വംഗനാട്ടിലെ കാഴ്ചകള്‍

കെ.വി സഫിയ /യാത്ര No image

      മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കെ.ആര്‍ മീരയുടെ 'ആരാച്ചാര്‍' വായിച്ചപ്പോള്‍ മനസ്സില്‍ മൊട്ടിട്ട ആഗ്രഹമായിരുന്നു കൊല്‍ക്കത്ത കാണണമെന്ന്. ആ നോവലിന്റെ പശ്ചാത്തലം ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്നായ കൊല്‍ക്കത്തയാണല്ലോ. സഞ്ചാരപ്രിയനായ ഭര്‍ത്താവിനോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഉടന്‍ തയ്യാര്‍!
ഉത്തരേന്ത്യന്‍ ചൂടുകാലം കഴിഞ്ഞ് സെപ്റ്റംബറിലാണ് ചെന്നൈ വഴി ഹൗറയിലേക്ക് വണ്ടി കയറിയത്. മകന്‍ ആസിഫും ഭര്‍തൃസഹോദരനും ഭാര്യയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതിനാല്‍ ദീര്‍ഘയാത്ര വലിയ മുഷിപ്പുണ്ടാക്കിയില്ല.
മുപ്പതോളം പ്ലാറ്റ്‌ഫോമുള്ള ഹൗറ സ്‌റ്റേഷനിലെ വന്‍ ജനത്തിരക്കിലൂടെ പുറത്തിറങ്ങി. ഗംഗയുടെ കൈവഴികളിലൊന്നായ ഹുഗ്ലി നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലത്തിലൂടെ ഞങ്ങള്‍ മഹാ നഗരത്തിലേക്ക് കടന്നു. 1874-ല്‍ പണിത രബീന്ദ്രസേതു എന്ന ഈ പാലം പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. ഏറെ അകലെയല്ലാതെ ആധുനിക ടെക്‌നോളജി ഉപയോഗിച്ച് അഞ്ച് വര്‍ഷം മുമ്പ് 'നൂലില്‍ തൂക്കിയിട്ട പോലെ' പണിതീര്‍ത്ത പുതിയ പാലവും മറ്റൊരു വിസ്മയം തന്നെയാണ്.
നഗരം ഏറെ വികസിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ ഇരുവശത്തുമായി നിരവധി പുരാതന ബഹുനില കെട്ടിടങ്ങള്‍ ഇടതിങ്ങി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഏതാണ്ടെല്ലാ കെട്ടിടങ്ങളുടെയും ചുമരുകളിലും മേല്‍ക്കൂരകളിലും വേരുതാഴ്ത്തി വളരുന്ന ചെറിയ ആല്‍മരങ്ങള്‍ കെട്ടിടങ്ങളുടെ പഴക്കം വിളിച്ചോതുന്നു. നഗരക്കാഴ്ചകള്‍ കണ്ട് മുന്നോട്ട് നീങ്ങവെ ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത ട്രാമുകള്‍ യാത്രക്കാരെ കുത്തിനിറച്ച് പായുന്നത് കണ്ടു. റോഡിന്റെ ഓരംചേര്‍ന്ന് ഉണ്ടാക്കിയ പാളങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ടു ബോഗികളുള്ള വൈദ്യുതി വണ്ടികളാണ് ബ്രിട്ടീഷ് ഭരണത്തിന്റെ സംഭാവനയായ ഈ ട്രാമുകള്‍.
ഗസ്റ്റ്ഹൗസില്‍ ചെന്ന് ഫ്രഷായി ഭക്ഷണം കഴിച്ച്, അന്നുതന്നെ ഞങ്ങള്‍ നഗരഹൃദയത്തിലെ ഇന്ത്യന്‍ മ്യൂസിയം കാണാന്‍ പോയി. ഛായാചിത്രങ്ങളും മനോഹരമായ ശില്‍പങ്ങളും ഉള്‍പ്പെടെ പഠനാര്‍ഹനമായ നിരവധി സ്റ്റാളുകള്‍ കണ്ടെങ്കിലും എന്നെ ഏറെ ആകര്‍ഷിച്ചത് ഈജിപ്ഷ്യന്‍ ഗാലറിയാണ്. ശീതീകരിച്ച മുറിയില്‍ ഫറോവാ കുടുംബത്തിലെ 'മമ്മീകരിച്ച രാജകുമാരി'യെ നേരിട്ട് കാണാന്‍ കഴിഞ്ഞു. രാത്രിയിലെ നഗരവീഥിയിലൂടെയുള്ള സഞ്ചാരം പ്രയാസകരമാണെങ്കിലും രസകരമായിരുന്നു. ജനസമുദ്രത്തിലൂടെ ഒഴുകി ലെനിന്‍ സരണിയിലെ ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ് ബംഗാള്‍ ഓഫീസിലാണെത്തിയത്.
അമീറും സഹപ്രവര്‍ത്തകരും വളരെ ഹൃദ്യമായാണ് കേരളത്തില്‍നിന്ന് ആദ്യമായി ഓഫീസിലെത്തുന്ന രണ്ടു വനിതാ പ്രവര്‍ത്തകരെ സ്വീകരിച്ചത്. അവര്‍ ഏറെ നേരം ഞങ്ങളോട് സംസാരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിലെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയിലെ ഏക ചരിത്രസ്മാരകമായ വിക്ടോറിയാ മെമ്മോറിയലാണ് പിന്നീട് സന്ദര്‍ശിച്ചത്. താജ്മഹലിന്റെ മാതൃക പിന്തുടര്‍ന്ന് 1906-ല്‍ വെണ്ണക്കല്ലില്‍ പണിതതാണ് ഈ സ്മാരകം. അതിലെ മ്യൂസിയത്തിലുള്ള എണ്ണഛായാ ചിത്രങ്ങളും മാര്‍ബിള്‍ പ്രതിമകളും പാശ്ചാത്യ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു. വിശാലമായ പൂന്തോട്ടവും ജലാശയവും നിയോണ്‍ വെളിച്ചത്തില്‍ മനംകവരുന്ന കാഴ്ചയാണ്.
അലങ്കരിച്ച കുതിരവണ്ടികളാണ് ഇവിടെ ഏറെ ആകര്‍ഷകം. ഇരുപത് ശതമാനത്തോളം മുസ്‌ലിം ജനവാസമുള്ള കൊല്‍ക്കത്ത നഗരത്തില്‍ പുരാതനമായ നിരവധി പള്ളികളുമുണ്ട്. ധറംതലയില്‍ ടിപ്പുസുല്‍ത്താന്റെ മകന്‍ പണികഴിപ്പിച്ച ടിപ്പുസുല്‍ത്താന്‍ മസ്ജിദ് മഗ്‌രിബ് സമയത്താണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മിനാരങ്ങളും ഖുബ്ബകളും മനോഹരങ്ങളാണ്. സക്കരിയാ സ്ട്രീറ്റില്‍ ഒരു നൂറ്റാണ്ട് മുമ്പ് പണിത നാവികന്റെ പള്ളി (നാഖുദാ മസ്ജിദ്) കൊല്‍ക്കത്തയിലെ ഏറ്റവും വലിയ പള്ളിയാണ്. സവാളയുടെ ആകൃതിയിലുള്ള ഖുബ്ബകളാണ് ഇതിന്റെ പ്രത്യേകത.

ചരിത്രനഗരിയിലേക്ക്
കൊല്‍ക്കത്തയിലെ രണ്ടാമത്തെ വലിയ റെയില്‍വേസ്റ്റേഷനായ സിയാല്‍ഡയില്‍നിന്ന് ലാല്‍ഗോല എക്‌സ്പ്രസിലായിരുന്നു ചരിത്രപ്രസിദ്ധമായ മുര്‍ഷിദാബാദിലേക്കുള്ള യാത്ര. അവിഭക്ത ബംഗാള്‍, ബീഹാര്‍, ഒറീസ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മുര്‍ഷിദാബാദ് നഗരം. 1706-ല്‍ അധികാരമേറ്റ മുര്‍ഷിദ് ഖുലിഖാന്റെ പേരിലാണ് ഈ നഗരം അറിയപ്പെട്ടത്. നേരത്തെ മഖ്‌സൂദാബാദ് എന്നായിരുന്നു ഇതിന്റെ പേര്. ട്രെയിന്‍ പ്ലാസി സ്റ്റേഷനിലെത്തിയപ്പോള്‍, ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കമിട്ട മുര്‍ഷിദ് ഖുലീഖാന്റെ മകളുടെ മകന്‍ നവാബ് സിറാജുദ്ദൗലയും ഇംഗ്ലീഷുകാരും തമ്മില്‍ നടന്ന 1757-ലെ പ്ലാസിയുദ്ധമാണ് ഓര്‍മയില്‍ വന്നത്; ഒപ്പം മിര്‍ജാഫര്‍ ജംഗിന്റെ കൊടുംചതിയും. മുര്‍ഷിദാബാദിന്റെ അധോഗതിക്ക് തുടക്കമിട്ടതും ഈ യുദ്ധമായിരുന്നല്ലോ.
നിരവധി ചരിത്ര സ്മാരകങ്ങളുള്ള മുര്‍ഷിദാബാദില്‍ ഒരു പകല്‍ മാത്രമേ ഞങ്ങള്‍ക്ക് സമയം ലഭിച്ചിരുന്നുള്ളൂ.
മുര്‍ഷിദാബാദിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ച ഹസാര്‍ദ്വാരി പാലസാണ്. 1829-ല്‍ നവാബ് നാസിം ഹുമയൂണ്‍ ജാഹ് ഇറ്റാലിയന്‍ ശില്‍പചാതുരിയില്‍ നിര്‍മ്മിച്ച കൊട്ടാരത്തിന് നിരവധി വാതായനങ്ങള്‍ ഉള്ളതുകൊണ്ടാണ് ഹസാര്‍ദ്വാരി പാലസ് എന്ന് പേരുവന്നത്.
പാലസിനകത്തെ പുരാതന ലിഖിത ശേഖരങ്ങളില്‍ അറബി, ഉറുദു, പേര്‍ഷ്യന്‍ കയ്യെഴുത്ത് പ്രതികള്‍ നിരവധിയാണ്. അബുല്‍ ഫസലിന്റെ 'ആയിനെ അക്ബരി'യാണ് ഇതില്‍ ഏറ്റവും പ്രസിദ്ധമായത്.
കൊട്ടാരത്തിന് അഭിമുഖമായി നിലകൊള്ളുന്ന മറ്റൊരു വിസ്മയമാണ് ശിഈ ആത്മീയകേന്ദ്രമായ ഇമാംബാറ. 1887-ല്‍ നവാബ് ഫറാദൂന്‍ ജാഹ് നിര്‍മ്മിച്ച ഈ ഇമാം ബാറയാണത്രെ ഇന്ത്യയിലെ പൗരാണിക സ്മാരകങ്ങളില്‍ ഏറ്റവും നീളം കൂടിയത്. മുഹറം ഒന്നുമുതല്‍ പത്തു വരെയുള്ള ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ക്കായി ഇത് തുറന്നുകൊടുക്കുക. അന്ന് ശിയാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് 'ഹായ് ഹുസൈന്‍' എന്ന വിലാപയാത്ര നടത്തുന്നു. ഇതില്‍ പങ്കെടുക്കുന്ന യുവതീ യുവാക്കള്‍ സ്വന്തം ശരീരങ്ങളില്‍ മുറിവ് ഉണ്ടാക്കുകയും നെഞ്ചത്തടിച്ച് 'ഹായ് ഹുസൈന്‍' എന്ന് വിലപിക്കുകയും ചെയ്യാറുണ്ട്.
ഇമാം ബാറയുടെ ബാഹ്യവീക്ഷണം മാത്രം നടത്തി ഞങ്ങള്‍ പോയത് സിറാജുദ്ദൗലയുടെ മഖ്ബറയായ ഖുശ്ബാഗിലേക്കാണ്; ഭാഗീരഥി നദിയുടെ പടിഞ്ഞാറേ കരയിലേക്ക്. എഞ്ചിന്‍ ഘടിപ്പിച്ച കെട്ടുവള്ളത്തിലായിരുന്നു മൂന്നു കിലോമീറ്ററോളം ദൂരമുള്ള യാത്ര. പുരാവസ്തു വകുപ്പിന്റെ കീഴിലായിരുന്നിട്ടും വേണ്ടവിധം പരിപാലിക്കപ്പെടാത്ത ഈ ചരിത്ര സ്മാരകത്തില്‍ സിറാജുദ്ദൗലയുടെ ഭാര്യ ലുതുഫുന്നിസയുടെയും കുടുംബങ്ങളുടെയും ഖബറുകളാണുള്ളത്. ലുതുഫുന്നിസ പ്രത്യേകമായി നിര്‍മ്മിച്ച പൂന്തോട്ടം അവഗണനയുടെ കാടുപിടിച്ചു കിടക്കുന്നു. മഖ്ബറയോട് ചേര്‍ന്ന് മാര്‍ബിള്‍കൊണ്ട് നിര്‍മ്മിച്ച മനോഹരമായ പള്ളിയുമുണ്ട്.
ഇപ്പോഴും അഞ്ചുനേരം നമസ്‌കാരം നടക്കുന്ന പുരാതനമായ പള്ളിയാണ് മോത്തിഝീല്‍ മസ്ജിദ്. നവാബ് അലിവര്‍ദിഖാന്റെ മകള്‍ ഘൊസ്രത്തീ ബീഗത്തിന്റെ സ്മാരകമായി ഭര്‍ത്താവ് നവാജേഷ് 1751-ല്‍ നിര്‍മിച്ച മോത്തിഝീല്‍ കൊട്ടാരത്തിന്റെ കോമ്പൗണ്ടില്‍ തടാക തീരത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. നവാജേഷിന്റെയും ബീഗത്തിന്റെയും ഖബറുകള്‍ പള്ളിയുടെ മുറ്റത്താണ്. ഈ പള്ളിയിലാണ് ഞങ്ങള്‍ ളുഹ്‌റും അസറും നമസ്‌കരിച്ചത്.

വഞ്ചനയുടെ സ്മാരകം
നവാബ് സിറാജുദ്ദൗലയെ ഇംഗ്ലീഷുകാര്‍ക്ക് പ്ലാസി യുദ്ധത്തില്‍ തോല്‍പ്പിക്കാനായത് അദ്ദേഹത്തിന്റെ സേനാ നായകനായിരുന്ന കുപ്രസിദ്ധനായ മിര്‍ജാഫറിന്റെ ചതിപ്രയോഗം മൂലമായിരുന്നുവല്ലോ. 1758-ല്‍ ലോഡ്‌ക്ലൈവ് അദ്ദേഹത്തെ നവാബാക്കി വാഴിക്കുകയായിരുന്നു. കുഷ്ഠരോഗം ബാധിച്ച് 1765-ല്‍ മരിച്ച മിര്‍ജാഫറിന്റെ ശവകുടീരം- ജഫ്‌റാഗഞ്ച്- സന്ദര്‍ശിക്കാനാണ് പിന്നെ ഞങ്ങള്‍ പോയത്.
ഗേറ്റില്‍ കാത്തിരുന്ന പത്ത് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഗൈഡ് എല്ലാ ചരിത്രവും വിശദമായി പറയാമെന്നും ഇരുപതുരൂപ മാത്രമാണ് ഫീസെന്നും പറഞ്ഞ് പിറകെ കൂടി. ഞങ്ങളുടെ യാത്രയിലുടനീളം ഓരോ ചരിത്രസ്മാരകവും കാണുന്നതിന് മുമ്പേത്തന്നെ അതിന്റെ ചരിത്രം വിവരിച്ചു തരുന്നുണ്ടായിരുന്നു എന്റെ ഭര്‍ത്താവ്. അതിനാല്‍ തന്നെ ഗൈഡ് വേണ്ടെന്ന് പറഞ്ഞപ്പോള്‍ പത്ത് രൂപ മതിയെന്നായി പയ്യന്‍.
മിര്‍ജാഫറിന്റെ രഹസ്യ ദൂതുകള്‍ കൈമാറിയിരുന്നു എന്നു പറയപ്പെടുന്ന രണ്ടു പ്രാവുകളുടെ ഖബറുകള്‍ -കബൂതറാം കാം മഖ്ബറ- വളരെ ആവേശപൂര്‍വമാണ് കൊച്ചു ഗൈഡ് ഞങ്ങള്‍ക്ക് കാണിച്ചുതന്നത്. ടിപ്പുസുല്‍ത്താന്‍ യുദ്ധവിവരങ്ങള്‍ കൈമാറുന്നതിനായി പ്രാവുകളെ ഉപയോഗിച്ചിരുന്നുവെന്നും ശ്രീരംഗപട്ടണം കോട്ടക്കുള്ളിലെ പള്ളിമിനാരത്തിലായിരുന്നു ഇത്തരം പരിശീലിപ്പിച്ച പ്രാവുകളെ പാര്‍പ്പിച്ചിരുന്നത് എന്നും വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്‍ തോറ്റുപോയ വാര്‍ത്ത ഇംഗ്ലണ്ടില്‍ എത്തിച്ചത് ഒരു പ്രാവായിരുന്നു എന്നും എവിടെയോ വായിച്ചത് ഈ സ്മാരകമുദ്ര കണ്ടപ്പോള്‍ ഓര്‍ത്തുപോയി. ഏറെ ആസ്വദിച്ച വിവരണത്തിനൊടുവില്‍ ഞാന്‍ ഇരുപത് രൂപ പയ്യന്റെ കൈയില്‍ വെച്ചുകൊടുത്തപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
പുരാതനമായ പള്ളികളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മഖ്ബറകളും നിറഞ്ഞുനില്‍ക്കുന്ന മുര്‍ഷിദാബാദില്‍ ഓട്ടപ്രദക്ഷിണത്തിനിടയില്‍ കണ്ട മറ്റ് രണ്ട് ആകര്‍ഷകങ്ങളായിരുന്നു നാഷിപ്പൂര്‍ രാജ്പതിപാലസും അതിനകത്തെ രാമചന്ദ്ര ക്ഷേത്രവും. മുബാറക്കുദ്ദൗല നവാബായിരുന്നപ്പോള്‍ കരം പിരിവിനു നേതൃത്വം നല്‍കിയ ദേവീ സിംഗ് പ്രജകളില്‍നിന്ന് ബലാല്‍ക്കാരം പിടിച്ചെടുത്ത വന്‍സമ്പത്ത് ഉപയോഗിച്ച് നിര്‍മിച്ചതാണ് കൊട്ടാരവും ക്ഷേത്രവും. ഭംഗിയുള്ള മേത്തരം അടയാഭരണങ്ങളണിയിച്ച ദേവീദേവന്മാരുടെ പ്രതിമകളും പലതരം പാവകളുമാണ് ഇവിടെ പ്രത്യേകം പ്രത്യേകം മുറികളിലായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
മുര്‍ഷിദാബാദില്‍ അവസാനമായി കണ്ടത് നഗരത്തിന്റെ സ്ഥാപകന്‍ മുര്‍ഷിദ് ജലീഖാന്റെ ഖബര്‍ സ്ഥിതിചെയ്യുന്ന കത്ത്‌റാ മസ്ജിദാണ്. നാലുമൂലകളിലുള്ള ഉയരം കൂടിയ മിനാരങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നിരിക്കുന്നു. എഴുപതടി ഉയരത്തിലുള്ള താഴികക്കുടങ്ങളും ഏറെക്കുറെ തകര്‍ന്നിട്ടുണ്ടെങ്കിലും ശേഷിച്ചവയുടെ നിര്‍മാണ ചാതുരി ആരിലും അത്ഭുതമുളവാക്കും. പേര്‍ഷ്യന്‍ ശില്‍പമാതൃകയില്‍ പണിത പള്ളിക്ക് ചുറ്റും മനോഹരമായ പൂന്തോട്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചു പോരുന്ന പൗരാണികതയുടെ പ്രൗഢിയോടെ ഈ സ്മാരകം ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top