സ്വപ്നങ്ങള്‍ക്ക് ചിറക് വെച്ചപ്പോള്‍...
ബിൻത് ഹസൻ /ഫീച്ചർ
2015 മാര്‍ച്ച്
സ്വാര്‍ഥതയിലേക്ക് ചുരുങ്ങുന്ന ആധുനിക ലോകം, ലാഭകരമായ കച്ചവടം തേടി കുതിച്ചുപായുന്ന മനസ്സ്. അതിനു മുന്നില്‍ ബന്ധങ്ങള്‍ കാറ്റില്‍ പറന്നുയരുന്ന ചപ്പുചവറുകള്‍. മത്സര മാര്‍ഗത്തിലൂടെ, ചൂഷണ ലക്ഷ്യത്തിലൂടെ ലോകത്തെ
സ്വാര്‍ഥതയിലേക്ക് ചുരുങ്ങുന്ന ആധുനിക ലോകം, ലാഭകരമായ കച്ചവടം തേടി കുതിച്ചുപായുന്ന മനസ്സ്. അതിനു മുന്നില്‍ ബന്ധങ്ങള്‍ കാറ്റില്‍ പറന്നുയരുന്ന ചപ്പുചവറുകള്‍. മത്സര മാര്‍ഗത്തിലൂടെ, ചൂഷണ ലക്ഷ്യത്തിലൂടെ ലോകത്തെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നവരൂടെ മുന്നില്‍ മാതൃകയാവുന്നു ലേഖാ നമ്പൂതിരി.
മനുഷ്യമോഹങ്ങള്‍ അതിരുകളില്ലാത്തതാണ്, 'അരിമണിയൊന്ന് കൊറിക്കാനില്ല
കരിവളയിട്ട് നടക്കാന്‍ മോഹം'
ഇതില്‍നിന്ന് വ്യത്യസ്തയാണ് ആലപ്പുഴ ജില്ലയിലെ ലേഖാ നമ്പൂതിരിയെന്ന 28 വയസ്സുകാരി. 2009 ആഗസ്റ്റില്‍ മമ്മൂട്ടി അഭിനയിച്ച 'ലൗഡ്‌സ്പീക്കര്‍' എന്ന സിനിമ അവരുടെ മനസ്സിനെ തൊട്ടുണര്‍ത്തി. അതുപോലെ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ! ഏകാന്തതയില്‍ വല്ലപ്പോഴും മമ്മൂട്ടി ദാനം ചെയ്ത വൃക്ക കടന്നുവന്നു. ആയിടക്ക് പത്രത്തില്‍ വന്ന വാര്‍ത്ത അവരുടെ ശ്രദ്ധയില്‍പെട്ടു. 'പട്ടാമ്പിയിലെ ഷാഫി എന്ന യുവാവിന് എ പോസ്റ്റീവ് വൃക്ക വേണം' പിന്നെ മറ്റൊന്നും ആലോചിച്ചില്ല. മാവേലിക്കരയില്‍ താമസിക്കുന്ന അവര്‍ക്ക് ആ പ്രദേശം വിട്ട് എങ്ങോട്ടും പരിചയമില്ല. പത്താം ക്ലാസുകാരിയായ അവര്‍ നാടിനു പുറത്ത് അത്രയൊന്നും സഞ്ചരിച്ചിട്ടുമില്ല.
പത്രത്തില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പെരിന്തല്‍മണ്ണ അല്‍-ശിഫ ഹോസ്പിറ്റലിലേക്കുള്ള വഴി അല്‍പം പ്രയാസമേറിയതാണെന്നറിഞ്ഞു. എന്നിരുന്നാലും തീരുമാനങ്ങള്‍ക്കുമുമ്പില്‍ വരുന്ന മുഴുവന്‍ പ്രതിസന്ധിയെയും മറികടക്കാനുള്ള ആര്‍ജവവുമായി യാത്രതിരിച്ചു. താന്‍ ജോലിചെയ്യുന്ന ബ്യൂട്ടിപാര്‍ലറിലെ കൂട്ടുകാരിയെ അല്‍പം സാധനങ്ങള്‍ കുറഞ്ഞവിലക്ക് വാങ്ങാന്‍ പട്ടാമ്പിവരെ കൂട്ടുവരണമെന്ന് നിര്‍ബന്ധിച്ചു. 2009 ഡിസംബറില്‍ മാവേലിക്കരയിലെ വെട്ടിയാര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ദുര്‍ഘടമായ പാതകള്‍ താണ്ടി അവര്‍ യാത്രതിരിച്ചു. കൂട്ടുകാരിയുടെ മനംനിറയെ പാര്‍ലറിലേക്കുള്ള റിഡക്ഷന്‍ കിട്ടുന്ന വിഭവങ്ങളാണെങ്കില്‍ ലേഖയുടെ മനം നിറയെ ചെയ്യാന്‍ പോകുന്ന പുണ്യകര്‍മത്തെക്കുറിച്ചുള്ള സ്വപ്നവും. ആ സ്വപ്നത്തോടൊപ്പം ചിറകുവെച്ചു താനും പറന്നുയരുകയാണെന്ന് തോന്നി. അങ്ങനെ രണ്ട് ലക്ഷ്യങ്ങള്‍ക്ക് രണ്ട് വ്യക്തികള്‍ ഒരേ വാഹനത്തില്‍ പോയെങ്കിലും പെരിന്തല്‍മണ്ണയിലെ ഡോക്ടറുമായി സംസാരിക്കുമ്പോള്‍ മാത്രമാണ് കൂട്ടുകാരിക്ക് കാര്യം മനസ്സിലായത്.
ഡോക്ടര്‍ പരിശോധനക്ക് വിധേയമാക്കി. പക്ഷെ, മുന്നില്‍ വലിയൊരു തടസ്സം. ഷാഫിയുടെ ആരോഗ്യസ്ഥിതി പരിതാപകരമാണ്. മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടിവരും. തന്റെ ചിറകുകള്‍ തളര്‍ന്നതു പോലെ. എന്നാലും തീരുമാനത്തില്‍നിന്ന് പിന്നോട്ട് പോകുകയില്ലെന്നുറച്ചു.
ഷാഫിയാവട്ടെ പലതവണ പരസ്യം കൊടുത്തിട്ടും പണമില്ലാത്തതിന്റെ പേരില്‍ നഷ്ടപ്പെടുന്ന ആരോഗ്യത്തെയും വൈവാഹിക ജീവിതത്തിലെ കൊതിയൂറും കനിയെ ആസ്വദിച്ചറിയാന്‍ കഴിയാത്തതിലെ മനോവിഷമത്തിലുമായിരുന്നു. ഒപ്പം ഏക അത്താണിക്ക് സംഭവിച്ച ദുരന്തത്തിന്റെ പിരിമുറുക്കത്തിലായിരുന്നു കുടുംബം. 'തവിടുള്ളപ്പോള്‍ ചക്കരയില്ല, ചക്കരയുള്ളപ്പോള്‍ തവിടില്ല, തവിടും ചക്കരയുമുള്ളപ്പോള്‍ ഞാന്‍ അക്കരെ'യെന്ന പോലെ രണ്ടും ഒത്ത് വന്നപ്പോള്‍ അനുഭവിക്കാന്‍ വിധിയുമില്ല.
ലേഖാ നമ്പൂതിരിയും കൂട്ടുകാരിയും തിരിച്ച് വണ്ടി കയറി. വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരിയില്‍ നിന്ന് വിവരം പുറത്തായി, ചെറുപ്പത്തിലെ അഛന്‍ നഷ്ടപ്പെട്ടുപോയ ലേഖ അനാഥയുടെ വേദന നന്നായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ അമ്മ ഉപദേശിച്ചു. 'ജന്മം കൊണ്ട് ശ്രേഷ്ഠതയുള്ള ഒരു നമ്പൂതിരിപ്പെണ്ണ് ഒരു മുസ്‌ലിമിന് വൃക്ക കൊടുക്കുകയോ?' ചിന്തിക്കാന്‍ കഴിയുന്നില്ല. കൈ നിറയെ പണവും മനംനിറയെ വാഗ്ദാനങ്ങളുമായി പാര്‍ട്ടിക്കാരും മതനേതാക്കളും വീട്ടില്‍ കയറിയിറങ്ങി. ഭര്‍ത്താവ് വിട്ടേച്ചുപോയ രണ്ട് ആണ്‍മക്കളെയും വാടകക്ക് താമസിക്കുന്ന കൊച്ചുവീടും നാട്ടില്‍ പലരും ഏറ്റെടുക്കാമെന്നു പറഞ്ഞു. ഷാഫിയുടെ ഉള്ള് പിടച്ചു. വാഗ്ദാനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി വൃക്ക മറ്റാര്‍ക്കെങ്കിലും കൊടുത്താല്‍...
നഷ്ടസ്വപ്നങ്ങളുടെ പട്ടിക പലതായി നിരന്നു. ഇടക്കിടക്ക് ലേഖയെ വിളിച്ച് ഓര്‍മപ്പെടുത്തും. ലേഖ വാക്ക് കൊടുത്തു, അനാഥയുടെ വേദനയറിഞ്ഞ ഞാന്‍ മൂലം ഷാഫിയുടെ ഏകമകന്‍ അനാഥനാകില്ല.
എങ്കിലും മനുഷ്യന്റെ മനസ്സല്ലെ. ചാഞ്ചാടാതിരിക്കുമോ? കരിമൂര്‍ഖന്റെ ഇനത്തില്‍ പെട്ട പാമ്പ് എട്ട് വര്‍ഷത്തിനിടയില്‍ ഇരുപത് തവണ അവരെ കടിച്ചിട്ടുണ്ട്. അതില്‍ എട്ട് തവണ സീരിയസ്സായി മരണവുമായി മല്ലിട്ടിട്ടുമുണ്ട്. വൃക്ക ദാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച അമ്മയോട് അവര്‍ പറഞ്ഞു: ''ഞാന്‍ സീരിയസ്സായി ഹോസ്പിറ്റലില്‍ കിടന്ന് രക്തം അനിവാര്യമായ ഘട്ടത്തില്‍ ഒരു നമ്പൂതിരിയും ഒരു പാര്‍ട്ടിക്കാരും ദരിദ്രയായ എനിക്ക് രക്തം തരാന്‍ തയ്യാറായില്ലല്ലോ. അന്ന് കീഴ്ജാതിയായി വിശേഷിപ്പിക്കപ്പെട്ട ഒരു ഓട്ടോഡ്രൈവര്‍ എനിക്ക് രക്തം തരുമ്പോള്‍ അമ്മ പറഞ്ഞില്ലല്ലോ, കീഴ്ജാതിയുടെ രക്തം വേണ്ട എന്ന്'' അമ്മ പിന്നെ മറുപടി പറഞ്ഞില്ല.
നീണ്ട മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷാഫിയുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്ന വാര്‍ത്ത അവരെ ഏറെ സന്തോഷിപ്പിച്ചു. അങ്ങനെ 2013 നവംബറില്‍ വൃക്ക ദിനത്തില്‍ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഷാഫിയെന്ന 33 വയസ്സുകാരന് ലേഖാ നമ്പൂതിരി വൃക്ക ദാനം ചെയ്തു.
പണമില്ലാത്തതിനാല്‍ പഠനം തടസ്സമാകാതിരിക്കാന്‍ അനാഥശാലയില്‍ കഴിയുന്ന രണ്ട് ആണ്‍മക്കളും തന്നെ രണ്ടാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ബാബുവും കൈവെടിയില്ല എന്ന പ്രതീക്ഷക്കൊപ്പം വാടകവീട്ടില്‍ താമസിക്കുന്ന അവരുടെ മനസ്സ് പ്രവാചക വചനം ഓര്‍മിപ്പിക്കുന്നു. 'അതെ, സമ്പത്തിന്റെ ആധിക്യമല്ല, മനസ്സിന്റെ ഐശ്വര്യമാണ് യഥാര്‍ഥ സമ്പത്ത്.'