ഇനി ജീവിതം നിറമുള്ളതാക്കാം
ഹാമിദലി വാഴക്കാട്
ജൂലൈ 2020
കൊറോണയെന്ന മഹാവിപത്തിനെ അകന്നിരുന്ന് മാത്രം പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു നിസ്സഹായതയില്‍ നിന്നാണ് നാം ലോക്ക് ഡൗണ്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
കൊറോണയെന്ന മഹാവിപത്തിനെ അകന്നിരുന്ന് മാത്രം പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു നിസ്സഹായതയില്‍ നിന്നാണ് നാം ലോക്ക് ഡൗണ്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. അത് മനുഷ്യന്റെ മുന്നോട്ടുള്ള യാത്രക്ക്, പുരോഗതിക്ക്, വികസനത്തിന്റെ പുതുലോകത്തേക്ക് കടന്നുകയറാനുള്ള വഴിയാണ് തല്‍ക്കാലത്തേക്ക് തടഞ്ഞുവെച്ചത്. അതോടെ ആധുനിക കാലത്ത് നാം ശീലിച്ച വഴികളില്‍നിന്നും നാം ആഗ്രഹിച്ച ചിന്തകളില്‍ നിന്നും അകന്നിരിക്കേണ്ടി വന്നു.
എന്നാല്‍ പ്രതീക്ഷിക്കാതെ ഈ ഒറ്റപ്പെടലിന്റെ കാലത്ത് ചില നേട്ടങ്ങള്‍ നമ്മള്‍ക്ക് ലഭിച്ചു. ആ നേട്ടങ്ങളെ രണ്ട് തരത്തില്‍ നമുക്ക് കാണാനാവും. അതില്‍ ഏറെ പ്രധാനമായത് വ്യക്തി എന്ന നിലയില്‍ നമ്മുടെ ചിന്തകളില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ്. ഫാക്ടറികള്‍ നിശ്ചലമായപ്പോള്‍ വാഹനങ്ങള്‍ നിരത്തിലില്ലാതായപ്പോള്‍ ആകാശം തെളിഞ്ഞതും വായുവും വെള്ളവും ശുദ്ധമായതുമെല്ലാം രണ്ടാമത്തെ നേട്ടങ്ങളാണ്.
വ്യക്തികള്‍ എന്ന നിലയില്‍ നാമേവരും എങ്ങനെ ഈ ലോക്ക് ഡൗണിനെ ഉപയോഗപ്പെടുത്തി എന്നത് ആഴത്തില്‍ പഠിക്കേണ്ട ഒരു വിഷയമാണ്.
നമ്മുടെ തിരക്കും ഓട്ടവും ഒന്നിനും സമയമില്ലെന്ന പരിഭവവും ഈ കാലയളവില്‍ എങ്ങോ പോയ് മറഞ്ഞു. ഞാന്‍ ഒരിടത്ത് ഒതുങ്ങിയിരുന്നാലും ലോകം സഞ്ചരിക്കുമെന്ന് സ്വയം ബോധ്യമായി. നിത്യേന സാധനങ്ങള്‍ വാങ്ങിയില്ലെങ്കിലും കഴിഞ്ഞു കൂടാം എന്ന് അത് ബോധ്യപ്പെടുത്തി. തോന്നുമ്പോഴെല്ലാം വസ്ത്രങ്ങള്‍ വാങ്ങിയിരുന്ന നമ്മള്‍ ഇപ്പോള്‍ പഴയതിനെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. കുടുക്ക് പൊട്ടിയ കുപ്പായത്തിന് പകരം പുതിയത് വാങ്ങിക്കാതെ കുടുക്കുതുന്നാന്‍ സമയം കിട്ടി.
അത്യാവശ്യമായി ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ ഏതെല്ലാമെന്നും അത് എത്രയാണ് എന്നും തിട്ടപ്പെടുത്താന്‍ പറ്റിയ സമയമായി ഈ ലോക്ക് ഡൗണ്‍ കാലം. അത് ഏറെക്കുറെ കൃത്യമായി രേഖപ്പെടുത്തി വെക്കുകയാണെങ്കില്‍ വരും കാലത്തേക്ക് നല്ലൊരു ഡാറ്റയായി സൂക്ഷിക്കാം.
ലോക്ക് ഡൗണിന് മുന്നെ എനിക്ക് എത്ര രൂപ ചെലവുണ്ടായിരുന്നു. എത്ര അളവില്‍ സാധന സാമഗ്രികള്‍ വാങ്ങാറുണ്ടായിരുന്നു, ഭക്ഷണവിഭവങ്ങള്‍ക്ക് എത്ര പണം മുടക്കാറുണ്ടായിരുന്നു.... തുടങ്ങി അന്നും ഇന്നും കാണുന്ന വ്യത്യാസങ്ങള്‍ ഒന്നു പരിശോധനക്ക് വിധേയമാക്കിയാല്‍ നമ്മള്‍ കാണുന്ന അന്തരമാണ് ലോക്ക് ഡൗണിലെ പാഠങ്ങളില്‍ പ്രധാനം.
വീടും പരിസരവും നമുക്കുള്ള വിഭവങ്ങള്‍ നല്‍കുന്ന ഒരിടം കൂടിയാവണം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം സ്വയം ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ പുതുതായി കണ്ടെത്തിയെങ്കില്‍ അത് വലിയൊരു നന്മയാണ്.
മുഴുവന്‍ സ്ഥലങ്ങളും കോണ്‍ക്രീറ്റോ സിമന്റ് കട്ടയോ ഇട്ട് 'സൗന്ദര്യം' വരുത്തിയാല്‍ തൈ വെക്കാന്‍ സ്ഥലമില്ലാതായി എന്നെങ്കിലും മനസ്സിലാക്കിയവര്‍ വിജയിച്ചു. വീടു പണിയുമ്പോള്‍ ഏറ്റവും മുകള്‍ഭാഗം കൃഷി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ നിരന്ന സ്ഥലമാക്കി നിര്‍മിച്ചതാണെങ്കില്‍ കൃഷിചെയ്യാന്‍ ഇടമില്ല എന്ന് കരുതി നിരാശരാകേണ്ടി വരില്ല.
നമുക്ക് ചുറ്റും എത്രയെത്ര സസ്യജന്തുലോകമുണ്ടെന്ന് ഇപ്പോഴാണ് പലരും അറിഞ്ഞത്. ശരിക്കും അവയെല്ലാം നമുക്ക് ചുറ്റും ഇതിനു മുമ്പും ഉണ്ടായിരുന്നു. നമ്മള്‍ കാണാറില്ലായിരുന്നു എന്നതാണ് സത്യം. കിളികളുടെ പാട്ടുകേള്‍ക്കാന്‍ തുമ്പികളുടെയും പൂമ്പാറ്റകളുടെയും സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെയെന്ത് ജീവിതം. ഭൂമിയില്‍ എത്രയെത്ര കാര്യങ്ങള്‍ കാണാനും പഠിക്കാനുമുണ്ട്? ചിന്തിക്കാനും സാക്ഷ്യപ്പെടുത്താനും അവ നമുക്കു ചുറ്റും വ്യന്യസിച്ചിരിക്കുകയാണ്. നമ്മളോ അതൊന്നും കണ്ടില്ലെന്ന ഭാവത്തില്‍ തിരക്കുകളുടെ മായാലോകത്തു കൂടി സഞ്ചരിക്കുകയായിരുന്നു.
ചുറ്റുമുള്ളതിനെയെല്ലാം നിരീക്ഷിക്കാനും പഠിക്കാനും ശ്രമിച്ചാല്‍ നമ്മുടെ കാഴ്ചപ്പാടു തന്നെ മാറും. ഒരു പൂമ്പാറ്റയും പുഴുവും അതിനായി വിടര്‍ന്നിരിക്കുന്ന ഒരു പൂവും പുഴുവിനുള്ള ഇലയും ആ മരവും എത്രയെത്ര പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്.
പുഴയും തോടും കുളവും തടാകങ്ങളും നിറഞ്ഞ നാടാണ് നമ്മുടേത്. ഒപ്പം വിശാലമായ കടലും. എന്നിട്ടും നീന്താന്‍ അറിയാത്തവരുടെ എണ്ണം പെരുകുന്നു. മഴക്കാലവും ഒപ്പം വെള്ളപ്പൊക്കവും കഴിഞ്ഞ കാലങ്ങളെക്കാള്‍ ഭീകരമായ തോതില്‍ നമ്മെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഏറ്റവും പ്രാഥമികമായ അഭ്യാസങ്ങളില്‍ ഒന്നായ നീന്തല്‍ പഠിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. റോഡപകടം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്! ലോക്ക് ഡൗണ്‍ കാലയളവില്‍ എത്ര പേര്‍ നീന്താന്‍ പഠിച്ചു? ഈ രീതിയില്‍ പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിച്ച ഒരു കാലമാണ് കടന്നു പോയത്.
ഇനി വരുന്ന കുറെ നാള്‍ നാം ഈ അണുവിനൊപ്പം ജീവിക്കും. ഒരേ സമയം മനുഷ്യന്‍ അവന്റെ ജീവിതവഴികള്‍ തേടുകയും ഒപ്പം അണുവിനെ ഭയക്കുകയും ചെയ്യും. ലോക്ക് ഡൗണ്‍ ഇടക്കെല്ലാം വന്നു ചേരും. ഇതര നാട്ടില്‍ നിന്നുള്ള ഭക്ഷണവും മറ്റ് വിഭവങ്ങളും ചിലപ്പോള്‍ മാസങ്ങളോളം ലഭ്യമാവാതെ വരികയും ചെയ്യും. അപ്പോള്‍ നാമെന്ത് ചെയ്യുമെന്നതിനുള്ള ഒരു റിഹേഴ്സല്‍ ആയിട്ടാണ് ഈ കാലയളവിനെ നാം കാണേണ്ടത്.
കൊറോണ മാത്രമല്ല ചിലപ്പോള്‍ നമ്മെ ഒറ്റപ്പെടുത്തുക കാലാവസ്ഥ വ്യതിയാനങ്ങളായിരിക്കും. ഇത് അതിരൂക്ഷമായി ബാധിക്കുന്ന ഒരു നാട് എന്ന നിലയില്‍ നാം ഭയപ്പെടണം. എല്ലാ വഴികളും അടച്ചു പൂട്ടാന്‍ മാത്രം വിനാശകരമായ കാറ്റുകള്‍ ഏതു നേരവും വന്നു ചേര്‍ന്നേക്കാം. കുറെ നാള്‍ വൈദ്യുതി ഇല്ലാതെ ജീവിക്കേണ്ടി വന്നാല്‍ അതിനും നാം തയാറാവേണ്ടി വരും. സാധ്യമാവുന്നത്ര സ്വയം പര്യാപ്തമായ ഒരു അവസ്ഥയിലേക്ക് നമ്മള്‍ മാറേണ്ടതുണ്ട്. നമ്മളും അയല്‍ക്കാരും നമ്മുടെ ഗ്രാമവും ഈ മാറ്റത്തിന് ഒപ്പം നില്‍ക്കണം. ആ രീതിയിലുള്ള ജീവിത വഴികള്‍ നാമേവരും തിരഞ്ഞെടുത്താല്‍ നമ്മുടെ അന്തരീക്ഷവും വെള്ളവും വായുവും ഭക്ഷണവും ശുദ്ധമാവും. താല്‍ക്കാലികമാണെങ്കിലും കോവിഡ് വഴി വന്നുചേര്‍ന്ന ഈ നേട്ടങ്ങളെ സ്ഥിരനേട്ടങ്ങളാക്കാനും സാധിക്കും.
എല്ലാ മനുഷ്യരുടെയും മനസ്സിനകത്ത് സര്‍ഗാത്മകമായ ഒരു ഇടം ഉണ്ട്. പണം തന്നെയാണ് ജീവിതം എന്ന ധാരണയില്‍ ഓടുമ്പോള്‍ അതെല്ലാം ഇല്ലാതാവുകയാണ് ചെയ്തത്. പിണങ്ങി മറഞ്ഞിരുന്ന സകല സര്‍ഗാത്മകതകളെയും തട്ടിയുണര്‍ത്തി ഇനിയുള്ള കാലം നമുക്ക് ജീവിതത്തെ മനോഹരമാക്കാം.