റാഫിയാ അര്‍ശാദ് ശിരോവസ്ത്രത്തിലെ പ്രഥമ ന്യായാധിപ

പി.എം ഷഹീർ
ജൂലൈ 2020

മതവിധി മാനിച്ച് ജീവിക്കാന്‍ കൊതിക്കുന്ന മുസ്‌ലിം വനിതകള്‍ക്ക് പൊതുവെ വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണ് അവളുടെ വസ്ത്രധാരണം. വിദേശ രാജ്യങ്ങളിലെ ബഹുസ്വര സമൂഹത്തിലെ സാധാരണ സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കു പോലും ഖുര്‍ആനിക-ഹദീസ് ബോധനത്തിന്റെ അടിസ്ഥാനത്തില്‍ സംവിധാനിക്കപ്പെട്ട ശിരോവസ്ത്രധാരണം അണിയല്‍ ആപത്കരവും ശ്രമകരവുമായി മാറിക്കൊണ്ടിരിക്കുന്ന കാലയളവിലാണ് യു.കെയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ, വനിതാ ലോകത്തിന് ഒന്നടങ്കം, വിശിഷ്യാ മുസ്‌ലിം വനിതകള്‍ക്ക് മുഴുവന്‍ ആഹ്ലാദം പരത്തുന്ന ആ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. നാല്‍പതു വയസ്സുകാരിയായ റാഫിയാ  അര്‍ശാദെന്ന പാക് ബ്രിട്ടീഷ് അഭിഭാഷക ഇംഗ്ലണ്ടിലെ വിഖ്യാതമായ യു.കെയിലെ മിഡിലാന്റ്‌സ് സര്‍ക്യൂട്ടില്‍ ഹിജാബിട്ട ജഡ്ജിയായി അവരോധിക്കപ്പെടുമ്പോള്‍ ആദരിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും റാഫിയയുടെ അതുല്യവും അനുപമവും അനിതരസാധാരണവുമായ മതബോധമാണ്. തന്റെ പതിനേഴ് വര്‍ഷത്തെ അഭിഭാഷക ജീവിതത്തിനിടയില്‍ ഒരുപാട് അവഹേളനങ്ങളും അവഗണനകളും ഏറ്റുവാങ്ങിയ റാഫിയ തന്റെ അചഞ്ചലമായ ദൈവബോധംകൊും ഉന്നതമായ യോഗ്യതകള്‍കൊണ്ടും അവയെല്ലാം മറികടന്നു. റാഫിയ എത്തിച്ചേര്‍ന്നിരിക്കുന്ന സ്വപ്‌ന സദൃശ്യമായ പദവി കഴിവുണ്ടായിട്ടും വര്‍ണ വംശത്തിന്റെ പേരില്‍ തഴയപ്പെടുന്ന എല്ലാ വനിതകള്‍ക്കും അത്യന്തം പ്രചോദനം പ്രദാനം ചെയ്യുന്നതാണ്.
പതിനൊന്നാം വയസ്സില്‍ വക്കീല്‍ മോഹം മുളപൊട്ടിയപ്പോള്‍ ആ വേഷത്തില്‍ ശിരോവസ്ത്രധാരിണികള്‍ തുലോം വിരളമാണെന്നുള്ള അറിവും അതിനെ തിരുത്തിക്കുറിക്കാനുള്ള ദൃഢനിശ്ചയവും ഒത്തുചേര്‍ന്നപ്പോള്‍ റാഫിയ എന്ന തിളക്കമുള്ള അഭിഭാഷക ഉദയം ചെയ്യുകയായിരുന്നു. കോടതി വ്യവഹാരങ്ങള്‍ക്കിടയില്‍ തന്റെ വേഷം ചര്‍ച്ചയാക്കപ്പെട്ടിരുന്ന സന്ദര്‍ഭങ്ങളില്‍ പോലും അവയൊക്കെ പടിക്കു പുറത്ത് നിര്‍ത്തി തനിക്ക് അര്‍ഹതപ്പെട്ട പദവി  വേഷവൈവിധ്യങ്ങളോടെ തന്നെ നേടിയെടുക്കുമെന്ന ഇഛാശക്തിക്ക് റാഫിയ മൂര്‍ച്ച കൂട്ടുകയായിരുന്നു. 2019 ഏപ്രിലിലെ കണക്കു പ്രകാരം ഇഗ്ലണ്ടിലും വെയില്‍സിലുമായി 3210 കോടതികളില്‍ ഉന്നത സ്ഥാനമലങ്കരിക്കുന്ന കറുത്ത വര്‍ഗക്കാരിലും ന്യൂനപക്ഷക്കാരിലും പെട്ടവര്‍  205 (6 ശതമാനം) ആണ്.  സ്ത്രീകളുടെ എണ്ണം 1013 (31 ശതമാനം) -ഉം. ഇത്തരമൊരു സ്ഥിതിയില്‍ റാഫിയയുടെ നേട്ടം അമൂല്യമാണ്. വെസ്റ്റ് യോര്‍ക്‌ഷെയറിലെ ഗ്രാമര്‍ സ്‌കൂളില്‍ വിദ്യാഭ്യാസ ജീവിതം ആരംഭിച്ച റാഫിയ തന്റെ കുടുംബത്തിലെ പ്രഥമ ബിരുദധാരിണിയാണ്. ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്‌സില്‍നിന്നും 2001-ല്‍ നിയമ ബിരുദം കരഗതമാക്കിയ റാഫിയ 2004-ല്‍ നോട്ടിംഗ്ഹാമിലെ സെന്റ് മേരീസ് ചേംബേര്‍സില്‍ ചേര്‍ന്ന് വിവാഹ-ഗാര്‍ഹിക നിയമങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. സ്ത്രീസംബന്ധമായ ചേലാകര്‍മ വിഷയങ്ങളിലും ബാലാതിക്രമങ്ങളിലും മറ്റും ഇരകള്‍ക്ക്  നിതാന്തമായി നിയമ സഹായം നല്‍കുന്ന അവര്‍ 'ഇസ്‌ലാമിക് ഫാമിലി ലോ' (ഇസ്‌ലാമിക കുടുംബ നിയമങ്ങള്‍) എന്ന കൃതിയുടെ കര്‍ത്താവും കൂടിയാണ്.
നിയമപഠന കാലത്ത് ഇംഗ്ലണ്ടിലെ പ്രഖ്യാതമായ സിറ്റി ഓഫ് ലോ സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പിനു വേണ്ടിയുള്ള അഭിമുഖത്തിന്റെ അന്ന് ശിരോവസ്ത്രം സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ വിഘാതമാവുമെന്ന് പറഞ്ഞ വീട്ടുകാരോട് മുഖം തിരിഞ്ഞ് തന്റെ തട്ടം ഒന്നുകൂടി മുറുക്കിക്കെട്ടി തന്റേടത്തോടെ തന്റെ തട്ടകം ദൈവത്തിലര്‍പ്പിച്ച് യാത്ര തിരിക്കുകയായിരുന്നു റാഫിയ. പലയിടങ്ങളിലായി 1.3 ബില്യന്‍ മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും തങ്ങളുടെ ഭാഷാ വേഷവിധാനങ്ങളില്‍ അപരവത്കരണം നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് തന്റെ നേട്ടം എല്ലാ തരത്തിലുള്ള വിവേചനങ്ങളും അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു ഊര്‍ജമാവുമെന്ന് വിശ്വസിക്കുന്നു റാഫിയ. ഉന്നത സ്ഥാനം ആര്‍ക്കും അപ്രാപ്യമല്ല എന്ന് തെളിയിക്കുന്നതാണ് തനിക്കു ദിനേന ലഭിക്കുന്ന അഭിനന്ദന സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നത് എന്നാണ് റാഫിയയുടെ പക്ഷം. തന്റെ അതിജീവനത്തിനും അജയ്യതക്കും തന്റെ ഭര്‍ത്താവിന്റെയും മൂന്ന് കുട്ടികളുടെയും കലര്‍പ്പില്ലാത്ത പിന്തുണയും റാഫിയ ഈയൊരു സ്വപ്‌ന സാക്ഷാത്കാരത്തില്‍ സ്മരിക്കുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media