സ്വര്‍ഗീയ പ്രതീക്ഷകളുമായി
വിശ്വാസി സമൂഹം ഒരുങ്ങുകയാണ്; പരിശുദ്ധ റമദാനിലെ നോമ്പിനെ വരവേല്‍ക്കാനായി. വീടും പള്ളിയും ചുറ്റുമുള്ളതൊക്കെയും വൃത്തിയും വെടിപ്പുമുള്ളതാക്കിവെക്കുന്ന തിരക്കിലാണ്
വിശ്വാസി സമൂഹം ഒരുങ്ങുകയാണ്; പരിശുദ്ധ റമദാനിലെ നോമ്പിനെ വരവേല്‍ക്കാനായി. വീടും പള്ളിയും ചുറ്റുമുള്ളതൊക്കെയും വൃത്തിയും വെടിപ്പുമുള്ളതാക്കിവെക്കുന്ന തിരക്കിലാണ് ഓരോ വിശ്വാസിയും. പൈശാചികതയുടെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും വിടുതി നേടി ദൈവത്തിലേക്ക് പൂര്‍ണ മനസ്സോടെ അടുക്കുന്ന രാവുകള്‍. തിന്നും കുടിച്ചും ആര്‍മാദിച്ച മറ്റു ദിനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശപ്പിന്റെ പ്രയാസം അറിഞ്ഞുകൊണ്ടാണവന്‍ ദൈവസാമീപ്യത്തിലേക്കെത്തുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ ദൈവസാമീപ്യം നേടാനായി പള്ളികള്‍ നിറയുന്ന മാസമാണിത്. നിരാലംബരും നിസ്സഹായരായവര്‍ക്കുമുള്ള എല്ലാ സഹായങ്ങളും എത്തിക്കാന്‍ വിശ്വാസി അത്യധ്വാനം ചെയ്യുകയാണ്. റമദാനിന്റെ ഈ പരിശുദ്ധിയുടെ ചടുലത നമുക്ക് ചുറ്റിലും കാണാം.
എന്നാല്‍ എല്ലാം 'പരസ്യ'മാകുന്ന ഇക്കാലത്ത് ആരാധനകളും അനുഷ്ഠാനങ്ങളും വഴിപാടായി മാറുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളും ചുറ്റുമുണ്ട്. മതപരമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളുമൊക്കെ വാണിജ്യ സാധ്യതയാക്കി മാറ്റുന്ന വിപണന തന്ത്രങ്ങളില്‍ പെട്ട് ആരാധനയുടെ മര്‍മ്മം ചോര്‍ന്നുപോകുന്നുണ്ട്.
റമദാനിനെ വരവേല്‍ക്കുമ്പോള്‍ നമ്മുടെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളെ കൂടി വിലയിരുത്തണം. ദൈവത്തിന്റെ ഏകത്വമാണ് വിശ്വാസത്തിന്റെ അടിത്തറ. ആ അടിത്തറക്ക് ഇളക്കം തട്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ കരുതിയിരിക്കണം. പഠന പദ്ധതികളിലൂടെയും മാധ്യമങ്ങളിലൂടെയും ആഘോഷരീതികളിലൂടെയും ബഹുസ്വരതയുടെയും ദേശീയതയുടെയും പേരില്‍ സൃഷ്ടിക്കപ്പെടുന്ന ബഹുദൈവത്വ സങ്കല്‍പ്പങ്ങളെ നാം അറിയാതെ തന്നെ നമ്മിലേക്ക് വരാനുള്ള സാധ്യതയേറെയാണ്. ഇവയൊക്കെ കണ്ടറിഞ്ഞ് സൂക്ഷ്മമായി വിലയിരുത്തി ദൈവത്തിലേക്ക് മടങ്ങുകയാണ് വിശ്വാസിയുടെ കടമ.
റമദാന്‍ കാരുണ്യത്തിന്റെ മാസം കൂടിയാണ്. എല്ലാ ജാതി മത ചിന്തകള്‍ക്കും അതീതമായി പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെതുമായ ഒരു മാസമാണത്. പട്ടിണിക്കാരന്റെ ദൈന്യതയും മാറാരോഗിയുടെ വേദനയും കിടപ്പാടമില്ലാത്തവന്റെ നിസ്സഹായതയും നമുക്കു ചുറ്റുമുണ്ട്. സമ്പത്ത് കെട്ടിപ്പൂട്ടിവെക്കാതെ ഇവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കഴിയുമാറ് സകാത്തും ദാനധര്‍മങ്ങളും വിനിയോഗിക്കാന്‍ നമുക്ക് കഴിയണം. പ്രത്യേകിച്ചും അവസാനത്തെ പത്തിലെ പുണ്യരാവുകളില്‍.
ആരാധനയുടെ ചൈതന്യം ചോര്‍ന്നുപോകാതെ എല്ലാ രംഗത്തും സൂക്ഷ്മത പാലിക്കുന്നവരായിക്കൊണ്ട് റമദാനിനെ പൂര്‍ണാര്‍ഥത്തില്‍ വിനിയോഗിക്കാന്‍ നമുക്ക് കഴിയട്ടെ.