സിക്കന്തര്‍ ബീഗവും ഷാജഹാന്‍ ബീഗവും
റഹ്‌മാൻ മുന്നൂർ
2015 മാര്‍ച്ച്
ജഹാംഗീര്‍ ഖാന്‍ 1844-ല്‍ മരണപ്പെട്ടു. പത്‌നി സിക്കന്തര്‍ ബീഗവും പുത്രി ഷാജഹാന്‍ ബീഗവും മാത്രമാണ് അദ്ദേഹത്തിന്
ഭോപ്പാലിലെ ബീഗങ്ങള്‍- 3
ജഹാംഗീര്‍ ഖാന്‍ 1844-ല്‍ മരണപ്പെട്ടു. പത്‌നി സിക്കന്തര്‍ ബീഗവും പുത്രി ഷാജഹാന്‍ ബീഗവും മാത്രമാണ് അദ്ദേഹത്തിന് പിന്തുടര്‍ച്ചാവകാശികളായി ഉണ്ടായിരുന്നത്. വീണ്ടും ഒരു വനിതയെത്തന്നെ ഭരണാധികാരിയായി നിശ്ചയിക്കേണ്ട സാഹചര്യം. ഷാജഹാന്‍ ബീഗത്തിന് അന്ന് രണ്ടുവയസ്സാണ് പ്രായം. എങ്കിലും ആ കുരുന്നു ശിശുവിനെത്തന്നെ ഭോപ്പാലിന്റെ നവാബായി നിശ്ചയിക്കാനായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീരുമാനം. ഷാജഹാന്‍ ബീഗം വളര്‍ന്ന് വിവാഹിതയാകുമ്പോള്‍ ഭരണം ഭര്‍ത്താവിന് കൈമാറണം എന്ന ഉപാധിയോടുകൂടിയായിരുന്നു ഇത്. ഫൗജ്ദാര്‍ മുഹമ്മദ് ഖാനെയും സിക്കന്തര്‍ ബീഗത്തെയും ഭരണ നടത്തിപ്പ് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഫൗജ്ദാര്‍ മുഹമ്മദ് അഴിമതിക്കാരനും അയോഗ്യനുമാണെന്ന് കുറഞ്ഞകാലം കൊണ്ടുതന്നെ സ്വയം തെളിയിച്ചു. അങ്ങനെ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അതോടെ അധികാരം സിക്കന്തര്‍ ബീഗത്തിന്റെ കരങ്ങളില്‍ ഭദ്രം.
മാതാവ് ഖുദ്‌സിയ്യാ ബീഗത്തിന്റെ ഉല്‍കൃഷ്ടമായ മാതൃകകളെ പിന്തുടര്‍ന്നുകൊണ്ടാണ് സിക്കന്തര്‍ ബീഗം ഭരണം നടത്തിയത്. സമ്പന്നയായിരുന്നതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി നടത്താന്‍ അവര്‍ക്ക് സാധിച്ചു. കര്‍ക്കശക്കാരിയായ ഭരണകര്‍ത്താവും കടുത്ത അച്ചടക്കക്കാരിയും മികച്ച സംഘാടകയും കൂടിയായിരുന്നു സിക്കന്തര്‍ ബീഗം. ഉയര്‍ന്ന നിലവാരവും കാര്യക്ഷമതയും ഉറപ്പുവരുത്തുവാനായി ഓരോ കാര്യത്തിന്റെയും സൂക്ഷ്മമായ വിശദാംശങ്ങളില്‍വരെ അവര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. ശിപായി ലഹള എന്ന പേരില്‍ അറിയപ്പെട്ട 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് അവര്‍ പ്രദര്‍ശിപ്പിച്ച നയതന്ത്രജ്ഞത പ്രശംസനീയമായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി വ്യവസ്ഥകള്‍ ലംഘിക്കാതെത്തന്നെ സമരത്തില്‍ പങ്കുചേരാന്‍ അവര്‍ക്കു സാധിച്ചു.
ഭോപ്പാല്‍ ഭരണാധികാരി എന്ന നിലക്കുള്ള എല്ലാ അധികാരവും ബഹുമതിയും കീര്‍ത്തിയും സിക്കന്തര്‍ ബീഗത്തിന് ലഭിച്ചിരുന്നുവെങ്കിലും അവരുടെ മാതാവ് ഖുദ്‌സിയ്യാ ബീഗം സംതൃപ്തയായിരുന്നില്ല. എന്തെന്നാല്‍ നിയമപ്രകാരം സിക്കന്തര്‍ ബീഗമല്ല, അവരുടെ മകള്‍ ഷാജഹാന്‍ ബീഗമാണ് ഭരണാധികാരി.
സ്ത്രീകള്‍ ഭരണാധികാരികളാകുന്നതിനെ ബ്രിട്ടീഷുകാരും അംഗീകരിച്ചിരുന്നില്ല. സിക്കന്തര്‍ ബീഗത്തിന് അവകാശപ്പെട്ട അധികാരം അവരില്‍നിന്ന് പിടിച്ചെടുത്തുകൊണ്ടാണ് ഭര്‍ത്താവ് ജഹാംഗീര്‍ ഖാനെ അവര്‍ അധികാരത്തില്‍ വാഴിച്ചത്. ഇപ്പോള്‍ ഷാജഹാന്‍ ബീഗത്തോടും വിവാഹശേഷം ഭര്‍ത്താവിന് അധികാരം കൈമാറണമെന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനെതിരെ ഖുദ്‌സിയ്യാ ബീഗം ബ്രിട്ടീഷ് ഗവണ്‍മെന്റിന് പരാതി നല്‍കി. ഖുര്‍ആനോ ഇസ്‌ലാമിക നിയമമോ ബ്രിട്ടീഷ് പാരമ്പര്യമോ സ്ത്രീകളുടെ ഭരണസാരഥ്യത്തെ എതിര്‍ക്കുന്നില്ലെന്ന് പ്രമാണങ്ങളും തെളിവുകളും നിരത്തി അവര്‍ വാദിച്ചു. പതിനെട്ടു കൊല്ലം നീണ്ടുനിന്നു ഖുദ്‌സിയ്യാ ബീഗത്തിന്റെ ഈ പോരാട്ടം. ഒടുവില്‍ 1855-ല്‍ അധികാരം ഭര്‍ത്താവിന് കൈമാറണമെന്ന് സ്ത്രീ ഭരണാധികാരികളോട് അനുശാസിക്കുന്ന നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദ് ചെയ്തു.
നിയമ പോരാട്ടത്തില്‍ ഖുദ്‌സിയ്യാ ബീഗം വിജയിച്ചുവെങ്കിലും സിക്കന്തര്‍ ബീഗത്തെ യാഥാര്‍ഥ ഭരണാധികാരിയാക്കാന്‍ കഴിഞ്ഞില്ല. അതിന് ഷാജഹാന്‍ ബീഗത്തെ പ്രസ്തുത സ്ഥാനത്തുനിന്ന് നീക്കേണ്ടതുണ്ട്. നിയമത്തില്‍ അതിനുള്ള വകുപ്പോ പഴുതോ ഉണ്ടായിരുന്നില്ല. ഒടുവില്‍ മകള്‍ തന്നെ മാതാവിന്റെ രക്ഷക്കെത്തി. 1860-ല്‍ ഷാജഹാന്‍ ബീഗത്തിന് 18 വയസ്സ് തികഞ്ഞു. അതോടെ അധികാരം നേരിട്ടു കൈയാളാന്‍ അവര്‍ യോഗ്യയായി. മാതാവ് സിക്കന്തര്‍ ബീഗത്തോട് അധികാരം തനിക്ക് കൈമാറണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാം. പക്ഷേ, ഷാജഹാന്‍ ബീഗം അതിന് തയ്യാറായില്ല. പദവി മാതാവ് സിക്കന്തര്‍ ബീഗത്തിന്റെ കൈകളില്‍ സമര്‍പ്പിക്കുകയാണ് അവര്‍ ചെയ്തത്.
അങ്ങനെ പകരക്കാരി എന്ന സ്ഥാനത്തുനിന്ന് യഥാര്‍ഥ ഭരണാധികാരി എന്ന സ്ഥാനത്തേക്ക് സിക്കന്തര്‍ ബീഗം ഉയര്‍ത്തപ്പെട്ടു. 1860 മുതല്‍ 1868 വരെ പൂര്‍ണ അധികാരത്തോടെ സിക്കന്തര്‍ ബീഗം ഭോപ്പാലില്‍ ഭരണം നടത്തി. പതിനാറ് കൊല്ലം ഷാജഹാന്‍ ബീഗത്തിന്റെ പേരിലും എട്ടു കൊല്ലം സ്വന്തം പേരിലും ഭരണം നടത്തിയ ശേഷം 1868 ഒക്ടോബര്‍ 30-ന് അവര്‍ ലോകത്തോട് വിടപറഞ്ഞു.
സിക്കന്തര്‍ ബീഗം ബ്രിട്ടീഷ് അനുകൂലിയായിരുന്നില്ലെങ്കിലും സാഹചര്യവശാല്‍ അവര്‍ക്ക് ബ്രിട്ടീഷ് പക്ഷത്ത് നില്‍ക്കേണ്ടിവന്നു. അതുമൂലം തന്റെ ഭരണം നിലനിര്‍ത്താനും രാജ്യത്ത് ക്രമസമാധാനം കാത്തുസൂക്ഷിക്കാനും അവര്‍ക്ക് സാധിച്ചു. തന്റെ ഭരണകാലത്ത് നിരവധി പരിഷ്‌കാരങ്ങള്‍ അവര്‍ നടപ്പിലാക്കുകയുണ്ടായി. ഭരണകര്‍ത്താക്കള്‍ പൊതുമുതല്‍ സ്വകാര്യസ്വത്തായി കരുതി ദുര്‍വിനിയോഗം നടത്തുന്നത് തടയുന്നതിനുള്ള നടപടിയായിരുന്നു അതിലൊന്ന്. ഇത് സംബന്ധിച്ചുണ്ടായിരുന്ന അലിഖിത മാര്‍ഗനിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് എഴുതി രേഖപ്പെടുത്തി. ഒരു ഓഡിറ്റ് ആന്റ് അക്കൗണ്ട് ഓഫീസ് (ദഫ്തറെ ഹുസൂര്‍) സ്ഥാപിച്ച് എല്ലാ കണക്കുകളും ഫ്രീ ഓഡിറ്റിംഗിന് വിധേയമാക്കി. ഇത് ഏറ്റവും പ്രയോജനകരമായ ഒരു സംവിധാനമാണെന്ന് പിന്നീട് ബ്രിട്ടീഷ് വൈസ്രോയി പോലും സമ്മതിക്കുകയുണ്ടായി. ദീവാനി, ഫൗജ്ദാരി നിയമങ്ങള്‍ അവര്‍ പുസ്തകരൂപത്തില്‍ ക്രോഡീകരിച്ചു. ഉദ്യോഗസ്ഥ മര്‍ദനങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍വരുത്തി. ധാരാളം സ്‌കൂളുകളും സാങ്കേതിക സ്ഥാപനങ്ങളും ആരംഭിച്ചു. ഭോപ്പാലില്‍ ഗവണ്‍മെന്റ് പ്രസ്സ് സ്ഥാപിച്ചത് അവരാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹി ജുമാ മസ്ജിദിന്റെ ഗേറ്റ് തുറന്നുകൊടുത്ത് അവിടെ പ്രാര്‍ഥനാ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചത് സിക്കന്തര്‍ ബീഗത്തിന്റെ പരിശ്രമഫലമായാണ്.
മാതാവ് ഖുദ്‌സിയ്യാ ബീഗത്തെപ്പോലെ സിക്കന്തര്‍ ബീഗവും പര്‍ദ്ദ ആചരിച്ചിരുന്നില്ല. എങ്കിലും മതകാര്യങ്ങളില്‍ അവര്‍ നിഷ്ഠയും താല്‍പര്യവും പുലര്‍ത്തിയിരുന്നു. ഹജ്ജ് കര്‍മം നിര്‍വ്വഹിച്ച അവര്‍ അന്നത്തെ നാലുലക്ഷം രൂപ വിശുദ്ധ ഹറമുകളുടെ വികസനത്തിന് വേണ്ടി സംഭാവന നല്‍കുകയുണ്ടായി. ഭോപ്പാലില്‍ അവര്‍ നിര്‍മിച്ച 'മോത്തി മസ്ജിദ്' അതിന്റെ ഗാംഭീര്യംകൊണ്ടും വാസ്തുശില്‍പ സൗന്ദര്യംകൊണ്ടും പ്രസിദ്ധമാണ്. ഹജ്ജ് കര്‍മം നിര്‍വഹിച്ച ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി സിക്കന്തര്‍ ബീഗമാണെന്ന് പറയപ്പെടുന്നു. തന്റെ ഹജ്ജ്‌യാത്രയിലെ ഓര്‍മകള്‍ 'റോസ് നാംസച്ച ഹജ്ജ്' എന്ന പേരില്‍ ഒരു പുസ്തകമായി അവര്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങളാല്‍ സമൃദ്ധമായ ഈ കൃതി 'എ പില്‍ഗ്രിമേജ് ടു ഇന്ത്യ' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഷാജഹാന്‍ ബീഗം
സിക്കന്തര്‍ ബീഗത്തിന്റെ മരണത്തെ തുടര്‍ന്ന് പുത്രി ഷാജഹാന്‍ ബീഗം ഭോപ്പാലിന്റെ ഭരണാധികാരിയായി സ്ഥാനമേറ്റു. സിക്കന്തര്‍ ബീഗത്തിന്റെയും ഷാജഹാന്‍ ബീഗത്തിന്റെയും സ്വഭാവ പ്രകൃതങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടായിരുന്നു. കരുത്തും തന്റേടവുമുള്ള ഭരണാധികാരിയായിരുന്നു സിക്കന്തര്‍ ബീഗം. ഒരുതരം പൗരുഷഭാവമാണ് അവരുടെ വ്യക്തിത്വത്തില്‍ മുന്തിനിന്നിരുന്നത്. എന്നാല്‍ താരതമ്യേന ലോലമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഷാജഹാന്‍ ബീഗം. സിക്കന്തര്‍ ബീഗം ഉരുക്കുമുഷ്ടികൊണ്ട് ഭരണം നടത്തുകയും പടക്കളത്തിലേക്ക് പട്ടാളത്തെ സ്വയം നയിക്കുകയും ചെയ്തു. എന്നാല്‍ കവിതയിലും സംഗീതത്തിലും കെട്ടിടനിര്‍മാണത്തിലുമൊക്കെയായിരുന്നു ഷാജഹാന്‍ ബീഗത്തിന് കൂടുതല്‍ താല്‍പര്യം. കടുത്ത ഭരണനടപടികളിലൂടെ സിക്കന്തര്‍ ബീഗം പാകപ്പെടുത്തിയെടുത്ത സമാധാനമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിന്റെ ഗുണങ്ങള്‍ അനുഭവിച്ചും പ്രയോജനപ്പെടുത്തിയുമാണ് ഷാജഹാന്‍ ബീഗം ഭരണം നടത്തിയത്.
ഷാജഹാന്‍ ബീഗത്തിന് കുലീന കുടുംബത്തില്‍ നിന്നുള്ള ഒരു ഭര്‍ത്താവിനെ ഖുദ്‌സിയ്യാ ബീഗം തെരഞ്ഞെടുത്ത് നല്‍കിയിരുന്നു. അദ്ദേഹവുമായുള്ള ദാമ്പത്യത്തില്‍ അവര്‍ക്കൊരു പുത്രി - ജഹാന്‍ ബീഗം- ജനിക്കുകയുണ്ടായി. ഭര്‍ത്താവിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ലോകപ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് സിദ്ദീഖ് ഹസന്‍ ഖാനെ അവര്‍ വിവാഹംചെയ്തു. സലഫി മദ്ഹബുകാരനായ സിദ്ദീഖ് ഹസന്‍ ഖാന്‍ 300-ല്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവും ലോകപ്രശസ്തനുമാണ്. ഷാജഹാന്‍ ബീഗത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് അദ്ദേഹത്തെ അവര്‍ വിവാഹംചെയ്തത്. ഖുദ്‌സിയ്യാ ബീഗത്തിന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. അവരുടെ വീക്ഷണത്തില്‍ ഷാജഹാന്‍ ബീഗത്തിന് അനുരൂപനായിരുന്നില്ല അദ്ദേഹം. രാജകുടുംബത്തിന് ചേര്‍ന്ന കുലീനത്വം അദ്ദേഹത്തിനില്ലെന്ന് അവര്‍ വിശ്വസിച്ചു. ഇത് ഷാജഹാന്‍ ബീഗത്തിനും ഖുദ്‌സിയ്യാ ബീഗത്തിനുമിടയിലുള്ള ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ സിദ്ദീഖ് ഹസന്റെ ഭരണത്തിലുള്ള ഇടപെടല്‍ അവര്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്റിനുമിടയിലും അലോസരമുണ്ടാക്കി. ഖുദ്‌സിയ്യാ ബീഗവും സിക്കന്തര്‍ ബീഗവും പര്‍ദ്ദ ഉപേക്ഷിച്ചപ്പോള്‍ ഷാജഹാന്‍ ബീഗം വീണ്ടും പര്‍ദ്ദയിലേക്ക് മടങ്ങി. പണ്ഡിതനായ സിദ്ദീഖ് ഹസന്‍ ഖാന്റെ സ്വാധീനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഭോപ്പാലില്‍ ഷാജഹാന്‍ ബീഗം നിര്‍മ്മിച്ച താജുല്‍ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ്. സ്ത്രീകള്‍ക്കുകൂടി പ്രാര്‍ഥിക്കാനുള്ള സൗകര്യമാണ് താജുല്‍ മസ്ജിദിന്റെ പ്രധാന സവിശേഷത. പള്ളിയോടനുബന്ധിച്ച് അറബി കോളേജും ലൈബ്രറിയും പണ്ഡിതന്മാര്‍ക്ക് താമസിക്കാനുള്ള ലോഡ്ജുകളുമെല്ലാം സൗകര്യപ്പെടുത്തിയിരുന്നു.
1901-ലാണ് ഷാജഹാന്‍ ബീഗം മരണപ്പെട്ടത്. അവര്‍ക്കു ശേഷം അവരുടെ ആദ്യ ഭര്‍ത്താവിലുള്ള പുത്രി ജഹാന്‍ ബീഗം ഭരണമേറ്റെടുത്തു. 'താജുല്‍ ഇഖ്ബാല്‍ താരീഖ് ഭോപ്പാല്‍' എന്ന പേരില്‍ ഷാജഹാന്‍ ബീഗം എഴുതിയ ഭോപ്പാലിന്റെ ചരിത്രം പ്രസിദ്ധമാണ്.
(തുടരും)