വനിതാദിന ചിന്തകള്‍
ആഘോഷിക്കാനും ആഹ്ലാദിക്കാനും ദിനങ്ങളേറെ നമുക്കുണ്ട്. പല പേരിലും പല അര്‍ഥത്തിലും. കറുത്ത അക്കങ്ങള്‍ മറഞ്ഞുപോകുമോ
ആഘോഷിക്കാനും ആഹ്ലാദിക്കാനും ദിനങ്ങളേറെ നമുക്കുണ്ട്. പല പേരിലും പല അര്‍ഥത്തിലും. കറുത്ത അക്കങ്ങള്‍ മറഞ്ഞുപോകുമോ എന്നുതോന്നുംവിധം ആഘോഷ ദിവസങ്ങളെ ചുവപ്പില്‍ അടയാളപ്പെടുത്തുകയാണ് കലണ്ടറുകള്‍. ഇക്കഴിഞ്ഞ മാസമാണ് പ്രേമദിനം ആഘോഷിച്ചത്. പ്രത്യേക കാര്‍ഡും മിഠായികളും ഇറക്കി റോഡുവക്കും കടല്‍ത്തീരവും പ്രേക്കൂത്തുകള്ക്ക് സാക്ഷ്യം വഹിച്ചു. ആരാണിവിടെ വിജയിച്ചതെന്ന് ചോദിച്ചാല്‍ ആശംസാ കാര്‍ഡും മധുരമിഠായിയും ഇറക്കിയവര്‍ തന്നെ. ഇതാരുടെ സംഭാവനയാണെന്ന് ചോദിച്ചാല്‍ സാമ്പത്തിക അധിനിവേശം നേടാന്‍ സാംസ്കാരിക മേല്‍ക്കോയ്മ നേടാന്‍ പരിശ്രമം നടത്തുന്ന പാശ്ചാത്യന്റേതെന്ന് തന്നെ. പടിഞ്ഞാറുനിന്ന് ഇറക്കുമതി ചെയ്തത് ലോകം സ്വീകരിച്ചതല്ലാതെ മറ്റൊരു സംസ്കാരവും അങ്ങോട്ട് കയറിച്ചെല്ലാറില്ല. എത്ര ശ്രമിച്ചിട്ടും പവിത്ര കുടുംബസങ്കല്‍പ്പവും ജീവിതവുമൊന്നും അങ്ങോട്ടേക്കടുക്കില്ല. ഇങ്ങനെ ആസ്വദിച്ച് തീര്ക്കുന്നവര്ക്കിടയിലേക്കാണ് മറ്റൊരു വനിതാ ദിനം കൂടി കടന്നുവരുന്നത്.
മാര്‍ച്ച് എട്ട് സാര്‍വ്വദേശീയ മഹിളകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ദിനമാണ്. അവസരസമത്വവും ലിംഗനീതിയും ഉറപ്പാക്കി സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള മുന്നേറ്റങ്ങള്‍ ലോകമൊട്ടുക്കും ഉണ്ടായിട്ടുള്ളത് പെണ്ണിനെ സംബന്ധിച്ചിടത്തോളം ശ്ലാഘനീയം തന്നെ. അതിനുവേണ്ടി പെണ്ണ് പോരാടിയേ പറ്റൂ.
എന്നാല്‍ ജൈവികതയെ നിരാകരിച്ചും അമര്ത്തിപ്പിടിച്ചുമാണ് പെണ്ണിന്റെ ക്രിയാശേഷിയെ സമൂഹത്തിന് മുതല്ക്കൂട്ടാക്കേണ്ടി വരുന്നതെങ്കില്‍ അതില്‍ അപാകതയില്ലേയെന്ന് ഈ വനിതാ ദിനത്തെ മുന്‍നിര്‍ത്തി ചോദിക്കേണ്ടിവരുന്നത് ഒരു പത്രവാര്‍ത്ത കണ്ടതില്‍ നിന്നാണ.് മാസങ്ങള്‍ക്കുമുമ്പ് സ്ത്രീ ജീവനക്കാരികള്‍ക്ക് പ്രത്യേകമായി ചില ആനുകൂല്യങ്ങളുമായി ചില കമ്പനികള്‍ മുന്നോട്ടു വന്നു. ആപ്പിള്‍, ഫേസ്ബുക്ക് പോലുള്ള വമ്പന്‍ ഐ.ടി കമ്പനികള്‍ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവം നീട്ടിവെക്കാന്‍ തയ്യാറായാല്‍ അവരുടെ പ്ര
ത്യുല്പാദനചെലവുകള് മൊത്തമായും ഏറ്റെടുക്കുമെന്ന ഓഫറുകളാണ് നല്‍കിയത്.
തൊഴില്‍ വിപണിയിലെ വിദഗ്ദരുടെ അഭാവമാണ് തൊഴില്‍ ധാതാക്കളായ ഇവരെ ഈ ആനുകൂല്യം നല്കാന് പ്രേരിപ്പിച്ചത്. പ്രസവാവധിയോ തൊഴില്‍, വിദ്യാഭ്യാസം എന്നിവക്ക് കുട്ടികള്‍ തടസ്സമാണെന്നോ തോന്നുന്നുവര്‍ക്ക് അണ്ഡത്തെ മരവിപ്പിച്ചുനിര്ത്താം. ആവശ്യമെന്ന് തോന്നുന്ന സമയത്ത് ഉപയോഗിക്കാമെന്ന സ്പെഷ്യല്‍ ഓഫറുമുണ്ട്. 10000 ഡോളറിലധികം ചെലവ് വരുന്നതാണ് ഈ പ്രക്രിയ. പരിപാലനച്ചെലവിനത്തിലേക്കായി 100 ഡോളറിലധികം വര്‍ഷാവര്‍ഷം ചെലവുണ്ടാകും. 20000 ഡോളറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
മെച്ചപ്പെട്ടൊരു തൊഴില്‍ സാധ്യമാവണമെങ്കില്‍ തലമുറകള്‍ക്ക് ജന്മം നല്കുന്ന പ്രക്രിയയില്‍ നിന്ന് സ്ത്രീ മാറിനില്‍ക്കണം എന്നാണിതിനര്‍ഥം.
മുതലാളിത്ത സമ്പദ്വ്യവസ്ഥയില് സ്ത്രീ എന്നും ഒരുല്‍പ്പന്നം മാത്രമാണെന്നും അതിനെ ആ നിലക്ക് കണ്ട് പരിപോഷിപ്പിക്കലാണെന്നും അതിന്റെ നിയമമാണ്. ആ നിയമത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണിവിടെ. ഏതൊരു ജീവിക്കും അതിന്റെ ജൈവികതയെ ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയുണ്ടെങ്കിലേ അതിജീവനം സാധ്യമാകൂ എന്നത് പ്രകൃതി നിയമമാണ്. ഇവിടെ പെണ്ണിന് അവളുടെ ജൈവികതയുടെ സാക്ഷാത്ക്കാരമായ മാതൃത്വത്തെ ഒതുക്കിനിര്‍ത്തേണ്ടി വരുന്ന തൊഴില്‍ സംസ്കാരമാണ് പോഷിപ്പിക്കപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ സമയങ്ങളില്‍ വേതനത്തോടുകൂടിയ ലീവനുവദിക്കുമ്പോള് ലീവ് പോയിട്ട് അത്തരമൊരു സംഭവം തന്നെ വേണ്ടായന്ന നിലപാടാണ് സ്വകാര്യതൊഴിലിടങ്ങളില് ശക്തി പ്രാപിക്കുന്നത്. തുല്യനീതിയും തുല്യവേതനവും ആവശ്യപ്പെട്ട് നടത്തിയ ഒരു ദിനത്തിന്റെ ഓര്‍മദിനത്തില്‍ സ്ത്രീയെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സമ്മതിക്കാത്ത വ്യവസ്ഥിതിയെക്കുറിച്ച പുനരാലോചനകള്‍ നല്ലതാണെന്നു തോന്നുന്നു.