വിവിധ മതവിഭാഗങ്ങളിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളും രാജ്യത്തെ നിയമവും സ്ത്രീയോട് നീതി ചെയ്യുന്നുണ്ടോ?
'തുല്യത', 'അവകാശം' എന്നീ രണ്ടു വ്യവഹാരങ്ങളാണ് സ്ത്രീകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ എന്നത്തെയും ട്രെന്‍ഡ്. സ്ത്രീകളുടെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച ചര്‍ച്ചകളിലും ഇത് അങ്ങനെ തന്നെയാണ്. നിയമ സാമൂഹിക ധാര്‍മികതയുടെ എല്ലാ രീതികളും പുരുഷാധികാര വ്യവസ്ഥ നിര്‍ണയിക്കുന്നതുകൊണ്ട് ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ഈക്വാലിറ്റി തുടങ്ങിയ കുമിളകള്‍ പൊട്ടിക്കാതെ ലിംഗ നീതിയെ കുറിച്ച് സംസാരിക്കുക സാധ്യമല്ല. ഓരോ നിയമങ്ങളെയും അവ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന തത്ത്വങ്ങളെയും അവ ഉരുത്തിരിഞ്ഞ് വന്ന സാമൂഹിക-സാമ്പത്തിക പരിസരങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാലേ ആ നിയമം മുമ്പില്‍ കാണുന്ന, നിലനിര്‍ത്താനും തടഞ്ഞു വെക്കാനും ശ്രമിക്കുന്ന സാമൂഹിക മാറ്റം മനസ്സിലാക്കാനാവൂ.
*വ്യക്തിനിയമങ്ങള്‍ ഇന്ത്യയില്‍ #
വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് അവരവരുടെ മതവിശ്വാസം അടിസ്ഥാനമാക്കിയുള്ള വ്യക്തി നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ട ഈ നിയമ ബഹുസ്വരതക്ക് സമയാ സമയങ്ങളില്‍ സ്റ്റേറ്റിന്റെ ഇടപെടലുകളിലൂടെ പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുസ്ലിം വ്യക്തിനിയമത്തിനകത്തെ ത്വലാഖ്, അതുമായി ബന്ധപ്പെട്ട സ്ത്രീയുടെ അവകാശങ്ങള്‍, ഹിന്ദു- ക്രിസ്ത്യന്‍ സ്ത്രീകളുടെ അനന്തരാവകാശം എന്നിവയൊക്കെ വളരെക്കാലത്തെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷം തിരുത്തപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. നിലവില്‍, സുപ്രീം കോടതിക്ക് മുമ്പില്‍ പരിഗണനക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ് മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശ നിയമം. മുസ്്ലിം സ്ത്രീക്ക് പുരുഷന്റെ പകുതി ഓഹരിക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് പ്രധാനപ്പെട്ട വിമര്‍ശനം.
*അനന്തരാവകാശം ഇസ്ലാമില്‍*
ഒരു മുസ്ലിം മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എത്ര ഓഹരി വീതം അയാളുടെ അടുത്തതും അകന്നതുമായ ബന്ധുക്കളില്‍ വീതം വെക്കണമെന്ന് ഖുര്‍ആനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതു പ്രകാരം ഭാര്യ, മകള്‍, മാതാവ്, സഹോദരി തുടങ്ങിയവരെയെല്ലാം അവകാശികളായി പരിഗണിക്കുകയും ചെയ്യുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ പുരുഷന്റെ പകുതി അവകാശം മാത്രമല്ല, ബന്ധുവായ പുരുഷനെക്കാളും അധികമായും ചിലപ്പോള്‍, തുല്യ ഓഹരിയും സ്ത്രീക്ക് ലഭിക്കുന്ന സാഹചര്യങ്ങളുണ്ട്. പകുതി അവകാശത്തിന്റെ യുക്തി മനസ്സിലാകണമെങ്കില്‍ ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളെ ശരീഅത്തിലെ മറ്റു നിയമങ്ങളോടും കൂടി ചേര്‍ത്തു വായിക്കണം. മുസ്ലിം കുടുംബത്തില്‍, സ്ത്രീകളുടെ സംരക്ഷണം, അവരുടെ വസ്ത്രം, ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി മുഴുവന്‍ ചെലവുകളും ആണുങ്ങളുടെ ഉത്തരവാദിത്വമാണ്. ആണ്‍മക്കളുടേതിന് തുല്യമായ അവകാശം പെണ്‍മക്കള്‍ ആവശ്യപ്പെടുകയെന്നാല്‍ ആണുങ്ങളുടെ നിര്‍ബന്ധ ബാധ്യതകളിലും തുല്യ പങ്ക് വഹിക്കുക എന്ന മാറ്റം ആവശ്യമായി വരും. കാരണം, ഏതെല്ലാം ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിനെക്കാള്‍ ഓഹരി കുറയുന്നുണ്ടോ അവിടെയെല്ലാം ആ പുരുഷ ബന്ധുവിന് സ്ത്രീയുടെ സംരക്ഷണച്ചുമതല കൂടിയുണ്ട് എന്നര്‍ഥം. അതിന്റെ അടിസ്ഥാനത്തിലാണ് വിവാഹ സമയത്ത് മഹ്ര്, വിവാഹ മോചന സമയത്ത് മതാഅ് പോലുള്ള ചെലവുകള്‍ നല്‍കാനുള്ള ബാധ്യതകള്‍ സ്ത്രീയുടെ സാമ്പത്തിക ശേഷി പരിഗണിക്കാതെ പുരുഷനില്‍ ചുമത്തിയിരിക്കുന്നത്.
ശരീഅത്ത് നിയമങ്ങള്‍ ഇങ്ങനെയാണെങ്കിലും അവ കൃത്യമായി പാലിച്ചല്ല ഇന്ത്യയിലെ എല്ലാ മുസ്ലിംകളും ജീവിക്കുന്നത്. മറ്റു മതസ്ഥരോട് ഇടപഴകി കഴിയുന്നതിനാലും, പൂര്‍വികര്‍ ഈ ജാതി മത വ്യവസ്ഥകളുടെ ഭാഗമായതിനാലും ജീവിത ആചാരാനുഷ്ഠാനങ്ങളില്‍ പലപ്പോഴും അവയുടെ സ്വാധീനം കാണാം. ഖോജ, മേമന്‍, ബോറ വിഭാഗക്കാര്‍ ഇസ്ലാംമത വിശ്വാസികളാണെങ്കിലും അവരുടെ അനന്തര സ്വത്ത് ഭാഗം വെക്കുന്നതില്‍ ഹിന്ദുമത വിശ്വാസാചാരങ്ങളുടെ സ്വാധീനമുണ്ട്.
*ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം *
ഇന്ത്യന്‍ വ്യക്തിനിയമങ്ങളിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളില്‍ ഏറ്റവും ദാരുണമാണ് ഹിന്ദു സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്രം. ഹിന്ദു അനന്തരാവകാശ നിയമങ്ങള്‍ക്ക് മറ്റെല്ലാ ഹൈന്ദവ നിയമങ്ങളെയും ആചാരങ്ങളെയും പോലെ ജാതി അധികാര വ്യവസ്ഥയുമായും ഫ്യൂഡല്‍ ഭൂമി സംരക്ഷണ സമ്പ്രദായങ്ങളുമായും നിര്‍ണായക ബന്ധമുണ്ട്. അതിനാല്‍, കൃഷിഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ സ്ത്രീകളെ കുടുംബ സ്വത്തിന്റെ ഓഹരിയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ആണ്‍കുഞ്ഞ് ജനിക്കുന്നതോടു കൂടി കൂട്ടുകുടുംബ സ്വത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശമോ അത് ഭാഗം വെക്കാന്‍ ആവശ്യപ്പെടാനുള്ള അവകാശമോ ലഭിക്കുകയില്ല. തലമുറകളായി ഒരേ കുടുംബത്തില്‍ ഭൂസ്വത്ത് കൈമാറ്റം ചെയ്യപ്പെടാതെ നില്‍ക്കുമെന്നത് ഹിന്ദു കൂട്ടുകുടുംബ സ്വത്തിന്റെ സവിശേഷതയായിരുന്നു. ഹിന്ദു പെണ്‍കുട്ടിക്ക് അവിടെ താമസിച്ച് ചെലവിനു ലഭിക്കാനുള്ള അവകാശവും സ്വന്തം വിവാഹത്തിനുള്ള ചെലവുകള്‍ ചോദിച്ച് വാങ്ങാനുള്ള അവകാശവുമാണ് ഉണ്ടായിരുന്നത്. ആണ്‍മക്കള്‍ക്ക് കൂട്ടുസ്വത്തില്‍ ജന്മാവകാശം ലഭിക്കുമ്പോള്‍ പെണ്‍മക്കള്‍ക്ക് അതുപോലുള്ള യാതൊരു വിധ അവകാശവും വകവെച്ചിരുന്നില്ല.
*സ്ത്രീധനം *
അതേ സമയം, പുരാതന ഹിന്ദു തത്ത്വ പ്രകാരം ഒരു ഹിന്ദു സ്ത്രീക്ക് പിന്തുടര്‍ച്ച വഴിയോ പാരിതോഷികമായി കച്ചവടത്തിലൂടെയോ നേടിയെടുക്കുന്ന സ്വത്തിനെ 'സ്ത്രീധന'മായി മാനിച്ചിരുന്നു. ആ സ്വത്തില്‍ സ്ത്രീക്ക് മാത്രമേ അവകാശമുണ്ടാവുകയുള്ളൂ. അവളുടെ ഭര്‍ത്താവോ സഹോദരങ്ങളോ അതില്‍നിന്ന് കൈപ്പറ്റുന്ന പക്ഷം തിരിച്ചടക്കാന്‍ ബാധ്യസ്ഥരായിരുന്നു. 'സ്ത്രീധനം' ലഭിച്ച സ്ത്രീ മരിച്ചാല്‍ അത് അവിവാഹിതയായ മകള്‍ക്കും അവരുടെ അഭാവത്തില്‍ വിവാഹിതയായ മകള്‍ക്കും അവരുമില്ലെങ്കില്‍ വിവാഹിതയായ, ജീവിത സാഹചര്യങ്ങളെല്ലാമുള്ള മകള്‍ക്കുമാണ് ലഭിക്കുക. പുരാതന ധാര്‍മിക-സാമൂഹിക നിയമവ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന ഈ 'സ്ത്രീധന ധര്‍മം' പുരുഷാധിപത്യ വ്യവസ്ഥയുടെ പ്രമാണങ്ങളില്‍ തട്ടി ദുര്‍ബലപ്പെട്ടുപോയതാണെന്ന് ഫ്ളാവിയ ആഗ്നസ് നിരീക്ഷിക്കുന്നുണ്ട്. വിധവയായ സ്ത്രീയുടെ മരണാനന്തരം അവരുടെ സ്വത്ത് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് വീതിച്ചുനല്‍കിയ കൊളോണിയല്‍ ന്യായാധിപ വിധി 'സ്ത്രീധന സമ്പ്രദായ'ത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. ഇങ്ങനെ ഇല്ലാതായ ഹിന്ദു സ്ത്രീയുടെ സാമ്പത്തിക അവകാശങ്ങള്‍ വകവെച്ച് നല്‍കുന്നതിനു വേണ്ടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഒരു നിയമനിര്‍മാണം നടക്കുന്നത്. ഹിന്ദു കൂട്ടു കുടുംബ സ്വത്തില്‍ പെണ്‍മക്കളെയും തുല്യ അവകാശികളായി പരിഗണിക്കുന്നത് ഭൂസ്വത്തുക്കള്‍ ഛിന്നഭിന്നമായി (fragmentation of land) പോകാന്‍ ഇടവരുത്തുമെന്ന ഭയം നിയമനിര്‍മാണ സഭയില്‍ ഉയര്‍ന്നതോടെ ആ വകുപ്പ് നീക്കം ചെയ്യുകയുണ്ടായി. അങ്ങനെ പാരമ്പര്യ സ്വത്തില്‍ സ്ത്രീകളുടെ അവകാശം ഉറപ്പിക്കാന്‍ കൊണ്ടുവന്ന നിയമം വിധവയുടെ പരിമിതമായ അവകാശത്തില്‍, ഹിന്ദു സ്ത്രീയുടെ അനന്തരാവകാശം ചുരുക്കി. കൂട്ടു കുടുംബ സ്വത്തല്ലാതെ പിതാവ് സ്വയം സമ്പാദിച്ച സ്വത്തിന്മേല്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം നിലവില്‍ വന്നെങ്കിലും അത്തരമൊരു ആനുകൂല്യം അനുവദിച്ച കൂട്ടുസ്വത്തിലെ അവകാശികള്‍ക്ക് ഇന്‍കം ടാക്സ് നിയമപ്രകാരം ഇളവുകള്‍ നല്‍കി ആശ്വാസപ്പെടുത്താനും സ്റ്റേറ്റ് മറന്നിട്ടില്ല. പേരിനെങ്കിലും സ്ത്രീകള്‍ക്ക് കൂട്ടുകുടുംബ സ്വത്തില്‍ അവകാശം വകയിരുത്തിയതിന്റെ പേരില്‍ കുടുംബസ്വത്തില്‍നിന്ന് പെണ്‍മക്കള്‍ക്ക് ചെലവിനു ലഭിക്കാനുള്ള സാധ്യതയും ഇതോടെ ഇല്ലാതായി. പെണ്‍മക്കള്‍ക്ക് തുല്യാവകാശം ലഭിച്ചില്ല എന്നു മാത്രമല്ല, ആണ്‍മക്കളുടെ വിഹിതം അവരുടെ മാത്രം സ്വത്തായി (separate property) കണക്കാക്കാനും തുടങ്ങിയത് യഥാര്‍ഥത്തില്‍ ഈ നിയമ നിര്‍മാണ ശ്രമത്തെ സ്ത്രീ വിരുദ്ധവുമാക്കി. ഇതിനെല്ലാം പുറമേ ഇതേ സാമൂഹിക സാഹചര്യത്തിലാണ് മുതലാളിത്ത ഉപഭോക്തൃ ശക്തികള്‍ പുരാതന 'സ്ത്രീധന' സമ്പ്രദായത്തെ അപകടകരമാം വിധം വികൃതമാക്കി അവതരിപ്പിച്ചത്. ഈ ആധുനിക സ്ത്രീധന സമ്പ്രദായത്തിന്റെ ഹിംസക്ക് അടിപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട സ്ത്രീ ജീവിതങ്ങളെ കൂടി സ്മരിക്കാതെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമങ്ങളുടെ ചരിത്രം പൂര്‍ണമാവുകയില്ല.
ഭൂസ്വത്ത് കൈമാറ്റം ചെയ്യപ്പെടുമെന്നും അന്യാധീനപ്പെടുമെന്നും കാര്‍ഷിക ഉല്‍പാദനത്തെ ബാധിക്കുമെന്നും ഭയന്നാണ് ഹിന്ദുമത നിയമത്തില്‍ സ്ത്രീകളെ അവകാശികളുടെ പട്ടികയില്‍നിന്ന് മാറ്റിയത്. അതെയവസരത്തില്‍ ഇസ്ലാമിക നിയമത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കി എന്ന് മാത്രമല്ല, അവകാശികളായ സ്ത്രീകളുടെ എണ്ണം കൂടുതലുണ്ട് താനും. അതിനാല്‍ തന്നെ ഭൂസ്വത്തിന്റെ ഛിന്നഭിന്നമാകല്‍ (fragmentation) മുസ്ലിംകളുടെ ആസ്തികളില്‍ വളരെ വേഗത്തിലും ധാരാളമായും നടക്കുന്നതായി കാണാന്‍ കഴിയും.
*ക്രിസ്ത്യന്‍ നിയമത്തില്‍*
1986-ല്‍ മേല്‍ജാതിയില്‍ പിറന്ന മേരി റോയ് കുടുംബസ്വത്തില്‍ തന്റെ അവകാശം നേടിയെടുക്കാന്‍ നടത്തിയ നിയമ പോരാട്ടത്തെ കുറിച്ചോ അതിനു ശേഷം ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന യാഥാര്‍ഥ്യത്തെ കുറിച്ചോ കേരളത്തിലെ പോലും പല ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും ധാരണയില്ല. അന്നത്തെ ആ സുപ്രീം കോടതി വിധി പ്രകാരം 1916-ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ച അവകാശ നിയമം പിന്‍വലിക്കുകയും എല്ലാ ക്രൈസ്തവരെയും ഈ വിഷയത്തില്‍ 1925-ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് കീഴില്‍ കൊണ്ടുവരികയും ചെയ്തു. ഈ മാറ്റത്തെ കുറിച്ച് ധാരണയുള്ളവര്‍ക്കുപോലും, പിതാവിന്റെ സ്വത്തില്‍ പിന്തുടര്‍ച്ചാവകാശം ലഭിക്കാതെ സാമ്പ്രദായിക ക്രിസ്തീയ സമുദായത്തിന്റെ വിവേചന നടപടികള്‍ക്ക് ഇരയാകേണ്ടി വരുന്നുണ്ട്. വിവാഹ സമയത്ത് നല്‍കപ്പെടുന്ന സ്ത്രീധനം (dowry) കൊണ്ട് സംതൃപ്തരാവേണ്ടി വരുന്ന ക്രിസ്ത്യന്‍ സ്ത്രീകള്‍ 2023-ലും നിരവധിയാണ്.
ഇന്ത്യന്‍ പിന്തുടര്‍ച്ചാ നിയമപ്രകാരം വില്‍പത്രം എഴുതാതെ മരണപ്പെടുന്ന പിതാവിന്റെ സ്വത്തില്‍ മൂന്നിലൊന്ന്, അയാളുടെ വിധവക്ക് നല്‍കിയ ശേഷം ബാക്കി സ്വത്തില്‍ ലിംഗ ഭേദമന്യേ മക്കള്‍ക്ക് തുല്യാവകാശം ഉണ്ട്. എന്നാല്‍, വില്‍പത്രം പ്രകാരം കൈമാറ്റം ചെയ്യാവുന്ന സ്വത്തിന് ഇസ്ലാമിക നിയമത്തിലെ പോലെ ഒരു പരിധി നിര്‍ണയിക്കാത്തതിനാല്‍ പലരും തങ്ങളുടെ ആസ്തി പെണ്‍മക്കളിലേക്ക് പോകാതിരിക്കാന്‍ മുഴുവന്‍ സ്വത്തും ആണ്‍മക്കള്‍ക്ക് നല്‍കിക്കൊണ്ട് വില്‍പത്രം എഴുതുന്നതും ഒറ്റപ്പെട്ട സംഭവമല്ല.
നിയമം എന്നാല്‍ വെറും സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ഉപകരണമാണെന്ന് മനസ്സിലാക്കുന്നത് അബദ്ധമാണ്. കാരണം, അത് നിര്‍മിക്കപ്പെടുന്നത് അതത് സമൂഹങ്ങളിലെ എല്ലാ മുഖ്യധാരാ പ്രത്യയ ശാസ്ത്രങ്ങളാലും അതിരു വരച്ചുകൊണ്ടായിരിക്കും. ഇനി അതിനകത്ത് നിന്ന് രക്ഷപ്പെട്ട് ഒരു നിയമം നിര്‍മിക്കപ്പെട്ടാല്‍ തന്നെ അത് പ്രായോഗിക തലത്തില്‍ ജഡ്ജിമാരുടെ വ്യാഖ്യാനങ്ങളില്‍ തട്ടി പ്രത്യേകിച്ച് ഒരു ഫലവുമില്ലാതാവുകയും ചെയ്യും. ഹിന്ദു പിന്തുടര്‍ച്ചാ നിയമത്തിന്റെ നാളിതു വരെയുള്ള പരിണാമം തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശം ഉറപ്പ് വരുത്താന്‍ 1956-ല്‍ ക്രോഡീകരിച്ച ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം വിപ്ലവാത്മകമായ ഭേദഗതികള്‍ 2005-ല്‍ കൊണ്ടുവരികയുണ്ടായി. പിതാവിന്റെ കുടുംബ സ്വത്തില്‍ പെണ്‍കുട്ടികളെയും തുല്യ അവകാശികളായി പ്രഖ്യാപിക്കപ്പെട്ട നിയമം, പക്ഷേ പല സ്ത്രീകള്‍ക്കും ഉപകരിച്ചില്ല. കാരണം, 2016-ല്‍ സുപ്രീം കോടതി ഈ അവകാശം പെണ്‍കുട്ടിക്ക് ലഭിക്കണമെങ്കില്‍ നിയമം പ്രാബല്യത്തില്‍ വന്ന സമയത്ത് അതായത്- 2005 സെപ്റ്റംബര്‍ 9-ന് അച്ഛനും മകളും ജീവിച്ചിരിക്കണം എന്ന് വിധിച്ചു. അതായത്, ഭേദഗതി പ്രാബല്യത്തില്‍ വരുന്നതുവരെ നടന്ന സ്വത്ത് വീതംവെക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഈ അവകാശം ലഭിക്കുന്നതല്ല (ഹിന്ദു സ്ത്രീകളുടെ അവകാശം നിഷേധിച്ച ഇതേ കോടതി ഇതേ വിധിന്യായത്തിനൊരു രണ്ടാം ഭാഗം എഴൂതിച്ചേര്‍ത്ത് മുസ്ലിം വ്യക്തിനിയമത്തിനകത്തെ വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരില്‍ സ്വയം ഒരു കേസെടുക്കുന്നതായി രേഖപ്പെടുത്തി). 2018-ല്‍ വന്ന മറ്റൊരു സുപ്രീം കോടതി വിധിയില്‍ 2015-ലെ ഭേദഗതിക്ക് പിന്‍കാല പ്രാബല്യമുണ്ടെന്ന് രേഖപ്പെടുത്തി. ഇത് കീഴ്കോടതികളില്‍ അവ്യക്തത സൃഷ്ടിക്കുകയും വിവിധ ഹൈക്കോടതികള്‍ തങ്ങള്‍ക്ക് തൃപ്തികരമായ രണ്ടില്‍ ഒരു സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തി സമാനമായ കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഈ തീര്‍പ്പുകള്‍ സൃഷ്ടിച്ച അനിശ്ചിതത്വം ഒഴിയുന്നത് 2020-ല്‍ സുപ്രീം കോടതി വീണ്ടും ഒരു മൂന്നംഗ ബെഞ്ച് ഇത്തരം കുറെ കേസുകള്‍ ഒന്നിച്ച് പരിഗണിച്ച് അതുപ്രകാരം ഹിന്ദു പെണ്‍കുട്ടികള്‍ക്ക് തുല്യാവകാശം നല്‍കുന്ന ഭേദഗതിക്ക് പിന്‍ കാല പ്രാബല്യം നല്‍കുമ്പോഴാണ്.
അവകാശങ്ങള്‍ കൃത്യപ്പെടുത്തിക്കൊണ്ട് നിയമങ്ങള്‍ നിലവില്‍ വന്നതുകൊണ്ടായില്ല. സാമൂഹികമായും സാമ്പത്തികമായും അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഈ നിയമങ്ങളനുസരിച്ചുള്ള അവകാശങ്ങള്‍ എത്രത്തോളം പ്രായോഗിക തലത്തില്‍ പ്രാപ്യമാണ് എന്ന അന്വേഷണമാണ് പ്രധാനം. ഇത്തരം അന്വേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, ദലിത്- ആദിവാസി സ്ത്രീകളടക്കമുള്ളവര്‍ അനന്തരാവകാശങ്ങളില്‍ നേരിടുന്ന വിവേചനമാണ്. വളരെ സങ്കീര്‍ണമായ ഭൂനിയമങ്ങളും പിന്തുടര്‍ച്ചാവകാശ നിയമങ്ങളും ഔദ്യോഗിക നടപടിക്രമങ്ങളും മനസ്സിലാക്കാനും രേഖകള്‍ ശേഖരിക്കാനും ഓഫീസുകളില്‍ സമര്‍പ്പിക്കാനുമെല്ലാം സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വലിയ പ്രയാസമുണ്ട്. പൈതൃകമായി ലഭിക്കാന്‍ വന്‍ ആസ്തികള്‍ ഇല്ലാത്തവര്‍ക്ക് ഇത്തരം പരിശ്രമങ്ങള്‍ അര്‍ഥശൂന്യവുമാണ്.