പാദങ്ങള്‍ മുത്തമിട്ട പാളങ്ങള്‍

അമീർ കണ്ടൽ
ജൂലൈ 2020

ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച ഒറ്റമുറി താബൂക്ക് കെട്ടിടത്തിനുള്ളില്‍ സിമന്റ് തേയ്ക്കാത്ത ചുമര് ചാരി ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ തന്റെ കാല്‍മുട്ടുകള്‍ നെഞ്ചോട് ചേര്‍ത്ത് കൂനിയിരുന്നു. കൂടെയുണ്ടായിരുന്നവരെല്ലാം അവരവരുടെ നാടുകളിലേക്കോ മറ്റോ പോയിക്കഴിഞ്ഞിരിക്കുന്നു. നാട്ടിലെത്തി കുടുംബത്തോടൊപ്പം കൂടണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല, കുറച്ചു നാളും കൂടി കഴിഞ്ഞാല്‍ ഒരുപക്ഷേ നാട്ടില്‍ പോകാനായി ട്രെയിനോ ട്രക്കോ ഏര്‍പ്പാടാക്കി കിട്ടുമെന്ന പ്രതീക്ഷയായിരുന്നു അയാളെ വെളിച്ചം കാണാത്ത ഈ കെട്ടിടത്തിനുള്ളില്‍ പിടിച്ചിരുത്തിയത്. അല്ലേലും എത്ര ദൂരമെന്ന് വെച്ചാ നടന്നു പോകാന്‍ സാധിക്കുക? അത്രക്ക് അടുത്തൊന്നുമല്ലല്ലോ തന്റെ ഓട മണക്കുന്ന ആ ഗ്രാമം.
നാട്ടില്‍ ഒരു ഗതിയുമില്ലാതായപ്പോഴാണ് വീടും നാടും വിട്ട് കാതങ്ങള്‍ അകലെയുള്ള സോലാപുരിലെ നിര്‍മാണക്കമ്പനിയില്‍ കോണ്‍ക്രീറ്റ് പണിക്കെത്തിയത്. പണിയും കൂലിയും നിലച്ചിട്ട് ഇന്നേക്ക് മൂന്ന് മാസം പിന്നിട്ടിരിക്കുന്നു. നാട്ടിലാണെങ്കിലോ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരുന്ന മൊബൈല്‍ അയാളുടെ കാതുകളില്‍ തന്റെ  ഗര്‍ഭിണിയായ ഭാര്യയുടെ സങ്കടങ്ങള്‍ നിറച്ചുകൊണ്ടിരിക്കുന്നു. ഇടക്ക് ഭാര്യയുടെ കൈയില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി കുഞ്ഞോളുടെ വക ഹൃദയം നുറുങ്ങുന്ന ചിണുങ്ങലും കിന്നാരവും. അയാളുടെ ഉള്ള് ഉലയാന്‍ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. ആ ഒറ്റമുറിയില്‍ തളംകെട്ടി നിന്ന ഭീതിപ്പെടുത്തുന്ന നിശ്ശബ്ദത അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി. ഒടുവില്‍ വീട് പറ്റാനുള്ള ഉള്ളിലെ ആന്തല്‍ അയാളെ നാട്ടിലേക്ക് നടത്തിക്കുകയായിരുന്നു. 
വീട്ടിലേക്ക് കൂടെ കൂട്ടാന്‍ അയാളുടേതായി കൂടുതലൊന്നുമില്ല. കുഞ്ഞോള്‍ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന ഒരു ചൈനീസ് മൊബൈല്‍ കളിപ്പാട്ടം, പിന്നെ കുറച്ച് പഴകിയ ഡ്രസ്സുകളും. അത്ര തന്നെ.
ചാര്‍ജിലായിരുന്ന മൊബൈല്‍ പ്ലഗ്ഗില്‍നിന്ന് പറിച്ചെടുത്ത് തന്റെ പോക്കറ്റില്‍ തിരുകി. അലൂമിനിയം ഷീറ്റ് കൊണ്ടുള്ള വാതില്‍ ചാരി പുറത്തിറങ്ങാന്‍ നേരം അയാള്‍ മുറിയാകെ ഒന്നുഴിഞ്ഞു. തിരയില്‍ അടിഞ്ഞുകൂടിയ ചണ്ടികള്‍ പോലെ അങ്ങിങ്ങായി പഴകിയ തുണിക്കെട്ടുകള്‍ ചിതറിക്കിടക്കുന്നു. ചുവരിനോട് ചേര്‍ന്ന് കോഴികള്‍ അടയിരിക്കും മാതിരി കുറേ ബാഗുകള്‍ ആരെയോ കാത്തിരിക്കുന്നു. 'ലേബേഴ്‌സ് വില്ല' എന്ന് തന്റെ മുതലാളി വിളിക്കുന്ന ഈ ഇടുങ്ങിയ മുറിയിലായിരുന്നല്ലോ പത്തു നാല്‍പത് പേരോടൊപ്പം ഇത്രയും നാള്‍ അന്തിയുറങ്ങിയിരുന്നതെന്ന് ഒരു അന്ധാളിപ്പോടെ അയാളോര്‍ത്തു.
അയാള്‍ ചുവടുകള്‍ നീട്ടിവെച്ചു നടന്നു. എത്ര ദൂരം നടന്നാലാണ്, അതല്ല എത്ര ദിവസം നടന്നാലാണ് നാട്ടിലെത്തുകയെന്നൊന്നും അറിയില്ല. ട്രെയിനിലാണെങ്കില്‍ ഒരു പകല്‍ പകുതിയെങ്കിലും വേണമെന്ന് അയാള്‍ക്കറിയാം. ഇടറോഡ് തിരിവിലുള്ള പെട്ടിക്കടയില്‍നിന്ന് തന്റെ പഴകി ദ്രവിച്ച പേഴ്‌സിലുണ്ടായിരുന്ന അവസാന നോട്ടും നല്‍കി ബ്രെഡും പഴവും വാങ്ങി ബാഗിലിട്ടു. തൊണ്ട നനയ്ക്കാനുള്ള വെള്ളം മുറിയില്‍നിന്ന് രണ്ട് മിനറല്‍ വാട്ടറിന്റെ ബോട്ടിലുകളില്‍ ശേഖരിച്ചിരുന്നു. നഗരത്തിലെ റെയില്‍വേ സ്റ്റേഷനിലേക്കാണ് അയാളുടെ പാദങ്ങള്‍ ചലിച്ചത്. വിജനമായ ടാറിട്ട റോഡിന്റെ ഓരം ചേര്‍ന്ന് അയാള്‍ നടന്നു. ഇടക്കിടക്ക് ചില ഇരുചക്ര വാഹനങ്ങള്‍ ഇരമ്പി പാഞ്ഞു പോകുന്നുണ്ട്. റോഡ് വക്കിലെ തെരുവ് നായ്ക്കളുടെ കൂട്ടങ്ങളും പോലീസുകാരുടെ തുറിച്ചുനോട്ടങ്ങളും ശ്രദ്ധിക്കാതെ നടന്നു. അയാള്‍ തന്റെ കൈലേസ് കൊണ്ട് വായും മൂക്കും മൂടിക്കെട്ടി. ഇരുളുന്നതിനു മുമ്പ് സുരക്ഷിതമായ ഏതെങ്കിലുമൊരിടത്ത് എത്തണം. തലക്കു മുകളിലെ സൂര്യന്‍ അയാളെ പൊള്ളിച്ചുകൊണ്ടിരുന്നു. അയാളുടെ ഇരുണ്ട തൊലിനിറം പുറത്തു കാണത്തക്കവിധം  നനഞ്ഞൊട്ടിയ ഷര്‍ട്ടിലൂടെ വിയര്‍പ്പ് കണം ഇറ്റു വീണു കൊണ്ടിരുന്നു. വിരലിടുക്കിലെ തൊലി പൊട്ടി രക്തം വാര്‍ന്ന് കാലിലെ ചപ്പല്‍ ചുവന്നു കുതിര്‍ന്നു. വേദന അസഹനീയമായപ്പോള്‍ വാറ് പൊട്ടാറായ ഹവായ് ചപ്പല്‍ അയാള്‍ വഴിയില്‍ ഉപേക്ഷിച്ചു നടത്തത്തിന് വേഗത കൂട്ടി.
മൂന്നാം നാള്‍ രാത്രി മുതലാണ് നടത്തം റെയില്‍വേ ട്രാക്ക് വഴിയാക്കിയത്. ഇതാകുമ്പോള്‍ പോലീസുകാരുടെ വിരട്ടലും ചോദ്യം ചെയ്യലും അത്രയ്ക്കുണ്ടാവില്ല, എന്നല്ല തൊണ്ട നനക്കാനായ് സ്റ്റേഷനുകളിലെ  പൈപ്പ് വെള്ളമെങ്കിലും കിട്ടും. ഇതിനിടയില്‍ തന്റെ മൊബൈല്‍ ബാറ്ററിക്ക് ജീവന്‍ നല്‍കിയിരുന്ന പവര്‍ ബാങ്കും ചത്ത് ബാഗിനുള്ളിലായിക്കഴിഞ്ഞിരുന്നു. വീടുമായി ആകെയുള്ള ഒരു കണക്ഷന്‍ ഈ മൊബൈല്‍ ഫോണാണ്. ഉള്ളു പൊള്ളുന്ന ഈ കൊടും വേദനക്കും വിശപ്പിനുമിടയില്‍ എത്ര ആശ്വാസമാണെന്നോ മൊബൈല്‍ നല്‍കുന്നതെന്ന് അയാള്‍ ഒരു നിമിഷം ഓര്‍ക്കാതിരുന്നില്ല. എത്ര ദിനങ്ങള്‍ നടന്നുവെന്ന് അറിയില്ല. തുടയിലെ മസില് വലിഞ്ഞു മുറുകി പൊട്ടുമാറുള്ള വേദന ഒരിഞ്ച് മുന്നോട്ട് ചുവടു വെക്കാന്‍ കഴിയാത്ത രീതിയില്‍ അസഹ്യമായിരിക്കുന്നു. തുടയിടുക്കിലെ നീറ്റലും കലശലായ വിശപ്പും അയാളെ തളര്‍ത്തിയിരിക്കുന്നു.
അയാള്‍ അമേധ്യം മണക്കുന്ന റെയില്‍വേ ട്രാക്കിലെ ഇരുമ്പ് പാളത്തില്‍ മരവിച്ച ചന്തി വെച്ചിരുന്നു. തന്റെ അവയവമായി മാറിക്കഴിഞ്ഞ തോളിലെ ഭാരം ട്രാക്കില്‍ ഇറക്കിവെച്ചു. സിഗരറ്റ് കൂട് പോലുള്ള നോക്കിയ മൊബൈല്‍ എടുത്ത് അക്ഷരങ്ങള്‍ തേഞ്ഞ് മങ്ങിയ കറുത്ത ബട്ടനുകളില്‍ വിരലമര്‍ത്തി. അങ്ങേ തലക്കല്‍ കുഞ്ഞോളാണ് ഫോണെടുത്തത്.
'മോളേ... അഛന്‍ നാളെയെത്തുമെന്ന് അമ്മയോട് പറയണം... മോള്‍ക്കിഷ്ടപ്പെട്ട മൊബൈല്‍ കളിപ്പാട്ടം അഛന്‍ കൊണ്ടു വരുന്നുണ്ടേ..' വിറയാര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞൊപ്പിച്ചു. ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തന്റെ കൈലേസ് കൊണ്ട് തുടച്ച് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അന്നേരം തലങ്ങും വിലങ്ങും പോറലേറ്റ് നരച്ച മൊബൈല്‍ സ്‌ക്രീനില്‍ ബാറ്ററി ചാര്‍ജിന്റെ അന്ത്യനിമിഷങ്ങളെ സൂചിപ്പിച്ച് കട്ടകളെല്ലാം മങ്ങിക്കഴിഞ്ഞിരുന്നത് അയാള്‍ ആശങ്കയോടെ കണ്ടിരുന്നു.
മുഖമുയര്‍ത്തി അയാള്‍ ചുറ്റും നോക്കി. കണ്ണെത്താ ദൂരത്തോളം നിരന്നു കിടക്കുന്ന പാളം. തന്നെക്കൂടാതെ വേറെയും കുറേ പേര്‍ ട്രാക്കില്‍ ഇരിക്കുകയോ കിടക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്. ഒരുപക്ഷേ തന്നെ പോലെ സ്വന്തം നാടുകളിലേക്ക് നടന്നുകൊണ്ടിരിക്കുന്നവരായിരിക്കാം. ട്രാക്കിന്റെ ഓരത്തെ കുറ്റിക്കാട്ടില്‍ തെരുവ് നായ്ക്കള്‍ ആരോ വലിച്ചെറിഞ്ഞ  കുപ്പ സഞ്ചിക്കായി പിടിവലി കൂടുന്നു. ഒന്നു രണ്ട് നായ്ക്കള്‍ ഇരുമ്പ് പാളങ്ങള്‍ക്കിടയിലെ മരപ്പലകയില്‍ ഉണങ്ങിപ്പിടിച്ച അമേധ്യം നക്കിത്തുടക്കുന്നു.
അയാള്‍ തന്റെ പൊട്ടിയൊലിച്ച് നീര് വന്ന കാല്‍പാദങ്ങള്‍ ഇരുമ്പ് പാളത്തില്‍ കയറ്റിവെച്ച് കരിങ്കല്ലു ചീളുകള്‍ക്ക് മുകളില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ മലര്‍ന്നു കിടന്നു. 
തെരുവു പട്ടികളുടെ വില പോലും ലഭിക്കാത്ത പൗരന്മാരുടെ ദേശത്തെക്കുറിച്ചോര്‍ത്ത് അയാള്‍ക്ക് അകമേ ലജ്ജ തോന്നി. 
ഇനിയും നടന്നുതീര്‍ക്കാനുള്ള നീണ്ടു വളഞ്ഞു കിടക്കുന്ന റെയില്‍പാളങ്ങളെ സൂചിപ്പിച്ച് അയാളുടെ വിണ്ടുകീറിയ പാദങ്ങളിലെ വരയും കുറിയും  മങ്ങിയ പകല്‍വെട്ടത്തിലും തെളിഞ്ഞു നിന്നു. ട്രാക്കിലാകെ ഇരുട്ട് കോരിയിട്ട് ചെമ്പട്ടണിഞ്ഞ അര്‍ക്കന്‍ അങ്ങകലെ മുങ്ങാങ്കുഴിയിടുന്നേരം അയാളുടെ കണ്ണുകളെ ഉറക്കം തഴുകിക്കഴിഞ്ഞിരുന്നു.
പിന്നീടെപ്പോഴോ ഇരുട്ടിനെ കീറിമുറിച്ച് പാഞ്ഞു വന്ന ചരക്ക് ട്രെയിന്‍ അയാളുടെ സ്വപ്‌നങ്ങളെ മുഴുവനും ഉടലോടെ ചതച്ചരച്ചതറിയാതെ അയാളുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പാളത്തില്‍ തല ചാരി ചിണുങ്ങിക്കൊണ്ടേയിരിക്കുന്നു. തൊട്ടടുത്തായി  കണ്ണും മിഴിച്ച് കുഞ്ഞോളുടെ കളിപ്പാട്ടവും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media