ചില ഉണര്‍ത്തലുകള്‍
മതത്തിനുള്ളിലും നാട്ടിലെ നിയമത്തിനുള്ളിലും എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ലഭിക്കുന്ന അനന്തര സ്വത്ത് വിഹിതവും അതിനവര്‍ താണ്ടിയ നാള്‍വഴികളും അറിയേണ്ടതുണ്ട്.
നിലവിലുള്ള നവോത്ഥാന പ്രക്രിയകൾ പല തരത്തിലുള്ള സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ്. അതത് മതത്തിനകത്തെയും രാജ്യത്തെയും നിയമ പരിഷ്‌കരണങ്ങള്‍ അതില്‍ ക്രിയാത്മക പങ്കുവഹിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തിയുടെ വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടത്. കാരണം, കുടുംബഘടനയുടെ നീതി നിയമങ്ങളാണ് സാമൂഹിക സംവിധാനത്തെ പോലും നിയന്ത്രിക്കുന്നത്; വിശേഷിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. വിവാഹം, വിവാഹമോചനം, അനന്തര സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട പല മത നിയമങ്ങളും മതത്തിനകത്തു നിന്നുകൊണ്ട് രാജ്യ നിയമത്തിനനുസരിച്ച് കാലോചിതമായി നവീകരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ ശാക്തീകരണവും സാമൂഹിക ഉണര്‍വും അതുമൂലം സാധ്യമായി.
തെളിമയുള്ള മത നിയമങ്ങളെ പൗരോഹിത്യവും പുരുഷാധിപത്യവും വരുതിയിലാക്കിയപ്പോള്‍ അതിനെതിരെ ഒച്ചവെച്ച സമര്‍പ്പിത ജീവിതങ്ങളുടെ പലവിധ നിയമപോരാട്ടങ്ങളാണ് സ്ത്രീയുടെ നാനാവിധ ശാക്തീകരണത്തിനു വഴിതെളിയിച്ചത്. മത- മതേതര കൂടായ്മകള്‍ക്കും വ്യക്തികള്‍ക്കും അതില്‍ പങ്കുണ്ട്.
മുസ്ലിം സ്ത്രീയുടെ അനന്തരാവകാശ നിയമമാണിപ്പോള്‍ ചര്‍ച്ച. തുല്യതാ വാദത്തിന്റെ പേരിലാണിത്.
ജീവിത വ്യവഹാരങ്ങളിലെല്ലായിടത്തും സാമ്പത്തിക ബാധ്യത പുരുഷനില്‍ മാത്രമാണ് ഇസ്ലാം നിര്‍ബന്ധമാക്കിയത്. അത്തരമൊരു ഭാരം ഒരു ഘട്ടത്തിലും സ്ത്രീക്ക് വഹിക്കേണ്ടതില്ലാത്ത വിധമാണ് ഇസ്ലാമിലെ സാമ്പത്തിക നിയമങ്ങള്‍. ഈ പശ്ചാത്തലത്തില്‍ ഈ നിയമത്തിന്റെ ദൈവികവും മാനവികവുമായ വശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം, സ്ത്രീ ശാക്തീകരണമെന്നാല്‍ ലിംഗവ്യത്യാസമില്ലാതെ എല്ലാം ഒരുപോലെയാക്കലാണെന്ന വാദം ഉയര്‍ന്നുവരികയാണ്. അതുകൊണ്ടാണ് പകുതി സ്വത്തേ ലഭിക്കുന്നുള്ളൂ എന്ന ചിലരുടെ പരിഭവം.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ ഒളിപ്പിച്ചുവെച്ച മുതലാളിത്ത അജണ്ടകള്‍ സ്ത്രീയുടെ സാധ്യതകളെയും ജൈവികമായ ഒഴികഴിവുകളെയും നിരാകരിക്കുന്നതാണ്. മുസ്ലിം സ്ത്രീയുടെ അനന്തരസ്വത്ത് പുരുഷന് തുല്യമാകണമെന്ന വാദം ഈ രൂപത്തിലുള്ളതാണ്. മുസ്ലിം നിയമമനുസരിച്ച് നിലവില്‍ ലഭിക്കുന്ന പാതി അനന്തര സ്വത്ത് പുരുഷന് തുല്യമാകുമ്പോള്‍ അവനില്‍ അര്‍പ്പിതമായ സാമ്പത്തിക ബാധ്യതകൂടി ചോദിച്ചുവാങ്ങുന്നതു പോലെയാണ്. മാത്രമല്ല, പുരുഷനെക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ ലഭിക്കുന്നുണ്ട് എന്ന വസ്തുതയും വിസ്മരിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ, മതത്തിനുള്ളിലും നാട്ടിലെ നിയമത്തിനുള്ളിലും എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ലഭിക്കുന്ന അനന്തര സ്വത്ത് വിഹിതവും അതിനവര്‍ താണ്ടിയ നാള്‍വഴികളും അറിയേണ്ടതുണ്ട്. അതിനുള്ള ശ്രമം കൂടിയുണ്ട് ആരാമത്തിന്റെ ഈ ലക്കത്തിലെ പേജുകളിൽ.
മക്കളുടെ വിദ്യാഭ്യാസത്തെ ആകുലതയോടെ കാണുന്ന, സമ്പത്തും ആരോഗ്യവും അതിനായി സമര്‍പ്പിച്ച് ഉത്കണ്ഠപ്പെടുന്ന, അങ്ങനെ സ്വയം ജീവിക്കാന്‍ മറന്നുപോകുന്ന ആളുകളോടും ആരാമത്തിന് ചിലത് പറയാനുണ്ട്.