ശുചിത്വം  ശീലമാക്കുക

ഡോ. എ. ഷൈലാ ഷഫീഖ് No image

രോഗം വന്നിട്ട് ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന് പണ്ടുമുതലേ കേട്ടുകൊണ്ടിരിക്കുന്നതാണ്. കാലത്തിനും കാലാവസ്ഥക്കുമനുസരിച്ച് രോഗങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനുള്ള അടിസ്ഥാന കാര്യങ്ങള്‍ നാം ഉള്‍ക്കൊള്ളുകയും അവ കര്‍മജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്യേണ്ടതുണ്ട്.

വ്യക്തിശുചിത്വം
ആരോഗ്യ ജീവിതത്തിന്റെ അടിസ്ഥാനമാണ് വ്യക്തിശുചിത്വം. രോഗമോചനത്തിന് മാത്രമല്ല ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും വ്യക്തിശുചിത്വം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. സമൂഹ ശുചിത്വത്തിന്റെ ആണിക്കല്ലാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം പാലിക്കുമ്പോള്‍ മാത്രമേ കുടുംബത്തിലും സമൂഹത്തിലും ശുചിത്വം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. സ്ത്രീശരീരത്തില്‍ വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. ഓരോ സമൂഹത്തിലെയും ഭക്ഷണ സമ്പ്രദായം, പാചകരീതി, ശുചീകരണ മുറകള്‍ എന്നിവയനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ് സ്ത്രീകളുടെ ജോലി ഭാരം, അതുപോലെ തന്നെ ശുചീകരണ മുറകളിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. ദിവസം രണ്ടു നേരമെങ്കിലും ശരീരത്തില്‍ നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കുളിക്കണം. ശരീരത്തില്‍ വന്നുകൂടൂന്ന ബാക്ടീരിയകളെ തുരത്തണമെങ്കില്‍ തേച്ച് കുളിച്ചേ മതിയാകൂ. ശരീരത്തില്‍ തേക്കുന്ന എണ്ണ കുറഞ്ഞത് പത്തു മിനിറ്റെങ്കിലും കഴിഞ്ഞ് ഷാംപൂ തേച്ച് കഴുകി വൃത്തിയാക്കണം. ഇതുമൂലം ശരീരത്തിന് ആരോഗ്യവും തിളക്കവും ഉണര്‍വും വര്‍ധിക്കും. എണ്ണമയവും പൊടിയും ചെറിയ സുഷിരങ്ങളില്‍ അടിഞ്ഞുകൂടി ബാക്ടീരിയകള്‍ വളരാനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കണം.
വസ്ത്രത്തിന്റെ ഉപയോഗം
വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത് നമ്മുടെ ശീലമാക്കി മാറ്റണം. പുറത്തേക്കെവിടെയെങ്കിലും പോകുമ്പോള്‍ മാത്രം വൃത്തിയുള്ള വസ്ത്രം ധരിച്ചാല്‍ മതിയെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. വിയര്‍പ്പ് വസ്ത്രത്തിലുണ്ടെങ്കില്‍ അതിന്റെ ദുര്‍ഗന്ധവും രോഗാണുക്കളുടെ അടിഞ്ഞുകൂടലും പലതരം രോഗങ്ങള്‍ക്ക് ഇടവരുത്തും. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതുവഴി നല്ല ഉന്മേഷവും ലഭിക്കും.

കൈകള്‍ എപ്പോഴും കഴുകുക
എപ്പോഴും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക എന്നത് ശുചിത്വ ജീവിതത്തിന്റെ ഭാഗമാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും പാകം ചെയ്യുന്നതിനു മുമ്പും പിമ്പും വിളമ്പുന്നതിനു മുമ്പും ശേഷവും സോപ്പ്, അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ കഴുകണം. ചില അമ്മമാര്‍ കുട്ടികള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമ്പോള്‍ കൈകള്‍ ശുചീകരിക്കണമെന്ന കാര്യം ശ്രദ്ധിക്കാറില്ല. ഇതുമൂലം കൈകളിലെ അണുക്കള്‍ ഭക്ഷണത്തിലൂടെ കുട്ടിയുടെ വയറ്റിലേക്ക് പ്രവേശിക്കും.

സോപ്പ്, ചീര്‍പ്പ്, ടവല്‍ എന്നിവയുടെ ഉപയോഗം
ദൈനംദിന ജീവിതത്തില്‍ നാം എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കളാണ് സോപ്പ്, ചീര്‍പ്പ്, കണ്ണട, ടവല്‍ തുടങ്ങിയവ. മിക്ക വീടുകളിലും വാഷ്‌ബേസിനടുത്ത് ഒരു തൂവാല തൂക്കിയിട്ടുണ്ടാകും. ഭക്ഷണം കഴിച്ച് കൈ തുടക്കുന്നവരൊക്കെ ഒരേ തൂവാലയില്‍ അത് ചെയ്യുന്നു. രോഗികളായവര്‍ വരെ ഇത് ഉപയോഗിക്കുന്നതുമൂലം രോഗാണു സാധ്യത കൂടുതലാണ്. പലപ്പോഴും ഇത് സാംക്രമിക രോഗങ്ങള്‍ക്ക് ഇടവരുത്തും. ജോലിക്കും മറ്റും പോകുന്നവര്‍ ഒരു ഹാന്‍ഡ് ബാഗില്‍ സാനിറ്ററി നാപ്കിന്‍, ഫേഷ്യല്‍ ടിഷ്യു, സാനിറ്റൈസര്‍ തുടങ്ങിയവ എപ്പോഴും സൂക്ഷിക്കേണ്ടതാണ്. കുളിമുറിയില്‍ ഒരു സോപ്പ് സൂക്ഷിച്ച് വീട്ടിലുള്ള എല്ലാവരും അതേ സോപ്പുതന്നെ ഉപയോഗിച്ച് കുളിക്കുന്ന രീതി നല്ലതല്ല. ബോധപൂര്‍വം ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ വന്‍വിപത്തുകളെ തടയും.

ജലദോഷമല്ലേ, സാരമില്ല
ജലദോഷം അത്ര കാര്യമുള്ള അസുഖമായി പലരും കാണാറില്ല. അതുകൊണ്ടു തന്നെ ജലദോഷം ബാധിച്ചവര്‍ ആരാധനാ ചടങ്ങുകള്‍, വിവാഹം, സമ്മേളനങ്ങള്‍, ഒന്നിച്ചുള്ള യാത്രകള്‍ എന്നിവയിലൊക്കെ പങ്കെടുക്കാറുണ്ട്. ജലദോഷത്തിന്റെ വ്യാപ്തി എത്രത്തോളമെന്നത് രോഗിയുടെ ആരോഗ്യ നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്തായാലും ജലദോഷമുള്ളവര്‍ എവിടെ പോവുകയാണെങ്കിലും മാസ്‌ക്, തൂവാല എന്നിവ ഉപയോഗിക്കണം. ആള്‍ക്കൂട്ടത്തിനിടയില്‍ തുമ്മുന്ന സ്വഭാവം നല്ലതല്ല. വീട്ടിനകത്തും ഈ നിഷ്ഠ പാലിക്കണം.

മൂത്രമൊഴിക്കാതിരിക്കല്‍
സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലും സ്വകാര്യ ജോലിയിടങ്ങളിലും പണിയെടുക്കുന്ന സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് ദീര്‍ഘനേരം മൂത്രമൊഴിക്കാതിരിക്കല്‍. പൊതു മൂത്രപ്പുരകള്‍ ഇല്ലാത്തതും ഉള്ളവതന്നെ പലയിടങ്ങളിലും വൃത്തിഹീനമായിക്കിടക്കുന്നതും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ടോയ്‌ലെറ്റുകള്‍ ഇല്ലാത്തതുമാണ് ഇതിനു കാരണമായി പറഞ്ഞു കേള്‍ക്കുന്നത്. മൂത്രമൊഴിക്കല്‍ ഒഴിവാക്കാനായി ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അധികസമയവും വെള്ളം കുടിക്കാതെ കഴിഞ്ഞുകൂടുന്ന സ്വഭാവവും ഉണ്ട്. ധാരാളം വെള്ളം കുടിക്കലും മൂത്രമൊഴിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്.

വിയര്‍പ്പ്
വിയര്‍പ്പും ജലാംശവും കെട്ടിനില്‍ക്കുന്നതുമൂലം ഉണ്ടാകുന്ന ബാക്ടീരിയ പലരിലും ഇന്‍ഫെക്ഷന്‍ ബാധിക്കാന്‍ ഇടവരുത്തും. വിയര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ കുളിക്കാതിരിക്കുക. വിയര്‍ക്കുമ്പോഴുള്ള കുളി ചിലര്‍ക്കെങ്കിലും ജലദോഷം, പനി എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും. പ്രായം, രോഗപ്രതിരോധ ശേഷി തുടങ്ങിയവയും ഇതില്‍ ഘടകങ്ങളാണ്.

പല്ലുതേക്കല്‍
ദിവസേനയുള്ള പല്ലുതേക്കല്‍ നിര്‍ബന്ധ ശീലമായി അനുവര്‍ത്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. കുട്ടികളിലും ഈ ശീലം വളര്‍ത്തിയെടുക്കാന്‍ നാം ജാഗ്രത കാട്ടണം. മൃദുത്വമുള്ള ബ്രിസ്റ്റില്‍സ് (കുറ്റിരോമങ്ങള്‍) ഉള്ള ബ്രഷുകളാണ് ഉപയോഗിക്കേണ്ടത്. ഹാര്‍ഡ് ബ്രഷിന്റെ ഉപയോഗം പല്ലിന്റെ ഇനാമല്‍ നശിപ്പിച്ചേക്കാം.

പാദസംരക്ഷണം
പാദങ്ങള്‍ വൃത്തിയാക്കണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ബ്രഷ് ഉപയോഗിച്ച് പാദങ്ങള്‍ ഉരച്ചു കഴുകുക. നഖങ്ങളിലും വിരലുകള്‍ക്കിടയിലും വൃത്തികേടുകള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക. പാദരക്ഷകള്‍ വൃത്തിയായി കഴുകി മാത്രം ഉപയോഗിക്കുക. സോക്‌സ് ഉപയോഗശേഷം നിര്‍ബന്ധമായും കഴുകിയിടണം.

ധാരാളം വെള്ളം കുടിക്കുക
ജലാംശം കുറഞ്ഞാല്‍ കൂടുതലായി ക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ശരീരത്തില്‍ ജലാംശത്തിന്റെ അഭാവം പല രോഗങ്ങള്‍ക്കും ഇടയാക്കും. ധാരാളമായി വെള്ളം കുടിക്കുക എന്നത് ഒരു ചികിത്സാ വിധിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
വ്യക്തിശുചിത്വത്തില്‍ സ്വീകരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഇനിയുമുണ്ട്. ഓര്‍ക്കുക, ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടെങ്കിലേ ആരോഗ്യമുള്ള നാളെകള്‍ ഉണ്ടാവുകയുള്ളൂ. കോവിഡ് 19-ന്റെ ദുരന്ത വിളയാട്ടം അവസാനിപ്പിക്കാന്‍ ഓരോ വ്യക്തിയും ശുചിത്വത്തിലൂടെ ആരോഗ്യ പരിപാലനത്തില്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top