കേരള മുസ്‌ലിം രാഷ്ട്രീയത്തില്‍ വിള്ളല്‍ വീഴ്ത്തിയതാര്?

ശൈഖ് മുഹമ്മദ് കാരകുന്ന് No image

      1992 ഡിസംബര്‍ ആറിന് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ കര്‍സേവ തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു. അതോടെ പ്രധാനമന്ത്രി നരസിംഹറാവു വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. ബി.ജെ.പി ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. സാധ്യമല്ലെങ്കില്‍ ബാബരി മസ്ജിദ്- രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഭരണഘടനയുടെ 138-ാം വകുപ്പനുസരിച്ച് സുപ്രീം കോടതിയുടെ തീര്‍പ്പിന് വിടണമെന്നും ആവശ്യപ്പെട്ടു. വിധി എല്ലാവരും അംഗീകരിക്കണമെന്ന് മുഴുവന്‍ മതേതര സംഘടനകളും ഒന്നിച്ചാവശ്യപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ ഫാസിസ്റ്റുകളുടെ താല്‍പര്യപ്രകാരം മസ്ജിദ് നിന്നിരുന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നോ എന്ന അഭിപ്രായം ആരായാന്‍ 143-ാം വകുപ്പ് പ്രകാരം സുപ്രീം കോടതിയില്‍ റഫറന്‍സ് സമര്‍പ്പിക്കുകയാണുണ്ടായത്. തര്‍ക്കഭൂമിയില്‍ നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു.
      നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം കര്‍സേവകര്‍ അയോധ്യയിലെത്തി. പ്രതിപക്ഷനേതാവ് അദ്വാനിയാണ് അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെയായിരുന്നു ഇത്. സംസ്ഥാന ഗവണ്‍മെന്റോ കേന്ദ്രഭരണകൂടമോ അവരെ തടയാനൊരു ശ്രമവും നടത്തിയില്ല. അങ്ങനെ കര്‍സേവകര്‍ ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തു. അവിടെ താല്‍കാലിക ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നു ഇതൊക്കെയും. അങ്ങനെ ഗാന്ധിജിയുടെ വധത്തിന് ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ലോകം സാക്ഷ്യംവഹിച്ചു. മതേതരത്വത്തിന്റെ പ്രതീകമായി മാറിയ ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ വര്‍ഗീയ ഫാസിസ്റ്റുകളുടെ വളര്‍ച്ചക്ക് അവസരമൊരുക്കുകയാണ് നരസിംഹ റാവുവും കോണ്‍ഗ്രസും ചെയ്തത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനവും അതിന്റെ തന്നെ ഭാഗമായി നടത്തിയ നിസ്സംഗതയും ഉറക്കം നടിക്കലുമാണ് പള്ളിപൊളിക്കാനും അതിലൂടെ രാജ്യത്ത് വര്‍ഗീയത വളരാനും കാരണമായത്.
      രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ, ഉപരാഷ്ട്രപതി കെ.ആര്‍ നാരായണന്‍, മുന്‍ പ്രധാനമന്ത്രിമാരായ വി.പി സിംഗ്, ചന്ദ്രശേഖര്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, കുല്‍ദീപ് നയ്യാര്‍, ജസ്റ്റിസ് പി. സുബ്രഹ്മണ്യ പോറ്റി, വി.ആര്‍ കൃഷ്ണയ്യര്‍, എന്‍ റാം സായിനാഥ്, ഡോ: സുകുമാര്‍ അഴീക്കോട് തുടങ്ങി രാജ്യത്തെ അതിപ്രഗത്ഭരായ പലരും മസ്ജിദ് ധ്വംസനത്തെ രൂക്ഷമായി ആക്ഷേപിക്കുകയും പള്ളി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്ര ക്രൂരമായ നിയമലംഘനവും അതിക്രമവും നടന്നിട്ടും ഒന്നും സംഭവിച്ചില്ല.
      പള്ളി പുനര്‍നിര്‍മിച്ചില്ലെന്നു മാത്രമല്ല, അത് നിന്നിരുന്നിടത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ വര്‍ഗീയ ശക്തികള്‍ക്ക് ഭരണകൂടം അനുവാദം നല്‍കുകയും ചെയ്തു. മസ്ജിദ് ധ്വംസനം നടത്തിയത് തങ്ങളാണെന്ന് ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയും അവകാശപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടായതുമില്ല. ശിവസേനയുടെ വടക്കേ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ജയ് ഭഗവാന്‍ ഗോയല്‍ ന്യൂസ്ട്രാക്ക് വീഡിയോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു: ''ശിവസേനയാണ് പള്ളിപൊളിക്കല്‍ ആസൂത്രിതമായി നടപ്പിലാക്കിയത്. അതിന് നേതൃത്വം നല്‍കിയവരെല്ലാം ശിവസേനക്കാര്‍ തന്നെയാണ്. ആരൊക്കെ പോകണമെന്നും എന്തൊക്കെ ചെയ്യണമെന്നും മുന്‍കൂട്ടി ഉറപ്പിച്ച ശേഷമാണ് സേനാംഗങ്ങളെ അങ്ങോട്ടയച്ചത്. പള്ളി പൊളിക്കാനാവശ്യമായ എല്ലാ ആയുധങ്ങളും ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഔറംഗാബാദിലെ ശിവസേനാ എം.പി മൊദേശ്വര്‍ സേവും താനുമാണ് പള്ളിപൊളിക്കലിന്റെ ചുമതല വഹിച്ചതും കല്‍പന നല്‍കിയതും.'' ഇതൊക്കെയും സംഭവിക്കുമ്പോള്‍ ശിവസൈനികരുടെ മഹാ രാഷ്ട്രവും കേന്ദ്രവും ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്; നരസിംഹറാവുവും സുധാകര്‍ റാവുനായികും.


മുംബൈ കലാപം
      ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തും അസ്വസ്ഥതകള്‍ പൊട്ടിപ്പുറപ്പെട്ടുവെങ്കിലും ക്രൂരമായ കൂട്ടക്കൊലയും കലാപവും നടന്നത് മുംബൈയിലാണ്. 1992 ഡിസംബറിലെയും 1993 ജനുവരിയിലെയും കലാപത്തില്‍ രണ്ടായിരത്തോളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. ആയിരത്തഞ്ഞൂറ് കോടിയിലേറെ രൂപയുടെ സ്വത്തുകള്‍ നശിപ്പിക്കപ്പെട്ടു. നൂറുകണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഇതിനൊക്കെയും നേതൃത്വം നല്‍കിയത് ബാല്‍താക്കറെയും അദ്ദേഹത്തിന്റെ ശിവസൈനികരുമാണ്. ഈ ക്രൂരകൃത്യത്തെ 'ധര്‍മയുദ്ധം' എന്നാണ് 1993 ജനുവരി 12-ന് 'സാമ്‌ന'യില്‍ പേരുവെച്ചെഴുതിയ ലേഖനത്തില്‍ താക്കറെ വിശേഷിപ്പിച്ചത്. ജനുവരി 25-ലെ ടൈം മാഗസിനില്‍ നല്‍കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു: ''മുസ്‌ലിംകളെ എനിക്കൊരു പാഠം പഠിപ്പിക്കണം. ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. അവര്‍ ഇന്നാട്ടിലെ നിയമങ്ങളനുസരിക്കാന്‍ തയ്യാറല്ല. ജനനനിയന്ത്രണം സ്വീകരിക്കാന്‍ അവര്‍ക്ക് മനസ്സില്ല. അവരുടെ ശരീഅത്ത് എന്റെ മാതൃഭൂമിയില്‍ നടപ്പാക്കാന്‍ അവരാഗ്രഹിക്കുന്നു. അതെ, ഇത് ഹിന്ദുക്കളുടെ മാതൃഭൂമിയാണ്. മുസ്‌ലിംകള്‍ പോകുന്നുവെങ്കില്‍ പോകട്ടെ. പോവുന്നില്ലെങ്കില്‍ ചവിട്ടിപ്പുറത്താക്കണം.''
      'ഇത് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള കാല്‍വെപ്പാണോ'യെന്ന ചോദ്യത്തിന് താക്കറെയുടെ മറുപടി 'എന്ത് കാല്‍വെപ്പ്? ഇത് ഹിന്ദുരാഷ്ട്രം തന്നെ'യാണെന്നായിരുന്നു.
      'ഇപ്പോള്‍ കലാപം നിര്‍ത്താന്‍ തീരുമാനിച്ചോ?' എന്ന ചോദ്യത്തിന് 'അതെ, എത്രകാലമാണിത് തുടരുക? മുസ്‌ലിംകള്‍ നല്ല പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു'വെന്നായിരുന്നു താക്കറെയുടെ പ്രതികരണം.
      ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ആര്‍ക്കെതിരെയും ഒരു നടപടിയുമുണ്ടായില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രി എല്ലാത്തിനും മൗനാനുവാദം നല്‍കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പങ്ക്
      ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്കും വര്‍ഗീയ ഫാസിസത്തിന്റെ ഉയര്‍ച്ചക്കും വഴിയൊരുക്കിയത് നാഷണല്‍ കോണ്‍ഗ്രസാണ്.
      ബാബരി മസ്ജിദ് നിന്നിരുന്നിടത്ത് രാമക്ഷേത്രം പണിയുമെന്ന് വാഗ്ദാനം നല്‍കിയിരുന്നത് ബി.ജെ.പിയാണ്. എന്നാല്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മിക്കാന്‍ സര്‍വ്വവിധ സൗകര്യവും ചെയ്തു കൊടുത്തത് റാവു സര്‍ക്കാറും. മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ സംസ്ഥാനം കല്യാണ്‍സിംഗിന്റെ ബി.ജെ.പി ഗവണ്‍മെന്റാണ് ഭരിച്ചിരുന്നതെങ്കിലും പള്ളി നിന്നിരുന്നിടത്ത് ക്ഷേത്രം പണിതപ്പോള്‍ സംസ്ഥാനവും കേന്ദ്രവും കോണ്‍ഗ്രസിന്റെ കൈകളിലായിരുന്നു. പിന്നീട് താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനാനുമതി നല്‍കി. മാത്രമല്ല, അക്രമികള്‍ അന്യായമായി കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്ഷേത്രം പുതുക്കിപ്പണിയാന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് സര്‍ക്കാറും പതിമൂന്നു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇങ്ങനെ ബി.ജെ.പിയുടെ പ്രഖ്യാപനം പൂര്‍ത്തീകരിക്കുന്നതില്‍ ബഹുദൂരം മുന്നോട്ടുപോയ കോണ്‍ഗ്രസ് ഭരണകൂടം പള്ളി സംരക്ഷിക്കുമെന്ന വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു.
ബി.ജെ.പിയുടെ അഖിലേന്ത്യാ നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെ റാവുസര്‍ക്കാര്‍ ദേശീയ ബഹുമതി നല്‍കി ആദരിച്ചു. ബി.ജെ.പി പ്രതിനിധിയെ ഡെപ്യൂട്ടി സ്പീക്കറാക്കി. മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അഞ്ഞൂറിലേറെ സ്ഥലങ്ങളില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപങ്ങളഴിച്ചുവിട്ടു. അതിലൂടെ ആയിരങ്ങള്‍ കൊല്ലപ്പെടുകയും കോടികളുടെ സ്വത്തുകള്‍ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ആയിരത്തിലേറെ പേര്‍ മരിച്ചത് പോലീസ് വെടിവെപ്പിലാണെന്ന് ബി.ജെ.പി നേതാവ് വാജ്‌പേയി പോലും പറയുകയുണ്ടായി. എന്നിട്ടും റാവു സര്‍ക്കാര്‍ അനങ്ങിയില്ല. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുത്തതുമില്ല.
      ശിവസേനാ നേതാവ് ബാല്‍താക്കറെ, വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാള്‍, രാമമന്ദിര്‍ ജീര്‍ണോദ്ധാരണ സമിതി പ്രസിഡന്റ് സ്വാമി വാമദേവ്, സ്വാമി മുക്താനന്ദ, സ്വാമി ചിന്മയാനന്ദന്‍ പോലുള്ള മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. വര്‍ഗീയ ഫാസിസ്റ്റുകളെ തടയാന്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തു.


വന്‍പിഴക്ക് കാരണമായ ഗുരുതരമായ പിഴവ്
      ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന ഈ സംഭവങ്ങളെ സംബന്ധിച്ചെല്ലാം കോണ്‍ഗ്രസിനോട് ചേര്‍ന്ന് ഭരണം നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് നന്നായി അറിയാമായിരുന്നു. അവരുടെ മുഖപത്രം എഴുതി: ''ഇന്ത്യാരാജ്യം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന നേതാക്കളില്‍ രണ്ടോ മൂന്നോ സ്ഥാനത്ത് നില്‍ക്കുന്ന ആളാണല്ലോ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരത് പവാര്‍. അദ്ദേഹവും കൂട്ടരും വ്യക്തമായിത്തന്നെ ഫാസിസ്റ്റ് ശക്തികളോടൊപ്പം നില്‍ക്കുകയാണ്. ബോംബെയില്‍ മുസ്‌ലിം വിരുദ്ധ മനോഭാവം മുഖമുദ്രയാക്കുകയും മുസ്‌ലിംകള്‍ക്കെതിരായി വര്‍ഗീയ ലഹള ഇളക്കിവിടുകയും ചെയ്ത ശിവസേനയെ വെള്ളപൂശാനാണ് പവാര്‍ ശ്രമിച്ചുകാണുന്നത്. ബോംബെ നിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കാകെയും അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ് പവാറിന്റെ ഈ നീക്കം.''
      ''ഇക്കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ബോംബെയില്‍ നടന്ന കലാപങ്ങളില്‍ ശിവസേനക്ക് ഒരുപങ്കുമില്ലെന്ന് കലാപങ്ങളെക്കുറിച്ചന്വേഷിക്കുന്ന ശ്രീകൃഷ്ണ കമ്മീഷന് മുമ്പാകെ മഹാരാഷ്ട്ര സര്‍ക്കാര്‍ മൊഴി നല്‍കുകയുണ്ടായി. എന്തൊരു വിരോധാഭാസമാണ് ഇത്. ബാബരി മസ്ജിദ് തകര്‍ത്തത് എന്റെ കൂട്ടാളികളാണെന്ന് സ്വയം ഏറ്റെടുത്ത് അഭിമാനം കൊണ്ട ആളാണ് ബാല്‍ താക്കറെ. അദ്ദേഹത്തിനും അനുയായികള്‍ക്കും വേണ്ടിയാണ് ശരത് പവാറിന്റെ സര്‍ക്കാര്‍ സംസാരിക്കുന്നത്. ശരത് പവാര്‍ ഉള്‍ക്കൊള്ളുന്ന ക്രോണ്‍ഗ്രസിന്റെ നയം അതുകൊണ്ടൊരിക്കലും മുസ്‌ലിം അനുകൂലമാണെന്ന് പറയാന്‍ വയ്യ. കേന്ദ്രസര്‍ക്കാറിന്റെ സ്ഥിതിയും ഇതില്‍ നിന്നൊട്ടും ഭിന്നമല്ല.'' (ചന്ദ്രിക മുഖപ്രസംഗം: 6/7/93)
      അന്നത്തെ മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി മമ്മൂട്ടി എഴുതി: ''ലോകത്തുടനീളം മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ ഗൂഢപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജൂതലോബിയുമായി മതേതര ഇന്ത്യ അടുക്കാന്‍ പാടില്ലെന്ന് രാഷ്ട്ര ശില്‍പികളടക്കമുള്ള നേതാക്കള്‍ പണ്ടേ തീരുമാനിച്ചതാണ്. ഫലസ്തീനികളുടെ കണ്ണീരും ചോരയും ഊര്‍ജമാക്കി വളര്‍ന്ന യഹൂദ രാഷ്ട്രമായ ഇസ്രായേലിന്റെ അസ്തിത്വത്തെ തന്നെ അംഗീകരിക്കാന്‍ രാഷ്ട്രപിതാവോ ജവഹര്‍ലാല്‍ നെഹ്‌റുവോ സന്നദ്ധമായിരുന്നില്ല. നെഹ്‌റു മുതല്‍ രാജീവ് വരെയുള്ള പ്രധാനമന്ത്രിമാര്‍ ഇസ്രായേലുമായുള്ള നയതന്ത്രബന്ധത്തിന്റെ കവാടങ്ങള്‍ കൊട്ടിയടച്ചത് പീഡിതരോടും നീതി നിഷേധിക്കപ്പെടുന്നവരോടുമുള്ള നമ്മുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും നരസിംഹറാവു ഇവിടത്തെ ന്യൂനപക്ഷങ്ങളോട് കൊലച്ചതി ചെയ്തു. നിഷ്പക്ഷമതികളുടെയും മുസ്‌ലിംകളുടെയും നിരന്തരമായ അഭ്യര്‍ത്ഥന ഗൗനിക്കാതെ ഇസ്രായേലുമായി പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ചു. ജൂതമന്ത്രിമാരെ ചുവപ്പു പരവതാനി വിരിച്ച് ആനയിച്ചു. വാണിജ്യ, സാംസ്‌കാരിക രംഗങ്ങളില്‍ കൊള്ളക്കൊടുക്കലിന്റെ ഉടമ്പടികള്‍ ഒപ്പുവെച്ചു.       എന്തിനു പറയുന്നു, രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍പോലും മുസ്‌ലിംകളുടെ ആജന്മ ശത്രുക്കളായ ഇസ്രായേലികള്‍ക്ക് കൈമാറി. കാശ്മീരിലെ മുസ്‌ലിംകളെ   കൊന്നൊടുക്കാന്‍ അല്ലെങ്കില്‍ അടിച്ചമര്‍ത്താന്‍ സയണിസ്റ്റ് ലോബിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. മുസ്‌ലിം വികാരം തെല്ലും മാനിക്കാതെയായിരുന്നു ഇസ്രായേലുമായുള്ള നയതന്ത്രബന്ധം.'' (തൂലിക, ആഗസ്റ്റ് 1993).
      ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹീം സുലൈമാന്‍ സേട്ടുസാഹിബ് കേരളത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാനാവശ്യപ്പെട്ടത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവികാരത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.       കോണ്‍ഗ്രസിന് ഒരു താക്കീത് നല്‍കലും മുസ്‌ലിംകളുടെ ആത്മാഭിമാനം സംരക്ഷിക്കലുമായിരുന്നു ലക്ഷ്യം. മുസ്‌ലിംകളോട് ഇത്രയും ക്രൂരത കാണിച്ചിരിക്കെ അവരോടൊന്നിച്ച് അധികാരം പങ്കിടുന്നത് ഇസ്‌ലാമിക മനസ്സാക്ഷിക്ക് ചേര്‍ന്നതല്ലെന്ന വസ്തുതയും, സേട്ടുസാഹിബിനെ ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. തല്‍ക്കാലം അധികാരം നഷ്ടപ്പെടുമെങ്കിലും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു.
      1961-ല്‍ സീതിസാഹിബ് മരണമടഞ്ഞതോടെ മുസ്‌ലിംലീഗ് നേതൃസ്ഥാനത്തുള്ള മഹദ് വ്യക്തിയാണ് സേട്ടുസാഹിബ്. അന്നുമുതല്‍ ഒരു വ്യാഴവട്ടക്കാലം സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1973-ല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഈ ലോകത്തോടു വിടപറഞ്ഞതോടെ അഖിലേന്ത്യാപ്രസിണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ മൂന്നുപതിറ്റാണ്ടിലേറെ കാലം അഖിലേന്ത്യാ നേതാവും മൂന്നര പതിറ്റാണ്ടുകാലം ലീഗിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിരുന്ന സേട്ടുസാഹിബിന്റെ നിര്‍ദേശം അധികാരത്തോട് ഒട്ടിനിന്നിരുന്ന കേരള നേതൃത്വം അംഗീകരിച്ചില്ല. അവര്‍ അദ്ദേഹത്തിനെതിരായ നിലപാട് സ്വീകരിച്ചു. ഫലത്തില്‍ മുസ്‌ലിംലീഗിന്റെ സംസ്ഥാന നേതൃത്വം അഖിലേന്ത്യാ നേതൃത്വത്തെ ധിക്കരിച്ച് അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു.
      പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനുണ്ടായിരുന്ന സ്വാധീനം പോലും നഷ്ടമായത് കോണ്‍ഗ്രസ്സ് ബന്ധം കാരണമാണ്. ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷവും ഇതേ നിലപാട് തുടര്‍ന്നതിനാല്‍ കേരളീയ മുസ്‌ലിം രാഷ്ട്രീയത്തില്‍ വലിയ വിള്ളലുകള്‍ സംഭവിച്ചു. രണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പിറവിക്ക് ഇതു കാരണമായി. 1993-ല്‍ പി.ഡി.പി പിറന്നു; 1994-ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗും.       പി.ഡി.പിയുടെ ചെയര്‍മാനായി അബ്ദുന്നാസര്‍ മഅ്ദനിയും ഐ.എന്‍.എല്‍ പ്രസിണ്ടായി ഇബ്രാഹീം സുലൈമാന്‍ സേട്ടുവും തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ മുസ്‌ലിംലീഗിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവിന് അവര്‍ വലിയ പിഴ ഒടുക്കേണ്ടി വന്നു.


സമദാനിക്കെതിരെ
      എം.പി അബ്ദുസ്സമദ് സമദാനി എന്റെ വളരെ അടുത്ത കൂട്ടുകാരനാണ്, ആത്മസുഹൃത്ത്. അദ്ദേഹമെന്നെ ജ്യേഷ്ഠ സഹോദരനായാണ് എന്നും കണക്കാക്കി പോന്നത്.       ചെറുപ്രായത്തിലാരംഭിച്ചതാണ് ഞങ്ങള്‍ക്കിടയിലെ ഗാഢബന്ധം. എന്നിട്ടും ബാബരി മസ്ജിദ് ധ്വംസനത്തിന് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമദാനി മത്സരിച്ചപ്പോള്‍ ശക്തമായി എതിര്‍ക്കേണ്ടിവന്നു. ഐ.എന്‍.എല്‍ രൂപികരിച്ചതിനെത്തുടര്‍ന്ന് പി.എം അബൂബക്കര്‍ സാഹിബ് രാജിവെച്ചതിനാലാണ് ഗുരുവായൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
      സമദാനി ബഹുഭാഷാ പണ്ഡിതനാണ്. പ്രഗത്ഭനായ പ്രഭാഷകനാണ്; നല്ല എഴുത്തുകാരനും. എന്നാല്‍ എത്രയൊക്കെ യോഗ്യനാണെങ്കിലും ബഹുമാന്യനായ പാണക്കാട് തങ്ങളുള്‍പ്പെടെ പിന്തുണച്ചാലും ഇസ്‌ലാമിന്റെയും മുസ്‌ലിം സമുദായത്തിന്റെയും ഉത്തമ താല്‍പര്യത്തിനെതിരായ സമീപനം സ്വീകരിച്ചാല്‍ പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ട അവസ്ഥയിലായിരുന്നതിനാല്‍ എസ്.ഐ.ഒ ആണ് ഗുരുവായൂര്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേരെ ഇടപെട്ടത്. എസ്.ഐ.ഒയുടെ ബാനറില്‍ സമദാനിക്കെതിരെ പി.ടി കുഞ്ഞുമുഹമ്മദിന് വേണ്ടി പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്യേണ്ടിവന്നു.
      ഫലം പുറത്തുവന്നപ്പോള്‍ സമദാനി പരാജയപ്പെട്ടു. പി.ടി കുഞ്ഞിമുഹമ്മദ് അപ്രതീക്ഷിത ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. മാത്രവുമല്ല പി.ഡി.പി സ്ഥാനാര്‍ഥി ഹസ്സന് പതിനയ്യായിരത്തോളം വോട്ടുകള്‍ കിട്ടി. ഭരണാധികാരം ഉപയോഗിച്ച് മുസ്‌ലിം ലീഗ് വെച്ചുനീട്ടിയ എല്ലാവിധ പ്രലോഭനങ്ങളെയും അവഗണിച്ചും പാണക്കാട് തങ്ങളെ ധിക്കരിച്ചുമാണ് മുസ്‌ലിം സമൂഹം കുഞ്ഞിമുഹമ്മദിനെ പിന്തുണച്ചതും പി.ഡി.പിക്ക് വോട്ട് ചെയ്തതും.
      സമദാനിയെ സംബന്ധിച്ചിടത്തോളം പരാജയം അനുഗ്രഹമായി മാറുകയാണുണ്ടായത്. എം.എല്‍.എ സ്ഥാനത്തിനു പകരം രാജ്യസഭ എം.പിയാകാന്‍ സാധിച്ചു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top