കഴിഞ്ഞ ജനുവരി പത്തിന് വിടപറഞ്ഞ പ്രശസ്ത കന്നട എഴുത്തുകാരി സാറ അബൂബക്കറുമായുള്ള സൗഹൃദം ഓര്‍ക്കുന്നു.
കഴിഞ്ഞ ജനുവരി പത്തിന് വിടപറഞ്ഞ പ്രശസ്ത കന്നട എഴുത്തുകാരി സാറ അബൂബക്കറുമായുള്ള സൗഹൃദം ഓര്‍ക്കുന്നു.
കാസര്‍കോട്ട് ജനിച്ച്, കര്‍ണാടക സ്വദേശിനിയായി മരണപ്പെട്ട സാറാ അബൂബക്കറിന്റെ ജീവിതത്തില്‍ സമ്പദ് സമൃദ്ധി ദൃശ്യമായിരുന്നെങ്കിലും ആ മനസ്സ് എന്നും ചുട്ടുപൊള്ളുന്നതായിരുന്നു. മരിക്കുമ്പോള്‍ 87 വയസ്സാണ് സാറക്ക്. 1969 മുതല്‍ 83 വരെയുള്ള കാസര്‍കോടന്‍ അനുഭവങ്ങളില്‍ സാറ അബൂബക്കറുമായുള്ള പരിചയവും സാഹിത്യ വിഷയങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളും ഓര്‍ത്തെടുക്കുമ്പോള്‍ നിരവധി ചരിത്രങ്ങള്‍ ചികയാനുണ്ട്.
മെട്രിക്കുലേഷന്‍ പാസായ ഉത്തര മലബാറിലെ ആദ്യ പെണ്‍കുട്ടിയാണ് സാറ. അവര്‍ ജനിച്ച 1930-കള്‍ കാസര്‍കോട് 'ഇരുട്ടിന്റെ ദേശം' ആയിരുന്നു. പര്‍ദ ധരിച്ചുപോലും മുസ്ലിം സ്ത്രീ പുറത്തിറങ്ങാന്‍ യാഥാസ്ഥിതികത്വം അനുവദിച്ചിരുന്നില്ല. കേരളത്തിന്റെ വടക്കേ അറ്റത്ത് വെള്ളവും വെളിച്ചവും പോലും സുലഭമായിരുന്നില്ല അക്കാലത്ത്.
സാറയുടെ കുടുംബം വന്‍കിട ഭൂവുടമകളായിരുന്നു. വിദ്യാസമ്പന്നര്‍. ചന്ദ്രഗിരി പുഴയുടെ സകല സൗഭാഗ്യങ്ങളും അനുഭവിച്ച കുടുംബം. അക്കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ കുടുംബാംഗങ്ങളെല്ലാം മുന്‍നിരയില്‍ ആയിരുന്നു (1980കളിലാണ് സകല സജ്ജീകരണങ്ങളോടെ മുസ്ലിം പെണ്‍കുട്ടികള്‍ കൂടി പത്താംക്ലാസ് പഠിക്കുന്ന വിദ്യാലയങ്ങള്‍ കാസര്‍കോട് തല ഉയര്‍ത്തിത്തുടങ്ങിയത്).
ഇന്ന് ഉയര്‍ന്ന നിലകളില്‍ കാസര്‍കോട്ടെ മുസ്ലിം പെണ്‍കുട്ടികള്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. അതിനു പിന്നില്‍ സാറാ അബൂബക്കറിന്റെ കുടുംബവും കാരണവന്മാരും സഹിച്ച ത്യാഗങ്ങളുടെ ഒരു പാട് കഥകളുണ്ട്.
ശെറൂല്‍, ഷംനാട്, കുടുംബങ്ങളില്‍ നിന്നുയര്‍ന്ന അഗ്നി ഏറ്റുവാങ്ങിയാണ് ടി. ഉബൈദിനെ പോലുള്ള നവോത്ഥാന ശില്പികള് കാസര്‍കോടിന്റെ ഇരുട്ടകറ്റിയത്. സാറ, കാസര്‍കോട്ടെ ചെമ്മനാട് സ്കൂളില്‍ മലയാളം പഠിച്ചത് മൂന്നാം ക്ലാസ്സുവരെ മാത്രം. തുടര്‍ന്ന് കന്നഡ മീഡിയത്തിലായിരുന്നു.
സാറയുടെ പിതാവ് വക്കീല്‍ ആമദ്ച്ച എന്നറിയപ്പെട്ട പി. അഹമ്മദിന്റെയും മാതാവ് സൈനബിയുടെയും യാഥാസ്ഥിതികത്വത്തോടുള്ള നിരന്തര സമരമാണ് സാറയെ മെട്രിക്കുലേഷന്‍ വിദ്യാഭ്യാസം വരെ എത്തിച്ചത്.
ശെറൂല്‍ സാഹിബാണ് മലയാളത്തിലെ രസകരമായ കഥാ പുസ്തകങ്ങള്‍ സാറക്ക് വായിക്കാനായി വീട്ടില്‍ എത്തിച്ചത്.
അക്കാലം കാസര്‍കോട്ട് 15 വയസ്സിനു മുന്നോ അതിനടുത്തോ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നിക്കാഹ് എന്നത് നടപ്പു ശീലമായിരുന്നു.
മംഗലാപുരത്ത് എഞ്ചിനീയറായിരുന്ന അബൂബക്കറിന്റെ ജീവിത സഖിയായതോടെയാണ് സാറ കര്ണാടകക്കാരിയായത്. സാറയുടെ വായനയെ ഭര്‍ത്താവ് അബൂബക്കര്‍ നിരന്തരം പ്രോത്സാഹിപ്പിച്ചു. മലയാളത്തിനും മുന്നേ കന്നഡ സാഹിത്യത്തില്‍ ആധുനികത വളര്‍ന്നു തുടങ്ങിയിരുന്നു. അക്കാലത്ത് അയിത്തവും ജാതി ഭ്രഷ്ടുമൊക്കെ തെക്കന്‍ കനറയില്‍ വ്യാപകം. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മുസ്ലിം ജീവിതങ്ങള്‍, കാസര്‍കോടന്‍ തീരങ്ങളിലെ പൗരോഹിത്യ തേര്‍വാഴ്ചകള്‍, ശിശു വിവാഹങ്ങള്‍ ഇതെല്ലാം സാറയിലെ എഴുത്തുകാരിയെ വളര്‍ത്തുകയായിരുന്നു.
കന്നഡയിലെ നവഭാരത്, പ്രജാമിത്ര ആനുകാലികങ്ങളില്‍ സാറ കൊച്ചു ലേഖനങ്ങളും കവിതകളും എഴുതിയത് കവി ലങ്കേഷിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തിന്റെ 'ലങ്കേഷ് പത്രിക' കന്നഡയില്‍ പുരോഗമന സാഹിത്യത്തിന്റെ വിത്തിട്ട മുഖ്യ പ്രസിദ്ധീകരണമായിരുന്നു. കാസര്‍കോട്ടെ മുസ്ലിം ജീവിതം ആധാരമാക്കി ഒരു കഥ എഴുതാനാണ് ലങ്കേഷ് ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട എഴുത്തുകാരി ഗൗരി ലങ്കേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയ സാറ, 'ലങ്കേഷ് പത്രിക'യിലൂടെയാണ് ശ്രദ്ധേയയായ എഴുത്തുകാരിയായത്.
'ബാല്യത്തില്‍ വിവാഹിതയായി പതിനെട്ടു തികയും മുമ്പ് നാല് മക്കളുടെ മാതാവായ ആയിഷുബിയുടെ കഥ ഞാന്‍ എഴുതി...'
സാറ പറഞ്ഞതങ്ങിനെയാണ്. തുടക്കം മുതല്‍ തന്നെ സാറയുടെ രചനകള്‍ക്കെതിരെ യാഥാസ്ഥിതികത്വം 'വാള് വീശി' തുടങ്ങി.
കാസര്‍കോട്ടുനിന്ന് ആദ്യമായി 'ഈയാഴ്ച' എന്ന ആനുകാലികം അച്ചടി ആരംഭിച്ചപ്പോള്‍ സാറയുടെ 'ചന്ദ്രഗിരിയ തീരദല്ലി' എന്ന കന്നഡയില്‍ കോളിളക്കം സൃഷ്ടിച്ച നോവല്‍ പ്രസിദ്ധീകരണം ആരംഭിച്ചു. കാസര്‍കോട്ടെ യാഥാസ്ഥിതികര്‍ ഉറഞ്ഞു. സാറക്കെതിരെ ഫത്വകള് ഇറങ്ങി. മംഗലാപുരത്തും ധാരാളം പ്രകമ്പനങ്ങളുണ്ടായി.
സാറ കുലുങ്ങിയില്ല. 'ഈയാഴ്ച' കാസര്‍കോട്ടുകാര്‍ മുടക്കി. അച്ചടി നിലച്ചു. പക്ഷെ, കന്നഡയിലെ പ്രഥമ മുസ്ലിം എഴുത്തുകാരി എന്നവര്‍ അറിയപ്പെട്ടു. സ്ത്രീ-വിമോചന പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ അവര്‍ നിന്നു.
സഹന; തളവതട തോണിയിലെ; (തുള വീണ തോണി) വജ്രകളു (വൈരക്കല്ലുകള്‍), കഥന വിരാമ (കഥയുടെ അന്ത്യം) പയണ (യാത്ര) തുടങ്ങി നിരവധി കൃതികള്‍ ആ തൂലികത്തുമ്പിലുണര്ന്നു.
1980- കാലയളവില്‍ സാറ കവയിത്രി മാധവിക്കുട്ടി (കമലാ സുറയ്യ)യുമായി എഴുത്തുകുത്താരംഭിച്ചു. 'പക്ഷിയുടെ മണം', നെയ്പായസം തുടങ്ങി നിരവധി സുറയ്യ രചനകള്‍ കന്നഡയില്‍ സാറ മൊഴിമാറ്റി.
കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് (1981), അനുപമ നിരഞ്ജന അവാര്‍ഡ് (1982), ഭാഷാഭാരതി സമ്മാന്‍ (2001) തുടങ്ങി കന്നഡ സംസ്ഥാന പുരസ്കാരങ്ങള്‍ അവര്‍ നേടി.
ചന്ദ്രഗിരി പ്രകാശന എന്ന സ്വന്തം പ്രസിദ്ധീകരണ സ്ഥാപനം വഴി നിരവധി ഗ്രന്ഥങ്ങള്‍ കന്നഡയില്‍ അച്ചടിച്ചു.
87-ാം വയസ്സില്‍ ആ 'അഗ്നി' മംഗലാപുരത്ത് അണയുമ്പോള്‍ മുസ്ലിം സ്ത്രീയുടെ പോരാട്ടങ്ങളില്‍ ഒരു കാസര്‍കോടന്‍ വനിത നടത്തിയ തൂലികാ സമരങ്ങള്‍ എക്കാലവും ജ്വലിച്ചു നില്ക്കും.
അബ്ദുല്ല (അമേരിക്കയില്‍ ബിരുദ ശാസ്ത്രം) നാസര്‍ (ഫിഷറീസ് കോലേജ് പ്രഫസര്‍), റഹീം (മംഗലാപുരത്തെ ബിസിനസ് പ്രമുഖന്) എന്നിവരാണ് മക്കള്‍.
1965-ലെ ഇന്തോ-പാക് യുദ്ധത്തില്‍ വീര മൃത്യു വരിച്ച ലെഫ്. കേണല്‍ മുഹമ്മദ് ഹാഷിം സാറയുടെ സഹോദരന്മാരില് ഒരാളാണ്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ മുസ്ലിം ജീവിതങ്ങള്‍, കാസര്‍കോടന്‍ തീരങ്ങളിലെ പൗരോഹിത്യ തേര്‍വാഴ്ചകള്‍, ശിശു വിവാഹങ്ങള്‍ ഇതെല്ലാം സാറയിലെ എഴുത്തുകാരിയെ വളര്‍ത്തുകയായിരുന്നു.
കൊല്ലപ്പെട്ട എഴുത്തുകാരി ഗൗരി ലങ്കേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയ സാറ, 'ലങ്കേഷ് പത്രിക'-യിലൂടെയാണ് ശ്രദ്ദേയയായ എഴുത്തുകാരിയായത്.