മഴമുഖങ്ങള്‍

വി. മൂസ മൗലവി
2014 ജൂലൈ
മഴ ദൈവത്തിന്റെ അനുഗ്രഹമാണ്. എല്ലാ ജീവജാലങ്ങളും ജലത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജലദൗര്‍ബല്യം അവയുടെ അസ്തിത്വത്തെതന്നെ പ്രതികൂലമായി ബാധിക്കുന്നു. വേനല്‍

      ഴ ദൈവത്തിന്റെ അനുഗ്രഹമാണ്. എല്ലാ ജീവജാലങ്ങളും ജലത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജലദൗര്‍ബല്യം അവയുടെ അസ്തിത്വത്തെതന്നെ പ്രതികൂലമായി ബാധിക്കുന്നു. വേനല്‍ കടുക്കുമ്പോള്‍ വെള്ളം വിലകൊടുത്തു വാങ്ങേണ്ടിവരുന്ന അവസ്ഥ വരുന്നു. മഴക്കാലമാകുമ്പോള്‍ നേരെ മറിച്ചാണ് സ്ഥിതി.
      മഴയെ പഴിക്കാന്‍ പാടില്ല. 'അല്ലാഹുവാണ് ആകാശത്തുനിന്നും മഴവര്‍ഷിച്ചത്' എന്ന പ്രയോഗം ഖുര്‍ആനില്‍ ധാരാളമായി കാണാം. 'അവനാണ് തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്നതിന് കാറ്റിനെ അയച്ചത്; കനത്ത കാര്‍മേഘങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നതും. എന്നിട്ട് നിര്‍ജീവമായ ഭൂപ്രദേശങ്ങളിലേക്ക് കാര്‍മേഘത്തെ നയിച്ചുകൊണ്ടുപോകുന്നു. പിന്നീട് അവിടെ മഴ വര്‍ഷിപ്പിക്കുന്നു' (അഅ്‌റാഫ്: 5,7). 'അല്ലാഹു മാനത്തുനിന്നും മഴ വര്‍ഷിപ്പിച്ചു. എന്നിട്ടതുവഴി ജീവനറ്റു കിടക്കുന്ന ഭൂമിക്കു ജീവനേകി. തീര്‍ച്ചയായും കേട്ടറിയുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്' (അന്നഹ്ല്‍: 65).
      ദാഹിച്ചു വലയുന്ന മനുഷ്യന് വെള്ളം കണ്ടെത്തുന്നതോടെ ആശ്വാസവും ആനന്ദവും അനുഭവപ്പെടുന്നു. ക്ഷീണിച്ചു വലഞ്ഞവന് ഒന്നു കുളിക്കുന്നതോടെ സുഖവും ആശ്വാസവും ലഭിക്കുന്നു. നാം കഴിക്കുന്ന ആഹാരം ദഹിച്ച് പോഷണങ്ങള്‍ ശരീരത്തിന്റെ എല്ലാഭാഗത്തും എത്തിക്കുന്നതിനും ധാരാളം വെള്ളം കൂടിയേ തീരൂ.   മനുഷ്യശരീരത്തില്‍ രക്തമെന്ന പോലെയാണ് ഭൂമിയില്‍ ജലം.
      കുളി, വൃത്തി, ശൗച്യം, അലക്കല്‍, പുതിയ രീതിയിലും ആകൃതിയിലും സ്വഭാവത്തിലുമുള്ള കെട്ടിട നിര്‍മാണം തുടങ്ങി എല്ലാറ്റിനും വെള്ളം അനിവാര്യമാണ്.       കൃഷി, തോട്ടപ്പണി എന്നിവക്കും വെള്ളം തന്നെ വേണം. ദൈവം ഭൂമിയില്‍ എഴുപത് ശതമാനവും ജലം നിക്ഷേപിച്ചിരിക്കുന്നു. ''എല്ലാ ജീവജാലങ്ങളെയും ജലത്തില്‍ നിന്നും നാം സൃഷ്ടിച്ചു. ദൈവത്തിന്റെ സൃഷ്ടിവൈഭവത്തെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നില്ലേ'' (അമ്പിയാഅ്: 30).
      മനുഷ്യന്റെ ചരിത്രകാലം മുതല്‍ക്കുതന്നെ ജലക്ഷാമവും ദൗര്‍ബല്യവും ഉണ്ടായിട്ടുണ്ട്. മുഹമ്മദ് നബി മദീനയില്‍ വന്ന ആദ്യനാളുകളില്‍ ഒരു ജലക്ഷാമമുണ്ടായി. അന്നവിടെ 'ബിഅ്‌റു റൂമാ' എന്നൊരു കിണര്‍ ഉണ്ടായിരുന്നു. അതൊരു ജൂതന്റെ കൈവശമായിരുന്നു. അയാള്‍ ജലക്ഷാമനാളില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ തുടങ്ങി. വെള്ളം വലിയ വിലക്ക് വില്‍ക്കും. അവനില്‍ നിന്ന് ആരെങ്കിലും ഈ കിണര്‍ വാങ്ങിയിരുന്നെങ്കില്‍ എന്ന് നബി ആഗ്രഹം പ്രകടിപ്പിച്ചു. ഇതറിഞ്ഞ് ഉസ്മാന്‍ (റ) ജൂതനെ സമീപിച്ച് കിണര്‍ വില്‍ക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം അയാള്‍ തയ്യാറായില്ല. പിന്നെ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളമെടുക്കാന്‍ അവകാശം നല്‍കി. 12000 ദിര്‍ഹം അതിനു വില നല്‍കണം. വെള്ളം സൗജന്യമായതിനാല്‍ ജനങ്ങള്‍ രണ്ടുദിവസത്തേക്കുള്ള വെള്ളവും ശേഖരിച്ചു. ജൂതന്‍ ഉസ്മാനെ സമീപിച്ചു.   പകുതികൂടി ഉസ്മാന്‍ വാങ്ങി. 8000 ദിര്‍ഹമായിരുന്നു അതിന്റെ വില. ഇന്നത് 'ബിഅ്‌റു ഉസ്മാന്‍' എന്ന പേരില്‍ അറിയപ്പെടുന്നു.
      നൂഹ്, ഹൂദ്, മൂസ എന്നീ പ്രവാചകന്മാരുടെ കാലഘട്ടങ്ങളിലൊക്കെ ജലക്ഷാമമുണ്ടായിട്ടുണ്ട്. എല്ലാ മനുഷ്യരോടുമായി അല്ലാഹു ചോദിക്കുന്നു: ''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, നിങ്ങളാണോ കാര്‍മേഘത്തില്‍ നിന്നും അത് ഇറക്കിയത്, അതോ നാമോ? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ട്'' (അല്‍ അഹ്‌സാബ്: 66). ഭൂമിയിലെ ജലാശയങ്ങളില്‍നിന്നും ജലം ബാഷ്പീകരിക്കുന്നത് സൂര്യനാണ്. നാം നിശ്ചയിച്ചുകൊടുത്ത നിശ്ചിത ഡിഗ്രി താപമുണ്ടായാല്‍ ആവിയായി മാറുന്നു. ഈ പ്രകൃതിനിയമം ദൈവം നിശ്ചയിച്ചുതന്നതാണ്.       കടല്‍വെള്ളം ഉപ്പുരസമുള്ളതാണല്ലോ. അത് ആവിയായി മേല്‍പ്പോട്ടുയര്‍ന്ന് മഴയായി താഴോട്ടു വരുമ്പോള്‍ ശുദ്ധ വെള്ളമായി മാറുന്നു. അതെങ്ങനെ?
ഓരോ പ്രദേശത്തും ലഭിക്കേണ്ട മഴയുടെ നിശ്ചിത അളവും തോതും അല്ലാഹുവാണ് തീരുമാനിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ''നാം മാനത്തുനിന്നും നിശ്ചിത തോതില്‍ വെള്ളമിറക്കി. എന്നിട്ടതിനെ ഭൂമിയില്‍ തന്നെ തങ്ങിനില്‍ക്കുന്നതാക്കി. അതു വറ്റിച്ചുകളയാനും നമുക്ക് കഴിയുമായിരുന്നു.'' ഭൂഗോളത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയായ ജലം സമുദ്രം, തടാകം, കിണര്‍, നെല്‍വയലുകള്‍, കുഴല്‍കിണര്‍ മുതലായ വഴിയിലൊക്കെ സംഭരിച്ചുവെച്ചിരിക്കുന്നു.
      മഴയോടനുബന്ധിച്ചുണ്ടാവാറുള്ള മറ്റൊരു പ്രതിഭാസമാണ് ഇടിയും മിന്നലും. വൈദ്യുതവാഹിയായ മേഘങ്ങള്‍ക്കിടയിലുണ്ടാവുന്ന വിദ്യുച്ഛക്തിയുടെ തീവ്രപ്രഹരമാണ് ശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ ഇടിയും മിന്നലും. ഇടതടവില്ലാത്ത ഇടിയുടെയും മിന്നലിന്റെയും പൊട്ടലും ചീറ്റലും കാരണം മരണഭയത്താല്‍ മനുഷ്യര്‍ ചെവിയില്‍ വിരല്‍ തിരുകിക്കയറ്റുന്നു. ''ഇടിനാദം ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ വിശുദ്ധി വാഴ്ത്തുന്നു. അവനോടുള്ള ഭയത്താല്‍ മലക്കുകളും അതുതന്നെ ചെയ്യുന്നു. അവന്‍ ഘോരഗര്‍ജനമുള്ള ഇടിവാളുമയക്കുന്നു'' (റഅ്ദ്: 13). ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ നബി (സ) ഇങ്ങനെ പറയുമായിരുന്നു:   ''അല്ലാഹുമ്മ ലാ തഖ്തുല്‍നാ ബി ഗദബിക, വലാ തുഹ്‌ലിക്‌നാ ബി അദാബിക വആഫിനാ ഖബ്‌ല ദാലിക് 'അല്ലാഹുവേ നിന്റെ കോപത്താല്‍ ഞങ്ങളെ നീ നശിപ്പിക്കരുതേ. നിന്റെ ശിക്ഷകൊണ്ട് ഞങ്ങളെ നീ നശിപ്പിക്കരുതേ. അതിനു മുമ്പ് ഞങ്ങളെ നീ സുഖപ്പെടുത്തേണമേ.'
      എല്ലാ കാലത്തും ജലക്ഷാമമുണ്ടായതായി കാണാം. നൂഹ്‌നബിയുടെ പ്രബോധനം പരാമര്‍ശിക്കുന്നിടത്ത് ഖുര്‍ആന്‍ പറയുന്നു. ''നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വര്‍ഷിപ്പിച്ച് തരും'' (നൂഹ്: 10). വന്നുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് മടങ്ങുകയും മാപ്പിനപേക്ഷിക്കുകയും ചെയ്യണമെന്നാണ് നൂഹ് നബി പറഞ്ഞത്. അത് മഴ ലഭിക്കാന്‍ കാരണമാകും. ഒരു ക്ഷാമകാലത്ത് മഹാനായ ഉമര്‍ മഴക്കുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍ പാപമുക്തിക്കുമാത്രമാണ് ആവര്‍ത്തിച്ച്'പ്രാര്‍ഥിച്ചത്. ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു: ''താങ്കള്‍ മഴക്കുവേണ്ടി പ്രാര്‍ഥിച്ചില്ലല്ലോ'? ഉമര്‍ പറഞ്ഞു: ''ഞാന്‍ ആകാശത്തു നിന്നും മഴ ലഭിക്കുന്ന വാതിലുകള്‍ മുട്ടിയിട്ടുണ്ട്.''
      അനസ് (റ) ഉദ്ധരിക്കുന്നു: നബിതിരുമേനി ഒരു വെള്ളിയാഴ്ച ഖുതുബ നിര്‍വഹിക്കുകയായിരുന്നു. ഒരാള്‍ പള്ളിയിലേക്ക് കയറിവന്നു. ''പ്രവാചകരെ,'' അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ''സമ്പത്തെല്ലാം നശിച്ചു. യാത്ര ചെയ്യാനുള്ള കാലികള്‍ ചത്തു. അതിനാല്‍ സഞ്ചാരവും മുടങ്ങി. അങ്ങ് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചാലും.'' തിരുമേനി ഇരുകൈകളുമുയര്‍ത്തി, ''അല്ലാഹുവേ, നീ ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിച്ചു തരേണമേ'' എന്ന് മൂന്ന് തവണ പ്രാര്‍ഥിച്ചു. ആകാശത്ത് ഒരു മേഘത്തുണ്ടുപോലും കാണാനുണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ക്കും സന്‍ആ പര്‍വതത്തിനുമിടക്ക് ഒരു വീടുപോലും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ആ പര്‍വതത്തിനപ്പുറത്തു നിന്നും പരിചപോലുള്ള ഒരു മേഘം പ്രത്യക്ഷപ്പെട്ടു. ആകാശമധ്യത്തില്‍ അത് പൊട്ടിച്ചിതറി. പിന്നെ മഴ വര്‍ഷിച്ചു. അല്ലാഹുവാണ് സത്യം.       പിന്നെ ഒരാഴ്ച ഞങ്ങള്‍ സൂര്യനെ കണ്ടിട്ടേയില്ല. അടുത്ത ആഴ്ച തിരുമേനി ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അതേ കവാടത്തിലൂടെ അയാള്‍ വീണ്ടും വന്നു. നബിയോടായി പറഞ്ഞു: ''തിരുദൂതരെ, മഴ അധികമായതിനാല്‍ കൃഷി മുങ്ങി നശിക്കുകയും സഞ്ചാരം മുടങ്ങുകയും ചെയ്തു. അതിനാല്‍ മഴ നിയന്ത്രിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.'' തിരുമേനി ഉടനെ പ്രാര്‍ഥിച്ചു. ''ഞങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ മഴ വര്‍ഷിപ്പിച്ചാലും. തല്‍കാലം ഈ പ്രദേശത്ത് വേണ്ടതില്ല. അല്ലാഹുവേ, കുന്നിന്‍ പ്രദേശങ്ങളിലും താഴ്‌വരകളിലും വൃക്ഷലതാദികളിലും മുളക്കുന്ന സ്ഥലങ്ങളിലും മഴ വര്‍ഷിച്ചാലും.'' അങ്ങനെ മഴ നിലച്ച് വെയിലത്താണവര്‍ പിരിഞ്ഞുപോയത് (ബുഖാരി മുസ്‌ലിം).

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media