റാസല്‍ഖൈമയില്‍ നിന്ന് നെഞ്ചുരുക്കത്തോടെ

നസീം പുന്നയൂര്‍ /അനുഭവം No image

      രുവശവും ഈന്തപ്പനകള്‍ കാവല്‍ നില്‍ക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഞങ്ങളുടെ കാര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞുവന്നത് കേരളത്തിലെ കുഗ്രാമങ്ങളിലെ പഞ്ചായത്ത് റോഡാണ്. മുന്നോട്ട് ചെല്ലുന്തോറും ഈന്തപ്പഴത്തോട്ടങ്ങള്‍ക്കിടയില്‍ വാഴയും ചേമ്പും തൈമാവുകളും സബോക്കു മരങ്ങളുമൊക്കെ കണ്ടപ്പോള്‍ ഞങ്ങളിപ്പോള്‍ ഗള്‍ഫെന്ന മരുഭൂമിയിലാണോ അതോ കേരളത്തിന്റെ ഏതെങ്കിലും ഗ്രാമത്തിലാണോയെന്ന സന്ദേഹമുണ്ടായി.യു.എ.ഇയുടെ വിനോദസഞ്ചാര കേന്ദ്രമായ റാസല്‍ഖൈമയിലാണ് ഞങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസം.
ഒഴിവ്ദിനത്തില്‍ ഒരുല്ലാസ സവാരിക്കിറങ്ങിയതായിരുന്നു ഞങ്ങള്‍. റാസല്‍ഖൈമയില്‍നിന്ന് ഏറെ അകലെയല്ലാതെ റംസ എന്ന പ്രകൃതിരമണീയമായ സ്ഥലത്തെക്കുറിച്ച് പറഞ്ഞത് എഴുത്തുകാരനായ ഷാജി എന്ന സുഹൃത്താണ്.
ഇടുങ്ങിയ നാട്ടുപാതയ്ക്കപ്പുറം പഴയ രീതിയില്‍ നിര്‍മിച്ച ഒരു വീടു കണ്ടപ്പോള്‍ ഷാജി പറഞ്ഞു:
''ഇതാ ഈ തോട്ടത്തില്‍ മലയാളികള്‍ കാണും. നമുക്കതിനകത്തേക്ക് കടക്കാം.''
വണ്ടി നിര്‍ത്തി ഞങ്ങള്‍ തോട്ടത്തിന്റെ കവാടം ലക്ഷ്യമാക്കി നടന്നു.
പ്രധാന കവാടം ചങ്ങലയിട്ട് പൂട്ടിയിരിക്കുന്നു.
ഇന്ന് വെള്ളിയാഴ്ചയായതു കാരണം ജോലിക്കാര്‍ ഗെയ്റ്റുപൂട്ടി പുറത്തു പോയിക്കാണും.
അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍പെട്ടത്. ഗെയ്റ്റ് അകത്തു നിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. അപ്പോള്‍ ആരെങ്കിലും അകത്ത് കാണാതിരിക്കില്ല.
ഞങ്ങള്‍ ഗെയ്റ്റില്‍ മുട്ടി. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബംഗാളി തുടങ്ങി അറിയാവുന്ന ഭാഷകളിലെല്ലാം വിളിച്ചുകൂവി. പക്ഷേ, യാതൊരു പ്രതികരണവുമുണ്ടായില്ല. ഒടുവില്‍ നിരാശയോടെ തിരിച്ചുപോരാന്‍ തുടങ്ങിയപ്പോഴാണ് തോട്ടത്തിനു നടുവില്‍ വെള്ളമടിക്കുന്ന പമ്പിനടുത്ത് ഒരു നരച്ച തല കണ്ടത്. ഞങ്ങള്‍ കൈകാട്ടി അയാളെ മാടിവിളിച്ചു. ഒരു നിമിഷം അയാള്‍ സംശയിച്ചുനിന്നു. പിന്നെ പതുക്കെ ഗെയ്റ്റിനടുത്തേക്ക് വന്നു.
''ഞങ്ങള്‍ ഈ തോട്ടത്തിനകത്തേക്കൊന്ന് കടന്നോട്ടെ.'' ചോദ്യം ഹിന്ദിയിലായിരുന്നു.
അയാള്‍ ഞങ്ങളെ തുറിച്ചുനോക്കി. മറ്റേതോ ധ്രുവത്തില്‍ നിന്നെത്തിയ അത്ഭുതജീവികളെ കാണുമ്പോഴുള്ള ഭാവം. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ അരക്കുത്തില്‍ നിന്ന് താക്കോലെടുത്ത് ഗെയ്റ്റ് തുറന്നു.
ഞങ്ങള്‍ അകത്തുകടന്നു. നനഞ്ഞ മണ്ണ്, സമൃദ്ധിയായി വളര്‍ന്നു നില്‍ക്കുന്ന ചീര, പച്ചമുളക്, തക്കാളി, പാവയ്ക്ക തുടങ്ങിയ വിവിധ തരം പച്ചക്കറികള്‍ക്ക് കുടപിടിച്ച് തണല്‍ വിരിച്ചു നില്‍ക്കുകയാണ് മധുരക്കനികളേന്തിയ ഈന്തപ്പനകള്‍. മനുഷ്യപ്രയത്‌നത്തിലൂടെ മരുഭൂമിയെ മലര്‍വാടിയാക്കിത്തീര്‍ത്തിരിക്കുന്നു.
''ഞങ്ങളിതൊക്കെ ഒന്ന് നടന്നുകണ്ടോട്ടെ?''
ഇത്തവണ സംസാരിച്ചത് മലയാളത്തിലായിരുന്നു. അയാള്‍ തലയാട്ടി. ഞങ്ങളുടെ സംഘം തോട്ടത്തിലൂടെ മുന്നോട്ട് നടക്കവെ അയാള്‍ പിന്തിരിഞ്ഞു. അകലെ ഒരു ഭാഗത്ത് ഉണക്കാനിട്ടിരിക്കുന്ന ഈന്തപ്പഴത്തിനടുത്തേക്കു നീങ്ങി. ഏറെനേരം ഞങ്ങള്‍ തോട്ടം മുഴുവന്‍ ചുറ്റിക്കറങ്ങി. തിരിച്ചു വരുമ്പോഴും അയാള്‍ ഈന്തപ്പഴം ഉണക്കാനിട്ടിരിക്കുന്നിടത്തു നില്‍ക്കുകയാണ്.
എനിക്ക് ആ മനുഷ്യനിലെന്തോ പ്രത്യേകത തോന്നി. ഞാനയാളെ സമീപിച്ചു.
''മലയാളിയാണല്ലേ?''
അതിനുത്തരം പറയാതെ അയാളെന്നെ തുറിച്ചുനോക്കി. പിന്നെ അല്‍പനേരത്തിനു ശേഷം പതുക്കെ തലയാട്ടി.
''പേര്.....?'' ഞാന്‍ ചോദിച്ചു.
''റഊഫ്.''
അതിനുത്തരവും ഏറെ വൈകിയാണുണ്ടായത്. പിന്നീട് പലതും ഞാന്‍ ചോദിച്ചെങ്കിലും എല്ലാറ്റിനും ഒറ്റ വാക്കിലുത്തരമാണ് കിട്ടിയത്. അയാള്‍ക്ക് സംസാരിക്കാന്‍ ഇഷ്ടമില്ലാത്തത് പോലെ, അഥവാ എന്തൊക്കെയോ മറച്ചുവെക്കുന്നതുപോലെ. അയാള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതെന്താണെന്നറിയാനുള്ള ജിജ്ഞാസ മൂലം ഞാനയാളോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു. അപ്പോഴയാള്‍ സാവധാനം മനസ്സു തുറക്കാന്‍ തുടങ്ങി.
നാദാപുരമാണ് റഊഫിന്റെ സ്ഥലം. ഡിഗ്രി കഴിഞ്ഞ് ഇടതുപക്ഷ രാഷ്ട്രീയവും കലാസാംസ്‌കാരിക പ്രവര്‍ത്തനവുമൊക്കെയായി നടക്കുന്ന കാലം. നാദാപുരം മേഖലയിലെ രാഷ്ട്രീയ കലാപങ്ങളിലേക്ക് അവന്‍ അറിയാതെ ഒഴുകിപ്പോകുകയാണെന്നു കണ്ടപ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ ഭയന്നുപോയി. പ്രായപൂര്‍ത്തിയായ നാലു പെണ്‍കുട്ടികളുടേയും അച്ഛനമ്മമാരുടേയും ഏക പ്രതീക്ഷ റഊഫിലാണ്. അവരുടെ ഏകാശ്രയം അവനാണ്. അവനെങ്ങാനും അക്രമരാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ വീണു വഴിപിഴച്ചാല്‍.......
അങ്ങനെയാണ് റഊഫിനെ ഗള്‍ഫിലേക്കയക്കാന്‍ തീരുമാനിച്ചത്. ദുബായിലെ ദേരയില്‍ കഫ്ത്തീരിയ നടത്തുന്ന അബ്ബാസ് എന്ന ഒരു ബന്ധുവഴിയാണ് റഊഫിന് വിസ ലഭിച്ചത്. റാസല്‍ഖൈമയിലെ ഒരു അറബിയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറായാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്.
റഊഫ് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങി. എയര്‍പോര്‍ട്ടില്‍ സ്‌പോണ്‍സര്‍ കാത്തുനിന്നിരുന്നു. അയാള്‍ അവനെ നേരെ റാസല്‍ഖൈമ എന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി.
ഒരു രാത്രിയിലായിരുന്നു അത്.
അടുത്ത ദിവസം കാലത്ത് സ്‌പോണ്‍സറുടെ മലയാളിയായ ഡ്രൈവര്‍ ഒരു പിക്കപ്പുവാനില്‍ കയറ്റി റാസല്‍ഖൈമയില്‍നിന്ന് ഏറെ ദൂരെയുള്ള സൈത്ത് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വിശാലമായൊരു ഈന്തപ്പഴത്തോട്ടത്തില്‍ ഒട്ടകങ്ങളെയും ആടുകളെയും കഴുതകളെയുമൊക്കെ സൂക്ഷിക്കുന്ന വലിയൊരു ഫാമുണ്ടായിരുന്നു. ഒരു ബംഗാളിയായിരുന്നു അവിടുത്തെ ജോലിക്കാരന്‍.
''അടുത്ത ആഴ്ച ബംഗാളി നാട്ടില്‍ പോകും. അയാള്‍ നാട്ടില്‍ പോയാല്‍ അയാള്‍ക്കു പകരം നിങ്ങളിവിടെ ജോലി ചെയ്യണം.'' മലയാളി ഡ്രൈവര്‍ പറഞ്ഞു.
റഊഫ് സ്തംഭിച്ചു നിന്നുപോയി. അഭ്യസ്ത വിദ്യനായ തന്നെ സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ജോലിക്കാണല്ലോ കൊണ്ടുവന്നിരിക്കുന്നത്. എന്നിട്ടിപ്പോള്‍ ഒട്ടകത്തെയും കഴുതകളെയും ആടുകളെയുമൊക്കെ നോക്കുന്ന ജോലിയോ?
റഊഫ് ശബ്ദം താഴ്ത്തി ഇക്കാര്യം പറഞ്ഞു.
''ഏജന്റ് പറഞ്ഞതല്ലേ?'' മലയാളി ഡ്രൈവര്‍ ചോദിച്ചു.
''അതെ'' അയാള്‍ തലയാട്ടി.
''വിസ തരുമ്പോള്‍ ഏജന്റ് ഇതും ഇതിലപ്പുറവും പറയും.''
റഊഫിന് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ ശരിക്കും മനസ്സിലാക്കിയ മലയാളി ഡ്രൈവര്‍ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു.
''ഇവിടെ ജോലി ചെയ്യുന്ന ബംഗാളി ലീവിന് നാട്ടില്‍പോയി രണ്ടു മാസത്തിനകം തിരിച്ചു വരും. അയാള്‍ തിരിച്ചുവന്നാല്‍ ചിലപ്പോള്‍ നിങ്ങളെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് മാറ്റിയേക്കും.''
മലയാളവും ഇംഗ്ലീഷുമല്ലാതെ മറ്റൊരു ഭാഷയും റഊഫിനറിയില്ല. ബംഗാളിക്കാണെങ്കില്‍ ഇത് രണ്ടും അറിയുകയുമില്ല. ബംഗാളി മാത്രമേ അറിയൂ.
അന്യോന്യം ഭാഷ അറിയാതെ ആംഗ്യങ്ങളിലൂടെ അവര്‍ സംസാരിച്ചു. ഒരാഴ്ചകൊണ്ട് ബംഗാളി റഊഫിന് ജോലികള്‍ ഏതാണ്ടൊക്കെ വശമാക്കിക്കൊടുത്തു. എഴുന്നേറ്റാലുടന്‍ ആടുകളെ കൂട്ടില്‍ നിന്നിറക്കി വിടണം. ഈ ജോലി കഴിയുമ്പോഴേക്കും നേരം ഉച്ച കഴിഞ്ഞിട്ടുണ്ടാകും. ഉച്ചയ്ക്കു ശേഷം മോട്ടോര്‍ ഓണ്‍ ചെയ്ത് തോട്ടം നനക്കണം. എല്ലാം കഴിയുമ്പോഴേക്കും സമയം സന്ധ്യ കഴിയും. പിന്നെ റൂമില്‍ വന്ന് തളര്‍ന്നുറങ്ങും. റൂമെന്ന് പറയുന്നത് മണ്ണുകൊണ്ട് നാലു ചുമരുകള്‍ തീര്‍ത്ത് അതിനുമേലെ ടിന്‍ഷീറ്റു വിരിച്ച ഒരു കൂടാരമാണ്. അതിനകത്താണെങ്കില്‍ അസഹ്യമായ ചൂടും. എയര്‍കണ്ടീഷനില്ല. ഒരു പഴയ ഫാന്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ കറങ്ങുമ്പോള്‍ വന്ന ഉറക്കം പമ്പ കടക്കും.
പുതിയ ജോലിസ്ഥലത്തെ ചുറ്റുപാടുകള്‍ കാരണം ഉറങ്ങാന്‍ കഴിയില്ല. ആരോഗ്യമുള്ള കാലത്തോളം എന്ത് ജോലിയും ചെയ്യാം. അതിന് മനസ്സ് പാകപ്പെടുത്തിയെടുത്തു കൊണ്ടാണ് നാട്ടില്‍നിന്നു പോന്നിരിക്കുന്നത്. പക്ഷേ..
ഭക്ഷണകാര്യത്തിലാണ് വലിയ പ്രശ്‌നം. കാലത്ത് പാലൊഴിക്കാത്ത ഒരു സുലൈമാനി. കൂടെ കഴിക്കാന്‍ ഉണങ്ങിയ ഒരു കുബ്ബൂസ്. ഉച്ചക്ക് അതേ കുബ്ബൂസും പരിപ്പ് വേവിച്ചതും. രാത്രിയാണെങ്കില്‍ പരിപ്പു കറിക്കു പകരം ടിന്‍ഫിഷാണെന്ന വ്യത്യാസം മാത്രം. ബംഗാളി യുവാവിന്റെ വകയാണ് പാചകം. ഉപ്പും മുളകുമില്ലാത്ത കറി വായില്‍ വെക്കുമ്പോഴേക്കും ചര്‍ദ്ദില്‍ വരും. പക്ഷ എന്തു ചെയ്യും? ജീവന്‍ നിലനില്‍ക്കാന്‍ വേണ്ടി കഴിച്ചേ തീരൂ.
ആഴ്ചയിലൊരിക്കല്‍ സ്‌പോണ്‍സറുടെ വീട്ടിലെ ഏതെങ്കിലും ഡ്രൈവര്‍ തോട്ടത്തിലേക്കു വരുമ്പോള്‍ കുറേ കുബ്ബൂസും പരിപ്പും മീന്‍ടിന്നും എണ്ണയും മുളകുപൊടിയുമൊക്കെ കൊണ്ടുവരും. അതുകൊണ്ടു വേണം അടുത്ത ഒരാഴ്ച വരെ തള്ളിനീക്കാന്‍.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബംഗാളി നാട്ടില്‍ പോയി. അയാള്‍ പോയപ്പോഴാണ് റഊഫിന് ഏകാന്തതയുടെ ഭീകരത ശരിക്കും മനസ്സിലായത്. ഭാഷയറിയില്ലെങ്കിലും രാത്രിയുടെ ഏകാന്തതയില്‍ കൂട്ടിനൊരു മനുഷ്യജീവിയുണ്ടല്ലോ എന്നു സമാധാനിച്ചിരുന്നു.
ഉറക്കം വരാത്ത രാത്രികളില്‍ മരുഭൂമിയിലെ ഈന്തപ്പഴത്തോട്ടത്തിനകത്തെ പേടിപ്പിക്കുന്ന ഏകാന്തതയില്‍ ഒട്ടകങ്ങളുടെയും കഴുതകളുടെയും കേള്‍ക്കാനൊട്ടും സുഖമില്ലാത്ത ശബ്ദവും കേട്ടുകൊണ്ട് കിടക്കവേ റഊഫ് സ്വന്തം ജന്മത്തെകുറിച്ചോര്‍ത്ത് ദു:ഖിച്ചു.
ഇതാണോ ഗള്‍ഫ്? ഇതാണോ എല്ലാവരും സ്വപ്നം കണ്ട ഗള്‍ഫ്?
തന്റെ ദുര്‍വിധിയോര്‍ത്ത് റഊഫ് നിയന്ത്രണം വിട്ട് പൊട്ടിക്കരയാറുണ്ട്. പക്ഷേ, ഇവിടെ ഈ മരുഭൂമിയില്‍ ആ വിലാപം ആരു കേള്‍ക്കാന്‍?
ലോകത്തെവിടെച്ചെന്നാലും ഒരു മലയാളിയെയെങ്കിലും കാണാന്‍ കഴിയുമെന്ന് പറയാറുണ്ട്. പക്ഷേ, ഇവിടെ ഒരു മലയാളിയെ കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ആകെ കണ്ടത് അടുത്ത തോട്ടത്തില്‍ ജോലി ചെയ്യുന്ന ഒരു ബംഗാളിയെയാണ്. ബംഗാളിയെങ്കില്‍ ബംഗാളി. മനുഷ്യനല്ലെ എന്നു കരുതി ഭാഷയറിയില്ലെങ്കിലും എന്തെങ്കിലും ആശയവിനിമയം നടത്താമെന്നു കരുതി അയാളോടടുക്കാന്‍ ചെന്നപ്പോള്‍ അയാള്‍ അകന്നുമാറുകയായിരുന്നു.
ഏതായാലും മനുഷ്യരോട് സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നില്ല. അപ്പോള്‍ പിന്നെ മൃഗങ്ങളെ സ്‌നേഹിക്കാം. അവരോട് സമ്പര്‍ക്കം പുലര്‍ത്താമെന്ന് തീരുമാനിച്ചു. റഊഫ് ഒട്ടകങ്ങള്‍ക്കോരോന്നിനും ഓരോ പേര്‍ കൊടുത്തു. നാട്ടിലെ തന്റെ പ്രിയപ്പെട്ടവരുടെ പേരുകള്‍. അയാള്‍ ആ പേരു ചൊല്ലി അവയെ വിളിച്ചു. തന്റെ സങ്കടങ്ങളും പരിഭവങ്ങളും അവയോട് പറഞ്ഞു. അവയെല്ലാം അവ കേള്‍ക്കുന്നുണ്ടെന്ന് വിശ്വസിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം റഊഫിന് ഒരപകടം പറ്റി. താന്‍ മോളൂട്ടി എന്നു വിളിച്ചു ഏറെ ലാളിക്കുകയും ചെയ്തിരുന്ന ഒരു ഒട്ടകക്കുട്ടി റഊഫിന്റെ തലമുടി കടിച്ചെടുത്തു (ഒട്ടകങ്ങള്‍ മനുഷ്യരുടെ തലമുടി കടിച്ചെടുത്താണ് ഉപദ്രവിക്കുക). അന്ന് ഇന്നത്തെപ്പോലെ ടെലഫോണ്‍ സൗകര്യങ്ങളില്ല. എത്തിയ വിവരത്തിന് അയച്ച കത്തിന് മറുപടി ലഭിച്ചത് മൂന്നു മാസം കഴിഞ്ഞിട്ടാണ്. നാട്ടില്‍നിന്നും യഥാസമയം കത്തയക്കാത്തതല്ല കാരണം. കത്തു വന്നിരുന്നത് അറബിയുടെ ഡ്രൈവറുടെ പോസ്റ്റ് ബോക്‌സ് നമ്പറിലാണ്. അയാള്‍ അത് യഥാസമയം റഊഫിന് എത്തിച്ചു കൊടുത്തിരുന്നില്ല.
ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആഴ്ചയിലൊരു ലീവുണ്ടല്ലോ. അയാള്‍ക്ക് ലീവ് പോയിട്ട് ഒരു മണിക്കൂര്‍ ഒഴിവ് പോലുമില്ലെന്നര്‍ഥം.
മനസ്സിനിണങ്ങാത്ത ജോലി. പലപ്പോഴും അത് വലിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. പക്ഷേ എങ്ങോട്ട് പോകും? നാട്ടില്‍ നിന്നെത്തി നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് റഊഫ് നഗരം കാണുന്നത്. അതും വിസയടിക്കാന്‍ മെഡിക്കല്‍ എടുക്കാന്‍ പോകുമ്പോള്‍.
പൊരുത്തപ്പെടാന്‍ മനസ്സുവരാത്ത പലതിനോടും കാലപ്പഴക്കം കൊണ്ട് ഇണങ്ങിച്ചേരാന്‍ കഴിയുമെന്ന തത്വം റഊഫിനെ സംബന്ധിച്ചിടത്തോളം സത്യമായി ഭവിക്കുകയായിരുന്നു. മരുഭൂമിയിലെ ഈന്തപ്പനത്തോട്ടവും ഒട്ടകങ്ങളും കഴുതകളുമെല്ലാം നാദാപുരക്കാരന്‍ റഊഫിന്റെ കൂട്ടുകാരായി. ജീവിതത്തിന്റെ ഒരു ഭാഗമായി.
നീണ്ട 13 വര്‍ഷം കഴിഞ്ഞു റഊഫ് ഈ മരുഭൂമിയുടെ ഭാഗമായിട്ട്. ഇന്നയാള്‍ മലയാള ഭാഷ തന്നെ മറന്നുപോകുന്ന അവസ്ഥയിലാണ്. ആരോടു സംസാരിക്കാന്‍? മലയാളത്തെക്കാള്‍ ഭംഗിയായി ബംഗാളിയും അറബി ഭാഷയും സംസാരിക്കും. കഴിഞ്ഞ 13 ലധികം വര്‍ഷമായി അയാളിടപെട്ടതത്രയും ബംഗാളികളും അറബികളുമായിട്ടാണല്ലോ.
റഊഫ് പറഞ്ഞു. ജോലി എത്ര പ്രയാസമുള്ളതായാലും ചുരുങ്ങിയ ശമ്പളമാണെങ്കിലും ശമ്പളം കൃത്യമായി ലഭിക്കും. അതുകൊണ്ട് നാലു പെങ്ങന്മാരെയും കല്യാണം കഴിച്ചയച്ചു. ഉമ്മയും ബാപ്പയും പട്ടിണിയില്ലാതെ കഴിയുന്നു.
''റഊഫ് കല്യാണം കഴിക്കുന്നില്ലേ?''
''കല്യാണം..... അതൊന്നും ഇനി നടക്കില്ല. വയസ്സ് 43 ആയി.''
റഊഫിന്റെ കഥ ആയിരക്കണക്കായ പ്രവാസികളുടെ കഥകളില്‍ ഒന്നു മാത്രം. സ്വന്തം ജീവിതം മരുഭൂമിയില്‍ ഹോമിച്ച് മറ്റുള്ളവര്‍ക്കു ജീവിതം നല്‍കവേ സ്വയം ജീവിക്കാന്‍ കഴിയാതെ പോകുന്ന പ്രവാസികളില്‍ ഒരാള്‍ നാദാപുരക്കാരന്‍ റഊഫും. അതിലയാള്‍ക്ക് വേദനയില്ല. മറിച്ച് സന്തോഷമുണ്ട്. ഞാന്‍ ജീവിച്ചില്ലെങ്കിലും എന്നെ ആശ്രയിക്കുന്നവര്‍ ജീവിക്കുന്നല്ലോ..... അവര്‍ക്കൊരു ജീവിതം കിട്ടിയല്ലോ... എനിക്കതുമതി.
പാവം റഊഫ്.....
കഴിഞ്ഞ വര്‍ഷം മുതല്‍ റഊഫിന് ജോലിയില്‍ ഒരു കൊച്ചു പ്രൊമോഷന്‍ കിട്ടി. പ്രൊമോഷന്‍ എന്താണെന്നല്ലേ... സൈത്ത് എന്ന സ്ഥലത്തെ തോട്ടത്തില്‍നിന്ന് അറബിയുടെ ഉടമസ്ഥതയിലുള്ള റാസല്‍ഖൈമയിലുളള തോട്ടത്തിലേക്ക് മാറ്റം. ഇവിടെ ഒട്ടകങ്ങളെയും ആടുകളെയും കഴുതകളെയും പരിചരിക്കേണ്ട. ഈന്തപ്പഴം ഉണക്കുകയും സംസ്‌കരിച്ചെടുക്കുകയും ചെയ്താല്‍ മതി. കൂട്ടിന് ഒരാള്‍ കൂടിയുണ്ട്. ഒരു ബംഗാളി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top