മനസ്സുവെച്ചാല്‍ വീട്ടാവശ്യത്തിനുള്ള കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കറുവ, ജാതി, മല്ലി, പുതിന തുടങ്ങിയ സുഗന്ധവിളകള്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാം.
മനസ്സുവെച്ചാല്‍ വീട്ടാവശ്യത്തിനുള്ള കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കറുവ, ജാതി, മല്ലി, പുതിന തുടങ്ങിയ സുഗന്ധവിളകള്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാം. ഇവയില്‍ ജാതി, ഗ്രാമ്പു പോലുള്ള വൃക്ഷ സുഗന്ധവിളകള്‍ ഒഴിച്ച് ബാക്കി എല്ലാം ചട്ടി, ബാഗ്, ചാക്ക് എന്നിവയില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്.
മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയ മിശ്രിതം നാം വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ചട്ടി, കവര്‍, ചാക്ക് എന്നിവയില്‍ നിറക്കണം. ഏകദേശം 10 കിലോ മിശ്രിതത്തിലേക്ക് 50 ഗ്രാം സോളമൈറ്റ്, 100 ഗ്രാം വീതം പൊടിച്ച വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേര്‍ത്താല്‍ നടുന്ന ചെടികള്‍ക്ക് നല്ല വളര്‍ച്ച കിട്ടുന്നതാണ്. ഇവക്കു പകരം മാര്‍ക്കറ്റില്‍ കിട്ടുന്ന പോട്ടിംഗ് മിശ്രിതവും വാങ്ങി ഉപയോഗിക്കാം, ചട്ടികളില്‍ /കവറുകളില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കേണ്ടതാണ്.
കുരുമുളക്
നല്ലയിനം വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ നമ്മുടെ വീടിനു ചുറ്റുഭാഗത്തുള്ള തെങ്ങ്, കമുക്, മുരിങ്ങ, മുരിക്ക്, പ്ലാവ് പോലുള്ള മരങ്ങളില്‍ അവയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറി വടക്കു ഭാഗത്ത് കുഴികളെടുത്ത് ചാണകപ്പൊടി ഇട്ട് നടാം. മഴ തുടങ്ങിയതിനു ശേഷം നടുന്നതാണ് ഉത്തമം. മഴക്കാലത്ത് ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. നടുന്നതിനു മുമ്പ് കുഴികളെടുത്ത് അതില്‍ ചാണകപ്പൊടി, ഇളകിയ മണ്ണ് എന്നിവക്കൊപ്പം 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ഇട്ട് നേരത്തേ മൂടിവെക്കുന്നത് നല്ലതാണ്. വളരുന്നതിനനുസരിച്ച് മരങ്ങളിലേക്ക് പടര്‍ത്താവുന്നതാണ്. പക്ഷേ, ഇതില്‍നിന്നും കുരുമുളക് ലഭിക്കണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കാത്തിരിക്കേണ്ടി വരും.
ഇനി മരങ്ങളില്‍ നട്ടുവളര്‍ത്താന്‍ പ്രയാസമുള്ളവര്‍ക്ക് ചട്ടികളിലോ കവറുകളിലോ കുറ്റികുരുമുളക് നടാവുന്നതാണ്. ഇതിനു വേണ്ടി മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തില്‍ എടുത്ത് 10 കിലോക്ക് 50 ഗ്രാം സോളമൈറ്റ്, 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 100 ഗ്രാം എല്ലുപൊടി എന്നിവ കൂട്ടിക്കലര്‍ത്തി നേരത്തെ ഉണ്ടാക്കിവെക്കണം. ഈ പോട്ടിംഗ് മിശ്രിതം നാം നടാന്‍ ഉദ്ദേശിക്കുന്ന ചട്ടികളില്‍/കവറുകളില്‍ നിറച്ച് നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കി വേരുപിടിപ്പിച്ച കുറ്റികുരുമുളകു ചെടി നടാം. കുറ്റികുരുമുളകില്‍നിന്നും ഒരു വര്‍ഷമാവുന്നതിനു മുമ്പ് തന്നെ കാലഭേദമില്ലാതെ എന്നും പച്ചകുരുമുളക് പറിച്ചെടുത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കാം. മീന്‍കറികളിലും മറ്റും പച്ചകുരുമുളക് ഉപയോഗിച്ചാല്‍ അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. ഈ ചെടികള്‍ അടങ്ങിയ ചട്ടികള്‍ അടുക്കളത്തോട്ടങ്ങളിലോ ടെറസിലോ ഭാഗികമായി വെയില്‍ കൊള്ളുന്ന സ്ഥലത്ത് വെച്ച് ആവശ്യാനുസരണം നനച്ചുകൊടുക്കേണ്ടതാണ്. ഈ ചെടികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ 100 ഗ്രാം ഉണക്കി പൊടിച്ച ചാണകം, രണ്ടു മാസത്തിലൊരിക്കല്‍ 10 ഗ്രാം വീതം എന്‍.പി.കെ രാസവള കൂട്ട് അല്ലെങ്കില്‍ 15 ഗ്രാം വീതം വേപ്പ്/കടല പിണ്ണാക്ക് പൊടിച്ചത് എന്നിവ കൊടുക്കാവുന്നതാണ്.
ഇഞ്ചി, മഞ്ഞള്‍
ഇഞ്ചി, മഞ്ഞള്‍, മാങ്ങാ ഇഞ്ചി തുടങ്ങിയവ നമുക്ക് അടുക്കളത്തോട്ടങ്ങളില്‍ ചെറിയ ഉയരങ്ങളിലുള്ള തവാരണകളെടുത്ത് ചാണക പൊടി വിതറി 25 സെ.മീ അകലത്തില്‍ കുഴികളെടുത്ത് നടാവുന്നതാണ്. ഒന്നോ രണ്ടോ മുകുളങ്ങളുള്ളതും ഏകദേശം 25 മുതല്‍ 50 ഗ്രാം തൂക്കമുള്ളതുമായ ഇവയുടെ വിത്തുകളുടെ കഷ്ണങ്ങളാണ് നടേണ്ടത്. നട്ടതിനു ശേഷം പച്ചില/കരിയില എന്നിവകൊണ്ട് പുതവെച്ച് കൊടുക്കേണ്ടതാണ്. ഏകദേശം 3 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഒരു തവാരണയില്‍ നാല്‍പത് കുഴികള്‍ എടുക്കാവുന്നതാണ്. ഒരു കുഴിയില്‍ ഒരു കഷ്ണം വിത്ത് എന്ന തോതില്‍ നടാവുന്നതാണ്. ഇത്തരം ഒരു തവാരണയിലേക്ക് നട്ട് 45 ദിവസം കഴിഞ്ഞ് കളപറിച്ചതിനു ശേഷം ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, 2 കിലോ മണ്ണിര കമ്പോസ്റ്റ്, അര കിലോ ചാരം എന്നിവ നല്‍കി അരികുചെത്തി മണ്ണിട്ട ശേഷം വീണ്ടും ചപ്പുചവറുകള്‍ വെച്ച് പുതയിടേണ്ടതാണ്. പുതയ്ക്കു വേണ്ടി കരിയില/പച്ചില/തെങ്ങോല എന്നിവ ഉപയോഗിക്കാം. നട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞ് മേല്‍ പറഞ്ഞ വളപ്രയോഗവും പുതവെക്കലും ഒന്നുകൂടി ആവര്‍ത്തിക്കേണ്ടതാണ്. നട്ട് 7-8 മാസം കഴിഞ്ഞ് ഇല മഞ്ഞളിച്ചു തുടങ്ങുമ്പോള്‍ വിളവെടുപ്പ് നടത്താം.
വേനല്‍മഴ കിട്ടി ഏപ്രില്‍-മെയ് മാസങ്ങളില്‍ നടുന്നതാണ് ഏറ്റവും ഉത്തമം. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍നിന്നും വികസിപ്പിച്ചെടുത്ത ഐ.ഐ.എസ്.ആര്‍ വരദ, മഹിമ, രജത എന്നീ ഇഞ്ചി ഇനങ്ങളും ഐ.ഐ.എസ്.ആര്‍ പ്രതിഭ, പ്രഗതി, ആലപ്പി സുപ്രീം എന്നീ മഞ്ഞള്‍ ഇനങ്ങളും കൂടുതല്‍ ഉല്‍പാദനവും ഗുണനിലവാരവും ഉള്ളതാണ്.
അടുക്കളത്തോട്ടങ്ങളില്‍ നടാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇഞ്ചി, മഞ്ഞള്‍ എന്നിവ നേരത്തേ കുറ്റികുരുമുളകിന് പറഞ്ഞപോലെ നടീല്‍ മിശ്രിതം ഉണ്ടാക്കി ചട്ടികളിലോ കവറുകളിലോ നിറച്ച് അവയില്‍ നടാവുന്നതാണ്. ഏകദേശം 10 മുതല്‍ 15 കിലോ വരെ മിശ്രിതം നിറച്ച ചട്ടിയില്‍, അല്ലെങ്കില്‍ ചാക്ക്/ബാഗുകളില്‍ ഏകദേശം 25-50 ഗ്രാം തൂക്കവും ഒന്നോ രണ്ടോ മുകുളങ്ങളും ഉള്ള വിത്തിന്റെ കഷ്ണങ്ങള്‍ നട്ട് കരിയില കൊണ്ട് പുതവെച്ചുകൊടുക്കാം. നട്ട് ഒന്നര മാസം കഴിഞ്ഞ് ചട്ടി ഒന്നിന് 50 ഗ്രാം മണ്ണിര കമ്പോസ്റ്റ്, 25 ഗ്രാം പൊടിച്ച വേപ്പിന്‍ പിണ്ണാക്ക്, 10 ഗ്രാം പൊട്ടാഷ് എന്നിവ ഇട്ട് നനച്ച് പുതവെച്ചു കൊടുക്കണം. നട്ട് 80 ദിവസം, 110 ദിവസം എന്നിവ കഴിഞ്ഞ് ഈ വളപ്രയോഗം ഒന്നുകൂടി ആവര്‍ത്തിക്കാം.
കോപ്പര്‍ ഓക്‌സിക്ലോറൈഡ്. കുമിള്‍നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി 2 മാസത്തിലൊരിക്കല്‍ ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മൂട് ചീയല്‍ രോഗം വരുന്നത് തടയാം.
മല്ലി ഇല
മല്ലി ഇല അടുക്കളത്തോട്ടത്തില്‍ ചെറിയ തവാരണകളിലോ ചട്ടികളിലോ വിതച്ച് വളര്‍ത്തി എടുക്കാം. കടയില്‍നിന്ന് ലഭിക്കുന്ന പച്ചമല്ലി ചെറുതായി ചതച്ച്/പിളര്‍ത്തി ചട്ടികളിലോ തവാരണകളിലോ ചാണകപ്പൊടി വിതറി വിത്തിട്ട് മുളപ്പിച്ച് വളര്‍ത്തിയെടുക്കാം.
ഏലം
ഏലം സുഗന്ധവിളകളിലെ റാണി എന്ന പേരില്‍ അറിയപ്പെടുന്നു. നല്ല തണുപ്പുള്ള ഇടുക്കി, വയനാട്, നെല്ലിയാമ്പതി തുടങ്ങിയ ഹൈറേഞ്ച് മേഖലയിലാണ് ഇവ നല്ലവണ്ണം വളര്‍ന്ന് കായ്ഫലം തരുന്നത്. മറ്റിടങ്ങളില്‍ ചെടി വളരുമെങ്കിലും കായ്പിടുത്തം തീരെ കുറവായിരിക്കും. നല്ല ആരോഗ്യമുള്ള, രോഗ കീടബാധയില്ലാത്ത മാതൃസസ്യങ്ങളില്‍നിന്നും തട്ടകള്‍ വേര്‍പെടുത്തി കുഴികളെടുത്ത് ചാണകപ്പൊടി ഇട്ട് നടാം. നല്ല വളക്കൂറുള്ളതും തണുപ്പുള്ളതുമായ പ്രദേശങ്ങളില്‍ രണ്ടാം വര്‍ഷം മുതല്‍ ഉല്‍പാദനം ലഭിച്ചുതുടങ്ങും.
വൃക്ഷ സുഗന്ധവിളകള്‍
വൃക്ഷ സുഗന്ധവിളകളായ ജാതി, ഗ്രാമ്പു, കറുവ പട്ട, കുടംപുളി, കറിവേപ്പില തുടങ്ങിയവ നമ്മുടെ വീട്ടുവളപ്പിലെ സൗകര്യപ്രദമായ സ്ഥലത്ത് വെയില്‍ കിട്ടത്തക്കവണ്ണം ഒന്നോ രണ്ടോ ചെടികള്‍ നടാവുന്നതാണ്. ജാതിക്കും കറിവേപ്പിനും അടുക്കള ഭാഗത്ത് വെള്ളം കിട്ടുന്ന ഭാഗമായിരിക്കും ഏറ്റവും ഉചിതം. നടുന്നതിനു മുമ്പ് ഉദ്ദേശിക്കുന്ന ഭാഗത്ത് ഒന്നര അടി നീളം, വീതി, ആഴം ഉള്ള സമചതുര കുഴികള്‍ എടുത്ത് അഞ്ച് കിലോ ചാണകപ്പൊടി/കമ്പോസ്റ്റ്, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, അരക്കിലോ എല്ലുപൊടി എന്നിവ ഇളകിയ മണ്ണുമായി കൂട്ടിക്കലര്‍ത്തി നിറച്ചതിനു ശേഷം നടേണ്ടതാണ്. കറുവപട്ട നട്ട് രണ്ടാം വര്‍ഷം മുതല്‍ കമ്പുകള്‍ മുറിച്ച് തൊലി അടര്‍ത്തി എടുത്ത് ഉപയോഗിക്കാം. ഗ്രാമ്പുവിന് രണ്ടു വര്‍ഷം പ്രായമായ ധാരാളം ശാഖകളുള്ള തൈകളാണ് നല്ലത്. ജാതി, കുടംപുളി എന്നിവ ഒട്ടുതൈകളാണ് നടാന്‍ ഉത്തമം. മേല്‍വിളകളെല്ലാം നമ്മുടെ തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
വൃക്ഷ സുഗന്ധവിളകള്‍ക്ക് വേനല്‍ കാലത്ത് ആവശ്യമായ ജലസേചനവും വര്‍ഷത്തില്‍ ഒന്നോ രാേ തവണകളായി ചാണകപ്പൊടി കമ്പോസ്റ്റ്, എന്‍.പി.കെ മിശ്രിതം എന്നിവ ആവശ്യത്തിനനുസരിച്ച് വളമായി നല്‍കാവുന്നതാണ്.
ഡോ. ഹംസ സ്രാമ്പിക്കല്‍
(ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ (റിട്ട.) ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട്)