കുട്ടികളില്‍ കുറ്റവാസനയും സാമൂഹിക വിരുദ്ധതയും ഏറി വരികയാണ്. അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയും പ്രതിവിധികള്‍ നി൪േദശിക്കുകയും ചെയ്തുകൊണ്ട് വിവിധ തലത്തിലുള്ളവര്‍ സംസാരിക്കുന്നു
ജീവിതത്തിന്റെ എല്ലാ തരത്തിലുമുള്ള ശീലങ്ങളും മാറിയ കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. പണ്ടത്തെപ്പോലെ അരപ്പട്ടിണിയുള്ള കാലമല്ല. സമയത്തിന് ഭക്ഷണമടക്കമുള്ള എല്ലാം ലഭ്യമാകുന്നതുകൊണ്ട് എല്ലാ തരത്തിലുമുള്ള വാസനകളും നേരത്തേ ഉണരും. ഈ സത്യം തിരിച്ചറിഞ്ഞ് കുട്ടികളെ ആത്മനിയന്ത്രണമുള്ളവരാക്കി എങ്ങനെ വളര്‍ത്താം എന്ന് നാം ചിന്തിക്കുന്നില്ല. പകരം പഴയ രീതിയില്‍ തന്നെ എല്ലാറ്റിനും അരുത് എന്ന് പറയുകയാണ്. മറ്റുള്ളവരെക്കുറിച്ചോ എന്റെ പ്രവൃത്തി എങ്ങനെ മറ്റുള്ളവരെ ബാധിക്കും എന്നു തിരിച്ചറിയാനോ കുട്ടികള്‍ക്കാവുന്നില്ല. നീ നിന്റെ കാര്യം നോക്കിയാല്‍ മതി, നീ എന്തിനാണ് കൂടുതല്‍ മറ്റുള്ളവരെക്കുറിച്ച് ആലോചിച്ചു പ്രയാസപ്പെടുന്നത് എന്നാണ് മാതാപിതാക്കള്‍ പോലും മക്കളോട് പറയുന്നത്. ഇങ്ങനെ സ്വന്തം സുഖം പെരുമ എന്ന സംസ്‌കാരത്തിലേക്കാണ് കുട്ടികളെ വളര്‍ത്തുന്നത്. അത്തരം കുട്ടികള്‍ വയലന്‍സിലൂടെ വളരാന്‍ സാധ്യതയുണ്ട്. ഒരു സംഭവം ഉണ്ടായാല്‍ കുട്ടികളെ ശിക്ഷിച്ചാല്‍ നമ്മുടെ പ്രതികാര ചിന്തക്കൊരു ശമനം ഉണ്ടാകുമായിരിക്കും. പക്ഷേ, പ്രതികാരം കൊണ്ട് ലോകം നന്നാകുമെങ്കില്‍ എന്നേ നന്നാവേണ്ടതാണ്. ഒരു മതവും പ്രതികാരം പ്രോത്സാഹിപ്പിച്ചിട്ടില്ല. രണ്ടുതരം നീതിയുണ്ട്. പൊറുക്കാന്‍ അനുവദിക്കുന്ന നീതിയും വെറുക്കാന്‍ പ്രേരിപ്പിക്കുന്ന നീതിയും. കോടതികള്‍ പോലും പലപ്പോഴും പ്രതികാര ബുദ്ധിയാണ് അവലംബിക്കുന്നത.് അത് നമ്മുടെ മുഖത്തു തന്നെ തുപ്പുന്നതിന് തുല്യമാണ്. ഇങ്ങനെ ശിക്ഷാ മുറകളിലൂടെ വളരുന്ന കുട്ടികള്‍ സമൂഹത്തിലേക്കാണ് പോകുന്നത്, അതുകൊണ്ട് ആത്മ നിയന്ത്രണമില്ലായ്മയെ പരിഹരിക്കാനും ചെയ്ത തെറ്റ് കുട്ടികളെ ബോധ്യപ്പെടുത്താനും അത് പരിഹരിക്കാനുമുള്ള കാര്യങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ടത്. സ്വന്തം കുട്ടികള്‍ എന്താണ് ചെയ്യുന്നത് എന്ന് നാം ചിന്തിക്കാറില്ല. മുറിവ് പറ്റിയവരും മുറിവേല്‍പ്പിച്ചവരും കുട്ടികളാവുകയാണ്. രണ്ടു കൂട്ടരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അവരുടെ ജീവിതം നശിക്കാതെ തെറ്റുകള്‍ അവര്‍ തന്നെ പുനപ്പരിശോധിക്കുന്ന രീതിയില്‍ ദീര്‍ഘമായ കൗണ്‍സലിംഗ് അധ്യാപകരും രക്ഷിതാക്കളും നല്‍കണം. അല്ലാതെ പരീക്ഷയും എന്‍ട്രന്‍സും എഴുതിച്ച് വല്ല പിള്ളേരെയും ഉപദ്രവിക്കാനല്ല വിടേണ്ടത്. നമ്മുടെ സിസ്റ്റം ദൗര്‍ഭാഗ്യവശാല്‍ ഇങ്ങനെയാണ്. പൊറുക്കാന്‍ കഴിയുന്ന നീതിയില്ലാത്തതുകൊണ്ടാണ് പ്രശ്‌നമുണ്ടാകുന്നത്. പൊറുക്കല്‍ നീതി എന്നാല്‍ കുറ്റം ചെയ്തവരെ വെറുതെ വിടല്‍ അല്ല. അവര്‍ തെറ്റ് ചെയ്യാത്തവിധം മാറ്റാന്‍ സംവിധാനമുണ്ടാകണം. എന്റെ കുട്ടികള്‍ തെറ്റ് ചെയ്യില്ല എന്ന വിശ്വാസമുള്ളതുകൊണ്ട് രക്ഷിതാക്കള്‍ തങ്ങളെ സംരക്ഷിക്കും എന്ന ചിന്തയാണ് കുട്ടികള്‍ക്ക.് നമ്മള്‍ ഇടപെടുന്ന വീടും നാടും എല്ലാം മാറി. പരസ്പരം ഇടപെടുന്ന സംസ്‌കാരം ഇന്നില്ല. വീട്ടില്‍ അതിഥികള്‍ വന്നാല്‍ പോലും പോയി പഠിക്കാനാണ് മക്കളെ നാം ഉപദേശിക്കുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ ഇങ്ങനെ സ്വാര്‍ഥരായിപ്പോകുന്നത്.
ഡോ. വി. ഹിക്മത്തുല്ല
(അസി. പ്രൊഫസര്‍, യൂണിറ്റി വിമന്‍സ് കോളേജ് മഞ്ചേരി)
ശിക്ഷ, ശിക്ഷണം എന്നീ വാക്കുകള്‍ വിദ്യാഭ്യാസത്തിന്റെ പര്യായമായിട്ടാണ് പണ്ടുമുതലേ ഉപയോഗിച്ചു പോരുന്നത്. ശിക്ഷ എന്ന വാക്കിന് പഠിപ്പിക്കുക, ഉപദേശിക്കുക, പരിശീലനം നല്‍കുക എന്നെല്ലാമാണര്‍ഥം. വിമര്‍ശനവും താക്കീതും 'ശിക്ഷിക്കലു'മെല്ലാം ഇതിന്റെ അര്‍ഥ പരിധിയില്‍ പെടുന്നു.
പഴയകാല വിദ്യാഭ്യാസത്തില്‍ ശിക്ഷ ഒരു അനിവാര്യ ' ഉപകരണ'മായിരുന്നു. ശാരീരികവും മാനസികവുമായ ശിക്ഷകള്‍ വിദ്യാര്‍ഥികളെ 'നേര്‍വഴിയില്‍' നയിക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, ഇന്ന് അത്തരം ശിക്ഷകള്‍ പ്രയോജനപ്പെടുന്നില്ല എന്നു മാത്രമല്ല കുട്ടികളില്‍ അത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഇതിനര്‍ഥം തിരുത്തലുകളും മാര്‍ഗനിര്‍ദേശങ്ങളും വേണ്ട എന്നല്ല. ഇരുപത് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍, ശിക്ഷയെക്കാള്‍ പ്രചോദനവും സഹാനുഭൂതിയുമാണ് വിദ്യാര്‍ഥികളെ കൂടുതല്‍ ഫലപ്രദമായി രൂപപ്പെടുത്തുന്നതെന്നാണ് എന്റെ അനുഭവം .
കുട്ടികളുടെ വ്യക്തിത്വം അംഗീകരിക്കുക
ഓരോ കുട്ടിയും മുതിര്‍ന്നവരെപ്പോലെ തന്നെ സ്വന്തമായ നിലപാടും വ്യക്തിത്വവും ഉള്ളവരാണ്. അവരുടെ അഭിമാനത്തെ മുറിപ്പെടുത്താതെ വേണം കാര്യങ്ങള്‍ അവര്‍ക്ക് തിരുത്തിക്കൊടുക്കാന്‍. പഠനക്കുറവിന് ഒരു കാരണവശാലും ഒരാളെയും ശിക്ഷിക്കേണ്ടതില്ല. അവനെ പരിശ്രമശാലി ആക്കുന്നതിന് വേണ്ട കാര്യങ്ങള്‍ കൂടെ നിന്നു ചെയ്തു കൊടുത്താല്‍ മതി. എന്നാല്‍, സ്വഭാവദൂഷ്യമുള്ള ഒരു വിദ്യാര്‍ഥി അത് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും അത് തിരുത്തപ്പെടേണ്ടതുണ്ട്. പക്ഷേ, കുട്ടിയെ പരസ്യമായി ശാസിക്കരുത്. ഒറ്റയ്ക്ക് വിളിച്ച്, സൗഹൃദപൂര്‍വം സംസാരിച്ച്, കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. അവന്റെ കഴിവുകളെക്കുറിച്ച് സംസാരിക്കുക. പതിയെ അവന്‍ പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് വന്നുകൊള്ളും. അധ്യാപകരുടെ സഹാനുഭൂതിയോടെയുള്ള പെരുമാറ്റം വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും നല്‍കുന്നു.
അംഗീകാരങ്ങള്‍ നല്‍കുക
നല്ല പെരുമാറ്റങ്ങളെയും ചെറിയ നേട്ടങ്ങളെയും അംഗീകരിക്കുന്നത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഉദാഹരണത്തിന്, ഒരു വിദ്യാര്‍ഥി ഒരു ചെറിയ ജോലി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍, അവനെ വാക്കുകളിലൂടെ പ്രശംസിക്കുന്നത് അവന്റെ ഉത്സാഹം ഇരട്ടിപ്പിക്കും. ഇത് ശിക്ഷയേക്കാള്‍ ഫലപ്രദമായി പെരുമാറ്റത്തെ രൂപപ്പെടുത്തും.
സാങ്കേതികവിദ്യയുടെ സര്‍ഗാത്മക ഉപയോഗം
ഇന്നത്തെ വിദ്യാര്‍ഥികള്‍ സാങ്കേതികവിദ്യയോട് അടുപ്പമുള്ളവരാണ്. ഓണ്‍ലൈന്‍ ഉപകരണങ്ങള്‍, ആപ്പുകള്‍, ഗെയിമിഫൈഡ് പഠനരീതികള്‍ എന്നിവ ഉപയോഗിച്ച് പഠനം രസകരമാക്കാം. ഉദാഹരണത്തിന്, ഒരു വിഷയം ഓണ്‍ലൈന്‍ ക്വിസോ വീഡിയോയോ ആയി അവതരിപ്പിക്കുമ്പോള്‍, വിദ്യാര്‍ഥികളുടെ ശ്രദ്ധയും താല്‍പര്യവും വര്‍ധിക്കുന്നത് ക്ലാസുകളില്‍ കണ്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ജോലികള്‍ വിഭജിച്ചു കൊടുത്ത് അവര്‍ക്ക് പലതരം പഠനാനുഭവങ്ങളിലൂടെയും കടന്നുപോവാന്‍ അവസരം കൊടുത്താല്‍ അവര്‍ പോസിറ്റീവ് ചിന്താഗതി ഉള്ളവരായി മാറുന്നതാണ് അനുഭവം.
വ്യക്തിഗത ശ്രദ്ധ നല്‍കുക
ഓരോ കുട്ടിയും തനതാണ്; അവരുടെ കഴിവുകളും ബലഹീനതകളും വ്യത്യസ്തമാണ്. ഒരു വിദ്യാര്‍ഥിയുടെ പഠനശൈലിക്ക് അനുയോജ്യമായ രീതികള്‍ നിര്‍ദേശിക്കുന്നത് അവന്റെ പുരോഗതിക്ക് സഹായകമാണ്. വ്യക്തിഗത ശ്രദ്ധ നല്‍കുമ്പോള്‍, കുട്ടികള്‍ക്ക് തങ്ങള്‍ വിലമതിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകും.
ചര്‍ച്ചയും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുക
കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും അവസരം നല്‍കുന്നത് അവരില്‍ വിമര്‍ശനാത്മക ചിന്തയും സര്‍ഗാത്മകതയും വളര്‍ത്തും. ക്ലാസില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തുമ്പോള്‍, വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പങ്കാളികളാകുന്നത് എന്റെ അനുഭവത്തില്‍ കണ്ടിട്ടുണ്ട്. കുട്ടികള്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിമുകളുടെ പ്രകാശനത്തിനു വേണ്ടി ഒരു വിദ്യാലയത്തില്‍ പോയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഒരാഴ്ച സമയമാണ് അധ്യാപകര്‍ കൊടുത്തത്. സ്വന്തമായി വിഷയം കണ്ടെത്തുകയും അവര്‍ തന്നെ അഭിനയിക്കുകയും മൊബൈലില്‍ ഷൂട്ട് ചെയ്യുകയും ചെയ്ത ഗംഭീരമായ കുഞ്ഞു സിനിമകള്‍. ഫോട്ടോഗ്രാഫിയും എഡിറ്റിംഗുമെല്ലാം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ഇതാണ് കുട്ടികള്‍. അവര്‍ക്ക് അവസരം കൊടുക്കുകയാണ് വേണ്ടത് പഴി പറയുകയല്ല.
അഡ്വ. ഫഹീമ കെ. ഹനീഫ്
(രണ്ടാം വര്‍ഷ എൽ എൽ എം വിദ്യാര്‍ഥിനി, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് , കുസാറ്റ്)
ഒരു കുട്ടിയുടെ വളര്‍ച്ചക്ക് സമൂഹത്തിനും നീതിന്യായ വ്യവസ്ഥക്കും വളരെയധികം പങ്കുണ്ട്. മാനസികമായും ശാരീരികമായും അവരെ ചേര്‍ത്തു പിടിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ കുട്ടികളുടെ അവകാശത്തിനും സംരക്ഷണത്തിനും ഒരുപാട് നിയമങ്ങളുണ്ട്. കുട്ടികളുടെ ആരോഗ്യം, അതിജീവനം, സുരക്ഷിതത്വം, വിദ്യാഭ്യാസം, തൊഴില്‍പരവും ലൈംഗികവുമായ ചൂഷണത്തില്‍ നിന്നുള്ള പരിരക്ഷ എന്നിവ ഉള്‍ക്കൊള്ളിച്ച അനുച്ഛേദങ്ങളാണ് ഭരണഘടന അനുശാസിക്കുന്നത്. യു.എന്‍ ജനറല്‍ അസംബ്ലി 1989 നവംബര്‍ 20-നാണ് കുട്ടികളുടെ അവകാശ പ്രഖ്യാപന ഉടമ്പടി ഐകകണ്ഠ്യേന അംഗീകരിച്ചത്. 1992-ലാണ് ഇന്ത്യ ഈ ഉടമ്പടി സ്വീകരിച്ചത്. ഇതിലൂടെ ഇന്ത്യയിലെ ബാലാവകാശ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജിതമായി. ഉടമ്പടി പ്രകാരം കുട്ടികളുടെ അവകാശങ്ങളെ അതിജീവനാവകാശം, സംരക്ഷണാവകാശം, ഉന്നമനാവകാശം, പങ്കാളിത്താവകാശം തുടങ്ങിയ നാല് തരങ്ങളിലായി തിരിച്ചിട്ടുണ്ട്. കുട്ടിക്ക് ജനിക്കാനുള്ള അവകാശം ഉണ്ടെന്നും അവര്‍ക്ക് ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും പോഷകാഹാരങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും അവര്‍ക്ക് ഒരു നാമവും ദേശീയതയും നല്കണമെന്നുള്ളതുമാണ് അതിജീവനാവകാശവുമായി ബന്ധപ്പെട്ടുകൊണ്ട് പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 39-ല്‍ കുട്ടികള്‍ക്ക് വളരാന്‍ സ്വാതന്ത്ര്യവും അന്തസ്സും നിലനില്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് പറയപ്പെടുന്നുണ്ട്. ധാര്‍മികവും ഭൗതികവുമായ അവഗണനയില്‍ നിന്നും ബാല്യത്തെയും യുവത്വത്തെയും സംരക്ഷിക്കുകയും ആഹ്ലാദകരമായ ചുറ്റുപാടില്‍ അഭിമാനത്തോടെ, സര്‍ഗാത്മകമായി വളര്‍ന്നുവരുന്നതിനുള്ള ജീവിത പരിസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിന്റേതാണെന്നതാണ് ദേശീയവും അന്തര്‍ദേശീയവുമായ ബാലാവകാശ സംരക്ഷണ നിയമങ്ങളുടേയും ഉടമ്പടികളുടേയും രത്‌നച്ചുരുക്കം.
ഇത്രയൊക്കെ ഉണ്ടെങ്കിലും പല കുട്ടികളും പീഡനങ്ങള്‍ക്ക് ഇരയാകുന്നത് നിത്യക്കാഴ്ചയാണ്. ശാരീരികമായും മാനസികമായും ലൈംഗികമായും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. അവരോടുള്ള അവഗണനയും ഒരു തരത്തിലുള്ള പീഡനമായി കണക്കാക്കാവുന്നതാണ്. ലൈംഗിക അതിക്രമങ്ങളില്‍നിന്ന് 18 വയസ്സിന് താഴെയുള്ള കുട്ടികളെ ആണ്‍-െപൺ ഭേദമന്യേ സംരക്ഷിക്കുന്നതിന് വേണ്ടി Offences A Protection of Children from Sexual offence act എന്നൊരു നിയമം 2012-ല്‍ ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുണ്ട്. 2019-ലെ ഭേദഗതിയില്‍ മാക്‌സിമം 5 വര്‍ഷമായിരുന്ന ജയില്‍ ശിക്ഷയെ മിനിമം 5 വര്‍ഷമാക്കി മാറ്റിയിട്ടുണ്ട്. അതായത് ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചു. അതുപോലെ തന്നെ ഇത്തരം ചൂഷണങ്ങളെ കുറിച്ച് അറിയുകയും പിന്നീട് അത് റിപ്പോര്‍ട്ട് ചെയ്യാതെ വരുന്ന പക്ഷം അയാള്‍ക്കെതിരെ കേസെടുക്കുന്നതായിരിക്കും. 2025 മെയ് വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 2000-ത്തോളം പോക്സോ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കണക്കുകള്‍ വളരെ ഭീതിപ്പെടുത്തുന്നതാണ്. എന്നാല്‍, പലപ്പോഴും ഇത്തരത്തിലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണാം. പലപ്പോഴും കുട്ടികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളില്‍ പ്രശ്‌നം വരുന്ന സമയത്ത് പെണ്‍കുട്ടി 18 വയസ്സിന് താഴെയുള്ളതാണെങ്കില്‍ ആണ്‍കുട്ടിക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ POCSO നിയമം ഉപയോഗിച്ച് കേസ് കൊടുക്കുന്നതായി കാണാം. കുട്ടികള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ പോക്സോ ഉപയോഗിച്ച് കള്ളക്കേസുകള്‍ കൊടുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും കുടുംബകോടതികളില്‍ കുട്ടികളെ പിതാവിന്റെ കൂടെ വിടണമെന്ന് കോടതി പറയുമ്പോള്‍ അവിടെയും പോക്സോ മുമ്പില്‍ വെച്ച് മാതാക്കള്‍ പിതാക്കള്‍ക്കെതിരെ കഥകള്‍ സൃഷ്ടിച്ചെടുക്കാറുണ്ട്. അതുപോലെ തന്നെ കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങളിലോ അതിര്‍ത്തി തര്‍ക്കങ്ങളിലോ പോക്സോ നിയമത്തിന്റെ മറവില്‍ പരസ്പരം കേസുകള്‍ നിര്‍മിച്ച് കുടുംബങ്ങള്‍ കോടതിയെ സമീപിക്കാറുണ്ട്. ഇത്തരം പ്രവണതകള്‍ അധികമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇത് കോടതിയുടെ മുന്നില്‍ വരുമ്പോള്‍ പലപ്പോഴും ഇതൊക്കെയും കള്ളങ്ങളാണെന്ന് തെളിയാറുണ്ട്. പശ്ചിമ ബംഗാളിലെ 14 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി 25 വയസ്സുള്ള തന്റെ ആണ്‍സുഹൃത്തിന്റെ കുട്ടിക്ക് ജന്മം നല്‍കുകയും ഇവര്‍ പരസ്പരം വിവാഹിതരാവുകയും ചെയ്തു. പോക്സോ നിയമ പ്രകാരം ഈ ആണ്‍സുഹൃത്തിനെ കോടതി ജയില്‍ ശിക്ഷക്ക് വിധിക്കുകയും എന്നാല്‍ മെയ് 2025 സുപ്രീം കോടതി ഇവരുടെ സാമൂഹിക ക്ഷേമത്തെ മുന്‍നിര്‍ത്തി മാപ്പ് നല്‍കുകയും ചെയ്തു. ഈ ഒരു വിധിയും നിരവധി നിയമ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
പലപ്പോഴും കുട്ടികള്‍ തന്നെയും മുന്‍കൈയെടുത്ത് പല കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് കാണാം. അത്തരത്തിലുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ സംരക്ഷണത്തിനായി 2015-ല്‍ The Juvenile Justice (Care and Protection of Children) Act എന്ന നിയമം കൂടി ഇന്ത്യയില്‍ പ്രാബല്യത്തിലുണ്ട്. ഇതു പ്രകാരം 'Child' എന്ന നിര്‍വചനത്തില്‍ 18 വയസ്സിന് താഴെ വരുന്ന എല്ലാ കുട്ടികളും ഉള്‍പ്പെടുന്നതായിരിക്കും. കുട്ടികളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിനും കുട്ടികള്‍ ചെയ്തു് പോരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ അവരെ ഗുണകാംക്ഷയോടെ തിരുത്തലുമാണ് ഈ നിയമം ഉദ്ദേശ്യമാക്കുന്നത്.
എത്രയൊക്കെ നിയമസംവിധാനങ്ങളുണ്ടെങ്കിലും 2025 മെയ് മാസത്തെ സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ ഒമ്പതോളം കുട്ടികള്‍ കൊല ചെയ്യപ്പെടുകയും 55-ഓളം കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ടുള്ളതുമായി കാണാന്‍ സാധിക്കുന്നതാണ്. ഓരോ സംസ്ഥാനങ്ങളിലും Child Line സംവിധാനങ്ങളുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ 1098 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
എന്നാല്‍, പലപ്പോഴും കുട്ടികളുടെ സംരക്ഷണവും വളര്‍ച്ചയും സര്‍ക്കാരിന്റെയോ നിയമ വ്യവസ്ഥയുടെയോ ഉത്തരവാദിത്വമല്ല. മറിച്ച്, പ്രാഥമികമായും കുടുംബത്തിന്റെയും മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. നന്മ നിറഞ്ഞ കുടുംബ പശ്ചാത്തലം സൃഷ്ടിച്ചെടുക്കുന്നതിലൂടെ ഓരോ കുട്ടിയെയും നല്ല രീതിയില്‍ വാര്‍ത്തെടുക്കാന്‍ സാധിക്കും.
ജൗഹറ കുന്നക്കാവ്
(അധ്യാപിക, കാപ്പ് ഗവ: ഹൈസ്‌കൂള്‍)
കലോത്സവ വേദിയാണ് രംഗം. പ്രൈമറി സെക് ഷനിലെ ഒരു കുഞ്ഞു പ്രതിഭ മോണോആക്ടുമായി വേദിയില്‍ നിറഞ്ഞ് അഭിനയിക്കുകയാണ്. ക്ലാസ് മുറിയാണ് അവതരണ പശ്ചാത്തലം. ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് കുട്ടികള്‍ ഉത്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഡോക്ടര്‍... ടീച്ചര്‍... പൈലറ്റ്... ഒടുവിലത്തെ കുട്ടിയുടെ ഉത്തരം കേട്ട് ടീച്ചറും സദസ്യരും ഒരുപോലെ ഞെട്ടുന്നു. എനിക്കെന്റെ മാതാവിന്റെ കൈയിലെ മൊബൈല്‍ ഫോണ്‍ ആയാല്‍ മതി. എന്നാല്‍ എപ്പോഴും അമ്മയുടെ കൂടെ ഇരിക്കാമല്ലോ. സദസ്സിലെ രക്ഷിതാക്കളുടെ മനസ്സിലേക്ക് വേദനിപ്പിക്കുന്ന ഒരു വലിയ സത്യത്തിന് തിരികൊളുത്തിയിട്ട് കര്‍ട്ടന്‍ പതിയെ താഴ്ന്നു.
കുഞ്ഞുങ്ങള്‍ ദൈവാനുഗ്രഹങ്ങളാണ്. സമ്പത്തും സൗഭാഗ്യവുമാണവര്‍. കുട്ടികളെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ബോധ്യമാകുന്ന ചില കാര്യങ്ങളുണ്ട്. ഓരോ കുട്ടിയും തീര്‍ത്തും വ്യത്യസ്തരാണ്. ഏറെ സവിശേഷതയാര്‍ന്ന കലാശില്‍പങ്ങള്‍. മികച്ച ബോധന ശിക്ഷണ രീതികളിലൂടെ മികവുറ്റ വ്യക്തിത്വങ്ങളായി അവരെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ കടപ്പെട്ടവരാണ് നമ്മള്‍. കുട്ടികള്‍ക്ക് ശിക്ഷകള്‍ നല്‍കിയാണ് വളര്‍ത്തേണ്ടത് എന്ന ചിന്താഗതി പുലര്‍ത്തുന്നവര്‍ ഇന്ന് തീരെ ഇല്ലെന്ന് തന്നെ പറയാം. കാരണം, കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുംബങ്ങളിലേക്ക് കൂടുമാറിയ സാമൂഹിക സാഹചര്യത്തില്‍ അമിത ലാളനയുടെയും കരുതലിന്റെയും കാത്തുവെപ്പിന്റെയും പണാധിപത്യത്തിന്റെയും കുത്തൊഴുക്കില്‍ സ്നേഹം വഴിഞ്ഞൊഴുകുന്ന രീതിയാണ് ഇന്ന് മിക്ക കുടുംബങ്ങളിലും കാണാന്‍ കഴിയുന്നത്.
'ഒന്നാണെങ്കില്‍ ഉലക്കകൊണ്ട് അടിച്ചു വളര്‍ത്തണ'മെന്ന പഴമൊഴിയെ നെഞ്ചേറ്റിയിരുന്നവര്‍, ഞാനെന്റെ മക്കളെ അടിച്ചു പഠിപ്പിച്ചതാണ് എന്ന് പൊങ്ങച്ചം പറഞ്ഞിരുന്നവര്‍ കുട്ടികള്‍ മികച്ച വ്യക്തിത്വങ്ങളായി വളരാനും അവരുടെ സ്വഭാവഗുണങ്ങളുടെ മാറ്റുകൂട്ടാനും ശിക്ഷകള്‍ക്കു മാത്രമേ കഴിയുകയുള്ളൂ എന്ന് ഉറച്ച് വിശ്വസിച്ചിരുന്നവരാണ് അക്കൂട്ടര്‍.
കുഞ്ഞുങ്ങളുടെ ശുദ്ധ പ്രകൃതത്തെ സമഗ്രവും സമീകൃതവും ആയി നിലനിര്‍ത്തുക എന്നത് രക്ഷിതാക്കളുടെ, അധ്യാപകരുടെ, സമൂഹത്തിന്റെ ബാധ്യതയാണ്. കുട്ടികള്‍ക്ക് നല്‍കുന്ന ശിക്ഷണ പ്രക്രിയയില്‍ മനഃശാസ്ത്ര തത്ത്വങ്ങളോട് യോജിക്കുന്ന രീതിയാണ് അധ്യാപകരും രക്ഷിതാക്കളും സ്വീകരിക്കേണ്ടത്.
കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷ പ്രതികാരമായോ പകപോക്കല്‍ ആയോ തോന്നിക്കഴിഞ്ഞാല്‍ അവ ഉളവാക്കുന്ന ഫലങ്ങള്‍ വിപരീതമായിരിക്കും. ശിക്ഷിക്കപ്പെട്ടത് തന്നിലെ തെറ്റ് തിരുത്താനുള്ള ഗുണകാംക്ഷാ നടപടിയായിട്ടാണ് അവര്‍ക്ക് തോന്നേണ്ടത്. അങ്ങനെ തോന്നുമ്പോഴാണ് മികച്ച ഫലങ്ങള്‍ ലഭിക്കുക. നൈരന്തര്യവും സമയവും ആവശ്യമുള്ള ഒരു സംസ്‌കരണ പ്രക്രിയയാണ് ശിക്ഷണം. ശിക്ഷ കുട്ടിയുടെ തലച്ചോറിനെയും ശാരീരികാവസ്ഥകളെയും പ്രതികൂലമായി ബാധിക്കുമ്പോള്‍ ശിക്ഷണം ചിന്തകളില്‍ പോസിറ്റീവ് പ്രതികരണങ്ങള്‍ക്ക് നിദാനമാവുകയും, ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളോട് ഫലപ്രദമായി പ്രതികരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. തീര്‍ത്തും ശാന്തവും വ്യത്യസ്തവുമാണ് ശിക്ഷണത്തിന്റെ രീതികള്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ സഹപാഠികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ ദാരുണവും സമൂഹ മനഃസാക്ഷിയെ ആകമാനം പിടിച്ചുലക്കുകയും ചെയ്ത അനുഭവങ്ങളുടെ സമയത്ത് കേരളീയ സമൂഹം ഒന്നടങ്കം 'അധ്യാപകര്‍ക്ക് അവരുടെ വടി തിരിച്ചു നല്‍കൂ' എന്ന് വിലപിക്കുന്നത് കണ്ടു. വിദ്യാലയങ്ങളില്‍ നിന്ന് ചൂരല്‍ വടിയും ശിക്ഷാ നടപടിയും ഒക്കെ ബാലാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ചുമലിലേറി പടിയിറങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, അധ്യാപകര്‍ക്ക് അവരുടെ വടി തിരിച്ചു നല്‍കിയാല്‍ തീരുന്നതാണോ നിലവിലെ പ്രശ്നങ്ങള്‍? ശിക്ഷയെയും ശിക്ഷാ മുറകളെയും പക്വതയാര്‍ന്ന മനസ്സോടെ സ്വീകരിക്കുകയും തിരുത്തലുകള്‍ സര്‍വാത്മനാ സുമനസ്സോടെ സ്വീകരിക്കുകയും മാറ്റം വരുത്തുകയുമൊക്കെ ചെയ്യുന്ന ഒരു തലമുറയല്ല ഇപ്പോഴത്തെ വിദ്യാര്‍ഥി സമൂഹവും രക്ഷാകര്‍ത്താക്കളും. അതുകൊണ്ട് അധ്യാപകര്‍ ശിക്ഷാമുറകളിലേക്ക് തിരിച്ചു നടക്കുക എന്നത് ഒരു പരിഹാരമേ അല്ല. മറിച്ച്, പുതു തലമുറയുടെ സ്പന്ദനങ്ങളെ ഉള്‍ക്കൊണ്ട് മികച്ച ശിക്ഷണരീതികള്‍ അവലംബിക്കുക എന്നതാണ് നമുക്ക് ചെയ്യുവാനുള്ളത്.
കുഞ്ഞുനാളിലെ ഒരു സംഭവം മനസ്സിലേക്ക് ഓടി അണയുകയാണ്. പ്രസവത്തിനായി ഉമ്മ വീട്ടിലായിരുന്ന ഒരവധിക്കാലം. ഞാന്‍ ഉപ്പയുടെ വീട്ടിലാണ്. എന്നെ ഉമ്മ വീട്ടിലേക്ക് കൊണ്ടുപോകാനായി പെട്ടെന്ന് വീട്ടില്‍ അതിഥികള്‍ എത്തുന്നു. നട്ടുച്ച സമയത്താണ് ഈ അപ്രതീക്ഷിത വരവ്. വല്ലിമ്മ പപ്പടം കാച്ചാന്‍ നോക്കുമ്പോള്‍ എണ്ണയില്ല. പെട്ടെന്ന് എണ്ണക്കുപ്പിയുമായി വല്ലിമ്മ ഓടിവന്ന് ഒരല്‍പം ദൂരെയുള്ള കടയിലേക്ക് എന്നെ പറഞ്ഞുവിട്ടു. ചില്ല്കുപ്പികളിലായിരുന്നു അന്ന് വീട്ടില്‍ എണ്ണ സൂക്ഷിച്ചിരുന്നത്. എണ്ണയൊക്കെ വാങ്ങി ഞാന്‍ വീടെത്താറായി. വീടിന് മുമ്പില്‍ ഒരു വലിയ പാറയുണ്ട്. പാറയില്‍, വന്ന അതിഥികളും വീട്ടുകാരും എല്ലാവരും കൂടി ചായ കുടിയും കഴിഞ്ഞ് വിശേഷങ്ങള്‍ പങ്ക് വെക്കുകയാണ്. വല്ലിമ്മ എന്നെ നോക്കി വേഗം വാ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും പെട്ടെന്നെത്താനായി ഓടിയ എന്റെ കൈയില്‍ നിന്നും താഴെ വീണ എണ്ണക്കുപ്പി പാറപ്പുറത്ത് ചിന്നിച്ചിതറി വീണു. എണ്ണ പരന്നിറങ്ങി എണ്ണക്കറുപ്പില്‍ പാറപ്പുറം ഒന്നു കൂടി തിളങ്ങി വിങ്ങി. സങ്കടത്താലും പേടിയാലും എന്റെ മനസ്സ് വിങ്ങി. പക്ഷേ, സംഭവം നോക്കി നിന്ന വല്ലിപ്പ ചിരിച്ച് കൊണ്ട് പറഞ്ഞു: സാരല്ല, ഓളായതോണ്ട് അത് അവിടെങ്കിലും എത്തി. ഓ, ന്റെ കുട്ട്യേന്നും പറഞ്ഞ് വല്ലിമ്മ വീട്ടിനുള്ളിലേക്ക് ഓടുന്നത് കണ്ടു. (കൂട്ടു കുടുംബമായതിനാല്‍ അന്ന് വീടിനുള്ളില്‍ എല്ലാ റൂമിലും കുളി ആവശ്യത്തിന് എണ്ണ സൂക്ഷിക്കാറുണ്ടായിരുന്നു. അതെല്ലാം സ്വരൂപിച്ച് പപ്പടം റെഡിയാക്കി എന്ന് പിന്നീട് മനസ്സിലായി).
അന്നെന്നെ ശകാരിച്ചില്ലെന്ന് മാത്രമല്ല ഓളായതോണ്ട് അത് അവിടെങ്കിലും എത്തിച്ചു എന്ന ആ വാക്കുകള്‍ എനിക്ക് തെല്ലൊന്നുമല്ല ആശ്വാസമായത്. പിന്നീട് ആ സന്ദര്‍ഭം സംസാര ശകലങ്ങള്‍ക്കിടെ ഓര്‍മിക്കപ്പെടുമ്പോഴെല്ലാം വല്ലിപ്പ അത് തന്നെയായിരുന്നു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. എത്രയോ തവണ പിന്നീട് കടയിലേക്ക് പോയെങ്കിലും അങ്ങനെയൊന്ന് ആവര്‍ത്തിച്ചിട്ടേയില്ല. മറിച്ച്, അന്ന് വലിയ തോതിലുള്ള ശകാരമോ കുറ്റപ്പെടുത്തലോ സംഭവിച്ചിരുന്നുവെങ്കില്‍ ആത്മവിശ്വാസം പാടേ തകരുമായിരുന്നു. സൈക്കോളജിയുടെ ശാസ്ത്രീയ പാഠങ്ങള്‍ അഭ്യസിച്ചിട്ടൊന്നുമല്ല, പക്ഷേ, മക്കളോട് ഏതൊക്കെ സന്ദര്‍ഭത്തില്‍ എങ്ങനെയൊക്കെ പെരുമാറണമെന്ന് പഴയ തലമുറക്ക് നല്ല ബോധ്യമുണ്ടായിരുന്നു.....
അസീൽ മുഹമ്മദ്
(ബി. എസ്. സി സൈക്കോളജി, ഫാറൂഖ് കോളേജ്)
കുട്ടികളും പാരന്റിംഗും ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമാണ്. എപ്പോഴും കുട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിശകലനങ്ങളും നടക്കാറുണ്ടെങ്കിലും ഇപ്പോഴതിന് കൂടുതല്‍ ഇടം ലഭിക്കാനുള്ള കാരണം തലമുറകള്‍ തമ്മില്‍ കാഴ്ചപ്പാടിലും ചെറുപ്പം മുതല്‍ ഫീഡ് ചെയ്യപ്പെടുന്ന കാര്യങ്ങളിലും മറ്റുമുണ്ടായ വലിയ അകല്‍ച്ചയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍, കുട്ടികളെ മനസ്സിലാക്കുന്നതിലും പുതിയ തലമുറ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിലും വലിയ പ്രതിസന്ധികള്‍ രൂപപ്പെടുന്നു. അതുകാരണം കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. ചുറ്റുമുള്ളവര്‍ തന്റെ വീക്ഷണങ്ങളെയും ചിന്തകളെയും മനസ്സിലാക്കാത്തതിലുള്ള നിരാശയും നമുക്ക് കാണാന്‍ കഴിയും.
പുതിയ തലമുറയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ blame-game പോലെ ആണ് അനുഭവപ്പെട്ടത്. തൊണ്ണൂറുകളില്‍ ജനിച്ചവര്‍ രണ്ടായിരത്തില്‍ ജനിച്ചവരെ കുറ്റം പറയും, എണ്‍പതില്‍ ജനിച്ചവര്‍ തൊണ്ണൂറില്‍ ജനിച്ചവരെയും. അതുകൊണ്ടുമാത്രം കാര്യമില്ല എന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് ദിവസവും അക്രമത്തിന്റെയും ലഹരിയുടെയും വിദ്യാര്‍ഥി ആത്മഹത്യയുടെയും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതിന് ശേഷമാണ്. മോണോലോഗ് കൊണ്ടോ ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം പ്രസംഗങ്ങള്‍ കൊണ്ടോ കുട്ടികളുടെ ഉള്ളറിയാന്‍ കഴിയില്ലെന്ന് മെല്ലെയെങ്കിലും നമ്മള്‍ തിരിച്ചറിയുന്നുണ്ട്.
കുട്ടികളെ അറിയാന്‍ ശ്രമിക്കുന്നവര്‍ ആദ്യം പരിശീലിക്കേണ്ടത് അവരെ ഒന്ന് കേള്‍ക്കാനാണ്. മുന്‍ധാരണകളില്ലാതെ മുതിര്‍ന്നവരായ തങ്ങള്‍ മനസ്സിലാക്കിയ പലതും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് തിരുത്താന്‍ മനസ്സിനെ പാകപ്പെടുത്താനും തയ്യാറാവണം.
ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം ഹൈസ്‌കൂള്‍ കാലഘട്ടം വരെയെങ്കിലും അവര്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്ന സ്ഥലങ്ങള്‍ സ്‌കൂളും വീടുമാണ്. ഈ രണ്ടിടങ്ങളില്‍ നിന്നും വേണ്ടത്ര ഇമോഷണല്‍ സപ്പോര്‍ട്ട് കിട്ടുന്നില്ലെങ്കില്‍ അത് പിന്നീട് വരുന്ന പല പ്രശ്നങ്ങളുടെയും കാരണമാവാറുണ്ട്. ഇവിടെയാണ് വിദ്യാര്‍ഥികളെ പേടിപ്പിച്ച് നിര്‍ത്തുക, അടിച്ച് ശരിയാക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് പരിഹസിക്കുക, താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുക... തുടങ്ങി ചിലരെങ്കിലും ''കുട്ടിയെ നന്നാക്കാന്‍'' കണ്ടെത്തിയ വഴികളുടെ പ്രശ്നം. ഇത് ചോദ്യം ചോദിക്കാത്ത, ആശയ വിനിമയം ചെയ്യാത്ത നിഷ്‌ക്രിയരായ കുട്ടികളെ സൃഷ്ടിക്കുന്നു. വിദ്യാര്‍ഥികളില്‍ കുറേ കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ഇത് കാരണമാകുന്നു.
കുട്ടികളെ തുറന്ന് കേള്‍ക്കാന്‍ തയ്യാറാവാത്തിടത്തോളം കാലം ആ തലമുറ എന്താണ് ചിന്തിക്കുന്നതെന്നോ അവരുടെ മനസ്സിലൂടെ എന്താണ് കടന്നു പോകുന്നതെന്നോ ഉള്ള യാതൊരു ധാരണയും ഉണ്ടാവുകയില്ല. നമ്മുടെ ജീവിതവും നമ്മള്‍ കടന്നുവന്ന പശ്ചാത്തലവും നമ്മള്‍ വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്‍ധാരണകള്‍ മാത്രമാണ് നമുക്കുണ്ടാവുക. അതിന്റെ അടിസ്ഥാനത്തില്‍ ഒരു തലമുറയാകെ മോശമാണെന്നും ആ തലമുറയില്‍ പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും വിധി പറയാനല്ലാതെ യഥാര്‍ഥ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുകയില്ല.
തലമുറകള്‍ തമ്മിലുള്ള അന്തരംപോലെ പ്രധാനമാണ് വിദ്യാര്‍ഥികള്‍ ലോകത്തെ മനസ്സിലാക്കുന്നതിലുള്ള വേഗതയും. ഒരുപക്ഷേ, അവരെക്കാള്‍ കുറേക്കൂടി പ്രായമുള്ള ആളുകള്‍ മുപ്പതിലും നാല്‍പതിലും അറിഞ്ഞ ലോകത്തെക്കുറിച്ച് അതിനേക്കാള്‍ മനോഹരമായി ഇന്നത്തെ പതിമൂന്ന് വയസ്സുകാരനും പതിനാല് വയസ്സുകാരനും ധാരണയുണ്ടായേക്കാം. അത് അംഗീകരിച്ച് കൊടുക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്. ചിലപ്പോള്‍ കുട്ടികളില്‍നിന്ന് നമുക്കിങ്ങോട്ടും പഠിക്കാനുണ്ടാവും. പത്താമത്തെ വയസ്സിലും പതിനൊന്നാമത്തെ വയസ്സിലും വലിയ കച്ചവടക്കാരാകുന്ന ഒരുപക്ഷേ, ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കുട്ടികളുള്ള ലോകമാണിത്. മാനവിക മൂല്യങ്ങളെ കുറിച്ചാണെങ്കില്‍ crowd Funding കാമ്പയിനുകള്‍ വഴി ഒരുപാട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മാത്രം കെല്‍പ്പുള്ള ഒരു തലമുറയാണ് മുന്നിലിരിക്കുന്നത്. എങ്കിലും ഇവക്കൊപ്പം തന്നെ ചേര്‍ത്തുപറയേണ്ടതാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളായ ലഹരിയും വയലന്‍സും മറ്റുമെല്ലാം. കുട്ടികള്‍ ലോകത്തെ മനസ്സിലാക്കുന്നു. അതിന്റെ എല്ലാ വശങ്ങളേയും തിരിച്ചറിയുന്നുണ്ട്, എന്നാല്‍ ഇതില്‍ ഗുണവും ദോഷവുമുണ്ട്, സകല സംസ്‌കാരങ്ങളുമുണ്ട്. അതിലെ നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ കുട്ടികളെ ചേര്‍ത്തുപിടിക്കേണ്ടത് മേല്‍പറഞ്ഞ അധ്യാപകരുടെയും മാതാപിതാക്കളുടെയും അതോടൊപ്പം ഭരണ സംവിധാനത്തിന്റെയും ഉത്തരവാദിത്വമാണ്,
ലഹരി ഉപയോഗിക്കുന്ന കുട്ടികളേക്കാള്‍ പതിന്മടങ്ങെങ്കിലും കുട്ടികള്‍ കേരളത്തില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഒരു സിസ്റ്റം എന്ന നിലയില്‍ ഈ കുട്ടികള്‍ക്കായി കാര്യക്ഷമമായ എന്ത് സംവിധാനമാണ് ഇന്ന് നമുക്കുള്ളത്?
പലപ്പോഴും ശ്രദ്ധ പതിയാതെ പോകുന്ന എന്നാല്‍, വളരെ ഗൗരവതരമായ ഒന്നാണ് ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ എത്തുന്ന കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍. ഓരോ ദിവസവും കേരളത്തില്‍ മാത്രം പതിനായിരങ്ങളുടെ കച്ചവടം നടക്കുന്നുണ്ട് ഈ മേഖലയില്‍. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇതിന്റെ ഇരകളാണ്. ഇതിനെ തടയാന്‍ ഒന്നുമില്ലെങ്കില്‍ ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഘട്ടത്തില്‍ തന്നെ തന്റെ അതിര്‍വരമ്പുകള്‍ എവിടെയെല്ലാം ആവണമെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ എത്രത്തോളം നമുക്കാവുന്നുണ്ട്?
പാഠ്യപദ്ധതി പരിഷ്‌കരണവും പോളിസി മാറ്റങ്ങളും വീണ്ടും വീണ്ടും ഉന്നയിക്കാനുള്ള കാരണങ്ങള്‍ ഇവയൊക്കെ തന്നെയാണ്. നമുക്ക് വേണ്ടത് ഒരു മണിക്കൂറിന്റെയോ അര മണിക്കൂറിന്റെയോ അന്തി ചര്‍ച്ചകളല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണ്, അതിനുള്ള പ്രവര്‍ത്തനമാണ്.
ഫാത്തിമ മക്തൂം
(രക്ഷിതാവ് )
എല്ലാവരും എന്തിനാ ഇപ്പോഴത്തെ കുട്ടികളെ കുറ്റം പറയുന്നത്?
സമകാലിക സംഭവങ്ങളെ ചൊല്ലിയുള്ള യു ട്യൂബ് വീഡിയോസ് കണ്ടു കൊണ്ടിരുന്ന 11 വയസ്സുകാരന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു.
ഒരു കാലഘട്ടത്തില്‍ ജനിച്ചതു കൊണ്ട് കുട്ടികളെല്ലാം മോശക്കാരാവുകയാണോ? അതോ ഒരു തലമുറയ്ക്ക് ലഭിച്ചിട്ടുള്ള സാഹചര്യത്തിലൂടെ അവര്‍ക്ക് ലഭ്യമായത് കൊണ്ട് അവര്‍ വളര്‍ന്നു വരികയാണോ?
സമൂഹമാധ്യമങ്ങളില്‍ നിന്ന് പുതിയ തലമുറയെ ഒളിച്ചുവെക്കാന്‍ ഒരിക്കലും സാധ്യമല്ലല്ലോ. അവരെക്കുറിച്ച് കുറേപ്പേര്‍ മോശമായി സംസാരിക്കുന്നത് പോലും ചിലരെയൊക്കെ ആവശ്യമില്ലാത്ത കുറ്റബോധം പേറുന്നവരായും മോശപ്പെട്ട തലമുറയായി സ്വയം വിലയിരുത്തുന്നവരായും മാറ്റുകയില്ലേ?
കുട്ടികള്‍ ഒരു കാര്യത്തെ തെറ്റായി മനസ്സിലാക്കുന്നത് എപ്പോഴാണ്?എങ്ങനെയാണ് മൂല്യബോധം കുട്ടികളിലുണ്ടാകുന്നത്? മുതിര്‍ന്നവരെപ്പോലെ കാര്യങ്ങളെ മനസ്സിലാക്കാനോ സാഹചര്യങ്ങളെ വിലയിരുത്താനോ പാകത്തില്‍ കുട്ടികളിലെ ചിന്താശേഷികള്‍ വളരുന്നില്ല. ഓരോ പ്രായത്തിലും ഉള്‍ക്കൊള്ളാനാവുന്ന കാര്യങ്ങളേ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ.
kohlberg എന്ന മനഃശാസ്ത്രജ്ഞന്റെ തിയറി അനുസരിച്ച് കുട്ടികള്‍ മൂല്യങ്ങള്‍ മനസ്സിലാക്കുന്നതിന് മൂന്ന് പ്രധാന ഘട്ടങ്ങളുണ്ട്. ഒരു കാര്യത്തെ തെറ്റാണെന്ന് മനസ്സിലാക്കുന്നതിന് ഓരോ പ്രായത്തിലും വ്യത്യസ്ത അളവുകളാണുള്ളത്. ഏകദേശം 2 മുതല്‍ 9 വയസ്സ് വരെയുള്ള ഘട്ടത്തില്‍ മുതിര്‍ന്നവര്‍ വിലക്കുന്ന കാര്യങ്ങളെയാണ് കുട്ടികള്‍ തെറ്റായി മനസ്സിലാക്കുന്നത്. ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ punishment ലഭിക്കുമെന്ന ബോധ്യത്തില്‍ നിന്നാണ് തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കുന്നത്. ലഭിക്കുന്ന കൊച്ചു സമ്മാനങ്ങളോ നല്ല വാക്കുകളോ ആഗ്രഹിച്ചാണ് 'നല്ല 'കുട്ടിയാവാന്‍ ശ്രമിക്കുന്നത് അല്ലെങ്കില്‍ അപകടങ്ങളെ മനസ്സിലാക്കുന്നത്. ഇവിടെ punishment ഇപ്പോഴും ശരീരികമായിരിക്കില്ല. കണ്ണുരുട്ടലോ ആവര്‍ത്തിച്ച് no പറഞ്ഞ് മാറ്റിനിര്‍ത്തലോ ഒക്കെ കുട്ടികള്‍ക്ക് ഒരു കാര്യം ചെയ്യാന്‍ പാടില്ലാത്തതാണെന്ന് മനസ്സിലാക്കിക്കൊടുക്കുന്നതാണ്. ഒരു ചീത്ത വാക്ക് പറയുകയോ ചെറിയ തെറ്റുകള്‍ ചെയ്യുകയോ ആവുമ്പോള്‍ കുഞ്ഞല്ലേ, എല്ലാം മനസ്സിലാക്കുമ്പോള്‍ നിര്‍ത്തും എന്ന് കരുതി തടയാതിരിക്കരുത്.
പിന്നീട് 13 വയസ്സ് വരെയൊക്കെ സാമൂഹിക ജീവിതത്തെക്കുറിച്ച് ബോധ്യമാവുമ്പോള്‍ സമൂഹത്തിനെ അനുസരിക്കാനും സാമൂഹിക നിയമങ്ങളെ ഉള്‍ക്കൊള്ളാനുമാണ് ധാര്‍മിക മൂല്യങ്ങള്‍ പുലര്‍ത്തി വരുന്നത്. അത് വഴി good boy, good girl എന്ന സോഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കുട്ടികള്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെ എല്ലാവരും ചെയ്യുന്നുണ്ടല്ലോ, you tube ല്‍ കാണുന്നുണ്ടല്ലോ എന്നൊക്കെയായിരിക്കും ചിലതൊക്കെ ചെയ്യാന്‍ പടില്ലാത്തതാണെന്ന് പറയുമ്പോള്‍ കുട്ടികളുടെ മറുപടി. രക്ഷിതാക്കള്‍ ബോധപൂര്‍വം സ്നേഹത്തോടെ ഇടപെട്ട് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കണം.
പിന്നീട് 13 വയസ്സിന് ശേഷം കൗമാര ഘട്ടത്തില്‍ അതു വരെ ലഭിച്ച വിവരങ്ങളും അനുഭവങ്ങളും അതിതീവ്ര വിചാരണകളിലൂടെ കടന്ന് പോവുന്ന ഘട്ടമാണ്. അതു വരെ ശരിയായി കണ്ടിരുന്ന പലതും മുഴുവനായും ശരിയല്ലെന്നും തെറ്റായി കണ്ട പല കാര്യങ്ങളും മുഴുവനായും തെറ്റല്ലെന്നുമൊക്കെ തിരിച്ചറിയുന്ന തിരിച്ചറിവുകളുടെ കാലഘട്ടം. സ്വന്തമായുണ്ടാകുന്ന മൂല്യബോധം ഓരോ വ്യക്തിയിലും ഓരോ കുടുംബത്തിലും ഓരോ സമൂഹത്തിലും ചില വ്യത്യസ്തങ്ങളൊക്കെ ഉള്ളതായിരിക്കും. അത് വരെ കേട്ടതും കണ്ടതും അനുഭവിച്ചതുമായതിന്റെ അനന്തരഫലങ്ങളായിട്ടായിരിക്കും ഓരോ വ്യക്തിയിലും മൂല്യബോധം രൂപപ്പെടുന്നത്.
കുട്ടികളില്‍ നിസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനാ കാര്യങ്ങള്‍ ചെറുപ്രായത്തില്‍ പറഞ്ഞു തന്നെ ചെയ്യിപ്പിക്കണം എന്ന് പറയുന്നത് അതു കൊണ്ടാണല്ലോ. ചെറുപ്പത്തില്‍ മാതാപിതാക്കളുടെ സമ്മാനങ്ങള്‍ ആഗ്രഹിച്ചും കുറച്ച് മുതിര്‍ന്നാല്‍ കൂട്ടുകാര്‍ക്കിടയില്‍ അംഗീകാരത്തിനും നോമ്പ് നോല്‍ക്കുന്ന കുട്ടികള്‍ മുതിര്‍ന്ന് വരുമ്പോള്‍ മൂല്യങ്ങള്‍ അറിഞ്ഞ് നോമ്പ് നോല്‍ക്കുന്നു. ഇങ്ങനെ സംഭവിക്കണമെങ്കില്‍ മൂല്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നവരുടെ ജീവിതത്തില്‍ അതിന്റെ മാധുര്യം കാണുക കൂടി വേണം.
സാമൂഹിക അരാജകത്വങ്ങളുടെയും ലിബറലിസത്തിന്റെ അതിരുവിട്ട സ്വാതന്ത്ര്യ വാദങ്ങളുടെയും വാര്‍ത്തകള്‍ കേട്ട് വളരുന്ന തലമുറയെ നമ്മളാഗ്രഹിക്കുന്ന മൂല്യങ്ങളിലൂടെ വളര്‍ത്തണമെങ്കില്‍ കാലഘട്ടം കുഞ്ഞുങ്ങള്‍ക്കേല്‍പ്പിക്കുന്ന മനസംഘര്‍ഷങ്ങളില്‍ അവരെ ചേര്‍ത്ത് പിടിച്ച് സ്നേഹിച്ച് തൊട്ടുതലോടി കര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. രക്ഷിതാക്കളുടെ ജീവിതത്തില്‍ അവര്‍ കൊണ്ടുനടക്കുന്ന മൂല്യങ്ങളുടെ മാധുര്യം കുട്ടികള്‍ക്ക് അനുഭവിച്ചറിയാനാവണം. എങ്കില്‍ മാത്രമേ കൊലവിളികളും കില്ലര്‍ സിനിമകളും ഗെയിമുകളും നോര്‍മലൈസ് ചെയ്യപ്പെടുന്ന കാലത്ത് അടിപതറാതെയുള്ള നിലനില്‍പ്പ് സാധ്യമാകൂ.
യു. ഷൈജു
(മാധ്യമ പ്രവര്‍ത്തകന്‍, മീഡിയാ വണ്‍)
ശശിക്കും ഭാര്യക്കും ഒരു ദിവസം ഒറ്റക്ക് ഇരുന്ന് പ്രേമിക്കാന്‍ മോഹം. പക്ഷേ, ചെറിയ മോന്‍ വീട്ടിലുണ്ട്. അവനെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വഴി ആലോചിച്ചു. അവസാനം ശശി മകനോട് പറഞ്ഞു: മോനേ, നീ ബാല്‍ക്കെണിയില്‍ പോയി ചുറ്റുപാടും നന്നായി നോക്കുക. എന്നിട്ട് മോന്‍ എന്തൊക്കെ കാണുന്നുവെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുക. പറഞ്ഞുകൊണ്ടിരിക്കണം ഇപ്പോ തന്നെ പോയി കുറച്ച് നേരം ബാല്‍ക്കെണിയില്‍ നിന്നോളൂ.
അവന്‍ അവിടെത്തന്നെയുണ്ട് എന്ന് ഉറപ്പാക്കാനുള്ള സൂത്രവിദ്യ.
അങ്ങനെ ബാല്‍ക്കെണിയില്‍ നിന്നുകൊണ്ട് മകന്‍ ഓരോ കാഴ്ചകള്‍ വിളിച്ചു പറയാന്‍ തുടങ്ങി. താഴത്തെ നിലയിലെ ചാക്കോച്ചന്‍ ചേട്ടനുള്ള ഗ്യാസ് കുറ്റി ഓട്ടോറിക്ഷയില്‍ കൊണ്ടുവരുന്നുണ്ട്. പോസ്റ്റുമാന്‍ സൈക്കിളില്‍ കത്തുമായി പോകുന്നുണ്ടേ....
മീന്‍കാരന്‍ ചേട്ടന്‍ കൂയ്.. കൂയ്.. എന്ന് പറഞ്ഞ് പാഞ്ഞു പോകുന്നേ..
അപ്പുറത്തെ വീട്ടിലെ മാലതി ചേച്ചിയും അങ്കിളും കൂടി കട്ടിലില്‍ കെട്ടിപിടിച്ചു കിടക്കുന്നേ..
ഇതു കേട്ട ശശി ജനല്‍പാളി തുറന്ന് ബാല്‍ക്കെണിയിലേക്ക് നോക്കിക്കൊണ്ട് മോനോട് ചോദിച്ചു:
'മാലതി ചേച്ചിയും അങ്കിളും കൂടി കെട്ടിപ്പിടിച്ചു കിടക്കുന്നത് നീ എങ്ങനെയാ അവിടെ നിന്ന് കണ്ടത്?'
അവന്റെ മറുപടി: 'അവരുടെ രണ്ട് പിള്ളേരും ബാല്‍ക്കെണിയില്‍ നില്‍പ്പുണ്ട്!'
മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് പുളിക്കന്‍ എഴുതിയ 'ഒരു വിത്തില്‍ എത്ര ആപ്പിളുണ്ട്' എന്ന പുസ്തകത്തില്‍നിന്ന് മോഷ്ടിച്ചതാണ് ആദ്യം പറഞ്ഞ കഥ.
മുതിര്‍ന്നവര്‍ക്ക് ഒരു വിചാരമുണ്ട്, അവര്‍ക്ക് താഴെ അതായത് പ്രായത്തില്‍ വളരെ താഴെയുള്ളവര്‍ പ്രത്യേകിച്ച് കുട്ടികള്‍ ഒന്നും അറിയാത്തവരും കാര്യമായ വിവരമില്ലാത്തവരുമെന്ന്. അതുകൊണ്ടാണ് പഴയ തലമുറയാണ് നല്ലത്, ഇപ്പോഴത്തെ തലമുറ അത്ര കൊള്ളില്ല എന്നൊക്കെ വെച്ചടിക്കുന്നത്. ഈ പറയുന്നവരുടെ ഈ പറച്ചില്‍ തന്നെ കുട്ടികള്‍ക്ക് എത്ര അരോചകമാണ്. ഉപദേശങ്ങള്‍ സ്വീകരിക്കാനാണ് ഞങ്ങള്‍ വിധിക്കപ്പെട്ടവരെന്നു കരുതി അവര്‍ മുതിര്‍ന്നവരെ പഴിക്കുന്നവരായാണ് വളരുന്നത്. ഇങ്ങനെ വളര്‍ന്നു വരുന്ന ഒരു തലമുറ തങ്ങളെ ശിക്ഷിക്കുന്നവരെയും ശിക്ഷണം നല്‍കുന്നവരെയും ഒരുപോലെ വെറുക്കും. അതുകൊണ്ടാണ് അവര്‍ പലതും സ്വന്തം നിലക്ക് കണ്ടെത്തി ആ നിലയില്‍ മുന്നോട്ട് പോകുന്നത്. ഈ പോക്ക് അവരെ കൊണ്ടെത്തിക്കുന്നത് ഏത് തരത്തിലാകും എന്ന് പ്രവചിക്കാനാവില്ല. കാരണം, ഇവര്‍ ചെറുപ്പത്തില്‍ പ്രതീക്ഷിക്കുന്നത് നേരെ വിപരീതമാകുമ്പോഴാണല്ലോ മറുവഴി തേടുന്നത്. കൂടുതല്‍ കരുതല്‍ പ്രതീക്ഷിക്കുന്നിടത്ത് നിന്ന് ലഭിക്കുന്നത് അധികവും തലമുറയുടെ പ്രശ്‌നം പറഞ്ഞ് കുറ്റപ്പെടുത്തലുകള്‍. ഇങ്ങനെയുള്ള കുറ്റങ്ങള്‍ ഏറ്റു വാങ്ങുന്നവരെ വിളിച്ചിട്ടാണ് പുതിയ കാല അറിവുകള്‍ ഈ പഴയ കാല വമ്പ് പറച്ചിലുകാര്‍ ചെയ്യുന്നത്. സ്മാര്‍ട് ഫോണ്‍ മുതല്‍ ആധുനികമായ പല സങ്കേതങ്ങളെയും കുറിച്ച് ഈ ഇളം തലമുറ നല്‍കുന്ന അറിവ് മറച്ചുവെച്ചാണ് അവരുടെ മേക്കിട്ട് കയറുന്നത്.
വിദ്യാലയങ്ങളാണ് നമ്മുടെ പകല്‍ വീടെന്നും അധ്യാപകരാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെന്നുമാണ് വയ്പ്. കുട്ടികള്‍ക്ക് പരാതിയില്ലാത്ത അധ്യാപകരാകുന്ന, കുട്ടികളുടെ കൂട്ടുകാരാകുന്ന അധ്യാപകര്‍ ഉണ്ടാകാറുണ്ട്. ചിലര്‍ നമ്മെ അതിശയിപ്പിക്കും. അധ്യാപകരും മാതാപിതാക്കളും ചെയ്യാത്ത കാര്യങ്ങളും നല്‍കാത്ത പരിഗണനകളും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമ്പോഴാണ് അവര്‍ അങ്ങനെ അതിശയിപ്പിക്കുന്ന ബന്ധങ്ങള്‍ ഉണ്ടാകുന്നത്. തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ അധ്യാപകന്‍ സ്‌കൂളിന്റെ പടിയിറങ്ങണമെന്ന് ഗുരു നിത്യ ചൈതന്യ യതി പറഞ്ഞത് ഒന്ന് ഇരുന്ന് ആലോചിച്ചു നോക്കി അത് എപ്പോഴെങ്കിലും ഓര്‍ത്ത് ക്ലാസ്സ് എടുക്കുന്ന അധ്യാപകനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിക്കേ. ആ അധ്യാപകന്‍ മുന്നിലിരിക്കുന്ന കുട്ടിയെ അപ്പോള്‍ എങ്ങനെയാകും കാണുക. അവരോട് ആ അധ്യാപകന്‍ എങ്ങനെയാകും പെരുമാറുക. അത്രക്ക് ഉണ്ട് കുട്ടിയെ സ്വന്തമാണെന്ന് കാണേണ്ടുന്നതിന്റെ പ്രസക്തി.
കുട്ടികളെ തല്ലാന്‍ ചൂരല്‍ വേണോ അതോ കൈയിലിരിക്കുന്ന മറ്റെന്തെങ്കിലും മതിയോ എന്ന് ചര്‍ച്ച ചെയ്യുമ്പോഴും കടന്നു വരുന്നത് ശിക്ഷയും ശിക്ഷണവും എങ്ങനെ ആകാം എന്ന ചിന്തയില്‍ നിന്നാണ്. കുട്ടികളെ എങ്ങനെ പഠിപ്പിക്കാം, അവരെ എന്ത് പഠിപ്പിക്കാം എന്നൊക്കെ കണ്ട് നമ്മള്‍ ഉണ്ടാക്കുന്ന വിദ്യാഭ്യാസ വിദഗ്ധരുടെ ചിന്താ ഭാണ്ഡങ്ങള്‍ എന്ന കമീഷന്‍ റിപ്പോര്‍ട്ടുകളില്‍ നിറയുന്ന നിര്‍ദേശങ്ങള്‍ വായിച്ചു നോക്കിയാല്‍ മതി. പഠിപ്പിക്കാനുള്ള പരിഷ്‌കരണ ഉപാധികളുടെ നീണ്ട വാചകമടികള്‍ കാണാം. പക്ഷേ, വിദ്യാര്‍ഥികളെ അധ്യാപകന്‍ പഠിപ്പിക്കുക എന്നതിനപ്പുറം അവരെ പഠിക്കുക എന്ന നിര്‍ദേശങ്ങള്‍ കുറവായിരിക്കും. പഠിപ്പിച്ചു പഠിപ്പിച്ചു കുട്ടികളെ ഒരു പരുവത്തിലാക്കുന്ന സമയത്ത് അവരെ ഒന്ന് പഠിക്കാന്‍ ശ്രമിച്ചാല്‍ അതാകും മികച്ച വിദ്യാഭ്യാസം.
പക്ഷേ, നമ്മള്‍ ജയിക്കുന്ന കുട്ടിയെ തലോടിയും തോറ്റവനെ തല്ലിയും ശീലിച്ച വിദ്യാഭ്യാസ ക്രമത്തില്‍ ജീവിച്ചു പോവുകയാണ്. തോറ്റവനെ ചേര്‍ത്തു പിടിക്കാതെ ജയിച്ചവനെ കണ്ടു പഠിക്കൂ എന്ന വമ്പന്‍ ഉപദേശം നല്‍കി പിന്നെയും അധ്യാപകന്‍ തോല്‍ക്കുന്ന വിദ്യാഭ്യാസമങ്ങനെ പോകും.
ഒരു സ്‌കൂളില്‍ ഒരു കുട്ടി യൂണിഫോം ഇടാതെ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നു. അവനോട് പറഞ്ഞു മടുത്ത അധ്യാപകനോട് മറ്റൊരു അധ്യാപകന്‍ പറയുന്നു, 'ടീച്ചര്‍ നിര്‍ബന്ധിക്കണ്ട ഇവറ്റകള്‍ ഇങ്ങനെയേ വരൂ.' 'അതെന്താ ടീച്ചര്‍' എന്ന് ചോദിക്കുമ്പോള്‍ 'അതങ്ങനാ' എന്നാണ് വീണ്ടും മറുപടി. ഓ, അങ്ങനെ അത് ശരി എന്ന് പറയുമ്പോള്‍ ആ ടീച്ചര്‍ മനസ്സിലാക്കുന്നു അവന്‍ ജാതിയില്‍ താഴ്ന്നവനാണെന്ന്. ജാതിയില്‍ താഴ്ന്നവന്‍ അങ്ങനെയേ വരൂ എന്ന് മറ്റുള്ള കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് പറയുമ്പോള്‍ കുട്ടികളില്‍ ജാതി മനോഭാവം കൊണ്ടുവരിക മാത്രമല്ല, പട്ടിണി കിടക്കുന്നവന്റെ പ്രാരബ്ദങ്ങള്‍ കാണാതെ അവന്റെ വേഷം നോക്കി ജാതി അതല്ലേ എന്ന് പറയുന്ന അധ്യാപകരെ ആര് ശരിയാക്കും? ഇവര്‍ എന്ന് സ്വയം ശരിയാകും? മുന്നിലിരിക്കുന്ന കുട്ടി ആരുടെയോ എന്ന ചിന്ത മാത്രമല്ല, അവന്‍ ഏതോ ജാതിയില്‍ പെട്ടവനാണെന്ന് കണ്ടുപിടിച്ചു അത് വിളമ്പുന്നവനെ എങ്ങനെ ഗുരു എന്ന് കാണാനാകും? ആ അസമത്വം അനുഭവിച്ച ആ കുട്ടിയുടെ ഭാവി എന്താകും? പഠിക്കുന്ന കാലത്ത് തന്നെ തന്റെ അധ്യാപകന്‍ പകര്‍ന്നുതന്ന ആ ജാതിബോധം അവനെ ജീവിതത്തോളം അലട്ടില്ലേ.
ആലപ്പുഴയില്‍ ഒരു അഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം കണ്ട് അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാര്യമാണ് കാരണമായി കേട്ടത്. അച്ഛന്റെ സഹോദരന്‍ കുറച്ച് ദിവസം മുമ്പ് തൂങ്ങി മരിച്ചത് കണ്ട് അനുകരിച്ചതാണ് കുഞ്ഞു ജീവന്‍ പോയത്. തൂങ്ങി നില്‍ക്കുന്ന ആ ശരീരം മനസ്സില്‍ നിന്ന് മായാതിരുന്ന കുട്ടി, ഓരോ ദിവസവും കഴുത്തില്‍ തുണിയിട്ട് ചെയ്ത് നോക്കിക്കൊണ്ടിരുന്നു. കുട്ടിയുടെ മനോഭാവത്തെ ആരും ഗൗരവത്തില്‍ കണ്ടില്ല. ഒരു ദിവസം അവന്റെ പരീക്ഷണത്തില്‍ അവന്‍ വിജയിച്ചു. കുഞ്ഞിന് അറിയില്ലായിരുന്നു മരണത്തിലേക്കാണ് പോകുന്നതെന്ന്. മരിച്ചു കഴിഞ്ഞപ്പോഴാണ് അവന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ച ചെയ്തികള്‍ ഇതായിരുന്നു എന്ന് മനസ്സിലാക്കിയത്. ഏത് തരം വിദ്യാഭ്യാസം നല്‍കിയാലാണ് നമ്മുടെ മക്കള്‍ മക്കളാവുക! അവരില്‍ സദാചാര ഗുണ്ടായിസംകൊണ്ട് ചെല്ലുമ്പോഴും അവരെ ശകാരിക്കുമ്പോഴും ഓര്‍ക്കുക അവരെ നിങ്ങള്‍ എത്ര പഠിച്ചു എന്ന്.