വീട്ടിലിരിപ്പുകാലത്തെ സര്‍ഗാത്മകത
കുട്ടികളുടെ വേദിയായ മലര്‍വാടിയെ സംബന്ധിച്ചേടത്തോളം അവധിക്കാലം മനോഹരമായ ബാലോത്സവങ്ങളുടെ കാലമാണ്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ദുരിതപൂര്‍ണമായ വാര്‍ത്തകള്‍ കണ്ടും
കുട്ടികളുടെ വേദിയായ മലര്‍വാടിയെ സംബന്ധിച്ചേടത്തോളം അവധിക്കാലം മനോഹരമായ ബാലോത്സവങ്ങളുടെ കാലമാണ്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ദുരിതപൂര്‍ണമായ വാര്‍ത്തകള്‍ കണ്ടും കേട്ടും ലോകം ഒരു തടവറയില്‍ അകപ്പെട്ട പ്രതീതിയായിരുന്നു എല്ലാവര്‍ക്കും. കളിച്ചും ആസ്വദിച്ചും നടക്കേണ്ട കുരുന്നു ബാല്യങ്ങളുടെ അവധിക്കാലവും കോവിഡ് കാല ഭീതിയില്‍ ഇങ്ങനെ പരിമിതപ്പെട്ടുപോകാന്‍ പാടില്ലെന്ന ഉറച്ച ബോധ്യമാണ് മലര്‍വാടിയെ ഇത്തവണ ബാലോത്സവം ഓണ്‍ലൈനില്‍ നടത്താന്‍ പ്രേരിപ്പിച്ചത്.
വിദ്യാര്‍ഥികളുടെ ലോക്ക് ഡൗണ്‍ കാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാവുന്ന തരത്തില്‍ തികച്ചും വൈജ്ഞാനികവും കൗതുകകരവുമായ പരിപാടികള്‍ ദീര്‍ഘവീക്ഷണത്തോടെ ആവിഷ്‌കരിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സംസ്ഥാനത്തുടനീളം രണ്ടായിരം കേന്ദ്രങ്ങളിലായി ഇരുപതിനായിരം കുടുംബങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി മത്സരങ്ങളില്‍ മാറ്റുരച്ചപ്പോള്‍ അതൊരു ചരിത്രമായി.
ആശങ്കകള്‍ക്കിടയിലും രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയോടുകൂടി നടന്ന മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് എല്ലാ ഭാഗത്തുനിന്നും ലഭിച്ചത്. നിലവാരമുള്ളതും ഹൃദ്യവുമായ മത്സരങ്ങളാണ് എല്ലാ യൂനിറ്റുകളും മത്സരാര്‍ഥികളും കാഴ്ചവെച്ചത്.
അധിക വീടുകളിലും കുടുംബാംഗങ്ങള്‍ എല്ലാവരെയും ഒരുമിച്ചുകിട്ടുന്ന ദിവസങ്ങളാണ് കോവിഡ് കാലത്ത് കടന്നുപോയത്. കുട്ടികള്‍ക്ക് പ്രായഭേദമന്യേ എല്ലാവരും വീടുകളില്‍ നല്‍കിയ പൂര്‍ണ പിന്തുണ പ്രതികരണങ്ങളെ കൂടുതല്‍ മാറ്റുള്ളതാക്കി.
ഓണ്‍ലൈന്‍ സാധ്യതകള്‍ ആകര്‍ഷണീയമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടത്തിയത്.
എന്റെ അടുക്കളത്തോട്ടം, വാര്‍ത്താവതരണ വീഡിയോ, ഓണ്‍ലൈന്‍ കൊളാഷ്, പക്ഷി നിരീക്ഷണം, ഗൃഹയോഗം, കുടുംബ മാഗസിന്‍, വരികള്‍ക്ക് ഈണം നല്‍കല്‍, ഓണ്‍ലൈന്‍ മിമിക്രി-മോണോആക്ട് തുടങ്ങി വൈവിധ്യമായ ഇനങ്ങള്‍. മുന്‍പരിചയമില്ലാത്ത മത്സര രീതിയായിരുന്നിട്ടും ആശങ്കകള്‍ക്കൊന്നും ഇടം നല്‍കാതെ അവസരം മികച്ചതാക്കാന്‍ കുരുന്നു പ്രതിഭകള്‍ക്ക് കഴിഞ്ഞു.
സാങ്കേതിക വിദ്യകളുടെ ഓണ്‍ലൈന്‍ ചതിക്കുഴികള്‍ക്കിടയില്‍ പെടാതെ അതിനെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തി കുട്ടികള്‍ അവരുടെ കഴിവുകള്‍ മനോഹരമായി അവതരിപ്പിക്കുന്ന കാഴ്ചകളാണ് മത്സരങ്ങളിലുടനീളം കാണാനായത്.
തുടര്‍ന്നു വന്ന റമദാനിലും നിരവധി രസകരവും കൗതുകകരവുമായ പരിപാടികളാണ് കുട്ടികള്‍ക്കായി മലര്‍വാടി ആവിഷ്‌കരിച്ചിരുന്നത്.
രസകരവും വിജ്ഞാനപ്രദവുമായ പത്ത് ടാസ്‌കുകളും ഒരു സ്‌കോര്‍ ബോര്‍ഡും കുടുംബത്തിലെ നാല് ഫാമിലി യോഗങ്ങളുമാണ് മത്സര ഇനങ്ങള്‍.
എന്റെ സ്‌കോര്‍ ബോര്‍ഡ്, റമദാന്‍ ഫാമിലി യോഗങ്ങള്‍, പ്രകൃതിയില്‍ എനിക്ക് ലഭിക്കുന്ന ഭക്ഷണം (റൂട്ട് മാപ്പ്), ഖുര്‍ആന്‍: എന്റെ കൂട്ടുകാരും ഞാനും, റമദാനിലെ ഭക്ഷണ ചാര്‍ട്ട്, നിരീക്ഷണ ചാലഞ്ച് എന്നിങ്ങനെയാണ് മത്സരങ്ങള്‍.
റമദാന്‍ പ്രസരിപ്പിക്കുന്ന വൈജ്ഞാനിക- വൈകാരിക തലങ്ങളിലൊന്നു പോലും ചോര്‍ന്നുപോകാതെ കുട്ടികളിലും രക്ഷിതാക്കളിലും സാരവത്തായ സന്ദേശങ്ങള്‍ നല്‍കുന്ന പരിപാടികളായിരുന്നു ഇതൊക്കെയും. സമൂഹ മാധ്യമങ്ങളുപയോഗിച്ച് ശ്രമഫലമായി ഒരുപാട് കുടുംബങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതും, കുട്ടികള്‍ പരിപാടികള്‍ നടത്തുന്നവര്‍ മാത്രമല്ല, സ്വയം തന്നെ മൂല്യനിര്‍ണയം നടത്തുന്ന മെന്റേഴ്‌സും ജഡ്ജസും ആയി പരിവര്‍ത്തിതരാവുന്നു എന്ന പ്രത്യേകതയും ഈ മത്സരങ്ങളില്‍ കാണാന്‍ കഴിയുന്നു. കൗതുകവും കൗശലവും മാത്രമല്ല, കൃത്യമായ കാഴ്ചപ്പാടും ഇത് മക്കളില്‍ സമ്മാനിക്കുന്നു. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലായിപ്പോയ രക്ഷിതാക്കള്‍ക്കും പൂര്‍ണമായി ഈ മത്സരങ്ങളില്‍ കുട്ടികളുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, അവരുടെ പുതിയ കാല കഴിവുകള്‍ക്കൊപ്പം വളരാനും സാധിച്ചു എന്നു തെളിയിക്കുന്നതായിരുന്നു 'വീട്ടിലിരിപ്പുകാല'ത്തെ മലര്‍വാടി ബാലസംഘത്തിന്റെ ഈ പുത്തന്‍ സംഘാടന രീതി.
(മലര്‍വാടി ബാലസംഘം സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)