദാനധര്‍മ്മങ്ങളും പരോപകാരവും എല്ലാവരും എപ്പോഴും ചെയ്യേണ്ടതാണ്. അതൊന്നും സകാത്തായി ഗണിക്കാവതല്ല. ''നാമവര്‍ക്കേകിയ വിഭവങ്ങളില്‍ നിന്ന് അവര്‍ അന്യര്‍ക്ക് വേണ്ടി ചെലവഴിക്കുന്നവരാണ്'' എന്ന് ഖുര്‍ആന്‍ പറഞ്ഞത് എല്ലാ സത്യവിശ്വാസികളുടെയും പതിവ് നിലപാട് എന്ന നിലക്കാണ്. അതുകൊണ്ടാണ് 2:177ല്‍ ഉദാരമായ ധനവ്യയം വളരെ വിസ്തരിച്ച് പറഞ്ഞതിന് ശേഷം വീണ്ടും സകാത്തിനെ പറ്റി പറഞ്ഞത്. ഇന്‍ഫാഖും സകാത്തും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. വിത്തപ്രേമം സംക്രമിച്ച് ധനപൂജാസംസ്‌കാരമെന്ന ശിര്‍ക്കിലേക്ക് ആപതിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top