ജയിലനുഭവങ്ങള്‍

സയ്യിദ ഹുമൈറ മൗദൂദി No image

(പിതാവിന്റെ തണലില്‍- 8 )


ഒരു ദിവസം ഞങ്ങള്‍ കുട്ടികള്‍ വാശിപിടിച്ചപ്പോള്‍ അബ്ബാജാന്‍ ജയിലിലെ കഥകള്‍ പറയുകയുണ്ടായി: 
''എന്നെ ലാഹോറിലെ മുള്‍ത്താന്‍ ജയിലില്‍ കൊണ്ടുവന്നത് ഒരു നട്ടുച്ച നേരത്തായിരുന്നു. തടങ്കലിലാക്കിയ മുറിയില്‍ പങ്കയുണ്ടായിരുന്നില്ല. വാട്ടര്‍ ടേപ്പിന്റെ സ്ഥാനത്ത് ഹാന്റ് പമ്പായിരുന്നു. എ ക്ലാസ് തടവറയുടെ സ്ഥിതിയായിരുന്നു ഇത്. ഒരു സി ക്ലാസ് തടവുകാരനായിരുന്നു അതിന്റെ ചുമതല. നല്ല തണ്ടും തടിയുമുള്ള ഒരു നാല്‍പതു വയസ്സുകാരന്‍. അയാള്‍ അവിടെ എന്നെയും കാത്തിരിക്കുകയായിരുന്നു. ആദ്യം അയാള്‍ എന്നെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു. പിന്നെ ഝടുതിയില്‍ എഴുന്നേറ്റ് സാധനങ്ങള്‍ ഏറ്റുവാങ്ങി. പിന്നെ, ഹാന്റ് പമ്പ് പ്രവര്‍ത്തിപ്പിച്ച് കുളിമുറിയില്‍ വെള്ളം കൊണ്ടുവെച്ച ശേഷം പറഞ്ഞു: 'മിയാന്‍ജീ കുളിച്ചാലും.' ഞാന്‍ കുളിച്ചുവന്നപ്പോള്‍ മുറിയിലാകെ മണല്‍ വിരിച്ചു അതില്‍ വെള്ളം തളിച്ച് ഒരു കട്ടിലില്‍ കിടക്ക വിരിച്ചിരിക്കുന്നു. 'നേരത്തേ ഈ മുറിയില്‍ മണലുണ്ടായിരുന്നില്ലല്ലോ. ഇതെന്തിനാണു ഇപ്പോള്‍ വിരിച്ചിരിക്കുന്നതെ'ന്ന് ഞാന്‍ അയാളോടു ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: 'ചൂട് അസഹ്യമാണ്. ഞാന്‍ ഈ മണലില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കും. അപ്പോള്‍ മുറിയൊന്ന് തണുത്തുകിട്ടും. ഉച്ചനേരം അങ്ങേക്ക് ആശ്വാസത്തോടെ വിശ്രമിക്കാം.' ഞാന്‍ ളുഹ്ര്‍ നമസ്‌കാരം നിര്‍വഹിച്ചതും അയാള്‍ അതിനിടക്ക് ആഹാരം തയാറാക്കി ഭവ്യതയോടെ എന്റെ മുമ്പില്‍ വെച്ചു. എന്നിട്ട് ഉള്ളില്‍ തട്ടുംവിധം ക്ഷമാപണ സ്വരത്തില്‍ പറഞ്ഞു: 'അങ്ങയുടെ ഇഷ്ടവിഭവങ്ങളും രുചിവിശേഷങ്ങളുമൊന്നും ചോദിച്ചറിയാന്‍ സമയം കിട്ടിയില്ല. എത്രയും വേഗം തയാറാക്കി കൊണ്ടുവന്നതാണിത്.'
പിന്നീട് ഞാന്‍ ഏതു സമയം ഏതെല്ലാം മരുന്നുകളാണ് കഴിക്കുന്നതെന്ന് അയാള്‍ ശ്രദ്ധാപൂര്‍വം മനസ്സിലാക്കി വെച്ചു. അങ്ങനെ പ്രാതലിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമുള്ള നേരങ്ങളില്‍ കഴിക്കാറുള്ള മരുന്നുകള്‍ അതത് നേരങ്ങളില്‍ കൃത്യമായി ഭക്ഷണത്തോടൊപ്പം എടുത്തുവെച്ചു. രാവിലത്തെ ഗുളിക തന്നില്ലല്ലോ എന്നൊന്നും ഒരിക്കലും പറയാന്‍ ഇടവരുത്തിയില്ല. അത്ഭുതപ്പെടുത്തുന്നതായിരുന്നു ജയിലില്‍ അയാള്‍ സ്‌നേഹപൂര്‍വം എനിക്ക് നല്‍കിയ സേവനങ്ങള്‍.''

അപകടകാരി

''ഒരിക്കല്‍ അയാള്‍ എന്നോടു പറഞ്ഞു: 'എന്നെ ഈ തടവു മുറിയില്‍ നിയമിച്ചപ്പോള്‍ വളരെ അപകടകാരിയായ ഒരു തടവുപുള്ളിയാണ് ഇവിടെ വരാന്‍ പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. സര്‍ക്കാറിന് വലിയ തലവേദന സൃഷ്ടിച്ച പുള്ളിയാണ്. അയാളെ നേരെയാക്കി എടുക്കണം. സര്‍ക്കാരിന്റെ ഉപാധികളെല്ലാം പാലിച്ച്, നിശ്ശബ്ദം മാപ്പപേക്ഷയില്‍ ഒപ്പുവെപ്പിക്കണം. ഈവിധം സമ്മര്‍ദം ഉണ്ടാക്കലാണ് നിന്റെ ജോലി. നാവില്‍ തൊടീക്കാന്‍ കഴിയാത്ത വിധമായിരിക്കണം ആഹാരം പാകം ചെയ്യേണ്ടത്.' അങ്ങനെ ഞാന്‍ താങ്കളെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ശരി, ആരെയാണ് ഇന്ന് പരിചരിക്കേണ്ടി വരിക എന്ന് നോക്കാമല്ലോ എന്ന ആലോചനയിലായിരുന്നു ഞാന്‍. പറഞ്ഞുവന്നാല്‍ ഞാനും ഒരു കുറ്റവാളിയാണ്. ആരേക്കാളും മോശമല്ല. അപ്പോഴാണ് താങ്കള്‍ കടന്നുവരുന്നത്. കണ്ടപ്പോള്‍ ഇങ്ങനെയുള്ള ആളും അപകടകാരിയാകുമോ എന്നാണ് ചിന്ത പോയത്. മിയാന്‍ജീ, അങ്ങയെ കണ്ട മാത്രയില്‍ തന്നെ അങ്ങയോടുള്ള സ്‌നേഹം എന്റെ മനസ്സിനെയങ്ങ് കീഴടക്കികളഞ്ഞു.''
''പിന്നീടൊരു ദിവസം ജയില്‍ സൂപ്രണ്ട് വന്ന് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിച്ചു. പരാതിയൊന്നുമില്ലെന്നും വളരെ സുഖമാണെന്നും ഞാന്‍ മറുപടി പറഞ്ഞു. പിറ്റേന്നും മൂന്നാം നാളും സൂപ്രണ്ട് വന്ന് ഇതേ ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി. പിന്നീടൊരിക്കല്‍ അയാള്‍ വന്ന് ചോദിച്ചു: 'നിങ്ങളിത് ശരിക്കും പറയുന്നതു തന്നെയാണോ, അതോ ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി പറയുന്നതോ?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'സഹോദരാ, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ മടികൂടാതെ അത് അറിയിക്കുന്നതാണ്. ഇപ്പോള്‍ ബുദ്ധിമുട്ടൊന്നുമില്ല.' അന്നേരം ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറഞ്ഞശേഷം അവരൊക്കെ രണ്ടുമൂന്ന് ദിവസം ഇവിടെ താമസിക്കുമ്പോഴേക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയ കഥ ജയില്‍ സൂപ്രണ്ട് പറഞ്ഞു. 'ഈ മാപ്പ് ഹരജികളൊക്കെ സര്‍ക്കാറിന്റെ ഫയലുകളില്‍ സുരക്ഷിതമായി കിടക്കുകയാണ്. ഈ മാന്യന്മാര്‍ ഇനി എപ്പോഴെങ്കിലും വലിയ വായില്‍ വര്‍ത്തമാനം പറയുകയോ ഗീര്‍വാണം നടത്തുകയോ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയോ ആണെങ്കില്‍ സര്‍ക്കാര്‍ ഒന്നു വിരലനക്കുകയേ വേണ്ടൂ, അതൊക്കെ നാളെ പത്രത്തില്‍ അച്ചടിച്ചുവരും. ഇങ്ങനെയുള്ള ആളുകളാണ് വലിയ സന്തോഷഭാവത്തിലിരുന്ന് പരമസുഖമാണെന്ന് പറയുന്നത്.'
'സഹോദരാ', സൂപ്രണ്ടിനോട് ഞാന്‍ പറഞ്ഞു: 'ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കില്‍ പിന്നെ ചൂടും തണുപ്പും ജയിലിലെ മുറിയും അങ്ങനെ പല താവളങ്ങളിലൂടെയും കടന്നുപോവുന്നത് ഒരു പ്രശ്‌നമേ ആകില്ല. ഞാന്‍ ഈ വഴി ആലോചിച്ചുറച്ചു തന്നെ തെരഞ്ഞെടുത്തതാണ്. ജീവിതം ലാഭചേതങ്ങളെക്കുറിച്ചുള്ള ആശങ്കക്കതീതമായി കരുതുമ്പോള്‍ എന്നെ സംബന്ധിച്ചേടത്തോളം സ്വന്തം സുഖുദുഃഖങ്ങളെക്കുറിച്ചുള്ള ചിന്ത തന്നെ അനാവശ്യമാണ്.'
'ഞാന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ സൂപ്രണ്ട് പിന്നെയും സംസാരിച്ചു: 'അങ്ങനെയാണെങ്കില്‍ താങ്കളുടെ ഏഴു കുട്ടികളെ എന്തിനു വേണ്ടിയാണ് ശിക്ഷിക്കുന്നത്? അവരെ കുറിച്ചും അല്‍പം ചിന്തിക്കരുതോ?'
'കുട്ടികളുടെ കാര്യമൊക്കെ അല്ലാഹുവില്‍ ഏല്‍പിച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ടു പോന്നിട്ടുള്ളത്.' ഞാന്‍ പറഞ്ഞു. 'അവരെക്കുറിച്ച് ഒരു ഉത്കണ്ഠയും എനിക്കില്ല.
കാര്‍സാസ് മാ ബേഫികര്‍ മാ
ഫികര്‍ മാ ദര്‍ കാര്‍ മാ, ആസാര്‍ മാ
(ഞങ്ങളുടെ നാഥന്‍ അഹര്‍നിശം ഞങ്ങളുടെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു. ആ ചിന്ത ഇനി ഞങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്നാണെങ്കില്‍ അത് ഞങ്ങളുടെ ജീവന്നാപത്തായിരിക്കും).
ഇത്രയും കേട്ട സൂപ്രണ്ട് നിരാശനായി സ്ഥലം വിട്ടു. മാപ്പ് ഹരജിയില്‍ ഒപ്പിടീക്കാനുള്ള ശ്രമം പരാജയപ്പെട്ടു.''

ജയിലിലെ പെരുന്നാള്‍

അബ്ബാജാന്‍ ജയിലനുഭവങ്ങള്‍ തുടര്‍ന്നു: ''ഞാന്‍ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' എഴുതുന്നതില്‍ വ്യാപൃതനാകുമ്പോള്‍ എന്റെ കാര്യങ്ങള്‍ നോക്കാന്‍ നിയുക്തനായ ആ തടവുപുള്ളി ആകാംക്ഷയോടെ എന്നെ ഉറ്റുനോക്കുന്നതായി കണ്ടു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ബലിപെരുന്നാള്‍ ആഗതമായി. യാദൃഛികമെന്നു പറയട്ടെ അപ്പോള്‍ ജയിലില്‍ നല്‍കിപ്പോന്നിരുന്ന റേഷന്‍ കഴിഞ്ഞിരുന്നു. കൂടുതല്‍ റേഷന്‍ എത്തിയിരുന്നില്ല. പെരുന്നാള്‍ ഒഴിവും തുടങ്ങി കഴിഞ്ഞിരുന്നു. അയാള്‍ ആകെ പരിഭ്രമിച്ചു വശായി. 'ഇനി എങ്ങനെ ഞാന്‍ നിങ്ങള്‍ക്ക് പ്രാതലൊരുക്കും!' അയാള്‍ നിസ്സഹായത പ്രകടിപ്പിച്ചു. അതോടെ അയാള്‍ ജയിലധികാരികളെ ചീത്ത പറയാന്‍ തുടങ്ങി. ഞാന്‍ അയാളോട് പറഞ്ഞു: 'രാത്രിയിലെ കടലപ്പരിപ്പും റൊട്ടിയും ബാക്കിയുണ്ടല്ലോ. അത് ചൂടാക്കി കൊണ്ടുവരൂ.' അത് ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക് തരില്ലെന്നായി അയാള്‍. 'പെരുന്നാളായിട്ട് രാത്രിയത്തെ ഉഛിഷ്ടമായ റൊട്ടിയും പരിപ്പുമോ?' അയാള്‍ നീരസം പ്രകടിപ്പിച്ചു. 'സഹോദരാ,' 'ഞാന്‍ അയാളെ മനസ്സിലാക്കാന്‍ ശ്രമിച്ചു; ''എന്നെക്കുറിച്ച് വേവലാതിപ്പെടുകയൊന്നും വേണ്ട. സന്തോഷത്തോടെ തന്നെ ഞാന്‍ റൊട്ടിയും പരിപ്പും കഴിച്ചുകൊള്ളും.''
അബ്ബാജാന്‍ രാവിലെ എട്ടു മണിക്കാണ് പ്രാതല്‍ കഴിക്കാറ്. ആ കൃത്യനിഷ്ഠ തെറ്റിക്കാറില്ലായിരുന്നു. ദാദീ അമ്മായുടെ ശിക്ഷണമാണ് അതില്‍ തിളങ്ങി നില്‍ക്കുന്നത്. നേരത്തേ പറഞ്ഞപോലെ മക്കളെ അവര്‍ വളര്‍ത്തിയിരുന്നത് ചിലപ്പോള്‍ നല്ല രുചികരമായ ഭക്ഷണം നല്‍കിയിട്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ വെറും റൊട്ടിയും ചട്‌നിയും നല്‍കിയിട്ടായിരുന്നു.
അബ്ബാജാന്‍ പ്രാതല്‍ വിശേഷം തുടര്‍ന്നു: ''ഞാന്‍ ആ പ്രാതല്‍ കഴിക്കുമ്പോള്‍ ഒരു തേങ്ങല്‍ കേട്ടു. പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ തന്നെയായിരുന്നു അത്. കുട്ടികളെയും കുടുംബത്തെയും ഓര്‍ത്താണോ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങി: 'നിങ്ങള്‍ റൊട്ടിയും പരിപ്പും കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു പോയതാണ്. പെരുന്നാള്‍ ദിനം ഞങ്ങള്‍ പാവങ്ങള്‍ പോലും തലേരാത്രിയത്തെ റൊട്ടിയും പരിപ്പും കഴിക്കുകയില്ല. നിങ്ങള്‍ക്കിത് എങ്ങനെയാണ് കഴിക്കാന്‍ പറ്റുന്നതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.' ഞാന്‍ അയാളോട് വാത്സല്യപൂര്‍വം പറഞ്ഞു: നോക്കൂ സഹോദരാ, ഞാന്‍ വളരെ ആലോചിച്ചു ഉറച്ചു തെരഞ്ഞെടുത്താണ് ഈ പാത. സന്തോഷത്തോടെത്തന്നെയാണ് ഞാന്‍ അതിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇനി തീര്‍ത്തും പട്ടിണി കിടക്കേണ്ടി വരികയാണെങ്കില്‍ തന്നെ അതൊന്നും സഹിക്കാന്‍ ഒരു വിഷമവുമുണ്ടാവുകയില്ല. എന്റെ കാര്യമോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട.''
അബ്ബാജാന്‍ സംസാരം തുടര്‍ന്നു: ''പ്രാതല്‍ കഴിച്ച ശേഷം 'തഫ്ഹീമുല്‍ ഖുര്‍ആന്‍' എഴുതാന്‍ തുടങ്ങി. അയാളാകട്ടെ പ്രതിഷേധമെന്നോണം പ്രാതല്‍ കഴിച്ചതുമില്ല; അയാള്‍ക്ക് കഴിക്കാനായി റൊട്ടിയും പരിപ്പും ബാക്കിവെച്ചിരുന്നു. അതിനിടയില്‍ ആരോ ശക്തിയായി വാതിലിന് മുട്ടുന്നത് കേട്ടു. അയാള്‍ ചെന്ന് വാതില്‍ തുറന്നു കൊടുത്തു. അപ്പോഴതാ പ്രാതലിനുള്ള ഗംഭീരന്‍ പാക്കറ്റുകളും താങ്ങിപ്പിടിച്ച് ഒരു സെന്‍ട്രി വാതില്‍ക്കല്‍ നിന്നു കൊണ്ട് വിളിച്ചു പറയുന്നു: 'മൗലാനാ സാഹിബ്, നിങ്ങളുടെ ആള്‍ക്കാര്‍ പുലര്‍ച്ചക്കേ ഈ വിഭവങ്ങളുമായി ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, സൂപ്രണ്ടിന്റെ ഓഫീസ് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞിട്ടേ തുറക്കൂ. അതിനു ശേഷമേ ഈ സാധനങ്ങളൊക്കെ പരിശോധിച്ചു കിട്ടുമായിരുന്നുള്ളൂ.' എന്റെ പരിചാരകനായ തടവുപുള്ളി ആ പ്രാതല്‍ പാക്കറ്റുകള്‍ തുറന്നു. നാനാതരം വിഭവങ്ങളാണ് അതിലുണ്ടായിരുന്നത്. ഞാന്‍ അയാളോട് പറഞ്ഞു: 'നോക്കൂ, ഇതൊക്കെ നിങ്ങള്‍ക്കു വേണ്ടി വന്നതാണ്. കാരണം, നിങ്ങളാണല്ലോ നിരാശനായി പട്ടിണി കിടന്നിരുന്നത്. ഇനി തൃപ്തിയാവോളം ആഹരിച്ച് ബാക്കി മറ്റു തടവുകാര്‍ക്കും വിതരണം ചെയ്യുക. ഈ പൊറാട്ടയും ശാമീ കബാബും ഹല്‍വപൂരിയും ശീര്‍ ഖോര്‍മയും മിഠായികളുമൊക്കെ അവര്‍ക്കും ഇഷ്ടമാകും.' ഞാന്‍ ഇത് പറയുമ്പോള്‍ അയാള്‍ ഖേദപൂര്‍വം നെടുവീര്‍പ്പിട്ടു: 'ആ പരിപ്പും റൊട്ടിയും നിങ്ങള്‍ക്ക് തരുന്നതിനു പകരം കാക്കകള്‍ക്ക് കൊടുത്താല്‍ മതിയായിരുന്നു.' ഞാന്‍ നിര്‍ബന്ധിച്ചു പറഞ്ഞപ്പോള്‍ അയാള്‍ പ്രാതല്‍ കഴിച്ചു ബാക്കി വിഭവങ്ങള്‍ ഇതര തടവുകാര്‍ക്കിടയില്‍ വിതരണം ചെയ്തു. അപ്പോള്‍ അയാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: എന്റെ മിയാന്‍ജിക്ക് വന്നതാണ് ഈ വിഭവങ്ങളൊക്കെ. അദ്ദേഹമാണ് ഇവ നിങ്ങള്‍ക്ക് കൊടുത്തയച്ചിരിക്കുന്നത്.''
പെരുന്നാള്‍ ഉച്ചയായപ്പോള്‍ വീണ്ടും ജയില്‍ മുറിയുടെ കവാടം കടകടാ മുട്ടുന്നത് കേട്ടതായി അബ്ബാജാന്‍ പറഞ്ഞു: ''പ്രാതല്‍ കൊണ്ടുവന്ന പോലെത്തന്നെ പാക്കറ്റുകളും ബണ്ടലുകളും ഒരു തുണിയില്‍ പൊതിഞ്ഞ് കൊണ്ടു വന്നിരിക്കുന്നു. ഉച്ചഭക്ഷണത്തിന്റെ വക. അതിലെ വിഭവങ്ങള്‍ കണ്ട എന്റെ മേല്‍നോട്ടക്കാരനായ തടവുപുള്ളി സ്തബ്ധനായി പോയി. എന്നെ തീറ്റിച്ച ശേഷം ബാക്കി അയാള്‍ മറ്റ് തടവുപുള്ളികള്‍ക്കിടയില്‍ വിതരണം ചെയ്തു. രാത്രിയും അതു തന്നെ ആവര്‍ത്തിച്ചു. ചുരുക്കത്തില്‍, ബലിപെരുന്നാളിന്റെ മൂന്ന് ദിവസവും മുള്‍ത്താനിലെ നമ്മുടെ പ്രവര്‍ത്തകര്‍ രുചികരമായ നാനാതരം വിഭവങ്ങള്‍ സമൃദ്ധമായി കൊടുത്തയച്ചു. ജയിലിലെ അന്തേവാസികളൊക്കെ അത് കഴിക്കാന്‍ വിസ്മയഭരിതരായി എഴുന്നേറ്റു വന്നു.''
അബ്ബാജാന്‍ ഞങ്ങളോട് ഈ ജയില്‍വിശേഷങ്ങള്‍ വിസ്തരിക്കുമ്പോള്‍ അമ്മീജാന്‍ ഇടപെട്ടു: ''നോക്കൂ, സൂറത്ത് മര്‍യമില്‍ ഇതുതന്നെയാണ് പറയുന്നത്; വിശ്വസിക്കുകയും സല്‍ക്കര്‍മം അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹം ഒരുക്കിവെച്ചിട്ടുണ്ട്'' (മര്‍യം: 92).
അമ്മീജാന്‍ അങ്ങനെയാണ്. ജീവിതാനുഭവങ്ങള്‍ ഖുര്‍ആന്‍-ഹദീസ് സൂക്തങ്ങളുമായി പരസ്പരം പൊരുത്തപ്പെടുത്തുക അവരുടെ പതിവായിരുന്നു. ഇപ്പോഴും അവരുടെ വാക്കുകള്‍ കാതുകളില്‍ മുഴങ്ങുന്നതു പോലെ തോന്നുന്നു: നിങ്ങള്‍ പ്രവര്‍ത്തിക്കൂ. എന്നിട്ട് നോക്കൂ.... ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും എഴുന്നേറ്റു വന്ന് അതിന്റെ താല്‍പര്യം നിങ്ങളെ ബോധ്യപ്പെടുത്തുന്നതു കാണാം.
അക്കാലത്തെ ജയിലനുഭവങ്ങള്‍ വിവരിക്കവെ മറ്റൊരു രസകരമായ സംഭവവും അബ്ബാജാന്‍ അനാവരണം ചെയ്യുകയുണ്ടായി: ''ഒരു ദിവസം ഉച്ചക്ക് എന്റെ സെല്ലിന്റെ ചുവരിന്റെ മറുവശത്തുനിന്ന് ഒരു ശബ്ദം കേട്ടു: 'ജനറല്‍ സാഹിബിന്റെ ഭക്ഷണം വാങ്ങിയാലും.' എന്റെ മേല്‍നോട്ടക്കാരന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞ് ആരാണെന്ന് ചോദിച്ചു. അപ്പോള്‍ മറുഭാഗത്തു നിന്ന് ഒരു കുട്ടയില്‍ ഉറുമാലില്‍ പൊതിഞ്ഞ റൊട്ടികളും അതിനു മുകളില്‍ കറികളും സലാഡുകളുമായി ഒരാള്‍ വന്നു. തൊട്ടുടനെ ജനറല്‍ അക്ബര്‍ ഖാനും പ്രത്യക്ഷപ്പെട്ടു.''
റാവല്‍പിണ്ടി ഗൂഢാലോചനാ കേസിലെ പ്രതിയായിരുന്നു ഈ ജനറല്‍ അക്ബര്‍ ഖാന്‍.* അബ്ബാജാന്റെ സെല്ലിന് സമീപമായിരുന്നു അക്ബര്‍ ഖാന്റെ സെല്ലും. ഭിത്തി വാതില്‍ തുറന്ന് മുന്നോട്ടുവന്ന ഖാന്‍ 'ഞാന്‍ നിങ്ങളുടെ കൂടെയാണ് ആഹാരം കഴിക്കുന്ന'തെന്ന് പറഞ്ഞു.
പിറ്റേ ദിവസവും അക്ബര്‍ ഖാന്‍ ആഹാരവുമായി എത്തി. അദ്ദേഹം അബ്ബാജാനോട് പറഞ്ഞു: 'പ്രധാനമന്ത്രി ലിയാഖത്തലി ഖാന് കമ്യൂണിസ്റ്റ് റഷ്യയില്‍നിന്നും വന്നു ക്ഷണം. റഷ്യയുടെ ക്ഷണം എന്തിന് തള്ളണമെന്നായി പ്രശ്‌നം.' ഖാന്‍ കൂട്ടിച്ചേര്‍ത്തു: 'റഷ്യയുടെ സോഷ്യലിസ്റ്റ് വ്യവസ്ഥയേക്കാള്‍ അപകടകാരിയാണ് അമേരിക്കയുടെ മുതലാളിത്ത വ്യവസ്ഥ.'
അബ്ബാജാന്‍ അക്കഥ ഇങ്ങനെ തുടര്‍ന്നു: അക്ബര്‍ ഖാന്‍ ചുവര്‍. എന്റെ അടുത്ത് വന്ന് മണിക്കൂറുകളോളം ഇരുവരും സംസാരിച്ചിരിക്കുന്നതായി പിന്നീട് ആരോ ജയിലധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. ഈ 'ഭയാനകമായ കണ്ടെത്തല്‍' ജയില്‍ ഭിത്തികളെ പ്രകമ്പിതമാക്കി. അതോടെ റാവല്‍പിണ്ടി കേസി*ലെ അവിടെ ഉണ്ടായിരുന്ന എല്ലാ പ്രതികളെയും പോലീസ് വണ്ടിയില്‍ കയറ്റി മറ്റ് ജയിലുകളിലേക്ക് നീക്കം ചെയ്തു. അവരെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃക്‌സാക്ഷി വിവരം നല്‍കിയ എന്റെ മേല്‍നോട്ടക്കാരനായ തടവുപുള്ളി അപ്പോള്‍ അക്ബര്‍ ഖാന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞതായി അറിയിച്ചു: ''ഞങ്ങള്‍ രണ്ടാളും കൂടി 'ജയില്‍ ഗൂഢാലോചന' നടത്തുകയാണെന്ന അപകടവാര്‍ത്ത ഇപ്പോള്‍ ജയിലധികൃതര്‍ക്ക് കിട്ടിക്കാണും.'' 

വിവ: വി.എ.കെ

* 1951-ല്‍ പ്രധാനമന്ത്രി ലിയാഖത്തലി ഖാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസാണ് റാവല്‍പിണ്ടി ഗൂഢാലോചന. പാക് സേനയിലെ അന്നത്തെ സീനിയര്‍ കമാന്റര്‍ മേജര്‍ ജനറല്‍ അക്ബര്‍ ഖാനായിരുന്നു മുഖ്യപ്രതി. പാക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രമുഖരായ സജ്ജാദ് സഹീര്‍, കവി ഫൈസ് അഹ്മദ്, മുഹമ്മദ് ഹുസൈന്‍ അത്ത, ലെഫ്. കേണല്‍ സിദ്ദീഖ് രാജ, മേജര്‍ യൂസുഫ് സേത്തി എന്നിവരായിരുന്നു മറ്റു പ്രതികള്‍. കശ്മീരിലെ സൈനിക നീക്കമായിരുന്നു പശ്ചാത്തലം. കശ്മീരിനെ ഇന്ത്യയുമായി ചേര്‍ത്ത നടപടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിനിര്‍ത്തല്‍ കരാറില്‍ കലാശിച്ചതില്‍, സൈനിക നീക്കങ്ങളില്‍ പങ്കാളിയായ അക്ബര്‍ ഖാന്‍ അസംതൃപ്തനായിരുന്നു. പിന്നീട്, തന്നെ തഴഞ്ഞ് അയ്യൂബ്ഖാനെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ടായിരുന്നു. അക്ബര്‍ ഖാന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ പ്രതികള്‍ ലിയാഖത്തലി ഖാനെയും ഗവര്‍ണര്‍ ജനറല്‍ ഖ്വാജാ നിസാമുദ്ദീനെയും അട്ടിമറിച്ച് ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും അതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണ നല്‍കുകയും ചെയ്യാന്‍ തീരുമാനിച്ചു എന്നായിരുന്നു ആരോപണം. പകരം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കും (അന്ന് പാര്‍ട്ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു). തുടര്‍ന്ന് രൂപീകരിക്കുന്ന ഖാന്റെ താല്‍ക്കാലിക സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഫൈസിന്റെ പത്രമായ ദി ഡെയ്‌ലി സര്‍ക്കാറിന് മാധ്യമ പിന്തുണ നല്‍കും. പക്ഷേ, ഖാന്റെ വിശ്വസ്തരിലൊരാളായ അലി ഈ വിവരങ്ങള്‍ പോലീസ് ഐ.ജിയെ അറിയിക്കുകയും വ.പ പ്രവിശ്യാ ഗവര്‍ണര്‍ മുഖേന ഐ.ജി വിവരം ലിയാഖത്തലി ഖാനെ അറിയിക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഖാന്‍ 17 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ 1955-ല്‍ എല്ലാ തടവുകാരും നിയമപോരാട്ടത്തെ തുടര്‍ന്ന് മോചിതരായി. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അക്ബര്‍ ഖാന്‍ സുല്‍ഫിഖര്‍ അലി ഭൂട്ടോവിന്റെ ഉപദേശകനായി. 71-ല്‍ ഭൂട്ടോ അധികാരത്തില്‍ വന്നപ്പോള്‍ ഖാനെ ദേശീയ സുരക്ഷാ തലവനാക്കി. ഫൈസ് തന്റെ സാഹിത്യ പ്രവര്‍ത്തനം തുടരുകയും 'നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്ടി'ല്‍ നിയമിക്കപ്പെടുകയും ചെയ്തു. 1993-ല്‍ അക്ബര്‍ ഖാന്‍ നിര്യാതനായി.

- വിവര്‍ത്തകന്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top