കര്‍ട്ടണ്‍ ഉയരുമ്പോള്‍...!
ആരിഫ ചെർപ്പുളശ്ശേരി /സർവ്വീസ് ബുക്ക്
2015 മാര്‍ച്ച്
അന്നനുഭവിച്ച ടെന്‍ഷന്‍! ഇപ്പോഴൊ? വല്ലാത്തൊരു കുളിര്‍മ..!
മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ്.
അന്നനുഭവിച്ച ടെന്‍ഷന്‍! ഇപ്പോഴൊ? വല്ലാത്തൊരു കുളിര്‍മ..!
മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഞങ്ങളുടെ സ്‌കൂളില്‍ വെച്ച് സബ്ജില്ലാ കലോത്സവം നടന്നു. അതിഥേയ സ്‌കൂളല്ലെ, ഒരു നാടകം ഞങ്ങളുടെ വകയും ഇരിക്കട്ടെ എന്നു കരുതി. പിന്നെ വൈകിയില്ല. ഞാനും ഷക്കീല ടീച്ചറുംകൂടി കുറച്ചു കഥാപാത്രങ്ങളെ കണ്ടെത്തി, നാടക റിഹേഴ്‌സല്‍ തുടങ്ങി. പ്രതിഭാശാലിയായ ഒരു പെണ്‍കുട്ടിയുടെ വീട്ടിലെ പ്രശ്‌നങ്ങളാണ് തീം. അവിചാരിതമായ കാരണങ്ങളാല്‍, അവളുടെ പരീക്ഷയുടെ അന്ന് കുഞ്ഞനിയത്തിയുടെ ചുമതല ഏല്‍ക്കേണ്ടി വരുന്നു. കുഞ്ഞിന്റെ കരച്ചിലും അവളുടെ തത്രപ്പാടും പരീക്ഷക്ക് സമയത്തെത്താനുള്ള പരക്കംപാച്ചിലും ഇഴചേര്‍ന്ന കഥാതന്തു!
റിഹേഴ്‌സലെല്ലാം കേമമായി നടന്നു. ആവശ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മറ്റും 'പിന്നണി'ക്കാര്‍ ലാപ്പില്‍ കൃത്യമായി ചെയ്യുന്നുണ്ട്. എല്ലാം ഭദ്രം!
കലോത്സവദിനം. ഒട്ടൊരു ആലസ്യത്തില്‍ നില്‍ക്കുന്ന ഞങ്ങളോട് സ്‌റ്റേജ് ഡ്യൂട്ടിക്കാര്‍ പറഞ്ഞു. 'നിങ്ങളുടെ നാടകമാണ് ആദ്യത്തേത്!'' പിന്നൊരു പരക്കം പാച്ചിലായിരുന്നു! നടീനടന്മാര്‍ അവിടവിടെയാണ്. എല്ലാവരെയും വിളിച്ചുകൂട്ടി രംഗസജ്ജീകരണം തുടങ്ങി.
സ്റ്റേജില്‍നിന്നും അറിയിപ്പ്! 'എച്ച്. എസ് വിഭാഗം നാടകമത്സരം ഉടന്‍ തുടങ്ങണം. ഇനിയും വൈകിയാല്‍ കോഡ് നമ്പര്‍ ഒന്നിന് അവസരം നഷ്ടപ്പെടുന്നതാണ്!'
'മരക്കൊമ്പ് കൊണ്ടുവന്നോ? '
'ഇല്ല'
'തൊട്ടിലും കയറും...? '
'ഇല്ല'
'പൂട്ടും താക്കോലും...?' 'മറന്നു!'
'ലാപ്പില്‍ ഫുള്‍ചാര്‍ജുണ്ടല്ലോ അല്ലേ?''
'ഫുള്ളാണ്!'' 'ഹാവൂ സമാധാനം.''
ചെറിയൊരു മരക്കൊമ്പിന് വിട്ടവന്‍ വന്‍തടിയാണ് കൊണ്ടുവന്നത്. എന്തുചെയ്യാം! സ്റ്റേജിനരികില്‍ ഡസ്‌ക്കില്‍ അതിനെ പിടിച്ചുകെട്ടി. 'മറിഞ്ഞു വീഴുമോ?'
'ഇല്ല ടീച്ചറേ, ഞാന്‍ നോക്കാം.' അവന്‍ ധൈര്യവും തന്നു. 'വീഴുമ്പോള്‍ ഞാന്‍ പിടിക്കാം!' എല്ലാം ഒരുവിധം ഒപ്പിച്ചു.
നാടകം തുടങ്ങി. ഞങ്ങള്‍ വീര്‍പ്പടക്കി സ്റ്റേജിനു പിന്നില്‍ നിന്നു. പിന്നണിക്കാര്‍ നന്നായി തന്നെ ലാപ്പില്‍ പ്ലേ ചെയ്യുന്നുണ്ട്! സ്റ്റേജിനരികില്‍ മുന്‍വശത്താണ് അവരുടെ സ്ഥാനം.
പെട്ടെന്ന്... അവരിലൊരുത്തന്‍ മുദ്ര കാണിച്ചു! ഞങ്ങള്‍ തിരിച്ചും. തുടര്‍ന്ന് മുദ്രകളിലൂടെ കാര്യം മനസ്സിലാക്കി.
'ലാപ്പിലെ ചാര്‍ജ് തീര്‍ന്നുവത്രെ! കുഞ്ഞ് കരയുന്ന ശബ്ദമുണ്ടാക്കണം. അതാണടുത്ത സീന്‍! ഇടക്കിടെ കരച്ചില്‍ ആവര്‍ത്തിക്കേണ്ടതുമുണ്ട്!
പടച്ചോനെ ഇനിയെന്തു ചെയ്യും? ഒരുത്തനെ ചാര്‍ജര്‍ എടുക്കാന്‍ ഓടിച്ചു. ഞങ്ങള്‍ ആകെ പരിഭ്രമിച്ചു. കുഞ്ഞിന്റെ കരച്ചില്‍ ഉടന്‍ വേണം. എങ്കിലേ നാടകം മുന്നോട്ടു പോവൂ. കഥാപാത്രങ്ങളെല്ലാം സ്റ്റേജിലാണ് ബാക്ക് കര്‍ട്ടന്‍ വലിച്ചുകെട്ടിയിരിക്കുന്നു. ഒരു പഴുതുമില്ല. തമ്പുരാനേ...
വരുന്നതുവരട്ടെ എന്നുകരുതി ഞാന്‍ കര്‍ട്ടനടിയിലൂടെ നൂഴ്ന്ന് കിട്ടിയ ഒരുത്തനെ കാലില്‍ പിടിച്ച് വലിച്ചു! ഹൗ! മഹേഷ് സ്റ്റേജിനു പിന്നിലേക്ക് വന്നു.
'എന്താ ടീച്ചറേ...?'
'ഒച്ചയുണ്ടാക്കെടാ...?'
'എന്തിന്റെ?'
'കുട്ടി കരയുന്നത്...!'
'എനിക്കൊന്നും കഴിയില്ല. അത് പിന്നണിക്കാരുടെ പണിയല്ലേ?'
'മര്യാദക്കുണ്ടാക്കിക്കോ. ലാപ്പിലെ ചാര്‍ജ് തീര്‍ന്നെടാ... ഒരു രക്ഷയുമില്ല... പെട്ടെന്നുണ്ടാക്ക്...!
'ഞങ്ങള് ഒന്നൊന്നര മണിക്കൂര്‍ ഇതോണ്ട് പ്രാക്ടീസ് ചെയ്തിരുന്നു. അപ്പം തീര്‍ന്നതാവും!'
'കുഞ്ഞിന്റെ കരച്ചില്‍ ഉണ്ടാക്കെടാ...!' അതൊരോര്‍ഡറായിരുന്നു! തുടര്‍ന്ന്... അവനുണ്ടാക്കിയ ശബ്ദം! ഞങ്ങള്‍ യാതൊന്നും കേള്‍ക്കാതെ അറിയാതെ സ്‌റ്റേജിനു പിറകില്‍ നിന്നു. വേണ്ടിടത്തൊക്കെ അവന്‍ മുറക്ക് കരഞ്ഞു! നാടകമൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍...!
ടീച്ചറേ... ചാര്‍ജര്‍ കിട്ടി കൊടുക്കട്ടെ? ' ശരി നാടകമവസാനിക്കാന്‍ എട്ട് മിനിറ്റ് മാത്രം...!
ഹാവൂ... കര്‍ട്ടണ്‍ വീണു! ഞങ്ങള്‍ വേച്ചു വേച്ചു മറ്റൊരു വേദിയിലേക്ക് പോയി. ആ തിരക്കില്‍ സ്വയം നഷ്ടപ്പെട്ട് അങ്ങനെ ഇരുന്നു!!
''നമ്മുടെ നാടകം ഉഗ്രനായിട്ടൊ,' സഹപ്രവര്‍ത്തക തോളില്‍ തട്ടി ചിരിക്കുന്നു.
'ഹെ? മുഴുവനും കണ്ടോ?'
'ആ കണ്ടു. ചില കാണികള്‍ കരയുകയായിരുന്നു.'
'കുഞ്ഞിന്റെ കരച്ചില്‍ എങ്ങനെ?''
'ചില നേരത്ത് ആടു കരയുന്ന പോലായിരുന്നു. എങ്കിലും കുഴപ്പമില്ല. കുട്ടികള്‍ നന്നായി അഭിനയിച്ചു. നല്ല നാച്വറാലിറ്റി ഉണ്ടായിരുന്നു!'
'ടീച്ചറേ... നമ്മക്ക് തേഡ്ണ്ട്! എന്നാലും നമ്മള് എത്ര കേമന്മാരെ വെട്ടിച്ചു, ല്ലേ?'
വെളുക്കെ ചിരിച്ചുകൊണ്ട് ഓടിക്കിതച്ചുവരുന്ന മഹേഷ്!