കുംഭച്ചേന കുടത്തോളം
ഷംന എന്‍.കെ
2015 മാര്‍ച്ച്
ചേന നടേണ്ടത് കുംഭത്തില്‍ തന്നെ. കുംഭത്തില്‍ നട്ടതുകൊണ്ട് ചേന കുടത്തോളം ആവണമെന്നില്ല. വളക്കൂറുള്ള മണ്ണും അനുയോജ്യമായ
ചേന നടേണ്ടത് കുംഭത്തില്‍ തന്നെ. കുംഭത്തില്‍ നട്ടതുകൊണ്ട് ചേന കുടത്തോളം ആവണമെന്നില്ല. വളക്കൂറുള്ള മണ്ണും അനുയോജ്യമായ കാലാവസ്ഥയും ശാസ്ത്രീയ പരിചരണവും ഉണ്ടെങ്കില്‍ മാത്രമെ ചേന കുടത്തോളമാവുകയുള്ളൂ.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് അനുയോജ്യം. തനിവിളയായും തെങ്ങിന്‍ തോപ്പ് ഉള്‍പ്പെടെ നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ ഇടവിളയായും കൃഷി ചെയ്യാം. വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങള്‍ ഒഴിവാക്കണം. ചേന കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളാണ്.
60 സെ.മീ നീളവും 45 സെ.മീ ആഴവുമുള്ള കുഴിയെടുത്ത് മൂന്നടി അകലത്തില്‍ ചേന നടാം. കുഴികളുടെ ആഴം കൂട്ടരുത്. ചേനയുടെ വിത്തിന് ഏകദേശം 500 ഗ്രാം മുതല്‍ 750 ഗ്രാം വരെ തൂക്കം ഉണ്ടായിരിക്കണം. ചേനക്കഷ്ണങ്ങള്‍ ആണ് വിത്തായി ഉപയോഗിക്കുന്നത്. ഒരു ചേന മൂന്ന് കഷ്ണങ്ങളാക്കി വിത്ത് ചാണകവെള്ളത്തില്‍ മൂക്കി തണലത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. വിത്ത് നട്ട് 6-7 മാസം കൊണ്ട് വിളവെടുക്കാവുന്നതാണ്.
കുഴികളില്‍ മേല്‍മണ്ണിനോടൊപ്പം ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് കുഴച്ച് മുക്കാല്‍ ഭാഗം വരെ മണ്ണ് നിറക്കണം. മേല്‍മണ്ണിനു മുകളില്‍ ചേനവിത്തു വെച്ച് ചപ്പുചവറുകള്‍ ഉപയോഗിച്ച് പുതയിടണം. ചേനവിത്ത് കുഴിയുടെ ഏറ്റവും അടിഭാഗത്ത് വെച്ചാല്‍ കിളച്ചെടുക്കുവാന്‍ പ്രയാസം നേരിടും. ചേന നട്ട് ഒരു മാസത്തിനു ശേഷമേ മുളച്ചുവരികയുള്ളൂ. ഈ സമയം പുറത്തെ കുഴികള്‍ക്കിടയിലുള്ള സ്ഥലം കിളച്ച് വന്‍പയര്‍ വിത്ത് പാകിയാല്‍ ചുരുങ്ങിയ ആഴ്ചക്കകം അവ പറിച്ചെടുത്ത് ചേനക്ക് ജൈവവളമായി നല്‍കാം.
ചേന മുളച്ച് മെയ്മാസത്തില്‍ ഇടമഴ ലഭിക്കുമ്പോള്‍ മേല്‍പറഞ്ഞ പയര്‍ചെടിയോ, മറ്റു പച്ചിലച്ചെടിയോ ചെറുതായി അരിഞ്ഞ് ചുവട്ടില്‍ ചേര്‍ത്ത് കൊടുക്കുക. 250 ഗ്രാം ചാരവും ചേര്‍ക്കുന്നത് നല്ലതാണ്. ഉണങ്ങിയ ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയും പൊടിച്ചുചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. കളവരാതെ നോക്കണം. വേര് മേല്‍മണ്ണിലൂടെ പടര്‍ന്നുവരികയാണെങ്കില്‍ മണ്ണ് കയറ്റിക്കൊടുക്കാം. ചാണകക്കുഴമ്പ് ഇടക്ക് പ്രയോഗിച്ചാല്‍ നല്ല വിളവ് കിട്ടും.
നാടന്‍ ചേനകളെക്കാള്‍ നല്ലത് 'ശ്രീപത്മ' (am-15) എന്ന ഇനമാണ്. ഹെക്ടറിന് ശരാശരി 45 ടണ്‍ വിളവ് ലഭിക്കും. കൃഷിഭവനിലോ കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലോ ബന്ധപ്പെട്ടാല്‍ വിത്ത് ലഭിക്കും.
മറ്റു വിളകളെപ്പോലെ ചേനക്കും രോഗങ്ങള്‍ ബാധിക്കും. ചേനയുടെ തണ്ട് ചീയല്‍ ആണ് പ്രധാന രോഗം. അഴുകിയ ചാണകം തണ്ടിനോട് അടുപ്പിച്ച് ഇടരുത്. അഴുകിയ ചപ്പുചവറുകള്‍ മുകളിലേക്ക് കയറ്റി ഇടുന്നതും തണ്ട് ചീയാന്‍ കാരണമാവും.
വെള്ളരിക്ക
മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതെന്ന് കരുതുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വടക്കേ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വേനല്‍ക്കാലങ്ങളില്‍ വെള്ളരിക്ക ധാരാളം ലഭ്യമാണ്. ഇന്ത്യയാണ് ജന്മദേശം. വെള്ളരിക്കയില്‍ 97 ശതമാനവും ജലാംശമാണ്. എങ്കിലും മറ്റു പല പോഷകഘടകങ്ങളും ഉണ്ടെന്നതാണ് ഇതിന്റെ മേന്മ. ദാഹശമനിയായും ഉപയോഗിക്കാറുണ്ട്. കടുത്ത വേനല്‍ക്കാലങ്ങളില്‍ ഇളം വെള്ളരിക്ക ധാരാളമായി കഴിക്കുന്നത് മൂലം ശരീരത്തിന് ആവശ്യമായ ജലം ധാരാളം ലഭിക്കുന്നു. സൂര്യാഘാതം പോലുള്ള അപകടങ്ങളില്‍നിന്നും രക്ഷനേടാനും ഇതുമൂലം സാധിക്കുന്നു.
വെള്ളരിക്കയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യങ്ങളാണ്. ഇളം കായ്കള്‍ പ്രത്യേകിച്ച് ത്രിദോഷശമനകരങ്ങളാണ്. കല്ലടപ്പ്, മൂത്രതടസ്സം, പ്രമേഹം എന്നിവ ശമിപ്പിക്കുന്നതിന് ഇത് ഉപകാരപ്പെടുന്നു. മൂത്രത്തെ വെളിയില്‍ തള്ളാനുള്ള ശക്തി വെള്ളരിക്കക്കുണ്ട്. മൂത്രച്ചൂടിന് വെള്ളരിക്ക വെള്ളത്തില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം ലഭിക്കും. മറ്റു ഫലങ്ങളെപ്പോലെത്തന്നെ വെള്ളരിക്കയും പച്ചയായി ഉപയോഗിക്കുന്നതാണ് നല്ലത്. വെള്ളരിക്ക ചെറു കഷ്ണങ്ങളായി മുറിച്ച് ഉപ്പും കുരുമുളക് പൊടിയും വിതറി വേനല്‍ക്കാലങ്ങളില്‍ ഉപയോഗിച്ചാല്‍ ദാഹം ശമിപ്പിക്കുന്നതോടൊപ്പം മൂത്രദോഷവും മാറും. 'വെള്ളരി തിന്ന കുടലും കള്ളന്‍ കയറിയ വീടും കാലി' എന്ന ഒരു പഴമൊഴിയുണ്ട്. വെള്ളരിയുടെ ജീര്‍ണ ശക്തിയും മലശോധനയും വെളിപ്പെടുത്തുന്നതാണ് ഇൗ ചൊല്ല്. വെള്ളരി നല്ലൊരു സൗന്ദര്യ വര്‍ധക വസ്തുവാണ്. ചര്‍മത്തെ ശുദ്ധീകരിക്കുന്നതിനും നല്ല ശോഭ നല്‍കുന്നതിനും വെള്ളരിക്ക് കഴിവുണ്ട്. വെള്ളരിയുടെ തൊലി കുറച്ചുനേരം തേക്കുകയും അതിനു ശേഷം അവിടെത്തന്നെ പരത്തിയിടുകയും ചെയ്യുക. ചെളിയകറ്റുന്നതോടൊപ്പം മുഖത്തെ സുഷിരങ്ങള്‍ വലുതാക്കി ചര്‍മത്തിന്റെ പരുപരുപ്പ് മാറ്റി മൃദുത്വമേകും.
വെള്ളരി, ഉള്ളി, തക്കാളി, ക്യാരറ്റ് എന്നിവ ചേര്‍ത്ത് സലാഡുണ്ടാക്കിയാല്‍ ഒരു സമീകൃത ഭക്ഷണത്തിന്റെ ഗുണം കിട്ടും. വെള്ളരി ഭക്ഷിച്ച ഉടനെ പച്ചവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ അപകടപ്പെടുത്തുമെന്നാണ് ആയുര്‍വേദമതം.
കൃഷിരീതി
ഏതു മണ്ണിലും കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറി ഇനമാണ് വെള്ളരി. ഒരു മീറ്റര്‍ അകലത്തില്‍ വട്ടത്തിലുള്ള കുഴിയെടുക്കണം. നന്നായി ഇളക്കി മണ്ണില്‍ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചകിരിച്ചോറോ മറ്റു ജൈവവളങ്ങളോ ചേര്‍ക്കണം. ഓരോ കുഴിയിലും നാലോ അഞ്ചോ വിത്തുകള്‍ വീതം നടാം. മൂന്നോ നാലോ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളക്കും. രണ്ടു ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. പൂവിട്ടുകഴിഞ്ഞാല്‍ ചാണകവെള്ളം കലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ വിളവ് കൂടും. കോഴിവളം, ആട്ടിന്‍ കാഷ്ഠം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് പച്ചിലകൊണ്ട് പുതയിടുന്നത് നല്ലതാണ്. വെള്ളരി പടരാന്‍ തുടങ്ങിയാല്‍ വരികള്‍ക്കിടയില്‍ കവുങ്ങിന്‍പട്ട ഇട്ടുകൊടുത്ത് വെള്ളരികള്‍ക്ക് പടരാന്‍ സൗകര്യം ചെയ്തുകൊടുക്കണം. നടുന്ന സമയത്ത് ഒരു കുഴിയില്‍ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇടക്കിടെ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ചുകൊടുത്താല്‍ കീടങ്ങള്‍ വരാതിരിക്കും. മുടിക്കോട് ലോക്കല്‍, സൗഭാഗ്യ, അരുണിമ എന്നിവയാണ് പ്രധാന ഇനങ്ങള്‍.
ജീവാമൃതം
കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ഒരു ജൈവവളം കൂട്ടാണ് ജീവാമൃതം. കൃഷിയിടങ്ങളില്‍ അദ്ഭുതം സൃഷ്ടിച്ച ജീവാമൃതം പച്ചക്കറി തോട്ടങ്ങളിലും ഉപയോഗിക്കാം.
തയ്യാറാക്കുന്ന വിധം
ചാണകം: പത്ത് കിലോഗ്രാം (നാടന്‍ പശുവിന്റേതാണ് നല്ലത്)
ഗോമൂത്രം: പത്ത് ലിറ്റര്‍
കറുത്ത ശര്‍ക്കര: രണ്ട് കിലോഗ്രാം
പയര്‍: രണ്ട് കിലോഗ്രാം (ചെറുപയര്‍, വന്‍പയര്‍, മുതിര ഇവയില്‍ ഏതെങ്കിലും ഒന്ന് പൊടിച്ചത്)
മണ്ണ്: ഒരു പിടി
വെള്ളം : 200 ലിറ്റര്‍
മേല്‍പറഞ്ഞ ചേരുവകള്‍ ഒരു പ്ലാസ്റ്റിക് വീപ്പയില്‍ കലര്‍ത്തി തണലില്‍ ചാക്കിട്ട് മൂടിവെക്കുക. മിശ്രിതം ദിവസം രണ്ടു തവണ നന്നായി ഇളക്കുക. സൂക്ഷ്മാണുക്കള്‍ ഓരോ മിനുട്ടിലും ഇരട്ടിക്കും. രണ്ട് ദിവസം കഴിഞ്ഞാല്‍ ഒരേക്കര്‍ വിളകളെ സംരക്ഷിക്കുവാനുള്ള സൂക്ഷ്മാണുക്കള്‍ വളര്‍ന്നിരിക്കും. മൂന്നാം ദിവസം മുതല്‍ വിളകള്‍ക്ക് ഉപയോഗിക്കാം. ഏഴ് ദിവസത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ നശിക്കും. വെയില്‍ കൊണ്ടാല്‍ സൂക്ഷ്മാണുക്കള്‍ നശിക്കാന്‍ സാധ്യതയുള്ളതിനാല്‍ വെയിലുള്ള സമയത്ത് ഉപയോഗിക്കുന്നതിന് പകരം വൈകുന്നേരങ്ങളില്‍ ഉപയോഗിക്കുക.