പാപമുക്തിയുടെ മാര്‍ഗങ്ങള്‍

ഹൈദറലി ശാന്തപുരം No image

ഓരോ ശിശുവും ജനിക്കുന്നത് ശുദ്ധപ്രകൃതിയോടു കൂടിയാണെന്നും അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രൈസ്തവനോ അഗ്നിയാരാധകനോ ആക്കുന്നതെന്നും സൂചിപ്പിക്കുന്ന ഒരു പ്രവാചകവചനമുണ്ട്. ആദം സന്തതികളെല്ലാം അബദ്ധം സംഭവിക്കുന്നവരാണെന്നും അവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണെന്നും അര്‍ഥം വരുന്ന മറ്റൊരു നബിവചനവുമുണ്ട്. ഇതു രണ്ടിനുമിടയില്‍ അല്‍പം വൈരുധ്യമുണ്ടെന്ന് തോന്നാമെങ്കിലും രണ്ടും തമ്മില്‍ വൈരുധ്യമില്ല. മനുഷ്യന്‍ പാപിയായിട്ടല്ല ജനിക്കുന്നതെന്നും സാഹചര്യമാണ് അവനെ ശുദ്ധ പ്രകൃതിക്ക് അന്യമായ ആശയാദര്‍ശങ്ങളില്‍ വ്യാപരിക്കാന്‍ ഹേതുവാക്കുന്നതെന്നുമാണ് ആദ്യവചനം വ്യക്തമാക്കുന്നത്. ശുദ്ധപ്രകൃതിയോടുകൂടി ജനിക്കുന്ന മനുഷ്യരെല്ലാം പാപം സംഭവിക്കാന്‍ സാധ്യതയുള്ളവരാണെന്നും പാപമുക്തിയുടെ മാര്‍ഗം പശ്ചാത്താപമാണെന്നുമാണ് രണ്ടാമത്തെ വചനം പഠിപ്പിക്കുന്നത്. സവിശേഷ ജ്ഞാനം കൊണ്ട് അനുഗൃഹീതരാവുകയും മാലാഖമാരുടെ സാഷ്ടാംഗം വഴി ആദരിക്കപ്പെടുകയും ചെയ്ത ആദമും ഇണ ഹവ്വയും എങ്ങനെയാണ് പിശാചിന്റെ ദുര്‍ബോധനത്തിന് വശംവദരായി പാപം ചെയ്‌തെന്നും അവര്‍ക്കെങ്ങനെ പാപമുക്തി ലഭിച്ചുവെന്നും വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

പാപങ്ങള്‍ രണ്ടു വിധം

വന്‍പാപങ്ങളും ചെറുപാപങ്ങളും. ഇരു പാപങ്ങളും അവയുടെ ഗൗരവത്തില്‍ വ്യത്യസ്തമായതുപോലെത്തന്നെ പാപമുക്തിയുടെ മാര്‍ഗത്തിലും വ്യത്യസ്തമാകുന്നു.
വന്‍ പാപങ്ങളുടെയും ചെറിയ പാപങ്ങളുടെയും അതിര്‍വരമ്പുകളും മാനദണ്ഡങ്ങളും പണ്ഡിതന്മാര്‍ നിരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്. അല്ലാഹു വിലക്കിയത് നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചത്, ശിക്ഷ അനിവാര്യമായത്, അന്ത്യദിനത്തില്‍ നരകശിക്ഷ ലഭിക്കാന്‍ ഹേതുവാകുമെന്ന് മുന്നറിയിപ്പ് നല്‍കപ്പെട്ടത്, ദൈവകോപത്തിനും ശാപത്തിനും കാരണമാകുമെന്ന് താക്കീത് നല്‍കപ്പെട്ടത്, ചെയ്ത ആള്‍ അധര്‍മിയാണെന്ന് വിശേഷിപ്പിക്കപ്പെട്ടത്- ഈ വിധത്തിലുള്ള കുറ്റങ്ങളെല്ലാം വന്‍ പാപങ്ങളില്‍ പെടുന്നു. നബി(സ) അരുള്‍ ചെയ്തതായി അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''നാശത്തിലകപ്പെടുത്തുന്ന ഏഴ് മഹാപാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുക.'' സഖാക്കള്‍ ചോദിച്ചു: ''ഏതാണവ?'' പ്രവാചകന്‍ (സ) പറഞ്ഞു: ''അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, ആഭിചാരവൃത്തി, അല്ലാഹു ആദരണീയമാക്കിയ ആത്മാവിനെ അന്യായമായി വധിക്കല്‍, പലിശ ഭക്ഷിക്കല്‍, യുദ്ധവേളയില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും സത്യവിശ്വാസികളും ചാരിത്ര്യവതികളുമായ സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തല്‍'' (ബുഖാരി, മുസ്‌ലിം). അല്ലാഹുവോട് പങ്കു ചേര്‍ക്കല്‍, മാതാപിതാക്കളോട് ധിക്കാരം കാണിക്കല്‍, കള്ളം പറയല്‍, കള്ളസാക്ഷ്യം വഹിക്കല്‍ എന്നിവയെ നബി(സ) മറ്റൊരു ഹദീസില്‍ 'അക്ബറുല്‍ കബാഇര്‍' (വന്‍പാപങ്ങളില്‍ ഏറ്റവും ഗുരുതരമായത്) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ചില വന്‍പാപങ്ങളെ 'മ്ലേഛവൃത്തികള്‍' എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നു.
മനുഷ്യരെല്ലാം ചെറിയ പാപങ്ങളില്‍ അകപ്പെട്ടു പോകും. നബി(സ) പ്രസ്താവിച്ചു: ''അല്ലാഹു മനുഷ്യന് വ്യഭിചാരത്തില്‍നിന്നുള്ള അവന്റെ ഭാഗധേയം രേഖപ്പെടുത്തിയിട്ടുണ്ട്. നിസ്സംശയം അതവന്ന് ലഭിക്കും. കണ്ണിന്റെ വ്യഭിചാരം നോട്ടവും നാവിന്റെ വ്യഭിചാരം സംസാരവുമാകുന്നു. മനസ്സ് ആഗ്രഹിക്കുകയും ഇഛിക്കുകയും ചെയ്യുന്നു. അത് സാക്ഷാല്‍ക്കരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് അവന്റെ ജനനേന്ദ്രിയമാണ്'' (ബുഖാരി, മുസ്‌ലിം).
പശ്ചാത്താപവും പാപമോചന പ്രാര്‍ഥനയുമാണ് വന്‍പാപങ്ങളില്‍ നിന്നുള്ള മുക്തിയുടെ മാര്‍ഗം. ചെറിയ പാപങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ വഴി പൊറുക്കപ്പെടും. അല്ലാഹു പറയുന്നു: ''നിങ്ങള്‍ നിങ്ങളോട് വിലക്കപ്പെടുന്ന വന്‍പാപങ്ങള്‍ വര്‍ജിക്കുകയാണെങ്കില്‍ നിങ്ങളുടെ ചെറിയ പാപങ്ങള്‍ നാം മായ്ച്ചു കളയുകയും നിങ്ങളെ മാന്യമായ സ്ഥാനത്ത് പ്രവേശിപ്പിക്കുകയും ചെയ്യും'' (അന്നിസാഅ് 31).
അല്ലാഹുവിന്റെ പ്രതിഫലത്തിനര്‍ഹരാകുന്ന സജ്ജനങ്ങളെ അല്ലാഹു വിശേഷിപ്പിക്കുന്നത് 'ചെറിയ പാപങ്ങളല്ലാതെ, വന്‍പാപങ്ങളും മ്ലേഛവൃത്തികളും വര്‍ജിക്കുന്നവര്‍' എന്നാണ് (അശ്ശൂറാ: 37).
നബി(സ) പറഞ്ഞു: ''അഞ്ച് സമയത്തെ നമസ്‌കാരങ്ങള്‍, ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെ, ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെ അവക്കിടയിലെ പാപങ്ങള്‍ മായ്ച്ചുകളയുന്നതാണ്, വന്‍പാപങ്ങള്‍ വര്‍ജിക്കപ്പെടുകയാണെങ്കില്‍''(മുസ്‌ലിം).
ചെറിയ പാപങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും ആവര്‍ത്തിച്ച് ചെയ്യുകയുമാണെങ്കില്‍ അവ വന്‍പാപങ്ങളായിത്തീരും. നബി(സ) അരുള്‍ ചെയ്തു: ''ചെറിയ പാപങ്ങളെ നിങ്ങള്‍ നിസ്സാരമായിക്കാണരുത്. കാരണം അവ ഒരാളില്‍ ഒരുമിച്ചുകൂടുകയാണെങ്കില്‍ അവ അവനെ നശിപ്പിക്കും'' (അഹ്മദ്).
പാപങ്ങള്‍ ദൈവകോപത്തിനും ഐഛികവും പാരത്രികവുമായ ശിക്ഷകള്‍ക്കും കാരണമാകും, മഹാപ്രളയത്തിലൂടെ നശിപ്പിക്കപ്പെട്ട നൂഹ് നബി(അ)യുടെ ജനതയെക്കുറിച്ച് അല്ലാഹു പറഞ്ഞു: ''അവരുടെ പാപങ്ങള്‍ കാരണത്താല്‍ അവര്‍ മുക്കി നശിപ്പിക്കപ്പെടുകയും നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു'' (നൂഹ്: 25).
പൂര്‍വകാല ചരിത്രത്തില്‍ വിവിധ തരം ശിക്ഷകള്‍ക്ക് വിധേയരായ വ്യക്തികളെയും സമൂഹങ്ങളെയും കുറിച്ച് അല്ലാഹു പറയുന്നു:
''അങ്ങനെ എല്ലാവരെയും അവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴത്തിക്കളഞ്ഞു. അവരില്‍ ചിലരെ നാം മുക്കി നശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷേ, അവര്‍ അവരോടു തന്നെ അക്രമം ചെയ്യുകയായിരുന്നു'' (അല്‍ അന്‍കബൂത്ത് 40).
പാപവൃത്തി മനുഷ്യനില്‍ അത്യന്തം മോശമായ പ്രതികരണമാണ് സൃഷ്ടിക്കുക. ഹൃദയം കടുത്ത മനുഷ്യന്‍ സമൂഹത്തില്‍ തിന്മയുടെ സ്രോതസ്സാവും. പശ്ചാത്താപവും പാപമോചന പ്രാര്‍ഥനയും മാത്രമേ പാപിയായ മനുഷ്യനെ അവന്റെ പൂര്‍വ സ്ഥിതിയിലേക്കെത്തിക്കുകയുള്ളൂ. നബി(സ) പ്രസ്താവിച്ചു: ''ഒരു സത്യവിശ്വാസി പാപം ചെയ്താല്‍ അതവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളിയാവും. അവന്‍ പശ്ചാത്തപിക്കുകയും പാപത്തില്‍നിന്ന് വിരമിക്കുകയും പാപമോചനത്തിന് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അവന്റെ ഹൃദയം പാപത്തില്‍നിന്ന് ശുദ്ധീകരിക്കപ്പെടും. പാപം വര്‍ധിപ്പിക്കുകയാണെങ്കില്‍ ആ കറുത്ത പുള്ളിയും വര്‍ധിക്കും. അതിനെക്കുറിച്ചാണ് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത്: 'അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കും'' (അഹ്മദ്, ഇബ്‌നുമാജ).
പാപകൃത്യങ്ങള്‍ ദിവ്യാനുഗ്രഹങ്ങള്‍ തടയപ്പെടാനും കാരണമാകും. നബി(സ) പ്രസ്താവിച്ചു: ''പുണ്യകര്‍മമല്ലാതെ ആയുസ്സില്‍ വര്‍ധനവുണ്ടാക്കുകയില്ല; പ്രാര്‍ഥനയല്ലാതെ ഖദ്‌റിനെ പ്രതിരോധിക്കുകയില്ല, ഒരാള്‍ ചെയ്യുന്ന പാപകൃത്യം കാരണം അവന് ദിവ്യാനുഗ്രഹം തടയപ്പെടും'' (ഇബ്‌നുമാജ).
പാപരഹിതമായ ജീവിതം നയിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിസന്ധികളില്‍ രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കുമെന്നും അവര്‍ നിനക്കാത്ത രൂപത്തില്‍ അനുഗ്രഹം പ്രദാനം ചെയ്യുമെന്നും അല്ലാഹു ഖുര്‍ആനില്‍ വാഗ്ദത്തം ചെയ്തിരിക്കുന്നു:
''അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന് പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവര്‍ നിനക്കാത്ത രൂപത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്'' (അത്ത്വലാഖ്: 2,3).

പാപമുക്തിയുടെ മാര്‍ഗം
പാപവൃത്തികള്‍ മനുഷ്യനെ മാനസിക വിഭ്രാന്തിയിലേക്കും ആന്തരികാസ്വാസ്ഥ്യങ്ങളിലേക്കും കൊണ്ടു ചെന്നെത്തിക്കും. പലരുടെയും ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്കും അസന്തുഷ്ടിക്കും കാരണം അവര്‍ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളായിരിക്കും. ഇസ്‌ലാം അതില്‍നിന്നുള്ള മോചനമാര്‍ഗം നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധന നടത്തി തന്റെ കുറ്റം അല്ലാഹുവോട് ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും ചെയ്യുക എന്നതാണത്. മറ്റേതെങ്കിലും വ്യക്തിയുടെയോ അധികാര ശക്തിയുടെയോ മുന്നില്‍ ചെന്ന് തെറ്റുകള്‍ എടുത്തു പറഞ്ഞ് കുമ്പസരിക്കേണ്ട ആവശ്യം ഇസ്‌ലാമിലില്ല. പാപം ചെയ്ത മനുഷ്യരുടെ പശ്ചാത്താപം സ്വീകരിച്ച് അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍ അല്ലാഹു സദാ സന്നദ്ധനാകുന്നു. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു:
''നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍ മുസ്സമ്മില്‍ 20).
ചില പ്രവാചകന്മാരില്‍നിന്ന് ഉദ്ദേശ്യപൂര്‍വമല്ലാതെ സംഭവിച്ചുപോയ അബദ്ധങ്ങളില്‍നിന്ന് അവര്‍ അല്ലാഹുവോട് പശ്ചാത്തപിച്ച് മോചനം നേടിയ സംഭവങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.
മൂസാ നബി(അ)യുടെ പ്രവാചകത്വലബ്ധിക്കു മുമ്പായി അബദ്ധത്തില്‍ ഒരു കോപ്റ്റ് വംശജന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു. എന്റെ നാഥാ, തീര്‍ച്ചയായും ഞാന്‍ എന്നോടു തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ! അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍ ഖസ്വസ്വ് 15,16).
ദൈവകല്‍പന ലഭിക്കുന്നതിനു മുമ്പ് തന്റെ പ്രവര്‍ത്തനമണ്ഡലം വിട്ടുപോയ യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങിയതും അദ്ദേഹം അല്ലാഹുവോട് പശ്ചാത്തപിച്ചു മടങ്ങിയതും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്:
''ദുന്നൂന്‍ (യൂനുസ് നബിയെ) കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു: നീയല്ലാതെ ഒരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു'' (അല്‍ അമ്പിയാഅ് 87,88).
പശ്ചാത്താപം രക്ഷിതാവായ അല്ലാഹുവും അടിമയായ മനുഷ്യനും പരസ്പരം ബന്ധപ്പെടുന്ന ഒരു പ്രക്രിയയാണ്.
പാപികളെല്ലാം പശ്ചാത്തപിക്കല്‍ നിര്‍ബന്ധമാകുന്നു. അല്ലാഹു പറയുന്നു: ''പശ്ചാത്തപിക്കാത്തവര്‍ തന്നെയാകുന്നു അക്രമികള്‍'' (അല്‍ഹുജുറാത്ത് 11).
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം'' (അത്തഹ്‌രീം: 8).
''പറയുക, സ്വന്തത്തോട് അതിക്രമിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (അസ്സുമര്‍ 53).
ജീവിതകാലം മുഴുവന്‍ നിരന്തരം പാപങ്ങള്‍ ചെയ്തുകൂട്ടി മരണാസന്നമായ സമയത്ത് നടത്തുന്ന പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതല്ല. അല്ലാഹു പറയുന്നു: ''പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്തു കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധിയായി കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്'' (അന്നിസാഅ് 17,18).
അല്ലാഹുവിങ്കല്‍നിന്ന് പാപമോചനം ലഭ്യമാകുമ്പോള്‍ പശ്ചാത്താപത്തോടൊപ്പം സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുക കൂടി വേണമെന്ന് അല്ലാഹു പറയുന്നു:
''പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലക്കൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തു കൊടുക്കുന്നവനാകുന്നു'' (ത്വാഹാ 84).
ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം എന്നീ പാപങ്ങള്‍ക്ക് പാരത്രിക ലോകത്ത് ലഭിക്കുന്ന കടുത്ത ശിക്ഷയെ സംബന്ധിച്ച് പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു:
''പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്‍ക്കു പകരം നന്മകള്‍ മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. വല്ലവനും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്'' (അല്‍ ഫുര്‍ഖാന്‍ 70,71).
മനുഷ്യര്‍ക്കോ ഇതര ജീവജാലങ്ങള്‍ക്കോ പ്രയോജനകരമായ എല്ലാ പ്രവൃത്തികളും നന്മയില്‍ ഉള്‍പ്പെടും. വഴിയാത്രക്കാര്‍ക്ക് ശല്യമായ ഒരു വൃക്ഷക്കൊമ്പ് എടുത്തുമാറ്റുന്നതും ദാഹാര്‍ത്തനായ ഒരു നായക്ക് ദാഹജലം നല്‍കുന്നതുമെല്ലാം പാപമുക്തി ലഭിക്കുന്ന സല്‍ക്കര്‍മങ്ങളാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
പാപമുക്തിയുടെ കാര്യത്തില്‍ ഇസ്‌ലാമും മറ്റു ചില മതവിഭാഗങ്ങളും തമ്മില്‍ മൗലികമായ അന്തരമുണ്ട്. ആദ്യ മനുഷ്യന്‍ പാപം ചെയ്തതിനാല്‍ രക്ഷ കര്‍ത്താവായ ദൈവവും അവനും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടുവെന്നും അതിനു പരിഹാരമായി ദൈവം തന്റെ ഏക പുത്രനെ മനുഷ്യരൂപത്തിലയച്ച് പീഡിപ്പിക്കപ്പെടാനും കുരിശിലേറ്റപ്പെടാനും തീരുമാനിക്കുകയാണ് ചെയ്തതെന്നും ചിലര്‍ വിശ്വസിക്കുന്നു.
എന്നാല്‍ ഓരോ മനുഷ്യനും തന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഉത്തരവാദിയാണെന്നും അവന്റെ പാപഭാരം മറ്റാരും ചുമക്കുകയില്ല എന്നും വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു: ''പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല'' (അല്‍ ഇസ്‌റാഅ്: 15, അല്‍അന്‍ആം: 164, ഫാത്വിര്‍: 18, അസ്സുമര്‍: 7). ''ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചുവെച്ചതിന് പണയപ്പെട്ടവനാകുന്നു'' (അല്‍മുദ്ദസ്സിര്‍ 38). പാപമുക്തിക്ക് ദൈവത്തിനും മനുഷ്യന്നുമിടയില്‍ ഒരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ല. ദൈവത്തോട് നേരിട്ട് പ്രാര്‍ഥിക്കുകയാണ് വേണ്ടത്: ''എന്റെ ദാസന്മാര്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍ (പറയുക) ഞാന്‍ സമീപസ്ഥനാണ്. പ്രാര്‍ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാനതിന് ഉത്തരം ചെയ്യും'' (അല്‍ബഖറ: 186).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top