രംഗബോധമില്ലാത്ത കോമാളി
മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണെന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു വലിയ പീടികക്കല്‍ തറവാട്ടില്‍ ഇന്നലെ അരങ്ങേറിയ സംഭവവികാസങ്ങള്‍. തറവാട്ടിന്റെ
മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണെന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു വലിയ പീടികക്കല്‍ തറവാട്ടില്‍ ഇന്നലെ അരങ്ങേറിയ സംഭവവികാസങ്ങള്‍. തറവാട്ടിന്റെ പഠിപ്പുരയും കടന്ന് ഉമ്മറക്കോലായില്‍ കോളിങ്ങ് ബെല്ലമര്‍ത്തി കാത്തുനില്‍ക്കുന്ന മരണത്തെ കവച്ചുവെച്ച് അനേകായിരം കിലോമീറ്റര്‍ അപ്പുറത്തുനിന്നും വിമാനവേഗതയില്‍ കുതിച്ചെത്തിയ മറ്റൊരു മരണം രംഗം കീഴടക്കുക എന്നുപറഞ്ഞാല്‍ അതിലും വലിയൊരു വിരോധാഭാസം വേറെയുണ്ടോ? മരണത്തിന് ഇവ്വിധം നേരും നെറിയും ഇല്ലാതായാല്‍ മനുഷ്യര്‍ എങ്ങനെയാണ് ഭൂമിയില്‍ ജീവിക്കുക? മരണം പലപ്പോഴും അത് ഇച്ഛിക്കുന്നവരെ അവഗണിക്കുകയും നിരോധിക്കുന്നവരെ വണങ്ങുകയും ചെയ്യുന്നു. മരണത്തിന്റെ ഈ വികലമായ പ്രവര്‍ത്തന രീതിയാണ് പലപ്പോഴും മനുഷ്യരുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിത്തീരുന്നത്. എന്നിരുന്നാലും മരണം അനിവാര്യമായ ഒരു പ്രതിഭാസമാണെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല.
രണ്ടുമാസങ്ങള്‍ക്ക് മുമ്പ് ഒരു തിങ്കളാഴ്ച ദിവസം. സുബ്ഹി നമസ്‌കാരത്തിന് ശേഷം പതിവായി കഴിക്കാറുളള ഒരു ഗ്ലാസ് പശുവിന്‍ പാലും ആവികൊളളിച്ച നേന്ത്രപ്പഴവും കഴിച്ച് ബീരാനിക്കയോടൊപ്പം ടൗണിനോട് ചേര്‍ന്ന് പഴയസ്ഥലത്തെ ബില്‍ഡിങ്ങ് പണി നടക്കുന്നിടത്തേക്ക് ഇറങ്ങിയതാണ് കുഞ്ഞിരായിന്‍ ഹാജി. രണ്ടുമൂന്ന് ഇടങ്ങളിലായി അഞ്ചാറേക്കറോളം തെങ്ങിന്‍തോട്ടങ്ങളുണ്ട് കുഞ്ഞിരായിന്‍ ഹാജിക്ക്. അതിന് പുറമെ റബ്ബറും കുരുമുളകുമായി ഏക്കറുകള്‍ വേറെയുമുണ്ട്. ആറാണും മൂന്ന് പെണ്ണുമായി മക്കള്‍ എട്ടൊന്‍പതെണ്ണത്തിനെ പോറ്റിവളര്‍ത്തിയിട്ടുണ്ടെങ്കിലും ബിസിനസ്സും ഉദ്യോഗവുമൊക്കെയായി മക്കളെല്ലാവരും അന്യദേശങ്ങളിലായതുകൊണ്ട് തറവാട്ടിലെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് പതിറ്റാണ്ടുകളുടെ കൂട്ടുനടപ്പുകാരനായ വിശ്വസ്ത കാര്യസ്ഥന്‍ ബീരാനിക്കയാണ്. പറമ്പില്‍ നേരത്തിനും കാലത്തിനും പണിയെടുപ്പിക്കുക, വിളവ് വിറ്റ് കാശാക്കുക, അവസാനം വരവ് ചെലവുകളുടെ ബാലന്‍സ് തലമണ്ടക്കകത്ത് ഓഡിറ്റ് ചെയ്ത് കുഞ്ഞിരായിന്‍ ഹാജിയുടെ മുമ്പില്‍ കണക്ക് ബോധിപ്പിക്കുക തുടങ്ങിയ ജോലികളെല്ലാം കാലങ്ങളായി ചെയ്തുവരുന്നത് ബീരാനിക്കയാണ്. രണ്ടാംക്ലാസ് വിദ്യാഭ്യാസമാണെങ്കിലും ഈ വക മരാമത്തുകളിലെല്ലാം മാസ്റ്റര്‍ ബിരുദമുണ്ട് ബീരാനിക്കാക്ക്.
സഹധര്‍മിണി കദിയാത്തയോട് സലാം പറഞ്ഞ് മുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന സ്വിഫ്റ്റ് കാറിനരികിലേക്ക് മുമ്പേ നടന്ന് പോയതാണ് കുഞ്ഞിരായിന്‍ ഹാജി. കാറിനടുത്തെത്താന്‍ രണ്ടടി ദൂരമേ ബാക്കിയുളളൂ. ഹാജിയാരുടെ കാഴ്ചകള്‍ക്ക് പെട്ടെന്നൊരു വിഭ്രമം. പൊടുന്നനെ അത് ശരീരകമാസകലം വ്യാപിക്കുകയും കണ്ണുകളില്‍ ഇരുട്ട് മൂടുകയും ചെയ്തു. 'യാ അല്ലാഹ്' എന്ന ഒരു വിളിയോട് കൂടി ആ ശരീരം നിമിഷങ്ങള്‍ക്കകം നിലത്തേക്ക് പതിച്ചു.
'കദിയുമ്മതാത്താ ഞമ്മളെ ആജ്യോര്!'
ബീരാനിക്കയുടെ അലര്‍ച്ചയുടെ തീവ്രതയില്‍ ആ വീടും നാടും ഒന്നടങ്കം വലിയ പീടിയേക്കല്‍ തറവാടിന്റെ മുറ്റത്തേക്ക് കുതിച്ചെത്തി.
ആരൊക്കെയാണ് ഹാജിയാരെ വാരിക്കോരി എടുത്തതെന്നോ എത്ര ദിവസമാണ് രാവും പകലും തിരിയാതെ ഐ.സി.യുവിന് മുമ്പില്‍ കഴിഞ്ഞുകൂടിയതെന്നോ കദിയുമ്മതാത്തക്ക് നിശ്ചയമില്ല.
ബ്ലഡ് പ്രഷര്‍ കൂടി ബ്രെയിനില്‍ ശക്തമായ ബ്ലീഡിങ്ങുണ്ടായിട്ടുണ്ട്. പ്രഷറും ഷുഗറുമെല്ലാം ഡിസോര്‍ഡറായത് കൊണ്ട് പെട്ടെന്നൊരോപ്പറേഷന് പറ്റിയ കണ്ടീഷനുമല്ല. മെഡിസിന്‍കൊണ്ട് എന്തെങ്കിലും ഇംപ്രൂവ്‌മെന്റ് കാണുകയാണെങ്കിലേ എന്തെങ്കിലും ചെയ്യാനാകൂ.
മെഡിക്കല്‍ റിപ്പോര്‍ട്ടിലെ വിധിന്യായം നിസ്സഹായതയോടെ വ്യക്തമാക്കിയതിന് ശേഷം ഡോക്ടര്‍ തിരിഞ്ഞ് നടന്നു.
ആഴ്ചകള്‍ നീണ്ട ആശുപത്രിവാസത്തിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കും ഉറങ്ങിക്കിടക്കുന്ന ആ ശരീരത്തെ ഉണര്‍ത്താനായില്ല. മെഡിക്കല്‍ ലാംഗ്വേജില്‍ പറഞ്ഞാല്‍ കോമാ സ്റ്റേജിലുളള കിടത്തം. കോമ എത്രത്തോളം തുടരുമെന്നോ എവിടെ ഒടുങ്ങുമെന്നോ ലോകത്തൊരു ഭിഷഗ്വരനും നിര്‍വചിക്കുക സാധ്യമല്ല. ശാസ്ത്രം അതിന്റെ കണ്ടുപിടുത്തങ്ങളെ ഈശ്വരന്റെ കാല്‍കീഴില്‍ അടിയറ വെക്കുന്ന സന്ദര്‍ഭം. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ദൈവത്തിങ്കല്‍ നിന്നുളള ഗംഭീരമായ ദൃഷ്ടാന്തം. ഒടുക്കം കുഞ്ഞിരായിന്‍ ഹാജിയേയും വഹിച്ചുകൊണ്ടുളള ആംബുലന്‍സ് വലിയ പീടികക്കല്‍ തറവാടിന്റെ മുറ്റത്തേക്ക് തന്നെ മടങ്ങിയെത്തി.
മൃതശരീരം പോലെ നിശ്ചലമായ ശരീരം. ശ്വാസക്രമത്തിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന നെഞ്ചിന്‍കൂട് ജീവന്റെ തുടിപ്പിനെ അടയാളപ്പെടുത്തുന്നു. അന്നനാളത്തിലേക്കും മൂത്രനാളത്തിലേക്കും പ്ലാസ്റ്റിക്ക് ട്യൂബുകള്‍ ഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വിചാരവികാരങ്ങളും അസ്തമിച്ചുകൊണ്ടുളള കിടപ്പ്.
ആ കിടപ്പ് നോക്കി കദിയമ്മുതാത്ത കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. ദാമ്പത്യം വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു എന്ന തിരിച്ചറിവ് പോലും ഇല്ലാതെയാണ് ഇത്രയും കാലം അദ്ദേഹത്തോടൊപ്പം ജീവിച്ചത്. പത്തന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ബീവിയായി ഇത്തറവാട്ടില്‍ വന്ന് കേറിയതില്‍ പിന്നെ ഇല്ലായ്മയും വല്ലായ്മയും എന്തെന്ന് കണ്ടിട്ടില്ല. കുന്നോളം കൊണ്ടുവന്നത് ആക്കിയൊഴിച്ചിട്ടേയുളളൂ. ഇന്നത് വേണമെന്ന് പറഞ്ഞാല്‍ അത് നിറപടിയാക്കാതെ ഇരിക്കപ്പൊറുതി കിട്ടാത്ത മനുഷ്യനാണ് കണ്‍മുമ്പില്‍ ജീവിതത്തിനും മരണത്തിനുമിടയിലെ സ്വിറാത്ത് പാലത്തില്‍ ചക്രശ്വാസം വലിച്ച് കിടക്കുന്നത്.
'പടച്ച തമ്പുരാന്‍ ദുനിയാവില് ഒരടിയാരേയും
ഇക്കോലത്തില്‍ കിടക്കാനാവതാക്കാതിരിക്കട്ടെ'
സന്ദര്‍ശകരുടെ ആത്മഗതം കദിയുമ്മതാത്തയെ വീണ്ടും സങ്കടക്കടലിന്റെ അഗാധതയിലേക്ക് മൂക്ക്കുത്തിച്ചു. കണ്‍കുഴിയില്‍നിന്നും ഞെട്ടറ്റുവീണ കണ്ണുനീര്‍ അവര്‍ മക്കനത്തുമ്പുകൊണ്ട് ഒപ്പിയെടുത്തു.
വലിയപീടികയില്‍ തറവാട് ഇപ്പോള്‍ ജനനിബിന്ധമാണ്. മക്കളും പേരമക്കളുമൊക്കെയായി ഒരു പുതിയാപ്പിള സല്‍ക്കാരത്തിനുളള ആളുണ്ട്. ജോലി ആവശ്യാര്‍ഥം അമേരിക്കയിലും കാനഡയിലുമൊക്കെയായി ചേക്കേറിയിരുന്ന ആണ്‍മക്കളെല്ലാം കുടുംബസമേതമാണ് നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുളളത്. കുടുംബിനികളായ പെണ്‍കുട്ടികളും ഗൃഹഭരണത്തില്‍നിന്ന് അവധിയെടുത്താണ് വന്നിരിക്കുന്നത്. എമര്‍ജന്‍സി ലീവില്‍ നാട്ടിലെത്തിയിട്ടുളള ആണ്‍മക്കളെല്ലാം മടങ്ങിപ്പോകാന്‍ ധൃതിയുളളവരാണെങ്കിലും ബാപ്പയുടെ അനിശ്ചിതാവസ്ഥ തീരുമാനങ്ങളെ ത്രിശങ്കുവിലാക്കി. ബാപ്പയുടെ അന്ത്യകര്‍മങ്ങള്‍ക്ക് കൂടി പങ്കെടുക്കാന്‍ ആകുകയാണെങ്കില്‍ ഏറെ ചാരിതാര്‍ഥ്യമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. മടങ്ങിപ്പോകുന്നതിന് മുമ്പ് സ്വത്ത്‌വകകളുടെ പാര്‍ട്ടീഷന്‍കൂടി നടത്താനാവുമെങ്കില്‍ ഏറെ ഗുണകരമായിരുന്നു. ധനത്തോടുളള അതിമോഹം കൊണ്ടല്ല, അനന്തരാവകാശികളെല്ലാം സ്ഥലത്തുളളത് കൊണ്ട് അഭിപ്രായ നിര്‍ദേശങ്ങള്‍ പങ്കുവെക്കാന്‍ ഏറ്റവും അനുയോജ്യ സന്ദര്‍ഭമാണ്. അതേപ്പറ്റിയുളള ചര്‍ച്ചോപചര്‍ച്ചകള്‍ തറവാടിന്റെ മുക്കുമൂലകളില്‍ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.
''അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാ
അശ്ഹദു അന്ന മുഹമ്മദു റസൂലുല്ലാ''
ബാപ്പയുടെ മുറിയില്‍നിന്നും മുഴങ്ങിക്കേട്ടിരുന്ന ശഹാദത്ത് കലിമയുടെ അവസാനത്തെ ഈരടിയും നിലച്ചിരുന്നു. നാളുകളേറെയായി ഖുര്‍ആന്‍ പാരായണത്തിന്റെയും ശഹാദത്ത് കലിമയുടെയും അലയടികള്‍കൊണ്ട് മുഖരിതമാണ് ബാപ്പയുടെ മുറിയകം. നശ്വരജീവിതത്തിന്റെ പരിസമാപ്തിയില്‍ അന്തവും ആധിയുമില്ലാതെ കിടക്കുന്ന ബാപ്പയുടെ വരണ്ട ചുണ്ടുകളിലേക്ക് പുണ്യജലത്തിന്റെ ആശ്വാസകണങ്ങള്‍ പകര്‍ന്നുകൊടുത്തും വലതുചെവിയില്‍ ദീനുല്‍ഇസ്‌ലാമിന്റെ പ്രതിജ്ഞാമന്ത്രം ചൊല്ലികേള്‍പ്പിച്ചും മക്കളോരോരുത്തരും രാത്രി വൈകുംവരെയും ബാപ്പയുടെ അനായാസമായ മരണത്തിന് വേണ്ടി പടച്ചറബ്ബിനോട് തേടുകയായിരുന്നു.
സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. കനത്ത ഇരുട്ട് അന്തരീക്ഷത്തെ ഭീകരതയുടെ കരിമ്പടം പുതപ്പിച്ചിരിക്കുന്നു. ദൂരെ മലനിരപ്പില്‍നിന്നും ഒരു നായയുടെ മോങ്ങല്‍ മാത്രം അവ്യക്തമായി കേള്‍ക്കാമെന്നതൊഴിച്ചാല്‍ രാത്രി നിശബ്ദമാണ്. പ്രകൃതിയിലെ സകല ജീവജാലങ്ങളും ദിനാന്ത്യത്തിലെ ആവര്‍ത്തനത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.
അടുത്തത് രംഗബോധമില്ലാത്ത കോമാളിയുടെ രംഗപ്രവേശമാണ്. കാതങ്ങള്‍ പിന്നിട്ട് വലിയ പീടികയ്ക്കല്‍ തറവാടിന്റെ മുറ്റത്ത് അവന്‍ ആഗതനായിക്കഴിഞ്ഞു. യാതൊരു ചാഞ്ചല്യവും കൂടാതെ ചടുലതയോടെ അവന്‍ ഉമ്മറക്കോലായും ആവനാഴിയും കടന്ന് മുറിക്കകത്തേക്ക് സന്നിഹിതനായി.
രാത്രിയുടെ ഏകാന്തത അവനെ ഭയപ്പെടുത്തുന്നില്ല. നിരന്തരകര്‍മങ്ങളുടെ വിരസത അവനെ അലോസരപ്പെടുത്തുന്നില്ല. തന്നില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യം ആത്മാര്‍ഥതയോടെ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യം മാത്രമേ അവനുളളൂ. ദയാദാക്ഷിണ്യങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല.
നിശ്ചയിക്കപ്പെട്ട സമയത്തോട് കണിശത പാലിച്ചുകൊണ്ട് കര്‍മ്മനിരതനായി അവന്‍ കട്ടിലിനടുത്തേക്ക് നീങ്ങി. അധികം വിയര്‍ക്കേണ്ടി വന്നില്ല. ചെറിയൊരു ഞരക്കം, പിന്നൊരു പിടച്ചില്‍. ഒരു ആയുഷ്‌കാലത്തിന്റെ അന്ത്യം ഭംഗിയായി തന്നെ പൂര്‍ത്തീകരിക്കപ്പെട്ടു.
ഇനി സംഭവിക്കാന്‍ പോകുന്നത് ഒരു മുഴക്കമാണ്. വലിയപീടികക്കല്‍ തറവാടിനെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടുളള ഒരലര്‍ച്ചയുടെ മുഴക്കം. ഗാഢനിദ്രയിലായിരുന്നവര്‍ ഞെട്ടിയുണര്‍ന്നു. മുറികളില്‍ ലൈറ്റ് തെളിഞ്ഞു. ശബ്ദം കേട്ടത് വടക്കുഭാഗത്ത് നിന്നാണ്. എല്ലാവരുടെയും മുഖത്ത് അങ്കലാപ്പ്.
ശബ്ദംകേട്ട് ആദ്യം ഓടിയെത്തിയത് കദിയുമ്മതാത്തയാണ്. മുറിയുടെ വാതില്‍ക്കല്‍ പകച്ച് നില്‍ക്കുന്ന മരുമകളെ കണ്ട് അവര്‍ പരിഭ്രാന്തയായി. അകത്തെ കട്ടിലില്‍ മലര്‍ന്ന് കിടക്കുന്ന അരോഗദൃഢഗാത്രനായ മകന്റെ നിശ്ചലശരീരത്തെ വായിച്ചെടുക്കാനാവാതെ കദിയുമ്മതാത്ത അന്ധാളിച്ചു.