പരീക്ഷാ കാലത്ത് നേരിടുന്ന തൊണ്ണൂറ് ശതമാനം പ്രശ്നങ്ങളും കൂട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചിരുന്നാല്‍ പരിഹരിക്കാം. അതിന് ആദ്യം മാറേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.
ആദ്യം മാറേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.
''അയാള്‍ പ്രൈമറി സ്‌കൂളില്‍പോലും രണ്ടു തവണയാണ് തോറ്റത്. മിഡില്‍ സ്‌കൂളില്‍ മൂന്ന് തവണ. സര്‍വകലാശാലാ പഠനത്തിനായുള്ള പ്രവേശന പരീക്ഷയിലും മൂന്നു തവണ തോറ്റു. ഒടുവില്‍ തട്ടിമുട്ടി ജയിച്ചപ്പോള്‍, 40-ലേറെ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് അപേക്ഷ നല്‍കി. എല്ലായിടത്തും നിരസിക്കപ്പെട്ടു. പ്രശസ്തമായ ഹാര്‍വാഡിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി പലതവണ തോറ്റു. പക്ഷേ, പിന്നീട് ഹാര്‍വാഡില്‍നിന്ന് പഠിച്ചിറങ്ങിയ ഏറ്റവും മിടുക്കരായ കുട്ടികള്‍ അയാള്‍ക്ക് മുന്നില്‍ ക്യൂ നിന്നു. കാരണം, അവര്‍ക്കൊക്കെ തൊഴില്‍ കൊടുക്കുന്ന 'ആലിബാബ' എന്ന വ്യാപാര ഭീമന്റെ തലവന്‍ അയാളായിരുന്നു." അതാണ് ജാക് മാ എന്ന ചൈനീസ് സംരംഭകന്‍!
ഐസക്ക് ന്യൂട്ടനും മൈക്കല്‍ ഫാരഡെയും തൊട്ട് നമ്മുടെ ഇലോണ്‍ മസ്‌ക്ക് വരെയുള്ളവരുടെ ജീവിതം എടുത്തുനോക്കിയാല്‍ അറിയാം, പരീക്ഷകളില്‍ കിട്ടുന്ന മാര്‍ക്കും ജീവിത വിജയവും തമ്മില്‍ പറയത്തക്ക ബന്ധമൊന്നുമില്ലെന്ന്. ഈ ഒരൊറ്റ ചിന്ത നിങ്ങള്‍ക്കുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പരീക്ഷയെ അമിതമായി പേടിക്കുന്നത്?
എക്കാലവും, കേരളത്തില്‍ കുട്ടികളില്‍ കാണുന്ന ഒരു പ്രശ്നമാണ് പരീക്ഷക്കാലത്തെ ഉത്കണ്ഠാ രോഗം അഥവാ ആങ്‌സൈറ്റി ഡിസോഡര്‍. പക്ഷേ, ഇത് കേരളത്തില്‍ വന്‍തോതില്‍ കൂടുകയാണെന്ന തെറ്റായ നിലപാടാണ് പലരും എഴുതിക്കണ്ടത്. അത് ശരിയല്ല. 90-കളിലും രണ്ടായിരത്തിലുമൊക്കെ എസ്.എസ്.എല്‍.സി പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ മിനിമം മൂന്നോ നാലോ ആത്മാഹുതികളുടെ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചത് ഓര്‍മയുണ്ട്. ഇപ്പോള്‍ അപൂര്‍വമായാണ് അത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത്. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ പരീക്ഷാ പേടിയുണ്ടെന്നത് സത്യമാണ്. അതു വഴിയുണ്ടാവുന്ന പ്രശ്നങ്ങളുമുണ്ട്. പക്ഷേ, അത് ചില മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതുപോലെ, അതിമാരകമായ രീതിയിലൊന്നും എത്തിയിട്ടില്ല.
യഥാര്‍ഥത്തില്‍ ആര്‍ക്കാണ് ഉത്കണ്ഠാ രോഗത്തിന് ചികിത്സ വേണ്ടത് എന്ന് ചോദിച്ചാല്‍ അത് കൂട്ടികള്‍ക്കല്ല, രക്ഷിതാക്കള്‍ക്കാണ് എന്നാണ് ചൈല്‍ഡ് കൗണ്‍സലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം പറയുന്നത്. ന്യൂജന്‍ കുട്ടികളില്‍ വലിയൊരു വിഭാഗം വളരെ പെട്ടെന്ന് മാറുമ്പോള്‍, ചില രക്ഷിതാക്കള്‍, എസ്.എസ്.എല്‍.സി തോറ്റാല്‍ എല്ലാം തീര്‍ന്നെന്ന് പറഞ്ഞ്, ആറ്റില്‍ ചാടുന്ന, 80-കളിലെയും 90-കളിലെയും അതേ മാനസികാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്.
*പാരന്റിങ്ങ് എന്ന ടാലന്റ് ഹണ്ട്*
1991-ല്‍ അര്‍ജന്റീനയിലെ അബാന്‍ഡറാഡോ ക്ലബ്ബിന്റെ കളിസ്ഥലത്ത് അഞ്ചുവയസ്സുകാരുടെ ഫുട്ബോള്‍ മത്സരം അരങ്ങേറാനിരിക്കുന്നു. ഗ്രാന്‍ഡോലിയിലെ കുറെ തലമുറകളെ ഫുട്ബോള്‍ പരിശീലിപ്പിച്ച സാല്‍വദോര്‍ അപാര്‍സ്യോയാണ് സംഘാടകന്‍. കുട്ടികളെ രണ്ടു ടീമുകളാക്കിയപ്പോള്‍ ഒരു ടീമില്‍ ഒരാള്‍ കുറവ്. തല്‍ക്കാലത്തേക്ക് ടീമിലേക്ക് ആരെയെങ്കിലും കിട്ടുമോ എന്നറിയാന്‍ അപാര്‍സ്യോ ചുറ്റും നോക്കി.
ഗ്രൗണ്ടിനു പുറത്ത് നില്‍ക്കുന്ന ചെറിയ കുട്ടി അദ്ദേഹത്തിന്റെ കണ്ണില്‍പെട്ടു. ടെന്നീസ് ബോള്‍ കാലുകൊണ്ട് മതിലിലടിച്ചു കളിക്കുകയായിരുന്നു അവന്‍. അസാധ്യമായ പന്തടക്കം. അവന്റെ തൊട്ടടുത്ത് ഒരു സ്ത്രീ നില്‍പുണ്ടായിരുന്നു. അത് തന്റെ സുഹൃത്ത് ഹോര്‍ഗെയുടെ ഭാര്യ സീലിയയാണെന്ന് അപാര്‍സ്യോക്ക് മനസ്സിലായി. അപാര്‍സ്യോ കാര്യം പറഞ്ഞപ്പോള്‍ സീലിയക്കു പരിഭ്രമമായി. ഇളയ മകന്‍ ലിയോ പന്തുകളിക്കാന്‍ മാത്രമൊന്നും വലുതായിട്ടില്ലല്ലോ എന്ന ചിന്തയായിരുന്നു 'അമ്മയതാ വരുന്നു, അവരോടു ചോദിച്ചോളൂ', സീലിയ പറഞ്ഞു. ഹോര്‍ഗെയുടെ അമ്മ അപാര്‍സ്യോയുടെ ആവശ്യം കേള്‍ക്കേണ്ട താമസം സമ്മതിച്ചു. ഒപ്പം മരുമകളെ സമാധാനിപ്പിച്ചു. 'അവനെ കളിക്കാന്‍ വിടൂ മോളേ. ഒന്നും പറ്റില്ലെന്നേ...' അതായിരുന്നു, കാല്‍പ്പന്തിന്റെ മിശിഹ സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ തുടക്കം. ഒരുപക്ഷേ, അവന്റെ മുത്തശ്ശി ആ സമയത്ത് മറിച്ചൊരു തീരുമാനമാണ് എടുത്തതെങ്കില്‍ മെസ്സിയെന്ന താരം ഉണ്ടാവുമായിരുന്നില്ല. പാരന്റിങ്ങ് എന്നാല്‍ തമാശക്കളിയല്ല. അത് വളരെ ഗൗരവമേറിയ ഒരു ട്രഷര്‍ ഹണ്ടാണ്. ആരാണ് നിങ്ങളുടെ കുട്ടി, എന്താണ് അവന്റെ ടാലന്റ്, എവിടെയാണ് അവന് ഫോക്കസ് കൊടുക്കേണ്ടത് എന്ന് മനസ്സിലാക്കുന്ന ഒരു രക്ഷാകര്‍തൃ രീതി, നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്നും വലിയ രീതിയില്‍ വളര്‍ന്നിട്ടില്ല.
*ലോകത്തിലെ ഏറ്റവും വലിയ ബാല്യം *
കുട്ടിയുടെ കഴിവിനും ഇഷ്ടത്തിനും ഇവിടെ യാതൊരു പ്രാധാന്യവുമില്ല. രക്ഷിതാക്കള്‍ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ചേര്‍ന്ന്, രക്ഷിതാക്കള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സ് പഠിച്ച്, രക്ഷിതാക്കള്‍ കാണിച്ചുതരുന്ന പങ്കാളിയെ വിവാഹം കഴിച്ച് നാം കഴിഞ്ഞുകൂടുന്നു. ഒരു പരിധിവരെ ഇന്ത്യന്‍ സമൂഹത്തില്‍ ടാലന്റ് വളരാത്തതിന്റെ ഒരു കാരണം പരമ്പരാഗതമായ രീതിയില്‍നിന്ന് മാറിച്ചിന്തിക്കാനുള്ള കഴിവില്ലായ്മ കൂടിയാണെന്ന്, രാമചന്ദ്ര ഗുഹ എഴുതിയിരുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബാല്യമുള്ള ജനതയാണ് നാം എന്നാണ് പറയുക. വിദേശ രാജ്യങ്ങളിലൊക്കെ 18 വയസ്സ് കഴിയുമ്പോഴേക്കും പാര്‍ട്ട് ടൈം ജോലി ചെയ്ത് സ്വതന്ത്രരാവുന്ന തലമുറയെയാണ് കാണുന്നത്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും ക്രൈസിസ് മാനേജ് ചെയ്യാനും അവര്‍ക്ക് അതുമൂലം പെട്ടെന്ന് കഴിയും. ഇത് ഉന്നത വിദ്യാഭ്യാസ വിചക്ഷണര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. 25 വയസ്സായിട്ടും സ്വന്തമായി ഒരു കപ്പ് കാപ്പിയുണ്ടാക്കണമെങ്കില്‍ അമ്മയെ ഫോണില്‍ വിളിച്ച് തിരക്കേണ്ട അവസ്ഥ. സ്വന്തം അടിവസ്ത്രം അവനവന്‍ കഴുകുന്ന സ്വാശ്രയത്വംപോലും നമ്മുടെ വീടുകളില്‍ ഇനിയുമെത്തിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റും മീഡിയാ വിദഗ്ധനുമായ സിദ്ധാര്‍ഥ ബസു പറഞ്ഞത് ഇങ്ങനെ: ''നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരെക്കാള്‍ അക്കാദമിക് ബ്രില്യന്‍സ് ഉണ്ട്. മാര്‍ക്കും റാങ്കുമുണ്ട്. പക്ഷേ, അവര്‍ തോറ്റുപോകുന്നത്, ക്രൈസിസ് മാനേജ്മെന്റിലും ഡിസിഷന്‍ മേക്കിംഗിലുമൊക്കെയാണ്. അതിനു കഴിയാത്തത് അവര്‍ക്ക് കിട്ടിയ പരമ്പരാഗത പാരന്റിംഗ് രീതി മൂലമാണ്.'' ഇന്ത്യയിലെ പത്ത് വയസ്സുകാരനെയും ഒരു വിദേശ പയ്യനെയും താരതമ്യപ്പെടുത്തുക. ആ പത്തു വയസ്സുകൊണ്ട് നീന്തലും സ്പീഡ് സൈക്ലിങ്ങും പ്രസംഗവും ഡാന്‍സും മാര്‍ഷ്യല്‍ ആര്‍ട്‌സുമെല്ലാം അവന്‍ ഒരു പരിധിവരെ സ്വായത്തമാക്കിയിരിക്കും. സഭാകമ്പം ഒട്ടും ഇല്ലാത്തവനായിരിക്കും. പക്ഷേ, വീട്ടില്‍നിന്ന് സ്‌കൂള്‍ ബസ്സിലോ ഓട്ടോയിലോ പോയിവരുന്ന, കൂട്ടിലിട്ട കിളിയെപ്പോലുള്ള നമ്മുടെ ഒരു പത്തുവയസ്സുകാരനോ? ഒരു തെരുവ് നായ ഓടിക്കാന്‍ വന്നാല്‍ പോലും എന്തുചെയ്യണമെന്നറിയില്ല. കോളേജ് വിദ്യാര്‍ഥികള്‍ക്കുപോലും ഫസ്റ്റ് എയ്ഡിനെക്കുറിച്ച ഒരു ധാരണയുമില്ല.
കുട്ടികളെ ഏതു കാലവും ഉള്ളം കൈയില്‍വെച്ച് അവര്‍ക്കായി ജീവിക്കുന്നവർ സ്വന്തം ഇഷ്ടവും മക്കളുടെ ഇഷ്ടവും ഒരുപോലെ ബലി കഴിക്കുകയാണ്. ആധുനിക കാലത്ത് താല്‍പര്യം എന്ന വാക്കിന് ഏറെ പ്രാധാന്യമുണ്ട്. മായാവി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട് : ''ഒന്നുകില്‍ ബി.എക്ക് പഠിക്കാം. അല്ലെങ്കില്‍ എം.എക്ക്. പക്ഷേ എം.ബി.എ എന്ന് പറഞ്ഞ് ഇത് രണ്ടുംകൂടി കുത്തിക്കയറ്റിയാല്‍ തലച്ചോറ് തകര്‍ന്നുപോവും.'' സമാനമായ അവസ്ഥയാണ് കേരളത്തിലെ പല കുട്ടികള്‍ക്കും. രക്ഷിതാക്കളുടെ താല്‍പര്യത്തിനനുസരിച്ച്, പാട്ടും നൃത്തവും യോഗയും ട്യൂഷനുമൊക്കെയായി എന്തൊരു ലോഡാണ് അവന്റെ/അവളുടെ തലയില്‍ കയറ്റിക്കൊടുക്കുന്നത്. എന്നിട്ട് രക്ഷിതാവ് നിനക്ക് ഞാന്‍ എല്ലാ സ്വാതന്ത്ര്യവും തന്നു, നിനക്കുവേണ്ടി ജീവിച്ചു എന്ന് പറയുകയും ചെയ്യും! അതുകൊണ്ടുതന്നെ പരീക്ഷാ പേടിയടക്കം ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മാറേണ്ടത് കുട്ടികളല്ല, രക്ഷിതാക്കള്‍ തന്നെയാണെന്ന് വ്യക്തം.
*നിരോധിക്കരുത്, നിയന്ത്രിക്കാം*
ഓരോ കുട്ടിയും വ്യത്യസ്തരാണ്, താരതമ്യം പാടില്ല എന്നതാണ് ഗുഡ് പാരന്റിങ്ങിന്റെ ആദ്യത്തെ സുവർണ്ണ തത്ത്വം. എന്ത് പ്രശ്നവും പറയാന്‍ കഴിയുന്ന മുതിര്‍ന്ന സുഹൃത്ത് എന്ന ഇമേജാണ് രക്ഷിതാക്കള്‍ ഉണ്ടാക്കിയെടുക്കേണ്ടത്. ഒരു പരീക്ഷകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല എന്നും, പരമാവധി പരിശ്രമിച്ചുകഴിഞ്ഞാല്‍ പിന്നെ റിസള്‍ട്ടിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല എന്നുമുള്ള ആത്മവിശ്വാസം പകര്‍ന്നു കൊടുക്കണം. ആ ധൈര്യമുണ്ടെങ്കില്‍ പിന്നെ പേടിമൂലം പഠിച്ചത് മറന്നുപോകുന്ന അവസ്ഥ ഉണ്ടാവില്ല. ഒരു ഉല്ലാസ യാത്രക്ക് പോകുന്നപോലെ സന്തോഷവാനായി പരീക്ഷാഹാളിലേക്ക് പോകണം എന്നാണ് ആധുനിക മാനേജ്മെന്റ് വിദഗ്ധര്‍ പറയുന്നത്.
പരീക്ഷാ കാലത്ത് ഫോണിനെയും ടാബിനെയും ഇന്റര്‍നെറ്റിനെയുമൊക്കെ ചെകുത്താനെപ്പോലെ കാണുന്നവരുണ്ട്. അതിന്റെ ആവശ്യമില്ല. ഫോണില്‍ ഒരു സന്ദേശം വന്നോയെന്ന് പരിശോധിക്കാനോ കുറച്ച് സമയത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ പഠനത്തില്‍നിന്ന് നിങ്ങളുടെ കുട്ടി ഒരിടവേള എടുക്കുകയാണെങ്കില്‍ കുഴപ്പമില്ല. ഫോണിലും ഇന്റര്‍നെറ്റിലും ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് കൃത്യമായ ആത്മനിയന്ത്രണം അവരില്‍ ഉണ്ടാക്കണം. പക്ഷേ, നെറ്റും ഫോണുമൊക്കെ പൂര്‍ണമായും നിരോധിക്കുന്നത് നെഗറ്റീവായ ഫലമാണ് അവനില്‍ ഉണ്ടാക്കുക. ഇതിന് പകരമായി ഒന്ന് നടക്കാന്‍ പോകാനോ കുറച്ചു സമയം പാട്ട് കേള്‍ക്കാനോ ആവശ്യപ്പെടാം. ഇത് കുട്ടിയുടെ ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
ഒരു രക്ഷിതാവെന്ന നിലയില്‍ ജയപരാജയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും കുട്ടിയെ സ്വാധീനിക്കും. ഉദാഹരണത്തിന്, 90 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്നത് പരാജയമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ കുട്ടിയും അബോധത്തില്‍ ഇത് സ്വീകരിക്കുന്നു. അതിനാല്‍, 85 ശതമാനം മാര്‍ക്ക് വാങ്ങിയാല്‍പോലും അവന്‍ നിരാശനായി കാണപ്പെടുന്നു. വിജയം എങ്ങനെ ആഘോഷിക്കപ്പെടുന്നുവോ അതുപോലെ, പരാജയത്തെ എങ്ങനെ മാനേജ് ചെയ്യണമെന്നും കുട്ടികളെ പഠിപ്പിക്കണം. അതില്ലാത്തതുകൊണ്ടാണ് ഒരു തോല്‍വിയില്‍ അവര്‍ തകര്‍ന്നുപോകുന്നത്.
*പുലര്‍ച്ചെ പഠിച്ചാല്‍ ഓര്‍മശക്തി കൂടുമോ? *
മലയാളി കാലങ്ങളായി പിന്തുടരുന്ന ഒരു വിശ്വാസമാണ്, രാത്രി നേരത്തെ ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നത് നല്ലതാണെന്ന്. ഇതിന് ശാസ്ത്രീയമായ തെളിവുകളില്ല. രാവിലെ എണീറ്റ് ശീലമായവര്‍ അങ്ങനെ പഠിക്കട്ടെ. പക്ഷേ, നിങ്ങളുടെ കുട്ടിക്ക് രാത്രി വൈകി പഠിക്കുകയും, പകല്‍ അല്‍പ്പം വൈകി എഴുന്നേല്‍ക്കുകയും ചെയ്യുകയാണ് താല്‍പര്യമെങ്കില്‍ അത് തടയേണ്ടതില്ല. കൗമാരക്കാരില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം അവനെ രാത്രിയില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ പ്രേരിപ്പിക്കുമെന്നും നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആ രീതിയില്‍ യൂറോപ്പിലെ പല സ്‌കൂളുകളും സമയം ക്രമീകരിച്ചിട്ടുണ്ട്. അതിരാവിലെയുള്ള സ്‌കൂളിങ്ങ് ലേറ്റാക്കി അവര്‍ ഹോര്‍മോണ്‍ ഫ്രണ്ട്ലിയാവുന്നു!
കൗമാര പ്രായത്തില്‍ കുട്ടികള്‍ കൂടുതല്‍ ഉറങ്ങാന്‍ സാധ്യതയുണ്ട്. ഉറക്കം മുറിയുകയാണെങ്കില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയാതെ വരും. പരീക്ഷക്കാലത്ത് ഏറ്റവും പ്രധാനമാണ് മതിയായ ഉറക്കം. കുട്ടികളുടെ പിറകെ നടക്കാതെ അവരെ ക്രിയാത്മകമായി സഹായിക്കുന്ന ആളാവണം നല്ല രക്ഷിതാവ്. ടൈം ടേബിള്‍ ഉണ്ടാക്കാന്‍ സഹായിക്കുക, അവര്‍ക്ക് വ്യക്തമല്ലാത്ത ആശയങ്ങൾ വിശദീകരിച്ചു കൊടുക്കുക, കുറച്ച് സമയം വിശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുക, എഴുതുന്നതിലും ഉത്തരങ്ങള്‍ ക്രമപ്പെടുത്തുന്നതിലും വേഗത കുറവാണെങ്കില്‍ വീട്ടില്‍ പരീക്ഷ നടത്തുക- തുടങ്ങിയവയൊക്കെ ചെയ്യാം.
ഉയര്‍ന്ന ക്ലാസിലെ പല കുട്ടികളും പഠനത്തോട് ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ട്. അതിനാല്‍, അവരെ പൂര്‍ണമായും നിയന്ത്രിക്കുന്നത് ഒഴിവാക്കി, അവരുടേതായ നിലയില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കുക. അമിതമായ നിരീക്ഷണവും ഉപദേശവും നന്നായി പഠിക്കാന്‍ സഹായിക്കില്ല. ഹൈസ്‌കൂളിലായിട്ടും കുട്ടികളുടെ കൂടെയിരുന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ധാരാളമാണ്. ഇത് പിന്തുണ നല്‍കുന്നതിന് പകരം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറുന്നതിന് തുല്യമാണ്. ഏതെങ്കിലും വിഷയങ്ങളോ ആശയങ്ങളോ മനസ്സിലാക്കാന്‍ സഹായം വേണമെങ്കില്‍ നിങ്ങളെ സമീപിക്കാമെന്ന് പറയുക. പക്ഷേ, കമ്പൈന്‍ഡ് സ്റ്റഡിയില്‍ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ മേല്‍നോട്ടം അനിവാര്യമാണ്. അല്ലാത്ത പക്ഷം ഈ പ്രായത്തിലെ കുട്ടികള്‍ കൂട്ടുകൂടുമ്പോഴുള്ള സ്വാഭാവികമായ വിഷയങ്ങളിലേക്ക് ചര്‍ച്ച പോവും. പഠനം നടക്കില്ല. ഒരു ബ്രേക്ക് എന്ന നിലയില്‍ കൂട്ടുകാരുമായി സംസാരിച്ച് റിലാക്സ് ചെയ്ത് വീണ്ടും പഠനത്തിലേക്ക് പോകുന്നതാണ്, റിസള്‍ട്ട് ഓറിയന്റഡായി നോക്കുമ്പോള്‍ നല്ലത്.
*അതിനും ചികിത്സയുണ്ട്*
ശ്രദ്ധ ചെലുത്തി പഠിക്കാന്‍ സാധിക്കാതെ വരിക, പഠിച്ചതെല്ലാം മറന്നുപോവുക, ചില വിഷയങ്ങള്‍ തീരെ പഠിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. കൂടാതെ കുട്ടികള്‍ കൂടുതല്‍ ഉറങ്ങുകയോ, തീരെ ഉറങ്ങാതിരിക്കുകയോ ചെയ്യുന്നു. മറ്റു ചിലര്‍ക്ക് പരീക്ഷക്ക് തൊട്ടുമുമ്പ് വയറിന് പ്രശ്‌നമുണ്ടാകുന്നു. ഇവയെല്ലാം തന്നെ പരീക്ഷയുണ്ടാക്കുന്ന മാനസിക സമ്മര്‍ദങ്ങളുടെയും ഉത്കണ്ഠകളുടെയും അടയാളങ്ങളാണ്. കുട്ടിയുമായി ആത്മബന്ധമുള്ള ഒരു രക്ഷിതാവിന് ഇത് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. സമാധാനമായി ഇരുന്ന്, ഒന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്നമാണ് ഇതെല്ലാം. ഉത്കണ്ഠാ രോഗം വല്ലാതെ കൂടിയാലേ മെഡിക്കല്‍ സഹായം വേണ്ടതുള്ളൂ.
പേടി എന്നത് മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളില്‍ ഒന്നാണ്. പരിണാമപരമായി നാം അതിജീവിച്ചതും ഈ പേടി കൊണ്ടുതന്നെയാണ്. അതൊരു മോശം കാര്യവുമല്ല. പരീക്ഷാപേടിയും സ്വാഭാവികമാണ്. പക്ഷേ, അത് അമിതമാവുമ്പോള്‍ മാത്രമാണ് ചികിത്സ വേണ്ടിവരുന്നത്. ഇന്ന് ഇത്തരം ആങ്‌സൈറ്റി രോഗം മനസ്സിലാക്കാനും വിലയിരുത്താനും ശാസ്ത്രീയമായ നിരവധി രീതികളുണ്ട്. ചെറിയ കുട്ടികള്‍ക്ക് പ്ലേ തെറാപ്പിയും ആര്‍ട്ട് തെറാപ്പിയുമുണ്ട്. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും റിലാക്‌സേഷന്‍ രീതികളും മുതിര്‍ന്ന കുട്ടികളില്‍ വളരെ ഫലപ്രദമാണ്. ഉത്കണ്ഠാ രോഗം ഗുരുതരമാണെങ്കില്‍ മാത്രമാണ് മരുന്നുകള്‍ ഉപയോഗിക്കുക. എന്റെ കുഞ്ഞിന്റെ ജീവിതം പോയെന്ന നിലവിളി വേണ്ട. ചെറിയ ചികിത്സകളിലൂടെ ഭേദമാക്കാവുന്നതേയുള്ളൂ. ശരീരത്തിന് അസുഖം വരുന്നതുപോലെ സ്വാഭാവികമാണ് മനസ്സിന് അസുഖം വരുന്നതും. രക്ഷിതാക്കള്‍ തങ്ങളുടെ പരമ്പരാഗത ധാരണകള്‍ തിരുത്താന്‍ ശ്രമിക്കണം. മാറുന്ന സമൂഹത്തിനൊപ്പം അവരും മാറേണ്ടിയിരിക്കുന്നു.