സിറാജുന്നിസയുടെ ചോരപ്പാടുളള പാലക്കാട് സൗഹൃദത്തിന്റെ പുതിയ പതിറ്റാണ്ട്
ശൈഖ് മുഹമ്മദ് കാരകുന്ന്
2014 ജൂണ്‍
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി പാലക്കാട് പറയത്തക്ക വര്‍ഗീയ കലാപങ്ങളോ സാമുദായിക സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ല. നേരത്തെ വര്‍ഗീയതക്ക് കുപ്രസിദ്ധി നേടിയ പ്രദേശങ്ങളില്‍
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി പാലക്കാട് പറയത്തക്ക വര്‍ഗീയ കലാപങ്ങളോ സാമുദായിക സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ല. നേരത്തെ വര്‍ഗീയതക്ക് കുപ്രസിദ്ധി നേടിയ പ്രദേശങ്ങളില്‍ ഒന്നായിരുന്നു അവിടം. ഉത്തരേന്ത്യയിലേതു പോലുളള ആസൂത്രിതമായ വര്‍ഗീയാക്രമണം നടന്ന പ്രദേശവും അതുതന്നെ. 1991 ഡിസംബറിലായിരുന്നു അത്. ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയുടെ ഏകതാ യാത്രയോട് അനുബന്ധിച്ച് 'സോമനാഥ് മുതല്‍ അയോദ്ധ്യ വരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍.കെ അദ്വാനി നയിച്ച രഥയാത്രയുടെ മുറിവുണങ്ങും മുമ്പാണ് കന്യാകുമാരിയില്‍നിന്ന് കാശ്മീരിലേക്കുളള ജോഷിയുടെ ഏകതായാത്ര ആരംഭിക്കുന്നത്.
1991 ഡിസംബര്‍ 11 മുതല്‍ 1992 ജനുവരി 26 വരെയായിരുന്നു യാത്രാകാലം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക, കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് ഭേദഗതി ചെയ്യുക തുടങ്ങിയവയാണ് ഏകതാ യാത്രയുടെ ലക്ഷ്യമായി പറഞ്ഞിരുന്നത്. എന്നാല്‍ ഹിന്ദുത്വ വികാരമിളക്കിവിട്ട് തെരഞ്ഞെടുപ്പില്‍ വിജയം നേടലായിരുന്നു ലക്ഷ്യം. പ്രത്യേക പദവിയുളളത് കാശ്മീരിന് മാത്രമല്ലല്ലോ! 371 എ, ബി, സി, ഡി, ഇ, എഫ്, ജി, എച്ച് വകുപ്പുകളനുസരിച്ച് ഗുജറാത്തിനും നാഗാലാന്റിനും ആസാമിനും മണിപ്പൂരിനും ആന്ധ്രപ്രദേശിനും സിക്കിമിനും മിസോറാമിനും അരുണാചല്‍ പ്രദേശിനുമെല്ലാം പ്രത്യേക പദവികളുണ്ട്. ന്യൂനപക്ഷകമ്മീഷനെ പിരിച്ചുവിടലും കാശ്മീരിനെ പട്ടാളത്തെ ഏല്‍പിക്കലുമെല്ലാം ഏകതാ യാത്രയുടെ ലക്ഷ്യമായി പറയപ്പെട്ടിരുന്നു.
1991 ഡിസംബര്‍-13 ന് വെളളിയാഴ്ച മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുളള ഏകതാ യാത്രയും കാസര്‍ക്കോട്ട് നിന്നുളള ഉപയാത്രയും പാലക്കാട്ട് ഒത്തുചേര്‍ന്നു. ഇരുനൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഘോഷയാത്രയായി മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന മേപ്പറമ്പിലേക്ക് നീങ്ങി. നേരത്തെ തന്നെ സംഘര്‍ഷമുളള പ്രദേശമായിരുന്നു അത്. ഒരു വര്‍ഷമായി പോലീസ് പിക്കറ്റിങ്ങുളള സ്ഥലം. അതുകൊണ്ട് തന്നെ ഘോഷയാത്ര അങ്ങോട്ട് പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. അതംഗീകരിക്കാതെ ജാഥ മുന്നോട്ട് പോയി. പോലീസ് തടയുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ഘോഷയാത്രക്ക് നേരെ കല്ലേറ് നടന്നതായി പ്രചരിക്കപ്പെട്ടു. അതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ശനിയാഴ്ച ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പോലീസ് അതിനനുമതി നല്‍കുകയും ചെയ്തു.
മേപ്പറമ്പില്‍ മുസ്‌ലിംകളും മറുഭാഗത്ത് മേലാമുറിയില്‍ ബി.ജെ.പി.ആര്‍. എസ്.എസ് പ്രവര്‍ത്തകരും തടിച്ചുകൂടി. മധ്യത്തില്‍ പോലീസും നിലയുറപ്പിച്ചു. അതിനാല്‍ അന്ന് വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു. പിറ്റേന്ന് ഞായറാഴ്ച കാലത്ത് ജെയിനിമേടില്‍ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. അതോടെ വ്യാപകമായ തോതില്‍ കളളപ്രചാരണം നടന്നു. മേലാ മുറിയില്‍ റോഡരികില്‍ കൈകാലുകള്‍ ചിതറിക്കിടക്കുന്നതായും മറ്റും പ്രചരിക്കപ്പെട്ടു.
അതോടെ ക്രൂരമായ ആക്രമണവും കൊളളയും ആരംഭിച്ചു. വലിയങ്ങാടിയിലെ മുസ്‌ലിം കടകള്‍ തിരഞ്ഞു പിടിച്ച് കൊളളയടിച്ചു. ചരക്കുകളൊക്കെയും കലാപകാരികളും പോലീസുകാരും കടത്തിക്കൊണ്ടുപോയി. പതിനൊന്ന് മണിയോടെ സാമൂഹ്യവിരുദ്ധര്‍ നഗരം കയ്യിലൊതുക്കി. പോലീസുകാര്‍ അവര്‍ക്കതിന്ന് അവസരമൊരുക്കി കൊടുക്കുകയും ചെയ്തു. സംഘടിതമായ കൊളളയാണ് അവിടെ നടന്നത്.
അപ്പോഴൊക്കെയും പോലീസ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മേപ്പറമ്പിലും ജെയ്‌നിമേടിലും പുതുപ്പള്ളി തെരുവിലും അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ കണ്ടവരെയൊക്കെ തല്ലിച്ചതച്ചു. വീടുകളില്‍ കയറി സ്ത്രീകളേയും കുട്ടികളേയും മര്‍ദിച്ചു. വീടുകളിലെ സാധനസാമഗ്രികള്‍ പോലീസുകാര്‍ കൊളളയടിക്കുകയും അവശേഷിക്കുന്നവ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഹോട്ടലുകളില്‍ കയറി ഭക്ഷണമൊക്കെ എടുത്ത് തിന്നു. കൂട്ടിയിട്ടിരുന്ന ആറ് ഓട്ടോറിക്ഷകള്‍ക്ക് തീയിട്ടു. പോലീസ് വാഹനങ്ങളില്‍ അരിയും വീട്ടുസാധനങ്ങളും കടത്തിക്കൊണ്ടുപോയി. ഹോട്ടല്‍ പോലീസുകാര്‍ തങ്ങളുടെ ക്യാമ്പാക്കി. പളളിയിലും മദ്രസകളിലും ആക്രമണം അഴിച്ചുവിട്ടു.
മേപ്പറമ്പിലും പുതുപ്പള്ളിത്തെരുവിലും പോലീസ് വെടിവെപ്പ് നടത്തി. ഒരുവിധ പ്രകോപനവുമില്ലാതെയായിരുന്നു ഈ ക്രൂരകൃത്യം. സിറാജുന്നിസ എന്ന പതിനൊന്നുകാരി വെടിയേറ്റു പിടഞ്ഞുമരിച്ചു. അവളോടൊത്ത് ജീപ്പില്‍ കയറിയ അവളുടെ മാതാപിതാക്കളെപോലും പോലീസ് കഠിനമായി മര്‍ദിച്ചു.
മുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് സിറാജുന്നിസക്ക് വെടിയേറ്റത്. ചുവന്ന പതാകയേന്തി മാര്‍ച്ച് നടത്തുക, കണ്ണീര്‍ വാതകം പ്രയോഗിക്കുക, മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുക, ബാനര്‍ പിടിക്കുക, ആര്‍.ഡി.ഒ യുടെ അനുമതി വാങ്ങുക, ആകാശത്തേക്കു വെടിവെക്കുക തുടങ്ങിയ നിബന്ധനകളില്‍ ഒന്നുപോലും പാലിക്കാതെയാണ് പോലീസ് സിറാജുന്നിസയുടെ നേരെ നിറയൊഴിച്ചത്. മേപ്പറമ്പിലെ വെടിവെപ്പ് ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നാണെന്നു പറയപ്പെടുകയുണ്ടായി. അവിടെയാണ് ഒരു ചെറുപ്പക്കാരന് വെടിവെപ്പില്‍ പരിക്കേറ്റത്.
വെടിയുണ്ട കല്ലില്‍ തട്ടി അതിന്റെ ചീള് തലയില്‍ തറച്ചാണ് സിറാജുന്നിസ മരിച്ചതെന്നായിരുന്നു പോലീസ് പ്രചാരണം. നിരോധനാജ്ഞ ലംഘിച്ച് ആക്രമണം നടത്തിയെന്നും പോലീസിനേയും പൊതുജനത്തേയും അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് വെടിവെപ്പിന് പോലീസ് പറഞ്ഞ കാരണം. സിറാജുന്നിസ ഉള്‍പെട്ടവരാണ് അക്രമി സംഘം എന്ന് അവര്‍ വാദിച്ചു. പോലീസിന്റെ ഈ ഹീനവൃത്തികള്‍ക്കും കൊടുംക്രൂരതകള്‍ക്കും കാരണം ഡി.ഐ.ജി രമണ്‍ ശ്രീവാസ്തവയുടെ വിഷലിപ്തമായ പ്രസ്താവനയാണെന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും അഭിപ്രായപ്പെടുകയുണ്ടായി. എ.എസ്.പിയായിരുന്ന സന്ധ്യയാണ് വെടിവെപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്.
കലാപം ഉത്തരേന്ത്യയിലേതുപോലെ ആസൂത്രിതമായിരുന്നുവെന്നും അവിടങ്ങളിലെ പോലീസുകാരെ പോലെത്തന്നെ ഇവിടെയും പോലീസുകാര്‍ വര്‍ഗീയ സമീപനം സ്വീകരിക്കുകയും കലാപത്തില്‍ പങ്കാളികളാവുകയും ചെയ്തുവെന്ന് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി (ഐ) ജനറല്‍ സെക്രട്ടറി പി. ബാലന്‍ എം.എല്‍.എയും കെ.പി.സി.സി. പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനും സി.പി.എം ജില്ലാകമ്മറ്റിയും അസന്ദിഗ്ദമായി വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും മുഖ്യമന്ത്രി കരുണാകരന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സന്നദ്ധനായില്ല. മുസ്‌ലിംലീഗിന് നിര്‍ണ്ണായക പങ്കാളിത്തമുളള സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഈ അതിക്രമങ്ങളെല്ലാം നടന്നതെന്നതും തൃപ്തികരമായ ഒരു അന്വേഷണം പോലുമുണ്ടായില്ലെന്നതും ലീഗിന്റെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് കേരള മുസ്‌ലിം സമുദായികരംഗത്തുണ്ടായ വമ്പിച്ച മാറ്റങ്ങള്‍ക്ക് ഇതും ഒരു കാരണമായി.
1991-ലെ ഈ ദുരന്തത്തിന് ശേഷം ഒരോ കൊല്ലവും ഡിസംബര്‍ കടന്നുവരുമ്പോള്‍ പാലക്കാട് അസുഖകരമായ അന്തരീക്ഷം രൂപപ്പെടുക പതിവായി. എല്ലാവരും ഭീതിയോടെയാണ് ഡിസംബറിനെ വരവേറ്റിരുന്നത്. പ്രത്യേകിച്ചും കച്ചവടക്കാര്‍. ഈ അവസ്ഥക്ക് മാറ്റംവരുത്താന്‍ സാധിച്ചുവെന്നതും അതില്‍ അനല്‍പമായ പങ്കുവഹിക്കാന്‍ കഴിഞ്ഞുവെന്നതും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായി കരുതുന്നു.
പാലക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന അഡ്വക്കറ്റ് സുല്‍ഫിക്കറും എം. സുലൈമാനും ഉള്‍പ്പെടെയുളള ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അവിടത്തെ ഡോക്ടര്‍മാരും വക്കീല്‍മാരും പ്രൊഫസര്‍മാരും എഞ്ചിനീയര്‍മാരുമുള്‍പ്പെടെ നൂറോളം പ്രമുഖവ്യക്തികളെ ഒരു ഹോട്ടലില്‍ വിളിച്ച് ചേര്‍ത്തു. അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അവരുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുകയുമായിരുന്നു എന്നിലര്‍പ്പിതമായ ചുമതല. രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെ നീണ്ടുനിന്ന പരിപാടിയില്‍ ഇസ്‌ലാമിനെ സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു. പരിപാടി പൂര്‍ത്തിയായതോടെ ഇസ്‌ലാമിനെ സംബന്ധിച്ച് തങ്ങള്‍ മനസ്സിലാക്കിയത് ശരിയായിരുന്നില്ലെന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ഇസ്‌ലാമിനെയാണ് തങ്ങള്‍ക്ക് പരിചയപ്പെടാന്‍ സാധിച്ചതെന്നും എല്ലാവരും ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഈ സംഗമം പാലക്കാട്ടെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കാനും ഗാഢമായ സൗഹൃദം വളര്‍ന്നുവരാനും കാരണമായി.
അഡ്വക്കറ്റ് സുല്‍ഫിക്കറും സുലൈമാനും ഈ ബന്ധം നന്നായുപയോഗപ്പെടുത്തി. ഈ ലേഖകനെ മുന്നില്‍ നിര്‍ത്തി പാലക്കാട്ടെ പ്രമുഖരുടെ ഒരു യോഗം വിളിച്ചു. വിവിധ മതനേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരേയും അതിലേക്ക് ക്ഷണിച്ചു. പ്രസ്തുത യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മതമൈത്രിയും സാമുദായിക സൗഹൃദവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു.
വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ വിശദീകരിച്ചു. വര്‍ഗീയ കലാപവും സാമുദായിക സംഘര്‍ഷവുമില്ലാത്ത, സഹിഷ്ണുതയും സൗഹൃദവും പൂത്തുലയുന്ന പാലക്കാടിന്റെ നിര്‍മ്മിതിക്ക് ഒരു സ്ഥിരം സൗഹൃദവേദി കൂടിയേതീരൂ എന്ന് ഊന്നിപ്പറഞ്ഞു. ഇതിന് സദസ്സില്‍നിന്ന് വമ്പിച്ച പ്രതികരണങ്ങളുണ്ടായി. പ്രമുഖ ഗാന്ധിയനും മുന്‍ എം.പിയുമായ സുന്നാ സാഹിബ്, പ്രൊഫസര്‍ ശ്രീ മഹാദേവന്‍പിള്ള, അഡ്വക്കറ്റ് മാത്യുതോമസ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍, ഫാദര്‍ ജോസ്‌പോള്‍ തുടങ്ങി നിരവധിപേര്‍ സൗഹൃദവേദി ഉണ്ടായേ തീരൂവെന്ന് ശക്തമായി ആവശ്യപ്പെട്ടു. അതിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിച്ച ശേഷമാണ് ആ യോഗം സമാപിച്ചത്. തൊട്ടടുത്ത ദിവസംതന്നെ 2002 നവംബറില്‍ ഈ ലേഖകന്റെ തന്നെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട്ടെ പ്രധാനികളുടെ യോഗത്തില്‍വെച്ച് സൗഹൃദവേദി രൂപം കൊണ്ടു. പ്രൊഫസര്‍ മഹാദേവന്‍പിളള ചെയര്‍മാനും മാത്യുതോമസ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഫാദര്‍ ജോസ്‌പോളും മാള ടി.എ മുഹമ്മദ് മൗലവിയുമെല്ലാം വേദിയുടെ ഭാരവാഹികളില്‍ ഉള്‍പ്പെട്ടു. പ്രൊഫസര്‍ മഹാദേവന്‍പിളള തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടതോടെ ചേറ്റൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നും അദ്ദേഹം ആ പദവിയില്‍ തുടരുന്നു. മാത്യുതോമസ് തന്നെയാണ് ഇപ്പോഴും ജനറല്‍ സെക്രട്ടറി. നാട്ടിലേക്ക് തിരിച്ചുവന്ന മഹാദേവന്‍പിളളയും അബ്ദുറസാഖ് മാസ്റ്ററും രക്ഷാധികാരികളില്‍ പെടുന്നു. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടയില്‍ പാലക്കാട് സൗഹൃദവേദി സംഘടിപ്പിച്ച നിരവധി പരിപാടികളില്‍ സംബന്ധിക്കാന്‍ സാധിച്ചു. വര്‍ഗീയ കലാപങ്ങളുടെയും സാമുദായിക സംഘര്‍ഷങ്ങളുടെയും കാളിമ മുറ്റിനിന്നിരുന്ന പാലക്കാടിനെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും പ്രകാശപൂരിതമായ ഇടമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത് സൗഹൃദവേദിയാണ്. ഇന്നും ആ പ്രദേശത്തിന്റെ അനുഗ്രഹവും ശാന്തികേന്ദ്രവുമായി അത് സജീവമായി നിലകൊളളുന്നു. അതിന്റെ രൂപീകരണത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാന്‍ കഴിഞ്ഞതിലുളള ആഹ്ലാദം അഭിമാനപുളകിതനാക്കുന്നു. അതിന് അവസരം നല്‍കിയ പ്രപഞ്ചനാഥനോട് അതൊരു മഹത്തായ സല്‍ക്കര്‍മമായി സ്വീകരിച്ച് അതിരുകളില്ലാത്ത പ്രതിഫലം നല്‍കണമേയെന്ന് വിനയപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.