'ഉറക്കെ' മരിച്ച ഫാത്വിമ
അക്ഷരാര്‍ഥത്തില്‍ തന്നെ ഓരോ നിമിഷവും മരണവുമായുള്ള അഭിമുഖമായിരുന്നു ഫാത്വിമ ഹസൂനക്ക്. ഗസ്സക്കാരിയായതുകൊണ്ട്, 25-ാം വയസ്സില്‍ തന്നെ അനേകം തലമുറകളുടെ വേദന അറിയുകയും അനുഭവിക്കുകയും ചെയ്തവള്‍.
ഫോട്ടോഗ്രാഫറായിരുന്നു ഫാത്വിമ. കാമറയായിരുന്നു സുഹൃത്തും കണ്ണും നാക്കുമെല്ലാം. ഗസ്സയുടെ തന്നെ കണ്ണായിരുന്നു ആ കാമറ.
ഫാത്വിമ മറ്റു ഗസ്സ ജേണലിസ്റ്റുകളെപ്പോലെ, ഒരേസമയം സാക്ഷിയും ഇരയുമായിട്ടാണ് ജീവിച്ചത്. വംശഹത്യയുടെ ഒന്നരവര്‍ഷം വിശ്രമമില്ലാതെ അവളും കാമറയും ഗസ്സയുടെ കഥ പറഞ്ഞുകൊണ്ടിരുന്നു. വേര്‍പാടുകളുടെ, അഭയം തേടിയുള്ള കൂട്ട അലച്ചിലുകളുടെ, ചെറുത്തുനില്‍പ്പിന്റെ, അതിജീവനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. അവ വമ്പിച്ച തോതില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഇസ്രായേലി ക്രൂരതകള്‍ ലോകത്തെ ബോധ്യപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലില്‍ അവളെ ഇസ്രായേല്‍ ലക്ഷ്യമിട്ട് കൊന്നു- ഒപ്പം കുടുംബത്തിലെ മറ്റു 10 പേരെയും. വിവാഹം ഉറപ്പിച്ചതായിരുന്നു.
തന്റെ ആയുധം കൂടിയാണ് തന്റെ കാമറയെന്ന് ഫാത്വിമ പറയുമായിരുന്നു. ആ ആയുധത്തെ ഇസ്രായേല്‍ വളരെയേറെ ഭയപ്പെട്ടു എന്നു വ്യക്തം.
അത് അവള്‍ക്കും അറിയാമായിരുന്നു. 2024 ആഗസ്റ്റില്‍ അവള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു: 'മരിക്കുന്നെങ്കില്‍ ഉറക്കെ മരിക്കാനാണ് എനിക്കിഷ്ടം. വെറും ബ്രേക്കിംഗ് ന്യൂസ് ആയിട്ടല്ല, കൂട്ടത്തിലൊരാള്‍ മാത്രമായിട്ടല്ല; ലോകം മുഴുവന്‍ കേള്‍ക്കുന്ന മരണം. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന സ്വാധീനം.... ദൃശ്യങ്ങളും കാമറയും എനിക്ക് ആയുധങ്ങളാണ്. ഈ കാമറയില്‍ ഞാനിടുന്ന മെമ്മറി കാര്‍ഡാണ് അതിലെ ബുള്ളറ്റ്.''
ഇറാനിലെ ഫിലിം നിര്‍മാതാവ് സബീദ ഫാര്‍സി, ഫാത്വിമ പകര്‍ത്തിയ ഫോട്ടോകള്‍ ശ്രദ്ധിച്ചു. ഹൃദയം നുറുക്കുന്ന, ഒരു ജനതയുടെ നിത്യജീവിതം പകര്‍ത്തുന്ന, ഒപ്പം അതിജീവനം പറയുന്ന നേര്‍ക്കാഴ്ചകള്‍. ദുരന്ത വര്‍ണനയിലെ വല്ലാത്തൊരു സൗന്ദര്യം അവക്കുണ്ട്. ഫാത്വിമയെക്കുറിച്ചും അതിലൂടെ ഗസ്സയിലെ ജീവിതത്തെക്കുറിച്ചും ഡോക്യുമെന്ററി ചെയ്യാന്‍ സബീദ തീരുമാനിച്ചു. അവര്‍ ഫാത്വിമയെ പലതവണ വീഡിയോ അഭിമുഖം ചെയ്തു. 'ആത്മാവിനെ കൈക്കുമേല്‍ വെച്ചങ്ങ് നടന്നോളൂ' (Put Your Soul On Your Hand and Walk) എന്ന ശീര്‍ഷകത്തില്‍ തയാറാക്കിയ ഡോക്യുമെന്ററി കാന്‍ ഫിലിം മേളയിലേക്ക് അയച്ചു.
കാനില്‍ അത് പ്രദര്‍ശനത്തിനെടുത്തതായറിഞ്ഞ ഉടനെ സബീദ ഫാത്വിമയെ വിളിച്ച് അതറിയിച്ചു. ഏപ്രില്‍ 16-നായിരുന്നു അത്.
തൊട്ടുപിറ്റേന്ന് ഇസ്രായേല്‍ സേന ഫാത്വിമയുടെ താമസസ്ഥലത്ത് ബോംബിട്ടു. ഫാത്വിമ രക്തസാക്ഷിയായി. അവള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാലത്തിന്റെ സാക്ഷിയായി നിലനില്‍ക്കുന്നു. അവ ചരിത്രമാണ്; യുദ്ധക്കുറ്റത്തിന്റെ രേഖകളാണ്; വംശഹത്യക്കിരയാകുന്ന ഒരു ജനതയുടെ നേരനുഭവങ്ങളാണ്.
സബീന ഫാത്വിമയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിക്ക് കാനില്‍ വന്‍ സ്വീകാര്യത ലഭിച്ചു. സദസ്സ് എഴുന്നേറ്റ്നിന്ന് കുറേനേരം കൈയടിച്ചു; ഒപ്പം അവര്‍ താളത്തില്‍ വിളിച്ചു പറഞ്ഞു: ''ഫ്രീ ഫ്രീ ഫലസ്ത്വീന്‍.'' ഫാത്വിമ ആഗ്രഹിച്ച, ഉറക്കെയുള്ള മരണം തന്നെ അവള്‍ക്ക് കിട്ടി.
ഫാത്വിമ ഹസൂനയുടെ 'ഫോട്ടോ ഡയറി' യുദ്ധകാല ജേണലിസത്തിലെ അമൂല്യമായ നിധിയാണ്.
സഹര്‍ ഇമാമിയുടെ ചൂണ്ടുവിരല്‍
ജൂണ്‍ 16. ഇറാന്‍ ജാഗ്രതയിലാണ്. ഇസ്രായേല്‍ ആക്രമണം മൂന്നുദിവസമായി തുടരുന്നു.
രാത്രി, ജനങ്ങള്‍ ടി.വി വാര്‍ത്ത ശ്രദ്ധിക്കുകയാണ്. വിദേശ ചാനലുകളെ അനുവദിക്കാത്തതിനാല്‍ 'ഇറിന്‍' (Islamic Republic of Iran News Network) ചാനലാണ് ഇറാനില്‍ ഉടനീളം ആളുകള്‍ നോക്കുന്നത്.
സ്‌ക്രീനില്‍ ജനപ്രിയ അവതാരക സഹര്‍ ഇമാമി വാര്‍ത്ത വായിക്കുന്നു. പെട്ടെന്ന് 'ബൂം' എന്നൊരു ശബ്ദം. സ്റ്റുഡിയോ കുലുങ്ങുന്ന പോലെ. പ്രേക്ഷകര്‍ നോക്കിനില്‍ക്കെ മുറിയാകെ പുകയും പൊടിയും പടരുന്നു. ഇസ്രായേലിന്റെ മിസൈല്‍ കെട്ടിടത്തിനു മേല്‍ പതിച്ചിരിക്കുന്നു.
സ്റ്റുഡിയോ കുലുങ്ങിയെങ്കിലും സഹര്‍ ഇമാമിക്ക് കുലുക്കമില്ല. അവര്‍ പറഞ്ഞു: ''നിങ്ങളിപ്പോള്‍ കേട്ടത്, അക്രമി നമ്മുടെ ജന്മനാട്ടിനെ ആക്രമിച്ച ശബ്ദമാണ്. നന്മയുടെയും സത്യത്തിന്റെയും വായ മൂടാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദം'' - ഇത് പറയുമ്പോള്‍ ഇമാമി കാമറക്കുനേരെ ചൂണ്ടുവിരല്‍ ഇളക്കുന്നുണ്ട്.
മരണമുഖത്തും കൈവിടാത്ത സ്ഥൈര്യത്തിന്റെ ആള്‍രൂപമായി സഹര്‍ ഇമാമി. അവര്‍ തുടര്‍ന്നു: ''നിങ്ങളിപ്പോള്‍ കണ്ടത്, വാര്‍ത്താ ശൃംഖലയുടെ ഈ പുകനിറഞ്ഞ സ്റ്റുഡിയോ....''
അപ്പോഴേക്കും മറ്റൊരു സ്ഫോടനം, തൊട്ടടുത്ത്. കെട്ടിടഭാഗങ്ങള്‍ വീഴുന്നു. വാര്‍ത്താ വായന തടസ്സപ്പെട്ടു. അവര്‍ ഇരിപ്പിടം വിട്ടുപോയി.
മിനിറ്റുകള്‍ക്കകം അവര്‍ വീണ്ടും സ്‌ക്രീനില്‍, അതേ ഇരിപ്പിടത്തില്‍, പ്രത്യക്ഷപ്പെട്ടു. അക്ഷോഭ്യയായി, ശബ്ദത്തിന് ഒട്ടും പതര്‍ച്ചയില്ലാതെ, ഇടക്കിടെ കേള്‍ക്കുന്ന പൊട്ടിത്തെറി ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കാതെ, അവര്‍ നിര്‍ത്തിയേടത്തുനിന്ന് തുടര്‍ന്നു: ''ആശയപ്രകാശനത്തെ നിശ്ശബ്ദമാക്കാന്‍ ഇസ്രായേലി ഭരണകൂടത്തിന്റെ ഗതികെട്ട ശ്രമമാണ് നടന്നത്. വാര്‍ത്താ ചാനല്‍ കെട്ടിടം ആക്രമിക്കപ്പെട്ടാലും നേരിന്റെ ശബ്ദം ഒതുക്കപ്പെടില്ല. ഞങ്ങള്‍ ജോലി തുടരും. ദേശീയ മാധ്യമം കരുത്തോടെ സംപ്രേഷണം തുടരും.''
തെഹ്റാനില്‍ 1985-ല്‍ ജനിച്ച സഹര്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗിലാണ് ബിരുദമെടുത്തത്. ജേര്‍ണലിസത്തിലെ താല്‍പര്യം കാരണം 2008-ല്‍ തെഹ്റാനിലെ ഒരു പ്രാദേശിക ചാനലില്‍ ജോലിക്ക് ചേര്‍ന്നു; 2010-ല്‍ 'ഇറിന്‍' ശൃംഖലയിലെ 'ശബാകെ ഖബര്‍' ചാനലില്‍ അറബിയിലുള്ള വാര്‍ത്തകളാണ് വായിക്കാറ്. രാത്രിയിലെ പ്രൈം ടൈം വാര്‍ത്താ പരിപാടിയുടെ അവതാരക എന്ന നിലക്ക് ഇറാനിലെങ്ങും പ്രസിദ്ധയാണ്.
ജൂണ്‍ 16-ലെ ആ മിസൈലാക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പലര്‍ക്കും പരിക്കേറ്റു.
സഹര്‍ ഇമാമി, വീരവനിതയുടെ പരിവേഷവുമായി സമൂഹ മാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍ അവരെ പോരാട്ട വീര്യത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ചു. സര്‍ക്കാര്‍ വക്താവ് ഫാതിമ മൊഹാജറാനി അവരെ ഫിര്‍ദൗസി രചിച്ച പേര്‍ഷ്യന്‍ ഇതിഹാസമായ 'ഷാനാമ'യിലെ നായിക ഗോര്‍ദ ഫരീദിനോട് ഉപമിച്ചു.
രണ്ട് മക്കളുടെ മാതാവാണ് ഇമാമി. ചൂണ്ടുവിരല്‍ ഇസ്രായേലിനെതിരെ ഉയര്‍ത്തിയ സഹര്‍ ഇമാമിയുടെ ചിത്രം ധീരമായ പ്രതിരോധത്തിന്റെ മറ്റൊരു ചിഹ്നമായിക്കഴിഞ്ഞു.
'കൊല്ലപ്പെടും വരെ ഈ ധര്‍മം തുടരും'
''ദുഹാ, നീ ഒരു വിശ്വാസിയാണോ?''
ദുഹാ അസ്സൈഫി ഐ.സി.യുവില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ.
ചെറിയ പെരുന്നാളിന്റെ നാലാം ദിവസം, ഏപ്രില്‍ 3-ന് ഇസ്രായേല്‍ അല്‍ അര്‍ഖം സ്‌കൂളില്‍ ബോംബിട്ടു. ഫലസ്ത്വീന്‍കാരിയും മാധ്യമ പ്രവര്‍ത്തകയുമായ ദുഹാ അന്ന് സഹോദരിമാര്‍ക്കൊപ്പം സ്‌കൂളില്‍ പെരുന്നാള്‍ ആഘോഷത്തിന് പോയതായിരുന്നു. ഒപ്പം മക്കളുമുണ്ട്.
പെട്ടെന്ന് ഒരു സ്ഫോടനം. ആഘാതത്തില്‍ ആദ്യചിന്ത ഇളയമകന്‍ ഉസാമയെപ്പറ്റിയായിരുന്നു. അവന്‍ പേടിച്ചിരിക്കുമോ? എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല.
ഗുരുതരാവസ്ഥയിലായിരുന്നു അവര്‍. എങ്കിലും ഒടുവില്‍ ജീവന്‍ വീണ്ടുകിട്ടി. കീഴ്ത്താടിക്കേറ്റ ക്ഷതം ബാക്കിയായി.
ഒരു സഹോദരി ബോംബിംഗില്‍ കൊല്ലപ്പെട്ടതായറിഞ്ഞു. മറ്റേ സഹോദരിയാണ് അടുത്തുവന്ന് ചോദിക്കുന്നത് 'നീ വിശ്വാസിയല്ലേ' എന്ന്.
-'അതെ,' അവര്‍ പറഞ്ഞു.
''എങ്കില്‍, നിന്റെ മൂന്നു മക്കള്‍ ഇപ്പോള്‍ സ്വര്‍ഗത്തിലെ പക്ഷികളായിരിക്കുന്നു.''
മൂത്ത മകന്‍ സെയ്ഫ് മാത്രം ബാക്കിയായി. ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം; ഞാന്‍ ജേണലിസ്റ്റാണ്. എന്തുവന്നാലും സത്യം ലോകത്തിന് കാണിച്ചു കൊടുക്കുന്നത് തുടരും.
അദൃശ്യമാക്കപ്പെട്ടവര്‍ക്കു വേണ്ടി
ഇസ്രായേലിനോടുള്ള അമേരിക്കയുടെ വിധേയത്വത്തെപ്പറ്റി ആഴത്തില്‍ പഠിച്ച അമേരിക്കന്‍ വനിതയാണ് ആലിസണ്‍ വെയര്‍. അമേരിക്കക്കാരുടെ നികുതിപ്പണവും അവരുടെ താല്‍പര്യങ്ങളുമെല്ലാം സയണിസ്റ്റ് രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടതിന്റെ, ആ ദാസ്യം തുടരുന്നതിന്റെ തെളിവുകള്‍ പുറത്തുവിടുക എന്നത് ദൗത്യമായി ഏറ്റെടുത്തിട്ടുള്ള ആക്ടിവിസ്റ്റ്.
തുടക്കം ഇസ്രായേലിനോട് അനുഭാവം പുലര്‍ത്തിക്കൊണ്ടായിരുന്നു. കാലിഫോര്‍ണിയയിലെ ചെറിയൊരു പ്രാദേശിക വാരികയുടെ എഡിറ്ററായിരുന്നു ആലിസണ്‍. 2000-ത്തിലെ രണ്ടാം ഇന്‍തിഫാദയെപ്പറ്റി എഴുതാനിരിക്കുമ്പോള്‍ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചു. ലഭ്യമായ വാര്‍ത്തകളെല്ലാം ഇസ്രായേലിനെ കേന്ദ്രീകരിച്ചുള്ളതാണ്. ഇസ്രായേലി ഉറവിടങ്ങള്‍, ഇസ്രായേലി ഭാഷ്യം. ഫലസ്ത്വീന്റെ ഭാഗം അറിയാന്‍ മാര്‍ഗമില്ല. ഇന്റര്‍നെറ്റിലും മറ്റുമായി ധാരാളം പരതിനോക്കി. ഫലസ്ത്വീന്‍ അദൃശ്യമാക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി. മാസങ്ങള്‍ നീണ്ട അന്വേഷണം. ഒടുവില്‍ തനിക്ക് ബോധ്യപ്പെട്ട വസ്തുത അവര്‍ തുറന്നെഴുതി: ''ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മൂടിവെക്കപ്പെട്ട വാര്‍ത്ത ഫലസ്ത്വീനാണ്.''
പ്രാദേശിക വാരികയിലെ ജോലിയില്‍നിന്ന് അവര്‍ രാജിവെച്ചു. വെസ്റ്റ് ബാങ്കിലും ഗസ്സയിലും നേരിട്ട് സന്ദര്‍ശനം നടത്തി. ''അവിശ്വസനീയമായ അഹന്തയോടെ, ക്രൂരതയോടെ, സ്വാര്‍ഥതയോടെ''യാണ് ഇസ്രായേലികള്‍ ഫലസ്ത്വീന്‍ പൗരന്മാരോട് ഫലസ്ത്വീന്‍ മണ്ണില്‍ പെരുമാറുന്നതെന്ന് കണ്ടു. തന്റെ അനുഭവങ്ങളെപ്പറ്റി അവര്‍ എഴുതി.
മടങ്ങി അമേരിക്കയിലെത്തിയപ്പോള്‍ ആലിസണ്‍ വെയര്‍ ചെയ്തത് 'ഇഫ് അമേരിക്കന്‍സ് ന്യൂ' (If Americans Knew = അമേരിക്കക്കാര്‍ അറിഞ്ഞിരുന്നെങ്കില്‍) എന്ന പേരില്‍ ഒരു സന്നദ്ധസംഘം രൂപീകരിക്കുകയാണ്. അതേപേരില്‍ ഒരു പോര്‍ട്ടലും ഇന്റര്‍നെറ്റില്‍ തുടങ്ങി. മൂടിവെക്കപ്പെട്ട വിവരങ്ങള്‍ അതുവഴി ലോകത്തെ അറിയിച്ചു. ആ ദൗത്യം ഇപ്പോഴും തുടരുന്നു.
ഗസ്സ വംശഹത്യയില്‍ ഫലസ്ത്വീനു വേണ്ടി ഉയര്‍ന്ന ശബ്ദങ്ങളിലൊന്ന് ആലിസണ്‍ വെയറിന്റേതാണ്. ifamericansknew.org എന്ന വെബ്സൈറ്റ് സൈബര്‍ലോകത്തെ പോരാട്ടക്കളരി കൂടിയാണ്.