ഇക്കഴിഞ്ഞ മാര്‍ച്ച് - ഏപ്രില്‍ മാസത്തില്‍ നമ്മള്‍ മൊബൈലിലൂടെ ആരെ വിളിച്ചാലും കേട്ട പരസ്യവാചകം ഇതായിരുന്നു:
ഇക്കഴിഞ്ഞ മാര്‍ച്ച് - ഏപ്രില്‍ മാസത്തില്‍ നമ്മള്‍ മൊബൈലിലൂടെ ആരെ വിളിച്ചാലും കേട്ട പരസ്യവാചകം ഇതായിരുന്നു:
''നോവല്‍ കൊറോണാ വൈറസ് രോഗം പടരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കണ്ണും മൂക്കും വായും നിരന്തരം കൈകള്‍ കൊണ്ട് തൊടാതിരിക്കുക, ആര്‍ക്കെങ്കിലും ചുമയോ പനിയോ ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ അവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക, അത്യാവശ്യ ഘട്ടത്തില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056-ലേക്ക് വിളിക്കുക, പൊതുജന താല്‍പര്യാര്‍ഥം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ഭാരത സര്‍ക്കാര്‍...''
കഴിഞ്ഞ രണ്ട് മാസമായി മൊബൈലില്‍ നമ്മള്‍ ആരെ വിളിച്ചാലും ഇങ്ങനെ കേള്‍ക്കുന്നു:
''കൊറോണാ വൈറസ് അല്ലെങ്കില്‍ കോവിഡ് 19-നോട് ഇന്ന് നമ്മുടെ രാജ്യം മുഴുവന്‍ പോരാടുകയാണ്. പക്ഷേ ഒന്നോര്‍ക്കണം നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല; അവരോട് വിവേചനം പാടില്ല, അവര്‍ക്ക് വേണ്ടത് പരിചരണമാണ്. ഈ രോഗത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന് നമുക്ക് കവചങ്ങളായ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് തുടങ്ങിയവരോട് ആദരവ് പുലര്‍ത്താം, അവരോട് പൂര്‍ണമായി സഹകരിക്കാം, ഈ പോരാളികള്‍ക്ക് നിങ്ങളുടെ കരുതല്‍ നല്‍കൂ. അങ്ങനെ കൊറോണാ വൈറസില്‍നിന്ന് രാജ്യത്തിന് മോചനം നല്‍കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ലോക്കല്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അല്ലെങ്കില്‍ സെന്‍ട്രല്‍ ഹെല്‍പ്പ് നമ്പര്‍ ആയ 1075-ലേക്ക് വിളിക്കൂ. പൊതുജന താല്‍പര്യാര്‍ഥം, ഭാരത സര്‍ക്കാര്‍.''
ഇതുള്‍പ്പെടെ മൂന്ന് പരസ്യങ്ങള്‍.
അങ്ങനെ കൊറോണയെന്ന മഹാമാരിക്കെതിരെ പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായുള്ള ഈ വാചകങ്ങള്‍ക്ക് ശബ്ദം നല്‍കിയത് മറ്റാരുമല്ല. നമ്മുടെ രാജ്യത്ത് കൊറോണാ രോഗം ശക്തിപ്രാപിച്ചുകൊണ്ടിരുന്ന മാര്‍ച്ച് മാസത്തിലാണ് ടിന്റു മോള്‍ ജോസഫ് വാര്‍ത്തകളുടെ ലോകത്ത് എത്തി തുടങ്ങിയത്. അധികമാരും അറിയാതിരുന്ന ടിന്റു മോള്‍ ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിലാണ്.
കുടുബം, ജീവിതം, വിദ്യാഭ്യാസം
ശ്രുതിമധുരമായ ശബ്ദത്തില്‍ ഉച്ചാരണ ശുദ്ധിയോടെ പ്രവഹിക്കുന്ന ഈ സന്ദേശങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച ടിന്റു ആണ്. രണ്ടു വയസ്സ് മുതല്‍ ഒമ്പത് വയസ്സു വരെ ടിന്റു പഠിച്ചതും വളര്‍ന്നതും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും കേളകത്തുമാണ്.
ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷ്‌നല്‍ റിലേഷന്‍സില്‍ പി.ജി കഴിഞ്ഞ ശേഷം ഡാന്‍സ്, കളരിപ്പയറ്റ്, നാടകം എന്നിവയില്‍ ഗവേഷണ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ടിന്റു, പാലായിലെ മുണ്ടുപാലം തറപ്പേല്‍ കുടുംബാംഗമാണ്. അഛന്‍ ടി.വി ജോസഫ്, അമ്മ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കടുത്ത് പൂവത്തുങ്കല്‍ ആലീസ്. റബ്ബര്‍ തൊഴിലാളികളാണ് ടിന്റുവിന്റെ മാതാപിതാക്കള്‍. ഒരു സഹോദരനുണ്ട്, ടിബിന്‍ ജോസഫ്. മസ്‌കത്തിലാണ്. ആറാം ക്ലാസ് മുതല്‍ കര്‍ണാടകയിലെ സുളള്യയിലാണ് താമസവും പഠനവും. 24 വര്‍ഷമായി കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ ടിന്റുവിന്റെ ഹൈസ്‌കൂള്‍ മുതലുള്ള പഠനം മംഗളൂരുവിലായിരുന്നു. കര്‍ണാടകത്തിലാണ് താമസമെങ്കിലും കുര്‍ബാന ചൊല്ലുന്നതും വേദപാഠം ചൊല്ലുന്നതുമൊക്കെ മലയാളത്തിലായിരുന്നു. കൂടാതെ ആഴ്ചയില്‍ പപ്പ ടൗണില്‍ പോയി മലയാള പത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും വാങ്ങിക്കൊണ്ടു വരും. അതെല്ലാം വായിക്കും. അതോടെ മലയാളം നന്നായി വഴങ്ങി. മംഗളുരു സെന്റ് ആഗ്‌നസ് കോളേജില്‍നിന്ന് ബിരുദ പഠനത്തിനു ശേഷം ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസില്‍ പി.ജി ചെയ്യുന്നതിനായാണ് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെത്തിയത്. തുടര്‍ന്ന് റിസര്‍ച്ച് അസിസ്റ്റന്റ് ജോലിക്കൊപ്പം ഐ.എ.എസ്, യു.പി.എസ്.സി പരീക്ഷകള്‍ക്കുള്ള തയാറെടുപ്പുകളും തുടരുകയായിരുന്നു. ചെറുപ്പത്തില്‍ ഡാന്‍സിനും അഭിനയത്തിനും പ്രസംഗത്തിനുമൊക്കെ ഒട്ടേറെ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്.
സിവില്‍ സര്‍വീസ് മോഹവുമായാണ് ജെ.എന്‍.യുവിലേക്ക് വണ്ടി കയറിയതെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ദൗര്‍ഭാഗ്യവശാല്‍ സിവില്‍ സര്‍വീസിലേക്ക് പോകാന്‍ കഴിഞ്ഞില്ല.
വോയ്‌സ് ഓവര്‍ രംഗത്തേക്കുള്ള വരവ്
വോയ്‌സ് ഓവര്‍ രംഗത്തെത്തിയിട്ട് രണ്ടര വര്‍ഷമായി. ദല്‍ഹിയില്‍ പഠിക്കുമ്പോള്‍ ചില അധ്യാപകരുടെ പ്രേരണ മുഖേനയാണ് ആദ്യം പരസ്യങ്ങള്‍ക്കായി ശബ്ദം കൊടുത്തു തുടങ്ങിയത്. തുടക്കത്തില്‍ നേരം പോക്കിനു വേണ്ടി ചെയ്തതായിരുന്നു. പിന്നീടാണ് ഇതൊരു വരുമാന മാര്‍ഗമാണെന്നു തിരിച്ചറിഞ്ഞത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി പരസ്യ ശബ്ദ രംഗത്ത് സജീവമാണ് ടിന്റു. 'നീ നന്നായി മലയാളം സംസാരിക്കുമല്ലോ, മലയാളത്തില്‍ ശബ്ദം നല്‍കാന്‍ ആളെ ആവശ്യമുണ്ടെ'ന്ന് പറഞ്ഞ് ജെ.എന്‍.യുവിലെ പ്രഫസറായ പുരു മോഷത്ത ബിലി വാലി സാര്‍ ആണ് കന്നഡ വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റ് കൃഷ്ണ ഭട്ടിനെ പരിചയപ്പെടുത്തിയത്. അദ്ദേഹം വഴി മലയാളം വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റായ കലാഭവന്‍ പ്രജിത്തിനെയും ശ്വാസകോശം ഫെയിം ഗോപന്‍ സാറിനെയും പരിചയപ്പെട്ടു. ഗോപന്‍ സാറിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ബേഠി പഠാവോ ബേഠി ബച്ചാവോ പോലുള്ള പരിപാടികള്‍ക്ക് ശബ്ദം കൊടുത്തു.
ദൂരദര്‍ശനിലെ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പരിപാടിക്ക് ശബ്ദം കൊടുത്തത് വഴിത്തിരിവായി. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടേറെ മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ ..... കേരളത്തിലെ പള്‍സ് പോളിയോ അറിയിപ്പ്, സര്‍വ ശിക്ഷാ അഭിയാന്‍, തപാല്‍ ഇന്‍ഷുറന്‍സ്, ജന്‍ധന്‍ യോജന, ശുചിത്വ ഭാരത പദ്ധതി ...... പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വാണിജ്യ പരസ്യങ്ങള്‍ .... ഇങ്ങനെ കളം നിറഞ്ഞു നില്‍ക്കുമ്പോഴാണ് കലാഭവന്‍ പ്രജിത്ത് സാര്‍ കൊറോണയുടെ അനൗണ്‍സ്‌മെന്റ് ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്ത് ശബ്ദം കൊടുക്കാന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച് 10-നായിരുന്നു ആദ്യ റെക്കോര്‍ഡിംഗ്. നോവല്‍ കൊറോണാ വൈറസ് പകരാതെ തടയാനാകും എന്ന് തുടങ്ങുന്നതായിരുന്നു ആദ്യ ബോധവത്കരണ സന്ദേശം. ഇതിന് മാര്‍ച്ച് 18-ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി കിട്ടി. ആദ്യം ശബ്ദം കൊടുത്തപ്പോള്‍ കൊറോണ ഇത്രയും രൂക്ഷമായിരുന്നില്ല. മാസ്‌ക്കൊന്നും ധരിക്കാതെ സാധാരണ പരസ്യം പറയാന്‍ പോകുന്നതു പോലെയാണ് സ്റ്റുഡിയോയിലേക്ക് എത്തിയത്. ശബ്ദം കൊടുക്കുമ്പോള്‍ ഫോണിലൂടെ ആളുകള്‍ക്ക് കേള്‍ക്കാനുള്ള ബോധവത്കരണ സന്ദേശമാണെന്ന് അറിയില്ലായിരുന്നു. ആ സമയത്ത് ലോക്ക് ഡൗണ്‍ തുടങ്ങിയിട്ടു പോലുമില്ലായിരുന്നു. രണ്ടാമത്തെ പരസ്യം ചെയ്യാന്‍ പോയപ്പോഴാണ് മാസ്‌ക് ധരിച്ചത്. 'നോവല്‍ കൊറോണ അല്ലെങ്കില്‍ കോവിഡ് 19 പടരാതെ തടയാന്‍ നാം വീടുകള്‍ക്കുള്ളില്‍ കഴിയേണ്ടതാണ്...' എന്ന് തുടങ്ങുന്നതാണ് രണ്ടാമത്തെ സന്ദേശം. മെയ് ഒന്നു മുതല്‍ ഫോണിലൂടെ മൂന്നാമത്തെ സന്ദേശമാണ്. അങ്ങനെ ആകെ 22 ഭാഷകളില്‍ എടുത്ത കോവിഡ് സന്ദേശത്തിന് മലയാളത്തിലെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളായി ശബ്ദം കൊടുത്തു.
കലാരംഗത്തും സജീവം
ചെറുപ്പകാലത്ത് ടിന്റു ഡാന്‍സ് പഠിച്ചിരുന്നു. പക്ഷേ അധികകാലം നീണ്ടുനിന്നില്ല. നാടകവുമായി ബന്ധപ്പെട്ട് റിസര്‍ച്ച് പ്രോഗ്രാമിലേക്ക് സുമേഷ് ഗുരുക്കളു കട അസിസ്റ്റന്റാണിപ്പോള്‍. അദ്ദേഹത്തില്‍ നിന്ന് കളരിപ്പയറ്റും പാര്‍വതി നായര്‍ എന്ന അധ്യാപികയില്‍ നിന്ന് കുച്ചുപ്പുടിയും പഠിക്കുന്നുണ്ട്. ദല്‍ഹിയില്‍ നടക്കുന്ന കളരിപ്പയറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. 2017-ല്‍ പ്രവാസി നാടക മത്സരത്തില്‍ മികച്ച നടിയായി ടിന്റുവിനെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചു. 'മേഘങ്ങളേ കീഴടങ്ങുവിന്‍' എന്ന നാടകത്തിനായിരുന്നു അവാര്‍ഡ്. സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെ.പി.എ.സി ലളിതയില്‍നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചില സാംസ്‌ക്കാരിക പരിപാടികള്‍ക്കു വേണ്ടി ആങ്കറിംഗ് ചെയ്യാറുമുണ്ട്. കലാഭവന്‍ പ്രജിത്തും കുറച്ച് മലയാളികളായ സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച രംഗവേദി എന്ന നാടക ട്രൂപ്പില്‍ അംഗമാണ് ടിന്റു. അവരുടെ നാടകങ്ങളിലും മറ്റും ശബ്ദം കൊടുക്കാന്‍ പോകാറുണ്ടായിരുന്നു. യൂട്യൂബിലേക്കും മറ്റുമായി മലയാള സിനിമകള്‍ ഹിന്ദിയിലേക്ക് തര്‍ജമ ചെയ്തു കൊടുക്കാറുണ്ട്. നാടകം, ഡാന്‍സ്, കളരിപ്പയറ്റ് എന്നിവ ശാസ്ത്രീയമായി പഠിക്കാനും അഭ്യസിക്കാനും ഈ മിടുക്കിക്ക് ആഗ്രഹമുണ്ട്. ഒപ്പം പ്രഫഷണല്‍ രീതിയില്‍ വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടാനും.