ആരോഗ്യരംഗത്ത് കേരളം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുന്നില്‍നിന്ന് നയിച്ച് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച ഡോ: റംലാ ബീഗം
ഡെപ്യൂട്ടി കളക്ടര്‍ ഇ അബ്ദുല്‍ ഖാദറിന്റെ തിരുവനന്തപുരം ജില്ലയിലെ വേങ്ങോട് തോന്നക്കല്‍, വിളയില്‍ വീട്. ഓടിട്ട ആ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ സഹധര്‍മിണി ഐഷ ബീവി. ഐഷ ബീവിയുടെ ഉമ്മ സല്‍മ ബീവിയുടെ പരിലാളനകളില്‍ അഞ്ച് മക്കള്‍... ഒന്നാമത്തെ പെണ്ണ് റംല. സഹോദരങ്ങള്‍, നൂര്‍ജഹാന്‍, മുംതാസ്, കൊച്ചു ബഷീര്‍.
പറമ്പിലെ വിശാലമായ ചക്കരമാവിന്‍ ചോട്ടില്‍ കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോള്‍ റംല മാത്രം മുന്നില്‍ക്കണ്ട ചെടികളോട് 'എന്നതാ.. അസുഖം.. പനി ഉണ്ടോ... ജലദോഷം ആണോ... മഴ നനഞ്ഞോ ഇന്നലെ...' എന്നിങ്ങനെ കൊച്ചു ഡോക്ടര്‍ അഭിനയിച്ച് കുശലാന്വേഷണം നടത്തും. നിറയെ ചുവന്ന പൂക്കളോടെ തലയാട്ടി നില്‍ക്കുന്ന റോസാക്കമ്പിനോട് റംലമോള്‍ കുശലം പറയുന്നു: ''റോസാച്ചെടിയേ, നിന്റെ മുള്ളുകൊണ്ട് ഉപദ്രവിക്കല്ലേ...കൈയിലിരുന്ന കുപ്പിയിലെ വെള്ളം റോസിന്റെ തുമ്പില്‍ ഒഴിച്ചു കൊടുത്ത്, നിലത്തു നിന്നൊരു വെള്ളാരം കല്ലെടുത്ത് റോസിനു നേരെ നീട്ടി ''ഇന്നാ... ഈ ഗുളികയും കഴിച്ചോ...'
കുഞ്ഞു ബാല്യത്തിലേ റംല മോളുടെ സ്വപ്നങ്ങളില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുടവൂര്‍ ജി.എച്ച്.എസില്‍ ചേര്‍ന്നു.
മദ്‌റസയിലും എല്‍.പി, യു.പി ക്ലാസുകളിലും പഠനത്തില്‍ റംല ഒന്നാമതായി... അന്നത്തെ കടുകട്ടിയായ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 60 ശതമാനത്തിലധികം മാര്‍ക്ക്. സയന്‍സ് വിഷയങ്ങളില്‍ നൂറില്‍ നൂറ്...
എല്ലാവര്‍ക്കും കണ്ണിലുണ്ണിയായിരുന്നു റംല.
പിതാവിന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം മഹാരാജാസ് പെണ്‍കലാലയത്തില്‍ ആയിരുന്നു. അവിടെ പാഠ്യേതര വിഷയങ്ങളില്‍ ഉപന്യാസം, ക്വിസ് മത്സരങ്ങളില്‍ ഒന്നാമതായിരുന്നു.
ബാല്യകാല മോഹം സാക്ഷാല്‍ക്കരിക്കാന്‍ 1977-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ഡോ. പൈ, തോമസ് ചെറിയാന്‍, നമ്പൂതിരി ഡോക്ടര്‍ എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലന്ന് കെങ്കേമന്മാര്‍. 'പൈ സാറിന്റെ ക്ലാസുകള്‍ വലിയ പ്രചോദനമായിരുന്നു... പാവപ്പെട്ട രോഗികള്‍ക്ക് താങ്ങും തണലുമാകാന്‍ പൈ സാറിന്റെ സ്വഭാവം, രോഗികളോടുള്ള സഹതാപം... എല്ലാം എനിക്ക് വഴിവെളിച്ചമായി...' റംല ഓര്‍ക്കുന്നു:
എം.ബി.ബി.എസ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ മുസ്ലിം പെണ്‍കുട്ടികളില്‍ റംല ഒന്നാമതായിരുന്നു. സത്യപ്രതിജ്ഞ ചൊല്ലി ഡോക്ടര്‍ ബിരുദവുമായി കുഴലും കഴുത്തിലിട്ട് റംല, ഹൗസ് സര്‍ജന്‍സി നാളുകളില്‍ കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി.
നിര്‍ധനരായ രോഗികള്‍ ഡോ: റംലയുടെ ഒരു സ്പര്‍ശത്തിനായി കാത്തുനിന്നു. ''ഗുളികയും മരുന്നും വേണ്ട, റംല ഡോക്ടര്‍ ഒന്നു തൊട്ടു മിണ്ടിയാല്‍ മതി...''
ഇത് ഗ്രാമീണ ഡിസ്‌പെന്‍സറികളില്‍ വരെ പതിവു ചൊല്ലായി. എം.ഡി ബിരുദാനന്തരം റേഡിയോളജി വിഭാഗത്തിലാണ് പ്രാക്ടീസ് തുടങ്ങിയത്. 1982-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ, ഹൃദ്രോഗ ചികിത്സാരംഗത്ത് പുകള്‍പെറ്റ ഡോ. എസ്. അബ്ദുല്‍ ഖാദറാണ് റംലക്ക് താലി ചാര്‍ത്തിയത്.
അനുഭവങ്ങള്‍
1991-ല്‍ അസി. പ്രഫസറായി റേഡിയോളജി വിഭാഗത്തില്‍ എത്തിയ റംല 1997-ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രഫസറായി. പിന്നീട് വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ അടക്കം വിവിധ തസ്തികകളില്‍ സേവനം. 2022 മെയ് 31-ന് സര്‍വീസില്‍നിന്നു വിരമിക്കും വരെ ആരോഗ്യപരിപാലന രംഗത്ത് സാന്ത്വനമേകി വിവിധ പദവികളലങ്കരിച്ചു. 2016 മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനമെന്ന ഉന്നത പദവി ഏറ്റെടുത്തു. 40 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നാലു മുഖ്യമന്ത്രിമാരുടെയും അഞ്ച് ആരോഗ്യ മന്ത്രിമാരുടെയും ടീമില്‍ പ്രവര്‍ത്തിച്ചു. ഈയൊരു ഭാഗ്യം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ ഒരിടത്തും ഒരു മുസ്ലിം ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല.
രോഗിയെ പരിശോധിച്ച് രോഗ നിര്‍ണയം നടത്തി നല്ലൊരു ഡോക്ടറാവുന്നതുപോലെ തന്നെ എം.ബി.ബി.എസിനു ചേര്‍ന്ന കുട്ടികളെ പഠിപ്പിച്ചു ഡോക്ടറാക്കുക എന്നതും രോഗീ പരിചരണം പോലെ സംതൃപ്തി നല്‍കുന്ന ഒന്നാണ് ഡോ: റംലക്ക്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലെ സേവന കാലമാണ് അവര്‍ക്ക് ഏറ്റവും അഭിമാനകരമായി തോന്നുന്നത്. കാരണം, സി.ടി സ്‌കാനിംഗും എം.ആര്‍.ഐ സ്‌കാനിംഗുമൊക്കെ തിരുവനന്തപുരം ശ്രീചിത്രയില്‍ പോയി ക്യൂ നിന്ന് വലഞ്ഞ് വേണം മറ്റു സ്ഥലങ്ങളിലെ രോഗികള്‍ക്ക് ചെയ്തുകിട്ടാന്‍. മറ്റു മെഡിക്കല്‍ കോളേജുകളില്‍, എക്‌സ് റേയിലടക്കം വിവിധ തരം വികാസങ്ങളുണ്ടാകുന്നതും പുതിയ മെഷിനറികളും സാങ്കേതിക വിദഗ്ധരും വരുന്നതും റംലയുടെ കാലത്താണ്.
വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഏഴ് വര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഡോ: റംല തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലായത്. പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങള്‍ക്കു പുറമെ കോളേജിന്റെ വിവിധ വിഭാഗങ്ങളിലും ശ്രദ്ധയെത്തണം. ഹൗസ് സര്‍ജന്‍സി വിഭാഗത്തിന് പഠനം സുസാധ്യമാവാന്‍ പല കാര്യങ്ങളും നടപ്പിലാക്കണം. ബജറ്റില്‍ ഒതുങ്ങിനിന്ന് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ശ്രദ്ധിച്ചു. ചെലവുകളും അതിന്റെ ഗുണഫലവും വിശകലനം ചെയ്ത് ബജറ്റ് പ്രപ്പോസല്‍ വേണം. എല്ലാറ്റിലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിജയിക്കാനായി എന്നതാണ് അവരുടെ അനുഭവം. തൃശൂരിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നാലര വര്‍ഷം പ്രിന്‍സിപ്പലായിരുന്നു. ഈ കാലത്താണ് നഗര ബഹളങ്ങളില്‍നിന്ന് വണ്ടാനത്തേക്ക് മെഡിക്കല്‍ കോളേജ് മാറ്റി സ്ഥാപിച്ചത്. വല്ലാത്ത സംഘര്‍ഷങ്ങള്‍ നേരിട്ട കാലമായിരുന്നു അത്. അന്ന് ആരോഗ്യ മന്ത്രി പി.കെ ശ്രീമതി ടീച്ചറായിരുന്നു. ധനകാര്യ മന്ത്രി തോമസ് ഐസക്, അമ്പലപ്പുഴ എം.എല്‍.എ ജി. സുധാകരന്‍ എന്നിവര്‍ നല്‍കിയ നിര്‍ലോഭ പിന്തുണയും അവര്‍ക്ക് മറക്കാനാവില്ല.
സേവനകാലത്ത് ഓരോ മെഡിക്കല്‍ കോളേജിന്റെയും ബന്ധപ്പെട്ട ആശുപത്രികളുടെയും സേവന മുഖം മാറ്റാന്‍ കഴിഞ്ഞു. അതിലേറ്റവും എടുത്തുപറയേണ്ടത് ആലപ്പുഴയില്‍ ഡെന്റല്‍-നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങിയതാണ്. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തിയുടെ നിറനിലാവുകളാണ് ആ മുഖത്ത്.
നിപ - പരീക്ഷണ ഘട്ടം
വലിയൊരു പരീക്ഷണ ഘട്ടമായിരുന്നു നിപ വൈറസ് കാലം. ആരോഗ്യ വകുപ്പിന്റെ ചുമതല വഹിച്ച നാളുകളിലായിരുന്നു അത്. 'നമുക്കാര്‍ക്കും മുന്‍ അനുഭവമുള്ള വിഷയമല്ലായിരുന്നു അത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ടീമിനെ പ്രത്യേകം അഭിനന്ദിക്കണം. മന്ത്രിയും വകുപ്പു സെക്രട്ടറിയും അടക്കം സകലരും കൈമെയ് മറന്ന് സഹകരിച്ചു. പി.പി.ഇ കിറ്റ് ധരിക്കാന്‍ പോലും പലര്‍ക്കും അറിവില്ല. ബൈസ്റ്റാന്റര്‍ ഇല്ല. ഓരോ രോഗിയും കെയര്‍ ടേക്കറും മാത്രം. രണ്ടാം നിപ എറണാകുളത്തായിരുന്നു. കോഴിക്കോട് ടീം വന്ന് എറണാകുളം സ്റ്റാഫിന് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു. മൂന്നാം നിപ കോഴിക്കോട് ബാധിച്ചപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് നിയന്ത്രണത്തിലായി.' ഭീതിയോടെ നാം കണ്ട ആ നാളുകള്‍ അവര്‍ ഓര്‍ക്കുകയാണ്.
അവര്‍ കൈകാര്യം ചെയ്ത മറ്റൊരു ദുരന്തമായിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ടപകടം. ഡി.എം.ഇ ആയി ചുമതലയേറ്റ് രണ്ടു മാസം കഴിഞ്ഞാണ് ആ മഹാദുരന്തം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ടീമാണ് അന്ന് രാപ്പകലില്ലാതെ അവിടെ സേവനമനുഷ്ഠിച്ചത്. നൂറുകണക്കിനാളുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വലിയ അത്യാഹിതമായിരുന്നു അത്. പൊള്ളലേറ്റവര്‍ക്ക് പ്രത്യേകം വാര്‍ഡ് വേണം. പ്രത്യേക ശുശ്രൂഷ വേണം. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഒരു 'ബേണ്‍സ് യൂനിറ്റ്' വേണമെന്ന ചിന്ത അവരില്‍ ഉടലെടുത്തതും അതിന് മുന്‍കൈ എടുത്തതും ഈ ദുരന്തത്തെ തുടര്‍ന്നായിരുന്നു. 'സര്‍ജന്മാര്‍, അനസ്തസ്റ്റിറ്റുകള്‍, നഴ്‌സുമാര്‍... തുടങ്ങി ബന്ധപ്പെട്ട എല്ലാവരും മൂന്നു ദിവസം ഓപ്പറേഷന്‍ തിയേറ്ററുകളില്‍നിന്ന് പുറത്തിറങ്ങാതെയാണ് ആസകലം പൊള്ളലേറ്റവരെ ശുശ്രൂഷിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മറക്കാനാവാത്തതാണ് ആ ദിനങ്ങള്‍.'
ഓര്‍മിക്കാനൊരു പ്രളയം
പ്രളയ കാലത്ത് ഏറെ ദുരിതം സൃഷ്ടിക്കുക പകര്‍ച്ച വ്യാധികളാണ്. മഹാപ്രളയത്തിന്റെ മൂന്നാം നാള്‍ മുതല്‍ എല്ലാ പഞ്ചായത്തുകളിലും ക്ലിനിക്കുകള്‍ തുടങ്ങിയിരുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടര്‍മാരുടെ ലിസ്റ്റുണ്ടാക്കി അവരെ സേവന മേഖലയിലേക്കിറക്കാന്‍ ഓടിനടന്നത് ആരോഗ്യവകുപ്പ് തലപ്പത്തുണ്ടായിരുന്ന ഡോ: റംലയായിരുന്നു. അത്യാവശ്യ മരുന്നുകള്‍ ശേഖരിച്ച് ഓരോ ദുരിതാശ്വാസ കേന്ദ്രങ്ങളിലും എത്തിച്ചു. ആലപ്പുഴയിലെ ഒരു ദുരിതാശ്വാസ കേന്ദ്രത്തിലെ അനുഭവം അവരോര്‍ക്കുന്നു: 'മങ്കൊമ്പിലാണെന്ന് തോന്നുന്നു, സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരമ്മ കാറിനരികില്‍ വന്നു. ''മോളേ, വീടും വീട്ടു സാമാനങ്ങളും എല്ലാം നശിച്ചു. ഇതാ... ഇതു മാത്രമാണുള്ളത്.'' അവര്‍ കൈ നിവര്‍ത്തിയപ്പോള്‍ അതിലൊരു കുട്ടിയുടെ ഫോട്ടോ. അത് കാണിച്ച് അവര്‍ പറഞ്ഞു: 'ഡോക്ടറമ്മാര് വന്ന് മരുന്നും ഇഞ്ചക്ഷനും നല്‍കി. എന്റെ കുഞ്ഞ് രക്ഷപ്പെട്ടു' ആ അമ്മ എന്റെ കൈകളില്‍ പിടിച്ച് പൊട്ടിക്കരഞ്ഞു.' ഇങ്ങനെ എത്രയോ കണ്ണീരുണങ്ങാത്ത ദൃശ്യങ്ങള്‍.
വെല്ലുവിളി ഉയര്‍ത്തിയ കോവിഡ് കാലം
'റബ്ബേ, അതൊരു വല്ലാത്ത സാഹചര്യമായിരുന്നു. മൊത്തം ആരോഗ്യമേഖലയില്‍ നവീകരണങ്ങളുണ്ടായി. തിരക്കുകള്‍ ഏറെയുള്ള നമ്മുടെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ സടകുടഞ്ഞ് ഉണരുകയായിരുന്നു. ഒരു ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യു ഒഴിവുണ്ടായിരുന്നില്ല. വിളിച്ചു പറയുമ്പോള്‍ സ്റ്റാഫിനെ എത്തിക്കണം. മരുന്നുകള്‍ ശേഖരിക്കണം. മഞ്ചേരിയില്‍ ബെഡ് ഫുള്ളായിരുന്നു. അനുനിമിഷം ഓരോ മെഡിക്കല്‍ കോളേജിലും സന്ദേശങ്ങള്‍ കൈമാറി സംവിധാനങ്ങള്‍ ഉണ്ടാക്കി. ആരോഗ്യമന്ത്രി മുതല്‍ താഴെ സെക്യൂരിറ്റി ജീവനക്കാര്‍ വരെ ഒറ്റക്കെട്ടായി തോളോടു തോള്‍ ചേര്‍ന്ന്.....'
നല്ല അഡ്മിനിസ്‌ട്രേറ്റര്‍
രോഗികളെ പരിശോധിക്കുക, ഔഷധം നിര്‍ണയിക്കുക- ഇതിലൊക്കെ നിയന്ത്രണം വന്നപ്പോള്‍ സ്വീകരിച്ച രീതികള്‍ കാരണം ആരോഗ്യ മേഖലയിലെ എറ്റം നല്ല അഡ്മിനിസ്ട്രേറ്റര്‍ എന്ന പേര് ഇതിനകം തന്നെ ഡോ. റംലക്ക് നേടിയെടുക്കാനായി. ഏതു ചുമതല വഹിക്കുമ്പോഴും അതിന്റെ ഗുണഫലം എല്ലാ മേഖലകളിലേക്കും വ്യക്തികളിലേക്കും വിന്യസിപ്പിക്കാനായി. കരള്‍ മാറ്റ ശസ്ത്രക്രിയകളൊക്കെയാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.വിവിധ ശസ്ത്രക്രിയകളില്‍ നല്ല റിസല്‍ട്ട് ഉണ്ടാക്കാന്‍ പരമാവധി ശ്രദ്ധിച്ചു.
മന്ത്രി, ഡോക്ടര്‍, നഴ്‌സ് തുടങ്ങി അക്കാലത്ത്് സ്ത്രീ സാന്നിധ്യം കേരളത്തിലെ ആരോഗ്യ മേഖലയില്‍ നവ്യാനുഭവങ്ങളായിരുന്നു. അവരടക്കമുള്ള സ്ത്രീകള്‍ ഗൃഹഭരണം പോലെ തന്നെയാണ് ആശുപത്രി കാര്യങ്ങളും കുറ്റമറ്റ രീതിയില്‍ ചെയ്തത്. സ്ത്രീകളായതുകൊണ്ട് വിവേചനമൊന്നും ഒരിടത്തും അനുഭവപ്പെട്ടിട്ടില്ല.
ജീവിത ശൈലീ രോഗങ്ങള്‍
ആരോഗ്യ രംഗത്ത് കേരളം നേരിടുന്ന കനത്ത പ്രതിസന്ധിയാണ് ജീവിത ശൈലീ രോഗങ്ങള്‍. പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനുമാണ് അതില്‍ മുഖ്യം. ഈ രണ്ടു രോഗങ്ങളുടെ അനുബന്ധമാണ് മറ്റു രോഗങ്ങള്‍. വൃക്ക രോഗം, ഹൃദ്രോഗം ഒക്കെ ആ വഴിയില്‍ വരുന്നതാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് മുഖ്യം. ഈ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഓരോ ജില്ലയിലും ഉയര്‍ന്ന നിലവാരത്തില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വേണം. 14 ജില്ലകളിലുമുള്ള ഇപ്പോഴത്തെ മെഡിക്കല്‍ കോളേജുകളെ പൂര്‍ണ സജ്ജമാക്കിയിട്ടേ ഇനി മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാവൂ. ഇടുക്കി, കോന്നി, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുള്ള പ്രവൃത്തികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.'
ആരോഗ്യമേഖലയുടെ ഡയറക്ടര്‍ എന്ന ഉന്നത പദവി അലങ്കരിച്ച് വിരമിച്ച ഡോ: റംലയും ഭര്‍ത്താവ് ഡോ: എസ്. അബ്ദുല്‍ ഖാദറും കോട്ടയത്തും ചങ്ങനാശ്ശേരിയിലുമായി വിശ്രമ ജീവിതം നയിക്കുകയാണ്.
മക്കള്‍: ഇ.വൈ എം.എഫ് ഹുസൈന്‍ (ഇന്‍ഫോ പാര്‍ക്ക്), സുമയ്യ എ. (ഡോ. ലേക് ഷോര്‍). മരുമക്കള്‍: ജന്നിഫര്‍ കബീര്‍ (കിംസ്), സിവ ഉണ്ണി (വെസ്റ്റ് സൈഡ് കോട്ടയം).
40 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നാലു മുഖ്യമന്ത്രിമാരുടെയും അഞ്ച് ആരോഗ്യ മന്ത്രിമാരുടെയും ടീമില്‍ പ്രവര്‍ത്തിച്ചു. ഈയൊരു ഭാഗ്യം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ ഒരിടത്തും ഒരു ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഒരു 'ബേണ്‍സ് യൂനിറ്റ്' വേണമെന്ന ചിന്ത ഉടലെടുത്തത്. മൂന്നു ദിവസം ഓപ്പറേഷന്‍ തിയേറ്ററുകളില്‍നിന്ന് പുറത്തിറങ്ങാതെയാണ് പൊള്ളലേറ്റവരെ ശുശ്രൂഷിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മറക്കാനാവാത്തതാണ് ആ ദിനങ്ങള്‍.