ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി ഭീതിവിതച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലവും സുരക്ഷ മുന്‍കരുതലുകളുമായി നാം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി ഭീതിവിതച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലവും സുരക്ഷ മുന്‍കരുതലുകളുമായി നാം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കോവിഡിനോട് നമ്മളോരോരുത്തരും പൊരുതുകയാണ്, വീട്ടിലടച്ചിരുന്നും പൊതുജന സമ്പര്‍ക്കം ഒഴിവാക്കിയുമെല്ലാം. ലോക്ഡൗണ്‍ എന്ന അടച്ചിടല്‍ ജീവിതത്തിന്റെ ഭാഗമായിട്ടും ഏറെക്കാലമായി. നാടെങ്ങും പൂട്ടിക്കെട്ടി, സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങിയ പോരാട്ടത്തിന്റെ നാളുകള്‍. ലോകം മുഴുവന്‍ വീട്ടിലിരുന്ന ഈ ലോക്ഡൗണ്‍ കാലത്തും പുറത്തിറങ്ങി പണിയെടുത്ത കോവിഡ് പോരാളികളും നമുക്കിടയിലുണ്ട്. ലോക്ഡൗണിനെ വ്യത്യസ്ത തലത്തിലൂടെ അനുഭവിച്ച സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രതിനിധികള്‍ അവരുടെ അനുഭവങ്ങള്‍ ആരാമത്തോട് പങ്കുവെക്കുന്നു.
തയാറാക്കിയത്: നഹീമ പൂന്തോട്ടത്തില്‍
റൂബി സജ്‌ന
സ്റ്റാഫ് നഴ്‌സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്
നാടെങ്ങും കോവിഡിന്റെ പിടിയിലമര്‍ന്ന് ലോക്ഡൗണില്‍ വീട്ടിലിരുന്നപ്പോഴും, എല്ലാവരെയും പോലെ കൈയും കെട്ടി വീട്ടിലിരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടേത്. ഡ്യൂട്ടി സമയവും രീതിയും പ്രവര്‍ത്തനക്രമവുമെല്ലാം മാറ്റിക്കൊണ്ട് ഞങ്ങള്‍ ഈ മഹാമാരിക്കെതിരെ പോരാടാന്‍ തന്നെയുറച്ചു. മൂന്ന് ഷിഫ്റ്റ് ഉണ്ടായിരുന്നത് രണ്ട് ഷിഫ്റ്റാക്കി മാറ്റി. കോവിഡ് രോഗികളെ നേരിട്ട് ചികിത്സിക്കേണ്ട സാഹചര്യം ചെസ്റ്റ് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഐസോലേഷന്‍ ഉള്‍പ്പടെ എല്ലാ തരത്തിലുമുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
നിപ രോഗികളെ ഇവിടെ ചികിത്സിക്കുകയും ആ രോഗം ഞങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള ലിനി സിസ്റ്ററുടെ ജീവനുള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു. കോവിഡ് രോഗലക്ഷണങ്ങളുള്ള ഒട്ടേറെ പേരെ ഐ.സി.ഡിയുടെ ഐസോലേഷന്‍ വാര്‍ഡില്‍ കിടത്തുമ്പോള്‍, ഓരോരുത്തരുടെയും സ്രവപരിശോധന ഫലവും നെഗറ്റീവാകണേ എന്ന പ്രാര്‍ഥന മാത്രമാണുണ്ടായിരുന്നത്. ഐസോലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുപോവുന്ന രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മുഖത്തുണ്ടാകുന്ന ഉത്കണ്ഠയും, നെഗറ്റീവാണെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അതേ മുഖങ്ങളില്‍ തെളിയുന്ന ആശ്വാസവും അവര്‍ണനീയമായിരുന്നു. കോവിഡ് രോഗികളെ പരിചരിച്ചില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് രോഗികളായ ഒട്ടേറെ മലയാളികള്‍ ഒരു നഴ്‌സെന്ന നിലക്ക് എന്നെ വിളിക്കാറുണ്ടായിരുന്നു. കേരളത്തിലെ മികച്ച ചികിത്സാരീതിയുടെയും മറ്റു രാജ്യങ്ങളിലെ വേണ്ടത്ര ഫലപ്രാപ്തിയില്ലാത്ത ഇടപെടലിന്റെയും വ്യത്യാസം ആ വിളികളില്‍ നിന്നും ഞാന്‍ അനുഭവിച്ചറിഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ജോലിക്കിടയില്‍രോഗം വരരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു, മറ്റുള്ളവര്‍ക്കുവേണ്ടി പോരാടുമ്പോള്‍ സ്വയം പ്രതിരോധിക്കണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരമാവധി ദിവസം ജോലി ചെയ്തു, അതിനനുപാതികമായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. ഏറെ മാനസിക പ്രയാസമനുഭവപ്പെടുന്ന സമയമായിരുന്നു അത്. വീട്ടിലെത്തിയാല്‍ തന്നെ പ്രിയപ്പെട്ടവരുമായി ഒരു സമ്പര്‍ക്കവും പാടില്ല. മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. അവരോടൊന്നും നേര്‍ക്കുനേര്‍ സംസാരിക്കാന്‍ പോലും പറ്റാത്ത സ്ഥിതി, പടിവാതില്‍ക്കല്‍ പാത്രം വെച്ച് പോകുന്ന വീട്ടുകാര്‍. എനിക്ക് രോഗം വന്നാല്‍ അവര്‍ക്കും വരില്ലേ എന്ന ആശങ്ക മൂലം കരുതല്‍ പരമാവധിയായിരുന്നു. മക്കള്‍ക്ക് പരീക്ഷാകാലത്തു പോലും ഒരക്ഷരം പറഞ്ഞുകൊടുക്കാനാവാത്ത സ്ഥിതിയായിരുന്നു. അതിനുമപ്പുറം നമ്മളോട് വലിയ അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ഇക്കാലത്ത് ദൂരെനിന്ന് കാണുമ്പോള്‍ തന്നെ ഒഴിഞ്ഞുമാറിപ്പോവുന്ന അവഗണനക്കും ഇരയായി.
പൊതു സമൂഹത്തില്‍ നിന്നുണ്ടായ ദുരനുഭവങ്ങളുടെ ഓര്‍മ ഉള്ളില്‍ നീറുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റലിലാണ് ഞാന്‍ ഷിഫ്റ്റ് ക്രമീകരണത്തിന്റെ ഭാഗമായി ഡ്യൂട്ടി കഴിഞ്ഞ് നിന്നിരുന്നത്. ഹോസ്റ്റലിലെ ഒരു ബില്ലടക്കാന്‍ അടുത്തുള്ള ബാങ്കില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരു സ്റ്റാഫിന്റെ മനോഭാവം ഏറെ സങ്കടപ്പെടുത്തി. ഞാന്‍ നഴ്‌സാണെന്നറിഞ്ഞപ്പോള്‍, തുടക്കത്തില്‍ തന്നെ സാമൂഹിക അകലം പാലിച്ചിരുന്ന എന്നോട് കുറേക്കൂടി നീങ്ങിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ, അവരുടെ മാസ്‌ക് ഒന്നു കൂടി മുറുക്കി, അതുംപോരാഞ്ഞ്, ഞാന്‍ കൊടുത്ത നോട്ടുതുട്ടുകള്‍ വാങ്ങി കൈകള്‍ രണ്ടുതവണ സാനിറ്റൈസ് ചെയ്തു. ബില്ലിലെന്തോ തിരുത്തിനായി പേന ആവശ്യപ്പെട്ടപ്പോ എറിഞ്ഞുതന്നതാണ് ഏറെ വിഷമിപ്പിച്ചത്. ഇതെന്റെ മാത്രം അനുഭവമല്ല, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ഇത്തരത്തില്‍ മാറ്റിനിര്‍ത്തലിന്റെ കയ്പുനീര്‍ കുടിച്ചവരാണ്.
സാമൂഹികതലത്തില്‍ നിയന്ത്രണം അനിവാര്യമായ കാലത്ത് വഴിക്കടവുള്ള വീട്ടില്‍നിന്ന് ഡ്യൂട്ടിക്കെത്തുന്നതും തിരിച്ചുപോവുന്നതും വലിയ വെല്ലുവിളിയായിരുന്നു. രാത്രി ഏഴരക്ക് ഡ്യൂട്ടി കഴിഞ്ഞ്, ബസ് സ്റ്റാന്‍ഡില്‍ വന്ന് കെ.എസ്.ആര്‍.ടി.സിക്ക് വഴിക്കടവിലേക്ക് പോവുമ്പോള്‍ 12 മണിയൊക്കെ കഴിയും വീട്ടിലെത്താന്‍. ഏറെ നാള്‍ ഇതു തുടര്‍ന്നു, അര്‍ധരാത്രിയില്‍ ആ ബസില്‍ പെണ്ണായി ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നാലെ ബസ് സര്‍വിസ് നിലച്ചതോടെ ദുരിതം പൂര്‍ണമായി ഇരുചക്രവാഹനത്തിലേക്ക് മാറേണ്ടി വന്നു. മൂന്നു മണിക്കൂറോളം ടൂവീലറോടിച്ച് ആശുപത്രിയിലെത്തി ഡ്യൂട്ടിയെടുക്കേണ്ടി വന്നിട്ടുണ്ട്.
മൂന്നുമണിക്കൂര്‍ യാത്രക്കു പിന്നാലെ പത്തുമണിക്കൂര്‍ നീളുന്ന ഡ്യൂട്ടി, ലോക്ഡൗണായതിനാല്‍ ആശുപത്രി കാന്റീന്‍ പോലും തുറക്കാത്ത സാഹചര്യത്തില്‍ ഭക്ഷണം മര്യാദക്ക് കിട്ടില്ല. റമദാനില്‍ നോമ്പു തുറക്കേണ്ട സമയത്തും ഇതായിരുന്നു അവസ്ഥ. അത്താഴവേളയില്‍ ചിലപ്പോള്‍, ഭക്ഷണമൊന്നും ഇല്ലാതെയും, ചിലപ്പോള്‍ ഭക്ഷണമുണ്ടായിട്ടും സമയമില്ലാത്തതിനാല്‍ കഴിക്കാനാവാതെയും നിസഹായ ആയിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളിതും കടന്നുപോവുമെന്ന ആത്മവിശ്വാസമാണ് ഊര്‍ജം പകര്‍ന്നത്.
കോഴിക്കോട്ടെ നിപക്കാലത്ത് ഞങ്ങളെ വിട്ടുപോയ പേരാമ്പ്രക്കാരിയും പ്രിയ സഹപ്രവര്‍ത്തകയുമായ ലിനി സിസ്റ്ററുടെ വേര്‍പാട് ഞങ്ങള്‍ നഴ്‌സുമാരുടെ സമൂഹത്തില്‍ വലിയൊരു ജാഗ്രതയും പാഠവും പകര്‍ന്നു തന്നിട്ടുണ്ട്. രോഗമെന്തെന്നോ, അതിന്റെ ഗൗരവമെത്രത്തോളമെന്നോ അറിയാതെ അവര്‍ തന്റെ മുന്നിലുള്ള രോഗിക്കുവേണ്ടി നല്‍കിയ കരുതലിലൂടെ ലിനിയുടെ ജീവന്‍ നഷ്ടമായപ്പോള്‍ ഇനിയത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പാഠങ്ങളും മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നു. കോവിഡ് കാലത്ത് സമൂഹം അനുവര്‍ത്തിച്ച സാമൂഹിക അകലമെന്ന രീതിയും ലിനിയുടെ രക്തസാക്ഷിത്വത്തില്‍ നിന്നും പകര്‍ന്ന പാഠമാണ്. കോവിഡ് ഭീതി അത്രയാഴത്തില്‍ ഞങ്ങളെ ബാധിച്ചില്ലെങ്കിലും ഓരോ ചുവടും ജാഗ്രതയോടെ തന്നെയാണ് മുന്നോട്ടുവെച്ചത്. തങ്ങള്‍ക്കും തങ്ങളില്‍ നിന്നും മറ്റൊരാളിലേക്കും അതുവഴി ഈ സമൂഹത്തിലേക്കും രോഗം പടരരുതെന്ന കരുതലും സൂക്ഷ്മതയും ഞങ്ങളുടെ ഓരോ ശ്വാസത്തിലുമുണ്ടായിരുന്നു.
പി.ടി ഷര്‍ജിന
ഹയര്‍സെക്കന്ററി അധ്യാപിക
പന്തീരാങ്കാവ്, കോഴിക്കോട്
അണ്‍എയ്ഡഡ് സ്ഥാപനമായതുകൊണ്ട് പ്ലസ് വണ്‍ പരീക്ഷ ഫെബ്രുവരിയില്‍ നടത്തി മാര്‍ച്ചില്‍ തന്നെ പ്ലസ്ടുക്കാരുടെ ക്ലാസ് തുടങ്ങാറാണ് പതിവ്. ഇത്തരത്തില്‍ മാര്‍ച്ചില്‍ തന്നെ ക്ലാസ് തുടങ്ങി, ദിവസങ്ങള്‍ക്കകം കേരളവും രാജ്യവും ലോക്കിട്ടു പൂട്ടി. അതിനു തൊട്ടുമുമ്പു വരെ പരീക്ഷ കഴിയും വരെ അനാവശ്യമായി ഫോണില്‍ തൊടരുതെന്നായിരുന്നു വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും ഞങ്ങളാവശ്യപ്പെട്ടിരുന്നത്. ആ നിര്‍ബന്ധം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരുത്തി പറയേണ്ടിവന്നു; നിങ്ങള്‍ പഠിക്കാനായി ഫോണെടുക്കൂ എന്ന തരത്തില്‍ മാറ്റി പറയേണ്ടി വന്നതാണ് ഇക്കാലത്തുണ്ടായ ഒരു വൈരുധ്യം.
സ്‌കൂള്‍ അടച്ചയുടന്‍ ഫിസിക്‌സ് അധ്യാപികയെന്ന നിലക്ക് ഇതു പഠിപ്പിക്കാനായി മാത്രം ഒരു വാട്ട്‌സപ്പ് ഗ്രൂപ്പുണ്ടാക്കി. സാധാരണ രീതിയില്‍ ഒരു പൊതു ഗ്രൂപ്പാണുള്ളത്, രക്ഷിതാക്കള്‍ക്കുള്ള സന്ദേശങ്ങള്‍ നല്‍കാനും മറ്റുമായി. ഇത് വിഷയാധിഷ്ഠിത ഗ്രൂപ്പായിരുന്നു. അസൈന്‍മെന്റുകള്‍ നല്‍കാനും പഠന നിര്‍ദേശം നല്‍കാനും ചെയ്ത അസൈന്‍മെന്റ് സമര്‍പ്പിക്കാനുമെല്ലാമായിരുന്നു ഈ ഗ്രൂപ്പ്. സാങ്കേതികതയെ പരമാവധി ഉപയോഗിക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള അധ്യാപന ദിനങ്ങളോരോന്നും. പവര്‍ പോയിന്റ് പ്രസന്റേഷന്‍, സ്‌ക്രീന്‍ റെക്കോഡ് ഉപയോഗിച്ച് ക്ലാസ് നല്‍കും, ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന പഠനസഹായ വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്കായി ഗ്രൂപ്പില്‍ പങ്കുവെക്കും, ഇത്തരത്തില്‍ ഫോണില്‍ അതുവരെ ഉപയോഗിക്കുക പോലും ചെയ്യാത്ത പലവിധ ആപ്പുകളുടെയും ഉപയോഗകാലം കൂടിയായിരുന്നു അത്. ഗൂഗ്ള്‍ മീറ്റ്, ഗൂഗ്ള്‍ ക്ലാസ്‌റൂം തുടങ്ങി വിര്‍ച്വല്‍ ക്ലാസ്‌റൂമിന്റെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുന്നതായിരുന്നു ലോക്ഡൗണ്‍ അധ്യാപനം. ഒപ്പം, ക്ലാസെടുക്കുന്ന വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാനായി യൂട്യൂബ് ചാനല്‍ തുടങ്ങി, വിദ്യാര്‍ഥികള്‍ക്ക് ഏതു സമയവും വീക്ഷിക്കാവുന്ന തരത്തില്‍ ഒരുക്കിയെടുത്തു.
സാധാരണ സ്‌കൂളില്‍ ഏറെ ജാഗ്രതയോടെ നടത്തുന്ന ഒന്നായിരുന്നു പരീക്ഷ. എന്നാലത് വീട്ടില്‍ കുട്ടികള്‍ സ്വയം ജാഗ്രതയോടെ എഴുതുന്ന ഒന്നായി ലോക്ഡൗണ്‍ കാലം മാറ്റി. ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കായി ചോദ്യപേപ്പര്‍ നല്‍കുകയും കൃത്യസമയത്ത് അവസാനിപ്പിച്ച്, ചുരുങ്ങിയ സമയം കൊണ്ട് ഉത്തരപേപ്പര്‍ അയച്ചു തരാനാവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു പരീക്ഷാരീതി. മുതിര്‍ന്ന കുട്ടികളായതുകൊണ്ട് എല്ലാവരും സത്യസന്ധമായാണ് പരീക്ഷയെ നേരിട്ടതെന്നാണ് വിശ്വാസം.
പരീക്ഷ വലിയ ബുദ്ധിമുട്ടില്ലായിരുന്നെങ്കിലും മൂല്യനിര്‍ണയമായിരുന്നു ഏറെ പ്രയാസകരം. സാധാരണഗതിയില്‍ ഉത്തരപേപ്പര്‍ വീട്ടില്‍ കൊണ്ടുവന്ന് നോക്കാറാണ് പതിവ്, ഇതുപക്ഷേ, മൊബൈല്‍ ഫോണിലുള്ള ഉത്തരപേപ്പര്‍ നോക്കി, നമ്മള്‍ സ്‌കോര്‍ കടലാസില്‍ മാറ്റിയെഴുതി, വീണ്ടും വിശകലനം ചെയ്യുന്ന രീതി വെല്ലുവിളിയായിരുന്നു. 30 കുട്ടികളുണ്ടെങ്കില്‍ അവരുടെയെല്ലാം ഇത്തരത്തില്‍ ചെയ്യണം. ആദ്യത്തെ പരീക്ഷക്ക് മൂല്യനിര്‍ണയം നടത്താന്‍ ഒരു മുഴുവന്‍ ദിവസം വേണ്ടി വന്നു.
അടുത്ത ദിവസം ഈ രീതി മാറ്റി, ആന്‍സര്‍ കീ കുട്ടികള്‍ക്ക് നല്‍കി, അവരോട് സ്വയം മൂല്യനിര്‍ണയം നടത്താനാവശ്യപ്പെട്ടു. സാധാരണ സ്‌കൂളില്‍ ഒരു പിരിയഡിന് ഒരു മണിക്കൂറില്‍ കുറവ് സമയം മതിയായിരുന്നു തയ്യാറാവാന്‍. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി മണിക്കൂറുകളാണ് പ്രിപ്പറേഷന്‍ നടന്നത്.
ക്ലാസ് വീഡിയോ റെക്കോഡിംഗിനായി ഒരു ട്രൈപോഡ് വാങ്ങി, പശ്ചാത്തല ക്രമീകരണവും ശ്രദ്ധിക്കണമായിരുന്നു. നാലും രണ്ടും വയസുള്ള കുട്ടികളുടെ ബഹളം ക്ലാസിനിടയില്‍ ഉണ്ടാവാതിരിക്കാന്‍ രാത്രി അവര്‍ ഉറങ്ങിയ ശേഷം ഒരു മണിക്കും രണ്ടു മണിക്കുമെല്ലാം ക്ലാസ് റെക്കോഡിങ് നടത്തി. ചുരുക്കി പറഞ്ഞാല്‍ സ്‌കൂളില്‍ പോവുമ്പോള്‍ നമ്മള്‍ ചെലവഴിക്കുന്ന സമയത്തിലും എത്രയോ അധികം മണിക്കൂറുകള്‍ അധ്യാപനത്തിനു വേണ്ടി ചെലവഴിക്കേണ്ടി വന്നു.
ക്ലാസ് റൂമുകളേക്കാള്‍ സംവാദാത്മകമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നാണ് എനിക്കനുഭവപ്പെട്ടത്. മുമ്പ് സ്ഥിരമായി സംശയം ചോദിക്കുന്ന രണ്ടോ മൂന്നോ പേര്‍ക്കു പകരം എല്ലാവരും മെസേജിലൂടെ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. കൂടുതല്‍ സജീവമായിരുന്നു കുട്ടികള്‍. രാവിലെ ഒന്നരമണിക്കൂര്‍ ക്ലാസ് കഴിഞ്ഞാലും ആ ദിവസം മുഴുവന്‍ കുട്ടികള്‍ സംശയം ചോദിച്ചു കൊണ്ടേയിരിക്കും. സ്‌കൂളിലെ പിരിയഡിലാണെങ്കില്‍ ആ പിരിയഡിനകത്തു തന്നെ എല്ലാ സംശയങ്ങളും തീര്‍ക്കാമായിരുന്നു. വ്യക്തിപരമായ ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞുവെന്നാണ് ഇതിലെ നേട്ടങ്ങളിലൊന്ന്.
എന്‍.കെ ഹര്‍ഷദ് ഷിബിന്‍
ബി.എ ഫ്രഞ്ച് വിദ്യാര്‍ഥി, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി, ഹൈദറാബാദ്
കൂട്ടിലങ്ങാടി, മലപ്പുറം
നാലാം സെമസ്റ്റര്‍ ക്ലാസ്സ് തുടങ്ങി രണ്ട് മാസം തികയുന്നതിനു മുമ്പായിട്ടാണ് കോവിഡ് 19 പ്രതിസന്ധി രൂക്ഷമായി തുടങ്ങുന്നത്. ദല്‍ഹിയിലെ സര്‍വകലാശാലകള്‍ ഒക്കെ അടച്ചു തുടങ്ങി. മിക്കവാറും ഉടന്‍ തന്നെ ഞങ്ങളുടെ ക്യാമ്പസും (ഇഫഌ, ഹൈദരാബാദ്) അടക്കും എന്ന രീതിയിലേക്കായി കാര്യങ്ങളുടെ പോക്ക്. നാളെ മുതല്‍ ക്ലാസ്സുകള്‍ ഉണ്ടാവില്ലെന്ന വിവരം ഞങ്ങള്‍ക്ക് കിട്ടിയത് ഒരു ഞായറാഴ്ച ആണ്, നാല് ദിവസത്തിനകം ഹോസ്റ്റല്‍ ഒഴിഞ്ഞു കൊടുക്കണമെന്നും. അന്ന് വൈകുന്നേരം തന്നെ നാട്ടിലേക്ക് സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് ബുക്ക് ചെയ്തു. അപ്രതീക്ഷിതമായി വീടണയുന്നതിന്റെ ആരവത്തില്‍ ഹോസ്റ്റല്‍ വരാന്തയില്‍ എല്ലാവരും ആഹ്ലാദഭരിതരായിരുന്നു അന്ന്. ഞാനാണെങ്കില്‍ പിറ്റേ ദിവസം നടക്കാനിരുന്ന ഇന്റേണല്‍ എക്സാം മുടങ്ങിയ ചെറിയൊരു ആശ്വാസത്തിലും മറ്റു വിദ്യാര്‍ഥികള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കാനുള്ള തയാറെടുപ്പിലുമായിരുന്നു. അവിചാരിതമായി വന്ന ഈ അവധി മാര്‍ച്ച് അവസാനത്തോടെ തീരുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ അതനിശ്ചിതമായി തുടരുന്നതാണ് പിന്നീട് കണ്ടത്.
മാര്‍ച്ച് 17 ചൊവ്വാഴ്ചയായിരുന്നു ഹൈദരാബാദില്‍ നിന്നും കച്ചേഗുഡ എക്‌സ്പ്രസ്സില്‍ നാട്ടിലേക്ക് തിരിച്ചത്. മിക്കവാറും സുഹൃത്തുക്കള്‍ ഒക്കെ കൂടെയുണ്ടായിരുന്നു. ശരിക്കും ക്യാമ്പസൊന്നാകെ ട്രെയിനില്‍ കയറിപ്പോന്നോ എന്നൊരു നിമിഷം തോന്നിയിട്ടുണ്ട്. എല്ലാ ബോഗികളിലും ഹൈദരാബാദില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഒറ്റക്ക് യാത്ര ചെയ്യുമ്പോഴുള്ള മടുപ്പ് ഇത്തവണ ഇല്ലായിരുന്നു എന്ന് മാത്രമല്ല, ട്രെയിനിലാകെ കളിയും ചിരിയും ബഹളവും. പുലര്‍ച്ചെ പാലക്കാട് റയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ അസാധാരണ അന്തരീക്ഷം. പുറത്തിറങ്ങുന്ന വഴി പോലീസ് ക്രോസ്സ് ലൈന്‍ ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുന്നു. രണ്ട് നഴ്‌സുമാര്‍ ആ പുലര്‍ച്ചെ മൂന്നര മണിക്കും തെര്‍മല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. ഇനി എനിക്കെന്തെങ്കിലുമുണ്ടായി പുറത്ത് കടക്കാന്‍ പറ്റാതാവുമോ എന്നൊരു നിമിഷം ശങ്കിച്ചു. ഭാഗ്യം കുഴപ്പമൊന്നും ഉണ്ടായില്ല.
അന്ന് പുറംലോകം കണ്ടതിനു ശേഷം 14 ദിവസം ക്വാറന്റയിന്‍ ആയിരുന്നു. ആരോടും ഇടപഴകാതെ റൂമില്‍ തനിച്ച്. അതിനിടയില്‍ ഉമ്മയുടെ ആധി വര്‍ധിപ്പിക്കാനായി ചെറിയ ഒരു ജലദോഷവും വന്നു. അധികം ബുദ്ധിമുട്ടിക്കാതെ അത് പെട്ടെന്ന് മാറിക്കിട്ടി.
ആദ്യദിനങ്ങളിലെ ഏകാന്തത മാറ്റാന്‍ ഉണ്ടായിരുന്നത് മൊബൈല്‍ ഫോണ്‍ ആയിരുന്നു. അടുത്തിടപഴകാന്‍ ആയില്ലെങ്കിലും വീഡിയോ കാളിലൂടെ സുഹൃത്തുക്കളുമായി സമയം ചെലവഴിച്ചു. അല്ലാത്ത സമയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലും. ഇതിനിടയില്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്‌കൈപ് വഴി നടക്കുന്നുണ്ടായിരുന്നു. വിര്‍ച്വല്‍ സാന്നിധ്യമായിരുന്നതിനാല്‍ ക്ലാസ്സ് നടക്കുമ്പോള്‍ തന്നെ ഞങ്ങളെല്ലാം പലപ്പോഴും ഫോണില്‍ മറ്റു പരിപാടികളിലും ഏര്‍പ്പെട്ടു. അവസാനം ലോക്ക്ഡൗണ്‍ അനന്തമായി നീളുന്നത് മൂലം പരീക്ഷയും ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് ട്വിറ്റര്‍ കാമ്പയിനുകള്‍ ഒക്കെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം ചെറിയ ക്ലാസ്സുകളില്‍ ഒക്കെ ആഗ്രഹിച്ചിരുന്നത് പോലെ ഒരുപാട് സമയം എടുത്തുള്ള പുസ്തകമൊക്കെ നോക്കിയുള്ള ഒരു പുതിയ പരീക്ഷാനുഭവം (പുസ്തകം നോക്കിയിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല എന്നത് വേറെ കാര്യം) ജീവിതത്തില്‍ വന്നെത്തി. ചോദ്യപേപ്പറുകള്‍ അധ്യാപകര്‍ രാവിലെ നല്‍കും വൈകുന്നേരമാവുമ്പോഴേക്ക് ഉത്തരം സമര്‍പ്പിക്കണം. അങ്ങനെ ആദ്യമായി ഇമെയില്‍ വഴിയും വാട്‌സ്ആപ്പ് വഴിയുമൊക്കെ ഉത്തരക്കടലാസുകള്‍ സബ്മിറ്റ് ചെയ്തു.
ഇതിനിടയില്‍ റമദാന്‍ മാസവും കൂടെ കടന്നു വന്നു. പതിവ് രീതികളില്‍ നിന്ന് ഈ റമദാന്‍ വളരെ വ്യത്യസ്തമായിരുന്നു എല്ലാവര്‍ക്കും. പള്ളികള്‍ക്ക് പകരം ഭക്തി സാന്ദ്രമായത് ഇത്തവണ വീടകങ്ങളാണ്. ഒരുപാട് വൈഞ്ജാനിക മത്സരങ്ങളും ആത്മീയസദസുകളും കൊണ്ട് ധന്യമാവാറുള്ള പുണ്യറമദാന്‍ ഇതെല്ലാം ഓണ്‍ലൈന്‍ ഇടങ്ങളിലേക്ക് ചുവടുമാറി, പ്രതിസന്ധികളെ സാധ്യതകളാക്കുന്ന മനുഷ്യന്റെ വൈഭവത്തിന് സാക്ഷിയായി. ആദ്യമായി വീടുകളില്‍ പെരുന്നാള്‍ നമസ്‌കരിച്ച പുത്തനനുഭവവും ഈ ലോക്ക്ഡൗണിന്റെ സംഭാവനയാണ്. ജൂണ്‍ രണ്ടോട് കൂടി അവസാന പരീക്ഷയും കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഇനി 'ഇവിടേക്കൊരു മടക്കമുണ്ടാകുമായിരിക്കില്ല അല്ലെ' എന്നൊരു നെടുവീര്‍പ്പോടെ ട്രെയിനില്‍ നിന്ന് പറഞ്ഞ ഇത്തവണ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഒരു സീനിയറിന്റെ വാക്കുകളാണ് ഓര്‍മ വരുന്നത്. അതോടൊപ്പം മറ്റ് സൂഹൃത്തുക്കളെയും കാമ്പസും ഇനി എന്ന് കാണാനാവും എന്ന അങ്ങേയറ്റത്തെ ആഗ്രഹവും ഉള്ളില്‍ നിറയുന്നു.
ബുഷ്‌റ അയ്യൂബ്
പിങ്ക് പട്രോള്‍ പോലീസുകാരി, മലപ്പുറം വനിത സെല്‍
മലപ്പുറം വനിത സെല്ലിനു കീഴില്‍ പിങ്ക് പട്രോള്‍ ടീമിലെ ഡ്രൈവറാണ് ഞാന്‍. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയുള്ളതാണ് ഓരോ നിമിഷത്തെയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, ഈ ലോക്ഡൗണ്‍ കാലം ഞങ്ങളുടെ ഡ്യൂട്ടി സ്വഭാവത്തെ ഒന്നാകെ മാറ്റിമറിക്കുന്ന ഒന്നായിരുന്നു.
സാധാരണ പോലെത്തന്നെ രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെയായിരുന്നു ഡ്യൂട്ടി. ലോക്ഡൗണ്‍ ആയതുകാരണം പട്രോളിങ് കുറവായിരുന്നു. പകരം പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിയാണ് ഉണ്ടായിരുന്നത്. ലോക്ഡൗണ്‍ മൂലം പലയിടത്തും കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും മറ്റും സുരക്ഷിത ഇടങ്ങളില്‍ എത്തിക്കുക, ഭക്ഷണത്തിനും ചികിത്സക്കും മറ്റുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് അതിനുള്ള സഹായം എത്തിച്ചുകൊടുക്കുക ഇവയെല്ലാമായിരുന്നു പ്രധാന ദൗത്യങ്ങള്‍. മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം ആളുകള്‍ പൊലീസിനോട് ബഹുമാനവും അനുസരണയുമുള്ളവരാണ്. ലോക്ഡൗണ്‍ സമയത്തും ഈ ഒരു അനുസരണ ജനങ്ങളില്‍ കണ്ടു. അതുകൊണ്ടു തന്നെ, മുന്‍ ദിവസങ്ങളേക്കാള്‍ താരതമ്യേന അനായാസകരമായിരുന്നു ഡ്യൂട്ടി.
മലപ്പുറം താലൂക്കാശുപത്രിയില്‍ നിന്നും ചികിത്സക്കു ശേഷം നാട്ടിലേക്ക് മടങ്ങാന്‍ വാഹനമില്ലാതെ കുടുങ്ങിയ യുവതി ഞങ്ങളുടെ ടോള്‍ഫ്രീ നമ്പറില്‍ (1515) വിളിച്ചിരുന്നു. അവരുടെ അടുത്തെത്തി വാഹനത്തില്‍ കയറ്റാന്‍ തുടങ്ങിയപ്പോഴേക്ക് ഒരു ഓട്ടോക്കാരന്‍ താന്‍ വീട്ടിലെത്തിച്ചോളാമെന്നറിയിച്ചു മുന്നോട്ടുവന്നു.
ഒരു രാത്രി ആലപ്പുഴയിലേക്ക് എത്തിച്ചുതരുമോയെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ സമീപിച്ചിരുന്നു. ആലപ്പുഴ വരെ അവരെ എത്തിച്ചുകൊടുക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഞങ്ങള്‍ അവരെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെത്തിച്ച് ബസ് കയറ്റിവിട്ടു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് യാത്ര ചെയ്യാനും മറ്റും തുണയാവുന്നതായിരുന്നു ഇക്കാലത്തെ ഡ്യൂട്ടി.
ഇതിനിടെ മറ്റുനാടുകളില്‍ നിന്നും വന്നവര്‍ ക്വാറന്റീനില്‍ പൂര്‍ണമായും കഴിയുന്നുണ്ടെന്നുറപ്പു വരുത്താനായി മൂന്നു ദിവസത്തെ ഗൃഹസന്ദര്‍ശന ഡ്യൂട്ടി ഉണ്ടായിരുന്നു. ഇത്തരത്തില്‍ വേങ്ങരയിലെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഏറെ വേദനിപ്പിച്ചു. ഒരമ്മയുടെ ചെന്നൈയില്‍ നിന്നെത്തിയ മകന്റെ കാര്യം അന്വേഷിക്കാനായിരുന്നു ആ വീട്ടിലെത്തിയത്. ഏറെ ശോചനീയമായിരുന്നു അവിടുത്തെ കാര്യങ്ങള്‍. അവര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുക്കാനായി ലോക്കല്‍ പൊലീസില്‍ ആവശ്യപ്പെട്ടാണ് മടങ്ങിയത്.
അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ മറ്റു അത്യാവശ്യക്കാര്‍ക്ക്, കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ യാത്ര ചെയ്യാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തികൊടുക്കുകയും ചെയ്തിരുന്നു.
ലോക്ഡൗണ്‍ സമയത്ത് മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ കാന്റീന്‍ നടത്തിയിരുന്ന ഇസ്മായില്‍ എന്ന വ്യക്തിയായിരുന്നു, ഞങ്ങള്‍ മലപ്പുറം ടൗണിലുണ്ടായിരുന്ന പൊലീസുകാര്‍, അന്തര്‍ സംസ്ഥാന തൊഴിലാളികള്‍, മറ്റിടങ്ങളില്‍ നിന്നും വരുന്ന ചരക്കു ലോറി ഡ്രൈവര്‍മാര്‍ ഇവര്‍ക്കെല്ലാമുള്ള ഭക്ഷണം സൗജന്യമായി നല്‍കിയിരുന്നത്. ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഇത്. നോമ്പുകാലത്ത് മേല്‍മുറി മഅ്ദിന്‍ പള്ളിയുടെ വകയും ഭക്ഷണം നല്‍കുമായിരുന്നു. ഒരിക്കലും ഭക്ഷണത്തിനായി ബുദ്ധിമുട്ടിയിട്ടില്ല. ഡ്യൂട്ടി പോയിന്റിനടുത്ത് ഏതെങ്കിലും മൂലയില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെല്ലാം. കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനകത്തൊക്കെ ഇരുന്നാണ് കഴിക്കുക.
കോവിഡ് ഭീതി ആഞ്ഞടിച്ച നാളുകളിലെല്ലാം ഏറെ കരുതലോടും ജാഗ്രതയോടും കൂടി തന്നെയാണ് പ്രവര്‍ത്തിച്ചത്. മാസ്‌കും ഗ്ലൗസും ധരിച്ചേ പുറത്തുപോകൂ. ഇടക്കിടെ കൈകള്‍ അണുവിമുക്തമാക്കിയിരുന്നു. വീട്ടിലെത്തിയാല്‍ കുളിക്കാതെ അകത്തുകയറില്ല. സ്വയം കരുതലിനൊപ്പം ദൈവത്തിന്റെ കരുതല്‍ കൂടെയുള്ളതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളേതുമുണ്ടായില്ല.
സൈനബ മുഹമ്മദ് കുട്ടി
വീട്ടമ്മ, കടന്നമണ്ണ,
മങ്കട മലപ്പുറം
കൊറോണയെ പേടിച്ച് നാടെങ്ങും പൂട്ടാന്‍ പോവുന്നു എന്ന് വാര്‍ത്തയിലൂടെയും മറ്റും അറിഞ്ഞപ്പോള്‍ ആദ്യം കാര്യമെന്താണെന്ന് മനസിലായിരുന്നില്ല. എല്ലാവരും വീട്ടിലിരിക്കേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ എല്ലാരും വീട്ടിലിരുന്നാ കുടുംബം പട്ടിണിയാവൂല്ലേ എന്നായി ചിന്ത. മക്കള്‍ അധ്വാനിച്ചു കൊണ്ടുവരുന്ന പൈസക്കാണ് നിറയെ അംഗങ്ങളുള്ള കുടുംബം കഴിഞ്ഞുപോവുന്നത്. അതുതന്നെയായിരുന്നു ആശങ്കയും. കടയൊന്നും തുറക്കൂല്ലാന്ന് കേട്ടപ്പോള്‍ വീട്ടമ്മയെന്ന നിലക്ക് ആധികേറി. കാരണം, വീട്ടുകാര് മൊത്തം വീട്ടിലിരുന്നാല്‍ നെഞ്ചിടിപ്പേറുന്നത് ഗൃഹനാഥക്കു തന്നെയായിരിക്കും. നോമ്പ് അടുത്തുവരികയാണല്ലോ എന്ന ആശങ്ക വേറെയും. അതെല്ലാം ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള ദിനങ്ങള്‍.
ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ വീട്ടില്‍ കരുതിവെച്ച സാധനങ്ങള്‍ കൊണ്ടു കഴിച്ചുകൂട്ടി, പക്ഷേ ഇതിങ്ങനെ നീണ്ടുപോവുകയാണല്ലോ. അതിനിടയില്‍, സര്‍ക്കാറിന്റെ കരുതലെന്നോണം ഭക്ഷ്യസാധനങ്ങളുടെ കിറ്റ് റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞു. എന്നാല്‍ എപ്പോള്‍ കിട്ടുമെന്നതിന് ആദ്യനാളുകളില്‍ ഒരുറപ്പുണ്ടായില്ല. ദിവസങ്ങള്‍ കഴിയുന്തോറും കരുതിവെച്ച സാധനങ്ങളുടെ അളവു കുറയുകയും ഉള്ളിലെ ആശങ്കയുടെ അളവ് കൂടുകയും ചെയ്തു.
അതിനിടക്കാണ് വീട്ടുവളപ്പിലും പറമ്പിലുമൊക്കെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ നാടന്‍ സാധനങ്ങളോട് ആള്‍ക്കാര്‍ക്ക് ഇഷ്ടം തോന്നി തുടങ്ങിയത്. മറ്റൊന്നുമല്ല, ചക്കേം മാങ്ങേം കാച്ചിലും ചീരേം ചേമ്പും ചേനേം ഒക്കെ തന്നെ. നമ്മുടെ വീട്ടില് ഇതൊക്കെ പണ്ടു തൊട്ടേ ഉണ്ടാക്കാറുണ്ട്. പക്ഷേ, ഇവ കൂടുതല്‍ ഉപകാരപ്പെട്ടത് ലോക്ഡൗണ്‍ കാലത്താണെന്നു മാത്രം. ഉച്ചക്ക് ചക്കകൊണ്ട് ഉപ്പേരി(തോരന്‍), ചക്ക കൂട്ടാനും മീന്‍കറീം, അങ്ങനെ വിഭവങ്ങള്‍ പലതായിരുന്നു. പണ്ടു പഴമക്കാര്‍ ഉണ്ടാക്കിയിരുന്ന താളും തകരേം ഒക്കെ കിട്ടുംപോലെ വെച്ചു വിളമ്പി. മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം ചേര്‍ന്ന് അത്യാവശ്യം കൃഷിപ്പണിയും പൂന്തോട്ടമൊരുക്കലുമെല്ലാമുണ്ടായിരുന്നു. ഇതിനിടയില്‍ റേഷന്‍ കടയില്‍ പോയി മക്കളാരോ കിറ്റു വാങ്ങി കൊണ്ടുവന്നിരുന്നു.
വീട്ടിലെ കാര്യങ്ങളെപ്പോലെ തന്നെ അലട്ടിയിരുന്നത് നാട്ടില്‍ രോഗികളുടെ എണ്ണം കൂടുന്നതാണ്. ഭര്‍തൃസഹോദരന്റെ മകള്‍ സുമയ്യയുടെ കൂടെ പ്രസവത്തിനു മുന്നോടിയായുളള പരിശോധനകള്‍ക്കായും പ്രായമായ ഭര്‍തൃമാതാവിന്റെ ചെക്കപ്പിനുവേണ്ടിയുമെല്ലാം ഇടക്കിടെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും നാട്ടിലെ ക്ലിനിക്കിലുമെല്ലാം പോകേണ്ടി വന്നിരുന്നു. മാസ്‌കും മറ്റും ധരിച്ച് വേണ്ടത്ര മുന്‍കരുതല്‍ എടുത്തുതന്നെയാണ് എല്ലായിടത്തും പോയത്. വീട്ടില്‍ വന്നാലുടന്‍ കുളിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. ഇത്, നേരത്തെയും ആശുപത്രിയില്‍ പോയി വരുമ്പോള്‍ ചെയ്യുന്ന കാര്യമായതിനാല്‍ അത്ര ബുദ്ധിമുട്ട് തോന്നിയില്ല.
കൊച്ചിയില്‍ പത്രപ്രവര്‍ത്തകയായ മകളെ കുറിച്ചോര്‍ത്തുള്ള ടെന്‍ഷനുമുണ്ടായിരുന്നു. അവര്‍ക്ക് ലോക്ഡൗണ്‍ ഒന്നുമില്ല. പിന്നെ, ആവശ്യത്തിന് സുരക്ഷ മുന്‍കരുതല്‍ അവളും എടുക്കുന്നുണ്ടല്ലോ എന്നായിരുന്നു ആശ്വാസം. മുന്‍പത്തേക്കാള്‍ പടച്ചവനോടുള്ള പ്രാര്‍ഥനയുടെ നീളം കൂടിയ ദിവസങ്ങള്‍ കൂടിയായിരുന്നു ലോക്ഡൗണ്‍ കാലം.
ഏറെ ആശങ്കപ്പെട്ട നോമ്പുകാലവും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വലിയ പരിക്കുകളില്ലാതെ കടന്നുപോയി. ഇതിനിടെ സുമയ്യയുടെ പ്രസവത്തിനായി മൂന്നാലു ദിവസം ആശുപത്രിയിലും പോയി നിക്കേണ്ടി വന്നു. വ്യക്തിപരമായ സുരക്ഷ സംവിധാനങ്ങളെല്ലാം പാലിച്ചുതന്നെയാണ് മുന്നോട്ടുപോയത്.
കൊറോണ ഇന്നും അടങ്ങിയിട്ടില്ല. പെട്ടെന്നൊന്നും അടങ്ങാനുള്ള ഭാവമില്ല എന്നാണ് ബന്ധപ്പെട്ടവര്‍ തന്നെ വ്യക്തമാക്കുന്നത്. ലോക്ഡൗണൊക്കെ ഏകദേശം മാറിയപ്പോള്‍ രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്. നമുക്ക് രണ്ടു കാര്യങ്ങളേ ചെയ്യാനുള്ളൂ. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നതനുസരിച്ച് വേണ്ടത്ര മുന്‍കരുതലുകളെടുക്കുക, രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാനും നമുക്കും വേണ്ടപ്പെട്ടവര്‍ക്കും വരാതിരിക്കാനും പടച്ചവനോട് തേടുക. ഇത് രണ്ടും തന്നെയാണ് ഇനി ജീവിക്കാനുള്ള ശക്തി.