കേവലമൊരു പോസ്റ്റര്‍ ഗേള്‍ അല്ല ഈ ധീരയൗവനം

വി.പി.എ അസീസ് No image

ഭീകരത ക്രൂര നഖങ്ങളാഴ്ത്തിയതിനാല്‍ പിഞ്ഞിപ്പോയ സ്വജീവിതത്തെ സാഹസികവും ധീരവുമായ പരിശ്രമങ്ങളിലൂടെ വീണ്ടെടുത്ത ഇറാഖി പെണ്‍കൊടിയുടെ തുറന്നെഴുത്തുകളുടെ സമാഹാരമാണ് 'ദി ലാസ്റ്റ് ഗേള്‍' അഥവാ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ നാദിയ മുറാദ് ബാസി താഹയുടെ കണ്ണീരും ചോരയുമായിരുന്ന അതിജീവനത്തിന്റെ കഥ.
വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു നാദിയയുടെ ജനനം. അല്ലലില്ലാത്ത ശാന്തമായ ജീവിതം. എന്നാല്‍ ആ ഗ്രാമീണ സ്വഛതയെ 2014-ലെ ഒരു സംഭവം പാടേ തകര്‍ത്തു. 21 വയസ്സായിരുന്നു അപ്പോള്‍ അവളുടെ പ്രായം. വടക്കന്‍ ഇറാഖിലും സിറിയയുടെ വിവിധ മേഖലകളിലും ഐ.എസ് നടത്തിയ ഹീനമായ ആക്രമണം നാദിയയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തെ തകിടം മറിച്ചു. അവളുടെ ഉമ്മയെ ഐ.എസ് ഭീകരര്‍ വെടിവെച്ചുകൊന്നു. തുടര്‍ന്ന് അവളുടെ ആറ് സഹോദരന്മാരും തോക്കിനിരയായി. ആ വീട്ടില്‍ അവശേഷിച്ച നാദിയയെയും രണ്ട് സഹോദരിമാരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അജ്ഞാത ദിക്കിലുള്ള ഐ.എസ് താവളത്തിലാണ് അവള്‍ ചെന്നുപെട്ടത്. യുദ്ധോന്മത്തരായ ഐ.എസിലെ ചില യോദ്ധാക്കള്‍ കാമാര്‍ത്തരുമായിരുന്നു. അവര്‍ നാദിയയെ മാനഭംഗപ്പെടുത്തി. മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയായ അവള്‍ മനസ്സില്‍ ഒരു കാര്യം കുറിച്ചിട്ടു. ഏതു വിധേനയും ഇവിടെ നിന്ന് രക്ഷപ്പെടുക. താന്‍ മാത്രമല്ല ഭീകരതയുടെ ഇരയെന്ന് അവള്‍ തിരിച്ചറിഞ്ഞു. യസീദീ വംശജരായ നിരവധി പെണ്‍കുട്ടികളെ ഐ.എസ് തടവുകാരായി പാര്‍പ്പിച്ചിരിക്കുകയാണെന്നും അവരെ ലൈംഗിക അടിമകളായി ചൂഷണം ചെയ്യുകയാണ് ഐ.എസ് എന്നും അവള്‍ കണ്ടെത്തി. മര്‍ദനം തടവുപാളയത്തിലെ നിത്യാനുഭവമായിരുന്നു മാസങ്ങളോളം. സിഗരറ്റ് കുറ്റികള്‍കൊണ്ട് ശരീരഭാഗങ്ങള്‍ പൊള്ളിക്കല്‍, പ്രഹരം തുടങ്ങിയ ശിക്ഷകളിലൂടെ തന്നെയും ഇതര യസീദീ വംശജരായ പെണ്‍കുട്ടികളെയും അവര്‍ ദ്രോഹിച്ചു. യസീദീ വംശജരെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കുമെന്ന് ഭീകരര്‍ ഇടക്കിടെ പ്രഖ്യാപിച്ചിരുന്നതായി ദി ലാസ്റ്റ് ഗേളില്‍ വ്യക്തമാക്കുന്നുണ്ട് നാദിയ.
മാസങ്ങള്‍ക്കുശേഷം ആ നരക പാളയത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടാന്‍ അവള്‍ക്കു സാധിച്ചു. ഭീകരര്‍ കതകടക്കാന്‍ മറന്ന ഒരു സായാഹ്നത്തില്‍ അതിനിഗൂഢമായി അവള്‍ രക്ഷപ്പെട്ടു. ഓടിയും നടന്നും കിതച്ചും തളര്‍ന്നുമുള്ള ആ രക്ഷാപ്രയാണം ഒടുവില്‍ അവളെ യൂറോപ്പിലെ ജര്‍മനിയുടെ അതിരുകളിലാണെത്തിച്ചത്. കടലും മലകളും താണ്ടിയ അഭയാര്‍ഥി സംഘത്തില്‍ ഒരാളായി, ബോട്ടിലും കണ്ടെയ്‌നര്‍ ലോറികളിലുമേറി പ്രതീക്ഷയുടെ ചെറുനാളം തേടി ദുരിതഭരിതമായ ഒരു ദീര്‍ഘയാത്ര.
ജര്‍മനിയില്‍ സുരക്ഷാപൂര്‍ണമായ അഭയാര്‍ഥി ക്യാമ്പുകളുടെ തണലില്‍ ഉണ്ടുറങ്ങി സ്വസ്ഥ ജീവിതം നയിക്കുക അനായാസകരമാണ്. എന്നാല്‍ അത്തരം സുഖാലസ്യങ്ങള്‍ക്കു വേണ്ടി ജീവിതം പാഴാക്കില്ലെന്ന് നാദിയ ദൃഢപ്രതിജ്ഞ ചെയ്തു. തന്നെപ്പോലെ ഭീകര പീഡനങ്ങള്‍ക്കിരയായ പെണ്‍കൊടിമാരെയും യുദ്ധങ്ങളും സംഘര്‍ഷങ്ങളും ശിഥിലമാക്കിയ കുടുംബങ്ങളെയും രക്ഷിക്കുകയും വിമോചിപ്പിക്കുകയും ചെയ്യാനുള്ള പോംവഴി ആരായാന്‍ അവള്‍ ഉറച്ച തീരുമാനം കൈക്കൊണ്ടു. ഇരകളുടെ മോചനത്തിനും ഇരകളെ സഹായിക്കുന്നതിനും 'നാദിയാസ് ഇനിഷ്യേറ്റീവ്' എന്ന പേരിലുള്ള സന്നദ്ധവേദിക്ക് അവള്‍ രൂപം നല്‍കി. ഒപ്പം ഐ.എസിനെതിരായ പ്രചാരണങ്ങള്‍ക്കും അവള്‍ ചുക്കാന്‍ പിടിച്ചു.
'ദി ലാസ്റ്റ് ഗേള്‍' എന്ന ആത്മകഥ രചിച്ചതും മനുഷ്യാവകാശ പോരാട്ടങ്ങളുടെ ഭാഗമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയും അന്താരാഷ്ട്ര നിയമവിദഗ്ധയും അഭിഭാഷകയുമായ അമല്‍ കഌണിയുടെ (ഹോളിവുഡ് താരം ജോര്‍ജ് കഌണിയുടെ പത്‌നി) സഹായവും നിയമോപദേശവും ഈ സംരംഭങ്ങളില്‍ നാദിയക്ക് തുണയായി. 2016-ല്‍ 'ലാസ്റ്റ് ഗേള്‍' പ്രസിദ്ധീകരിച്ചതോടെ നാദിയ കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ന്നു. എഴുത്തിലെ ധീരതയെ മുന്‍നിര്‍ത്തിയുള്ള സഖറോവ് പ്രൈസ് ഈ പുസ്തകത്തെ തേടിയെത്തി. തൊട്ടുപിറകെ ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വില്‍ അംബാസഡറായി നാദിയ തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിലെ അഭയാര്‍ഥി ക്യാമ്പുകളോരോന്നും സന്ദര്‍ശിച്ച് നാദിയ അവിടങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യാശയുടെ സന്ദേശങ്ങള്‍ നല്‍കി. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ് തുടങ്ങിയ ലോകനഗരങ്ങളില്‍ പര്യടനം നടത്തി അഭയാര്‍ഥി പ്രതിസന്ധികെളയും ഐ.എസ് ഭീകരതയുടെ ആഘാതങ്ങളെയും സംബന്ധിച്ച് അവള്‍ പ്രചാരണങ്ങള്‍ നടത്തി.
അമല്‍ ക്ലൂണിയുടെ സഹായത്തോടെ അവള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഒടുവില്‍ ഫലം കണ്ടു. യുദ്ധത്തിന്റെയും ഭീകരതയുടെയും ഇരകളില്‍നിന്ന് നേരിട്ട് മൊഴിയെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ രക്ഷാസമിതിയില്‍ എത്തി. അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടത്തുമെന്ന പ്രമേയം 15 അംഗ രക്ഷാസമിതി ഏകകണ്ഠമായി പാസ്സാക്കുമ്പോള്‍ നാദിയ നിറമിഴികളോടെ യു.എന്‍ ആസ്ഥാനത്ത് അത് കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. ഐ.എസ് നടത്തുന്നത് വംശഹത്യയും യുദ്ധപാതകവുമായി പ്രഖ്യാപിക്കാന്‍ നാദിയ രക്ഷാസമിതിയോടാവശ്യപ്പെടുന്നു. ഒരുപക്ഷേ ഈ നീക്കത്തിന് പാശ്ചാത്യ പിന്തുണ ലഭ്യമാകില്ലെന്ന സൂചനയാണ് ചില നിരീക്ഷകര്‍ നല്‍കുന്നത്. കാരണം ഐ.എസ് അമേരിക്കന്‍ സൃഷ്ടിയാണെന്ന് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗാരികായ് ഉള്‍പ്പെടെയുള്ള ഗവേഷകര്‍ കരുതുന്നു. എണ്ണസമ്പന്നമായ പശ്ചിമേഷ്യയെ ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനും ഇറാന്റെ സ്വാധീനം തടയാനും ഐ.എസിനെപ്പോലുള്ള ഭീകര ഗ്രൂപ്പുകള്‍ അനിവാര്യമാണെന്ന് യു.എസ് കരുതുന്നുണ്ടത്രെ.
ബലാല്‍ക്കാരങ്ങള്‍ക്ക് ഇരയായിരുന്നിട്ടും വധഭീഷണികള്‍ ഉയര്‍ന്നിട്ടും സ്വന്തം ദൗത്യത്തില്‍നിന്ന് ഭയപ്പെട്ട് പിന്മാറാന്‍ തയാറല്ലെന്ന പ്രഖ്യാപനവുമായി നാദിയ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ഏറ്റവുമൊടുവില്‍ നോബല്‍ പുരസ്‌കാരവും ലഭിച്ചിരിക്കുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തലയില്‍ കൊള്ളാത്ത ആശയങ്ങള്‍ തിരുകിവെച്ച് മലാല യൂസുഫ് സായിയെ താലിബാന്റെ കണ്ണിലെ കരടായി വളര്‍ത്തിയെടുത്ത ബി.ബി.സിയുടെ തന്ത്രം ഇതിനകം മറനീക്കി പുറത്തുവരികയുണ്ടായി. ഭീകരതാ വിരുദ്ധ നീക്കങ്ങളുടെ പോസ്റ്റര്‍ ഗേളായി മലാല നിര്‍മിച്ചെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായ കൃത്രിമംലേശമില്ലാത്ത കഥയാണ് നാദിയയുടെ ജീവിതസാക്ഷ്യത്തിന്റേത്.
ജീവിതം സമ്മാനിച്ച ഹീന ലേബലുകളെ ഇഛാശക്തികൊണ്ടും കഠിന യത്‌നങ്ങള്‍കൊണ്ടും തൂത്തെറിയുന്നതില്‍ ഈ തരുണി വിജയം കൈവരിച്ചിരിക്കുന്നു. ജീവിതം ഏതു ലേബലുകളായിരുന്നു അവള്‍ക്കു ചാര്‍ത്തിയിരുന്നത്? അനാഥ, ബലാത്സംഗ ഇര, അടിമ, അഭയാര്‍ഥി.... തുടങ്ങിയ ഇരയുടെ മുദ്രകള്‍. മനുഷ്യാവകാശ പ്രവര്‍ത്തക, വനിതാ നേതാവ്, ഗ്രന്ഥകാരി, സമാധാന നോബല്‍ പുരസ്‌കാര ജേതാവ് തുടങ്ങിയ പുതു വിശേഷണങ്ങളാണ് ഇപ്പോഴവളെ പുല്‍കിക്കൊണ്ടിരിക്കുന്നത്. നിഷ്ഠുരതകളിലൂടെ നിശ്ശബ്ദയാക്കാനും അടിച്ചമര്‍ത്താനും സാധിക്കുമെന്ന് നിനച്ചവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ശബ്ദമില്ലാത്ത സര്‍വ പീഡിതരുടെയും ശബ്ദമായി ഉച്ചത്തില്‍ മുഴങ്ങാന്‍ ഇറാഖിലെ ഈ കുര്‍ദ് സമരവീര്യത്തിന് സാധിച്ചിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top