ദൈവം മനുഷ്യന് നല്‍കിയ എറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് സംസാരശേഷി. മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങള്‍ക്ക്
സംസാരം സന്തോഷപ്രദമാവണം; ആഭാസകരമാവരുത്
നര്‍മ്മത്തില്‍ ചാലിച്ചതാവണം; നാട്യമാവരുത്
സ്വതന്ത്രമായിരിക്കണം അന്തസ്സില്ലാത്തതാവരുത്
പുതുമയുള്ളതാവണം കളവാകരുത്.
-വില്യം ഷേക്‌സ്പിയര്‍
ദൈവം മനുഷ്യന് നല്‍കിയ എറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് സംസാരശേഷി. മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിവുണ്ടെങ്കിലും, മനുഷ്യരെപ്പോലെ വ്യത്യസ്ത ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ അവര്‍ക്ക് സാധ്യമല്ല. മാത്രമല്ല, അവയുടെ ആശയവിനിമയം പ്രധാനമായും ഭക്ഷണം, അപായസൂചന, ഇണയെ ആകര്‍ഷിക്കല്‍ എന്നീ മൂന്ന് കാര്യങ്ങളില്‍ പരിമിതമാണ്. മനുഷ്യന്‍ അവന്റെ ആശയങ്ങളും ആഗ്രഹങ്ങളും ഭാവനകളും സംസാരത്തിലൂടെയും എഴുത്തിലൂടെയും സഹജീവികളുമായി പങ്കുവെക്കുന്നു.
ഭാഷയുടെയും ആശയവിനിമയത്തിന്റെയും ആവിര്‍ഭാവം
ആരോഗ്യമുള്ള ഒരു കുഞ്ഞ് നാലുവയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സംസാരഭാഷയിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവു നേടുന്നു. ആറു വയസ്സാകുമ്പോഴേക്കും ചിന്തിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും മനസ്സിലാക്കിയ കാര്യങ്ങള്‍ പ്രകടിപ്പിക്കാനും സാധിക്കുന്നു. എന്തുകൊണ്ട് മനുഷ്യരല്ലാത്ത മറ്റു ജീവികള്‍ക്ക് അത് സാധിക്കുന്നില്ല എന്നത് പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. മനുഷ്യന്റെ നാഡീവ്യവസ്ഥയുമായി ബന്ധപ്പെടുത്തി ഭാഷാഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതനുസരിച്ച് മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് സ്ഥിതിചെയ്യുന്ന നാഡീശൃംഖലകളാണ് മനുഷ്യന് ഭാഷാപരമായ കഴിവുകള്‍ നല്‍കുന്നത്. ഈ സങ്കീര്‍ണ്ണങ്ങളായ ന്യൂറോണുകളുടെ വ്യവസ്ഥാപിതമായ വിന്യാസമാണ് സംസാരശേഷിയെ നിയന്ത്രിക്കുന്നത്.
ഇന്ന് ലോകത്ത് നിലവിലുള്ള ഭാഷകളുടെ എണ്ണം ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. കാരണം ഭാഷയും ഉപഭാഷയും തമ്മില്‍ വേര്‍തിരിച്ചു മനസ്സിലാകാത്തവിധം കെട്ടുപിണഞ്ഞിരിക്കുന്നു. 'ദി എത്തിനോഗോഗ്' എന്ന പുസ്തകത്തില്‍ ഗ്രിംസ്ബാര്‍ബറെ എന്ന നരവംശ ശാസ്ത്രജ്ഞന്‍ രേഖപ്പെടുത്തിയതനുസരിച്ച് 6809 ഭാഷകളാണ് ഇന്ന് ലോകത്ത് നിലവിലുള്ളത് എന്ന് കണക്കാക്കിയിരുന്നു.
ഭാഷയുടെ വികാസവും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധം വളരെ പുരാതന കാലത്തുതന്നെ നരവംശ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ആശയവിനിമയത്തില്‍ പ്രയാസം നേരിടുന്ന രോഗികളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കണ്ടെത്തിയ വസ്തുതകള്‍ ഇതിലേക്ക് വെളിച്ചം വീശുന്നു. ഒരേ തരത്തിലുള്ള മസ്തിഷ്‌ക ക്ഷതങ്ങള്‍ സംഭവിച്ച രോഗികള്‍ അനുഭവിക്കുന്ന ആശയവിനിമയ പ്രശ്‌നങ്ങള്‍ ഒരേപോലെയുള്ളതാണ്. 1836-ല്‍ മാര്‍ക് ഡാക്‌സ് എന്ന നരവംശ ശാസ്ത്രജ്ഞന്‍ നടത്തിയ ഒരു പഠനത്തില്‍ തലച്ചോറിന്റെ ഇടതു ഭാഗത്ത് ക്ഷതം സംഭവിച്ച രോഗികള്‍ക്ക് ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി. 1861-ല്‍ പോള്‍ ബ്രോക്കാ എന്ന ശാസ്ത്രജ്ഞന്‍ പഠനവിധേയമാക്കിയ ഒരു രോഗിക്ക് 'Tan' എന്ന വാക്ക് മാത്രമേ ഉച്ചരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മരണശേഷം അദ്ദേഹത്തിന്റെ മസ്തിഷ്‌കം പരിശോധിച്ചപ്പോള്‍ അതിന്റെ ഇടതുഭാഗത്ത് മുന്‍വശത്തെ ആവരണത്തില്‍ ക്ഷതം കണ്ടെത്തി. ഈ ഭാഗമാണ് 'ബ്രോക്കാസ് ഏരിയ'. ബ്രോക്കാസ് ഏരിയയില്‍ സംഭവിക്കുന്ന ക്ഷതങ്ങള്‍ കാരണം ഭാഷ മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും അവര്‍ക്ക് എല്ലാ വാക്കുകളും ശരിയായി ഉച്ചരിക്കാന്‍ കഴിയില്ല. 1876-ല്‍ കാള്‍ വെര്‍നിക്കെ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയതനുസരിച്ച് തലച്ചോറിലെത്തന്നെ മറ്റൊരു ഭാഗത്ത് സംഭവിക്കുന്ന ക്ഷതങ്ങള്‍ ഭാഷകള്‍ മനസ്സിലാക്കുന്നതിന് പ്രയാസം നേരിടുമെന്ന് കണ്ടെത്തി. ഈ ഭാഗം വെര്‍നിക്കാസ് ഏരിയ എന്ന പേരില്‍ അറിയപ്പെടുന്നു. ഇത്തരം രോഗികള്‍ തുടര്‍ച്ചയായി സംസാരിക്കുമെങ്കിലും വാക്കുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല.
ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍
ഒരു വാക്ക് നോക്കിവായിക്കുമ്പോള്‍ വളരെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ മസ്തിഷ്‌കത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്നത്. കണ്ണിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍ തലച്ചോറിന്റെ വിഷ്വല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗത്ത് എത്തുകയും അവിടെ നിന്ന് സംസാരത്തെ നിയന്ത്രിക്കുന്ന വെര്‍നിക്കാസ് ഏരിയയില്‍ എത്തുകയും ചെയ്യുന്നു. ഒരു സന്ദേശം ബ്രോക്കാസ് ഏരിയയിലേക്ക് കടക്കുന്നതോടുകൂടി ആ വാക്ക് ഉച്ചരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ പ്രൈമറി മോട്ടോര്‍ കോര്‍ട്ടക്‌സ് എന്ന ഭാഗം വിവിധ പേശികള്‍ക്ക് നല്‍കുന്നു. ആ നിര്‍ദ്ദേശമനുസരിച്ച് നമ്മുടെ ശരീരത്തില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന ശ്വാസകോശം, ട്രക്കിയ, ഫാരിന്‍ക്‌സ്, ലാരിന്‍ക്‌സ്, നാവ്, ചുണ്ട്, വോക്കല്‍കോഡ് എന്നീ അവയവങ്ങളിലെ പേശികള്‍ക്ക് ആവശ്യമായ സങ്കോചവികാസങ്ങള്‍ സംഭവിക്കുകയും ശബ്ദം പുറത്തുവരികയും ചെയ്യുന്നു.
സംസാരത്തിന്റെ ഉല്‍പത്തി മതഗ്രന്ഥങ്ങളില്‍
ബൈബിള്‍ നല്‍കുന്ന സൂചനയനുസരിച്ച് ആദ്യമായി സംസാരിച്ചതും ആശയവിനിമയം നടത്തിയതും ആദം ആണ്. 'സ്ത്രീയെ സൃഷ്ടിക്കുന്നതിന് മുമ്പ് പുരുഷന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി' (ഉല്‍പത്തി : 15-17). 'ഹവ്വയെ സൃഷ്ടിക്കുന്നതിന് മുമ്പ് ആദം മൃഗങ്ങള്‍ക്ക് പേരു നല്‍കി' (2:19-20). ആറാം നാളില്‍ സ്ത്രീയെയും പുരുഷനെയും ദൈവം സൃഷ്ടിച്ചു. എന്നാല്‍ സ്ത്രീയെ സൃഷ്ടിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് പുരുഷനെ സൃഷ്ടിക്കുകയും ആദമിന് ഹവ്വായോട് സംസാരിക്കാനുള്ള കഴിവ് നല്‍കുകയും ചെയ്തു.
വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സൂചന അനുസരിച്ചും ആദ്യമായി സംസാരിച്ചത് ആദം തന്നെയാണ്. അന്നേരം അല്ലാഹു ആദമിനെ സകല വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചു. പിന്നീടവയെ മലക്കുകള്‍ക്കു മുന്നില്‍ ഹാജരാക്കിക്കൊണ്ട് അരുള്‍ ചെയ്തു: 'നിങ്ങളുടെ വിചാരം ശരിയാണെങ്കില്‍ ഈ വസ്തുക്കളുടെ നാമങ്ങള്‍ പറഞ്ഞുതരിക.' അവര്‍ പറഞ്ഞു: 'കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചു തന്നതല്ലാത്തതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം.' അല്ലാഹു പറഞ്ഞു: 'ആദം ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക.' അങ്ങനെ ആദം അവരെ ആ പേരുകള്‍ അവരെ അറിയിച്ചു.
സംസാരം ഒരു കല
ചില വ്യക്തികളുമായി നാം സംസാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആസ്വാദ്യവും ഹൃദ്യവുമായി നമുക്ക് തോന്നുന്നു. ആ വ്യക്തിയോട് വീണ്ടും സംസാരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. ചില വ്യക്തികള്‍ ആരോടും ഏതു കാര്യത്തെക്കുറിച്ചും സംസാരിക്കുന്നു. ചില വ്യക്തികള്‍ ജന്മനാ തന്നെ വാക്‌സാമര്‍ഥ്യം ഉള്ളവരും സംഭാഷണ കലയില്‍ വൈദഗ്ദ്ധ്യം നേടിയവരുമായിരിക്കും. എന്നാല്‍ അതില്ലാത്തവര്‍ തന്റെ സംസാരം മറ്റുള്ളവര്‍ക്ക് ആസ്വാദ്യകരവും മധുരവുമാക്കാന്‍ വേണ്ട ഘടകങ്ങള്‍ പരിശീലിക്കേണ്ടതാണ്.
ആശയവിനിമയത്തിന്റെ വികാസ ഘട്ടങ്ങള്‍
ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിച്ചതുമുതല്‍ പതിനേഴ് വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ആശയവിനിമയത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ ഘട്ടങ്ങളിലും അവന്‍ നേടേണ്ട ആശയവിനിമയ ശേഷി ശരിയായ രീതിയില്‍ കൈവരിക്കണമെങ്കില്‍ അനുയോജ്യമായ കുടുംബ സാമൂഹ്യ പശ്ചാത്തലം അവന് ഒരുക്കിക്കൊടുക്കണം.
ജനനം മുതല്‍ ആറ് മാസം വരെ
ശബ്ദം കേള്‍ക്കുമ്പോള്‍ കേട്ട ഭാഗത്തേക്ക് തിരിയുക, ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ഞെട്ടുക, അവരോട് സംസാരിക്കുമ്പോള്‍ സംസാരിക്കുന്നവരുടെ മുഖത്തേക്ക് നോക്കുക, പരിചയമുള്ളവരുടെ ശബ്ദങ്ങള്‍ തിരിച്ചറിയുക, മറ്റുള്ളവര്‍ ചിരിക്കുമ്പോള്‍ ചിരിക്കുക, ശ്രദ്ധയാകര്‍ഷിക്കാന്‍ അവ്യക്തമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ രീതിയില്‍ കരയുക തുടങ്ങിയവയെല്ലാം ഈ കാലയളവിലെ ആശയവിനിമയ രീതികളാണ്.
ആറ് മുതല്‍ പന്ത്രണ്ട് മാസം വരെ
ഈ കാലഘട്ടത്തില്‍ കുഞ്ഞ് ആശയവിനിമയത്തില്‍ കുറച്ചുകൂടി മുമ്പോട്ടുപോകുന്നു. മറ്റുള്ളവര്‍ സംസാരിക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും സംസാരിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിക്കുകയും, അവന്റെ പേരുവിളിക്കുമ്പോള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ആവര്‍ത്തന സ്വഭാവമുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ഉദാ: താ,താ.
അവന്‍ നമ്മോട് ചിരിക്കുകയും ചില വാക്കുകള്‍ ആംഗ്യത്തോടൊപ്പം ഉച്ചരിക്കുമ്പോള്‍ മനസ്സിലാക്കുകയും ചെയ്യും. ഉദാ: റ്റാറ്റാ എന്ന് കൈവീശിപറയുമ്പോള്‍ അവന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഗാനങ്ങളും ആംഗ്യപ്പാട്ടുകളും ആസ്വദിക്കുന്നു.
പന്ത്രണ്ട് മുതല്‍ പതിനെട്ട് മാസംവരെ
ചില ലളിതമായ വാക്കുകള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്ന കാലമാണിത്. ഉദാ: കുടിക്കുക, തിന്നുക. കൂടാതെ, ചെറിയ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും തിരിച്ചറിയാനും ഈ പ്രായത്തില്‍ കുഞ്ഞിന് സാധിക്കും. ഉദാ: ബോള്‍ എറിയുക, അമ്മക്ക് ഉമ്മ കൊടുക്കുക മുതലായവ.
രണ്ട് മുതല്‍ മൂന്ന് വയസ്സു വരെ
ചിത്രങ്ങളോട് കൂടിയ ചെറിയ കഥകള്‍ കേള്‍ക്കാനും ഓര്‍ത്തുവെക്കാനും ഈ പ്രായത്തില്‍ സാധിക്കുന്നു. താരതമ്യേന വലിയ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കുന്നു. ഉദാ: അമ്മയുടെ ബാഗ് എടുത്തുകൊണ്ടുവരൂ. ആര്, എപ്പോള്‍, എവിടെ എന്നീ രീതിയിലുള്ള ചോദ്യങ്ങള്‍ മനസ്സിലാക്കുന്നു. മുന്നൂറോളം വാക്കുകള്‍ ഉപയോഗിക്കാനും, നാലും അഞ്ചും വാക്കുകള്‍ ചേര്‍ത്ത് ചെറിയ വാചകങ്ങള്‍ ഉണ്ടാക്കാനും കുട്ടി കഴിവുനേടുന്നു. ഉദാ: അവന്‍ എന്റെ ബോള്‍ എടുത്തു.
മൂന്ന് മുതല്‍ നാല് വയസ്സുവരെ
താരതമ്യേന നീണ്ട കഥകള്‍ കേള്‍ക്കുകയും കേട്ട കഥകളിലെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രാപ്തി നേടുകയും ചെയ്യുന്ന കാലമാണിത്. വര്‍ണ്ണങ്ങള്‍, എണ്ണം, സമയം എന്നിവയുമായി ബന്ധപ്പെട്ട വാക്കുകള്‍ കുട്ടി മനസ്സിലാക്കുന്നു. ചെറിയ നര്‍മങ്ങള്‍ ആസ്വദിക്കുകയും, എന്ത്, എന്തിന്, എവിടെ എന്ന ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. കാലങ്ങളുമായി ബന്ധപ്പെടുത്തി സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ചിലപ്പോള്‍ തെറ്റ് വരുത്തുന്നു. ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ അപ്പോഴും പ്രയാസം നേരിടുന്നു. ഉദാ: റ, വ, ഫ, ഷ, ച
നാലുമുതല്‍ അഞ്ചു വയസ്സുവരെ
ആശയവിനിമയരംഗത്തെ ചില സുപ്രധാന വഴിത്തിരിവുകള്‍ ഈ ഘട്ടത്തില്‍ സംഭവിക്കുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിര്‍ത്താതെ തന്നെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ആദ്യം, പിന്നെ, അവസാനം എന്നീ വാക്കുകളുടെ ഉപയോഗം മനസ്സിലാക്കുന്നു. അപ്പോഴും സംസാരിക്കുമ്പോള്‍ വ്യാകരണ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ സാധിക്കുന്നില്ല. കേള്‍ക്കുന്ന വാക്കുകളുടെ അര്‍ഥങ്ങളെ കുറിച്ച് ചിന്തിക്കുകയും പുതിയ വാക്കുകളുടെ അര്‍ഥങ്ങളെക്കുറിച്ച് ചിന്തിക്കുകയും പുതിയ വാക്കുകളുടെ അര്‍ഥം അന്വേഷിക്കുകയും ചെയ്യുന്നു.
അഞ്ച് മുതല്‍ ഏഴ് വയസ്സുവരെ
ചിത്രങ്ങളെ ആശ്രയിക്കാതെ തന്നെ പുതിയ വാക്കുകള്‍ പഠിക്കുകയും വായിക്കാനും എഴുതാനും വാക്കുകള്‍ ഉച്ചരിക്കുവാനുമുള്ള ഭാഷാ നൈപുണികള്‍ ഈ പ്രായത്തില്‍ കുട്ടി നേടുന്നു. ഒരേ വാക്കുകള്‍ക്ക് രണ്ടര്‍ഥം ഉണ്ടെന്ന് കുട്ടി മനസ്സിലാക്കുന്നു. ഉദാ: ഓറഞ്ച് ഒരു പഴമാണെന്നും അതോടൊപ്പം ഒരു വര്‍ണ്ണമാണെന്നും തിരിച്ചറിയുന്നു.
ഏഴ് മുതല്‍ പതിനൊന്ന് വരെ
ഈ ഘട്ടത്തില്‍ കുട്ടി ആശയവിനിമയത്തില്‍ കുറച്ചു കൂടി പക്വത നേടുന്നു. വിഷയങ്ങള്‍ വിവിധ വീക്ഷണകോണിലൂടെ മനസ്സിലാക്കുകയും മറ്റുള്ളവരോട് യോജിക്കാനും വിയോജിക്കാനും കഴിയുന്നു. വിഷയങ്ങള്‍ തെരഞ്ഞെടുത്ത് സംസാരിക്കുന്നു. പരിചയമില്ലാത്തവരോടും മുതിര്‍ന്നവരോടും കുട്ടികളോടും സംസാരിക്കുന്നു.
പതിനൊന്ന് മുതല്‍ പതിനാല് വരെ
കൗമാരത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഈ ഘട്ടത്തില്‍ സംസാര രീതിയിലും ആശയതലത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. മറ്റുള്ളവരെ പരിഹസിക്കുന്നതും തന്നെ മറ്റുള്ളവര്‍ പരിഹസിക്കുന്നതും എളുപ്പം മനസ്സിലാക്കുന്നു. സംസാരമധ്യേ വിഷയങ്ങള്‍ മാറ്റാന്‍ സാധിക്കുന്നു. കൂടുതല്‍ നിഗൂഢമായതും ബുദ്ധിപരമായതുമായ നര്‍മങ്ങള്‍ പറയാന്‍ കഴിയുന്നു. സഭ്യമല്ലാത്ത വാക്കുകള്‍ മനസ്സിലാക്കുകയും അവ ഉപയോഗിക്കുന്നതിനുള്ള പ്രവണത പ്രകടിപ്പിക്കുകയും ചെയ്യുന്നു.
പതിനാല് മുതല്‍ പതിനേഴ് വരെ
ഒരു വ്യക്തിയുടെ ആശയവിനിമയശേഷി പൂര്‍ത്തിയാവുന്ന ഘട്ടമാണിത്. എത്ര പ്രയാസമുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും മസ്സിലാവാത്ത കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ക്ലാസ് മുറിയിലെയും ഇടവേളകളിലെയും സംസാരങ്ങള്‍ പെട്ടെന്ന് കൈമാറ്റം ചെയ്യുന്നു. നീണ്ടതും കൗതുകകരവുമായ കഥകള്‍ പറയാനും കേള്‍ക്കാനും താല്‍പര്യം കാണിക്കുന്നു.