കോവിഡ് നല്‍കുന്ന വീടുപാഠങ്ങള്‍
ടി. മുഹമ്മദ് വേളം
ജൂലൈ 2020
വീട് എത്രമേല്‍ പ്രധാനമാണെന്ന് വ്യക്തിതലത്തിലും സാമൂഹിക തലത്തിലും വലിയ അനുഭവപാഠം നല്‍കിയ സംഭവമാണ് ലോക്ക് ഡൗണ്‍.
വീട് എത്രമേല്‍ പ്രധാനമാണെന്ന് വ്യക്തിതലത്തിലും സാമൂഹിക തലത്തിലും വലിയ അനുഭവപാഠം നല്‍കിയ സംഭവമാണ് ലോക്ക് ഡൗണ്‍. വീടിനോടുള്ള അകലത്തിന്റെ അനുപാതമനുസരിച്ചായിരിക്കും ഈ തിരിച്ചറിവിന്റെ അളവും നിശ്ചയിക്കപ്പെടുക. ലോക്ക് ഡൗണിന്റെ പ്രായോഗികാര്‍ഥം വീട്ടിലേക്ക് മടങ്ങുക എന്നായിരുന്നുവല്ലോ? ലോക്ക് ഡൗണ്‍ കാലത്ത് വീട് തന്നെ വൃക്ഷവും ആകാശവുമായി. വീടിനെന്തൊരു വിസ്തൃതിയാണെന്ന് പലരും ജീവിതം കൊണ്ടറിഞ്ഞു. വീട് വീടായിരിക്കെത്തന്നെ പലതുമായി പരിണമിക്കാനാവുമെന്നറിഞ്ഞു.
വീടിനെക്കുറിച്ച പരിഗണനകള്‍ സ്ത്രീക്കും പുരുഷനും പൊതുവില്‍ വ്യത്യസ്തമായിരിക്കും. സ്ത്രീ ജീവിതം വീടിനോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കുറെ പുരുഷന്മാര്‍ക്കെങ്കിലും വീട് വിടപറയാനുള്ളതാണ്. തിരികെയെത്താനും. വീടിനോടുള്ള പുരുഷന്മാരുടെ ദൈനംദിന ഇടപെടലുകള്‍ പലതരത്തിലാണ്. രാവിലെ പോവുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്നവര്‍. രാവിലെ പോവുകയും രാത്രി പല കാരണങ്ങളാല്‍ പലനേരങ്ങളില്‍ തിരിച്ചെത്തുകയും ചെയ്യുന്നവര്‍. ആഴ്ചയില്‍ ഒരിക്കല്‍ വന്ന് പോകുന്നവര്‍. വര്‍ഷത്തിലോ വര്‍ഷങ്ങളിലോ വന്നു പോവുന്നവര്‍. പുരുഷന്മാരുടെ വീടുവാസങ്ങള്‍ പലരീതിയിലാണ്.
കുറച്ചുകാലം മുമ്പുവരെ മനുഷ്യര്‍ പൊതുവില്‍ വീട്ടിന്റെ പരിസരത്തു തന്നെയായിരുന്നു ഉപജീവനം നിര്‍വഹിച്ചിരുന്നത്. വളരെ കുറച്ചുപേര്‍ വിദൂരങ്ങളില്‍ പോയിരുന്നു. കച്ചവട സമൂഹമാണ് ദൂരയാത്രകള്‍ നടത്തിയിരുന്നത്. അവരില്‍ ചിലര്‍. സേവനതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജോലി ആവശ്യാര്‍ഥം അധികമായി വിദൂരദിക്കുകളിലേക്ക് സഞ്ചരിച്ചിരുന്നില്ല. പക്ഷെ സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യരെ വിദൂരതകളിലെത്തിച്ചു. യന്ത്രം ഒരു കവണപോലെ മനുഷ്യരെ വിദൂരതകളിലേക്ക് തൊടുത്തു. അതേ സാങ്കേതികവിദ്യ ഇന്ന് മനുഷ്യനെ വീടുകളിലേക്ക് തിരികെയെത്തിച്ചിരിക്കുന്നു. അതാണ് വര്‍ക്ക് ഫ്രം ഹോം എന്ന സങ്കല്‍പം. ഇത് സാധ്യമാക്കിയത് ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യയാണ്. ചരിത്രത്തിന് ചാക്രിക സ്വഭാവമുണ്ടെന്നാണോ ഇവിടെവെച്ച് മനസ്സിലാക്കേണ്ടത് എന്നറിയില്ല.
യഥാര്‍ഥത്തില്‍ ധാരാളം പുരുഷന്മാര്‍ വീട്ടില്‍ അകപ്പെടുകയായിരുന്നു. ഇത് പലതരം പ്രതികരണങ്ങള്‍ അവരില്‍ സൃഷ്ടിച്ചിട്ടുണ്ടാവും. കുരുക്കില്‍ അകപ്പെട്ടവരെപ്പോലെ കഴിഞ്ഞവരുണ്ടാവും. നിര്‍വികാരമായി കഴിഞ്ഞു കൂടിയവരുണ്ടാവും. ഈ ഘട്ടത്തെ സര്‍ഗാത്മകമാക്കാന്‍ ശ്രമിച്ചവരുണ്ടാവും. സര്‍ഗാത്മകമാക്കാന്‍ ശ്രമിച്ചവരുടെ മാതൃകകള്‍ ഒരു പെട്ടുപോയ അവസ്ഥയെ നേരിട്ടതിന്റെ ഉദാഹരണങ്ങള്‍ എന്നതിനപ്പുറം വികസിപ്പിക്കാനാവുമോ എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
നല്ല സാമൂഹികപ്രവര്‍ത്തകരുടെ വീടുകളെ സംബന്ധിച്ചേടത്തോളം സാമൂഹികത ആര്‍ഭാടമായി വിരുന്നുവന്ന കാലമായിരുന്നു ലോക്ക് ഡൗണ്‍. പല സംഘടനകളും വീട്ടില്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. സമരഗൃഹങ്ങള്‍. കുടുംബാംഗങ്ങള്‍ മുഴുവനായി സമരങ്ങളില്‍ പങ്കെടുത്തു. സംഘടിത നമസ്‌കാരങ്ങളും പഠന ക്ലാസുകളും വീടകങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. മുതിര്‍ന്നവരും കുട്ടികളുമായ വീട്ടുകാര്‍ തന്നെ ക്ലാസുകള്‍ എടുത്തു. നേരത്തെ വീട്ടിനു പുറത്തു മാത്രം നടന്നിരുന്ന പലതും വീട്ടിനകത്തുനടന്നു. പള്ളിയും തെരുവുമൊക്കെ വീട്ടില്‍ വിരുന്നുവന്നു.
ലോക്ക് ഡൗണ്‍ കാലം അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കാലമായിരുന്നുവെന്ന് വിലയിരുത്തിയവരുമുണ്ട്. ''എടീ ആണുങ്ങള്‍ക്ക് ഇത് ഒരു റിസോര്‍ട്ടില്‍ വന്ന പോലെയാണ്. ചായക്ക് ചായ, ഊണിന് ഊണ്, ടി.വി കാണല്‍, ബാക്കി ഉറക്കം'' എന്നു പറയുന്ന ഒരു സ്ത്രീ ശബ്ദ സന്ദേശം. വാട്‌സാപ്പില്‍ ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ പ്രചരിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ ശ്രമിച്ച പുരുഷന്മാരുമുണ്ടായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി തന്നെ ആണുങ്ങള്‍ അടുക്കളയില്‍ സഹായിക്കണമെന്ന് പ്രസ്താവന നടത്തിയിരുന്നു.
വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിവ ഇപ്പോള്‍ വീടിനകത്ത് തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ വീട് പഴയ വീടല്ല. പള്ളിയും തെരുവും സ്‌കൂളും കോളേജുമൊക്കെയാണ്.
അകം പുറം എന്ന എതിരുകളാണ് നമ്മുടെ ജീവിതത്തെ വലിയ അളവില്‍ നിശ്ചയിക്കുന്നത്. അകം ഗാര്‍ഹികം പുറം പൊതുമണ്ഡലം. അകത്ത് ഗാര്‍ഹിക കാര്യങ്ങള്‍, പുറത്ത് സാമൂഹിക വിഷയങ്ങള്‍. ഒരു സുഹൃത്ത് പറഞ്ഞ ഒരു തമാശയുണ്ട്. ഞങ്ങളുടെ ദാമ്പത്യത്തില്‍ ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ കല്യാണം കഴിച്ചപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയില്‍ എത്തിയിരുന്നു. ആഭ്യന്തര കാര്യങ്ങളൊക്കെ അവള്‍ കൈകാര്യം ചെയ്യും. വൈദേശിക കാര്യങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്യും. അദ്ദേഹത്തോട് ചോദിച്ചു. എന്താണീ ആഭ്യന്തര, വൈദേശിക കാര്യങ്ങള്‍. വീട്ടിലെ ഭക്ഷണ വസ്ത്ര കാര്യങ്ങള്‍, കുട്ടികളുടെ വിഷയങ്ങള്‍ ഇതൊക്കെ അവള്‍ കൈകാര്യം ചെയ്യും. അമേരിക്ക ഇറാഖിനെ അക്രമിച്ചത്, പെന്റഗണ്‍ ആക്രമണം ഇത്തരം കാര്യങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്യും. ഈ അകം പുറ വിഭജനത്തെ മറികടക്കുന്നതിലൂടെ മാത്രമേ കുറേക്കൂടി നീതിപൂര്‍വകവും സര്‍ഗാത്മകവുമായ സ്ത്രീ പുരുഷ ബന്ധവും കുടുംബവും മനുഷ്യ ജീവിതവും ഉണ്ടാവുകയുള്ളൂ.
പ്രായോഗിക ലോകത്ത് ജീവിത സംബന്ധിയായ ദ്വന്ദ കാഴ്ചപ്പാടുകള്‍ ഒന്നും അങ്ങനെത്തന്നെ നിലനില്‍ക്കില്ല. അകവും പുറവുമൊക്കെ എത്രയോ അളവില്‍ ഇടകലര്‍ന്നു പോവുന്നുണ്ടാവും. എങ്കിലും അകം പുറം വിഭജനം നമ്മുടെ ജീവിതത്തില്‍ സാമാന്യേന ശക്തമാണ്.
ലോക്ക് ഡൗണ്‍ അനുഭവത്തെ മുന്‍നിര്‍ത്തി അതിലെ നല്ല പാഠങ്ങള്‍ സ്വാംശീകരിച്ച് എങ്ങനെ ഈ അകം പുറ അകലത്തെ കുറച്ചെടുക്കാം എന്ന ആലോചന പ്രസക്തമാണ്.
എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഒരു മുസ്‌ലിം സഹോദരിയോട് ഞാന്‍ ഈ ആശയം പങ്കുവെച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇതൊക്കെ നിങ്ങളുടെ മിഥ്യാ സ്വപ്‌നങ്ങളാണ്. ലോക്ക് ഡൗണ്‍ അവസാനിക്കും. കാര്യങ്ങള്‍ എല്ലാം പഴയപോലെ ആവും എന്നായിരുന്നു.
വീട് അകവും തെരുവ് പുറവുമാകുന്നത് ഘടനാപരമായി മാത്രമാവണം. ഉള്ളടക്കപരമായി വീടും പുറമാണ്. ചുരുങ്ങിയത് പുറം കൂടിയാണ്. ഒന്നിച്ചിരുന്ന് ടി.വിയില്‍ ചര്‍ച്ചകള്‍ കാണുന്ന കുടുംബങ്ങള്‍ ഉണ്ട്. കൂടുതല്‍ ഉണ്ടാവണം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ കുടുംബം ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യുന്ന സംസ്‌കാരം കൂടുതലായി വളര്‍ത്തപ്പെടണം. കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം മാത്രമല്ല സംഘടനകള്‍ക്ക് സ്‌ട്രൈക്ക് ഫ്രം ഹോം ഇനിയും പരീക്ഷിക്കാം. പൊതു ഇടങ്ങളില്‍ വ്യക്തിയായി മാത്രമല്ല കുടുംബമായും പങ്കെടുക്കാം. കുടുംബമായി പങ്കെടുക്കാവുന്ന കാര്യം കല്യാണവും വിരുന്നും മാത്രമല്ല. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാമൂഹികവും രാഷ്ട്രീയവുമായ ബോധങ്ങള്‍ ഭാര്യക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കുമുണ്ടാവണം. ഉണ്ടാക്കപ്പെടണം. വിമോചന രാഷ്ട്രീയമുള്ളവരുടെ രാഷ്ട്രീയ ബോധനങ്ങള്‍ തെരുവില്‍ തുടങ്ങി തെരുവില്‍ അവസാനിക്കുന്നവയാകരുത്. വീട്ടില്‍ തുടങ്ങി തെരുവിലൂടെ സഞ്ചരിച്ച് വീട്ടില്‍ തിരിച്ചെത്തുന്നവയാവണം. സാമൂഹികതയും രാഷ്ട്രീയവുമൊക്കെ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ വിരുന്നുവന്നു എന്ന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. ഇവ വിരുന്നുകാരല്ലെന്ന് എത്ര അളവില്‍ ഉറപ്പാക്കാനാവും എന്നതാണ് ലോക്ക്ഡൗണിന്റെ നനവും പച്ചപ്പുമായി ബാക്കിയാവേണ്ടത്. വീട് തന്നെ ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമാവുമ്പോള്‍ വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് കൂടുതല്‍ സൗകര്യമൊരുക്കേണ്ടിവരും. സ്വീകരണമുറി മാത്രമല്ല ഡിജിറ്റല്‍ മുറികളും ഇനി ഉണ്ടാവും. ലോകം പഴയ ഓഫ്‌ലൈനിലേക്ക് ഇനി തിരിഞ്ഞ് നടക്കില്ല. പുതിയ സജ്ജീകരണങ്ങളില്‍ വീട്ടിലെ സ്ത്രീകള്‍ക്കും പുതിയ കോഴ്‌സുകള്‍ ചെയ്യാം. പുതുതായി പലതും പഠിക്കാം. ആവിഷ്‌കരിക്കാം. വിനിമയം ചെയ്യാം.