പിടക്കോഴി കൂവുന്ന കാലം
തസ്ലീന.പി പാനായിക്കുളം
2015 മാര്‍ച്ച്
കാക്ക മലര്‍ന്നു പറക്കുന്നതും പെണ്ണ് തെങ്ങില്‍ കയറുന്നതും പൂവന്‍കോഴി മുട്ടയിടുന്നതുമെല്ലാം മാറ്റിപ്പറയേണ്ട സമയമായെന്ന് ബോധ്യപ്പെട്ടത്
കാക്ക മലര്‍ന്നു പറക്കുന്നതും പെണ്ണ് തെങ്ങില്‍ കയറുന്നതും പൂവന്‍കോഴി മുട്ടയിടുന്നതുമെല്ലാം മാറ്റിപ്പറയേണ്ട സമയമായെന്ന് ബോധ്യപ്പെട്ടത് ആരാമം പരിചയപ്പെടുത്തിയ തെങ്ങുകയറ്റക്കാരികളെ കണ്ടപ്പോഴാണ്. വീട്ടില്‍ വെറുതെയിരുന്ന് വാട്ട്‌സ്ആപ്പും ഫേസ്ബുക്കും ടി.വിയുമൊക്കെയായി സമയംകൊല്ലുന്നവര്‍ക്ക് പറ്റിയ പണി ചുറ്റുവട്ടത്തുതന്നെ ഒരുപാടുണ്ടെന്ന് അറിയാത്ത പ്രശ്‌നമാണ്. സാധ്യതകളെ പല വ്യക്തികളിലൂടെ പല ലക്കങ്ങളിലായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആരാമത്തിന് അഭിനന്ദനങ്ങള്‍.
കുട്ടികളോടിങ്ങനെയും
മക്കളോടൊപ്പം ഇത്തിരി നേരം ചെലവഴിക്കേണ്ടതിനെക്കുറിച്ച് ഷിഹാബ് കുനിങ്ങാട് ആരാമത്തിലെഴുതിയത് വായിച്ചപ്പോള്‍ ഒരു അനുഭവം ഓര്‍ത്തുപോയി. ഒരു പള്ളിയില്‍ നമസ്‌കരിക്കാനായി ഞാനും മൂന്നര വയസ്സുകാരനായ പേരക്കുട്ടിയും പോയി. രണ്ടാമത്തെ വരിയിലാണ് മറ്റുള്ളവരോടൊപ്പം ഞങ്ങള്‍ നിന്നത്. മോന്‍ നല്ല ഉന്മേഷത്തിലായിരുന്നു. അവന്‍ ഉച്ചത്തില്‍ ഇഖാമത്തിന്റെ വാക്കുകള്‍ ഏറ്റുപറഞ്ഞു.
'അല്ലാക്ബര്‍ അല്ലാക്ബര്‍'' അവന്‍ വാക്യങ്ങള്‍ ആവര്‍ത്തിച്ചു. നമസ്‌കാരത്തിനായി എഴുന്നേറ്റുനിന്നവരൊക്കെ അവന്റെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. കണ്ടവരുടെയൊക്കെ മുഖത്ത് പുഞ്ചിരി. എന്നാല്‍ മധ്യവയസ്സുള്ള ഒരു തലപ്പാവുകാരന്റെ മുഖഭാവം അത്ര സന്തോഷകരമല്ല. അപ്പോഴേക്കും ഞാന്‍ മറ്റുള്ളവരോടൊപ്പം നമസ്‌കാരത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു.
മുന്‍സ്വഫില്‍ നിന്നിരുന്ന തലപ്പാവുകാരന്‍ വന്ന് എന്റെ കൂടെ നില്‍ക്കുകയായിരുന്ന കുട്ടിയെ എടുത്ത് പള്ളിയുടെ പിന്‍ഭാഗത്തേക്ക് നടന്നു. അയാള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു: 'ഇത് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലമല്ല.''
നമസ്‌കാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞ ഞാന്‍ ആലോചിച്ചു. കുട്ടിയോടൊപ്പം ഞാനും പുറത്തു പോയാലോ?
ഒരുവിധം നമസ്‌കാരം കഴിഞ്ഞ് പുറത്തുവന്നപ്പോഴുണ്ട് മോന്‍ വാതില്‍പടിയും പിടിച്ച് ഹൗളിലെ വെള്ളംനോക്കി നില്‍ക്കുന്നു. ഈ പള്ളി എനിക്ക് പരിചിതമാണ്. പക്ഷേ അവനെ പരിചയമുള്ള ആരെയും അവിടെ കാണില്ല. ഒരു പക്ഷേ, തലപ്പാവുകാരന്‍ പള്ളി മുതവല്ലിയോ കമ്മിറ്റി മെമ്പറോ ആകാം. ഇത് അദ്ദേഹത്തിന്റെ അധികാരത്തില്‍ പെട്ടതാണോ? ക്ഷമിക്കുകയാണ് എനിക്കുത്തമം. ഞാന്‍ സാവധാനം അവന്റെ കൈയുംപിടിച്ച് എനിക്ക് പോകേണ്ടിയിരുന്ന ബന്ധുവീട്ടിലേക്ക് പോയി.
പ്രവാചകന്‍ (സ)യുടെ ജീവിതത്തില്‍ കുട്ടികളോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് നമുക്കറിയാം. പേരമക്കളായ ഹസനും ഹുസൈനും ചെറുപ്രായത്തില്‍ നമസ്‌ക്കാര സമയത്ത് പ്രയാസമുണ്ടാക്കിയപ്പോള്‍ പ്രവാചകന്‍ ആ കുട്ടികളോട് സ്വീകരിച്ച സ്‌നേഹമയമായ സമീപനം അറിയാത്തവരുണ്ടാവില്ല.
മൂന്നര വയസ്സുകാരന്‍ എന്റെ പൗത്രനാണ്. അവനെയും കൂട്ടി ബന്ധുവീട്ടിലേക്ക് പോയപ്പോള്‍ ഉണ്ടായ അനുഭവമാണിത്. ഈ വീട് ഒരു റെയില്‍വെ ഓവര്‍ബ്രിഡ്ജിന് അടുത്താണ്. മുകളില്‍ നാഷണല്‍ ഹൈവേ. താഴെ ചെറിയ പോക്കറ്റ് റോഡും. ആ റോഡിലൂടെ വേണം അവന്റെ കൈപിടിച്ചു നടക്കാന്‍. അതിനാല്‍ ഞാന്‍ അവനെയുംകൊണ്ട് പള്ളിയിലേക്ക് പോകാന്‍ മടിച്ചുനിന്നു. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ നടന്നതുതന്നെ
പള്ളിയില്‍ വളരെ പഴയ സമ്പ്രദായമാണ്. അവിടെ കാല്‍ കഴുകിക്കയറാനും മറ്റും വെള്ളം നിറയെ ഉള്ള ഹൗള് ആയിരുന്നു. കാല്‍ ഉരച്ചു കഴുകുമ്പോള്‍ കുട്ടികള്‍ മാത്രമല്ല, പ്രായമുള്ളവരും അതില്‍ വീഴാന്‍ സാധ്യത ഏറെയായിരുന്നു. കുട്ടികള്‍ മുങ്ങാന്‍ മാത്രം വെള്ളമുണ്ട്.
ഇതു മനസ്സിലാക്കി ഞാന്‍ അവനെ കാല്‍ കഴുകാന്‍ സഹായിച്ച് എന്റെ അടുത്തു തന്നെ ഇരുത്തിയത്. അപ്പോഴാണ് മേലെ പറഞ്ഞ സംഭവങ്ങളെല്ലാം ഉണ്ടായത്. ഒരു ചെറിയ അധികാരം കൈവശമുണ്ടെങ്കില്‍ നമ്മുടെ ആളുകളുടെ അവസ്ഥ ഇതാണ്. ഇവരൊക്കെ മക്കളോടൊപ്പം എത്ര നേരമാണാവോ സന്തോഷത്തോടെ ചിലവഴിക്കാറുള്ളത്?
കീഴല്‍ മൂസ്സ
വടകര
മുഖം മനസ്സിന്റെ കണ്ണാടി
ഡിസംബര്‍ ലക്കം ആരാമത്തില്‍ പ്രസിദ്ധീകരിച്ച ചര്‍ച്ച- മുഖം മറക്കാത്ത സംവാദങ്ങള്‍ വായിക്കാനിടയായി. പലരുടെയും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വായിച്ചു. അതില്‍നിന്ന് പലതും കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ച ആരാമത്തിന് ആദ്യമായി നന്ദി. എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ഡോ: ഫസല്‍ ഗഫൂറിന്റെ ലേഖനമാണ്. കത്ത് എഴുതിയ പലരുടെയും വ്യത്യസ്തമായ അഭിപ്രായങ്ങള്‍, വായിച്ച എല്ലാവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാനുള്ള സന്ദര്‍ഭങ്ങള്‍ ലഭിച്ചിരിക്കാം. എന്നാല്‍ എന്റെയും അഭിപ്രായം അറിയിക്കട്ടെ. പര്‍ദ്ദ എന്ന വാക്കിന്റെ അര്‍ഥം മറവ് എന്നാണല്ലോ. ഞാന്‍ വളരെ ചെറുപ്പം മുതലേ സൗദി അറേബ്യയിലായിരുന്നു. അക്കാലത്ത് നമ്മുടെ നാട്ടില്‍ പര്‍ദ്ദധാരിണികള്‍ വളരെ കുറവായിരുന്നു.
1972-ല്‍ ബോംബെയില്‍ എത്തിയപ്പോള്‍ ബിസ്ഥി മുഹല്ലായിലും സാമ്പൂല്‍ സിദ്ധീഖി, മുസാഫിര്‍ ഖാനയുടെ അടുത്തൊക്കെ പര്‍ദാധാരികളെ കണ്ടിരുന്നുവെങ്കിലും അവരാരും പര്‍ദകൊണ്ട് മുഖം മറച്ചിരുന്നില്ല. കൂടാതെ അവരുടെയൊക്കെ പര്‍ദ കളര്‍ പര്‍ദകളായിരുന്നു. അതില്‍ രണ്ടുമൂന്ന് കറുത്ത പര്‍ദക്കാരികളെ കണ്ടപ്പോള്‍ അവര്‍ മലയാളം സംസാരിക്കുന്നതുകേട്ടപ്പോള്‍, അവര്‍ കണ്ണൂരില്‍ നിന്നും കാസര്‍കോഡില്‍ നിന്നും വന്നവരായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. കളര്‍പര്‍ദ ധരിച്ചവര്‍ ഗുജറാത്തില്‍ നിന്നും ഹജ്ജിന് പോകാനായി വന്നവരായിരുന്നു. നീല പര്‍ദ ധരിച്ച മൂന്ന് സ്ത്രീകള്‍ ഹൈദരാബാദില്‍നിന്നും വന്നവരായിരുന്നു. എന്നാല്‍ അവരാരും മുഖം മറച്ചിരുന്നില്ല. അതേ അഭിപ്രായമായിരുന്നു എന്റെയും. റസൂല്‍ (സ) പഠിപ്പിച്ചു തന്നതും ഈ മാതൃകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇസ്‌ലാം നിഷിദ്ധമാക്കാത്ത ഒരു കാര്യവും നമ്മള്‍ നിര്‍ബന്ധമാക്കുകയോ മറ്റുള്ളവരെ കുറിച്ച് കുറ്റങ്ങള്‍ പറയുകയോ ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം.
ടി.വി അബൂബക്കര്‍ ഹാജി
എടക്കാട്