തോരാത്ത മഴന്‍
മുഹ്സിന കല്ലായ് /വായനാ മുറി
2014 ജൂണ്‍
താന്‍ ജീവിക്കുന്ന സമൂഹത്തിലെ ഇടപെടല്‍ രംഗങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് വിഷയമാക്കുമ്പോഴാണ് ഒരു കവി വേറിട്ട് നില്‍ക്കുന്നത്. ചുറ്റിലുമുളള യഥാര്‍ഥ്യത്തെ
താന്‍ ജീവിക്കുന്ന സമൂഹത്തിലെ ഇടപെടല്‍ രംഗങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് വിഷയമാക്കുമ്പോഴാണ് ഒരു കവി വേറിട്ട് നില്‍ക്കുന്നത്. ചുറ്റിലുമുളള യഥാര്‍ഥ്യത്തെ സത്യവുമായി കൂട്ടിവായിക്കാന്‍ പഠിക്കുന്നിടത്ത് കവിത പിറക്കുമ്പോള്‍ കൂടെ കവിയും അതുല്യത നേടുന്നു. മലിക കവിയായിത്തീരുന്നു. മലികയുടെ കവിതകള്‍ പഴഞ്ചന്‍ ആഖ്യാനങ്ങളെ പൊളിച്ചിടുന്നു. ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുമ്പോഴും തുറന്നു പറച്ചിലുകളും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളുമാണ് മലികയുടെ രചനകള്‍.
പേനയും കടലാസുകളും കൂട്ടിമുട്ടുന്ന ഇടനാഴിയുടെ അറ്റത്ത് നൊമ്പരങ്ങളുടെ പ്രസവവാര്‍ഡില്‍ ജനിക്കുന്നതാണ് മലികക്ക് കവിത. സമകാലിക പെണ്ണനുഭവങ്ങളെ പൊള്ളുന്ന ഭാഷയില്‍ കവിതക്ക് വിഷയമായി സ്വീകരിക്കുക കൂടി ചെയ്തപ്പോള്‍ അതേറെ സൗന്ദര്യവതിയായി.
മലികയുടെ 'യാത്രാമൊഴി'യില്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെയാണ്; ഇടംവലം തിരിയാതെ അറിവിന്റെ ഭാണ്ഡവും പേറി കണ്‍സഷന്‍ ടിക്കറ്റ് ചാര്‍ജും വിവരാവകാശ മഞ്ഞക്കാര്‍ഡും കൃത്യമായി കൊടുത്ത് സീറ്റുണ്ടെങ്കിലും ഇരിക്കാതെ ബസ്‌യാത്ര ചെയ്യുന്നവര്‍. കണ്‍സഷന്‍ ഉണ്ടായതും സീറ്റില്‍ ഇരിക്കാനുളള വിലക്കും അവഹേളിക്കുന്ന നിമിഷങ്ങളും വളരെ ഉത്തരവാദിത്തത്തോടു കൂടിയാണു മലിക വരച്ചിടുന്നത്.
''തൊട്ടു നോക്കിയില്ലേ,
എന്റെ മൂര്‍ദ്ധാവ്, കവിള്,
ഉടല്...
തുരത്തിവിട്ടില്ലേ
ആകെ തുണനിന്ന
കുടയെ,
ഭയത്തില്‍ മുക്കിയില്ലേ,
നെഞ്ചിന്‍കൂടിനു ചൂടുപകര്‍ന്ന
പുസ്തകങ്ങളെ...'' മഴ കാണിക്കുന്ന കുസൃതികളെ മലികയുടെ ഭാവനയില്‍ പ്രകൃതിയുടെ കളിക്കൂട്ടല്ല, മറിച്ച് മഴയുടെ കറുത്തിരുണ്ടുള്ള വരവും മഴയത്ത് നനയുന്നതും പേടിപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങളും കാറ്റേറ്റുള്ള വസ്ത്രത്തിന്റെ ചലനങ്ങളും ചീത്ത മനസ്സുള്ള പുരുഷന്റെ ചൂഷണമായി കാണുന്ന മലിക, കവിതയില്‍ അവസാനം മഴയോടായി ചോദിക്കുന്നുണ്ട്. ''എന്താ മഴേ നീ ഇങ്ങനെ? ആണുങ്ങളെ പോലെ'' എന്ന്. 'മഴ' എന്ന പ്രകൃതിദായകത്തെ 'മഴന്‍' എന്നു പുല്ലിംഗമാക്കിയാണ് മലിക ഉപയോഗിക്കുന്നത്. എഴുത്തുകാരന്റെ ഭാവനയില്‍ ജീവിപ്പിക്കുവാനും സഞ്ചരിക്കുവാനും കഴിയുമ്പോഴാണല്ലോ, കവിത പുര്‍ണ്ണതയിലെത്തുന്നത്. ആനുകാലികങ്ങളില്‍ സ്ഥിരമായ ഇടമുള്ള മലികയുടെ രചനകള്‍ അത്തരത്തില്‍ പൂര്‍ണ്ണത നേടികൊണ്ടിരിക്കുന്നവയാണ്.
പ്രസവിച്ചതും വേദനകള്‍ സഹിച്ചതും അമ്മയായിരുന്നിട്ടും കുഞ്ഞ് അച്ഛനെ പോലിരിക്കുന്നു എന്നു പറഞ്ഞ് കുഞ്ഞിലൂടെ എനിക്കൊരു തുടര്‍ച്ചയില്ലെന്നു മനസ്സിലാക്കുന്ന അമ്മമനസ്സ് പ്രസവാനന്തരമുള്ള നിമിഷങ്ങളെ 'യുദ്ധാനന്തര'മുള്ള ശേഷിപ്പുകളുമായാണ് ബന്ധപ്പെടുത്തുന്നത്.
ജീവിതയാത്രക്കിടയില്‍ പ്രണയം തിരിച്ചറിഞ്ഞിട്ടും അത് നനവുകള്‍ വര്‍ഷിക്കുന്ന പാറപ്പുറമാവാന്‍ അധികസമയം വേണ്ടിവരില്ല എന്ന പെണ്ണിന്റെ തിരിച്ചറിവ് പ്രണയത്തില്‍ നിന്നു സ്വയം വിരമിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു, വളണ്ടറി റിട്ടയര്‍മെന്റ്. എന്നാല്‍ 'കെട്ടിക്കാനുള്ളവരോട്' തിന്നുന്നത് കൂടാനും കുറയാനും ഇടവരുത്താതെ ആര്‍ത്തിയാണെന്ന് തോന്നിപ്പിക്കാതെ വളരെ കരുതി തിന്നാന്‍ പറയുന്നുണ്ടെങ്കിലും അവളെ കെട്ടിച്ചയച്ച് ഹജ്ജൊക്കെ ചെയ്ത് ഒന്നു നിവര്‍ന്നിരിക്കണമെന്ന് പറയുന്നതിലൂടെ ഹാസ്യ ആക്ഷേപം തെളിയുന്നു. അത് പൂര്‍ത്തിയാവുന്നത് വിവാഹം കഴിഞ്ഞ് ഹൃദയം വയറ്റിലായതിനാല്‍ ആണുങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുത്ത് വിജയംവരിക്കണമെന്ന് പറയുന്നതിലൂടെയാണ്.
കണ്ണിനു മുമ്പില്‍ കാണുന്ന പൊതുപ്രശ്‌നങ്ങളെ അനുഭവമായിട്ടാണ് കവി പൊതുപ്രശ്‌നങ്ങളില്‍ അവതരിപ്പിക്കുന്നത്. പൊതുപ്രശ്‌നങ്ങളെ അതേ വാചകത്തില്‍ പരാമര്‍ശിക്കുന്നതിനു പകരം മണ്ണിനോടു ചേര്‍ന്നുള്ള അനുഭവമായി വിവരിക്കുന്നു. 'പാഴ് പെണ്‍മൊഴിയില്‍' നിരന്തരം പുരുഷവെറിയുടെ നേട്ടങ്ങള്‍ക്കും അശ്ലീല സംസാരങ്ങള്‍ക്കും ഇരയായിരുന്നിട്ടും അരയിലെ കത്തി ഇല്ലായിരുന്നുവെങ്കില്‍ എന്നോ ചവിട്ടി മെതിക്കപ്പെടുമായിരുന്നെന്നു ആശങ്കപ്പെടുന്നു. ഏതോ ദിവസം കുടിച്ച പഴംകഞ്ഞി തികട്ടിയതിനും തലകറങ്ങി വീണതിനും അമര്‍ത്തി പറയാന്‍ എന്തിരിക്കുന്നു. 'കാറ്റു വഴി, പരാഗണം നടത്താന്‍ ഞാനെന്താ പൂവോ' എന്ന മലികയുടെ വരികളില്‍ നിസ്സഹായതക്കപ്പുറം മൂര്‍ച്ചയുള്ള അമര്‍ഷവും, രോഷവും അടങ്ങിയിരിക്കുന്നു.
''ഉടത്തിട്ടുമുടുത്തിട്ടും.
പാദം
പവാടഞെറിയാല്‍
മറച്ചും....
നിരത്തിലെ നോട്ടങ്ങള്‍
നഗ്നയാെണന്ന്'' ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കവിതയുടെ ഉള്ളടക്കത്തില്‍ പുതുതായി വല്ലതും മുളച്ച അന്യന്റെ തോട്ടത്തിലേക്കെന്ന പോലെ യൂണിഫോമിലേക്ക് ഒളിച്ചുനോക്കുന്ന സമൂഹ മനസ്സാക്ഷി എന്തൊക്കെ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാലും ഇരയുടെ ദൈന്യത വളരെ അപഹാസ്യത്തോടെ നോക്കികാണുന്നു.
ജീവിതത്തിലെ പൊള്ളുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ട് ആണ്‍കോയ്മയെ വിചാരണ ചെയ്യുന്നു. കളത്തിനു പുറത്തേക്കു ചവിട്ടിത്തെറിപ്പിക്കേണ്ട 'കക്ക്' ചാടി ചവിട്ടാന്‍ സാധിച്ചേക്കുമോ എന്ന ഭയത്താല്‍ സുരക്ഷിതമായ കളത്തിനകത്തു തന്നെ അതിനൊരിടം കണ്ടെത്തുന്നു. പാവാടക്കാരിയുടെ കളി ജീവിതത്തെ അവതരിപ്പിച്ചു കൊണ്ട് മലിക പറയാന്‍ ശ്രമിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആകത്തുകയും അനുഭവിക്കുന്ന ജീവിത കുരുക്കുകളുമാണ്.
രാഷ്ട്രീയ കേമത്തരങ്ങളും കവിതകളില്‍ വിഷയമായി വരുന്നുണ്ടെങ്കിലും കൂടുതലും സ്ത്രീ വിഷയങ്ങളാണ് മലിക കൈകാര്യം ചെയ്യുന്നത്. പണക്കൊഴുപ്പും അധികാര സ്വാതന്ത്ര്യവും കൈമുതലായി ലഭിച്ചിട്ടുള്ളവര്‍ നടത്തുന്ന രാഷ്ട്രീയ പേക്കൂത്തുകള്‍ മലികയെ അലോസരപ്പെടുത്തുന്നു. പേരറിവാളനോടു പിന്നെന്തിനു നീതിമാത്രം ആഗ്രഹിക്കുന്നു എന്നുള്ള ചോദ്യം ഉള്‍കിടിലം സൃഷ്ടിക്കുന്നു. നീതിയും മാന്യതയും കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഉള്ളതാണെന്ന് വിളിച്ചു പറയുന്നു മലിക. 'പച്ചപ്പരമാര്‍ഥം അഥവാ പച്ചയുടെ പരമാര്‍ഥം' എന്ന കവിതയിലും രാജ്യം പൊറുപ്പിക്കുന്ന നമ്മളൊക്കെയും നാളെ ശൂന്യത സ്വപ്നം കാണേണ്ടിവരും. തീവ്രവാദവും ഇല്ലാതാക്കലും തുടരും, തുടര്‍ന്നുകൊണ്ടിരിക്കും. അതിനെ ചോദ്യം ചെയ്യാന്‍ അറിവില്ലാത്ത ഈ സമൂഹം തുനിഞ്ഞേക്കരുത്.
തെരഞ്ഞെടുപ്പും അനുബന്ധകാര്യങ്ങളും വെറും തമാശ കളിയും എല്ലാ വാഗ്ദാനങ്ങളും പാഴാണെന്നുമുള്ള തിരിച്ചറിവ് ഒരോരുത്തര്‍ക്കും ഉണ്ടായിരുന്നിട്ടും വോട്ടു ചെയ്യുന്നത് ഒരു കര്‍മ്മമായി കാണുന്നു. ശേഷം കൈയിലെ കറുത്ത വരവിരലുകളില്‍ മായാതെ നില്‍ക്കുന്നത് പാപബോധത്തോടെ ഓരോരുത്തരും തിരിച്ചറിയും എന്ന് 'പാപം' എന്ന കവിതയില്‍ മലിക വിവരിക്കുന്നു.
മലികയുടെ രചനകള്‍ സ്വതവേ ഉണ്ടാകുന്നവയല്ല. പരിശ്രമത്താല്‍ കടഞ്ഞെടുക്കപ്പെടുന്നവയും തനിമയോടെ ചിട്ടപ്പെടുത്തുന്നവയുമാണന്നു വായനക്കാരനു ബോധ്യമാകും. ഇതു തന്നെയാണ് സാഹിത്യലോകത്തിനു അനിവാര്യവും. ചിലകൂട്ടിചേര്‍ത്തലുകള്‍ ആവശ്യമാണ്. സാമൂഹിക പ്രശ്‌നങ്ങളെ വിഷയമാക്കുമ്പോഴും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കപ്പെടണം. കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണ്. വാക്കുകളുടെ ലാളിത്യം പദങ്ങളുടെ ശക്തിയെ ക്ഷമിപ്പിക്കരുത്. പറയുന്ന വിഷയങ്ങളെ നിസ്സാരമാക്കരുത്.
നവ രാഷ്ട്രീയത്തെ സ്പര്‍ശിക്കുന്ന കവിതകളടക്കം 25-ഓളം രചനകള്‍ അടങ്ങിയ 'മഴന്‍' പ്രതീക്ഷ ബുക്‌സാണ് പുറത്തിറക്കിയത്.