കാരുണ്യത്തിന്റെ കവാടങ്ങള്‍
ടി. മൂഹമ്മദ് വേളം
2014 ജൂലൈ
ദൈവം ലോകത്തെ സൃഷ്ടിച്ചത് ഏത് മൂലകം ഉപയോഗിച്ചാണ് എന്നു ചോദിച്ചാല്‍ കാരുണ്യം എന്ന മൂലകമുപയോഗിച്ച് എന്ന ഉത്തരത്തിലേ നമുക്ക് എത്തിച്ചേരാനാവൂ. ദൈവത്തിന്റെ നടപടിക്രമങ്ങള്‍ കറങ്ങുന്നത്
ദൈവം ലോകത്തെ സൃഷ്ടിച്ചത് ഏത് മൂലകം ഉപയോഗിച്ചാണ് എന്നു ചോദിച്ചാല്‍ കാരുണ്യം എന്ന മൂലകമുപയോഗിച്ച് എന്ന ഉത്തരത്തിലേ നമുക്ക് എത്തിച്ചേരാനാവൂ. ദൈവത്തിന്റെ നടപടിക്രമങ്ങള്‍ കറങ്ങുന്നത് കാരുണ്യത്തിന്റെ അച്ചുതണ്ടിലാണ്. ദൈവത്തിന്റെ ഓരോ പ്രവര്‍ത്തിയിലും നിറഞ്ഞു നില്‍ക്കുന്നത് ദൈവത്തിന്റെ അപരിമേയമായ കാരുണ്യമാണ്. ആ കാരുണ്യമില്ലായിരുന്നെങ്കില്‍ ലോകം നിശ്ചലവും നിശ്ശൂന്യവുമാകുമായിരുന്നു. അവന്റെ കാരുണ്യത്തിന്റെ ഇരുട്ടും വെളിച്ചവുമാണ് ലോകത്ത് പരക്കുന്നത്. രാത്രിയിലും പകലിലും നിറഞ്ഞുനില്‍ക്കുന്നത് അവന്റെ കാരുണ്യം മാത്രമാണ്. ജീവിതത്തെയും മരണത്തെയും ഭരിക്കുന്നത് അവന്റെ കാരുണ്യത്തിന്റെ നിയമങ്ങള്‍ തന്നെയാണ്. മരണമുള്ളതുകൊണ്ട് മനോഹരമാക്കപ്പെട്ട ജീവിതമാണ് നമ്മുടേത്. എപ്പോഴും വീണുടഞ്ഞു പോകാവുന്ന പളുങ്കുപാത്രമാണിതെന്നതാണ് ജീവിതത്തെ ഇത്രമേല്‍ സുന്ദരമാക്കുന്നത്. പുഴയില്‍ ഒഴുകുന്നതും കടലില്‍ അലയടിക്കുന്നതും ദൈവത്തിന്റെ കാരുണ്യമാണ്.
ദൈവത്തിന്റെ ഏറ്റവും വലിയ സവിശേഷത അവന്‍ കാരുണ്യവാനാണ് എന്നതാണ്. ദൈവം ഒന്നാമതായി എടുത്തുപറയാനുപയോഗിച്ച അവന്റെ സവിശേഷത കാരുണ്യമാണ്. സ്രഷ്ടാവാണെന്നതായിരുന്നു സൃഷ്ടികളുടെ മേലുള്ള അവന്റെ അവകാശത്തിന്റെ അടിസ്ഥാനം. അത് ഖുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. അറിയുക. സൃഷ്ടിപ്പ് അവന്റെതാണ്. ശാസനാധികാരവും അവനാണ്.'' പക്ഷെ എന്നിട്ടും ഖുര്‍ആന്റെ ഗ്രന്ഥസ്വരൂപമാരംഭിക്കുന്നത് ''പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിലാണ്.'' സ്രഷ്ടാവായ ദൈവത്തെക്കാള്‍ കാരുണ്യവാനായ ദൈവത്തെ പറഞ്ഞുകൊണ്ടാരംഭിക്കാനാണ് അല്ലാഹു ഇഷ്ടപ്പെട്ടത്. സൃഷ്ടിപോലും അവന്റെ കാരുണ്യത്തിന്റെ ഭാഗമാണ്. ജീവിതമെന്ന മഹാ അനുഗ്രഹത്തിന്റെ ദാതാവാണ് അല്ലാഹു. ജീവിതം മാത്രമല്ല, അതിനു മാര്‍ഗദര്‍ശനവും നല്‍കിയവനാണ് അല്ലാഹു.
പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രാര്‍ഥിക്കാനായി പ്രവാചകനാല്‍ പഠിപ്പിക്കപ്പെട്ട പ്രാര്‍ഥന ''കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് തുറന്നു തരേണമേ' എന്നാണ്. പള്ളിയുടെ കവാടത്തെ കാരുണ്യമെന്ന ആശയത്തിന്റെ കവാടമായി ഈ പ്രാര്‍ഥന ആവിഷ്‌കരിക്കുകയാണ്. ദൈവത്തിന്റെ വീട് കാരുണ്യത്തിന്റെ വീടല്ലാതെ മറ്റെന്താണ്. പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവത്തിന്റെ സവിശേഷ കാരുണ്യത്തിലേക്കാണ് നാം പ്രവേശിക്കുന്നത്.
ബൈബിള്‍ പറയുന്നത് ദൈവം സ്‌നേഹമാണെന്നാണ്. ഖുര്‍ആന്‍ പറയുന്നത് കൂരുണ്യവാനായ ദൈവം എന്നാണ്. ദൈവം സ്‌നേഹമാണെന്നത് അമൂര്‍ത്തമാണെങ്കില്‍ കാരുണ്യവാനായ ദൈവം എന്നത് മൂര്‍ത്തതയാണ്. കാരുണ്യം- ഒരമൂര്‍ത്താശയമല്ല. മൂര്‍ത്തപ്രയോഗമാണ്.
ദൈവികമായ കാരുണ്യത്തിന്റെ ഒരംശം കൊണ്ടാണ് മനുഷ്യരും ഇതര ജീവികളും കാരുണ്യത്തിന്റെ ഒരുപാട് ആര്‍ദ്രമായ നിലാവുകള്‍ തീര്‍ക്കുന്നത്. നീതിസഹിതമുള്ള കാരുണ്യം എന്നതാണ് ദിവ്യ കാരുണ്യത്തിന്റെ സവിശേഷത. എല്ലാവരെയും സ്‌നേഹിക്കുമ്പോള്‍ തന്നെ തെറ്റിനെ തെറ്റായി കാണാനും അതിനെ ശിക്ഷിക്കാനുമുള്ള മനസ്സും ഈ കാരുണ്യത്തിന്റെ ഭാഗമാണ്. നീതിബോധമില്ലാത്ത കാരുണ്യം അനീതിയെ എതിര്‍ക്കാന്‍ പ്രാപ്തിയില്ലാത്തതായിരിക്കും. നീതിയും കാരുണ്യവും തമ്മിലുള്ള സമന്വയം ഇസ്‌ലാമില്‍ കാണാന്‍ കഴിയും.
പള്ളിയുടെ കവാടം പോലെ തന്നെ റമദാനിന്റെ കവാടവും കാരുണ്യം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അതിന്റെ ആദ്യം കാരുണ്യവും മധ്യം പാപമോചനവും അന്ത്യം സ്വര്‍ഗപ്രവേശനവുമാണ്. കാരുണ്യത്തില്‍ നിന്ന് പാപമോചനത്തിലേക്കും അവിടെ നിന്ന് സ്വര്‍ഗത്തിലേക്കുമുള്ള സഞ്ചാര വഴിയാണത്. സ്വര്‍ഗം ദൈവകാരുണ്യത്തിന്റെ ഉയര്‍ന്ന സ്ഥാനമാണത്. ദൈവകാരുണ്യത്തിലൂടെ സ്വര്‍ഗത്തിലേക്ക് എന്നതാണ് സത്യവിശ്വാസിയുടെ സഞ്ചാരപഥം.
ശിക്ഷപോലും കാരുണ്യത്തിന്റെ ഭാഗമാണ്. രക്ഷയും ശിക്ഷയും ഇല്ലായിരുന്നെങ്കില്‍ മനുഷ്യജീവിതം നിരര്‍ഥകതയുടെ വെളിപ്പറമ്പായിപ്പോകുമായിരുന്നു. അതുകൊണ്ടാണ് താക്കീതും ശുഭവാര്‍ത്തയുമായി വന്ന പ്രവാചകന്‍ ഖുര്‍ആന്റെ ഭാഷയില്‍ കാരുണ്യത്തിന്റെ പ്രവാചകനായത്. ദൈവത്തിന് തന്റെ സൃഷ്ടികളോടുള്ള കാരുണ്യം അതിരുകളില്ലാത്തതാണ്. അത് തിരിച്ചറിയാന്‍ കഴിയുന്നവര്‍ മഹാഭാഗ്യവാന്മാരായിരിക്കും. മനുഷ്യന്റെ പ്രത്യക്ഷത്തിലെ ദുരിതത്തിലും നിലനില്‍ക്കുന്നത് ഭവ്യമായ കാരുണ്യമാണ്.