2018 നവംബറില്‍ ഇറ്റാലിയന്‍ ദുരിതാശ്വാസ പ്രവര്‍ത്തക സില്‍വിയ റൊമാനോ വടക്ക് കിഴക്കന്‍ കെനിയയില്‍ വെച്ച് അല്‍ ശിഹാബ് എന്ന സായുധ ഗ്രൂപ്പിന്റെ പിടിയിലകപ്പെടുന്നു.
2018 നവംബറില്‍ ഇറ്റാലിയന്‍ ദുരിതാശ്വാസ പ്രവര്‍ത്തക സില്‍വിയ റൊമാനോ വടക്ക് കിഴക്കന്‍ കെനിയയില്‍ വെച്ച് അല്‍ ശിഹാബ് എന്ന സായുധ ഗ്രൂപ്പിന്റെ പിടിയിലകപ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയ ഒരാക്രമണത്തില്‍ പിടിക്കപ്പെടുമ്പോള്‍ ചക്കമയിലെ ഒരു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ ഒരു ഇറ്റാലിയന്‍ എന്‍.ജി.ഒക്ക് വേണ്ടി സ്വയം സന്നദ്ധ സേവനം നടത്തി വരികയായിരുന്നു റൊമാനോ. വലിയ ആശങ്കയും പരിഭ്രമവും ഉണ്ടാക്കി ഈ തട്ടിക്കൊണ്ട് പോകല്‍. ഒപ്പം ജന്മനാടായ ഇറ്റലിയില്‍ വലിയ വിവാദങ്ങളും. ചില വലത് പക്ഷ രാഷ്ട്രീയക്കാരും പൊതു വ്യക്തിത്വങ്ങളും, ഈ സന്നദ്ധ പ്രവര്‍ത്തക ഒരു കാര്യവുമില്ലാതെ വെറുതെ ആപത്ത് ക്ഷണിച്ച് വരുത്തിയതാണെന്ന് ആരോപിച്ചു. 'മിലാനില്‍ തന്നെ താമസിച്ച് അവിടെയുള്ള മനുഷ്യരെ സേവിച്ചാല്‍ പോരായിരുന്നോ' എന്നും ചോദിച്ചു. സാഹസികത കാണിച്ച് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമായും അവരതിനെ വ്യാഖ്യാനിച്ചു. ഈ ആരോപണങ്ങളില്‍ ക്ഷുഭിതരായ ലിബറലുകള്‍, റൊമാനോയെ പോലുള്ള ചെറുപ്രായക്കാര്‍ ആദര്‍ശ പ്രചോദിതരായി വിദേശ രാജ്യങ്ങളില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും ആവശ്യകതയും എടുത്ത് കാട്ടുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ റൊമാനോയും അവര്‍ കെനിയയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളും മീഡായാ ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷമായി.
പക്ഷെ കഴിഞ്ഞ മാസം റൊമാനോ വീണ്ടും ചര്‍ച്ചകളില്‍ സജീവമായി. തീവ്ര വലത് പക്ഷം ഇത്തവണ കടന്നാക്രമണം നടത്തിയത് കെനിയയില്‍ പോയതിന് മാത്രമായിരുന്നില്ല, അല്‍-ശിഹാബുകാര്‍ തട്ടിക്കൊണ്ട് പോയ വേളയില്‍ റൊമാനോ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ചതിന് കൂടിയായിരുന്നു. കഴിഞ്ഞ മെയ് ഒമ്പതിനാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസപ്പെ കോണ്‍ടെ തന്റെ ട്വിറ്ററില്‍ റൊമാനോ മോചിതയായ വിവരം പുറത്ത് വിട്ടത്. മിക്ക ഇറ്റലിക്കാരും അമിതാഹ്ലാദം കൊണ്ടു. പിന്നെയാണ് അറിയുന്നത്, പതിനെട്ട് മാസം അല്‍-ശിഹാബ് സായുധ ഗ്രൂപ്പിന്റെ തടവില്‍ കഴിഞ്ഞ റൊമാനോ ഇസ്‌ലാം സ്വീകരിക്കുകയും ആഇശ എന്ന പേര് സ്വികരിക്കുകയും ചെയ്തിട്ടുണ്ടെന്ന്. ഇത് പലരുടെയും ആവേശം കെടുത്തി. കെനിയയില്‍ പോയത് എന്തിനെന്ന ചോദ്യം വലത് പക്ഷം കടുപ്പിക്കുകയും ചെയ്തു.
ശരീരമാകെ മറക്കുന്ന ഒരു ഇളം പച്ച ജില്‍ബാബുമായി, ഒരു സോമാലിയന്‍ വനിതയുടെ വേഷത്തില്‍ റൊമാനോ റോമില്‍ വന്നിറങ്ങിയപ്പോള്‍ തീവ്ര വലത്പക്ഷ മീഡിയ അവരുടെ പിന്നാലെ കൂടി. 'മുമ്പും ശേഷവുമുള്ള' റൊമാനയുടെ ചിത്രങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു; ഒപ്പം 'മതം മാറ്റത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത'യെക്കുറിച്ച അന്വേഷണങ്ങളും. റൊമാനോയെ മതം മാറ്റിച്ചതാണോ? മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയിട്ടുണ്ടോ? സ്റ്റോക്‌ഹോം സിന്‍ഡ്രത്തിന്റെ ഇരയായിരുന്നുവോ അവള്‍?
'ഇസ്‌ലാമിക് ആയിരിക്കുന്നു; സന്തുഷ്ടയും, നന്ദിയില്ലാത്ത സില്‍വിയ' എന്നാണ് ഇല്‍ ജിറാനോ പത്രത്തിന്റെ എഡിറ്റര്‍ അലസണ്‍ട്രോ സലുസ്തി തന്റെ പത്രത്തിന്റെ മുഖപ്പേജില്‍ വെണ്ടക്ക നിരത്തിയത്. 'ശത്രുവിന്റെ ജിഹാദീ യൂനിഫോം' അണിഞ്ഞ റൊമാനോ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് ഒരു ജൂതന്‍ നാസി വസ്ത്രമണിഞ്ഞ് പുറത്ത് വരുന്നത് പോലെ തീര്‍ത്തും അസംബന്ധമാണ് ഈ മതം മാറ്റമെന്നും പരിഹസിക്കുന്നു. ഇത്തരത്തില്‍ കടുത്ത ഇസ്‌ലാമോഫോബിക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാക്കി പല വലത് പക്ഷ നേതാക്കളും ഈ സംഭവത്തെ. തട്ടിക്കൊണ്ട് പോകലും മതം മാറ്റവുമൊക്കെ നാഗരിക സംഘട്ടനത്തിന്റെ ഭാഗമായിക്കണ്ട വലത് പക്ഷ ലീഗ് പാര്‍ട്ടി നേതാവ് മാറ്റിയോ സാല്‍വിനി, സംഘട്ടനത്തില്‍ 'ഇസ്‌ലാമിക ഭീകരന്മാര്‍' വിജയിച്ചതായും അവകാശപ്പെട്ടു.
റൊമാനോയുടെ മതം മാറ്റത്തോടുള്ള വലത് പക്ഷ മീഡിയയുടെയും നേതാക്കളുടെയും കടുത്ത പ്രതികരണങ്ങള്‍, ഇറ്റലിയില്‍ എത്ര ആഴത്തിലാണ് ഇസ്‌ലാമോഫോബിയ ആണ്ടിറങ്ങിയതെന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാമിനെയും ഇസ്‌ലാമിക വസ്ത്രധാരണത്തെയും തെരഞ്ഞെടുത്തതിന് ചില ഫെമിനിസ്റ്റുകളും ഈ സന്നദ്ധ പ്രവര്‍ത്തകയെ കടന്നാക്രമിക്കുകയുണ്ടായി. പ്രമുഖ ഫെമിനിസ്റ്റ് ചരിത്രകാരിയും തൊള്ളായിരത്തി എണ്‍പതുകളിലെ പ്രമുഖ ഫെമിനിസ്റ്റ് ഗ്രൂപ്പായ Cicip and Ciciap ക്ലബ്ബിന്റെ സ്ഥാപകരിലൊരാളുമായ നാദിയ റിവ പറയുന്നത്, റൊമാനയുടെ ജില്‍ബാബ് വേഷം മതസ്വത്വത്തിന്റെ പ്രകാശനം എന്നതിനുപരി, പുരുഷ മേലധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പ്രതീകമാണ് എന്നാണ്. ഒരു സ്ത്രീയും ഈ വേഷം സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കില്ലത്രെ. പല ഫെമിനിസ്റ്റ് ഗ്രൂപ്പുകളും റൊമാനോക്ക് പ്രതിരോധമൊരുക്കുകയും റിവയുടെ വിവാദ പ്രസ്താവനയില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പാശ്ചാത്യ സാംസ്‌കാരിക ഉല്‍ക്കര്‍ഷ ബോധം എത്രമേല്‍ ആഴത്തില്‍ പടിഞ്ഞാറന്‍ ഫെമിനിസ്റ്റുകളെ പിടികൂടിയിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.
'വെള്ള രക്ഷക മിത്തി'നെ പുനരാനയിക്കുന്നു
റൊമാനോ തിരിച്ചെത്തിയപ്പോള്‍ ഇറ്റലിയിലെ ലിബറലുകള്‍ അവരെ പൂച്ചെണ്ടുകളുമായി സ്വീകരിച്ചു എന്നത് സത്യമാണ്. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ അവര്‍ ചെറുക്കുകയും ചെയ്തു. പക്ഷെ അവരുടെ പ്രതികരണങ്ങളിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. കാരണങ്ങള്‍ വ്യത്യസ്തമാണെന്ന് മാത്രം. ഇറ്റാലിയന്‍ ലിബറല്‍ മീഡിയാ സ്ഥാപനങ്ങളും പൊതു വ്യക്തിത്വങ്ങളും റൊമാനോയുടെ തിരിച്ച് വരവിനെ ഉദ്ദേശ്യശുദ്ധിയോടെ, യാതൊരു കരുതിവെപ്പുമില്ലാതെയാണ് സ്വാഗതം ചെയ്തതെങ്കിലും , ആഫ്രിക്കയെക്കുറിച്ച് യൂറോപ്പില്‍ ആഴത്തില്‍ പതിഞ്ഞ് കിടക്കുന്ന വാര്‍പ്പു മാതൃകകള്‍ (stereotypes) ആ റിപ്പോര്‍ട്ടുകളിലും പ്രസ്താവനകളിലും തലപൊക്കുന്നത് കാണാം. ആഫ്രിക്കയെ അവര്‍ പ്രാകൃതവും തിരസ്‌കരിക്കപ്പെട്ടതുമായ ഭൂഖണ്ഡമായി കാണുക മാത്രമല്ല, ആഫ്രിക്കക്കാര്‍ക്ക് 'വെള്ള രക്ഷകരെ' ആവശ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. ഇത് ആഫ്രിക്കയുടെ പ്രതിച്ഛായയെ വലിയ തോതില്‍ കളങ്കപ്പെടുത്തുന്നുണ്ട്.
റൊമാനോക്ക് ചുറ്റും ആഫ്രിക്കന്‍ കുട്ടികള്‍ കൂടി നില്‍ക്കുന്ന ധാരാളം ചിത്രങ്ങള്‍ ലിബറല്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ ഈ കുട്ടികള്‍ അവരുടെ രഹസ്യ ഭാഗങ്ങള്‍ മറച്ചിരുന്നില്ല. അതപ്പടി കൊടുക്കുകയാണ് പത്രങ്ങള്‍ ചെയ്തത്. അത് യൂറോപ്യന്‍ കുട്ടികളായിരുന്നെങ്കില്‍ ആ ഭാഗങ്ങള്‍ മറച്ച് വെച്ചേ അവര്‍ ചിത്രങ്ങള്‍ കൊടുക്കുമായിരുന്നുള്ളൂ. ഈ ചിത്രങ്ങളും അവയോടനുബന്ധിച്ചുള്ള ലേഖനങ്ങളും 'വെള്ള രക്ഷക' മിത്തിനെ അതേപടി പുനരാവിഷ്‌കരിക്കുന്നവയാണ്. അതായത് രക്ഷാകര്‍ത്താക്കളില്ലാത്ത ആഫ്രിക്കന്‍ കുട്ടികളെ നമ്മുടെ കൂട്ടത്തിലെ നിസ്വാര്‍ഥരായ ആണുങ്ങളും പെണ്ണുങ്ങളും അവിടെ പോയി 'രക്ഷിച്ചെടുക്കുക' യാണ് ചെയ്യുന്നതെന്ന്! ഇതൊന്നും പലപ്പോഴും മനപ്പൂര്‍വം ചെയ്യുന്നതായിരിക്കില്ല. ഉദാഹരണത്തിന്, കടുത്ത ഫാഷിസ്റ്റ് വിരുദ്ധനും ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ രചയിതാവുമായ റോബര്‍ട്ടോ സാവിയാനോ ലാ റിപ്പബ്ലിക്ക പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ (ഇത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും കാണാം), സകലരാലും അവഗണിക്കപ്പെട്ട ഭൂപ്രദേശത്ത് താമസിക്കുന്നവരാണ് ആഫ്രിക്കക്കാരെന്നും അവര്‍ക്ക് പാശ്ചാത്യരുടെ മാര്‍ഗ നിര്‍ദേശവും സഹായവും ആവശ്യമുണ്ടെന്നും എഴുതിയിരിക്കുന്നു. സാവിയാനോ കെനിയന്‍ കുട്ടികളെ വിശേഷിപ്പിച്ചിരിക്കുന്നത് 'വിസ്മൃതരാക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും' എന്നാണ്. റൊമാനേയെപ്പോലുള്ള പാശ്ചാത്യ 'രക്ഷകര്‍' ഇല്ലായിരുന്നുവെങ്കില്‍ ആ കുട്ടികള്‍ അല്‍-ശിഹാബ് ഭീകര സംഘത്തിന്റെ പോരാളികളായിപ്പോയേനെ എന്നും എഴുതിവിടുന്നു. ഇത്തരം സായുധ സംഘങ്ങളെ നേരിടുന്നതില്‍ കെനിയ വഹിക്കുന്ന പങ്കിനെ പാടെ മറച്ചുവെച്ചു കൊണ്ട് ലേഖകന്‍ എഴുതുന്നത്, തീര്‍ത്തും നിരായുധരായി കുട്ടികളോടൊപ്പം കഴിയാനെത്തുന്ന റൊമാനോയെപ്പോലുള്ള യൂറോപ്യന്‍ യുവതികളെയാണ് ഭീകരന്മാര്‍ 'ഏറ്റവും വലിയ ശത്രു'വായി കാണുന്നത് എന്നാണ്. ഇറ്റലിയിലെ ഏറ്റവും മുന്‍പന്തിയിലുള്ള മധ്യ-ഇടത് പക്ഷ ദിനപത്രമാണ് ലാ റിപ്പബ്ലിക്ക എന്നോര്‍ക്കണം.
ഇത്തരം അവതരണങ്ങള്‍ അത്ര നിസ്സാരമോ ലളിതമോ അല്ല. വളരെയേറെ തെറ്റിദ്ധരിപ്പിക്കുന്നതും പിതൃ കര്‍തൃത്വ മനോഭാവത്തോടെയുള്ളതുമാണ്. ആഫ്രിക്ക ഇന്നത്തെ ദാരുണാവസ്ഥയില്‍ എത്തിപ്പെടുന്നതില്‍ യൂറോപ്യന്മാര്‍ വഹിച്ച / വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അത് സമര്‍ഥമായി മൂടി വെക്കുകയും ചെയ്യുന്നു. 2018-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം പറയുകയാണെങ്കില്‍, ചക്കമ പോലുള്ള കെനിയന്‍ നഗരങ്ങളില്‍ അനാഥരാക്കപ്പെടുന്ന കുട്ടികള്‍ അല്‍-ശിഹാബിന് വേണ്ടി പോരാടാന്‍ സോമാലിയയിലേക്കല്ല പോകുന്നത്. പശിയടക്കാനും ജീവിത മാര്‍ഗം കണ്ടെത്താനുമായി അവര്‍ ചെന്നെത്തുക മലിന്ദി, മത് വപ്പ, മൊംബസ പോലുള്ള ഇന്റര്‍നാഷനല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരിക്കും. ഭീകരവാദികളാക്കപ്പെടും എന്നതല്ല അവര്‍ നേരിടുന്ന ഭീഷണി; ലൈംഗിക തൊഴിലാളികളാക്കപ്പെടും എന്നതാണ്. ഇവിടത്തെ സെക്‌സ് ടൂറിസത്തിന്റെ ഉപഭോക്താക്കള്‍ മുഖ്യമായും യൂറോപ്യന്‍ മാരാണ്; അവരില്‍ ഇറ്റലിക്കാരും പെടും.
മുന്‍ കാലങ്ങളില്‍ ഇറ്റലിക്കാര്‍ ആഫ്രിക്കയില്‍ ചെയ്ത ക്രൂരകൃത്യങ്ങളൊക്കെയും മീഡിയ അവഗണിച്ചു കളഞ്ഞു. റൊമാനോയുടെ മോചനത്തിന് മുന്‍കൈയെടുത്ത തുര്‍ക്കി 'ആഫ്രിക്കന്‍ മുനമ്പി'ന്റെ പുതിയ യജമാനനായിരിക്കുന്നു എന്നു പരിതപിക്കുന്ന ഇറ്റാലിയന്‍ മീഡിയ, ഈ ഭാഗങ്ങളില്‍ ഇറ്റലിക്ക് ആധിപത്യമുണ്ടായിരുന്ന കാലത്തോടുള്ള അതിന്റെ ഗൃഹാതുരത്വമാണ് യഥാര്‍ഥത്തില്‍ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കൊളോണിയലിസം ഇവിടെ തീര്‍ത്ത വന്‍ദുരന്തങ്ങളിലേക്കൊന്നും ഒരു സൂചനയും മീഡിയ നല്‍കുന്നുമില്ല.
അതേ സമയം സോമാലി - ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഇഗിയാബ സിഈഗോ വേറിട്ട സ്വരം കേള്‍പ്പിക്കുക തന്നെ ചെയ്തു. അദ്ദേഹം ഇറ്റലിക്കാരെ ഓര്‍മ്മപ്പെടുത്തി: 'ഇറ്റലിക്കാര്‍ അവരുടെ കൊളോണിയല്‍ ഭാവനയില്‍ നിന്ന് അപകോളനീകരിക്കപ്പെടേണ്ടിയിരിക്കുന്നു. നാം നമ്മുടെ ഭാഷയില്‍ കൊണ്ടു നടക്കുന്നത് വളരെയധികം പൈതൃകങ്ങളാണ്. അതില്‍ ഫാഷിസം മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിലെ പതിവ് വായ്ത്താരികളുമുണ്ട്.'
പതിനെട്ട് മാസം ബന്ദിയാക്കപ്പെട്ട് ദുരിതമനുഭവിച്ച ഈ സന്നദ്ധ പ്രവര്‍ത്തകയുടെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യുന്നത് കൊണ്ട് ആര്‍ക്കും കാര്യമായൊന്നും നേടാനില്ല. നാം നമ്മുടെ 'ശത്രു'വായി കാണുന്ന ഒരു മതത്തിലേക്ക് മാറി എന്നത് മാത്രമാണ് വലത് പക്ഷ മീഡിയയും നേതാക്കളും ആ യുവതിയെ വളഞ്ഞിട്ട് തല്ലാനുള്ള ഏക കാരണം. അതിനാല്‍ അവരെ ഏത് നിലക്കും നാം സംരക്ഷിച്ചേ മതിയാവൂ. ഇങ്ങനെ ഒരു വശത്ത് ഇസ്‌ലാമോഫോബിയയെ ചെറുക്കുമ്പോള്‍ തന്നെ, മറുവശത്ത്, പാശ്ചാത്യരാല്‍ വിമോചിപ്പിക്കപ്പെടേണ്ട പ്രാകൃതരാണ് ആഫ്രിക്കക്കാര്‍ എന്ന മട്ടിലുള്ള വ്യവഹാരങ്ങള്‍ക്ക് നാം അന്ത്യം കുറിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
(അറബ് ലോകവും പടിഞ്ഞാറുമായും ലാറ്റിന്‍ അമേരിക്കയുമായും അതിനുള്ള ബന്ധവും എന്ന വിഷയത്തില്‍ പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകനാണ് ലേഖകന്‍).
വിവ: അബൂ സ്വാലിഹ