പ്രതികാര'പീഡന'ങ്ങള്‍!

ഉബൈദുല്ല ഫൈസി വാണിയമ്പലം
ആഗസ്റ്റ് 2025

തലസ്ഥാനത്തെ ഒരു കോളേജില്‍ ജോലി ചെയ്യുന്ന സുഹൃത്ത് കുട്ടികളെ കാര്‍ക്കശ്യത്തോടെ നന്മ ശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ രണ്ടനുഭവങ്ങള്‍ പങ്കുവെച്ചു. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ ഒരു ഹിഫ്‌ള് വിദ്യാര്‍ഥിയില്‍നിന്ന് ചില അച്ചടക്കരാഹിത്യ പ്രശ്‌നങ്ങളുണ്ടായി. 50 -ല്‍ പരം വിദ്യാര്‍ഥികളുള്ള സ്ഥാപനത്തിലെ ഒരധ്യാപകന്‍ പ്രശ്‌നത്തിലിടപെട്ട് കുട്ടിയെ തിരുത്താന്‍ ശ്രമിച്ചപ്പോള്‍ 'ഗുരു'വിനോട് ശിഷ്യന്‍ 'ഉസ്താദിന് ഇവിടെ പഠിപ്പിക്കണോ അതോ വീട്ടില്‍ പോയി വിശ്രമിക്കണോ' എന്ന് ചോദിച്ചുവത്രെ!

കുട്ടിക്ക് ഇങ്ങനെ പറയാന്‍ പ്രേരകമായ കാര്യമാണ് അദ്ദേഹം രണ്ടാമത്തെ അനുഭവമായി പങ്കുവെച്ചത്. ദഅ് വാ കോളേജിലെയും ഹിഫ്‌ള് കോളേജിലെയും രണ്ട് പഠിതാക്കള്‍ തമ്മില്‍ അടിപിടിയും കൈയേറ്റവുമുണ്ടായി. സ്ഥാപനഭാരവാഹിയും മാനേജറും ദഅ് വാ കോളേജ് മുദര്‍രിസുമായ ഒരധ്യാപകന്‍ നീതിയുടെ പക്ഷം ചേര്‍ന്ന് ഹിഫ്‌ള് കുട്ടിയെ വെറുതെ വിടുകയും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ടാമനെ ശിക്ഷിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ശിക്ഷിക്കപ്പെട്ട വിദ്യാര്‍ഥി പ്രസ്തുത ഗുരുവിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച് വീട്ടിലറിയിച്ചു. പ്രകോപിതരായ വീട്ടുകാര്‍ വിചിന്തനങ്ങളേതുമില്ലാതെ കോളേജില്‍ സംഘര്‍ഷമുണ്ടാക്കി. നിസ്വാര്‍ഥനും സുസമ്മതനുമായ അദ്ദേഹത്തിന് സ്ഥാപനത്തില്‍നിന്ന് പടിയിറങ്ങേണ്ടി വന്നു.

പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ പാരമ്പര്യ മതകലാലയം. വയോധികരായ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും. പ്രഥമ ദൃഷ്ടിയില്‍ത്തന്നെ ഭക്തി പ്രസരിക്കുന്ന മുഖങ്ങള്‍. സഹാധ്യാപകര്‍ക്കോ കമ്മിറ്റി അംഗങ്ങള്‍ക്കോ സ്ഥാപനത്തിലെ നല്ലവരായ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കോ തങ്ങളുടെ സമാദരണീയ ഗുരക്കന്മാരെക്കുറിച്ച് അവമതിപ്പിന്റെ ഒരു കണികപോലുമില്ല. പക്ഷേ, ഇരുവരും നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്തവരായിരുന്നു. പഠനകാര്യത്തിലും അച്ചടക്കത്തിലും നിഷ്ഠ പുലര്‍ത്തുന്നവരും കുട്ടികളുടെ ഉദാസീനമായും അലംഭാവത്തോടും അച്ചടക്കരാഹിത്യത്തോടും സമരസപ്പെടാത്തവരുമായിരുന്നു.

പക്ഷേ, ഒരു ദിവസം സ്വഭാവ ദൂഷ്യത്തിന് നടപടി നേരിട്ട ഒരു കുട്ടി ഈ മഹാ ഗുരുക്കന്മാര്‍ക്കെതിരെ ദുരാരോപണമുന്നയിച്ച് രംഗത്ത് വന്നു. കേസും സങ്കീര്‍ണതകളുമായി. വയോധികരായ ആ ആത്മീയ മുഖങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുട്ടി തന്നെ തന്റെ തെറ്റുകളും ഗുരുനാഥന്മാര്‍ക്കെതിരെയുള്ള ഗൂഢാലോചനകളും, അതിനാല്‍ ഗുരുക്കള്‍ ശിക്ഷിക്കപ്പെട്ടതിലുള്ള സന്തോഷവും രഹസ്യമായി ചിലരോട് പങ്കുവെച്ചതിനാല്‍ അവര്‍ മുഖേന യാഥാര്‍ഥ്യങ്ങള്‍ പുറംലോകമറിഞ്ഞു. കണ്ണില്‍ ചോര പടര്‍ന്ന ആ ഗുരുക്കള്‍ അക്കാരണത്താല്‍ മാത്രം ജയില്‍ മോചിതരായി. ഇല്ലെങ്കില്‍ അവര്‍ മരണം വരെ അപമാനഭാരത്തോടെ ജയിലില്‍ കഴിയേണ്ടി വന്നേനെ!

2021 ലാണ് പുതുമഴക്ക് കൂലംകുത്തിയൊഴുകുന്ന മലവെള്ളം കണക്കെ ചോര കലര്‍ന്ന കണ്ണീര്‍ പ്രവാഹവുമായി, മുഖം മക്കനകൊണ്ട് മൂടി പര്‍ദാ ധാരിണിയായ കണ്ണൂരിലെ ആ ഉമ്മ പോലീസ് വാഹനത്തില്‍ കയറിയത്. ഗള്‍ഫിലുള്ള ഭര്‍ത്താവുമായി ചെറിയ പ്രശ്‌നങ്ങളുള്ള ഉമ്മക്കെതിരെ 8-ാം ക്ലാസില്‍ പഠിക്കുന്ന 13 കാരനായ സ്വന്തം മകനാണ് പീഡന പരാതി ഉന്നയിച്ചത്. ഉമ്മ രാത്രിയില്‍ തനിക്ക് ഉത്തേജക ഗുളിക കഴിപ്പിക്കുമെന്നും 18-കാരനായ ഇക്ക ഉറങ്ങിയ ശേഷം തന്നെ ഉമ്മയുടെ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോവുമെന്നും കുട്ടി വെടിപ്പായി ലോകത്തോട് വിളിച്ചുപറഞ്ഞു. ഇപ്രകാരം തന്നെ  പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെന്നും 13-കാരന്‍ പോലീസില്‍ പരാതിപ്പെട്ടു. 18 വയസ്സുള്ള കുട്ടി എല്ലാം നിഷേധിച്ചിട്ടും ആ ഉമ്മ അറസ്റ്റ് ചെയ്യപ്പെട്ടു. ഉടന്‍ 13- കാരനെ ഉപ്പ ഗള്‍ഫിലേക്ക് കൊണ്ടുപോയി. മാസങ്ങള്‍ക്ക് ശേഷമാണ് ഉപ്പയുടെയും മകന്റെയും ഗൂഢാലോചന പുറത്തറിയുന്നത്. അപ്പോഴേക്കും മാസങ്ങളുടെ ജയില്‍വാസമനുഭവിച്ച ആ ഉമ്മ ഭൂമിയില്‍വെച്ചു തന്നെ നരകം കണ്ടിരുന്നു.

മലപ്പുറം ജില്ലയിലെ ഒരു സ്ഥാപനത്തില്‍ 2016 ല്‍ സംഭവിച്ചത് കരളലിയിപ്പിക്കും കഥയാണ്.

സാത്വികനും കേരളത്തിലെ സുപ്രധാനമായ ഒരാത്മീയ ധാരയെ പിന്തുണക്കുന്നവരുമായ ഖുര്‍ആന്‍ പണ്ഡിതന്‍. സ്ഥാപനത്തില്‍ ഒരു പ്രോഗ്രാം നടക്കുമ്പോള്‍ സ്റ്റേജില്‍ വെച്ച് സദസ്സ് വീക്ഷിച്ച അദ്ദേഹത്തിന് തന്റെ 40 വിദ്യാര്‍ഥികളില്‍ ഒരാള്‍ സദസ്സിലില്ലെന്ന് മനസ്സിലായി. സ്റ്റേജില്‍ നിന്നിറങ്ങി കുട്ടിയെ അന്വേഷിച്ചപ്പോള്‍ കാമ്പസിനോട് ചേര്‍ന്ന ഒരു ബില്‍ഡിംഗിന് മുകളില്‍ അദ്ദേഹം കുട്ടിയെ കണ്ടെത്തി. അസമയത്തും ഒരു പ്രോഗ്രാം നടക്കുന്ന സമയവുമായതിനാല്‍ കുട്ടിയെ ചെറുതായി ശിക്ഷിച്ചു. കുട്ടി ഗുരുവിന്റെ കൈയില്‍നിന്ന് വടി പിടിച്ചു വാങ്ങി തിരിച്ചടിക്കാന്‍ ശ്രമിച്ചു.

അടുത്ത പ്രഭാതത്തില്‍ കുട്ടിയുടെ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസെത്തി. തന്നെ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ദീര്‍ഘകാലം കുട്ടികളെ ആത്മീയമായി വഴി നടത്തിയും ആരാധനകളില്‍ നിഷ്ഠ പുലര്‍ത്തിയും ജീവിക്കുന്ന ആ പണ്ഡിതന്റെ സിരകളില്‍ വൈദ്യുത പ്രവാഹം കണക്കെ ഭീതി പടര്‍ന്നു. കണ്ണീര്‍ ചാലിട്ടൊഴുകി. നാവു വരണ്ടു. അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കൂടെയെത്തിയ സ്ഥാപനാധികാരികളോട് പോലീസ് പറഞ്ഞതിപ്രകാരമായിരുന്നുവത്രെ! 'ഇദ്ദേഹം തെറ്റു ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞപോലെയുള്ള തെറ്റു ചെയ്യാന്‍ ഇദ്ദേഹത്തിന്റെ മനസ്സനുവദിക്കില്ലെന്നും ഞങ്ങള്‍ക്കുറപ്പാണ്. പക്ഷേ, കുട്ടി പരാതിയില്‍ ഉറച്ചുനിന്നാല്‍ ഞങ്ങള്‍ക്കിദ്ദേഹത്തെ രക്ഷിക്കാനാവില്ല.' നല്ലവരായ പോലീസുകാരുടെ നിഷ്‌കളങ്കതയിലും കമ്മിറ്റിയുടെ ദൃഢനിശ്ചയത്തിലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.

ടീച്ചറെക്കുറിച്ച് ക്ലാസ് ബോര്‍ഡില്‍ വൃത്തികേടെഴുതിവെച്ചതിനാണ് വയനാട്ടിലെ ഒരു യു.പി സ്‌കൂള്‍ അധ്യാപകന്‍ 7-ാം ക്ലാസുകാരനെ ചെറുതായിട്ടൊന്ന് പ്രഹരിച്ചത്. ഉടന്‍ തന്നെ സ്‌കൂള്‍ ഓഫീസിലെത്തിച്ച് അവന് പ്രശ്‌നത്തിന്റെ ഗൗരവവും അവന്റെ തെറ്റും അധ്യാപകന്‍ ബോധ്യപ്പെടുത്തി. എല്ലാം സമ്മതിച്ച് വീട്ടിലെത്തിയ വിദ്യാര്‍ഥി പക്ഷേ, അധ്യാപകന്‍ തന്നെ ലൈംഗിക പീഡനം നടത്തിയതായി ആരോപിച്ചു. പ്രധാനാധ്യാപകനും സഹപ്രവര്‍ത്തകരുമടക്കം അദ്ദേഹത്തിന്റെ സ്വഭാവ വിശുദ്ധിയും സദാചാരബോധവും ആവര്‍ത്തിച്ചു പറഞ്ഞിട്ടും രക്ഷിതാക്കള്‍ക്ക് മാത്രം ബോധ്യപ്പെട്ടില്ല. കുട്ടി ആരോപണത്തില്‍ നിന്ന് പിന്മാറിയതുമില്ല. അവസാനം കുട്ടികളുടെ പ്രിയപ്പെട്ട ആ അധ്യാപകനും നിറകണ്ണുകളോടെ സ്‌കൂളിന്റെ പടിയിറങ്ങേണ്ടി വന്നു.

ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ പല നാടുകളിലും പലപ്പോഴായി നടന്നിട്ടുണ്ടാവും. പലര്‍ക്കുമൊപ്പം മാസങ്ങളോളം അനാശാസ്യം ചെയ്ത് നടക്കുന്ന ചില സ്ത്രീകള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രം പീഡന പരാതിയുമായി വരുന്നതും കേരളത്തില്‍ നിത്യസംഭവമായിരിക്കുന്നു.

നന്നായി പരിശീലനം ലഭിച്ചവരും തങ്ങളും അപമാനിതരാവുമെന്ന് ചിന്തിക്കാന്‍ ശേഷിയെത്താത്തവരുമായ കുട്ടികളാണ് പലപ്പോഴും ഇത്തരം പകപോക്കലുകള്‍ക്ക് നിന്നുകൊടുക്കുന്നത്.

കുട്ടികളും സ്ത്രീകളും ആരെക്കുറിച്ചും എന്ത് പറഞ്ഞാലും സത്യമാവാനുള്ള സാധ്യത പോലും പരിഗണിക്കാതെയാണ് നിയമങ്ങളുടെ ഇടപെടല്‍. പോലീസിന് മുന്നില്‍ പോലും അവാസ്തവങ്ങളെ സമര്‍ഥമായി അവതരിപ്പിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് പിന്നിലുള്ള ഗൂഢാലോചകര്‍ പലപ്പോഴും തിരശ്ശീലക്കു പിന്നില്‍, തങ്ങളുടെ സ്വതന്ത്രവിഹാരങ്ങളുടെ തടസ്സം നീങ്ങിക്കിട്ടിയതില്‍ ഊറിച്ചിരിക്കുന്നുണ്ടാവും. ആരോപിക്കപ്പെടുന്നവരോട് ശത്രുതയുള്ള അധികാരികളോ സഹപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ ഏത് ദുരാരോപണങ്ങളെയും പൊലിപ്പിച്ച് തങ്ങളുടെ 'ബാധ്യത' അവര്‍ നന്നായി നിര്‍വഹിക്കും; ആരോപിക്കപ്പെടുന്നവര്‍ക്ക് നിരപരാധിത്വം ബോധിപ്പിക്കാനവസരമില്ലെങ്കില്‍ പ്രത്യേകിച്ചും  

വനിതാ- ബാലാവകാശ കമ്മീഷനുകളെ മറയാക്കി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥാവിശേഷം കൈവന്നതിനു ശേഷമാണ് ഏറെ ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം മൂലം ഒട്ടേറെ നിരപരാധികള്‍ ക്രൂശിക്കപ്പെട്ടത്. 18 വയസ്സിനുമുകളിലുള്ള പുരുഷനാണെങ്കില്‍ ഏത് വ്യാജാരോപണം നേരിടേണ്ടി വന്നാലും അവന്‍ കുറ്റവാളിയാണ്. സമൂഹമധ്യേ അവഹേളിക്കപ്പെടേണ്ടവനാണ്. അവന്റെ ചാരിത്രശുദ്ധിയോ വ്യക്തിപ്രഭാവമോ അവനെ രക്ഷിക്കില്ല. അപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതിന് മുമ്പ് തന്നെ അവന്റെ ചിത്രവും മേല്‍വിലാസവും മാലോകരറിയും. അവന്റെ ഭാര്യാ മക്കളോ നാട്ടുകാരോ അവന്‍ പ്രതിനിധീകരിക്കുന്ന സമൂഹമോ ഇത്തരം മനുഷ്യത്വരാഹിത്യത്തിനെതിരെ ശബ്ദിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് 'ഇര'കള്‍ക്ക് ആധുനിക നിയമങ്ങള്‍ നല്‍കുന്ന അവകാശം.

നിസ്സാരപ്രശ്‌നങ്ങള്‍ക്ക് പകതീര്‍ക്കുന്ന കുട്ടികളില്‍ പലരും അവരഴിച്ചു വിടുന്ന ഭൂതം തീര്‍ക്കുന്ന ദുരന്തങ്ങളുടെ ആഴമറിയുന്നവരല്ല. അവരുടെ താല്‍ക്കാലിക പ്രതികാരമോ വിദ്വേഷമോ തീര്‍ക്കാനുള്ള അവസരമായി മാത്രം അവര്‍ ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള എല്ലാ അതിക്രമങ്ങളും ഈ വിധമാണ് എന്നല്ല പറഞ്ഞുവരുന്നത്. ആത്മാഭിനം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുന്ന അനേകം നിരപരാധികളും അവരുടെ കുടുംബങ്ങളുമുണ്ടെന്ന വസ്തുതയെ അനാവൃതമാക്കുകയാണ്.

അധ്യാപകര്‍ കേവലം ജോലിക്കാരാണെന്ന മനോഭാവം ആധുനിക വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അവര്‍ ആദരിക്കപ്പെടേണ്ടവരും അനുസരിക്കപ്പെടേണ്ടവരുമാണെന്ന മനോഭാവത്തില്‍നിന്ന് പുതിയ തലമുറയെ, അവകാശങ്ങളുടെ ഓമനപ്പേരിട്ട് വിളിക്കുന്ന 'നിയമങ്ങള്‍' ഏറെ പരിവര്‍ത്തിപ്പിച്ചിരിക്കുന്നു.

തന്റെ കുട്ടികള്‍ ഗുണ്ടകളെ വെല്ലുന്ന പരാക്രമങ്ങള്‍, തന്റെ കണ്‍മുന്നില്‍വെച്ച് ചെയ്യുന്നത് കണ്ട് ചൂരലെടുത്ത ഒരധ്യാപകന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം സ്‌കൂളില്‍ മടങ്ങിയെത്തിയപ്പോള്‍ പ്രതിഷേധിച്ച സ്വന്തം ശിഷ്യരുടെ 'വിശേഷം' അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണ്.

'തന്ത വൈബ്' എന്ന മുദ്ര വെച്ച് ഉപദേശങ്ങളെ നിരാകരിക്കുന്ന ഫ്രീക്കന്‍ തലമുറയും മക്കളുടെ ആഭാസങ്ങള്‍ക്കു നേരെ കണ്ണടക്കുന്ന രക്ഷിതാക്കളും കുട്ടികള്‍ പറയുന്നതിന്റെ സത്യാസത്യങ്ങളെ വിവേചിച്ചും ന്യായാന്യായങ്ങളെ വിശകലനം ചെയ്ത് തീര്‍പ്പ് കല്‍പ്പിക്കാത്ത, ഏകപക്ഷീയ നിയമങ്ങളും നിലനില്‍ക്കുന്ന കാലമത്രയും അധ്യാപകരുടെ കണ്ണീര്‍ പ്രവാഹം തുടര്‍ന്നുകൊണ്ടേയിരിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media