'സൂറത്തുത്തകാസുര്‍'
സി. ത്വാഹിറ /ഖുർആൻ വെളിച്ചം
2014 ജൂണ്‍
ദുര നിങ്ങളുടെ ശ്രദ്ധ തിരിച്ചിരിക്കുന്നു; നിങ്ങള്‍ ശ്മശാനങ്ങള്‍ കണ്ടുമുട്ടുംവരേക്കും. അല്ല, നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ലല്ല, നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ല,
ദുര നിങ്ങളുടെ ശ്രദ്ധ തിരിച്ചിരിക്കുന്നു; നിങ്ങള്‍ ശ്മശാനങ്ങള്‍ കണ്ടുമുട്ടുംവരേക്കും. അല്ല, നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ലല്ല, നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അല്ല, തീര്‍ച്ചയോടെ നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍, നിങ്ങള്‍ നരകാഗ്നി കാണുക തന്നെ ചെയ്യും. അന്ന് അനുഗ്രഹങ്ങളെ കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും.''
മനുഷ്യന്റെ ഭൗതികഭ്രമത്തിന് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് നബി(സ)യുടെ മക്കീകാലഘട്ടത്തില്‍ അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലെ 'സൂറത്തുത്തകാസുറി'ലെ സൂക്തങ്ങളാണ് മേല്‍കൊടുത്തിട്ടുള്ളത്. ഏറെയേറെ സമൃദ്ധിയുണ്ടാക്കാന്‍ ശ്രമിക്കുക, സമൃദ്ധി കൈവരുത്തുന്നതില്‍ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിക്കുക, മറ്റുള്ളവരെക്കാള്‍ സമൃദ്ധി നേടിയിട്ടുണ്ടെന്ന് സ്വാഭിമാനം ഘോഷിക്കുക തുടങ്ങി ഭിന്നാര്‍ഥങ്ങളുള്ള പദമാണ് 'പെരുപ്പം കാണിക്കുക'യെന്നുള്ളത്. ധനം, മക്കള്‍ പോലുള്ള ഐഹിക സുഖസൗകര്യങ്ങള്‍ വാരിക്കൂട്ടുന്നതിന്നുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ പാരത്രിക ജീവിതത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന്‍ മറന്നിരിക്കുകയാണ്. അധികമൊന്നും വിശദീകരിക്കാതെ തന്നെ ഏതു മനുഷ്യനും കാര്യം ഗ്രഹിക്കത്തക്കവിധം വളരെ ആകര്‍ഷകമായാണ് ഈ ആയത്തുകള്‍ അവതീര്‍ണ്ണമായത്.
ആധുനിക മനുഷ്യനാണ് ഈ ആയത്തുകള്‍ ഏറ്റവും ബാധകമാവുന്നത്. പിടിയിലകപ്പെടുന്നത് എന്നു പറഞ്ഞതിന്റെ കാരണം; ഇന്ന് മനുഷ്യന്‍ തന്റെ ആയുസ്സിന്റെ മുക്കാലിലധികം വരുന്ന സമയവും വിനിയോഗിക്കുന്നത് മേല്‍പറഞ്ഞ തരത്തിലുള്ള ഭൗതികവിഭവങ്ങള്‍ കുന്നുകൂട്ടുന്നതിന്നുവേണ്ടിയാണ്. ഈ ഓട്ടത്തിനിടയില്‍ മുമ്പില്ലാത്ത വിധം ധാര്‍മ്മിക സദാചാര സീമകള്‍ നമ്മെ നാണിപ്പിക്കുന്ന തരത്തില്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന ദുഃഖകരവും വേദനാജനകവുമായ നിരന്തരം വാര്‍ത്തകളാണ് അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്. അവകാശികളുടെ അവകാശങ്ങളെ കുറിച്ചും അവ വകവെച്ചുകൊടുക്കുന്നതിലുള്ള സ്വന്തം കര്‍ത്തവ്യങ്ങളെ കുറിച്ചും താന്‍ എത്ര വാരിക്കൂട്ടിയാലും മരണശേഷം ഇതൊന്നും കൊണ്ടുപോവാന്‍ കഴിയുകയില്ല. മറിച്ച്, താന്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ പരലോകത്തുണ്ടാവുകയുള്ളൂ എന്നുള്ള വിചാരവും മനുഷ്യന്‍ മറന്നുപോയിരിക്കുകയാണ്. ഇതേ ആശയം വ്യക്തമാക്കുന്ന തരത്തില്‍ ഒരിക്കല്‍ റസൂല്‍ കരീം പറയുകയുണ്ടായി ''മനുഷ്യ പുത്രന്റെ വായ മണ്ണ് കൊണ്ടല്ലാതെ നിറയുകയില്ല'' എന്ന്. എന്ത് കിട്ടിയാലും ഇനിയും ഇനിയും വേണമെന്നുള്ള ചിന്തയാണ് മനുഷ്യന്. ഇതൊരു രോഗംപോലെ പടര്‍ന്നിരിക്കുകയാണ്.
പ്രശസ്ത എഴുത്തുകാരന്‍ മുഹമ്മദ് അസദ് തന്റെ യാത്രാ വിവരണഗ്രന്ഥമായ മക്കയിലേക്കുള്ള പാതയില്‍ തന്റെ ഇസ്‌ലാം വിശ്വാസത്തെ ദൃഢീകരിച്ചതില്‍ ഈ സൂക്തങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ''ഈ സൂക്തങ്ങള്‍ വായിച്ചപ്പോള്‍ താന്‍ പിടിച്ചിരിക്കുന്ന ഗ്രന്ഥം ദൈവ പ്രചോദിതമായ ഒരു ഗ്രന്ഥമാണെന്ന് താനറിഞ്ഞു. മനുഷ്യന്റെ മുമ്പില്‍ ഇത് വെക്കപ്പെട്ടത് 13 നൂറ്റാണ്ടു മുമ്പാണെങ്കിലും സങ്കീര്‍ണ്ണവും യാന്ത്രികവും ഭൂതാവേശിതവും ആയ നമ്മുടെ ഈ യുഗത്തില്‍ മാത്രം സത്യമായിത്തീരാന്‍ ഇടയുള്ള ചിലത് ഈ ഗ്രന്ഥം വ്യക്തമായി മുന്‍കൂട്ടി കണ്ടിരുന്നു. എല്ലാ കാലഘട്ടത്തിലേയും ആളുകള്‍ക്ക് ദുരയുണ്ടായിരുന്നു. പക്ഷെ, ഇന്നത്തെ പോലെ മുമ്പൊരിക്കലും അത് കാര്യങ്ങള്‍ നേടാനുള്ള ആകാംക്ഷയില്‍ നിന്ന് വളര്‍ന്നു പൊങ്ങി കണ്‍മുമ്പിലെ എല്ലാ വസ്തുക്കളേയും അസ്പഷ്ടമാക്കിക്കളയുന്ന മട്ടില്‍ ഒരാവേശബാധയായിരുന്നില്ല.
നേടുവാനും ചെയ്യുവാനും കൂടുതല്‍ കൂടുതലായി കണ്ടുപിടിക്കുവാനുമുള്ള തടുക്കാനാവാത്ത അത്യാര്‍ഥി ഇന്നലെത്തേക്കാള്‍ കൂടുതലായി ഇന്ന്. ഇന്നത്തേക്കാള്‍ കൂടുതലായി നാളെ. മനുഷ്യരുടെ തോളില്‍ കയറിയിരുന്ന് ആ പിശാച് സഞ്ചരിക്കുന്നു. വിദൂരങ്ങളില്‍ മോഹജനകമായി തിളങ്ങുന്നതെങ്കിലും നിന്ദ്യമായ ശൂന്യതയിലേക്ക് എളുപ്പം ഉടഞ്ഞുതകരുന്ന ലക്ഷ്യം ചൂണ്ടിക്കാട്ടി ആകുന്നത്ര വേഗം അവിടെയെത്തുവാന്‍ തിടുക്കപ്പെടുത്തിക്കൊണ്ട് ആ ചെകുത്താന്‍ അവരുടെ ഹൃദയത്തെ മുന്നോട്ടു തെളിക്കുന്നു. ഇതു വിദൂരസ്ഥമായ അറേബ്യയില്‍ വിദൂര ഭൂതകാലത്തു ജീവിച്ച ഒരു സാധാരണ മനുഷ്യന്റെ പ്രജ്ഞയല്ല, അദ്ദേഹം അത്രമാത്രം ബുദ്ധിമാനായിരുന്നില്ല. അത്തരം ഒരു മനുഷ്യന് സ്വന്തം നിലയില്‍ ഈ ഇരുപതാം നൂറ്റാണ്ടിനു പ്രത്യേകമായുള്ള തീവ്രപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനാവില്ല. ഖുര്‍ആനിലൂടെ മുഹമ്മദിന്റെ ശബ്ദത്തേക്കാള്‍ മഹത്തരമായ ഒരു ശബ്ദം സംസാരിച്ചു.''
തുടര്‍ന്നുള്ള ആയത്തുകളില്‍ അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത് ഇങ്ങനെ പോയാല്‍ ദൃഢമായ കണ്ണുകൊണ്ട് നിങ്ങള്‍ അറിയുക തന്നെ ചെയ്യും. അതായത് ഈ ലോകത്തുനിന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ പരലോകത്ത് എത്തിയാല്‍ നിങ്ങള്‍ക്കു മനസ്സിലാവും താനീ ചെയ്തതൊക്കെയും അബദ്ധമായിപ്പോയെന്ന്. അല്‍പായുസ്സിലേക്ക് ഇത്രയൊന്നും വാരിക്കൂട്ടേണ്ടിയിരുന്നില്ല. മറിച്ച് അനശ്വരമായ പരലോകജീവിതം വിജയകരമാകാനുള്ള വല്ല സംഗതിയും ആ സമയത്തു ചെയ്തിരുന്നെങ്കിലെന്ന്. ഇതിന്റെ പരിണിതഫലം നരകമായിരിക്കും. അതുകൊണ്ടു കരുതിയിരുന്നുകൊള്ളുക എന്ന താക്കീതാണ് ഇത്തരം ആയത്തുകളിലൂടെ അല്ലാഹു നല്‍കുന്നത്.
അവസാന സൂക്തത്തില്‍ അനുഗ്രഹങ്ങളെ കുറിച്ച് ചോദിക്കപ്പെടുകതന്നെ ചെയ്യും. മനുഷ്യന്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ പ്രയത്‌നിച്ചുണ്ടാക്കിയതും അല്ലാത്തതുമായ അനുഗ്രഹങ്ങള്‍ക്കൊക്കെയും അല്ലാഹുവിന്നു നന്ദികാണിച്ചിട്ടുണ്ടോ? ഇതൊക്കെയും എന്റെ കഴിവുകള്‍ കൊണ്ടാണ്, അല്ലെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റു ശക്തികള്‍ക്കൂടി ഇതില്‍ പങ്കുണ്ടെന്നു വിചാരിച്ചിട്ടുണ്ടോ? ഇത്തരത്തിലുള്ള ചോദ്യങ്ങളൊക്കെയും നേരിടാതെ അവന്ന് അണു അളവുപോലും മുന്നോട്ടുപോവാന്‍ കഴിയുകയില്ലായെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്.
അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കുന്നതില്‍ മഹാനായ റസൂല്‍ കരീം(സ) എത്രമാത്രം സൂക്ഷ്മാലുവും ശ്രദ്ധാലുവുമായിരുന്നു എന്നു വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിലൊരു ഹദീസിന്റെ ചുരുക്കമിതാണ്. നബി(സ) തിരുമേനിയും അബൂബക്കര്‍, ഉമര്‍ (റ) എന്നിവരും വളരെ വിശന്നു വലഞ്ഞ അവസരത്തില്‍ ഒരു അന്‍സാരി അവരെ സല്‍ക്കരിക്കുകയുണ്ടായി. ആദ്യം അദ്ദേഹം അവര്‍ക്ക് ഈത്തപ്പഴം നല്‍കി. തുടര്‍ന്ന് ആടിനെ അറുത്ത് ഭക്ഷണവും നല്‍കി. അറുക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് നബിക്കു മനസ്സിലായപ്പോള്‍ 'നിങ്ങള്‍ കറവുള്ളതിനെ സൂക്ഷിക്കുക'യെന്ന് അദ്ദേഹം പറയുന്നുണ്ട്. വിശന്നു വലഞ്ഞ സന്ദര്‍ഭത്തിലും എന്തെങ്കിലുമാവട്ടെ, തല്‍ക്കാലം വിശപ്പടക്കുകയെന്ന് ഏതു മനുഷ്യനും വിചാരിച്ചുപോകുന്ന സമയത്തും മിണ്ടാപ്രാണിയായാലും അതിനോടുള്ള ബാധ്യത എത്ര ഭംഗിയായി റസൂല്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നുണ്ട്. എന്നിട്ട് ഭക്ഷണം കഴിച്ചശേഷം റസൂല്‍ പറയുകയാണ്: ''തീര്‍ച്ചയായും ഖിയാമത്തുനാളില്‍ ഇതിനെ കുറിച്ചു നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്‍നിന്നു വിശപ്പാണു നിങ്ങളെ പുറത്താക്കിയത്. എന്നിട്ട് ഈ സല്‍ക്കാരം ലഭിക്കാതെ നിങ്ങള്‍ക്കു മടങ്ങേണ്ടി വന്നിട്ടില്ല. ഇത് അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ സുഖാനുഗ്രഹമാകുന്നു.'' ഈ സൂക്ഷ്മതയാണ് നമുക്കു പാഠമാവേണ്ടത്.