ഖാലിദ പര്‍വീന്‍ സാമൂഹിക സേവന രംഗത്തെ വേറിട്ട മുഖം
ഡോ. ഷർനാസ് മുത്തു
ജൂലൈ 2020
ഹൈദരാബാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഇടയിലെ സുപരിചിത മുഖമാണ് 'ഖാലിദ പര്‍വീന്‍.'
ഹൈദരാബാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഇടയിലെ സുപരിചിത മുഖമാണ് 'ഖാലിദ പര്‍വീന്‍.' തൂവെള്ള ഹിജാബും ധരിച്ച്, 65 കാരിയായ ഇവര്‍ എത്തിപ്പെടാത്ത വഴികളില്ല, ഇടപെടാത്ത വിഷയങ്ങളില്ല. നിര്‍ഭയ കേസ്, വരവ റാവുവിന്റെ അറസ്റ്റ്, സി.എ.എ./എന്‍.ആര്‍.സി. തുടങ്ങി പ്രാദേശികവും ദേശീയവുമായ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ പൊതുമണ്ഡലത്തില്‍ പ്രകടിപ്പിക്കുകയും അതിനുവേണ്ടി സാമൂഹിക കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് മലയാള മണ്ണില്‍ ജനിച്ച ഖാലിദ പര്‍വീന്‍. ഇവരുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'സാമൂഹിക പ്രവര്‍ത്തനത്തിലുള്ള തന്റെ താല്‍പര്യം പഠനകാലത്തുതന്നെ തുടങ്ങിയതാണ്. ആ സമയത്ത് ഒരു വിദ്യാര്‍ഥി എന്ന നിലക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തു വന്നിരുന്നു. തുടര്‍ന്ന് ഫാര്‍മസി പഠനം കഴിഞ്ഞു ജോലിയില്‍ പ്രവേശിച്ച സമയത്താണ് മുഹമ്മദ് നബിയുടെ ജീവ ചരിത്രം പഠിക്കുന്നത്. 'തന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയത് നബിചരിത്ര പഠനമാണെന്നവര്‍ ഓര്‍ത്തെടുക്കുന്നു. പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുമായി അടുക്കുകയും അതിന്റെ ഭാഗവാക്കാകുകയും ചെയ്തു. ജമാഅത്ത് വനിതാ വിഭാഗത്തിന്റെ ഭാഗമായി സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് പല പരിപാടികളും നടത്തി. അതോടൊപ്പം തന്നെ സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ച് കൂടുതല്‍ ചിട്ടയോടെ പ്രവര്‍ത്തിക്കുന്നതിനായി ഒരു എന്‍.ജി.ഒ, 'അമൂമത് സൊസൈറ്റി', രജിസ്റ്റര്‍ ചെയ്തു. ഖാലിദ പര്‍വീന്‍ ജനറല്‍ സെക്രട്ടറി ആയിക്കൊണ്ട് പ്രി-മാരിറ്റല്‍ കൗണ്‍സലിംഗും പോസ്റ്റ്- മാരിറ്റല്‍ കൗണ്‍സലിംഗും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഈ ഓര്‍ഗനൈസേഷനു കീഴില്‍ നടന്നുവരുന്നു. ഹൈദരാബാദ് പോലീസുമായി സഹകരിച്ചുകൊണ്ട് അഞ്ചു കൗണ്‍സലിംഗ് സെന്ററുകള്‍ നടത്തുന്നുണ്ട്.
'സ്ത്രീ ശാക്തീകാരണം കൈവരിക്കണമെങ്കില്‍, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കു ലഭിക്കണം, അത് ഏത് തലത്തിലായാലും. സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് അവരുടെ ജീവിതത്തിലെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ്, കഴിവുകള്‍ക്കനുസരിച്ച് മുന്നോട്ടു വന്നു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജസ്വലതയാണ്. സാമൂഹിക പ്രവര്‍ത്തക എന്നതോടൊപ്പം തന്നെ തന്റെ ഉള്ളില്‍ ഒരു രാഷ്ട്രീയക്കാരിയുമുണ്ട്. എന്നാല്‍ മൂല്യാധിഷ്ഠിതമല്ലാത്ത കക്ഷി രാഷ്ട്രീയത്തില്‍ തനിക്കു താല്‍പര്യമില്ല. ആക്ടിവിസത്തിന്റെ വഴിയിലേക്ക് ഇത് തന്നെ തിരിച്ചു വിട്ടു....' ഖാലിദ പര്‍വീന്‍ തന്റെ ഉള്ളു തുറക്കുന്നു.
2017-ല്‍ പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വരവ റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാല്‍ ഖാലിദ പര്‍വീന്റെ നേതൃത്വത്തില്‍ ഹൈദരാബാദിലെ അംബേദ്കര്‍ സ്റ്റാച്യുവില്‍ പ്രധിഷേധ സമരം സംഘടിപ്പിച്ചു. പല പരിപാടികളിലൂടെയും അവര്‍ വാര്‍ത്തെടുത്ത സ്ത്രീകളുടെ നെറ്റ്‌വര്‍ക്ക്, സി.എ.എ.-എന്‍.ആര്‍.സി പ്രക്ഷോഭത്തില്‍ പങ്കെടുത്തപ്പോള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാവാന്‍ ഒരു കാരണമായി. അവിടെ ഒരു ശാഹീന്‍ ബാഗ് ഉണ്ടാകുന്നതിനുള്ള അവസരം തുടക്കത്തില്‍ തന്നെ പോലീസ് തടഞ്ഞു; പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഖാലിദ പര്‍വീനെ ഡിറ്റൈന്‍ ചെയ്യുകയും ചെയ്തു. പക്ഷേ അതിനോടും വളരെ തന്മയത്വത്തോടു കൂടിയാണ് അവര്‍ പ്രതികരിച്ചത്; ''പോലീസ് അവരുടെ ജോലി ചെയ്യുന്നു, നമ്മള്‍ നമ്മുടേതും. എന്റെ ജോലി ആക്ടിവിസം ആണ്. സി.എ.എയും എന്‍.ആര്‍.സിയും ഭരണഘടനാ വിരുദ്ധമാണ്. നമ്മള്‍ നമ്മുടെ ശബ്ദം ഇപ്പോള്‍ ഉയര്‍ത്തിയില്ലെങ്കില്‍ പിന്നെ എപ്പോള്‍?....'' സമൂഹത്തെ ബാധിക്കുന്ന ഏത് വിഷയവും അവര്‍ തന്റേതായി ഉയര്‍ത്തിക്കാട്ടി.
വ്യക്തമായ തയാറെടുപ്പില്ലാതെ രാജ്യം കോവിഡ് ലോക്ക് ഡൗണിനെ നേരിട്ടപ്പോള്‍ ഖാലിദ പര്‍വീന്‍ പ്രദേശത്തുള്ള ഓര്‍ഗനൈസേഷനുകളെയും സ്ത്രീകളെയും യുവാക്കളെയും സംഘടിപ്പിച്ചു കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായ ഹസ്തവുമായെത്തി. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഏപ്രില്‍ 22 മുതല്‍ മെയ് 25 വരെയുള്ള 64 ദിവസങ്ങളില്‍ 23000 ആളുകള്‍ക്ക് ഭക്ഷണം ഉണ്ടാക്കി എത്തിച്ചു കൊടുത്തു. ഇത് കൂടാതെ 3450 പേര്‍ക്ക് റേഷന്‍ എത്തിച്ചു കൊടുക്കാനും ഈ കൂട്ടായ്മക്ക് സാധിച്ചു. അരംഗാദ് സ്‌ക്വയര്‍, മേട്ഖല്‍ പോയിന്റ്, മെഹ്ദി പട്ടണം തുടങ്ങി ഹൈദരാബാദിലെ പ്രധാന മാര്‍ഗങ്ങള്‍ വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഖാലിദ പര്‍വീന്റെയും കൂട്ടരുടെയും സാന്നിധ്യം ഒരു ആശ്വാസമായിരുന്നു. അവര്‍ക്ക് വേണ്ട വെള്ളവും ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും എത്തിക്കുന്നതില്‍ ഈ കൂട്ടായ്മ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.
കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്നതിനും അവര്‍ക്ക് മാനസിക പിന്‍ബലം നല്‍കുന്നതിനും വേണ്ടി നിലവില്‍ കൗണ്‍സലിംഗ് മേഖലകളില്‍ വര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി കൂടിച്ചേര്‍ന്ന് ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി. 250 കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലെത്താന്‍ വേണ്ട യാത്രാ സൗകര്യങ്ങള്‍ നല്‍കി. എല്ലാ ലോക്ക് ഡൗണ്‍ രാത്രികളിലും പത്തുമണി മുതല്‍ പതിനൊന്നു മണി വരെ അവര്‍ തന്റെ അടുത്ത പ്രദേശങ്ങളില്‍ 'പട്രോളിംഗ്' നടത്താറുണ്ടായിരുന്നു. പത്തുമണിക്ക് ആവശ്യത്തിനു വെള്ളവും ഈത്തപ്പഴവും കരുതി അവര്‍ വണ്ടിയിലൊന്നു ചുറ്റിക്കറങ്ങും, ഏതെങ്കിലും ആളുകള്‍ കാല്‍നടയായി ദീര്‍ഘ ദൂരം യാത്ര ചെയ്യുന്നവരുണ്ടോ, ആരെങ്കിലും ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ടോ എന്നറിയാന്‍....!
ഏത് സന്നിഗ്ധ ഘട്ടങ്ങളിലും നിശ്ചയ നിശ്ചയദാര്‍ഢ്യത്തോടു കൂടി പെരുമാറാനും ഏറ്റെടുത്ത കാര്യങ്ങളില്‍ ആത്മാര്‍ഥമായി ഇടപെട്ട് വിജയിപ്പിക്കാനുമുള്ള കഴിവാണ് 4 മക്കളും 11 പേരമക്കളുമുള്ള ഖാലിദ പര്‍വീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നത്. അതിന് പ്രായം അവര്‍ക്കൊരു തടസ്സമേയല്ല.