പ്രവാചകന്‍മാരുടെ ഉമ്മ
അബ്ദുല്ല നദ്‌വി കുറ്റൂർ
2014 ജൂണ്‍
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച ബനൂ ഇസ്‌റാഈല്‍ ജനതയിലെ വിശിഷ്ടയായ സ്ത്രീ രത്‌നമാണ് യസ്ഹുവിന്റെ മകള്‍ മജ്‌യാന. ജീവിതവിശുദ്ധിയും കരുത്തുറ്റ നിശ്ചയദാര്‍ഢ്യവും അചഞ്ചലമായ
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച ബനൂ ഇസ്‌റാഈല്‍ ജനതയിലെ വിശിഷ്ടയായ സ്ത്രീ രത്‌നമാണ് യസ്ഹുവിന്റെ മകള്‍ മജ്‌യാന. ജീവിതവിശുദ്ധിയും കരുത്തുറ്റ നിശ്ചയദാര്‍ഢ്യവും അചഞ്ചലമായ ദൈവവിശ്വാസവും കൊണ്ട് അനുഗൃഹീതയായ വനിത. ഇംറാന്റെ മകന്‍ മൂസാനബിയെ പ്രസവിക്കാന്‍ ഭാഗ്യം സിദ്ധിച്ച മജ്‌യാന ഹാറൂണ്‍ നബിയുടെ കൂടി മാതാവാണ്. ഇങ്ങനെ ഇരട്ട പ്രവാചകന്മാര്‍ക്ക് ജന്മം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച മഹിളകള്‍ ചരിത്രത്തില്‍ വിരളമാണ്. ഹാറൂനിനെ പ്രസവിച്ചപ്പോഴുളള സ്ഥിതിവിശേഷമായിരുന്നില്ല മൂസയുടെ ഗര്‍ഭകാലം. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന സ്വേഛാധിപതിയായ ഫറോവ ഒരു സ്വപ്നം കണ്ടു. ബൈത്തുല്‍ മുഖദ്ദിസിന്റെ ഭാഗത്തുനിന്ന് ഒരു അഗ്നികുണ്ഡം പുറപ്പെട്ടു. അതു മുഴുവന്‍ ഖിബ്തി വംശജരെയടക്കം ഈജിപ്തിലെ ഭവനങ്ങളെയെല്ലാം അഗ്നിക്കിരയാക്കി. എന്നാല്‍ അത് ബനൂ ഇസ്രാഈല്‍ വംശജരെ മാത്രം ബാധിച്ചതുമില്ല. ഇതായിരുന്നു ഫറോവ കണ്ട ഭീകര സ്വപ്നം. ഉറക്കമുണര്‍ന്ന ഫറോവ ആ സ്വപ്നത്തിന്റെ വ്യാഖ്യാനം ആരാഞ്ഞു. അവര്‍ ഫറോവയോട് പറഞ്ഞു. ബനൂ ഇസ്രാഈല്‍ ജനതയില്‍ ഒരാണ്‍കുഞ്ഞ് ജനിക്കാന്‍ പോകുന്നു. അവന്‍ ഫറോവക്കും ഖിബ്തികള്‍ക്കും വിനാശം വരുത്തും. അവന്‍ ചക്രവര്‍ത്തിയുടെ അന്തകനായിരിക്കും. ജോത്സ്യരുടെ പ്രവചനം കേട്ട് ബനൂ ഇസ്രായീല്‍ ജനതയില്‍ പ്രസവിക്കുന്ന എല്ലാ ആണ്‍കുഞ്ഞുങ്ങളെയും വധിച്ചു കളയാന്‍ അയാള്‍ ഉത്തരവിട്ടു. വളരെ ആധിയോടും ഭയാശങ്കകളോടും കൂടിയാണ് മജ്‌യാന ഗര്‍ഭകാലം കഴിച്ചുകൂട്ടിയത്. എന്തുതന്നെയായാലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവരം രാജാവിനെ അറിയിക്കില്ലെന്ന് അവര്‍ ഉറച്ച തീരുമാനമെടുത്തു.
നൈല്‍ നദീതീരത്ത് താമസിച്ചിരുന്ന മജ്‌യാന പ്രസവിച്ച ഉടനെ കുട്ടിയുടെ ഭാവിയെക്കുറിച്ച് വ്യാകുല ചിത്തയായി. കുട്ടിയുടെ സംരക്ഷണ ബാധ്യത സ്വയം ഏറ്റെടുത്ത അല്ലാഹു കുട്ടിയെക്കുറിച്ച് ആധി വേണ്ടതില്ലെന്നും അവനെക്കുറിച്ച് ഭയം തോന്നുമ്പോള്‍ ഒരു പെട്ടിയുണ്ടാക്കി നദിയില്‍ ഒഴുക്കണമെന്നും മഹതിക്ക് വഹ്‌യ് (അരുളപ്പാട്) നല്‍കി. പ്രാവചകന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന വഹ്‌യിന്റെ രൂപത്തിലായിരുന്നില്ല ഇത്. അങ്ങനെ ചെയ്യാന്‍ മനസ്സില്‍ തോന്നിപ്പിക്കുകയോ സ്വപ്നം മുഖേന അറിയിക്കുകയോ ആയിരുന്നു.
ഖിബ്തി പോലീസുകാരുടേയോ രഹസ്യ ചാരന്മാരുടേയോ സാന്നിധ്യം ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ മജ്‌യാന കുട്ടിയെ ഒരു പെട്ടിയിലാക്കി കയര്‍കൊണ്ട് ബന്ധിച്ച് കയറിന്റെ മറ്റേ അഗ്രം മരത്തിലോ മറ്റോ കെട്ടിയിടും. ചാരന്മാര്‍ അപ്രത്യക്ഷമായെന്നു കണ്ടാല്‍ കയര്‍ വലിച്ച് കുട്ടിയെ തിരിച്ചെടുക്കുകയും ചെയ്യും. ''മൂസയുടെ മാതാവിന് നാം വഹ്‌യ് നല്‍കി, കുഞ്ഞിന് നീ മുലയൂട്ടുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ നിശ്ചയം അവനെ നിന്നിലേക്കു തന്നെ തിരിച്ചേല്‍പ്പിക്കുകയും പ്രവാചകന്മാരില്‍ ഒരാളാക്കുകയും ചെയ്യുന്നതാണ്'' (ഖുര്‍ആന്‍ ഖസസ്-7).
ബൈബിളിന്റെ പ്രസ്താവന പ്രകാരം ഇങ്ങനെ ഉത്കണ്ഠയോടെ മൂന്നുമാസക്കാലം ആ മാതാവ് കുഞ്ഞിനു മുലയൂട്ടി. ഇനിയും കുഞ്ഞിനെ വീട്ടില്‍ വെച്ചുകൊണ്ടിരിക്കുന്നത് ഉചിതമല്ലെന്നു മനസ്സിലാക്കിയ മജ്‌യാന അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം അവനെ നദിയില്‍ ഒഴുക്കി. കുട്ടിയെയും കൊണ്ട് ആ പേടകം ബഹുദൂരം സഞ്ചരിക്കുകയും അത് ഫറോവയുടെ കൊട്ടാരത്തിനു സമീപമുള്ള നദിയോരം ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു.
വ്യാകുലതയും ചിന്താഭ്രമവും അതിന്റെ പാരമ്യതയിലെത്തിയ ഒരു മാതാവിന്റെ ചിത്രമാണ് ഈ സംഭവം അടയാളപ്പെടുത്തുന്നത്. അത്രയും തീവ്രമായ മാനസികാവസ്ഥയാണ് മജ്‌യാനക്ക് നേരിടേണ്ടി വന്നത്. മഹതിയുടെ മാനസിക സംഘര്‍ഷം ഖുര്‍ആന്‍ മനോഹരമായി ചിത്രീകരിക്കുന്നതു കണാം. ''മൂസയുടെ മാതാവിന്റെ ഹൃദയം ശൂന്യമായി. ദൃഢവിശ്വാസികളുടെ കൂട്ടത്തിലാകാന്‍ വേണ്ടി നാം അവളുടെ ഹൃദയത്തെ സുദൃഢമാക്കിയിരുന്നില്ലെങ്കില്‍ അവള്‍ ആ രഹസ്യം വെളുപ്പെടുത്തിയേക്കുമായിരുന്നു'' (ഖസസ്).
അതെ, മജ്‌യാനയുടെ മനസ്സ് മൂസയെ കുറിച്ചോര്‍ത്ത് നീറുകയായിരുന്നു. കുഞ്ഞിനെ കുറിച്ചുളള ചിന്തകളാണ് അവളുടെ മനസ്സില്‍ നൊമ്പരമായി നിറഞ്ഞുനിന്നത്. മനസ്സിനെ അലട്ടിയ തീവ്രമായ അസ്വസ്ഥത മൂലം അവള്‍ ആ രഹസ്യം പരസ്യമാക്കുമായിരുന്നു. അത് അവരുടെ മനസ്സിനെ പിടിച്ചുലക്കുകയും പരിഭ്രാന്തമാക്കുകയും ചെയ്തിരുന്നു. പക്ഷെ, അതിനെ അതിജീവിക്കാന്‍ തക്ക സ്ഥൈര്യവും സഹനശക്തിയും അല്ലാഹുവിന്റെ വാഗ്ദാനത്തെ കുറിച്ച അചഞ്ചലമായ വിശ്വാസവും അല്ലാഹു അവര്‍ക്ക് പകര്‍ന്നു നല്‍കി.
കുഞ്ഞിനെ നദിയിലൊഴുക്കിയ പിറ്റേ ദിവസം പ്രഭാതത്തില്‍ ഫറോവയുടെ പത്‌നി ആസ്യയും തോഴിമാരും നൈല്‍ നദിയില്‍ കൊട്ടാരത്തിലെ ഉദ്യാനത്തിനു സമീപം നീന്തി കളിക്കുകയായിരുന്നു. ഒരു പെട്ടി തങ്ങളുടെ സമീപത്തേക്ക് ഒഴുകി വരുന്നത് അവര്‍ സാകൂതം ശ്രദ്ധിച്ചു. പെട്ടി തുറന്നു നോക്കിയപ്പോള്‍ അതിനകത്തൊരു സുന്ദരക്കുട്ടന്‍! കുട്ടികളില്ലാത്ത ഇസ്രാഈല്‍ വംശജയായ ആസ്യക്ക് ആ കുട്ടിയോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി. കുട്ടിയെയുമെടുത്ത് ആസ്യ കൊട്ടാരത്തില്‍ എത്തി. കുട്ടിയെ കണ്ടപ്പോള്‍ ആസ്യയുടെ ഭര്‍ത്താവായ ഫറോവ മ്ലാനവദനനും സംശയഗ്രസ്തനുമായി. ഫറോവ ചോദിച്ചു: ''നിനക്കിതെവിടുന്നു കിട്ടി ഈ സാധനത്തെ?''
''ഞങ്ങള്‍ കുളിക്കുമ്പോള്‍ നദിയിലൂടെ പെട്ടിയില്‍ ഒഴുകി വന്നതാണ്. നമുക്ക് കുട്ടികളില്ലല്ലോ. നമുക്കിവനെ സ്വന്തം മകനെ പോലെ വളര്‍ത്താം'' ആസ്യ പറഞ്ഞു.
''നിനക്ക് ഭ്രാന്തുണ്ടോ? ഇതു വല്ല ഇസ്രാഈ ലി പ്രവിശ്യരുടെയും കുട്ടിയായിരിക്കാം. ജോത്സ്യന്മാരുടെ പ്രവചനം നീ കേട്ടതല്ലേ? ഇവനെ വളര്‍ത്തുന്നത് നമുക്ക് അപകടമായിത്തീരും'' ഫറോവ പറഞ്ഞു.
''ഓ, അങ്ങനെ വരില്ല. അങ്ങനെയാണെങ്കില്‍ സമര്‍ത്ഥരായ നമ്മുടെ ഭടന്മാര്‍ക്ക് വിവരം ലഭിക്കേണ്ടതല്ലേ? ഇനി അങ്ങനെ വല്ല ദുശ്ശകുനവും തോന്നുകയാണെങ്കില്‍ നമ്മുടെ കൈയിലുളള ഇവനെ നമുക്കു നശിപ്പിച്ചു കളയാമല്ലോ. ഇവന്‍ ഖിബ്തി വര്‍ഗത്തില്‍ ഏതെങ്കിലും ദരിദ്ര കുടുംബത്തിലെ കുട്ടിയായിരിക്കും.'' വെണ്‍നിലാവുപോലെ തിളങ്ങുന്ന കുട്ടിയെയും കൈയിലേന്തി ആസ്യ തുടര്‍ന്നു. ''ഇവന്‍ എനിക്കും നിങ്ങള്‍ക്കും കണ്‍കുളിര്‍മ്മയാണ്. ഇവന്‍ നമുക്കു പ്രയോജനപ്പെട്ടേക്കാം.''
ഫറോവ പറഞ്ഞു: ''കണ്‍കുളിര്‍മ നിനക്ക്, എനിക്കല്ല.'' ആ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. ആസ്യക്ക് സന്മാര്‍ഗത്തിനും സ്വര്‍ഗ്ഗപ്രവേശനത്തിനും ആ കുട്ടി നിമിത്തമായി. ഫറോവയും ആസ്യയും തമ്മിലുളള തര്‍ക്കം ഏറെ നേരം നിന്നിരുന്നു. കുട്ടിയെ കൊല്ലണമെന്ന് ഫറോവ ശഠിച്ചു. എന്നാല്‍ ആസ്യ അതിന് സമ്മതിച്ചില്ലെന്നു മാത്രമല്ല, അതിനെ വളര്‍ത്താന്‍ തന്നെ അനുവദിക്കണമെന്ന് കേണപേക്ഷിക്കുകകൂടി ചെയ്തു. അവസാനം ആസിയയുടെ സമ്മര്‍ദത്തിനു മുന്നില്‍ ഫറോവക്കും തോറ്റുകൊടുക്കേണ്ടി വന്നു.
കുട്ടിയെ പരിചരിക്കാന്‍ രാജകീയമായ എല്ലാ ഏര്‍പ്പാടുകളും ആസ്യ ചെയ്തു. മുലയൂട്ടാന്‍ ആയമാരെ ഏല്‍പ്പിച്ചു. എന്നാല്‍ കുഞ്ഞ് ആരുടേയും മുലകുടിക്കാതെ കരഞ്ഞുകൊണ്ടിരുന്നു. കുഞ്ഞ് ഇഷ്ടപ്പെടുന്ന സ്ത്രീയുടെ മുലപ്പാല്‍ നല്‍കാന്‍ വൈദ്യന്മാര്‍ നിര്‍ദേശിച്ചു.
കുട്ടിയെ നദിയില്‍ എറിഞ്ഞ് അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ഒതുങ്ങിക്കൂടുകയായിരുന്നില്ല മജ്‌യാന കുഞ്ഞാങ്ങളയുടെ സ്ഥിതിഗതികള്‍ അന്വേഷിച്ചറിയാന്‍ അവന്റെ ഇത്താത്തയെ ചുമതലപ്പെടുത്തുകകൂടി ചെയ്തിരുന്നു. മജ്‌യാനയുടെ ശിക്ഷണത്തിന്റെ ഫലമായി കുശാഗ്ര ബുദ്ധിശാലിയും കൗശലക്കാരിയുമായിരുന്നു മൂസയുടെ ഇത്താത്ത. ഒരാള്‍ക്കും സംശയത്തിനിട നല്‍കാതെ, പാത്തും പതുങ്ങിയും കൊട്ടാരത്തിനു ചുറ്റും അവള്‍ കറങ്ങി നടന്നു. ആയമാര്‍ മാറിമാറി മുലകൊടുത്തിട്ടും മുലകുടിക്കാന്‍ കൂട്ടാക്കാത്ത സന്ദിഗ്ധ ഘട്ടത്തില്‍ തന്ത്രപൂര്‍വ്വം കൊട്ടാരത്തില്‍ കയറി കുട്ടിയെ തനിക്ക് അറിയുമെന്ന ഭാവഭേദമില്ലാതെ അവള്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് വാത്സല്യനിധിയായ ഒരു സ്ത്രീയെ പരിചയപ്പെടുത്തിത്തരാം. അവള്‍ മുലകൊടുത്താല്‍ കുട്ടി മുലകുടിക്കാനാണ് സാധ്യത.'' സ്ത്രീകള്‍ ഓരോരുത്തരായി മുലകൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പരിതസ്ഥിതിയില്‍ മജ്‌യാന വന്ന് കുഞ്ഞിനു മുലകൊടുത്തപ്പോള്‍ അവന്‍ കരച്ചില്‍ നിര്‍ത്തി. ശാന്തനായി ഉത്സാഹത്തോടെ മുലകുടിച്ചു. വയര്‍ നിറഞ്ഞപ്പോള്‍ ഏമ്പക്കം വിട്ട അവന്‍ ഉറക്കത്തിലേക്ക് വഴുതിവീണു.
സന്തുഷ്ടയായ ആസ്യ മജ്‌യാനയെ ആയയായി നിയമിച്ചില്ല. കൊട്ടാരത്തില്‍ താമസിച്ച് മുലയൂട്ടാന്‍ വിമുഖത പ്രകടിപ്പിച്ച മജ്‌യാന തനിക്ക് ഭര്‍ത്താവും കുട്ടികളുമുണ്ടെന്ന് ഒഴികഴിവു പറഞ്ഞു. അങ്ങനെ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി മുലയൂട്ടാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. ധാരാളം വസ്ത്രങ്ങളും പണവും മറ്റും പാരിതോഷികമായി അവര്‍ക്ക് ലഭിക്കുകയും ചെയ്തു. അല്ലാഹുവിന്റെ വാഗ്ദാനം സത്യമായി പുലര്‍ന്നതില്‍ മതിമറന്നു ആഹ്ലാദിച്ച അവര്‍ അല്ലാഹുവിന് നന്ദി പറഞ്ഞു. ഈ സംഭവം ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ഭാഗം ശ്രദ്ധിക്കുക. ''അങ്ങനെ നാം അവനെ തന്റെ മാതാവിനു തന്നെ തിരിച്ചു നല്‍കി. അവളുടെ കണ്‍കുളിര്‍ക്കാനും അവള്‍ ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കാനും വേണ്ടിയായിരുന്നു അത്. പക്ഷെ ജനങ്ങളില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല(ഖസസ്-13).
മൂസയുടെ ഉമ്മയുടെ മുലയൂട്ടല്‍ പ്രക്രിയയെ ഒരു ഹദീസില്‍ പ്രവാചകന്‍ ഹൃദയസ്പര്‍ശിയായി ഇങ്ങനെ ചിത്രീകരിച്ചിട്ടുണ്ട്. ഉപജീവിതത്തിന് തൊഴില്‍ ചെയ്യുകയും ആ തൊഴില്‍ വഴി ദൈവപ്രീതി കാംക്ഷിക്കുകയും ചെയ്യുന്ന ആളിന്റെ ഉപമ മൂസയുടെ മാതാവിന്റെതാണ്. അവര്‍ സ്വന്തം മകന്ന് മൂലയൂട്ടുകയും അതിന് വേതനം പറ്റുകയും ചെയ്തു. അന്തകന്‍ വളരണമെന്നാണ് അല്ലാഹു തീരുമാനിച്ചത്. മജ്‌യാനയുടെ ഇച്ഛാശക്തിയും തന്റേടവും ശിക്ഷാപാടവവുമെല്ലാം ഇത് അടയാളപ്പെടുത്തുന്നുണ്ട്. ലോകവസാനം വരെ തന്റെ സ്വത്വവും സ്‌ത്രൈണതയും അനശ്വര പ്രതീകമായി വരച്ചുകാണിക്കുകയും ചെയ്തു മജ്‌യാന.