ഉപവാസം

ഡോ: ഗീതു ജി No image

      രു പ്രത്യേക കാലയളവില്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഫാസ്റ്റിംഗ് അഥവാ ഉപവാസം. ഇത് ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമവും ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് സന്തുലനവും ഉണ്ടാക്കുന്നു.
      ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഉപവാസത്തിന് മുഖ്യപ്രാധാന്യം തന്നെ ഉണ്ടായിരുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഉപവാസത്തിന്റെ പ്രവാചകനായിരുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും -ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍-അവരുടെ മതാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപവസിക്കാന്‍ തല്‍പരരാകാറുണ്ട്. ആയുര്‍വേദത്തിലും ഉപവാസത്തിന് വളരെ പ്രാധാന്യമുണ്ട്. മാനസികവും ശാരീരികവും ആയ ആരോഗ്യം നിലനിര്‍ത്തി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
      ആയുര്‍വേദ വിധിപ്രകാരം ഉപവാസം ശരീരശുദ്ധിക്കും ശരീരത്തിന്റെ ഭാരം കുറക്കുന്നതിനും ചില രോഗങ്ങള്‍ മാറ്റുന്നതിനും ഉപയോഗപ്പെടുത്തുന്നു. ഉപവാസം രക്തത്തിലെ ഗ്ലൂക്കോസ്, ബ്ലഡ്പ്രഷര്‍, കൊളസ്‌ട്രോള്‍, ശരീരഭാരം എന്നിവയെ നിയന്ത്രിച്ച് ആരോഗ്യം നിലനിര്‍ത്തുന്നു. ഉപവാസവേളയില്‍ ശരീരത്തിലെ മൃതകോശങ്ങളും രോഗബാധിത കോശങ്ങളും അമിത കൊഴുപ്പും പുറന്തള്ളപ്പെടുന്നു. ഇതു മുഖേന വ്യക്തിക്ക് ഉണര്‍വും ഊര്‍ജസ്വലതയും ആത്മീയതയും മനശ്ശുദ്ധിയും കൈവരുന്നു.
      കേരളത്തില്‍ മുസ്‌ലിം മതവിഭാഗങ്ങളാണ് ഉപവാസത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. റമദാന്‍ മാസത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 30 ദിവസത്തെ വ്രതാനുഷ്ഠാനമുണ്ട്. രാവിലെ സുബ്ഹ് നമസ്‌കാരം മുതല്‍ വൈകിയിട്ട് മഗ്‌രിബ് നമസ്‌കാരം വരെയാണ് ഉപവസിക്കുന്നത്. ഇത് ശരീരത്തിനേയും മനസ്സിനേയും ഒരുപോലെ ശുദ്ധീകരിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി പകല്‍സമയത്ത് ഭക്ഷണപാനീയങ്ങളും പുകവലി മുതലായ ദുശ്ശീലങ്ങളും ഉപേക്ഷിക്കുന്നു. പൈശാചിക ചിന്തകളും ദുഷ്പ്രവൃത്തികളും ഉപേക്ഷിക്കുന്നു.
      ഉപവാസത്തിന് പല ലക്ഷ്യങ്ങളും ഉണ്ട്. ദൈവത്തെ അനുസരിക്കല്‍, അച്ചടക്കം പാലിക്കല്‍, ആത്മീയശക്തി കൈവരിക്കല്‍, നിരാലംബരുടേയും നിരാശ്രയരുടേയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവരെ സഹായിക്കല്‍ എന്നിവയാണത്. റമദാന്‍ മാസത്തില്‍ നോമ്പുസമയം കഴിഞ്ഞാല്‍ മുസ്‌ലിംകള്‍ ഈത്തപ്പഴവും വെള്ളവും കഴിച്ച് നോമ്പ് തുറക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് കുറയുന്നതിനെ (ഹൈപ്പോ ഗ്ലൈസീമിയ) തടുക്കുക എന്നതാണ് മധുരം ആദ്യം കഴിക്കുന്നതിന്റെ ഉദ്ദേശ്യം.   തുടര്‍ന്നാണ് മറ്റുഭക്ഷണങ്ങള്‍ കഴിക്കുന്നത്. വൈകുന്നേരങ്ങളില്‍ ഒരുമിച്ചുള്ള ഭക്ഷണം കഴിക്കല്‍ കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള സാഹചര്യം ഒരുക്കുന്നു.
      പക്ഷെ ഇങ്ങനെയുള്ള അവസരങ്ങളില്‍ അമിതമായ ഭക്ഷണോപയോഗം ഉപവാസം അനുഷ്ഠിച്ച് കൈവരിച്ച ഗുണങ്ങള്‍ക്ക് നേര്‍വിപരീത ഫലമാണ് ഉളവാക്കുന്നത്.   ഫാസ്റ്റ്ഫുഡ്, പൊരിച്ച മത്സ്യമാംസാദികള്‍, ബിരിയാണി, നെയ്‌ച്ചോറ് എന്നിവ റമദാന്‍ മാസത്തിലെ മുഖ്യവിഭവങ്ങളാണ്. ഈ ആഹാരങ്ങളില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. അമിത കൊഴുപ്പ് ശരീരത്തില്‍ എത്തി പലവിധ രോഗങ്ങള്‍- അമിത കൊളസ്‌ട്രോള്‍, വര്‍ധിച്ച ബ്ലഡ്പ്രഷര്‍, അമിതഭാരം എന്നിവക്ക് കാരണാകുന്നു.
      ഉപവാസത്തിനുശേഷം വേണ്ടരീതിയില്‍ ഭക്ഷണം കഴിക്കാതിരുന്നാലും പല ഭവിഷ്യത്തും ഉണ്ടാകും. ഹൈപ്പോകലീമിയ, കാര്‍ഡിയാക് അറിഥമിയ എന്നീ രോഗങ്ങള്‍ക്കും കാരണമാകും.
      ഉപവാസത്തിന്റെ സദ്ഗുണങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ മിതമായ ഭക്ഷണരീതി പാലിക്കാന്‍ വ്യക്തികള്‍ നിര്‍ബന്ധിതരായേ പറ്റൂ. കൂടാതെ ശാരീരികവും മാനസികവുമായ അച്ചടക്കവും അത്യന്താപേക്ഷിതമാണ്.
      അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിത മുതലായ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉപവാസത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നു. പനി, അജീര്‍ണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രാരംഭദശയിലെ ചികിത്സാരീതിയായി ഉപവാസം നിര്‍ദേശിക്കുന്നു. പഞ്ചകര്‍മ ചികിത്സസാധ്യമല്ലാത്ത വ്യക്തികള്‍ക്ക്, പകരമായി ഉപവാസം അനുഷ്ഠിക്കാവുന്നതാണ്.
      ഉപവാസവും ഋതുസന്ധിയിലെ ശോധനങ്ങളും രോഗപ്രതിരോധത്തിലൂടെ ആരോഗ്യം നിലനിര്‍ത്തി അതുവഴി ആയുര്‍ദൈര്‍ഘ്യത്തിലേക്ക് നമ്മെ നയിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top