'നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ', 'പ്രസവശേഷം സ്വയം ജീവനൊടുക്കുന്ന യുവതി'...
ഇത്തരം വാര്‍ത്താ തലക്കെട്ടുകള്‍ നമുക്കിപ്പോള്‍ ഒട്ടും അപരിചിതമല്ല. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസവാനന്തര മാതൃമരണങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ 2010-ല്‍ വെറും 2.6 ശതമാനം മാത്രമുണ്ടായിരുന്ന ആത്മഹത്യ 2019 -20 എത്തുമ്പോഴേക്കും 18.6 ശതമാനമായി ഉയര്‍ന്നു. മാറിയ ജീവിതശൈലിയും സാമൂഹിക സാഹചര്യങ്ങളും പ്രസവാനന്തര വിഷാദം എന്ന അവസ്ഥയും അതിന്റെ അനന്തരഫലങ്ങളും സമൂഹത്തില്‍ ഏറെ വര്‍ധിക്കാന്‍ കാരണമാകുന്നു. കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ ചേര്‍ത്ത് പിടിക്കലും ചികിത്സയും നല്കിയിരുന്നുവെങ്കില് തിരിച്ചുപിടിക്കാമായിരുന്നവയാണ് ഈ ജീവിതങ്ങള്‍.
ഗര്‍ഭകാലം, പ്രസവം തുടങ്ങിയ സമയങ്ങളില്‍ സ്ത്രീയുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ഹോര്‍മോണുകളുടെയും എന്‍സൈമുകളുടെയും ത്വരിതമാറ്റങ്ങള് ശാരീരിക വ്യതിയാനങ്ങള്‍ക്കപ്പുറം അവളുടെ മാനസികനിലയില്‍ കൂടി സ്വാധീനം ചെലുത്തുന്നു. പ്രസവവേദന തുടങ്ങിയ സമയം മുതല്‍ കൃത്യമായ മുലയൂട്ടല്‍ സ്ഥാപിതമാകുന്നതുവരെയുള്ള കുറച്ചു ദിവസങ്ങളില്‍ ഇത്തരം ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കുതിച്ചുചാട്ടമാണ് സ്ത്രീശരീരത്തില്‍ സംഭവിക്കുന്നത്.
ഗര്‍ഭം നിലനിര്‍ത്താന്‍ ഏറെ സഹായിച്ചിരുന്ന ഈസ്ട്രജന്, പ്രൊജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകള്‍ പ്രസവ പ്രക്രിയ ആരംഭിക്കുന്നതോടുകൂടി വളരെ പെട്ടെന്ന് താഴ്ന്ന നിലയിലേക്കെത്തുന്നു. പകരം ഗര്‍ഭാശയത്തിന്റെ ചുരുക്കവും ഗര്‍ഭാശയമുഖത്തിന്റെ വികാസവും സാധ്യമാക്കുന്ന രീതിയിലുള്ള ഒക്സിറ്റോസിന്, പ്രോസ്റ്റഗ്ലാന്‍ഡിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. പ്രസവം കഴിഞ്ഞ ഉടന്‍തന്നെ മുലയൂട്ടലിനായിട്ടുള്ള പ്രോലാക്റ്റിന് ഹോര്‍മോണും രംഗത്തെത്തുന്നു. ഈ മാറ്റം തലച്ചോറില്‍ ശാന്തതയും സമാധാനവും നിലനിര്‍ത്തുന്നതിനുള്ള സിറട്ടോണിന്റെ അളവില്‍ കുറവ് സംഭവിക്കാന്‍ ഇടയാക്കുന്നു. സ്വാഭാവികമായും പ്രസവം കഴിഞ്ഞ ഉടനുള്ള ഏതാനും ദിവസങ്ങളില്‍ ഭൂരിപക്ഷം സ്ത്രീകളിലും ചെറിയ തോതിലുള്ള ക്ഷീണം, പുതിയ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മടി, ആകാംക്ഷ, അസ്വസ്ഥത, എളുപ്പത്തില്‍ സങ്കടം വരാനുള്ള സാഹചര്യം തുടങ്ങിയ വൈകാരിക വിക്ഷോഭങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പോസ്റ്റ് പാര്‍ട്ടം ബ്ലൂ എന്നറിയപ്പെടുന്ന ഈ അവസ്ഥ ഏതാണ്ട് 80 ശതമാനത്തോളം അമ്മമാരിലും കണ്ടുവരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറിയ സാന്ത്വനപ്പെടുത്തലും ചേര്‍ത്തു പിടിക്കലും മതി ഭൂരിപക്ഷം പേര്‍ക്കും ഇതിനെ മറികടക്കാനും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും.
ആദ്യ ആഴ്ചയിലോ പ്രസവശേഷം ഒരു വര്‍ഷം വരെയുള്ള കാലയളവിലോ ആരംഭിക്കുന്ന വിഷാദാവസ്ഥകള്‍ നീണ്ടു പോവുകയും അത് മാതാവിന്റെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്യുന്ന അത്തരം അവസ്ഥയാണ് പോസ്റ്റ് പാട്ടം ഡിപ്രഷന് അഥവാ പ്രസവാനന്തര വിഷാദം. കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെ പോയാല്‍ ഈ അവസ്ഥ അതിന്റെ സങ്കീര്‍ണതകളായ ആത്മഹത്യ, ശിശുഹത്യ തുടങ്ങിയവയിലേക്ക് നയിക്കും.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന രീതിയിലുള്ള മാനസിക പ്രയാസങ്ങള്‍ ഉണ്ടാവുകയും പ്രസവാനന്തരം മാതാവ് അക്രമാസക്തമാവുകയും തനിക്കും കുഞ്ഞിനും ചുറ്റുമുള്ളവര്‍ക്കും അപകടങ്ങള്‍ വരുത്താന്‍ ഇടയാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് എന്ന അവസ്ഥയും അപൂര്‍വമായെങ്കിലും പ്രസവശേഷമുള്ള സമയത്ത് സംഭവിക്കാന്‍ സാധ്യതയുണ്ട്.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എല്ലാവരിലും സംഭവിക്കുന്നതാണെങ്കിലും എന്തുകൊണ്ട് ചിലര്‍ക്ക് മാത്രം അസുഖം എന്ന രീതിയിലേക്ക് മാറുന്നു എന്ന ചോദ്യം പ്രധാനമാണ്. മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതകളും ഉണ്ടാക്കാന്‍ സാധ്യതയുള്ള ചില ജീനുകള്‍ പലരിലും മുമ്പേ തന്നെ ജനിതകഘടനയുടെ ഭാഗമായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ ചില കണ്ണികളിലൂടെ നാം പോലും അറിയാതെ ഒളിച്ചുകടത്തപ്പെടുന്ന അത്തരം ജീനുകള്‍ ഒരുപക്ഷേ, പ്രകടമാകാതെ അനേകം പേരില്‍ നിലനില്‍ക്കുന്നുണ്ടാകാം. പ്രസവ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അത്തരം ജനിതക ഘടകങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള പ്രചോദകമായി വര്‍ത്തിക്കുന്നു. മാതാവ് ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളുടെ പ്രതികൂലാവസ്ഥകള്‍ ഇതിനോട് ചേര്‍ന്ന് വന്നാല്‍ ഇത്തരം അവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനും കാരണമായേക്കാം.
സാധ്യതകളും ലക്ഷണങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് മറികടക്കാനുള്ള മാര്‍ഗം.
അമ്മമാരില്‍ ആവശ്യമായ സ്ക്രീനിങ് ടെസ്റ്റുകള്‍ കൃത്യസമയത്ത് നടത്തി ഇത്തരം വിഷാദത്തിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി തന്നെ കണ്ടെത്താന്‍ സാധിക്കും. എഡിന്‍ബര്‍ഗ് പോസ്റ്റ് നാറ്റല്‍ ഡിപ്രഷന് സ്കെയില്‍ അഥവാ ഈ പി.എന്‍.ഡി എന്ന ഈ ചോദ്യാവലി അധിഷ്ഠിത സ്ക്രീനിംഗ് പരിശോധന മലയാളത്തില്‍ അടക്കം ലഭ്യമാണ്. കേരള ആരോഗ്യ വകുപ്പ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ നടത്തിവരുന്ന 'അമ്മ മനസ്സ്' എന്ന പ്രോഗ്രാമിലൂടെ ആശാവര്ക്കരെയും സാമൂഹിക പ്രവര്‍ത്തകരെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇത്തരത്തിലുള്ള സ്ക്രീനിംഗ് പരിപാടികള്‍ വ്യാപകമായി സംഘടിപ്പിച്ചു വരുന്നു. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുറേയധികം ജീവനുകളെ തിരിച്ചു പിടിക്കാനും നമുക്ക് സാധിക്കുന്നുണ്ട്.
കാരണങ്ങള്‍
- ഹോര്‍മോണ്‍ മാറ്റങ്ങള്‍.
- ഉറക്കക്രമത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍.
- ജനിതകവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍. പ്രസവിച്ച മാതാവിനോ അടുത്ത ബന്ധുക്കള്‍ക്കോ മുമ്പ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
- സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍.
വിവാഹേതര ബന്ധങ്ങള്‍, പൊരുത്തക്കേടുകള്‍ നിറഞ്ഞ ദാമ്പത്യം, കുടുംബത്തിന്റെ പിന്തുണയില്ലായ്മ, സാമ്പത്തിക പ്രയാസങ്ങള്‍, പ്രസവാനന്തര അണുബാധ തുടങ്ങിയവ പ്രസവാനന്തര ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
- ശിശു സംബന്ധിയായ ഘടകങ്ങള്‍.
കുഞ്ഞിന്റെ അനാരോഗ്യം അമ്മയുടെ മാനസിക ആരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നു.
ചികിത്സ
- കൗണ്‍സലിംഗ് ബിഹേവിയറല്‍ തെറാപ്പി ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ടിംഗ് ചികിത്സകള്‍.
- ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ആന്റി ഡിപ്രസന്റ് പോലെയുള്ള മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ.
- ഹോര്‍മോണ്‍ ചികിത്സ.
- സാമൂഹിക പിന്തുണയും ജിവിതശൈലീ മാറ്റങ്ങളും.
പ്രതിരോധ മാര്‍ഗങ്ങള്‍
- ഗര്‍ഭകാല വിദ്യാഭ്യാസവും കൗണ്‍സലിംഗും.
- തുടക്കത്തിലേയുള്ള സ്ക്രീനിംഗും റിസ്ക് തിരിച്ചറിയലും പ്രസവാനന്തര ഫോളോ അപ്പും.
- ശക്തമായ പിന്തുണാ സംവിധാനം.
- കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുക
ഓരോ വ്യക്തിയും വ്യത്യസ്തരാണ്. കുറ്റപ്പെടുത്തലും താരതമ്യങ്ങളും ഒഴിവാക്കുക. മുലയൂട്ടലിനാവശ്യമായ പോസിറ്റീവ് പിന്തുണ നല്‍കുക. ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് ആവശ്യമായ പ്രസവാവധി ലഭ്യമാക്കുക. ആവശ്യമെങ്കില്‍ അമ്മയ്ക്കെന്ന പോലെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിംഗ് ലഭ്യമാക്കുക.
- സമീകൃതാഹാരം, വ്യായാമം ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലിയും സ്വസംരക്ഷണ മനോഭാവവും ശീലമാക്കുക.