കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍-3
നൂറുദ്ദീൻ ചേൻനര /ചരിത്രം കഥ പറയുൻനു
2014 ജൂണ്‍
ഞാനും ആ സൈനികനും മാത്രം. അയാള്‍ വളരെ സ്‌നേഹവും അനുഭാവവും മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് എന്റെ അടുത്തേക്കു വന്നു. തടവുകാരെ ഉപദ്രവിക്കുന്ന തരക്കാരനല്ല ഞാന്‍
ഞാനും ആ സൈനികനും മാത്രം. അയാള്‍ വളരെ സ്‌നേഹവും അനുഭാവവും മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് എന്റെ അടുത്തേക്കു വന്നു. തടവുകാരെ ഉപദ്രവിക്കുന്ന തരക്കാരനല്ല ഞാന്‍ എന്നൊരു ഭാവമായിരുന്നു അയാള്‍ക്ക്. ഈ അടവുനയങ്ങള്‍ പലപ്പോഴായി കണ്ടിട്ടുള്ളതുകൊണ്ട് ഞാനതില്‍ വീണില്ല. വളരെ ശാന്തമായ ശരീരചലനങ്ങളോടെ അയാള്‍ എന്റെ തൊട്ടടുത്തുവന്നിരുന്നു. ഇഖ്‌വാനെതിരായി അവര്‍ കെട്ടിച്ചമച്ച തെളിവുകള്‍ എന്റെ നാവിന്‍ തുമ്പിലൂടെത്തന്നെ അവര്‍ക്ക് ലഭിക്കണം. അതിന് ആദ്യം അനുനയപൂര്‍വം സംസാരിക്കാനാണിയാളുടെ പ്ലാന്‍. എനിക്കതു കണ്ടപ്പോള്‍ അടക്കാനാവാത്ത ദേഷ്യമാണ് തോന്നിയത്. നിയന്ത്രിക്കാനാവാത്ത കോപം എന്റെ സിരകളിലേക്കിരച്ചുകയറി. ശരീരം വലിഞ്ഞുമുറുകി.
അമര്‍ഷവും പുച്ഛവും കലര്‍ന്ന ഭാവത്തില്‍ ഞാനയാളോട് പറഞ്ഞു: ''നോക്കൂ, എന്നോടടുക്കുന്നത് സൂക്ഷിച്ചുമതി. എന്റെ അടുത്തേക്ക് വന്നാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ല. കൊല്ലും ഞാന്‍. സത്യമായും കൊല്ലും!''
ഒരു താക്കീതിന്റെ സ്വരമുണ്ടായിരുന്നു എന്റെ വാക്കുകള്‍ക്ക്. പക്ഷേ, അയാള്‍ക്കൊരു കൂസലുമുണ്ടായില്ല. അയാള്‍ സാവധാനം, ശാന്തനായി എന്റെ നേരെ അടുക്കുകതന്നെയാണ്.
എന്റെ ശരീരം വലിഞ്ഞുമുറുകിക്കൊണ്ടിരുന്നു. കോപം എന്റെ ശരീരത്തിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുകയായിരുന്നു.
അയാള്‍ എന്റെ തൊട്ടടുത്തെത്തിയപ്പോള്‍ എന്റെ ശരീരത്തിന്റെ ശക്തിയെല്ലാം കൈകളിലേക്ക് ഇരച്ചുകയറി. അയാളുടെ കഴുത്തില്‍ എന്റെ രണ്ടുകൈകളും മുറുകിക്കഴിഞ്ഞിരുന്നു. 'ബിസ്മില്ലാഹ്!' 'അല്ലാഹു അക്ബര്‍!' എന്നെല്ലാം ഞാന്‍ ഉച്ചത്തില്‍ ഉരുവിടുന്നുണ്ട്. എന്റെ കൈകള്‍ക്ക് ശക്തി കൂടിവരികയാണ്; കൈകള്‍ മാത്രമേ എനിക്ക് അവയവങ്ങളായുള്ളൂ എന്ന് തോന്നുമാറ്. പിടി വിടണമെന്ന് ഞാന്‍ വിചാരിച്ചാല്‍പ്പോലും എനിക്കതിനു കഴിയുമായിരുന്നില്ല. അത്രക്കും അനിയന്ത്രിതയായിരുന്നു ഞാനപ്പോള്‍. അയാള്‍ പിടയ്ക്കുകയാണ്. അയാളുടെ കഴുത്ത് കൂടുതല്‍ ഞെരുങ്ങിക്കൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ എന്റെ കൈകള്‍ക്ക് അയാളുടെ ഭാരം താങ്ങാനാവാതെ വന്നു. എന്നിട്ടും, ഒരു മുഷിഞ്ഞ വസ്ത്രം അലക്കുമ്പോഴെന്നപോലെ ഞാന്‍ അയാളുടെ കഴുത്തില്‍ ശക്തിയായി തിരുമ്മി. സോപ്പ് പതപ്പിച്ചപോലെ അയാളുടെ വായില്‍നിന്ന് നുരയും പതയും വന്നു. എന്റെ കൈയില്‍നിന്ന് ഊര്‍ന്ന് അയാളുടെ തളര്‍ന്ന ശരീരം എന്റെ കാല്‍ച്ചുവട്ടില്‍ ചേതനയറ്റുകിടന്നു.
എന്റെ കൈകള്‍ തളര്‍ന്നുതുടങ്ങി. ശരീരമാകെ വേദനകൊണ്ട് നിറഞ്ഞു. വേദന. ശരീരത്തിന്റെ ഓരോ ബിന്ദുവിലും വേദന. ചമ്മട്ടികൊണ്ട് അടിയേറ്റ മുറിവും വ്രണങ്ങളുമാണ് ശരീരം മുഴുവനെന്ന് അപ്പോഴാണ് ഓര്‍ത്തത്. ആ മുറിപ്പാടുകള്‍ നേരത്തെയുണ്ടായ കോപാവേശത്തില്‍ വലിഞ്ഞുമുറുകിയതിന്റെ ഫലം. ശരീരപേശികള്‍ എത്രമാത്രം വലിഞ്ഞു മുറുകിയിരുന്നെന്നും എന്റെ ശക്തിമുഴുവന്‍ എപ്രകാരമാണ് കൈകളില്‍ കേന്ദ്രീകരിച്ചതെന്നും അപ്പോള്‍ മാത്രമാണ് എനിക്ക് ശരിക്ക് മനസ്സിലായത്.
വീര്‍പ്പടക്കി, ഇരുന്ന ഇരുപ്പില്‍ ഇരിക്കുകയാണ് ഹമീദാ ഖുതുബ്. ആ സംഭവം നേര്‍ക്കുനേരെ കാണുന്ന ഒരാളിനെപ്പോലെയുണ്ട് ആ ഇരിപ്പ്. ഭീകരദൃശ്യം കണ്ട് ഷോക്കേറ്റവളെപ്പോലെ.
തെല്ലിട നേരം അവള്‍ക്കിടയില്‍ നിശ്ശബ്ദത തളം കെട്ടിനിന്നു. ഒഴുകി തളം കെട്ടിയ രക്തത്തില്‍നിന്ന് കാലെടുക്കുന്നപോലെ ഹമീദ പറഞ്ഞു: ''ഉമ്മാ, എവിടുന്നു കിട്ടി നിങ്ങള്‍ക്കാ ശക്തി, അല്ലാഹുതന്നതല്ലാതെ?''
ആ വാക്കുകളെ ശരിവെച്ചുകൊണ്ട് സൈനബുല്‍ ഗസ്സാലി പറഞ്ഞു: ''അല്ലാഹു എന്നെ സഹായിച്ചു. സത്യവിശ്വാസത്തിന്റെ ശക്തിയെ കീഴടക്കാന്‍ നിഷേധികള്‍ക്ക് ഒരു കാലത്തും കഴിയില്ല.''
''അധികാരികളറിഞ്ഞപ്പോഴെന്തു ചെയ്തു? ശരിക്കും പുകിലായിട്ടുണ്ടാവുമല്ലോ.'' ഹമീദക്ക് ആകാംക്ഷയായി.
''ജയില്‍ വാര്‍ഡന്‍ ഹംസത്തുല്‍ ബസ്‌യൂനി അകത്തേക്ക് വന്നു. തൊട്ടുപിന്നിലായി സ്വഫ്‌വത്തും. അതിനുപിന്നാലെ പട്ടാളക്കാരുടെ ഒരു നിരയും. വെട്ടിയിട്ട ഈന്തപ്പനപോലെ കിടക്കുന്ന സൈനികനെ അവര്‍ തുറിച്ചുനോക്കി. പിന്നെ ആ തുറിച്ചുനോട്ടം എന്റെ നേരെയായി. പിന്നെ പരസ്പരം എന്തൊക്കെയോ അടക്കം പറഞ്ഞു. ആ ശവശരീരം നീക്കം ചെയ്യാന്‍ ഹംസത്തുല്‍ ബസ്‌യൂനി നിര്‍ദ്ദേശം കൊടുത്തു. സൈനികര്‍ ശവശരീരവുമായി പുറത്തുകടന്നു. എന്നെ വീണ്ടും ജലത്തടവറയിലേക്ക് കൊണ്ടുപോയി.
''അവരൊന്നും പറഞ്ഞില്ലേ?'' ഹമീദ ചോദിച്ചു.
''എന്താണ് പറയാനും ചെയ്യാനുമുള്ളത്? ദിവസവും കൃത്യമായി അതെല്ലാം കിട്ടുന്നുണ്ടല്ലോ. കൂടിയ അളവില്‍ത്തന്നെ. പിന്നെ ചില നാടകങ്ങള്‍ കൂടി നടന്നുവെന്നുമാത്രം.''
സൈനബുല്‍ ഗസ്സാലി ആ ഓര്‍മകള്‍ കൂടി പങ്കുവെച്ചു.
തണ്ണീര്‍ത്തടവറയില്‍ നേരം പുലരുവോളം മുറിപ്പാടുകളുടെ നീറ്റല്‍ സഹിച്ചുകൊണ്ടങ്ങനെ തള്ളിനീക്കുന്നു സൈനബുല്‍ ഗസ്സാലി. ഒരുപോള കണ്ണടക്കാന്‍ സമ്മതിക്കാതെ സൈനികരിലൊരാള്‍ ചാട്ടയുമായി വീശിനടന്നു. നേരം പുലര്‍ന്നപ്പോള്‍ പതിവുപോലെ രണ്ടാമത്തെ മുറിയിലേക്ക്.
വൈകാതെ, ഒരുകൂട്ടം പട്ടാളക്കാര്‍ ആ മുറിയിലേക്ക് വന്നു. പുറകില്‍ ഒരു മിലട്ടറി ഓഫീസര്‍; ഔദ്യോഗികവേഷത്തിന്റെ എല്ലാ പത്രാസോടും കൂടി. അയാള്‍ക്കു പിറികിലായി ജയില്‍ വാര്‍ഡന്‍ ഹംസത്തുല്‍ ബസ്‌യൂനി. വാലുപോലെ തൊട്ടുപിറകിലായി സ്വഫ്‌വത്ത്.
വിധേയത്വവും യജമാനഭക്തിയും നിറഞ്ഞുകവിഞ്ഞ വാക്കുകളോടെ സ്വഫ്‌വത്ത് ഹംസയോട് പറഞ്ഞു: ''പറയൂ പാഷ, ഈ ഒരുമ്പെട്ടവളെ എന്തു ചെയ്യണം?''
''ഇന്നെന്താണ് കുടിച്ചത്?'' വാര്‍ഡന്‍ ഈ ചോദ്യത്തോടൊപ്പം നോക്കിയത് സൈനികരുടെ മുഖത്തേക്കാണ്.
''ചായ.'' അവര്‍ മറുപടി പറഞ്ഞു.
''കുടിക്കാന്‍ കണ്ട സാധനം! സ്വഫ്‌വത്ത്, ഇവര്‍ക്ക് മൂക്കറ്റം കുടിക്കാന്‍ കള്ളുകൊടുക്കൂ. വയറു നിറയെ വേണ്ട ഭക്ഷണമെല്ലാം കൊടുക്കൂ. അതുകഴിഞ്ഞ് അവരുടെ മുമ്പിലേക്ക് ഇവളെ എറിഞ്ഞുകൊടുക്കൂ.''
വാതിലടച്ച് അവര്‍ പോയി...
''അവര്‍ വന്നിട്ട് എന്തു ചെയ്തു?''
പ്രസന്നമായ മുഖത്തോടെ തന്റെ മുഖത്തേക്ക് നോക്കുന്ന ആ ധീരവനിതയോട് ഹമീദാ ഖുതുബ് ചോദിച്ചു.
''അവര്‍ പിന്നെ വന്നില്ല. ഇടയ്ക്കിടെ സ്വഫ്‌വത്ത് അവര്‍ വരുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നെന്നു മാത്രം.'' സൈനബുല്‍ ഗസ്സാലി ചിരിച്ചുകൊണ്ട് പറഞ്ഞു.
''അവര്‍ നിങ്ങളെ ശരിയായി മനസ്സിലാക്കിക്കഴിഞ്ഞുവെന്നര്‍ഥം. അവര്‍ നിങ്ങളെക്കൊണ്ട് ആ കുറ്റം ചുമപ്പിക്കാന്‍ പെടുന്ന പാട്. '' ഹമീദാ ഖുതുബും ചിരിയില്‍ പങ്കു ചേര്‍ന്നു.
''പഠിച്ച പണി മുഴുവന്‍ പയറ്റിയിട്ടും അവര്‍ക്കതിന് കഴിഞ്ഞില്ല. ഞാന്‍ ചെയ്യാത്ത ഒരു കാര്യം എന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അവര്‍ക്കിനിയും കഴിയില്ല.'' സൈനബുല്‍ ഗസ്സാലി തറപ്പിച്ചുകൊണ്ട് പറഞ്ഞു.
(തുടരും)