ഇസ്ലാം സ്ത്രീവിരുദ്ധമല്ല
റുക്‌സാന പി.
ഫെബ്രുവരി 2023
സ്ത്രീകളുമായി ബന്ധപ്പെട്ട അനന്തരാവകാശ നിയമത്തെ ഖുര്‍ആനിക നിലപാടിലൂടെ വിശദമാക്കുന്നു.
'ഏതൊരുവനെ സാക്ഷിയാക്കിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ തകരുന്നതു സൂക്ഷിക്കുവിന്‍. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുണ്ടെന്നു കരുതിയിരിക്കുക.' (4:1)
കുടുംബ ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടും അതിനെ ശിഥിലമാക്കുന്ന കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കര്‍ശനമായി താക്കീത് ചെയ്തുകൊണ്ടുമാണ് സൂറത്തുന്നിസാഅ് ആരംഭിക്കുന്നത്. ഈ അധ്യായത്തിലെ പതിനൊന്ന്, പന്ത്രണ്ട് സൂക്തങ്ങളിലാണ് അനന്തരാവകാശത്തിന്റെ വിഹിതത്തെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. സ്ത്രീയുടെ ഇരട്ടി ഓഹരിയാണ് പുരുഷനുള്ളത്, അതിനാല്‍ ഇസ്ലാം സ്ത്രീവിരുദ്ധമാണ് എന്ന് വ്യാഖ്യാനിക്കുന്നവര്‍ ഇസ്ലാമിന്റെ കുടുംബസങ്കല്‍പത്തെക്കുറിച്ചും വ്യക്തിയുടെ മേല്‍ ഉത്തരവാദിത്വമായി മാറുന്ന സാമ്പത്തിക വിനിമയത്തെക്കുറിച്ചും അറിയാതെയാണ് പലപ്പോഴും സംസാരിക്കുന്നത്. സമ്പത്തിനെക്കുറിച്ച് ഇസ്ലാം വ്യത്യസ്ത അവസരങ്ങളില്‍ സംസാരിക്കുമ്പോഴൊക്കെ മനുഷ്യനെയും മാനുഷിക അവസ്ഥകളെയും മുന്‍നിര്‍ത്തിയാണ് അതിന്റെ ചെലവഴിക്കല്‍ രീതികള്‍ പഠിപ്പിക്കുന്നത്. 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ധനത്തില്‍ നിന്ന് അവര്‍ക്ക് നല്‍കുക' (സൂറത്തുന്നൂര്‍: 33) എന്ന സൂക്തം മതിയാകും ഇതിന്റെ ആന്തരികാര്‍ഥം മനസ്സിലാക്കാന്‍. ദരിദ്രര്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ ഒരു വിഹിതം നല്‍കുക എന്നത് സമ്പന്നന്റെ ഔദാര്യമായിട്ടല്ല ഇസ്ലാം കാണുന്നത്. മറിച്ച്, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി സകാത്തിനെ എണ്ണുകയും ദരിദ്രരുടെയും അഗതികളുടെയും അനാഥരുടെയും അവകാശമാക്കി അതിനെ നിശ്ചയിക്കുകയും ചെയ്യുകയാണ്. തനിക്ക് ഒരു ഉപകാരവും ചെയ്യാത്ത ഒരു വ്യക്തിക്ക് ധനം നല്‍കുന്നതിലൂടെ എന്ത് ഭൗതിക നേട്ടമാണ് തന്റെ ജീവിതത്തില്‍ ഉണ്ടാവുക എന്ന് ഒരാള്‍ ചിന്തിച്ചാല്‍ ഭൗതിക ആശയങ്ങള്‍ക്കോ പ്രത്യയശാസ്ത്രങ്ങള്‍ക്കോ അവന് ഒരു ഉത്തരം നല്‍കാന്‍ സാധിക്കില്ല. 'ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും' എന്ന മട്ടില്‍ പണം ചെലവഴിക്കുന്ന മനുഷ്യനെ അഗതികളിലേക്കും അനാഥരിലേക്കും ദരിദ്രരിലേക്കും സദാ കൂട്ടിയിണക്കപ്പെടുന്ന ഒരു സാമ്പത്തിക വിനിമയത്തിനാണ് ഇസ്ലാം നിര്‍ബന്ധിക്കുന്നത്. സൂറത്തുന്നിസാഇല്‍ കുടുംബ ബന്ധം നിലനിര്‍ത്താന്‍ കല്‍പ്പിച്ചതിനു ശേഷം അല്ലാഹു പറയുന്നത് അനാഥ സംരക്ഷണത്തെക്കുറിച്ചും അനാഥരുടെ ധനം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുമാണ്. 'അനാഥകളുടെ മുതല്‍ നിങ്ങള്‍ അവര്‍ക്ക് തിരിച്ചു കൊടുക്കേണ്ടതാകുന്നു. നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റാതിരിക്കുക. നിങ്ങള്‍ അവരുടെ മുതല്‍ സ്വന്തം മുതലിനോട് ചേര്‍ത്ത് ഭുജിക്കാവതല്ല. അത് മഹാപാപമാകുന്നു.' (4:2)
മാതാപിതാക്കളോ അവരില്‍ ഒരാളോ മരണപ്പെടുകയോ പിതാവ് വിട്ടേച്ചു പോവുകയോ ചെയ്ത അനാഥമക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടുന്ന കുടുംബ ബന്ധുക്കളെ കുറിച്ച് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. പിതാവിന്റെയോ മറ്റു ബന്ധുക്കളുടെയോ അനന്തരാവകാശ ഓഹരി വഴിയോ വസിയ്യത്ത് വഴിയോ അവരിലേക്ക് എത്തിച്ചേരുന്ന ധനം നന്നായി നോക്കിനടത്തേണ്ട ബാധ്യത ഉത്തരവാദപ്പെട്ടവര്‍ക്കുണ്ട്. അവര്‍ക്ക് പക്വതയെത്തിയാല്‍, സാമ്പത്തികം കൈകാര്യം ചെയ്യാനാവുന്ന ബുദ്ധിവളര്‍ച്ചയെത്തിയാല്‍ ആ ധനം അവര്‍ക്ക് തിരിച്ചുനല്‍കാന്‍ അല്ലാഹു കല്‍പ്പിക്കുന്നു. അവര്‍ വലുതാകുമ്പോള്‍ തിരിച്ചുകൊടുക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് എത്രയും പെട്ടെന്ന് തങ്ങളുടെ ആവശ്യത്തിനായി അത് ചെലവഴിക്കാനുള്ള മനോഭാവത്തെയും ശേഷം വരുന്ന ആയത്തുകളിലൂടെ അല്ലാഹു കര്‍ശനമായി വിലക്കുന്നുണ്ട്. അനാഥ മക്കളുടെ സംരക്ഷണം ഏല്‍പ്പിക്കപ്പെട്ടവര്‍ ദരിദ്രരാണെങ്കില്‍ അനാഥകളുടെ ധനത്തില്‍നിന്ന് മാന്യമായത് എടുത്തുപയോഗിക്കാമെന്നും സമ്പന്നരാണെങ്കില്‍ ഉപയോഗിക്കരുതെന്നും റബ്ബ് വ്യക്തമാക്കുന്നു. ചോദിക്കാനോ പറയാനോ ആരുമില്ലാത്ത ദുര്‍ബലരാകുന്ന അനാഥമക്കളുടെ വിഷയത്തില്‍ വന്നുചേരാനിടയുള്ള എല്ലാ അനീതികളുടെയും പഴുതുകള്‍ കൃത്യമായി അടച്ചുകളയുന്നുണ്ട് ഇസ്ലാം. (4: 5,6)
പറക്കമുറ്റാത്ത മക്കളുണ്ടായിരിക്കെ മരണപ്പെടുന്നതിനെക്കുറിച്ചുള്ള ആലോചന പോലും മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം ആശങ്കയുണ്ടാക്കുന്നതാണ്. അങ്ങനെ മരണപ്പെട്ടാലും അടുത്ത ബന്ധുക്കളാല്‍ മക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് നാം ആഗ്രഹിക്കുകയും ചെയ്യും. മനുഷ്യന്റെ ആത്മസംഘര്‍ഷത്തെ മുന്‍നിര്‍ത്തി അനാഥ സംരക്ഷണത്തിന്റെ ഗൗരവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് തുടര്‍ന്ന് ഖുര്‍ആന്‍ ചെയ്യുന്നത് (4: 10). ഈ ആയത്തിന്റെ അവതരണ പശ്ചാത്തലമായി ഒരു സംഭവം കാണാം. ഉഹുദ് യുദ്ധാനന്തരം സഅ്ദുബ്‌നു റുബയ്യിഇന്റെ ഭാര്യ തന്റെ പെണ്‍കുട്ടികളോടൊപ്പം പ്രവാചകന്റെ അടുത്തേക്ക് വരുന്നു. 'റസൂലേ, അങ്ങയോടൊപ്പം ഉഹുദില്‍ സമരം നടത്തി രക്തസാക്ഷിയായ സഅ്ദിന്റെ മക്കളാണിത്. ഇവരുടെ പിതൃവ്യന്‍ സ്വത്ത് മുഴുവന്‍ കയ്യടക്കിയിരിക്കുന്നു. ഒരു മണി ധാന്യം പോലും ഇവര്‍ക്കായി ബാക്കിവെച്ചിട്ടില്ല. ഈ പെണ്‍കുട്ടികളെ ആര് നിക്കാഹ് ചെയ്യും?' തങ്ങള്‍ക്ക് അര്‍ഹതപ്പെടാത്ത അനാഥമക്കളുടെ ധനം അന്യായമായി ഭക്ഷിക്കുന്നത് കൊടും പാപമായിട്ടാണ് ഇസ്ലാം വിശ്വാസികളെ പഠിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷമോ വിവാഹമോചനം മൂലമോ മക്കളുടെ മുഴുവന്‍ ഉത്തരവാദിത്വവും മാതാവിന്റെ മേല്‍ എത്തിച്ചേരുന്ന സാമൂഹിക സാഹചര്യമാണ് യഥാര്‍ഥത്തില്‍ ഇസ്ലാമിലെ അനന്തരാവകാശത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാം കീറിമുറിച്ച് പരിശോധിക്കേണ്ടത്.
ഇസ്ലാം സ്ത്രീകള്‍ക്ക് ഒരുതരത്തിലുള്ള സാമ്പത്തിക ബാധ്യതയും ഏല്‍പിച്ചിട്ടില്ല. ഏതു റോളിലായിരുന്നാലും സ്വയം പണം കണ്ടെത്തുകയും സ്വന്തം ആവശ്യത്തിന് വേണ്ടിയോ ഉറ്റവരുടെ ആവശ്യത്തിന് വേണ്ടിയോ ചെലവഴിക്കുകയും ചെയ്യുക എന്നത് അവളുടെ ഉത്തരവാദിത്വത്തില്‍ പെട്ടതല്ല. മാതാപിതാക്കളുടെയും ഇണയുടെയും മക്കളുടെയും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമെല്ലാം ആണിന്റെ ഉത്തരവാദിത്വമാണ്. ഈ ചുമതലാ നിര്‍വഹണത്തിനു വേണ്ടിയാണ് ആണിന് സ്ത്രീയുടെ ഇരട്ടി സ്വത്ത് നല്‍കി ഇസ്ലാം അവനെ പരിഗണിക്കുന്നത്. ഈ ഉത്തരവാദിത്വത്തില്‍ വരുത്തുന്ന വീഴ്ച അവനെ ശിക്ഷക്ക് അര്‍ഹനാക്കും. ജോലി കണ്ടെത്തുകയും സമ്പാദിക്കുകയും ഉറ്റവര്‍ക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുക എന്നത് അലങ്കാരമോ ആഘോഷിക്കാവുന്ന പദവിയോ ആയിട്ടല്ല, മറിച്ച് ചോദ്യം ചെയ്യപ്പെടുന്ന ചുമതലയായിട്ടാണ് ഇസ്ലാം വിശദീകരിക്കുന്നത്. സമൂഹത്തിന്റെ മറിച്ചുള്ള മനോഭാവം സ്ത്രീവിരുദ്ധമാണ്. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സാമ്പത്തിക ബാധ്യത യഥാര്‍ഥത്തില്‍ അവളെ അധികഭാരം നല്‍കി പ്രയാസപ്പെടുത്തുകയാണ്. ജോലി ചെയ്ത് പണം സമ്പാദിക്കുന്ന സ്ത്രീകള്‍ മാത്രമാണ് ശാക്തീകരിക്കപ്പെട്ടവര്‍ എന്ന വാദം, ജോലി ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള അവളുടെ തെരഞ്ഞെടുപ്പിനെയും സ്വാതന്ത്ര്യത്തെയുമാണ് ഇല്ലാതാക്കുന്നത്.
വിധവാ വിവാഹം പാപമായി കാണുന്ന സംസ്‌കാരത്തെ കൂടി മുസ്ലിം സ്ത്രീയുടെ അനന്തരാവകാശ ചര്‍ച്ചയിലേക്ക് ചേര്‍ത്തുവെക്കണം. ഏതു പ്രായത്തിലും വിവാഹം ചെയ്യാവുന്ന, സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലാത്ത തരത്തിലാണ് ഇസ്ലാം വിധവാ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ത്വലാഖിനെക്കുറിച്ചും ഇദ്ദയെക്കുറിച്ചും വിശദീകരിക്കുന്ന പല ഖുര്‍ആന്‍ സൂക്തങ്ങളും പുനര്‍വിവാഹത്തെക്കുറിച്ച് പറഞ്ഞാണ് അവസാനിക്കുന്നത് (2:230, 232, 235).
പ്രവാചകന്റെ വിവാഹങ്ങള്‍ പഠനവിധേയമാക്കുന്നവര്‍ അഗതികളുടെയും അനാഥരുടെയും സംരക്ഷണം ഏറ്റെടുക്കുന്ന പ്രവാചകചര്യയും ശ്രദ്ധിക്കേണ്ടതുണ്ട്. വൃദ്ധയായ സൗദാ ബീവിയെ നബി വിവാഹം ചെയ്യുന്ന സന്ദര്‍ഭം നമുക്ക് മുമ്പില്‍ മാനവികമായ പൊതു തത്ത്വത്തെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. വിധവയായ പെണ്ണിനെ വിവാഹം കഴിക്കുന്നത് സ്വന്തം മാതാവിനെ വിവാഹം ചെയ്യുന്നതുപോലെ പാപവും മ്ലേഛവുമാണെന്ന ഭാഷ്യമാണ് പതിയെ മുസ്ലിം സമൂഹത്തിന്റെ ജീവിത പരിസരത്തിലേക്കും കടന്നുകയറിയത്. ഭര്‍ത്താവിന്റെ മരണശേഷം പുനര്‍വിവാഹം വേണ്ടെന്ന് കരുതുന്നവരെ മഹത്തായ നാരീപട്ടം നല്‍കി ആദരിക്കുകയും പുനര്‍ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകളെ മക്കളോട് ക്രൂരത കാട്ടിയ കഥാപാത്രമായി സമൂഹം ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ സമീപനം സ്ത്രീകളെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടവളാക്കി മാറ്റുന്നു.
കടബാധ്യതയുള്ള, അനന്തരാവകാശ സമ്പത്തൊന്നുമില്ലാതെ മരണപ്പെടുന്ന വ്യക്തിയുടെ സാമ്പത്തിക ബാധ്യതയും ഉറ്റവരുടെ സംരക്ഷണോത്തരവാദിത്വവും ഏതു തുല്യതാവാദങ്ങളിലൂടെയാണ് നമ്മള്‍ നോക്കിക്കാണുക? പണം മാത്രമല്ല, ബന്ധങ്ങളുടെ മൂല്യത്തെയും യുക്തിഭദ്രമായിട്ടാണ് ഇസ്ലാം നിര്‍ണയിക്കുന്നത്. 'ഭാഗം വെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും പാവങ്ങളുമൊക്കെ ഹാജരായാല്‍, ആ ധനത്തില്‍നിന്നു കുറച്ച് അവര്‍ക്കും നല്‍കുക. അവരോട് നല്ല വാക്കുകള്‍ പറയുകയും ചെയ്യുക (4:8).
'മാതാപിതാക്കളാണോ മക്കളാണോ, പ്രയോജനത്താല്‍ നിങ്ങളോടേറ്റം അടുത്തവരെന്ന് നിങ്ങള്‍ അറിയുന്നില്ല. ഈ വിഹിതം അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ടതാകുന്നു. അല്ലാഹുവോ, യാഥാര്‍ഥ്യങ്ങളൊക്കെയും അറിയുന്നവനും സകല നന്മകളിലും അഭിജ്ഞനുമല്ലോ'(4:11).
കടബാധ്യതയോടു കൂടി മരണപ്പെടുന്ന വ്യക്തിയുടെ കടബാധ്യത ഏറ്റെടുക്കുകയും അയാളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഉറ്റവരെ സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം അനന്തരാവകാശികള്‍ക്കുണ്ട്. മഹ്‌റായോ അനന്തരമായോ സ്ത്രീയിലേക്ക് എത്തിച്ചേരുന്ന ധനത്തിന്റെ അവകാശി അവള്‍ മാത്രമാണ്. പുരുഷന്‍ സമ്പാദിക്കുന്ന ധനത്തില്‍ പല അവകാശികളെയും നിശ്ചയിക്കുന്ന ഇസ്ലാം സ്ത്രീകളെ അത്തരം ഉത്തരവാദിത്വങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. മഹ്‌റായി ലഭിക്കുന്ന സ്വത്തില്‍നിന്ന് ഇഷ്ടത്തോടുകൂടി ഭര്‍ത്താവിന് സമ്മാനിച്ചാല്‍ മാത്രമേ അത് ഭര്‍ത്താവിന് അനുഭവിക്കാന്‍ അര്‍ഹതയുള്ളൂ. അല്ലാത്തപക്ഷം അതയാള്‍ക്ക് നിഷിദ്ധമാണ് (4:4).
പെണ്ണ് ജോലി ചെയ്യണം, എങ്കിലേ വീട്ടുകാര്യം നടക്കൂ എന്ന ശാഠ്യമുള്ളവര്‍ വീട്ടിലെത്തിയാല്‍ ഭാര്യ, അടുക്കളയിലേക്കും അതേ ജോലി ചെയ്യുന്ന ഭര്‍ത്താവ് സിറ്റിംഗ് റൂമിലേക്കും തിരിയുന്ന അനീതിയെ സ്ത്രീശാക്തീകരണത്തിന്റെ ഏതു നുകത്തിലാണ് കെട്ടുക? കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വവും സംരക്ഷണവും അതിന്റെ മനോഹരമായ മുന്നോട്ടു പോക്കും പുരുഷന്റെ ബാധ്യതയാകുമ്പോള്‍, മാതൃത്വവും മക്കളുടെ പരിപാലനവും പ്രകൃത്യാ തന്നെ സ്ത്രീയുടെ മേല്‍ ഏല്‍പിക്കപ്പെട്ട ദൗത്യത്തെ രണ്ടാംകിടയായി കാണുന്ന മനോഭാവത്തെയാണ് ചികില്‍സിക്കേണ്ടത്. ഇനി ജോലിക്ക് പോയാലും, വരുമാനം അവളോട് ആവശ്യപ്പെടാനോ പിടിച്ചു വാങ്ങാനോ 'ചെലവഴിക്കല്‍ സമത്വം' പറയാനോ പുരുഷന് അധികാരമില്ല. മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ സ്വന്തം കാര്യത്തിനോ സേവന പ്രവര്‍ത്തനങ്ങള്‍ക്കോ അവള്‍ക്കത് ചെലവഴിക്കാം. സാമൂഹിക പുരോഗതിക്കായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ച നിരവധി മുസ്ലിം സ്ത്രീകളെ ചരിത്രത്തില്‍ കാണാം. ലോകത്തിലെ ആദ്യ യൂനിവേഴ്‌സിറ്റി സ്ഥാപിച്ച ഫാത്തിമ അല്‍ ഫിഹ് രിയെപ്പോലുള്ളവര്‍ ഉദാഹരണം. സ്ത്രീകള്‍ വഖ്ഫായി നല്‍കിയ സ്വത്തിനാല്‍ സ്ഥാപിക്കപ്പെട്ട പള്ളികളും മദ്‌റസകളും കലാലയങ്ങളും വേറെയുമുണ്ട്. ഈ സ്വാതന്ത്ര്യത്തെയാണ് സ്ത്രീകളോട് കാണിക്കുന്ന വിവേചനമായി ഇസ്ലാം വിരുദ്ധര്‍ വ്യാഖ്യാനിക്കുന്നത്.