കേവലം അറിവ് പറയാനും എഴുതിത്തരാനും അധ്യാപകന്റെ ആവശ്യമില്ല.
ആ അറിവുല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പരസ്പരം പങ്കാളിയാക്കുന്ന
ഘടകമായി വര്‍ത്തിക്കുക എന്നതാണ് പുതിയ കാല അധ്യാപകന്റെ ഉത്തരവാദിത്വം
വിദ്യാഭ്യാസ രംഗം പരിവര്‍ത്തന ഘട്ടത്തിലാണ്. എ.ഐ കൂടി രംഗം കൈയടക്കിയതോടെ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടപ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് പുതിയതിനെയും നവീന സമീപനങ്ങളെയും വളരെ പെട്ടെന്ന് സ്വീകാര്യമാക്കുന്നതില്‍ ആളുകള്‍ക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് നിരന്തരം നവീകരിക്കപ്പെടുക, പുതിയ അറിവുകള്‍ സ്വായത്തമാക്കുക, അപ്ഡേറ്റ് ചെയ്യുക എന്നതാണ് നമ്മുടെ അവസരങ്ങളുടെയും തുറവികളുടെയും കാതല്‍. കാലഘട്ടത്തിന്റെ ആവശ്യം ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം പുതു തലമുറയ്ക്ക് നല്‍കാനായെങ്കില്‍ മാത്രമേ ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നമ്മുടെ കുട്ടികള്‍ക്കും പിടിച്ചു നില്ക്കാനാവൂ.
വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ആകെ മാറിക്കഴിഞ്ഞു. ഇരിക്കാന്‍ ഇരിപ്പിടമില്ലാത്ത പഴയകാല ക്ലാസ് മുറികള്‍ നമ്മുടെ സ്‌കൂളുകളില്‍ ഇന്നില്ല. ഗ്രാമീണ വിദ്യാലയങ്ങളില്‍പോലും കമ്പ്യൂട്ടറുകള്‍ സര്‍വസാധാരണമാണ്. സ്മാര്‍ട്ട് ടിവിയും ലാപ്ടോപ്പും പ്രോജക്ടറും പല ക്ലാസുകളിലെയും പ്രധാന പഠനോപകരണമായി മാറിയിരിക്കുന്നു. പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്ററികളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇന്നുണ്ട്. പാഠപുസ്തകങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കുട്ടികള്‍ ചിന്തയുടെയും ഭാവനയുടെയും മിഴിവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും പുതുലോകത്തേക്ക് പ്രവേശിക്കുക എന്നതാണ് നാം കാണുന്ന സ്വപ്‌നം!
ഇതില്‍ അധ്യാപകര്‍ക്കും നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. കുട്ടികള്‍ വെറും ഒഴിഞ്ഞ സ്ലേറ്റാണെന്ന കാഴ്ചപ്പാട് ഒരധ്യാപികക്കും ഉണ്ടാകാന്‍ പാടുള്ളതല്ല. അവന്‍ അവന്റെ ചുറ്റുപാടുകളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമൊക്കെ അറിവ് നേടുന്നു. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സ്വായത്തമാക്കിയ ഇത്തരം അറിവുകളുമായാണ് അവന്‍ വിദ്യാലയത്തിലെത്തുക. ഇത്തരം അറിവുകളുമായെത്തുന്ന കുട്ടിയുടെ അറിവിനെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ സൃഷ്ടിക്കലാണ് ക്ലാസ് മുറികളില്‍ നടക്കേണ്ടത്.
കാണാപ്പാഠം പഠിച്ചാല്‍ ലഭിക്കുന്ന ഒന്നല്ല, മറിച്ച് നിരന്തരമായ വിവിധ പഠന പ്രക്രിയകളിലൂടെ മാത്രം കുട്ടിക്ക് ലഭിക്കുന്ന ഒന്നാണ് അറിവ്. ഇതിനായി കുട്ടി നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരുന്നു. ചുരുക്കത്തില്‍, അറിവ് നിര്‍മിക്കല്‍ പ്രക്രിയയാണ് ഇന്നു നടക്കുന്നത്. ഇതിലേക്ക് കുട്ടികളെ നയിക്കണമെങ്കില്‍ അധ്യാപകര്‍ അറിവുള്ളവരായിരിക്കണം. അധ്യാപകനും കുട്ടിയും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. ഇതിന്റെ ഫലമോ, മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ വേദിയാകും. കുട്ടികളുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും കൂടിച്ചേരുമ്പോള്‍ അറിവ് സമഗ്രമാകും. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും മറ്റുള്ള സ്‌കൂളുകള്‍ക്ക് അത് മാതൃകയാക്കാനും കഴിഞ്ഞാല്‍ നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സ്ഥിതി വളരെ മെച്ചപ്പെടും.
കേവലം ഓര്‍മശക്തി മാത്രം മാനദണ്ഡമാക്കുന്ന വിദ്യാഭ്യാസരീതി കുട്ടിയുടെ സര്‍ഗശേഷിയെയോ അന്വേഷണ ത്വരയെയോ വികസിപ്പിക്കാനുള്ള അവസരം നല്‍കുന്നില്ല. വെറുമൊരു 'ടേപ്പ് റെക്കാര്‍ഡറിന'പ്പുറത്തേക്ക് കുട്ടിയെ വളര്‍ത്താനാവില്ല. കേള്‍ക്കുക, വായിക്കുക, മനഃപാഠമാക്കുക, എഴുതുക എന്ന രീതി കൊണ്ട് പുതിയ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് സവിശേഷമായി ഒന്നും ചെയ്യാനില്ല. നിരന്തരമായി അപ്ഡേറ്റ് ആവുക. അഭിരുചിക്ക് അനുസൃതമായി അറിവിനെ വിനിയോഗിക്കുക എന്നത് പ്രധാനമാണ്.
വിദ്യാര്‍ഥി കേന്ദ്രീകൃതം എന്ന ആശയം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൊക്കെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. ഒരു വിദ്യാര്‍ഥിയെ ചിന്തിപ്പിക്കുക, വര്‍ക്ക് ചെയ്യാന്‍ പര്യാപ്തമാക്കുക, സഹവാസത്തിലൂടെ അറിവുല്‍പാദിപ്പിക്കുക... ഇങ്ങനെ അറിവ് നിര്‍മാണ പ്രക്രിയ നടക്കുന്ന കുറേയിടങ്ങളില്‍ ഒരിടമായി വിദ്യാലയങ്ങള്‍ മാറിയിരിക്കുന്നു. നമ്മുടെ സമീപനം, നമ്മുടെ തെരഞ്ഞെടുപ്പ് ഇവയെല്ലാം നൈതികതയിലും മൂല്യങ്ങളിലും അധിഷ്ഠിതമാണ്. മുമ്പ് ബോഡി ഷേമിംഗ്, ജാതിയധിക്ഷേപം, മതാധിക്ഷേപം ഇവയെല്ലാം വളരെ പൊതുവായി തമാശകളില്‍ കടന്നുവരാറുണ്ടായിരുന്നു. എന്നാല്‍, ഇവയൊന്നും അത്ര നിസ്സാരമായ തമാശകളല്ല എന്നും തനിക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് കണ്ണുതുറക്കാന്‍ കഴിയേണ്ടതുണ്ട്, അതാണ് ഒരു മനുഷ്യന്റെ സ്റ്റാര്‍ഡം, നിലവാരം എന്നിവ നിശ്ചയിക്കുന്നത് എന്നും ഒരു വലിയ പക്ഷം പുതു തലമുറ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ആ തിരിച്ചറിവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് നല്ല അധ്യാപകരാവാനാവില്ല.
ഒരു വലിയ വിഭാഗം ജനറേഷനുകള്‍ക്കിടയില്‍ ലഹരി ഉപയോഗം സാര്‍വത്രികമാകുന്നു എന്നത് യാഥാര്‍ഥ്യമാണ്. വ്യക്തിസ്വാതന്ത്ര്യം, അവകാശം എന്നീ കള്ളികളില്‍ വായിക്കപ്പെടേണ്ടതല്ല സമൂഹത്തിനും വ്യക്തിക്കും ദോഷകരമാകുന്ന ലഹരിയും അതുപോലെ മറ്റെന്തു വിനോദവും എന്ന് തിരിച്ചറിയാന്‍ എല്ലാ തലമുറക്കും സാധിക്കേണ്ടതുണ്ട്. ഒരു വശത്ത് നമ്മള്‍ പുതുക്കപ്പെടുകയും തിരുത്തപ്പെടുകയും നവീകരിക്കപ്പെടുകയും പല തെറ്റുകളില്‍നിന്നും മോചിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും അതേ നവീകരണത്തിനും തിരുത്തലിനും നമ്മെ നയിക്കുന്ന നീതിബോധവും അവകാശ ബോധവും ഒരു കാരണവശാലും ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക ക്രമത്തിന് ഒന്നടങ്കം ദോഷമാകുന്ന ഒരു തരം അമിത വിനോദത്തിനും ന്യായീകരണമാവരുത് എന്ന് തിരിച്ചറിയാന്‍ കൂടി കഴിയേണ്ടതുണ്ട്.
മാറുന്ന ഈ ലോകത്ത് അധ്യാപകര്‍ എങ്ങനെയൊക്കെ മാറേണ്ടി വരും? എ.പി.ജെ അബ്ദുള്‍ കലാം തന്റെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ ആവര്‍ത്തിക്കുന്ന ഒരു കാര്യം, പ്രഗല്‍ഭരായ അധ്യാപകരുടെ ക്ലാസ്സുകള്‍ രാജ്യം മുഴുവനുമുള്ള ക്ലാസ്സ്മുറികളില്‍ എത്തിക്കണം എന്നതായിരുന്നു. സ്വന്തം ക്ലാസ്സിന്റെ മധ്യത്തില്‍ എല്ലാ വിവരങ്ങളുടെയും അവസാന വാക്കായി നിന്ന അധ്യാപിക പെട്ടെന്ന് ക്ലാസ്സ് മുറിയില്‍ ഒരു വശത്തേക്ക് എടുത്തെറിയപ്പെടുന്നു. വിജ്ഞാനത്തിനായുള്ള ഒടുങ്ങാത്ത തൃഷ്ണയുള്ള കുട്ടിക്ക് എന്തു വിവരവും ലഭ്യമാക്കാന്‍ പര്യാപ്തമായ വിവരസാങ്കേതികവിദ്യ കൈത്തുമ്പില്‍ ലഭ്യം. മാറിയ സാഹചര്യം അധ്യാപകനെ ഒരു പഠിതാവാക്കി മാറ്റുമ്പോള്‍ പുതിയ സാഹചര്യവും സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്നത് സുപ്രധാനമാണ്. അറിവിന്റെ കുത്തകയും അപ്രമാദിത്വവും നഷ്ടപ്പെട്ടുവെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ വര്‍ധിക്കുകയാണ്. കൂടുതല്‍ 'തപ്പാതെ' തന്നെ അറിവ് നേടിയെടുക്കാന്‍ സാധിക്കുന്നു എന്നത് പുതിയ കാല അധ്യാപനത്തെ എളുപ്പമാക്കുന്നു എന്നതോടൊപ്പം അധ്യാപനത്തിന് പുതിയ നിര്‍വചനങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ബന്ധിതമാക്കുകയും ചെയ്യുന്നു.
കേവലം അറിവ് പറയാനും എഴുതിത്തരാനും അധ്യാപകന്റെ ആവശ്യമില്ല. മറിച്ച്, ആ അറിവുല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പരസ്പരം പങ്കാളിയാക്കുന്ന ഘടകമായി വര്‍ത്തിക്കുക എന്നതാണ് പുതിയ കാല അധ്യാപകന്റെ സുപ്രധാന ഉത്തരവാദിത്വം.
അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ആശയ സംവാദം നടത്താനും വിവര വിനിമയത്തിനുമുള്ള വേദിയാകനും ക്ലാസ് മുറികള്‍ക്ക് കഴിയേണ്ടതുണ്ട്. സത്യാസത്യങ്ങളെ വിവേചിച്ച് ആശയങ്ങള്‍ ഇഴകീറി പരിശോധിച്ച് ഓരോന്നിനെക്കുറിച്ചുള്ള സമഗ്രമായ വിവരവിനിമയം സാധ്യമാക്കി ആശയ സംവാദങ്ങളിലൂടെ രൂപപ്പെടേണ്ടതാണ് മൂല്യബോധവും നൈതികതയും. അവിടെയാണ് അറിവിന്റെ മഹാ പ്രളയകാലത്ത് ഒരു അധ്യാപകന്റെ പ്രസക്തി എന്നത്.