പ്രാചീനകാലം മുതല്‍ക്കുതന്നെ മനുഷ്യരക്തം ഒരു സിദ്ധൗഷധമായി കണക്കാക്കിയിരുന്നു. പതിനാറാം നൂറ്റാണ്ട്മുതല്‍ക്കുതന്നെ രോഗികള്‍ക്ക് രക്തം നല്‍കിയിരുന്നു.
പ്രാചീനകാലം മുതല്‍ക്കുതന്നെ മനുഷ്യരക്തം ഒരു സിദ്ധൗഷധമായി കണക്കാക്കിയിരുന്നു. പതിനാറാം നൂറ്റാണ്ട്മുതല്‍ക്കുതന്നെ രോഗികള്‍ക്ക് രക്തം നല്‍കിയിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലാണ് നാം ഇന്ന് കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്തസന്നിവേശ മാര്‍ഗങ്ങള്‍ നിലവില്‍വന്നത്. കാള്‍ലാന്‍സ്റ്റീനര്‍ എന്ന ഓസ്ട്രിയക്കാരനായ ശാസ്ത്രജ്ഞനാണ് 'എബിഒ' ഗ്രൂപ്പുകളുടെ ഉപജ്ഞാതാവ്. ഇതനുസരിച്ച് എ, ബി, എബി, ഒ എന്നീ നാലു രക്തഗ്രൂപ്പുകളാണുള്ളത്.
രക്തഗ്രൂപ്പുകള്‍ ജീനുകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇവ മാതാപിതാക്കളില്‍നിന്നാണ് സ്വായത്തമാക്കപ്പെടുന്നത്. ഒരാളുടെ ബ്ലഡ് ഗ്രൂപ്പ് ഒരിക്കലും മാറുന്നില്ല. മനുഷ്യജീവന്‍ നിലനിര്‍ത്തുന്ന ഈ രക്തത്തിന് മറ്റനേകം ധര്‍മങ്ങളുണ്ട്. കോശങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷക ഘടകങ്ങള്‍, ഓക്‌സിജന്‍ എന്നിവ എത്തിക്കുക, പുറമെ നിന്നുള്ള അണുക്കളുടെ ആക്രമണത്തെ ചെറുത്തുനില്‍ക്കുക, രക്തക്കുഴലുകളുടെ സുഗമമായ പ്രവര്‍ത്തനം നിലനിര്‍ത്തുക, ക്ഷതമേറ്റ രക്തക്കുഴലുകളില്‍നിന്നുണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കുക, രക്തചംക്രമണ വ്യവസ്ഥ പരിരക്ഷിക്കുക, കോശങ്ങളില്‍ ഉണ്ടാവുന്ന വിസര്‍ജ്യ വസ്തുക്കള്‍ മാറ്റുക എന്നിവയാണ് ഇവയില്‍ പ്രധാനം.
ശരീരഭാരത്തിന്റെ എട്ടു ശതമാനം രക്തമാണ്. ഒരാളിന്റെ ശരീരത്തിലുള്ള രക്തത്തിന്റെ അളവ് അയാളുടെ പൊക്കം, തൂക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. രക്തത്തില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ചുവന്ന രക്താണുക്കളാണ് രക്തത്തിന് ചുവപ്പ് നിറം കൊടുക്കുന്നത്. ഇവയിലെ ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീന്‍ ശ്വാസകോശങ്ങളില്‍വെച്ച് ഓക്‌സിജനു(പ്രാണവായു)മായി ചേരുന്നു. ചുവന്ന രക്താണുക്കള്‍ നൂറ്റി ഇരുപത് ദിവസം വരെയും പ്ലേറ്റ്‌ലെറ്റുകള്‍ ഏഴുദിവസം വരെയും ജീവിക്കുന്നു.
ആര്‍.എച്ച് ഘടകത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ആര്‍.എച്ച് നെഗറ്റീവ് ആയിട്ടുള്ള വ്യക്തിക്ക് ആര്‍.എച്ച് പോസിറ്റീവ് രക്തം നല്‍കുകയോ, ആര്‍.എച്ച് നെഗറ്റീവ് സ്ത്രീ ആര്‍.എച്ച് പോസിറ്റീവ് ആയ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയോ ചെയ്താല്‍ ശരീരത്തില്‍ പെട്ടെന്ന് പ്രതിവസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആര്‍.എച്ച് ഘടകത്തിന്റെ വ്യത്യാസം നവജാതശിശുവില്‍ വിളര്‍ച്ച, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ചിലപ്പോള്‍ മരണവും സംഭവിപ്പിക്കുന്നു.
ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും നാല്‍പ്പത്തിയഞ്ച് കിലോഗ്രാമിനു മുകളില്‍ തൂക്കമുള്ളവരും പതിനെട്ടിനും അറുപതിനും ഇടക്ക് പ്രായമുള്ളവരും പന്ത്രണ്ടര ഗ്രാം ശതമാനം (പുരുഷന്‍), പന്ത്രണ്ടു ശതമാനം (സ്ത്രീ) ഹീമോഗ്ലോബിന്‍ ഉള്ളവരും പൂര്‍ണ ആരോഗ്യവാനാണെന്ന് രക്തബാങ്കിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതും ആണെങ്കില്‍ അവര്‍ക്ക് 350 മില്ലീലിറ്റര്‍ ഒരു യൂനിറ്റ് രക്തം ദാനം ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയായ, ആരോഗ്യമുള്ള, അമ്പത് കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ഒരാളിന്റെ ശരീരത്തില്‍ അഞ്ച് ലിറ്റര്‍ രക്തം ഉണ്ടാവും (70 ml/kg). ഇവര്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ഓരോ തവണയും രക്തം കൊടുക്കുന്നതിനു മുമ്പ് മേല്‍പ്പറഞ്ഞ നിബന്ധനകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു യൂനിറ്റ് രക്തത്തിലൂടെ ശരീരത്തില്‍നിന്ന് ആറ് ഔണ്‍സ് വെള്ളവും ഒന്നേകാല്‍ ഔണ്‍സ് ഹീമോഗ്ലോബിനും അര ടീസ്പൂണ്‍ ഉപ്പും അര ഔണ്‍സ് പ്രോട്ടീനും മാത്രമാണ് നഷ്ടപ്പെടുന്നത്. ഇത് ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ശരീരത്തില്‍ ഉണ്ടാകുന്നതാണ്.
നല്‍കിയ രക്തം രക്തബാങ്കില്‍ പല പരിശോധനകള്‍ക്ക് വിധേയമാക്കുന്നു. രക്തഗ്രൂപ്പ് നിര്‍ണയം, ആര്‍.എച്ച് ടൈപ്പിംഗ് രക്തത്തിലൂടെ സ്വീകര്‍ത്താവിന് പകരാവുന്ന അസുഖങ്ങള്‍ (എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് -ബി, ഹെപ്പറ്റൈറ്റിസ് -സി, സിഫിലസ്, മലേറിയ) ഇല്ല എന്ന് ഉറപ്പു വരുത്തുന്ന പരിശോധനകള്‍, സ്വീകര്‍ത്താവിന്റെ രക്തത്തോട് ദാനം ചെയ്യപ്പെട്ട രക്തം ചേരുമോ എന്ന് കണ്ടുപിടിക്കല്‍ തുടങ്ങി നിരവധി പരിശോധനകള്‍ നടത്തുന്നു. രക്തത്തിന്റെ ഘടകങ്ങള്‍ വേര്‍തിരിക്കാതെ അതേപടിയോ അല്ലെങ്കില്‍ അതിനെ പ്ലാസ്മ, പ്ലേറ്റ്‌ലറ്റ്, ചുവന്ന രക്താണുക്കള്‍, ആന്റിബോഡി എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളായി വേര്‍തിരിച്ചോ സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ആധുനിക രക്തബാങ്കുകളില്‍ ഇന്ന് നിലവിലുണ്ട്.
നാം നല്‍കുന്ന ഒരു യൂനിറ്റ് രക്തത്തില്‍നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുകയും അവയെ വിവിധതരം രോഗികള്‍ക്ക് കൊടുക്കുകയും ചെയ്യുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ പ്ലാസ്മയില്‍നിന്ന് ഘടകങ്ങളുടെ ഉല്‍പാദനവും നടക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ അഞ്ച് ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ വ്യത്യസ്ത ഊഷ്മാവുകളില്‍ വ്യത്യസ്ത ഉപകരണങ്ങളില്‍ സൂക്ഷിക്കാവുന്നതാണ്. അതുകൂടാതെ മേല്‍പറഞ്ഞ ഘടകങ്ങള്‍ ഹീമോഫീലിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പനി, കരള്‍ സംബന്ധമായ രോഗങ്ങള്‍, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍, രക്തസ്രാവം, ഹൃദയ ശസ്ത്രക്രിയ, മറ്റു ശസ്ത്രക്രിയകള്‍, കാന്‍സര്‍, രക്താര്‍ബുദങ്ങള്‍ എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു.
രക്തത്തിന്റെ ഗുണഫലങ്ങള്‍
രക്ത പരിശോധനയിലൂടെ രക്തദാതാവിന് മാരകരോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാനാവുന്നു. ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ കരള്‍രോഗങ്ങളുടെ സാധ്യത കുറയുന്നു.
പുതിയ രക്തകോശങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ ശരീരവും മനസ്സും കൂടുതല്‍ ഊര്‍ജസ്വലമാവുന്നു.
കോളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും രക്താതിസമ്മര്‍ദം പോലുള്ള രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യുന്നു.
ഒരു സമയം നമുക്ക് നാലു ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങളാല്‍ ആരോഗ്യമുള്ളപ്പോള്‍തന്നെ നാം രക്തദാനം നടത്തണം. നാളേക്ക് മാറ്റിവെക്കാനുള്ളതല്ല രക്തദാനം. അടിയന്തരഘട്ടങ്ങളില്‍ അമാന്തം വരുത്താതെ നിര്‍വഹിക്കേണ്ട ഒന്നാണ് രക്തദാനം. അത് ജീവന്റെ ദാനമാണ്.